അധ്യായം 8
ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു
“നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു.”—സങ്കീർത്തനം 18:26.
1-3. (എ) ഒരു അമ്മ തന്റെ കുട്ടിയുടെ ശുചിത്വം ഉറപ്പുവരുത്തുന്നത് എന്തുകൊണ്ട്? (ബി) തന്റെ ആരാധകർ ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്, ശുദ്ധിയുള്ളവരായിരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത് എന്ത്?
ഒരു അമ്മ തന്റെ കുട്ടിയെ പുറത്ത് കൊണ്ടുപോകാൻ ഒരുക്കുകയാണ്. അവനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. ശുചിത്വം കുട്ടിയുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് അമ്മയ്ക്ക് അറിയാം. മകന്റെ വസ്ത്രവും ശരീരവും ശുദ്ധിയുള്ളതല്ലെങ്കിൽ അതു മാതാപിതാക്കളായ തങ്ങളുടെ പേരിനെ ബാധിക്കുമെന്നും അവൾക്ക് അറിയാം.
2 തന്റെ ദാസന്മാർ ശുദ്ധിയുള്ളവർ അഥവാ നിർമലർ ആയിരിക്കാനാണു സ്വർഗീയപിതാവായ യഹോവ ആഗ്രഹിക്കുന്നത്. “നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു” എന്നു ദൈവവചനം പറയുന്നു.a (സങ്കീർത്തനം 18:26) യഹോവ നമ്മളെ സ്നേഹിക്കുന്നു; ശുദ്ധി നമുക്കു പ്രയോജനം ചെയ്യുമെന്ന് യഹോവയ്ക്ക് അറിയാം. ദെവത്തിന്റെ സാക്ഷികളായ നമ്മൾ ശുദ്ധിയുള്ളവരായിരുന്നുകൊണ്ട് തനിക്കു ബഹുമതി വരുത്താനും ദൈവം പ്രതീക്ഷിക്കുന്നു. അതെ, വൃത്തിയും വെടിപ്പും ഉള്ള നമ്മുടെ ആകാരവും നല്ല പെരുമാറ്റവും യഹോവയെയും യഹോവയുടെ വിശുദ്ധനാമത്തെയും, മഹത്ത്വപ്പെടുത്തുകയേ ഉള്ളൂ, അത് ഒരിക്കലും അപകീർത്തിക്കു കാരണമാകില്ല.—യഹസ്കേൽ 36:22; 1 പത്രോസ് 2:12 വായിക്കുക.
3 ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു എന്ന അറിവ് ശുദ്ധിയുള്ളവരായിരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നില്ലേ? നമ്മുടെ ജീവിതരീതി ദൈവത്തെ മഹത്ത്വപ്പെടുത്തണമെന്നാണു നമ്മുടെ ആഗ്രഹം. കാരണം, നമ്മൾ ദൈവത്തെ സ്നേഹിക്കുന്നു; ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ കാരണങ്ങൾ, ദൈവദൃഷ്ടിയിൽ ശുദ്ധരായിരിക്കുക എന്നതിന്റെ അർഥം, നമുക്ക് എങ്ങനെ ശുദ്ധിയുള്ളവരായിരിക്കാം എന്നീ കാര്യങ്ങൾ നമുക്ക് ഇപ്പോൾ ചിന്തിക്കാം. പുരോഗതി വരുത്തേണ്ട വശങ്ങൾ മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും.
ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ കാരണങ്ങൾ
4, 5. (എ) നമ്മൾ ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ പ്രമുഖകാരണം എന്താണ്? (ബി) യഹോവയുടെ ശുചിത്വബോധം സൃഷ്ടിയിൽ പ്രതിഫലിച്ചിരിക്കുന്നത് എങ്ങനെ?
4 നമ്മളെ നയിക്കാൻ യഹോവ ഉപയോഗിക്കുന്ന ഒരു മാർഗമാണു സ്വന്തം മാതൃക. അതുകൊണ്ടാണു “ദൈവത്തെ അനുകരിക്കുക” എന്നു ദൈവവചനം നമ്മളെ ഉദ്ബോധിപ്പിക്കുന്നത്. (എഫെസ്യർ 5:1) നമ്മുടെ ദൈവമായ യഹോവ എല്ലാ അർഥത്തിലും നിർമലനും വിശുദ്ധനും ആണ്. നമ്മൾ ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ പ്രമുഖകാരണവും അതാണ്.—ലേവ്യ 11:44, 45 വായിക്കുക.
