പഠനലേഖനം 23
മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ സഹായിക്കുക
“നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.”—മത്താ. 22:37.
ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം
ചുരുക്കംa
1-2. ജീവിതസാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ ചില തിരുവെഴുത്തുകൾ നമുക്കു കൂടുതൽ പ്രധാനപ്പെട്ടതായിത്തീരുന്നത് എങ്ങനെ?
വിവാഹദിവസം മനോഹരമായി ഒരുങ്ങിവന്നിരിക്കുന്ന വധൂവരന്മാർ. തങ്ങൾക്കുവേണ്ടി നടത്തുന്ന വിവാഹപ്രസംഗം അവർ ശ്രദ്ധിക്കുകയാണ്. അവിടെ ചർച്ച ചെയ്യുന്ന ബൈബിൾതത്ത്വങ്ങൾ അവർ ആദ്യമായിട്ടല്ല കേൾക്കുന്നത്. പക്ഷേ അവരുടെ ജീവിതത്തിൽ ആ വിവരങ്ങൾക്ക് ഇന്നുമുതൽ പ്രത്യേകമായ ഒരു അർഥമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം ഇനിമുതൽ ദമ്പതികളെന്ന നിലയിൽ അവർ ആ തത്ത്വങ്ങൾ അനുസരിക്കാൻപോകുകയാണ്.
2 ഒരു ദമ്പതികൾക്കു മക്കൾ ഉണ്ടാകുമ്പോഴും അതുപോലെതന്നെയാണ്. മക്കളെ വളർത്തുന്നതിനെക്കുറിച്ചുള്ള ധാരാളം പ്രസംഗങ്ങൾ അവർ ഇതിനോടകം കേട്ടിട്ടുണ്ടാകും. എന്നാൽ അതിലെ തത്ത്വങ്ങൾക്ക് ഇപ്പോൾമുതൽ അവരുടെ ജീവിതത്തിൽ പ്രത്യേകമായ അർഥമുണ്ട്. കാരണം അവർക്കു മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം വന്നിരിക്കുകയാണ്. അതൊരു നിസ്സാരകാര്യമല്ല. ചിലപ്പോൾ ജീവിതസാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴാണു നമുക്ക് അറിയാവുന്ന ചില തിരുവെഴുത്തുകളുടെ പ്രാധാന്യം ശരിക്കും നമ്മൾ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് യഹോവയുടെ ആരാധകർ തിരുവെഴുത്തുകൾ വായിക്കുകയും “ജീവിതകാലം മുഴുവൻ” അതു ധ്യാനിക്കുകയും ചെയ്യുന്നത്.—ആവ. 17:19.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 മാതാപിതാക്കളേ, മക്കളെ യഹോവയെക്കുറിച്ച് പഠിപ്പിക്കാനുള്ള വലിയൊരു ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. എന്നാൽ വെറുതേ ദൈവത്തെക്കുറിച്ച് കുറെ കാര്യങ്ങൾ അവർക്കു പറഞ്ഞുകൊടുത്താൽ പോരാ. യഹോവയെ ഉള്ളിന്റെ ഉള്ളിൽനിന്ന് സ്നേഹിക്കാൻ അവരെ സഹായിക്കണം. അതിനുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാം? അതിനു സഹായിക്കുന്ന നാലു ബൈബിൾതത്ത്വങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. (2 തിമൊ. 3:16) ഈ ബൈബിൾനിർദേശങ്ങൾ അനുസരിച്ചതുകൊണ്ട് ചില മാതാപിതാക്കൾക്കു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചും നമ്മൾ കാണും.
