പാഠം 50
നിങ്ങളുടെ കുടുംബജീവിതം എങ്ങനെ സന്തോഷമുള്ളതാക്കാം?—ഭാഗം 2
മക്കൾ യഹോവ തരുന്ന സമ്മാനമാണ്. മാതാപിതാക്കൾ അതു നിധിപോലെ കാത്തുസൂക്ഷിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അതിനുള്ള നല്ല ഉപദേശങ്ങൾ യഹോവ മാതാപിതാക്കൾക്കു കൊടുക്കുന്നു. സന്തോഷമുള്ള ഒരു കുടുംബജീവിതത്തിനു കുട്ടികൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന നിർദേശവും യഹോവ തരുന്നുണ്ട്.
1. മാതാപിതാക്കൾക്ക് യഹോവ കൊടുക്കുന്ന ഉപദേശം എന്താണ്?
മക്കളെ സ്നേഹിക്കാനും കഴിയുന്നത്ര സമയം അവരോടൊപ്പം ആയിരിക്കാനും ആണ് യഹോവ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്. കൂടാതെ, മക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവർക്കുണ്ട്. ഇനി, ബൈബിൾതത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കു നല്ല പരിശീലനം കൊടുക്കുകയും വേണം. (സുഭാഷിതങ്ങൾ 1:8) പിതാക്കന്മാരോട് യഹോവ പറയുന്നത് ഇതാണ്: “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും (മക്കളെ) വളർത്തിക്കൊണ്ടുവരുക.” (എഫെസ്യർ 6:4 വായിക്കുക.) മക്കളെ പരിശീലിപ്പിക്കാനുള്ള ഈ ഉത്തരവാദിത്വം മറ്റാരെയും ഏൽപ്പിക്കാതെ മാതാപിതാക്കൾതന്നെ ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും.
2. മക്കൾക്ക് യഹോവ കൊടുക്കുന്ന ഉപദേശം എന്താണ്?
“മാതാപിതാക്കളെ അനുസരിക്കുക” എന്നാണ് യഹോവ കുട്ടികളോടു പറയുന്നത്. (കൊലോസ്യർ 3:20 വായിക്കുക.) മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ അവർ യഹോവയെയും മാതാപിതാക്കളെയും സന്തോഷിപ്പിക്കുകയായിരിക്കും. (സുഭാഷിതങ്ങൾ 23:22-25) കുട്ടികൾക്ക് ഇക്കാര്യത്തിൽ യേശു നല്ലൊരു മാതൃകയാണ്. പൂർണനായിരുന്നിട്ടും യേശു മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.—ലൂക്കോസ് 2:51, 52.
3. നിങ്ങൾക്ക് എങ്ങനെ കുടുംബമൊന്നിച്ച് ദൈവത്തോട് അടുക്കാൻ കഴിയും?
നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണോ? നിങ്ങൾ യഹോവയെ സ്നേഹിക്കുന്നതുപോലെതന്നെ മക്കളും യഹോവയെ സ്നേഹിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കും. അതിൽ ഒരു സംശയവുമില്ല. എന്നാൽ അതിന് എങ്ങനെ കഴിയും? ബൈബിൾ പറയുന്നു: ‘നീ (യഹോവയുടെ വാക്കുകൾ) ആവർത്തിച്ചുപറഞ്ഞ് മക്കളുടെ മനസ്സിൽ പതിപ്പിക്കണം. നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.’ (ആവർത്തനം 6:7) മക്കളോട് ഒരു കാര്യം ആവർത്തിച്ചുപറയുമ്പോൾ അത് ഓർത്തിരിക്കാൻ അവർക്ക് എളുപ്പമായിരിക്കും. ഈ ബൈബിൾവാക്യം പറയുന്നതനുസരിച്ച്, മക്കളോട് യഹോവയെക്കുറിച്ച് സംസാരിക്കാൻ മാതാപിതാക്കൾ പതിവായി അവസരങ്ങൾ കണ്ടെത്തണം. ഓരോ ആഴ്ചയും കുടുംബം ഒരുമിച്ചിരുന്ന് ബൈബിൾ പഠിക്കാനായി സമയം നീക്കിവെക്കുന്നതും നല്ലൊരു കാര്യമാണ്. ഇനി, മക്കളില്ലെങ്കിലും ദമ്പതിമാർക്ക് എല്ലാ ആഴ്ചയും ബൈബിൾ പഠിക്കാൻ ഒരു സമയം നീക്കിവെക്കാവുന്നതാണ്.
ആഴത്തിൽ പഠിക്കാൻ
കുടുംബാംഗങ്ങൾക്കു സന്തോഷവും സമാധാനവും സുരക്ഷിതത്വവും തോന്നാൻ നമുക്ക് എന്തു ചെയ്യാനാകുമെന്നു നോക്കാം.