5 മറ്റു ഗുണങ്ങളുടെ കാര്യത്തിലെന്നപോലെ യഹോവയുടെ വിശുദ്ധിയും യഹോവയുടെ സൃഷ്ടികളിൽ പ്രതിഫലിച്ചുകാണാം. (റോമർ 1:20) മനുഷ്യർക്കു താമസിക്കാൻ പറ്റിയ ശുദ്ധിയുള്ള ഒരു ഭവനമായിട്ടാണു ദൈവം ഭൂമിയെ സൃഷ്ടിച്ചതുതന്നെ. വായുവും ജലവും ശുദ്ധീകരിക്കാൻ യഹോവ പ്രകൃതിയിൽ ചില പരിവൃത്തികൾ സ്ഥാപിച്ചിരിക്കുന്നു. മാലിന്യങ്ങളെ നിരുപദ്രവകരമായ വസ്തുക്കളാക്കി മാറ്റിക്കൊണ്ട് ശുചീകരണവകുപ്പുപോലെ പ്രവർത്തിക്കുന്ന ചില തരം സൂക്ഷ്മാണുക്കളുണ്ട്. മനുഷ്യന്റെ സ്വാർഥതയും അത്യാഗ്രഹവും കാരണം ഉണ്ടായിട്ടുള്ള എണ്ണച്ചോർച്ചയും മറ്റു മലിനീകരണങ്ങളും പരിഹരിക്കാൻ ശാസ്ത്രജ്ഞന്മാർ ‘തീറ്റഭ്രാന്തരായ’ ഈ കൊച്ചുജീവികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘ഭൂമിയെ സൃഷ്ടിച്ചവൻ’ ശുചിത്വത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു വ്യക്തം. (യിരെമ്യ 10:12) ആ സ്ഥിതിക്ക്, നമ്മളും ശുചിത്വത്തെ പ്രാധാന്യത്തോടെ കാണേണ്ടതല്ലേ?
6, 7. യഹോവയുടെ ആരാധകർ ശുദ്ധിയുള്ളവരായിരിക്കണമെന്ന വസ്തുതയ്ക്ക്, ഇസ്രായേല്യർക്കു കൊടുത്ത നിയമം അടിവരയിട്ടത് എങ്ങനെ?
6 നമ്മൾ ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ മറ്റൊരു കാരണം, പരമാധികാരിയായ യഹോവ തന്റെ ആരാധകരിൽനിന്ന് അത് ആവശ്യപ്പെടുന്നു എന്നതാണ്. യഹോവ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ശുദ്ധിയും ആരാധനയും അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നു. പാപപരിഹാരദിവസം മഹാപുരോഹിതൻ ഒന്നല്ല, രണ്ടു പ്രാവശ്യം കുളിക്കണമെന്ന് ആ നിയമം നിഷ്കർഷിച്ചു. (ലേവ്യ 16:4, 23, 24) യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുന്നതിനു മുമ്പ് പുരോഹിതന്മാർ കൈയും കാലും കഴുകണമായിരുന്നു. (പുറപ്പാട് 30:17-21; 2 ദിനവൃത്താന്തം 4:6) ശാരീരികവും ആചാരപരവും ആയ അശുദ്ധിക്ക് ഇടയാക്കുന്ന ഏതാണ്ട് 70 കാര്യങ്ങൾ ഇസ്രായേലിനു നൽകിയ ആ നിയമത്തിൽ പട്ടികപ്പെടുത്തുന്നുണ്ട്. അശുദ്ധനായിരിക്കുന്ന സമയത്ത് ഒരു ഇസ്രായേല്യൻ ആരാധനയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. മനഃപൂർവം അതു ലംഘിച്ചാൽ മരണശിക്ഷയായിരുന്നു ഫലം. (ലേവ്യ 15:31) കുളിക്കുന്നതും വസ്ത്രം കഴുകുന്നതും ഉൾപ്പെടെ നിയമം അനുശാസിച്ചിരുന്ന ശുദ്ധീകരണനടപടികൾ പിൻപറ്റാൻ വിസമ്മതിക്കുന്ന ഏതൊരാളെയും “സഭയിൽനിന്ന് ഛേദിച്ചു”കളയണമായിരുന്നു.—സംഖ്യ 19:17-20.