മാതാപിതാക്കളെ സഹായിക്കുന്ന നാലു തത്ത്വങ്ങൾ
4. യഹോവയോടുള്ള സ്നേഹം മക്കളുടെ ഹൃദയത്തിൽ വളർത്തുന്നതിനു മാതാപിതാക്കളെ സഹായിക്കുന്ന ഒരു തത്ത്വം എന്താണ്? (യാക്കോബ് 1:5)
4 തത്ത്വം 1: യഹോവയുടെ ഉപദേശം തേടുക. യഹോവയോടുള്ള സ്നേഹം മക്കളിൽ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ജ്ഞാനത്തിനായി യഹോവയോടു നിങ്ങൾക്കു പ്രാർഥിക്കാവുന്നതാണ്. (യാക്കോബ് 1:5 വായിക്കുക.) നിങ്ങൾക്ക് ഏറ്റവും നല്ല ഉപദേശം തരാൻ യഹോവയ്ക്കേ കഴിയൂ. അതിനു ധാരാളം കാരണങ്ങളുണ്ട്. രണ്ടെണ്ണം നോക്കാം. ഒന്ന്, ഒരു പിതാവെന്ന നിലയിൽ ഏറ്റവും അനുഭവപരിചയമുള്ളത് യഹോവയ്ക്കാണ്. (സങ്കീ. 36:9) രണ്ട്, നമുക്കു തരുന്ന ഉപദേശങ്ങൾ എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്.—യശ. 48:17.
5. (എ) മാതാപിതാക്കളുടെ സഹായത്തിനായി യഹോവയുടെ സംഘടന എന്തൊക്കെ തന്നിരിക്കുന്നു? (ബി) മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ അമോരിം ദമ്പതികളുടെ മാതൃകയിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (അടിക്കുറിപ്പു കാണുക.)
5 യഹോവയോടുള്ള സ്നേഹം മക്കളിൽ വളർത്തിക്കൊണ്ടുവരുന്നതിനു സഹായിക്കുന്ന ധാരാളം വിവരങ്ങൾ ബൈബിളിലൂടെയും സംഘടനയിലൂടെയും യഹോവ മാതാപിതാക്കൾക്കു നൽകിയിട്ടുണ്ട്. (മത്താ. 24:45) ഇതിന് ഉദാഹരണമാണ്, വർഷങ്ങളായി ഉണരുക! മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന “കുടുംബങ്ങൾക്കുവേണ്ടി” എന്ന ലേഖനപരമ്പര. ഇപ്പോൾ അത് jw.org-ലാണുള്ളത്. ആ ലേഖനങ്ങളിൽ ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിച്ചുകൊണ്ട് മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ വളർത്തിക്കൊണ്ടുവരാമെന്നു വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിനോടു ബന്ധപ്പെട്ട ധാരാളം അഭിമുഖങ്ങളും നാടകാവിഷ്കരണങ്ങളും ഈ സൈറ്റിൽ കാണാം.b—സുഭാ. 2:4-6.
6. യഹോവയുടെ സംഘടനയിൽനിന്ന് തനിക്കും ഭാര്യക്കും ലഭിച്ച ഉപദേശത്തെക്കുറിച്ച് ഒരു പിതാവ് പറഞ്ഞത് എന്താണ്?
6 മക്കളെ വളർത്തുന്നതിനോടുള്ള ബന്ധത്തിൽ യഹോവയുടെ സംഘടന നൽകിയിരിക്കുന്ന എല്ലാ സഹായങ്ങൾക്കും മാതാപിതാക്കൾ നന്ദിയുള്ളവരാണ്. ജോ എന്ന പിതാവ് ഇങ്ങനെ പറയുന്നു: “മൂന്നു മക്കളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരുക എന്നു പറയുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഞാനും ഭാര്യയും യഹോവയുടെ സഹായത്തിനായി എപ്പോഴും പ്രാർഥിക്കും. ഞങ്ങൾ നേരിടുന്ന പ്രശ്നത്തിനു പരിഹാരമായിട്ടുള്ള ഒരു ലേഖനമോ വീഡിയോയോ കൃത്യസമയത്തുതന്നെ കിട്ടുന്നതായി മിക്കപ്പോഴും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. യഹോവയുടെ മാർഗനിർദേശം തേടുന്നതാണ് ഏറ്റവും നല്ല വഴി എന്നു ഞങ്ങൾക്കറിയാം.” യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനങ്ങളും വീഡിയോകളും തങ്ങളുടെ മക്കളെ യഹോവയോടു കൂടുതൽ അടുക്കാൻ സഹായിച്ചിരിക്കുന്നതായി ജോയും ഭാര്യയും മനസ്സിലാക്കിയിരിക്കുന്നു.
