മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുക
“നിങ്ങളുടെ ശരീരങ്ങളെ, ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി അർപ്പി”ക്കുക.—റോമർ 12:1.
1. അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച്, മനസ്സിലും ശരീരത്തിലും ശുദ്ധി ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
വിശുദ്ധ ദൈവമായ യഹോവയെ സേവിക്കാനാഗ്രഹിക്കുന്ന ആൾ ആത്മീയമായും ധാർമ്മികമായും ശുദ്ധിയുള്ളയാളായിരിക്കണം. യുക്ത്യാനുസൃതം, ഇത് മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുന്നതിനെയും അർത്ഥമാക്കുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസ്ഥ നിമിത്തം യഹോവയെ സേവിക്കാൻ അതിൽനിന്നു പുറത്തുവരുന്നവർ തങ്ങളുടെ ചിന്താശീലങ്ങളിൽ മാത്രമല്ല, മിക്കപ്പോഴും അവരുടെ വ്യക്തിപരമായ ശീലങ്ങളിലും മാററം വരുത്തേണ്ടതുണ്ട്. അപ്പോസ്തലനായ പൗലോസ് റോമിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “തത്ഫലമായി, സഹോദരൻമാരേ, നിങ്ങളുടെ ശരീരങ്ങളെ, ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി, നിങ്ങളുടെ ചിന്താശക്തിസഹിതമുള്ള ഒരു പവിത്രസേവനമായി, അർപ്പിക്കാൻ ദൈവത്തിന്റെ സഹാനുഭൂതിയെ പ്രതി ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ വ്യവസ്ഥിതിക്ക് അനുരൂപമാകുന്നതിൽനിന്ന് വിട്ടുമാറി നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവേഷ്ടം നിങ്ങൾക്കുതന്നെ ഉറപ്പുവരുത്തേണ്ടതിന് നിങ്ങളുടെ മനസ്സുപുതുക്കി രൂപാന്തരപ്പെടുക.” (റോമർ 12:1, 2) മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധിയിൽ എന്താണുൾപ്പെട്ടിരിക്കുന്നത്?
മാനസികമായ ശുദ്ധി
2. നമ്മുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും നാം അഴിഞ്ഞ നടത്തിയിലേർപ്പെടാനിടയാക്കാൻ കഴിയുന്നതെങ്ങനെ, ഇത് ഒഴിവാക്കാൻ എന്താണാവശ്യമായിരിക്കുന്നത്?
2 നാം നിയന്ത്രിക്കുന്നില്ലെങ്കിൽ നമ്മുടെ കണ്ണുകൾക്കും ഹൃദയത്തിനും നാം അഴിഞ്ഞ നടത്തയിൽ ഏർപ്പെടാനിടയാക്കാൻ കഴിയുമെന്ന് ന്യായപ്രമാണം കൊടുക്കപ്പെടുന്നതിനു മുമ്പുപോലും വിശ്വസ്തനായ ഇയ്യോബ് പ്രകടമാക്കി. അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ എന്റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു. അതുകൊണ്ട് എനിക്ക് എങ്ങനെ ഒരു കന്യകയിൽ ശ്രദ്ധാലുവാണെന്ന് പ്രകടമാക്കാൻ കഴിയും? എന്റെ ഹൃദയം ഒരു സ്ത്രീയുടെ നേരെ വശീകരിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, . . . അത് അഴിഞ്ഞ നടത്തയായിരിക്കും, അത് ന്യായാധിപൻമാർ ശ്രദ്ധിക്കേണ്ട ഒരു ദോഷമായിരിക്കും.” (ഇയ്യോബ് 31:1, 9-11) നമുക്ക് ചുററിക്കറങ്ങുന്ന കണ്ണുകളും ഒരു ചഞ്ചലമായ ഹൃദയവുമാണുള്ളതെങ്കിൽ, നമുക്ക് മാനസികമായ ശിക്തണം, “ഉൾക്കാഴ്ച നൽകുന്ന ശിക്ഷണം,” ആവശ്യമാണ്.—സദൃശവാക്യങ്ങൾ 1:3.
3, 4. (എ) ദാവീദിന്റെയും ബേത്ത്-ശേബയുടെയും ദൃഷ്ടാന്തം എന്തു പ്രകടമാക്കുന്നു, ചീത്ത ചിന്താശീലങ്ങൾക്കു മാററംവരുത്താൻ എന്താണാവശ്യമായിരിക്കുന്നത്? (ബി) ക്രിസ്തീയ മൂപ്പൻമാർ വിശേഷിച്ച് ശ്രദ്ധാലുക്കളായിരിക്കേണ്ടതെന്തുകൊണ്ട്?