7 നമ്മൾ, ഇസ്രായേലിനു കൊടുത്ത നിയമത്തിനു കീഴിലല്ലെങ്കിലും ദൈവത്തിന്റെ വീക്ഷണം വ്യക്തമായി മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കുന്നു. ദൈവത്തിന്റെ ആരാധകർ ശുദ്ധിയുള്ളവരായിരിക്കണമെന്ന വസ്തുതയ്ക്ക് ആ നിയമം അടിവരയിട്ടു. യഹോവയ്ക്കു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) നമ്മുടെ ആരാധന “ശുദ്ധവും നിർമലവും” അല്ലാത്തപക്ഷം യഹോവ അതു സ്വീകരിക്കില്ല. (യാക്കോബ് 1:27) അക്കാരണത്താൽ, ദൈവം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്നു നമ്മൾ അറിയേണ്ടതുണ്ട്.
ദൈവദൃഷ്ടിയിൽ ശുദ്ധരായിരിക്കുക എന്നതിന്റെ അർഥം
8. നമ്മൾ ഏതെല്ലാം മേഖലകളിൽ ശുദ്ധരായിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?
8 ബൈബിളനുസരിച്ച് ശുദ്ധിയുള്ളവരായിരിക്കുന്നതിൽ, ശരീരവും വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്. ദൈവദൃഷ്ടിയിൽ ശുദ്ധിയുള്ളവരായിരിക്കുന്നതിൽ ജീവിതത്തിന്റെ എല്ലാ മേഖലകളും ഉൾപ്പെടുന്നുണ്ട്. നാല് അടിസ്ഥാനമേഖലകളിൽ നമ്മൾ ശുദ്ധി പാലിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്: ആത്മീയശുദ്ധി, ധാർമികശുദ്ധി, മാനസികശുദ്ധി, അതുപോലെ നമ്മുടെ ശുചിത്വശീലങ്ങൾ. ഇവ ഓരോന്നായി നമുക്ക് ഇപ്പോൾ വിശകലനംചെയ്യാം.
9, 10. ആത്മീയമായി ശുദ്ധിയുള്ളവരായിരിക്കുക എന്നാൽ അർഥം എന്ത്, സത്യക്രിസ്ത്യാനികൾ എന്ത് ഒഴിവാക്കുന്നു?
9 ആത്മീയശുദ്ധി. ലളിതമായി പറഞ്ഞാൽ, സത്യാരാധനയെ വ്യാജാരാധനയുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ഇതിന്റെ അർഥം. ബാബിലോണിൽനിന്ന് യരുശലേമിലേക്കു പുറപ്പെട്ട ഇസ്രായേല്യർ പിൻവരുന്ന ആഹ്വാനത്തിനു ചെവികൊടുക്കണമായിരുന്നു: “വിട്ടുപോരുവിൻ . . . അശുദ്ധമായത് ഒന്നും തൊടരുത് . . . ശുദ്ധിയുള്ളവരായിരിക്കുവിൻ.” (യശയ്യ 52:11) മുഖ്യമായും, യഹോവയുടെ ആരാധന പുനഃസ്ഥാപിക്കാനാണ് അവർ സ്വദേശത്തേക്കു യാത്ര തിരിച്ചത്. ആ ആരാധന ശുദ്ധമായിരിക്കേണ്ടിയിരുന്നു; ബാബിലോണ്യമതത്തിലെ ദൈവനിന്ദാകരമായ ഉപദേശങ്ങളാലും ആചാരാനുഷ്ഠാനങ്ങളാലും അതു മലിനമാകാൻ പാടില്ലായിരുന്നു.
10 സത്യക്രിസ്ത്യാനികളായ നമ്മളും വ്യാജാരാധനയാൽ അശുദ്ധരാകാതിരിക്കാൻ ശ്രദ്ധിക്കണം. (1 കൊരിന്ത്യർ 10:21 വായിക്കുക.) വ്യാജമതത്തിന്റെ സ്വാധീനം ഇന്ന് എവിടെയും ഉള്ളതുകൊണ്ട് നമ്മൾ പ്രത്യേകം ജാഗ്രതയുള്ളവരായിരിക്കണം. മനുഷ്യന്റെ ഉള്ളിലെ എന്തോ ഒന്ന് മരണത്തെ അതിജീവിക്കുന്നു എന്നതുപോലുള്ള വ്യാജമതോപദേശങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സമ്പ്രദായങ്ങളും ആചാരാനുഷ്ഠാനങ്ങളും പല രാജ്യങ്ങളിലുമുണ്ട്. (സഭാപ്രസംഗകൻ 9:5, 6, 10) എന്നാൽ സത്യക്രിസ്ത്യാനികൾ അവ ഒഴിവാക്കുകതന്നെ ചെയ്യുന്നു.b നിർമലാരാധന സംബന്ധിച്ച ദിവ്യനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ മറ്റുള്ളവരിൽനിന്നുള്ള സമ്മർദത്തെ നമ്മൾ ഒരിക്കലും അനുവദിക്കില്ല.—പ്രവൃത്തികൾ 5:29.