7. മാതാപിതാക്കൾ മക്കൾക്കു നല്ലൊരു മാതൃക വെക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (റോമർ 2:21)
7 തത്ത്വം 2: നല്ലൊരു മാതൃക വെക്കുക. മാതാപിതാക്കൾ എന്താണു ചെയ്യുന്നതെന്നു മക്കൾ നന്നായി നിരീക്ഷിക്കുകയും അതുപോലെതന്നെ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. മാതാപിതാക്കൾ പൂർണരല്ല എന്നതു സത്യമാണ്. (റോമ. 3:23) എങ്കിലും ജ്ഞാനികളായ മാതാപിതാക്കൾ മക്കൾക്കു നല്ലൊരു മാതൃക വെക്കാൻ പരമാവധി ശ്രമിക്കുന്നു. (റോമർ 2:21 വായിക്കുക.) മക്കളെക്കുറിച്ച് ഒരു പിതാവ് ഇങ്ങനെ പറയുന്നു: “എല്ലാം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ചുപോലെയാണ് മക്കൾ. നമ്മൾ അവരോടു ചെയ്യാൻ ആവശ്യപ്പെട്ട കാര്യങ്ങൾ നമ്മൾ ചെയ്തില്ലെങ്കിൽ ഉടനെ അവർ അതു പറയും.” മക്കൾ യഹോവയെ സ്നേഹിക്കണമെങ്കിൽ ആദ്യം യഹോവയോടുള്ള നമ്മുടെ സ്നേഹം ശക്തമായിരിക്കണം, അത് അവർക്കു കാണാനുമാകണം.
8-9. ആൻഡ്രൂ, എമ്മ എന്നിവരുടെ അഭിപ്രായങ്ങളിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
8 യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കൾക്കു പല വഴികളുണ്ട്. 17 വയസ്സുള്ള ആൻഡ്രൂ പറയുന്നു: “എന്റെ മാതാപിതാക്കൾ പ്രാർഥനയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടെക്കൂടെ പറയാറുണ്ട്. ഞാൻ സ്വന്തമായി പ്രാർഥിച്ച് കഴിഞ്ഞതാണെങ്കിൽപ്പോലും എന്നും രാത്രി ഡാഡി എന്റെ കൂടെയിരുന്നു പ്രാർഥിക്കും. മാതാപിതാക്കൾ എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: ‘നിനക്ക് എത്ര തവണ വേണമെങ്കിലും യഹോവയോടു പ്രാർഥിക്കാം.’ അത് എന്റെ മനസ്സിൽ പതിഞ്ഞു. എനിക്ക് ഇപ്പോൾ യഹോവയെ എന്റെ സ്വന്തം പിതാവിനെപ്പോലെ കാണാനും സംസാരിക്കാനും പറ്റുന്നുണ്ട്.” മാതാപിതാക്കളേ, യഹോവയോടുള്ള നിങ്ങളുടെ സ്നേഹം മക്കളെ എത്രയധികം സ്വാധീനിക്കുമെന്ന് ഒരിക്കലും മറക്കരുത്.
9 ഇനി, എമ്മ സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ അപ്പൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. അതോടെ അദ്ദേഹം വരുത്തിവെച്ച വലിയ കടം വീട്ടേണ്ട ഉത്തരവാദിത്വം അമ്മയ്ക്കായി. എമ്മ പറയുന്നു: “ആവശ്യത്തിനു പണമില്ലാതെ പല സമയത്തും അമ്മയ്ക്കു ബുദ്ധിമുട്ടേണ്ടിവന്നു. എങ്കിലും യഹോവ തന്റെ ദാസന്മാർക്കുവേണ്ടി എങ്ങനെയൊക്കെ കരുതുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അമ്മ അതു വെറുതേ പറയുന്നതല്ലെന്ന് അമ്മയുടെ ജീവിതത്തിൽനിന്ന് എനിക്കു മനസ്സിലായി. അമ്മ എന്നെ എന്തു പഠിപ്പിച്ചോ അതുപോലെതന്നെയാണ് അമ്മ ജീവിച്ചതും.” ഈ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലായിരിക്കുമ്പോഴും മാതാപിതാക്കൾക്കു തങ്ങളുടെ മാതൃകയിലൂടെ മക്കളെ പഠിപ്പിക്കാനാകും.—ഗലാ. 6:9.