3 ദാവീദ്രാജാവിന്റെ കണ്ണുകൾ ബേത്ത്-ശേബയുമായി വ്യഭിചാരത്തിലേർപ്പെടുന്നതിലേക്ക് അവനെ നയിച്ചു. (2 ശമുവേൽ 11:2, 4) യഹോവയാൽ പ്രമുഖമായി ഉപയോഗിക്കപ്പെടുന്നവർക്കുപോലും തങ്ങളുടെ മനസ്സുകൾക്ക് ശിക്ഷണംകൊടുക്കുന്നില്ലെങ്കിൽ പാപത്തിലേക്കു വീഴാൻകഴിയുമെന്നാണ് ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നത്. നമ്മുടെ ചിന്താശീലങ്ങൾക്കു മാററംവരുത്താൻ കഠിനശ്രമം ആവശ്യമായിവന്നേക്കാം. അങ്ങനെയുള്ള ഒരു ശ്രമത്തോടുകൂടെ യഹോവയുടെ സഹായത്തിനുവേണ്ടിയുള്ള തീവ്രമായ പ്രാർത്ഥനയും ഉണ്ടായിരിക്കണം. ബത്ത്-ശേബയുമായുള്ള തന്റെ പാപം സംബന്ധിച്ച് അനുതപിച്ചശേഷം ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചു: “ദൈവമേ, എന്നിൽ ഒരു നിർമ്മല ഹൃദയംതന്നെ സൃഷ്ടിക്കേണമേ, എന്റെ ഉള്ളിൽ ഒരു പുതിയ ആത്മാവിനെ, സ്ഥിരമായ ഒന്നിനെ, വെക്കേണമേ.”—സങ്കീർത്തനം 51:10.
4 ക്രിസ്തീയ മൂപ്പൻമാർ തങ്ങളെ ഗുരുതരമായ പാപങ്ങളിലേക്കു നയിക്കാൻ കഴിയുന്ന തെററായ ആഗ്രഹങ്ങൾ വെച്ചുപുലർത്താതിരിക്കാൻ വിശേഷാൽ ശ്രദ്ധാലുക്കളായിരിക്കണം. (യാക്കോബ് 1:14, 15) പൗലോസ് ക്രിസ്തീയ മൂപ്പനായിരുന്ന തിമൊഥെയോസിന് ഇങ്ങനെ എഴുതി: “ഈ അനുശാസനത്തിന്റെ ലക്ഷ്യം ഒരു ശുദ്ധഹൃദയത്തിൽനിന്നും ഒരു നല്ല മനഃസാക്ഷിയിൽനിന്നും കപടഭാവമില്ലാത്ത വിശ്വാസത്തിൽനിന്നുമുള്ള സ്നേഹമാണ്.” (1 തിമൊഥെയോസ് 1:5) അശുദ്ധി പ്രവർത്തിക്കാനുള്ള ചിന്തകൾ തന്റെ ഹൃദയത്തിൽ ഉണർത്താൻ ചുററിക്കറങ്ങുന്ന ഒരു കണ്ണിനെ അനുവദിക്കെ, ഒരു മൂപ്പൻ തന്റെ ആത്മീയ ചുമതലകൾ നോക്കുന്നത് തീർച്ചയായും കാപട്യമായിരിക്കും.
5. മനസ്സിന്റെ ശുദ്ധി പാലിക്കാൻ എന്ത് ഒഴിവാക്കപ്പെടണം?
5 ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മളെല്ലാം മനസ്സിൽ ശുദ്ധിയുള്ളവരാകാൻ നമ്മുടെ പരമാവധി പ്രവർത്തിക്കണം. അതിന്റെ അർത്ഥം നമ്മുടെ ചിന്തയുടെമേൽ ഒരു ദുഷിപ്പിക്കുന്ന സ്വാധീനമുണ്ടായിരിക്കാൻ കഴിയുന്ന ഏതു ചലച്ചിത്രങ്ങളെയും ററിവി പരിപാടികളെയും അല്ലെങ്കിൽ വായനാവിവരങ്ങളെയും ഒഴിവാക്കുകയെന്നാണ്. മാനസികമായ ശുചിത്വത്തിൽ “സത്യമായ . . . നീതിയായ . . . നിർമ്മലമായ” കാര്യങ്ങളെക്കുറിച്ചു വിചിന്തനംചെയ്യാനുള്ള ബോധപൂർവകമായ ശ്രമം ഉൾപ്പെട്ടിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏതു സൽഗുണവും സ്തുത്യർഹമായ ഏതു കാര്യവും പരിചിന്തിച്ചുകൊണ്ടിരിക്കുക.”—ഫിലിപ്പിയർ 4:8
വ്യക്തിപരമായ ശുചിത്വം
6. (എ) ഇസ്രായേലിൽ വ്യക്തിപരവും സമൂഹപരവുമായ ശുചിത്വം ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങൾ ലേവ്യപുസ്തകത്തിൽനിന്നു നൽകുക. (ബി) അങ്ങനെയുള്ള നിയമങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു?
6 “ദൈവഭക്തി കഴിഞ്ഞാൽ ശുചിത്വം” എന്ന് പറയപ്പെട്ടിട്ടുണ്ട്. ധാർമ്മികമായും ശാരീരികമായും ശുദ്ധിയുള്ള ഒരാൾ ദൈവഭക്തനല്ലായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ ദൈവഭക്തിയുള്ള ഒരു വ്യക്തി അവശ്യം ധാർമ്മികമായും ശാരീരികമായും ശുദ്ധിയുള്ളയാളായിരിക്കണം. മോശൈകന്യായപ്രമാണം രോഗാണുബാധിതമായ വീടുകളുടെ ശുദ്ധീകരണം സംബന്ധിച്ചും വിവിധ അശുദ്ധികൾ നീക്കാനുള്ള വ്യക്തിപരമായ കുളി സംബന്ധിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകി. (ലേവ്യപുസ്തകം അദ്ധ്യായങ്ങൾ 14, 15കാണുക.) എല്ലാ ഇസ്രായേല്യരോടും തങ്ങളെത്തന്നെ വിശുദ്ധരെന്നു തെളിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:2) തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച എന്ന പ്രസിദ്ധീകരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം [ഇസ്രായേല്യർക്ക്] കൊടുത്ത ഭക്ഷ്യസംബന്ധവും ശുചിത്വസംബന്ധവും ധാർമ്മികവുമായ നിയമങ്ങൾ അവരുടെ വേറിട്ട നിലയുടെയും ദൈവത്തോടുള്ള വിശുദ്ധിയുടെയും നിരന്തരമായ ഓർമ്മിപ്പിക്കലുകളായിരുന്നു.”—വാള്യം 1, പേജ് 1128.