11. ധാർമികമായി ശുദ്ധരായിരിക്കുകയെന്നാൽ എന്താണ് അർഥം, അത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ധാർമികശുദ്ധി. ധാർമികശുദ്ധിയിൽ, സകലതരം ലൈംഗിക അധാർമികതയും ഒഴിവാക്കുന്നത് ഉൾപ്പെടുന്നു. (എഫെസ്യർ 5:5 വായിക്കുക.) ധാർമികശുദ്ധി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അടുത്ത അധ്യായത്തിൽ കാണാൻപോകുന്നതുപോലെ, ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ നമ്മൾ ‘അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകന്നേ’ മതിയാകൂ. അധാർമികപ്രവൃത്തികൾ ചെയ്യുന്ന ഒരാൾ പശ്ചാത്തപിച്ച് തിരിഞ്ഞുവരാത്തപക്ഷം “ദൈവരാജ്യം അവകാശമാക്കില്ല.” (1 കൊരിന്ത്യർ 6:9, 10, 18) “വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധ”രുടെ കൂട്ടത്തിലാണ്, അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെ ദൈവം കാണുന്നത്. ധാർമികമായി ശുദ്ധരാകുന്നില്ലെങ്കിൽ, ‘അവരുടെ ഓഹരി . . . രണ്ടാം മരണം’ ആയിരിക്കും.—വെളിപാട് 21:8.
12, 13. ചിന്തകളും പ്രവർത്തനങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, നമുക്ക് എങ്ങനെ മാനസികമായി ശുദ്ധിയുള്ളവരായിരിക്കാം?
12 മാനസികശുദ്ധി. ചിന്തകളാണല്ലോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ദുഷ്ചിന്തകൾ മനസ്സിലും ഹൃദയത്തിലും വേരുപിടിക്കാൻ അനുവദിക്കുന്നപക്ഷം, ഇന്നല്ലെങ്കിൽ നാളെ നമ്മൾ അശുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സർവസാധ്യതയുമുണ്ട്. (മത്തായി 5:28; 15:18-20) എന്നാൽ, ശുദ്ധവും നിർമലവും ആയ കാര്യങ്ങൾകൊണ്ടാണു നമ്മൾ മനസ്സു നിറയ്ക്കുന്നതെങ്കിൽ, അശുദ്ധമായ കാര്യങ്ങൾ ഒഴിവാക്കാൻ നമ്മൾ പ്രചോദിതരാകും. (ഫിലിപ്പിയർ 4:8 വായിക്കുക.) മാനസികമായി നമുക്ക് എങ്ങനെ ശുദ്ധരായിരിക്കാം? നമ്മുടെ ചിന്താഗതിയെ മലിനമാക്കുന്ന ഏതൊരു വിനോദപരിപാടിയും ഒഴിവാക്കുകയാണ് ഒരു മാർഗം.c കൂടാതെ, ക്രമമായി ദൈവവചനം പഠിച്ചുകൊണ്ട് ശുദ്ധമായ കാര്യങ്ങളാൽ നമ്മുടെ മനസ്സു നിറയ്ക്കുകയും വേണം.—സങ്കീർത്തനം 19:8, 9.
13 ആത്മീയമായും ധാർമികമായും മാനസികമായും ശുദ്ധരായിരുന്നാൽ മാത്രമേ നമുക്കു ദൈവസ്നേഹത്തിൽ നിലനിൽക്കാനാകൂ. ഈ മേഖലകളിൽ ശുദ്ധരായിരിക്കുന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മറ്റ് അധ്യായങ്ങളിൽ കാണാം. ഇനി നമുക്കു നാലാമത്തെ മേഖലയെക്കുറിച്ച് ചിന്തിക്കാം—നമ്മുടെ ശുചിത്വശീലങ്ങൾ.
നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?