10. യഹോവയെക്കുറിച്ച് കുട്ടികളോടു സംസാരിക്കാൻ ഇസ്രായേല്യ മാതാപിതാക്കൾക്ക് ഏതെല്ലാം അവസരങ്ങളുണ്ടായിരുന്നു? (ആവർത്തനം 6:6, 7)
10 തത്ത്വം 3: കുട്ടികളോടു പതിവായി സംസാരിക്കുക. തന്നെക്കുറിച്ച് പതിവായി മക്കളെ പഠിപ്പിക്കാൻ യഹോവ ഇസ്രായേല്യ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. (ആവർത്തനം 6:6, 7 വായിക്കുക.) മക്കളോടു സംസാരിക്കാനും അവരുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർത്താനും ആ മാതാപിതാക്കൾക്കു ദിവസം മുഴുവനും ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു ആൺകുട്ടി പാടത്തെ വിതയും കൊയ്ത്തും ഒക്കെയായി അപ്പനോടൊപ്പം ഒരുപാടു സമയം ഉണ്ടായിരിക്കും. ഇനി, ഒരു പെൺകുട്ടിയാണെങ്കിൽ തുന്നൽപ്പണികളും മറ്റു വീട്ടുജോലികളും ഒക്കെയായി ഏതാണ്ട് പകൽ സമയം മുഴുവൻ അമ്മയോടൊപ്പമായിരിക്കും. അങ്ങനെ മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ജോലികൾ ചെയ്യുന്ന സമയത്ത് പ്രധാനപ്പെട്ട പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർക്കു കഴിഞ്ഞു. ഉദാഹരണത്തിന്, യഹോവയുടെ നന്മയെക്കുറിച്ചും യഹോവ അവരുടെ കുടുംബത്തെ സഹായിക്കുന്ന വിധങ്ങളെക്കുറിച്ചും അവർക്കു സംസാരിക്കാൻ പറ്റുമായിരുന്നു.
11. മാതാപിതാക്കൾക്കു കുട്ടികളോടു സംസാരിക്കാൻ പറ്റുന്ന ഒരു അവസരം ഏതാണ്?
11 കാലം മാറി. പല സ്ഥലങ്ങളിലും പകൽ മാതാപിതാക്കളും കുട്ടികളും ഒരുമിച്ചായിരിക്കുന്ന സമയം വളരെ കുറവാണ്. അപ്പനും അമ്മയും ജോലിസ്ഥലത്തും മക്കൾ സ്കൂളിലും ആയിരിക്കും. അതുകൊണ്ട് മാതാപിതാക്കൾ ശ്രമം ചെയ്ത് കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തണം. (എഫെ. 5:15, 16; ഫിലി. 1:10) അതിനുള്ള നല്ലൊരു അവസരമാണു കുടുംബാരാധന. 15 വയസ്സുള്ള അലക്സാണ്ടർ പറയുന്നു: “ഒരാഴ്ചപോലും കുടുംബാരാധന മുടങ്ങാൻ പപ്പ സമ്മതിക്കില്ല. ഞങ്ങൾക്കെല്ലാം ഒരുമിച്ചായിരിക്കാൻ കിട്ടുന്ന സമയമാണ് അത്. കുടുംബാരാധന കഴിഞ്ഞ് ഞങ്ങൾ ചുമ്മാ വർത്തമാനം പറഞ്ഞിരിക്കും.”