7. ഒരു ജനമെന്ന നിലയിൽ യഹോവയുടെ സാക്ഷികളെസംബന്ധിച്ച് എന്തു സത്യമാണ്, എന്നാൽ ചില സഞ്ചാരമേൽവിചാരകൻമാർ എന്തു റിപ്പോർട്ടു ചെയ്തിരിക്കുന്നു?
7 ഒരു ജനമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ബാബിലോന്യ വ്യാജമതത്തിൽനിന്നുള്ള ഏതു മാലിന്യത്തിൽനിന്നും ശുദ്ധരാണെന്നും തങ്ങളുടെ മദ്ധ്യേ ധാർമ്മികാശുദ്ധി അനുവദിക്കുന്നില്ലെന്നുമിരിക്കെ, ചില വ്യക്തികൾ വ്യക്തിപരമായ ശുചിത്വവും വൃത്തിയും അവഗണിക്കുകയാണെന്ന് സഞ്ചാരമേൽവിചാരകൻമാരിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാം ഈ കാര്യത്തിലും ശുദ്ധിയുള്ളവരാണെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും? സകല ക്രിസ്തീയഭവനങ്ങൾക്കുമുള്ള ഒരു നല്ല മാതൃക ബഥേലാണ്, ആ പേരിന്റെ അർത്ഥം “ദൈവഭവനം” എന്നാണ്.
8, 9. (എ) ബഥേൽകുടുംബത്തിലെ എല്ലാ പുതിയ അംഗങ്ങൾക്കും എന്തു ബുദ്ധിയുപദേശം കൊടുക്കപ്പെടുന്നു? (ബി) ബഥേൽഭവനങ്ങളിൽ അനുസരിക്കപ്പെടുന്ന ഏതു തത്വങ്ങൾ ഓരോ ക്രിസ്തീയകുടുംബത്തെയും ഭരിക്കണം?
8 ഒരു വ്യക്തി വാച്ച്ററവർ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിലോ ലോകത്തിലുടനീളമുള്ള അതിന്റെ ബ്രാഞ്ചുകളിലൊന്നിലോ ഉള്ള ബഥേൽകുടുംബത്തിന്റെ അംഗമാകുമ്പോൾ അയാൾക്ക് ഭരണസംഘം തയ്യാറാക്കിയിരിക്കുന്ന ഒരു ലഘുപത്രിക കൊടുക്കപ്പെടുന്നു. ഈ പ്രസിദ്ധീകരണം പ്രവൃത്തിശീലങ്ങളും വ്യക്തിപരമായ ശീലങ്ങളും സംബന്ധിച്ച് അയാളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്ന് വിശദീകരിക്കുന്നു. “മുറിയുടെ പരിപാലനവും വൃത്തിയും” എന്ന തലക്കെട്ടിൻകീഴിൽ അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “ബഥേൽജീവിതം ശാരീരികവും ധാർമ്മികവും ആത്മീയവുമായ ഉയർന്ന നിലവാരങ്ങൾ പുലർത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നു. തന്നേത്തന്നെയും തന്റെ മുറിയും ശുചിയായി സൂക്ഷിക്കാൻ ബഥേലിലെ ഓരോരുത്തരും തത്പരരായിരിക്കണം. ഇതു നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യുന്നു. വൃത്തിഹീനരായിരിക്കാൻ യാതൊരുത്തർക്കും കാരണമില്ല. ദിവസവും കുളിക്കുന്നത് നല്ല ഒരു ശീലമാണ്. . . .ഭക്ഷണംകഴിക്കുന്നതിനു മുമ്പ് കൈ കഴുകേണ്ടത് അത്യന്താപേക്ഷിതമാണ്, അത് എല്ലാവരിലുംനിന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിങ്ങളുടെ മുറിയിലെ കൂട്ടുതാമസക്കാരനോടും ഹൗസ്കീപ്പറോടുമുള്ള പരിഗണനയിൽ ഓരോ ഉപയോഗത്തിനും ശേഷം ബേസിൻ അല്ലെങ്കിൽ തൊട്ടി കഴുകേണ്ടതാണ്.”
9 ബഥേൽഭവനങ്ങളിൽ കക്കൂസുകൾ അത്യന്തം വൃത്തിയായി സൂക്ഷിക്കുന്നു. അതുപയോഗിക്കുന്നവർക്ക് ഉടൻതന്നെ തങ്ങളുടെ കൈകൾ കഴുകുക സാധ്യമാക്കാൻ ഏർപ്പാടു ചെയ്തിരിക്കുന്നു. ഉപയോഗത്തിനുശേഷം കക്കൂസ് വൃത്തിയാക്കിയിടാൻ കുടുംബാംഗങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. അതിന്റെ അർത്ഥം കക്കൂസിൽ നന്നായി വെള്ളമൊഴിച്ചുവെന്ന് ഉറപ്പുവരുത്താൻ പരിശോധിക്കുകയെന്നാണ്. അത് അടുത്ത ഉപയോക്താവിനോടും ഹൗസ്കീപ്പറോടുമുള്ള പരിഗണനയാണ്. അങ്ങനെയുള്ള സ്നേഹപുരസ്സരമായ നല്ല തത്വങ്ങൾ ഓരോ ക്രിസ്തീയഭവനത്തെയും ഭരിക്കേണ്ടതല്ലേ?