14. നമ്മുടെ ശുചിത്വശീലങ്ങൾ നമ്മളെ മാത്രമല്ല ബാധിക്കുന്നത് എന്നു പറയുന്നത് എന്തുകൊണ്ട്?
14 നമ്മുടെ ശരീരവും വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. ശുചിത്വമെന്നതു വ്യക്തിപരമായ കാര്യമാണെന്നും അതു മറ്റാരെയും ബാധിക്കില്ലെന്നും കരുതുന്നതു ശരിയാണോ? യഹോവയുടെ ആരാധകർ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. നേരത്തേ കണ്ടതുപോലെ, നമ്മുടെ ശുദ്ധി യഹോവയ്ക്കു പ്രധാനമായിരിക്കുന്നത്, അതു നമുക്കു പ്രയോജനം ചെയ്യുമെന്നതുകൊണ്ട് മാത്രമല്ല, അതു ദൈവത്തിന്റെ പേരിനെ ബാധിക്കുമെന്നതുകൊണ്ടുമാണ്. ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ട ദൃഷ്ടാന്തം അതാണു കാണിക്കുന്നത്. എപ്പോഴും വൃത്തിയും വെടിപ്പും ഇല്ലാതെ നടക്കുന്ന ഒരു കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് മോശമായ ഒരു ധാരണയല്ലേ നിങ്ങൾക്കു കിട്ടുക? നമ്മുടെ വസ്ത്രധാരണവും ജീവിതരീതിയും യാതൊരു പ്രകാരത്തിലും സ്വർഗീയപിതാവിന്റെമേൽ നിന്ദ വരുത്തിവെക്കാനോ നമ്മൾ പ്രസംഗിക്കുന്ന സന്ദേശത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനോ നമ്മൾ ആഗ്രഹിക്കില്ല. ഇക്കാര്യത്തിൽ പൗലോസിന്റെ അതേ മനോഭാവമുണ്ടായിരിക്കാൻ ദൈവവചനം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. പൗലോസ് എഴുതി: “ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു. എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്.” (2 കൊരിന്ത്യർ 6:3, 4) അങ്ങനെയെങ്കിൽ നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?
15, 16. നല്ല ശുചിത്വശീലത്തിൽ എന്ത് ഉൾപ്പെടുന്നു, നമ്മുടെ വസ്ത്രം എങ്ങനെയുള്ളതായിരിക്കണം?
15 ശാരീരികശുദ്ധിയും വസ്ത്രധാരണവും മറ്റും. ഓരോ രാജ്യത്തെയും സംസ്കാരവും ജീവിതസാഹചര്യവും വ്യത്യസ്തമാണെങ്കിലും, സോപ്പോ മറ്റോ ഉപയോഗിച്ച് ദിവസവും കുളിച്ചുകൊണ്ട് നാമും നമ്മുടെ കുട്ടികളും ശുചിത്വമുള്ളവരാണെന്ന് ഉറപ്പുവരുത്താനാകും. ഭക്ഷണം കഴിക്കുന്നതിനോ ഭക്ഷ്യവസ്തുക്കൾ കൈകാര്യംചെയ്യുന്നതിനോ മുമ്പും കക്കൂസിൽ പോയതിനു ശേഷവും മലമൂത്രവിസർജനംചെയ്ത കുഞ്ഞിനെ കഴുകിക്കുകയോ ഡയപ്പറുകൾ മാറ്റുകയോ ഒക്കെ ചെയ്തശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതു നല്ല ശുചിത്വശീലത്തിൽപ്പെടും. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതു രോഗങ്ങളെ തടയും, അതു ജീവൻ രക്ഷിക്കുകപോലും ചെയ്യും. ഹാനികരമായ വൈറസും ബാക്ടീരിയയും പകരാതിരിക്കാനും അങ്ങനെ അതിസാരംപോലുള്ള രോഗങ്ങൾ തടയാനും അതു സഹായിക്കും. മാലിന്യനിർമാർജനസംവിധാനം ഇല്ലാത്ത ഒരു പ്രദേശത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ പുരാതനകാലത്ത് ഇസ്രായേല്യർ ചെയ്തതുപോലെ മാലിന്യങ്ങൾ കുഴിച്ചുമൂടാവുന്നതാണ്.—ആവർത്തനം 23:12, 13.
