ആണവഭീഷണി—എന്നേക്കുമായി അവസാനിച്ചിരിക്കുന്നു!
മനുഷ്യവർഗം ആധിപൂണ്ട ഭീതിയിൽ ജീവിതം കഴിച്ചുകൂട്ടാനല്ല ദൈവം ആഗ്രഹിക്കുന്നത്. “സന്തുഷ്ടനായ ദൈവം” എന്ന നിലയിൽ അവൻ ആഗ്രഹിക്കുന്നത് അവർ സമാധാനം ആസ്വദിച്ച് സുരക്ഷിതമായി ജീവിക്കണമെന്നാണ്—ചുരുക്കിപ്പറഞ്ഞാൽ സന്തുഷ്ടരായിരിക്കണമെന്ന്. (1 തിമോത്തി 1:11, NW) ആണവഭീഷണികൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു ലോകത്തിൽ അതു തികച്ചും അസാധ്യംതന്നെ.
“സമാധാനവും സുരക്ഷിതത്വവും”—ഒരു കപടരൂപം
ആണവഭീഷണി അവസാനിച്ചില്ലെന്നതു തികച്ചും സ്പഷ്ടമാണ്. രാഷ്ട്രീയ-സാമ്പത്തിക-സാമുദായിക അസ്വസ്ഥതകൾ നിലവിലുണ്ടുതാനും. എന്നിട്ടും രാഷ്ട്രങ്ങൾ പൊതുവേ ശുഭാപ്തിവിശ്വാസമുള്ളവരായി കാണപ്പെടുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് 1986 എന്ന യുഎൻ സമാധാനവർഷം മുതൽ സ്ഥിരമായ ശ്രമം ഉണ്ടായിരുന്നുവെന്നതു സ്പഷ്ടമാണ്.
ദ ബുള്ളററിൻ ഓഫ് അറേറാമിക് സയൻറിസ്ററ്സ് എന്ന മാസിക കഴിഞ്ഞ ദശകത്തിൽ വിനാശദിന ഘടികാരം—ആണവ യുദ്ധത്തിനുള്ള സാധ്യത സൂചിപ്പിക്കുന്ന അതിന്റെ വിധം—അർധരാത്രിക്ക് 3 മിനിററ് എന്നത് അർധരാത്രിക്ക് 17 മിനിററ് എന്നാക്കി തിരിച്ചുവെച്ചു. “യുദ്ധത്തിനു സമാധാനപൂർണമായ പരിഹാരം വരുത്തുമെന്ന പ്രതീക്ഷ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ വർഷം ഉള്ളതിനോളം മറെറാരിക്കലുമുണ്ടായിരുന്നില്ല” എന്ന് 1989-ൽ സ്റേറാക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം പ്രസ്താവിച്ചു.
അന്താരാഷ്ട്ര യുദ്ധമേഖലകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഐക്യരാഷ്ട്രങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ ശക്തരാക്കപ്പെട്ടിരിക്കുന്നു. അതിനുണ്ടായിരിക്കുന്ന നേട്ടങ്ങൾ പരിപൂർണമല്ലായിരുന്നെങ്കിലും പൊതുവേ ഒരു ശുഭാപ്തിവിശ്വാസം പരത്താൻ മതിയായതായിരുന്നു. പുതിയതും വിജയകരവുമായ കൂടുതൽ നേട്ടങ്ങൾ ഭാവി കൈവരിക്കാനുള്ള സാധ്യതയുണ്ട്. “സമാധാനവും സുരക്ഷിതത്വവും” എന്ന നിലവിളി ഒരുപക്ഷേ എന്നത്തേക്കാളും കൂടുതൽ ഉച്ചത്തിലും ശക്തിയിലും മാറെറാലിക്കൊള്ളും. അവ വളരെ വിശ്വാസം പിടിച്ചുപററുകയും ചെയ്തേക്കാം.
എന്നാൽ ജാഗരൂകരായിരിക്ക! ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “അവർ ‘സമാധാനവും സുരക്ഷിതത്വവും’ എന്നു പറയുന്നതെപ്പോഴോ അപ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ നാശം അവരുടെമേൽ പെട്ടെന്നു വരും. അവർ യാതൊരു പ്രകാരത്തിലും രക്ഷപെടുകയില്ല.” അങ്ങനെ ‘ഭൂമിയെ [ആണവ മലിനീകരണത്താലോ മററുവിധങ്ങളാലോ] നശിപ്പിക്കുന്നവരെ നശിപ്പിപ്പാനുള്ള’ ദൈവത്തിന്റെ സമയത്തെ “സമാധാനവും സുരക്ഷിതത്വവും” എന്ന മുറവിളി അടയാളപ്പെടുത്തും.—1 തെസലോനിക്യർ 5:3, 4, NW; വെളിപ്പാടു 11:18.