10. (എ) ഒരുവന് തന്നേത്തന്നെയും തന്റെ കുട്ടികളെയും ശുദ്ധിയുള്ളവരായി സൂക്ഷിക്കാൻ വിപുലമായ ഒരു കുളിമുറി ആവശ്യമില്ലാത്തതെന്തുകൊണ്ട്? (ബി) ഇസ്രായേലിലെ ഏതു നിയമങ്ങൾ നല്ല ആരോഗ്യത്തിന് സഹായകമായിരുന്നു, യഹോവയുടെ ഇന്നത്തെ ജനത്തിന് ഇതിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും?
10 സ്വാഭാവികമായി, ഓരോ രാജ്യത്തും അവസ്ഥകൾ വ്യത്യസ്തമാണ്. ചില സ്ഥലങ്ങളിൽ, വീടുകൾക്ക് ബാത്ത്ടബ്ബോ ഷവർപോലുമോ ഇല്ല. പൊതുവേ പറഞ്ഞാൽ, തങ്ങളുടെ സ്വന്തം ശരീരം ശുചിയായി സൂക്ഷിക്കാനും തങ്ങളുടെ കുട്ടികളും ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാനും വേണ്ടത്ര സോപ്പും വെള്ളവും ക്രിസ്തീയ സ്ത്രീപുരുഷൻമാർക്കു കണ്ടെത്താൻ കഴിയും.a ലോകത്തിലെങ്ങും അനേകം ഭവനങ്ങൾ അഴുക്കുചാൽ പദ്ധതിയുമായി ബന്ധിക്കപ്പെട്ടിട്ടില്ല. എന്നാൽ അഴുക്കുവസ്തുക്കൾ കുഴിച്ചുമൂടുന്നതിനാൽ സുരക്ഷിതമായി നീക്കംചെയ്യാൻ കഴിയും. അതായിരുന്നല്ലോ ഇസ്രായേല്യരുടെ ഇടയിൽ സൈനികപാളയങ്ങളിൽപോലും ആവശ്യപ്പെട്ടിരുന്നത്. (ആവർത്തനം 23:12, 13) ഇതിനുപുറമേ, പാളയജീവിതം സംബന്ധിച്ചുള്ള യഹോവയുടെ നിയമങ്ങൾ കൂടെക്കൂടെയുള്ള തുണിയലക്കും കുളിയും രോഗങ്ങളുടെ സത്വരമായ നിർണ്ണയവും ചികിൽസയും മൃതദേഹങ്ങളുടെ ഉചിതമായ കൈകാര്യവും ശുദ്ധജലത്തിന്റെയും ഭക്ഷ്യങ്ങളുടെയും സൂക്ഷിപ്പും ആവശ്യപ്പെട്ടിരുന്നു. ഈ നിയമങ്ങളെല്ലാം ജനതയുടെ ആരോഗ്യത്തിന് സംഭാവനചെയ്തു. യഹോവയുടെ ഇന്നത്തെ ജനത്തിന് തങ്ങളുടെ വ്യക്തിപരമായ ശീലങ്ങളിൽ അതിൽ കുറഞ്ഞ ശുചിത്വം മതിയോ?—റോമർ 15:4.
വൃത്തിയായി സൂക്ഷിക്കുന്ന ഭവനങ്ങളും കാറുകളും
11. (എ) ഏററവും എളിയ ക്രിസ്തീയഭവനത്തെ സംബന്ധിച്ചുപോലും എന്തു സത്യമായിരിക്കണം? (ബി) ബഥേൽകുടുംബത്തിലെ എല്ലാ അംഗങ്ങളിൽനിന്നും എന്തു സഹകരണം ആവശ്യപ്പെട്ടിരിക്കുന്നു?
11 നമ്മുടെ ഭവനങ്ങൾ എത്ര ചെറുതായിരുന്നാലും ക്രമീകൃതവും വൃത്തിയുള്ളതുമായിരിക്കാൻ കഴിയും. എന്നാൽ ഇതിന് കുടുംബതലത്തിൽ നല്ല ക്രമീകരണം ആവശ്യമാണ്. ഒരു ക്രിസ്തീയഭാര്യ പ്രസംഗവേല ഉൾപ്പെടെ ആത്മീയകാര്യങ്ങൾക്ക് പരമാവധി സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. തന്നിമിത്തം ഓരോ ദിവസവും കുടുംബാംഗങ്ങൾ തുണിയും പുസ്തകങ്ങളും കടലാസുകളും മാസികകളും മററും ചിതറിച്ചിടുന്നതിനു പിന്നാലെ അവൾ വൃത്തിയാക്കിക്കൊണ്ടു സമയം ചെലവഴിക്കേണ്ടിവരരുത്. ബഥേലിൽ വൃത്തിയാക്കുന്നതിന് ഹൗസ്കീപ്പർമാർ ഉണ്ടെങ്കിലും ഓരോ കുടുംബാംഗവും രാവിലെ തന്റെ കിടക്ക ശരിയാക്കിയിടാനും മുറി വൃത്തിയാക്കിയിടാനും പ്രതീക്ഷിക്കപ്പെടുന്നു. നമ്മളെല്ലാം ഭംഗിയും വൃത്തിയുമുള്ള നമ്മുടെ രാജ്യഹാളുകളെയും സമ്മേളനഹാളുകളെയും വിലമതിക്കുന്നു. നമ്മുടെ ഭവനങ്ങളും നാം വൃത്തിയും വിശുദ്ധിയുമുള്ള യഹോവയുടെ ജനത്തിന്റെ ഭാഗമാണെന്ന് സാക്ഷ്യപ്പെടുത്തട്ടെ!