16 നമ്മുടെ വസ്ത്രങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതും മാന്യവും ആയിരിക്കണം; അതിന് അവ പതിവായി കഴുകേണ്ടതുണ്ട്. ഒരു ക്രിസ്ത്യാനിയുടെ വസ്ത്രം വില കൂടിയതോ ഏറ്റവും പുതിയ ഫാഷനിലുള്ളതോ ആയിരിക്കേണ്ടതില്ലെങ്കിലും അതു വൃത്തിയും വെടിപ്പും ഉള്ളതും മാന്യവും ആയിരിക്കണം. (1 തിമൊഥെയൊസ് 2:9, 10 വായിക്കുക.) നമ്മൾ എവിടെയായാലും, ‘നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് അലങ്കാരമാകുന്നതരം’ വസ്ത്രം ധരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്.—തീത്തോസ് 2:10.
17. നമ്മുടെ വീടും പരിസരവും മറ്റും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കേണ്ടത് എന്തുകൊണ്ട്?
17 വീടും പരിസരവും മറ്റും. നമ്മുടെ വീടു വലിയ ആഡംബരമുള്ളതായിരിക്കണമെന്നില്ല; പക്ഷേ അതു വൃത്തിയുള്ളതും ആകർഷകവും ആയി സൂക്ഷിക്കാൻ കഴിയുന്നത്ര ശ്രമിക്കണം. അതുപോലെതന്നെ, യോഗങ്ങൾക്കും വയൽസേവനത്തിനും പോകാൻ നമ്മൾ വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ അകവും പുറവും വേണ്ടത്ര വൃത്തിയുള്ളതായി സൂക്ഷിക്കുക. വീടും പരിസരവും വൃത്തിയുള്ളതാണെങ്കിൽ അതുതന്നെ നല്ലൊരു സാക്ഷ്യമാണെന്ന് ഓർക്കുക. യഹോവ വിശുദ്ധനായ ഒരു ദൈവമാണെന്നും യഹോവ, ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു’മെന്നും ദൈവത്തിന്റ രാജ്യം നമ്മുടെ ഈ ഭൗമികഭവനത്തെ ഉടൻതന്നെ ഒരു പറുദീസയാക്കിമാറ്റുമെന്നും ആണല്ലോ നമ്മൾ ആളുകളെ പഠിപ്പിക്കുന്നത്. (വെളിപാട് 11:18; ലൂക്കോസ് 23:43) അതുകൊണ്ട് വരാനിരിക്കുന്ന ആ പുതിയ ലോകത്തിനു യോജിച്ച തരം ശുചിത്വശീലങ്ങൾ നമ്മൾ ഇപ്പോൾത്തന്നെ വളർത്തിയെടുക്കുന്നുണ്ടെന്നു നമ്മുടെ വീടും വസ്തുവകകളും നിരീക്ഷിക്കുന്ന മറ്റുള്ളവർക്കു മനസ്സിലാകണം.
18. രാജ്യഹാളിനോടു നമുക്ക് എങ്ങനെ ആദരവ് കാണിക്കാം?
18 നമ്മുടെ ആരാധനാസ്ഥലം. പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രമായ രാജ്യഹാളിനോട് ആദരവ് കാണിക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രചോദിപ്പിക്കുന്നു. രാജ്യഹാളിലേക്കു വരുന്ന പുതിയവർക്കു നമ്മുടെ യോഗസ്ഥലത്തെക്കുറിച്ച് മതിപ്പു തോന്നണമെന്നാണു നമ്മൾ ആഗ്രഹിക്കുന്നത്. പതിവായി ശുചീകരിക്കുന്നതും കാലാകാലങ്ങളിൽ കേടുപോക്കുന്നതും ഹാളിന്റെ ആകർഷകത്വം നിലനിറുത്താൻ സഹായിക്കും. രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാനായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് നമ്മൾ അതിനോട് ആദരവ് കാണിക്കുന്നു. ആരാധനാസ്ഥലം വൃത്തിയാക്കുന്നതിലും “കേടുപോക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും” ചെയ്യുന്നതിലും സ്വമേധയാ സഹായിക്കാനാകുന്നത് ഒരു പദവിയാണ്. (2 ദിനവൃത്താന്തം 34:10) സമ്മേളനങ്ങൾക്കോ കൺവെൻഷനുകൾക്കോ വേണ്ടി സമ്മേളനഹാളിലോ മറ്റു ഹാളുകളിലോ കൂടിവരുമ്പോഴും ഇതേ തത്ത്വങ്ങൾ ബാധകമാണ്.