4. സ്നേഹത്തോടെ മക്കളെ പരിശീലിപ്പിക്കുക
മക്കളെ പരിശീലിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ്. എന്നാൽ ബൈബിളിനു നമ്മളെ സഹായിക്കാൻ കഴിയും. യാക്കോബ് 1:19, 20 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മക്കളോടു സംസാരിക്കുമ്പോൾ മാതാപിതാക്കൾക്ക് എങ്ങനെ സ്നേഹം കാണിക്കാം?
ദേഷ്യപ്പെട്ടിരിക്കുമ്പോൾ മാതാപിതാക്കൾ കുട്ടികൾക്കു ശിക്ഷണം കൊടുക്കരുതെന്നു പറയുന്നത് എന്തുകൊണ്ട്?a
5. മക്കളെ സംരക്ഷിക്കുക
ലൈംഗികതയെക്കുറിച്ച് മക്കളോടു സംസാരിക്കുന്നത് പല അപകടങ്ങളിൽനിന്നും അവരെ സംരക്ഷിക്കും. അതു വളരെ പ്രധാനമാണ്. എന്നാൽ ചിലപ്പോൾ ഈ വിഷയം സംസാരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. വീഡിയോ കാണുക. അതിനു ശേഷം ചോദ്യങ്ങൾ ചർച്ച ചെയ്യുക.
കുട്ടികളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ ചില മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടാണ്?
ചില മാതാപിതാക്കൾ ലൈംഗികതയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നത് എങ്ങനെയാണ്?
ബൈബിളിൽ പ്രവചിച്ചിരിക്കുന്നതുപോലെ സാത്താന്റെ ലോകം കൂടുതൽക്കൂടുതൽ ദുഷ്ടതയിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. 2 തിമൊഥെയൊസ് 3:1, 13 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
13-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ദുഷ്ടമനുഷ്യരിൽ ചിലർ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നു. അങ്ങനെയെങ്കിൽ, ലൈംഗികതയെക്കുറിച്ചും ലൈംഗികചൂഷകരിൽനിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചും മക്കളെ പഠിപ്പിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
ലൈംഗിക വിഷയങ്ങളെക്കുറിച്ച് മക്കളെ പഠിപ്പിക്കുന്നതിനും ലൈംഗിക ദുഷ്പെരുമാറ്റത്തിൽനിന്ന് അവരെ സംരക്ഷിക്കുന്നതിനും ആവശ്യമായ ധാരാളം നിർദേശങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ മക്കളെ സംരക്ഷിക്കുക (വീഡിയോ)
“ലൈംഗികത—മക്കൾ അറിയേണ്ടത്. . . ” (ഉണരുക! 2016 നമ്പർ 4)
6. മാതാപിതാക്കളെ ബഹുമാനിക്കുക
മാതാപിതാക്കളോട് സംസാരിക്കുമ്പോൾ കുട്ടികൾക്കും കൗമാരക്കാർക്കും ബഹുമാനം കാണിക്കാൻ കഴിയും. വീഡിയോ കാണുക. അതിനു ശേഷം ചോദ്യങ്ങൾ ചർച്ച ചെയ്യുക.
കുട്ടികളും കൗമാരപ്രായത്തിലുള്ളവരും മാതാപിതാക്കളോട് ആദരവോടും ബഹുമാനത്തോടും കൂടെ സംസാരിക്കുന്നതിന്റെ പ്രയോജനം എന്താണ്?
കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും മാതാപിതാക്കളോട് ബഹുമാനത്തോടെ എങ്ങനെ സംസാരിക്കാൻ കഴിയും?
സുഭാഷിതങ്ങൾ 1:8 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരു കാര്യം ചെയ്യാൻ മാതാപിതാക്കൾ പറയുമ്പോൾ ചെറുപ്പക്കാർ എങ്ങനെ പ്രതികരിക്കണം?
7. കുടുംബം ഒരുമിച്ച് യഹോവയെ ആരാധിക്കുക
യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ ഒരു ദിവസം അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഒരു നിശ്ചിതസമയം യഹോവയെ ആരാധിക്കാനായി മാറ്റിവെക്കാറുണ്ട്. ഇതാണ് കുടുംബാരാധന. കുടുംബാരാധന എങ്ങനെ നടത്താമെന്ന് അറിയാൻ വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ഒരു കുടുംബത്തിന് എങ്ങനെ മുടക്കംകൂടാതെ കുടുംബാരാധന നടത്തിക്കൊണ്ടുപോകാൻ കഴിയും?