12, 13. (എ) യഹോവയുടെ സേവനത്തിൽ ഉപയോഗിക്കപ്പെടുന്ന കാറുകളെസംബന്ധിച്ച് ഏതു ബുദ്ധിയുപദേശം നൽകപ്പെട്ടിരിക്കുന്നു, ഇതിന് വളരെ സമയം ആവശ്യമില്ലാത്തതെന്തുകൊണ്ട്? (ബി) ശാരീരികമായി ശുദ്ധിയുള്ളവരായിരിക്കുന്നതിനും വൃത്തിയുള്ള കാറുകളും ഭവനങ്ങളുമുണ്ടായിരിക്കുന്നതിനും ഏതു ആത്മീയ കാരണങ്ങളുണ്ട്?
12 യഹോവയുടെ ദാസൻമാരിൽ അനേകർ ഇന്ന് യോഗങ്ങൾക്കും വയൽസേവനത്തിനും പോകാൻ കാറുകൾ ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിൽ യഹോവയെ സേവിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ കാർ ഫലത്തിൽ അനുപേക്ഷണീയമായ ഒരു ഉപകരണമായിത്തീർന്നിരിക്കുന്നു. ആ സ്ഥിതിക്ക്, അത് നമ്മുടെ വീടുപോലെ ഭംഗിയും വൃത്തിയുമുള്ളതായി സൂക്ഷിക്കണം. തീർച്ചയായും ചില ലോകമനുഷ്യർ ചെയ്യുന്നതുപോലെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ കാറുകളെ താലോലിച്ചുകൊണ്ട് വളരെയധികം സമയം ചെലവഴിക്കാനാവില്ല. എന്നാൽ അത്രത്തോളം പോകാതെ, യഹോവയുടെ ദാസൻമാർ തങ്ങളുടെ കാറുകളെ ന്യായമായി വൃത്തിയുള്ളതായും നല്ല നിലയിലും സൂക്ഷിക്കാൻ ശ്രമിക്കേണ്ടതാണ്. ചില രാജ്യങ്ങളിൽ ഒരു പെട്രോൾസ്റേറഷനിൽ കാർ കഴുകിക്കുന്നതിന് വലിയ ചെലവോ സമയനഷ്ടമോ ഇല്ല. കാറിന്റെ ഉൾഭാഗമാണെങ്കിൽ, പത്തു മിനിററ് നേരത്തെ ശുചീകരണത്തിനും വൃത്തിയാക്കലിനും അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വിശേഷിച്ച്, മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഈ കാര്യത്തിൽ മാതൃകയായിരിക്കാൻ ശ്രമിക്കേണ്ടതാണ്. കാരണം അവർ മിക്കപ്പോഴും പ്രസാധകരുടെ കൂട്ടങ്ങളെ വയൽസേവനത്തിന് കൊണ്ടുപോകാൻ തങ്ങളുടെ കാറുകൾ ഉപയോഗിക്കുന്നു. ഒരു പ്രസാധകൻ ഒരു താത്പര്യക്കാരനെ യോഗത്തിനു കാറിൽ കൊണ്ടുപോകുമ്പോൾ കാർ വൃത്തിയും ഭംഗിയുമില്ലാത്തതാണെങ്കിൽ അതു തീർച്ചയായും ഒരു നല്ല സാക്ഷ്യമല്ല.
13 അങ്ങനെ, ശാരീരികമായി ശുദ്ധിയുള്ളവരായിരിക്കാനും വൃത്തിയും ഭംഗിയുമുള്ള ഭവനങ്ങളും കാറുമുണ്ടായിരിക്കാനുമുള്ള നമ്മുടെ ശ്രമങ്ങളാൽ നാം യഹോവയുടെ ശുദ്ധിയുള്ള സ്ഥാപനത്തിലെ അംഗങ്ങളെന്ന നിലയിൽ അവനെ ബഹുമാനിക്കുന്നു.
ആത്മീയയാഗങ്ങൾ അർപ്പിക്കുമ്പോൾ ശുദ്ധി
14. ഇസ്രായേലിൽ ഏതു നിയമങ്ങൾ ആചാരപരമായ ശുദ്ധിയെ ഭരിച്ചിരുന്നു, ഈ നിയമങ്ങൾ എന്തു സൂചിപ്പിക്കുന്നു?