നമ്മളെ മലിനമാക്കുന്ന ശീലങ്ങളും നടപടികളും ഒഴിവാക്കുക
19. ശാരീരികശുദ്ധി നിലനിറുത്തുന്നതിനു നമ്മൾ എന്ത് ഒഴിവാക്കണം, ഇക്കാര്യത്തിൽ ബൈബിൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
19 ശാരീരികശുദ്ധി നിലനിറുത്തുന്നതിനു പുകവലി, മദ്യത്തിന്റെ ദുരുപയോഗം, മാനസികാവസ്ഥയെ മാറ്റിമറിക്കുന്നതോ ആസക്തി ഉണ്ടാക്കുന്നതോ ആയ മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ ദുഷിച്ച ശീലങ്ങളും നടപടികളും നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. ഇന്നു സർവസാധാരണമായിരിക്കുന്ന, അശുദ്ധവും വെറുപ്പുളവാക്കുന്നതും ആയ എല്ലാ നടപടികളും ബൈബിൾ അക്കമിട്ട് പറയുന്നില്ല. എങ്കിലും അത്തരം കാര്യങ്ങൾ സംബന്ധിച്ച് യഹോവയുടെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്. അവ മനസ്സിലാക്കുമ്പോൾ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിതം നയിക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കും. നമുക്ക് ഇപ്പോൾ അഞ്ചു തിരുവെഴുത്തുതത്ത്വങ്ങൾ നോക്കാം.
20, 21. നമ്മൾ ഏതുതരം നടപടികൾ ഒഴിവാക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്, അങ്ങനെ ചെയ്യാൻ നമുക്കു ശക്തമായ എന്തു കാരണമുണ്ട്?
20 “പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങൾ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) ശരീരത്തെ മലിനമാക്കുന്നതും ആത്മാവിനെ—ചിന്താഗതിയെയും മനോഭാവത്തെയും—ദുഷിപ്പിക്കുന്നതും ആയ എല്ലാ പ്രവർത്തനങ്ങളിൽനിന്നും നമ്മൾ വിട്ടുനിൽക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മനസ്സിനും ശരീരത്തിനും ഹാനികരമായ ഏതൊരു ആസക്തിയും നമ്മൾ ഒഴിവാക്കണം.
21 “മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരി”ക്കേണ്ടതിന്റെ ശക്തമായ കാരണം ബൈബിൾ നൽകുന്നുണ്ട്. “ഈ വാഗ്ദാനങ്ങൾ നമുക്കുള്ളതുകൊണ്ട്” എന്ന വാക്കുകളോടെയാണ് 2 കൊരിന്ത്യർ 7:1 ആരംഭിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഏതു വാഗ്ദാനങ്ങൾ? “ഞാൻ നിങ്ങളെ സ്വീകരിക്കും . . . ഞാൻ നിങ്ങളുടെ പിതാവും . . . ആകും” എന്നാണു തൊട്ടുമുമ്പുള്ള വാക്യങ്ങൾ പറയുന്നത്. (2 കൊരിന്ത്യർ 6:17, 18) ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങളെ തന്റെ സംരക്ഷണവലയത്തിലാക്കുമെന്നും ഒരു അച്ഛൻ തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നതുപോലെ നിങ്ങളെ സ്നേഹിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്യുന്നു. “ശരീരത്തെയും ചിന്തകളെയും” മലിനമാക്കുന്ന കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കിയാൽ മാത്രമേ യഹോവ ആ വാഗ്ദാനം നിറവേറ്റുകയുള്ളൂ. യഹോവയുമായുള്ള ആ അമൂല്യബന്ധത്തിനു തുരങ്കംവെക്കാൻ ദുഷിച്ച ശീലങ്ങളെയും നടപടികളെയും അനുവദിക്കുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും!
22-25. അശുദ്ധമായ ശീലങ്ങളും നടപടികളും ഒഴിവാക്കാൻ ഏതു തിരുവെഴുത്തുതത്ത്വങ്ങൾ നമ്മളെ സഹായിക്കും?
22 “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.” (മത്തായി 22:37) ഏറ്റവും വലിയ കല്പനയായി യേശു ഇത് എടുത്തുപറയുകയുണ്ടായി. (മത്തായി 22:38) യഹോവ അത്തരം സ്നേഹത്തിന് അർഹനാണ്. മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കാൻ കഴിയണമെങ്കിൽ നമ്മുടെ ആയുസ്സു കുറയ്ക്കുകയോ ദൈവം തന്ന ചിന്താപ്രാപ്തിയെ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്ന ശീലങ്ങൾ നമ്മൾ ഒഴിവാക്കിയേ തീരൂ.