കുടുംബനാഥന് എങ്ങനെ വളരെ രസകരവും പ്രയോജനകരവും ആയ വിധത്തിൽ കുടുംബാരാധന നടത്താൻ കഴിയും?—ഈ പാഠത്തിന്റെ ആമുഖചിത്രം കാണുക.
കുടുംബം ഒരുമിച്ച് യഹോവയെ ആരാധിക്കാൻ തടസ്സമായേക്കാവുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
തിരുവെഴുത്തുകളെക്കുറിച്ച് പതിവായി സംസാരിക്കാൻ പുരാതനകാലത്തെ ഇസ്രായേല്യ കുടുംബങ്ങളോട് യഹോവ ആവശ്യപ്പെട്ടിരുന്നു. ആവർത്തനം 6:6, 7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഈ ബൈബിൾതത്ത്വം നമുക്ക് എങ്ങനെ ബാധകമാക്കാം?
കുടുംബാരാധനയ്ക്കുള്ള ചില നുറുങ്ങുകൾ:
മീറ്റിങ്ങുകൾക്കു തയ്യാറാകുക.
കുടുംബാംഗങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ബൈബിൾവിവരണം വായിച്ച് ചർച്ച ചെയ്യുക.
ചെറിയ കുട്ടികളുണ്ടെങ്കിൽ jw.org വെബ്സൈറ്റിൽനിന്ന് “കുട്ടികൾ” എന്ന ഭാഗത്തുള്ള ഒരു ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുത്ത് ഉപയോഗിക്കുകയോ ചെയ്യാം.
കൗമാരപ്രായത്തിലുള്ള കുട്ടികളാണ് ഉള്ളതെങ്കിൽ jw.org വെബ്സൈറ്റിലെ “കൗമാരക്കാർ” എന്ന ഭാഗത്തെ ഒരു ലേഖനം ചർച്ച ചെയ്യാം.
നിങ്ങൾക്കും കുട്ടികൾക്കും ബൈബിൾകഥകളിലെ കഥാപാത്രങ്ങളായും അഭിനയിച്ചുനോക്കാം.
JW.ORG വെബ്സൈറ്റിലെ ഒരു വീഡിയോ കണ്ട് അതെക്കുറിച്ച് ചർച്ച ചെയ്യാം.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പിള്ളേർക്ക് ബൈബിൾ മനസ്സിലാകാൻ ബുദ്ധിമുട്ടല്ലേ?”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
മാതാപിതാക്കൾ മക്കളെ സ്നേഹിക്കാനും പരിശീലിപ്പിക്കാനും സംരക്ഷിക്കാനും യഹോവ ആഗ്രഹിക്കുന്നു. മക്കൾ മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിക്കാനും യഹോവ പ്രതീക്ഷിക്കുന്നു. കുടുംബം ഒരുമിച്ച് യഹോവയെ ആരാധിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്.
ഓർക്കുന്നുണ്ടോ?
മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ പരിശീലിപ്പിക്കാനും സംരക്ഷിക്കാനും കഴിയും?
കുട്ടികൾക്ക് എങ്ങനെ മാതാപിതാക്കളെ ബഹുമാനിക്കാൻ കഴിയും?
കുടുംബം ഒരുമിച്ച് യഹോവയെ ആരാധിക്കാൻ ഓരോ ആഴ്ചയും സമയം മാറ്റിവെക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
കൂടുതൽ മനസ്സിലാക്കാൻ
ഏതു പ്രധാന പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കാം?
പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നവർക്കു ബൈബിൾ നൽകുന്ന ചില നിർദേശങ്ങൾ കാണുക.
മക്കളെ എങ്ങനെയാണു നല്ല വിധത്തിൽ വളർത്തിക്കൊണ്ടുവരേണ്ടത് എന്ന് അറിയാതിരുന്ന ഒരു വ്യക്തി പിന്നീട് എങ്ങനെയാണ് നല്ലൊരു പിതാവായിത്തീർന്നത്?
ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു (5:58)
പിതാക്കന്മാർക്ക് ആൺമക്കളോടുള്ള ബന്ധം ശക്തമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?
“മകന്റെ മനസ്സറിയുന്ന നല്ല അച്ഛനാകാൻ. . . ” (വീക്ഷാഗോപുരം 2012 ഏപ്രിൽ-ജൂൺ)
a ബൈബിളിൽ “ശിക്ഷണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് പഠിപ്പിക്കുക, മാർഗനിർദേശം കൊടുക്കുക, തിരുത്തുക എന്നീ അർഥങ്ങളിലാണ്. അല്ലാതെ ക്രൂരമായി ഉപദ്രവിക്കുക, അധിക്ഷേപിക്കുക എന്ന അർഥത്തിലല്ല.—സുഭാഷിതങ്ങൾ 4:1.