രാഷ്ട്രങ്ങൾ “സമാധാനവും സുരക്ഷിതത്വവും” നേടിയെടുക്കും എന്നു ബൈബിൾ പറയുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇതിനുമുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ശുഭാപ്തിവിശ്വാസത്തോടെയും ബോധ്യത്തോടെയും അവർ അതേപ്പററി അസാധാരണമായ വിധത്തിൽ സംസാരിക്കും എന്നതു വ്യക്തമാണ്. സമാധാനവും സുരക്ഷിതത്വവും നേടിയെടുക്കുന്നതിനുള്ള സാധ്യത എന്നത്തെക്കാൾ അധികം അടുത്തെത്തിയിരിക്കുന്നപോലെ തോന്നും. ആണവഭീഷണി നിലനിൽക്കുമ്പോഴും തെററായ സുരക്ഷിതത്വ ബോധത്തിൽ രാഷ്ട്രങ്ങൾ സാന്ത്വനമടയും.
എന്നിരുന്നാലും, സത്യക്രിസ്ത്യാനികൾ വഞ്ചിക്കപ്പെടുകയില്ല. അവർ മാനവ സമാധാനത്തിനും സുരക്ഷിതത്വത്തിനുമപ്പുറത്തേക്ക് അതീവ താത്പര്യത്തോടെ നോക്കിപ്പാർക്കും!
സമാധാനവും സുരക്ഷിതത്വവും—യഥാർഥമായത്
“ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു” എന്നു സങ്കീർത്തനം 4:8 പറയുന്ന പ്രകാരം യഥാർഥ സമാധാനവും സുരക്ഷിതത്വവും യഹോവയാം ദൈവത്തിന്റെ ക്രമീകരണത്തിനുള്ളിൽ മാത്രമേ കണ്ടെത്താനാവൂ. യഹോവയുടെ രാജ്യ ക്രമീകരണത്തിനുവെളിയിൽ “സമാധാനവും സുരക്ഷിതത്വവും” എന്ന ഏതെങ്കിലും മുറവിളി കൂട്ടുന്നെങ്കിൽ അതിനു വെറും കപടരൂപം മാത്രമായിരിക്കാനേ കഴിയൂ. നിലനിൽക്കുന്ന മൂല്യമുള്ള എന്തെങ്കിലും നേടിയെടുക്കാൻ അതിനാവില്ല.
ക്രിസ്തുവിൻ കീഴിലെ ദൈവരാജ്യം അർധ പരിഹാരങ്ങൾകൊണ്ടു തൃപ്തിയടയുകയില്ല. ദിവ്യ ഗവൺമെൻറ് അണ്വായുധങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലും അധികം ചെയ്യും. അത് അവയും മററ് യുദ്ധായുധങ്ങളും മുഴുവനായി നിർമാർജനം ചെയ്യും. “അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങൾ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു” എന്നു സങ്കീർത്തനം 46:9 വാഗ്ദാനം ചെയ്യുന്നു.
അങ്ങനെ, ആണവ റിയാക്ടറുകളുടെ വികല പ്രവർത്തനത്താലോ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളാലോ ഉയർന്നുവരുന്ന ആണവഭീഷണികൾ കഴിഞ്ഞകാല സംഭവങ്ങളായിരിക്കും. അങ്ങനെയല്ലാത്തപക്ഷം “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു” എന്ന വാക്കുകൾ അസത്യമായിരിക്കും. ദൈവത്തിനു ഭോഷ്കു പറയാനാവില്ല. അവന്റെ വാക്കുകളെ സംശയിക്കുവാൻ നമുക്കു യാതൊരു കാരണവുമില്ല.—മീഖാ 4:4; തീത്തൊസ് 1:2.
ആണവഭീഷണി എന്നേക്കുമായി നീക്കം ചെയ്യപ്പെട്ട ഒരു ലോകത്തിൽ ജീവിക്കുന്നതിനുള്ള പ്രത്യാശ നിങ്ങൾ ആസ്വദിക്കുമോ? നിങ്ങൾക്ക് അതിനു കഴിയും, കാരണം അതിനുള്ള നിർദേശങ്ങൾ കൃത്യമായി ദൈവവചനം രേഖപ്പെടുത്തുന്നു. അവ അറിയുകയും അവയ്ക്കനുസൃതമായി ജീവിക്കുകയും ചെയ്തുകൊണ്ട് ആശ്വാസത്തിന്റേതായ ദീർഘനിശ്വാസം വിട്ട് ഇപ്രകാരം പറയുന്നതിലുള്ള സന്തോഷം ആസ്വദിക്കാൻ കഴിയും: “ആണവഭീഷണി—ഒടുവിലിതാ അവസാനിച്ചിരിക്കുന്നു!”
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ യാതൊരു ആണവഭീഷണിയുമില്ലാതെ സമാധാനം കുടികൊള്ളും
[ചിത്രത്തിനു കടപ്പാട്]
M. Thonig/H. Armstrong Roberts
[6-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
U.S. National Archives photo