23 “(യഹോവയാണ്) എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്.” (പ്രവൃത്തികൾ 17:24, 25) ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണു ജീവൻ. ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് ആ സമ്മാനത്തോട് ആദരവ് കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മുടെ ആരോഗ്യത്തിനു ഹാനികരമായ ഏതൊരു ശീലവും നടപടിയും നമ്മൾ ഒഴിവാക്കുന്നു. കാരണം അതു ജീവനെന്ന സമ്മാനത്തോടുള്ള കടുത്ത അനാദരവാണെന്നു നമുക്ക് അറിയാം.—സങ്കീർത്തനം 36:9.
24 “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” (മത്തായി 22:39) ദുഷിച്ച ശീലങ്ങളും നടപടികളും, അതിൽ ഏർപ്പെടുന്ന വ്യക്തിക്കു മാത്രമല്ല ചുറ്റുമുള്ളവർക്കും ദോഷംചെയ്യും. ഉദാഹരണത്തിന്, പുകവലിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത് നിൽക്കുന്നതുപോലും ആരോഗ്യത്തിനു ഹാനികരമാണ്. തന്റെ ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന ഒരാൾ അയൽക്കാരനെ സ്നേഹിക്കണമെന്ന ദിവ്യകല്പന ലംഘിക്കുകയാണ്. ദൈവത്തെ സ്നേഹിക്കുന്നെന്ന അദ്ദേഹത്തിന്റെ ഏതൊരു അവകാശവാദവും വെറുതേയാണെന്നും വരും.—1 യോഹന്നാൻ 4:20, 21.
25 ‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കുക.’ (തീത്തോസ് 3:1) പല രാജ്യങ്ങളിലും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്. സത്യക്രിസ്ത്യാനികളായ നമ്മൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.—റോമർ 13:1.
26. (എ) ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) ദൈവമുമ്പാകെ ശുദ്ധിയുള്ളവരായിരിക്കുന്നത് ഏറ്റവും നല്ല ജീവിതരീതിയായിരിക്കുന്നത് എന്തുകൊണ്ട്?
26 ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതിന്, ചില കാര്യങ്ങളിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും നമ്മൾ ശുദ്ധരായിരിക്കണം. അശുദ്ധമായ ശീലങ്ങളുടെയും നടപടികളുടെയും പിടിയിൽനിന്ന് പുറത്തുവരുക അത്ര എളുപ്പമല്ലെങ്കിലും അതു സാധ്യമാണ്.d വാസ്തവത്തിൽ, അതാണ് ഏറ്റവും നല്ല ജീവിതഗതി. കാരണം യഹോവ പറഞ്ഞുതരുന്ന കാര്യങ്ങൾ എപ്പോഴും നമ്മുടെ പ്രയോജനത്തെ കരുതിയുള്ളതാണ്. (യശയ്യ 48:17 വായിക്കുക.) സർവോപരി, ശുദ്ധിയുള്ളവരായിരിക്കുന്നതു നമ്മൾ സ്നേഹിക്കുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുമെന്നും അറിയുന്നതിൽനിന്നുള്ള സംതൃപ്തിയും നമുക്കുണ്ടായിരിക്കും.
a ‘നിർമലർ’ അഥവാ ‘ശുദ്ധിയുള്ളവർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ ചിലപ്പോൾ ശാരീരികശുദ്ധിയെ കുറിക്കുന്നു എങ്കിലും മിക്ക സാഹചര്യങ്ങളിലും അതു ധാർമികവും ആത്മീയവും ആയ ശുദ്ധിയെയാണു കുറിക്കുന്നത്.
b ചില ആഘോഷങ്ങളും ആചാരങ്ങളും സത്യക്രിസ്ത്യാനികൾ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ 13-ാം അധ്യായം കാണുക.
c നല്ല വിനോദപരിപാടികൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് ആറാം അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്.
d “ശരി ചെയ്യാൻ ഞാൻ കഠിനശ്രമം ചെയ്യുന്നുണ്ടോ?” എന്ന ചതുരവും, “ദൈവത്തിന് എല്ലാം സാധ്യം” എന്ന ചതുരവും കാണുക.
e പേര് മാറ്റിയിട്ടുണ്ട്.