14 ഇസ്രായേലിൽ ആരാധനയോടുള്ള ബന്ധത്തിൽ ആചാരപരമായ ശുദ്ധി ആവശ്യപ്പെട്ടിരുന്നു, ലംഘനത്തിനു ശിക്ഷ മരണമായിരുന്നു. യഹോവ മോശയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽപുത്രൻമാരുടെ മദ്ധ്യത്തിലുള്ള എന്റെ സമാഗമനകൂടാരത്തെ മലിനമാക്കുന്നതുനിമിത്തമുള്ള തങ്ങളുടെ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന് നിങ്ങൾ അവരെ അവരുടെ അശുദ്ധിയിൽനിന്ന് വേർപെടുത്തിനിർത്തണം.” (ലേവ്യപുസ്തകം 15:31) പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ തന്റെ ദേഹം രണ്ടു പ്രാവശ്യം വെള്ളത്തിൽ കഴുകണമായിരുന്നു. (ലേവ്യപുസ്തകം 16:4, 23, 24) സമാഗമനകൂടാരത്തിങ്കലെ താമ്രത്തൊട്ടിയും പിന്നീട് ആലയത്തിങ്കലെ വലിയ ചെമ്പുകടലും യഹോവക്കു യാഗം കഴിക്കുന്നതിനുമുമ്പ് പുരോഹിതൻമാർക്ക് കഴുകാനുള്ള വെള്ളം പ്രദാനംചെയ്തു. (പുറപ്പാട് 30:17-21; 2 ദിനവൃത്താന്തം 4:6) മൊത്തത്തിൽ ഇസ്രായേല്യരെ സംബന്ധിച്ചെന്ത്? അവർ ഏതെങ്കിലും കാരണവശാൽ ആചാരപരമായി അശുദ്ധരായിത്തീർന്നാൽ അവർ ശുദ്ധീകരണത്തിനുള്ള വ്യവസ്ഥകൾ നിറവേററുന്നതുവരെ ആരാധനയിൽ പങ്കെടുക്കുന്നതിൽനിന്ന് തടയപ്പെട്ടിരുന്നു. (സംഖ്യപുസ്തകം 19:11-22) ഇതെല്ലാം വിശുദ്ധ ദൈവമായ യഹോവയെ ആരാധിക്കുന്നവരിൽനിന്ന് ശാരീരികശുദ്ധി ആവശ്യപ്പെടുന്നുവെന്നതിനെ ദൃഢീകരിച്ചു.
15. മൃഗയാഗങ്ങൾ മേലാൽ ആവശ്യമില്ലാത്തതെന്തുകൊണ്ട്, എന്നാൽ ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
15 ഒരു ഭൗമികാലയത്തിൽ മൃഗയാഗങ്ങളർപ്പിക്കാൻ ഇന്ന് യഹോവയുടെ ജനത്തോട് ആവശ്യപ്പെടുന്നില്ലെന്നുള്ളത് സത്യംതന്നെ. ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങൾക്കു പകരം “എന്നേക്കുമായി ഒരിക്കലായുള്ള യേശുക്രിസ്തുവിന്റെ ശരീരയാഗം” ഏർപ്പെടുത്തപ്പെട്ടു. (എബ്രായർ 10:8-10) നാം “പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കുന്നു.” (യോഹന്നാൻ 4:23, 24) എന്നാൽ നമ്മുടെ വിശുദ്ധ ദൈവമായ യഹോവക്ക് അർപ്പിക്കാൻ നമുക്ക് യാഗങ്ങളില്ലെന്ന് ഇതിനർത്ഥമുണ്ടോ? നമ്മേസംബന്ധിച്ച് ശുദ്ധി ഇസ്രായേലിനു വേണ്ടിയിരുന്നതിലും കുറഞ്ഞ ഒരു വ്യവസ്ഥയാണോ?
16. മലാഖി 3:3, 4ലെ പ്രവചനം 1918 മുതൽ അഭിഷിക്ത ക്രിസ്ത്യാനികളുടെമേൽ നിവർത്തിച്ചിരിക്കുന്നതെങ്ങനെ, അവർക്ക് ഏതു സ്വീകാര്യമായ യാഗങ്ങൾ യഹോവക്ക് അർപ്പിക്കാൻ കഴിയും?
16 അന്ത്യകാലത്തു ഭൂമിയിലുള്ള അഭിഷിക്തക്രിസ്ത്യാനികൾ ആലയസേവനത്തിനുവേണ്ടി സ്ഫുടംചെയ്യപ്പെടുമെന്ന് അല്ലെങ്കിൽ ശുദ്ധീകരിക്കപ്പെടുമെന്ന് മലാഖിയുടെ പ്രവചനം പ്രകടമാക്കുന്നു. 1918-ൽ ഈ സ്ഫുടംചെയ്യൽ തുടങ്ങിയെന്ന് ചരിത്രം പ്രകടമാക്കുന്നു. 1919 മുതൽ അഭിഷിക്തശേഷിപ്പ് “തീർച്ചയായും യഹോവക്ക് നീതിയിൽ വഴിപാടർപ്പിക്കുന്ന ഒരു ജനമായി”ത്തീർന്നിരിക്കുന്നു. അവരുടെ വഴിപാട് “യഹോവക്ക് തൃപ്തികരമാണ്.” (മലാഖി 3:3, 4) അങ്ങനെ, അവർ “യേശുക്രിസ്തു മുഖേന ദൈവത്തിനു സ്വീകാര്യമായ ആത്മീയ യാഗങ്ങൾ അർപ്പിക്കാൻ” പ്രാപ്തരാണ്. (1 പത്രോസ് 2:5) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “അവൻമുഖാന്തരം നമുക്ക് എല്ലായ്പ്പോഴും ഒരു സ്തുതിയാഗം, അതായത്, അവന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലം, അർപ്പിക്കാം.”—എബ്രായർ 13:15.