12. കുടുംബാരാധനയുടെ സമയത്ത് കുടുംബനാഥന്മാർ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
12 നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കുടുംബാരാധന നടത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ജീവിതം ആസ്വദിക്കാം എന്ന പുതിയ പുസ്തകം കുട്ടികളും ഒരുമിച്ച് പഠിക്കാൻ ശ്രമിച്ചുകൂടേ? ഈ പുസ്തകം ഉപയോഗിച്ച് പഠിക്കുമ്പോൾ പല കാര്യങ്ങളെക്കുറിച്ചും തുറന്നുസംസാരിക്കാനുള്ള നല്ലനല്ല അവസരങ്ങൾ കിട്ടും. കുട്ടികൾ അവരുടെ ഉള്ളിലെ ചിന്തകളും ഉത്കണ്ഠകളും നിങ്ങളോടു പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അതുകൊണ്ട് കുടുംബാരാധനയുടെ സമയം അവരുടെ കുറ്റം ചൂണ്ടിക്കാണിക്കാനോ വഴക്കുപറയാനോ ഉപയോഗിക്കരുത്. അവർ ഉള്ളുതുറക്കുമ്പോൾ ബൈബിളിനോടു യോജിക്കാത്ത ഒരു കാര്യമാണു പറയുന്നതെങ്കിലും പെട്ടെന്നു പൊട്ടിത്തെറിക്കാതിരിക്കുക. പകരം ഉള്ളിലുള്ളതു സത്യസന്ധമായി തുറന്നുപറഞ്ഞതിന് അവരെ അഭിനന്ദിക്കുക. ഇനിയും അങ്ങനെ മനസ്സിലുള്ളതു തുറന്നുപറയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരുടെ ഉള്ളിലുള്ളത് എന്താണെന്നു മനസ്സിലായാൽ മാത്രമേ നിങ്ങൾക്ക് അവരെ ഏറ്റവും നന്നായി സഹായിക്കാൻ പറ്റുകയുള്ളൂ.
13. യഹോവയോട് അടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനു മാതാപിതാക്കൾക്കു മറ്റ് ഏതെല്ലാം അവസരങ്ങളുണ്ട്?
13 മാതാപിതാക്കളേ, യഹോവയോട് അടുക്കാൻ കുട്ടികളെ സഹായിക്കാനാകുന്ന അവസരങ്ങൾ കണ്ടെത്താൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക. യഹോവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് അവരുമായുള്ള ബൈബിൾപഠനത്തിന്റെ സമയംവരെ നോക്കിയിരിക്കേണ്ടതില്ല. ലിസ എന്ന ഒരു അമ്മ ഇങ്ങനെ പറയുന്നു: “യഹോവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ, ചുറ്റുമുള്ളതെല്ലാം ഞങ്ങൾ ഉപയോഗിച്ചു. ഉദാഹരണത്തിന്, ഞങ്ങളുടെ പട്ടിയുടെ കുസൃതികൾ കണ്ട് കുട്ടികൾ ചിരിക്കുമ്പോൾ യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ ആ അവസരം ഞങ്ങൾ ഉപയോഗിക്കും. നമ്മുടെ സ്രഷ്ടാവായ ദൈവം തമാശയൊക്കെ ഇഷ്ടപ്പെടുന്ന ദൈവമാണെന്നും നമ്മളും അതൊക്കെ ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്നും ഞങ്ങൾ അവർക്കു പറഞ്ഞുകൊടുക്കും.”
14. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 13:20)
14 തത്ത്വം 4: നല്ല കൂട്ടുകാരെ കണ്ടെത്താൻ മക്കളെ സഹായിക്കുക. ദൈവവചനം പറയുന്നതനുസരിച്ച് കൂട്ടുകാർക്കു നമ്മളെ നല്ല രീതിയിലോ മോശം രീതിയിലോ സ്വാധീനിക്കാനാകും. (സുഭാഷിതങ്ങൾ 13:20 വായിക്കുക.) മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാരെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾ അവരെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടോ? യഹോവയെ സ്നേഹിക്കുന്നവരെ കൂട്ടുകാരാക്കാൻ മക്കളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? (1 കൊരി. 15:33) കുട്ടികളുടെകൂടെ എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ നിങ്ങളുടെ ഒപ്പം കൂടാൻ യഹോവയെ സ്നേഹിക്കുന്ന, നല്ല ആത്മീയതയുള്ള ആരെയെങ്കിലും ക്ഷണിക്കാം. അതു നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കും.—സങ്കീ. 119:63.
15. നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാം?
15 അഞ്ചു മക്കളുടെ അപ്പനാണു ടോണി സഹോദരൻ. നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ മക്കളെ സഹായിക്കുന്നതിനു താനും ഭാര്യയും എന്തൊക്കെയാണു ചെയ്തതെന്നു സഹോദരൻ പറയുന്നു: “പല പ്രായത്തിലുള്ള സഹോദരീസഹോദരന്മാരെ വീട്ടിലേക്കു ക്ഷണിക്കുന്നതു ഞങ്ങളുടെ ഒരു പതിവാണ്. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും കുടുംബാരാധന നടത്തുകയും ചെയ്യും. സന്തോഷത്തോടെ യഹോവയെ സേവിക്കുന്ന സഹോദരങ്ങളെ അടുത്ത് അറിയാൻ ഇതു നല്ലൊരു അവസരമാണ്. സർക്കിട്ട് മേൽവിചാരകന്മാരെയും മിഷനറിമാരെയും വീട്ടിൽ താമസിപ്പിക്കാൻ ഞങ്ങൾക്കു പറ്റിയിട്ടുണ്ട്. ദൈവസേവനത്തിനുവേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളും അവരുടെ തീക്ഷ്ണതയും ഒക്കെ കണ്ടതും അവരുടെ നല്ല അനുഭവങ്ങൾ കേട്ടതും കുട്ടികളെ ശരിക്കും സ്വാധീനിച്ചു. അത് അവരെ യഹോവയോടു കൂടുതൽ അടുപ്പിച്ചു.” അതുകൊണ്ട് മാതാപിതാക്കളേ, കുട്ടികൾക്കു നല്ല സഹവാസത്തിനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുക.
പ്രതീക്ഷ കൈവിടരുത്!
16. നിങ്ങളുടെ കുട്ടി യഹോവയെ സേവിക്കേണ്ടാ എന്നു തീരുമാനിക്കുന്നെങ്കിൽ നിങ്ങൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
16 നിങ്ങൾ പരമാവധി ശ്രമിച്ചിട്ടും നിങ്ങളുടെ മക്കളിൽ ഒരാൾ യഹോവയെ സേവിക്കേണ്ടാ എന്നു തീരുമാനിക്കുന്നെങ്കിലോ? മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ഒരു പരാജയമാണെന്നു ചിന്തിക്കരുത്. സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തി നിങ്ങളുടെ മക്കൾക്ക് ഉൾപ്പെടെ എല്ലാവർക്കും യഹോവ നൽകിയിട്ടുണ്ട്. അതുകൊണ്ട് യഹോവയെ സേവിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. നിങ്ങളുടെ കുട്ടി യഹോവയെ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിൽ അവൻ ഒരു ദിവസം തിരിച്ചുവരും എന്ന പ്രതീക്ഷ കൈവിടരുത്. ധൂർത്തപുത്രന്റെ ദൃഷ്ടാന്തം ഓർക്കുക. (ലൂക്കോ. 15:11-19, 22-24) ആ ചെറുപ്പക്കാരൻ ഒരുപാടു മോശം കാര്യങ്ങൾ ചെയ്തു. എന്നിട്ടും അവസാനം തിരിച്ചുവന്നു. “അതു വെറുമൊരു കഥയല്ലേ, ശരിക്കുള്ള ജീവിതത്തിൽ അങ്ങനെയൊക്കെ നടക്കുമോ” എന്നു ചിലർ പറഞ്ഞേക്കാം. തീർച്ചയായും അങ്ങനെ സംഭവിക്കാം. ഏലി എന്നു പേരുള്ള ചെറുപ്പക്കാരന്റെ അനുഭവം അതാണു തെളിയിക്കുന്നത്.
17. ഏലിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
17 തന്റെ മാതാപിതാക്കളെക്കുറിച്ച് ഏലി പറയുന്നു: “യഹോവയോടും അവന്റെ വചനമായ ബൈബിളിനോടും ഉള്ള സ്നേഹം എന്നിൽ വളർത്തിയെടുക്കാൻ അവർ ആവുന്നത്ര ശ്രമിച്ചിരുന്നു. പക്ഷേ കൗമാരമായപ്പോഴേക്കും ഞാൻ ഒരു താന്തോന്നിയായിത്തീർന്നു.” ഏലി പല തെറ്റായ കാര്യങ്ങളും രഹസ്യത്തിൽ ചെയ്യാൻതുടങ്ങി. യഹോവയിൽനിന്ന് അകന്നുപോകാതിരിക്കുന്നതിന് ഏലിയെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും അവൻ അവരെ ശ്രദ്ധിച്ചില്ല. വീടു വിട്ട് ഇറങ്ങിയ ഏലി വളരെ മോശമായ ഒരു ജീവിതം നയിച്ചു. എങ്കിലും അദ്ദേഹം ഇടയ്ക്കൊക്കെ ഒരു കൂട്ടുകാരനോടു ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഏലി പറയുന്നു: “എത്രത്തോളം ഞാൻ അവനോട് യഹോവയെക്കുറിച്ച് സംസാരിച്ചോ അത്രത്തോളം ഞാനും യഹോവയെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. എന്റെ ഹൃദയത്തിൽ ഉറങ്ങിക്കിടന്നിരുന്ന ബൈബിൾസത്യങ്ങൾ, അച്ഛനമ്മമാർ കഠിനശ്രമം ചെയ്ത് വളർത്താൻനോക്കിയ വിത്തുകൾ, പതിയെപ്പതിയെ മുളപൊട്ടാൻ തുടങ്ങി.” കുറച്ച് നാളുകൾക്കുശേഷം ഏലി സത്യത്തിലേക്കു തിരിച്ചുവന്നു.c ചെറുപ്രായത്തിൽത്തന്നെ മകന്റെ ഹൃദയത്തിൽ യഹോവയോടുള്ള സ്നേഹം വളർത്താൻ ശ്രമിച്ചതിൽ ഏലിയുടെ മാതാപിതാക്കൾക്ക് എത്ര സന്തോഷം തോന്നിക്കാണും!—2 തിമൊ. 3:14, 15.
18. കുട്ടികളിൽ യഹോവയോടുള്ള സ്നേഹം വളർത്താൻ കഠിനശ്രമം ചെയ്യുന്ന മാതാപിതാക്കളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
18 മാതാപിതാക്കളേ, യഹോവയുടെ ആരാധകരുടെ ഒരു പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരാനുള്ള വിലയേറിയ ഒരു അവസരമാണു നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്. (സങ്കീ. 78:4-6) പക്ഷേ അത് അത്ര എളുപ്പമല്ല. കുട്ടികളെ സഹായിക്കാനായി നിങ്ങൾ ചെയ്യുന്ന എല്ലാ കഠിനശ്രമങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. തുടർന്നും യഹോവയെ സ്നേഹിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. അവരെ യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ സ്നേഹവാനായ പിതാവ് ഉറപ്പായും അതിൽ സന്തോഷിക്കും.—എഫെ. 6:4.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
a മാതാപിതാക്കൾ മക്കളെ വളരെയധികം സ്നേഹിക്കുന്നു. അവർ മക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമായി കരുതുന്നു, അവർ സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, മക്കളുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർത്താൻ അവർ പരമാവധി ശ്രമിക്കുന്നു. ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ മാതാപിതാക്കളെ സഹായിക്കുന്ന നാലു ബൈബിൾതത്ത്വങ്ങൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
b jw.org സൈറ്റിലെ ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു എന്ന വീഡിയോ കാണുക.
c 2012 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ഒരു അപ്പൻ മകന്റെയും മകന്റെ കൂട്ടുകാരന്റെയും കൂടെ ബാസ്കറ്റ്ബോൾ കളിക്കുന്നു. അങ്ങനെ മകന്റെ കൂട്ടുകാരെ അറിയാൻ ശ്രമിക്കുന്നു.