17. “മഹാപുരുഷാരം” രാജകീയ പുരോഹിതവർഗ്ഗത്തിന്റെ ഭാഗമല്ലെങ്കിലും അവർ ശാരീരികമായും മാനസികമായും ധാർമ്മികമായും ആത്മീയമായും ശുദ്ധിയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
17 “മഹാപുരുഷാരം” അഭിഷിക്തശേഷിപ്പിനെപ്പോലെ പൗരോഹിത്യപരമായ ആലയസേവനത്തിന് വിളിക്കപ്പെടുന്നില്ലെങ്കിലും അവർ അവന്റെ ആത്മീയാലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ “പകലും രാവും [യഹോവക്ക്] വിശുദ്ധസേവനം അർപ്പിക്കുന്നു.” (വെളിപ്പാട് 7:9, 10, 15) പുരോഹിതരല്ലാഞ്ഞ ഇസ്രായേല്യർ സമാഗമനകൂടാരത്തിൽ അല്ലെങ്കിൽ പിന്നീട് ആലയത്തിൽ ആരാധനയിൽ പങ്കെടുക്കുന്നതിന് ആചാരപരമായി ശുദ്ധിയുള്ളവർ ആയിരിക്കേണ്ടിയിരുന്നുവെന്ന് ഓർക്കണം. അതുപോലെ, വേറെ ആടുകളിലെ മഹാപുരുഷാരം ആലയത്തിൽ സേവിക്കാനും “അവന്റെ നാമത്തിനു പരസ്യപ്രഖ്യാപനം” നടത്തിക്കൊണ്ട് ‘ദൈവത്തിന് ഒരു സ്തുതിയാഗം അർപ്പിക്കുന്നതിൽ’ ശേഷിപ്പിനോടുകൂടെ ചേരാനും ആഗ്രഹിക്കുന്നുവെങ്കിൽ അവർ ശാരീരികമായും മാനസികമായും ധാർമ്മികമായും ആത്മീയമായും ശുദ്ധിയുള്ളവരായിരിക്കണം.
വയൽസേവനത്തിനും യോഗങ്ങൾക്കും ശുദ്ധിയും വൃത്തിയുമുള്ളവർ
18. പരസ്യ സാക്ഷീകരണവേലയിലേർപ്പെട്ടിരിക്കുമ്പോഴും യോഗങ്ങൾക്കു ഹാജരാകുമ്പോഴും വ്യക്തിപരമായ ശുദ്ധിയെയും വസ്ത്രത്തെയും ചെരിപ്പുകളെയുംകുറിച്ചുള്ള നമ്മുടെ താത്പര്യം എന്തായിരിക്കണം?
18 പ്രായോഗികമായി ഇത് എന്തർത്ഥമാക്കുന്നു? അതിന്റെ അർത്ഥം നാം ശാരീരികമായി ശുദ്ധിയുള്ളവരും ഉചിതമായ വസ്ത്രധാരണമുള്ളവരുമല്ലെങ്കിൽ വീടുതോറുമുള്ള ശുശ്രൂഷയിലും തെരുവുകളിലും അല്ലെങ്കിൽ ആരുടെയെങ്കിലും ഭവനത്തിലും യഹോവയെ പ്രതിനിധാനംചെയ്യുന്നത് അത്യന്തം അനുചിതവും അവന് അപമാനകരവുമാണെന്നാണ്. അതുകൊണ്ട്, അങ്ങനെയുള്ള കാര്യങ്ങളിൽ നാം അശ്രദ്ധരായിരിക്കരുത്. നാം അവക്ക് സൂക്ഷ്മശ്രദ്ധ കൊടുക്കണം, എങ്കിൽമാത്രമേ നാം യഹോവയുടെ നാമം വഹിക്കുന്ന ശുശ്രൂഷകർക്ക് ഉചിതമായ ഒരു രീതിയിൽ പ്രവർത്തിക്കുകയുള്ളു. നമ്മുടെ വസ്ത്രം വിലപിടിപ്പുള്ളതായിരിക്കേണ്ടതില്ല, എന്നാൽ അത് ശുദ്ധിയും അഭിരുചിയും എളിമയുമുള്ളതായിരിക്കണം. നമ്മുടെ ചെരിപ്പും കേടുപോക്കി നല്ല നിലയിൽ സൂക്ഷിക്കണം. അതുപോലെതന്നെ, സഭാപുസ്തകാദ്ധ്യയനം ഉൾപ്പെടെയുള്ള എല്ലാ യോഗങ്ങളിലും നമ്മുടെ ശരീരം ശുദ്ധിയുള്ളതായിരിക്കണം, നാം ഭംഗിയായും ഉചിതമായും വസ്ത്രധാരണം നടത്തിയിരിക്കണം.
19. ക്രിസ്തീയ ശുശ്രൂഷകരെന്ന നിലയിലുള്ള നമ്മുടെ ശുദ്ധിയും വൃത്തിയുമുള്ള ആകാരത്തിൽനിന്ന് എന്ത് ആത്മീയ പ്രയോജനങ്ങൾ സിദ്ധിക്കുന്നു?
19 സാക്ഷീകരണവേലയിലേർപ്പെട്ടിരിക്കുമ്പോഴത്തെയും യോഗസമയത്തെയും നമ്മുടെ ശുദ്ധിയും വൃത്തിയുമുള്ള ആകാരം “നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കാ”നുള്ള ഒരു മാർഗ്ഗമാണ്. (തീത്തോസ് 2:10) അത് അതിൽത്തന്നെ ഒരു സാക്ഷ്യമാണ്. നമ്മുടെ ശുചിത്വവും വൃത്തിയും അനേകരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഇത് നീതിയുള്ള പുതിയ ആകാശങ്ങളും ശുദ്ധീകരിക്കപ്പെട്ട പുതിയ ഭൂമിയും സംബന്ധിച്ച യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യത്തെക്കുറിച്ചുള്ള നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.—2 പത്രോസ് 3:13.
20. നാം മനസ്സിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുന്നതിൽനിന്ന് കൂടുതലായ എന്തു നല്ല ഫലമുണ്ടാകുന്നു?
20 ശുദ്ധിയുള്ള യഹോവയുടെ പുതിയ വ്യവസ്ഥിതി അടുത്തുവരുമ്പോൾ നമ്മുടെ ചിന്തയിൽ അല്ലെങ്കിൽ നമ്മുടെ വ്യക്തിപരമായ ശീലങ്ങളിൽ കുറെ മാററങ്ങൾ വരുത്തേണ്ടതുണ്ടോയെന്ന് കാണാൻ നമ്മളെല്ലാം നമ്മേത്തന്നെ പരിശോധിക്കേണ്ടതുണ്ട്. പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ ജഡത്തിന്റെ ദൗർബല്യം നിമിത്തം ഞാൻ മാനുഷികമായി സംസാരിക്കുകയാണ്: എന്തെന്നാൽ നിങ്ങൾ അധർമ്മത്തിന്റെ വീക്ഷണത്തിൽ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അധർമ്മത്തിനും അടിമകളായി സമർപ്പിച്ചതുപോലെതന്നെ, ഇപ്പോൾ വിശുദ്ധിയുടെ വീക്ഷണത്തിൽ നിങ്ങളുടെ അവയവങ്ങളെ നീതിക്ക് അടിമകളായി സമർപ്പിക്കുക.” (റോമർ 6:19) ആത്മീയ ശുദ്ധിയും ശാരീരികശുദ്ധിയും ഇപ്പോൾപോലും നല്ല ഫലം കൈവരുത്തുന്നു, “വിശുദ്ധിയുടെ മാർഗ്ഗത്തിലെ ഫലം, അവസാനം നിത്യജീവൻ [ആയിരിക്കും].” (റോമർ 6:22) അതുകൊണ്ട്, നാം ‘നമ്മുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി അർപ്പിക്കവേ,’ നമുക്ക് മനസ്സിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കാം.—റോമർ 12:1. (w89 6⁄1)
[അടിക്കുറിപ്പ്]
a പ്രയാസമുള്ള സാഹചര്യങ്ങളിലെ ശുചിത്വംസംബന്ധിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾക്കായി 1988 സെപ്ററംബർ 22ലെ എവേക്കിൽ 8-11 വരെ പേജുകളിൽ പ്രസിദ്ധീകരിച്ച “ശുചിത്വത്തിന്റെ വെല്ലുവിളിയെ നേരിടൽ” എന്ന ലേഖനം കാണുക.
ഓർമ്മിക്കാനുള്ള പോയിൻറുകൾ
◻ നമ്മുടെ കണ്ണുകൾക്കും ഹൃദയത്തിനും നാം അഴിഞ്ഞ നടത്തയിൽ ഏർപ്പെടാൻ ഇടയാക്കാൻകഴിയുന്നതെങ്ങനെ?
◻ സമൂഹപരവും വ്യക്തിപരവുമായ ശുചിത്വം സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ അനുസരിച്ചപ്പോൾ ഇസ്രായേല്യർക്ക് എന്തു പ്രയോജനങ്ങൾ ലഭിച്ചു?
◻ ബഥേൽഭവനങ്ങളിൽ അനുസരിക്കപ്പെടുന്ന ഏതു തത്വങ്ങൾ ഓരോ ക്രിസ്തീയ കുടുംബത്തെയും ഭരിക്കണം?
◻ വിശേഷിച്ച് എപ്പോൾ നാം നമ്മുടെ ആകാരംസംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണം?
◻ തങ്ങളുടെ വീടുകളും കാറുകളും ശുദ്ധിയും വൃത്തിയുമുള്ളതായി സൂക്ഷിക്കാൻ യഹോവയുടെ ദാസൻമാർക്ക് ഏതു ആത്മീയകാരണങ്ങളുണ്ട്?
[15-ാം പേജിലെ ചിത്രം]
“ബഥേൽജീവിതം ശാരീരികവും ധാർമ്മികവും ആത്മീയവുമായി ഉയർന്ന നിലവാരങ്ങൾ പുലർത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നു”
[16-ാം പേജിലെ ചിത്രം]
ഒരു മാതാവ് ഓരോ ദിവസവും ചിന്താശൂന്യരായ കുടുംബാംഗങ്ങളുടെ പിന്നാലെ വൃത്തിയാക്കാൻ കൂടുതലായ സമയം ചെലവഴിക്കണമോ?
[17-ാം പേജിലെ ചിത്രം]
പത്തുമിനിററുകൊണ്ട് ഒരു കാറിന്റെ ഉൾഭാഗം വൃത്തിയാക്കിക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും