പുറപ്പാട്
34 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ നീ വെട്ടിയുണ്ടാക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും.+ 2 അതുകൊണ്ട് രാവിലെത്തേക്കായി ഒരുങ്ങുക. കാരണം നിനക്കു രാവിലെ സീനായ് പർവതത്തിലേക്കു കയറിപ്പോയി അവിടെ പർവതമുകളിൽ+ എന്റെ മുമ്പാകെ നിൽക്കാനുള്ളതാണ്. 3 എന്നാൽ ആരും നിന്നോടുകൂടെ മുകളിലേക്കു കയറിപ്പോകരുത്. പർവതത്തിൽ എങ്ങും മറ്റാരെയും കാണുകയുമരുത്. ആ പർവതത്തിനു മുന്നിൽ ആടുമാടുകൾ മേഞ്ഞുനടക്കുകയുമരുത്.”+
4 യഹോവ കല്പിച്ചതുപോലെതന്നെ മോശ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് സീനായ് പർവതത്തിലേക്കു കയറിച്ചെന്നു. ആ രണ്ടു കൽപ്പലകകളും മോശ കൈയിൽ എടുത്തു. 5 യഹോവ മേഘത്തിൽ താഴേക്കു വന്ന്+ മോശയോടൊപ്പം അവിടെ നിന്നു. അതിനു ശേഷം, യഹോവ തന്റെ പേര് പ്രഖ്യാപിച്ചു.+ 6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹവും+ സത്യവും*+ നിറഞ്ഞവൻ, 7 ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം+ കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ.+ എന്നാൽ കുറ്റക്കാരനെ ഒരു കാരണവശാലും അവൻ ശിക്ഷിക്കാതെ വിടില്ല.+ പിതാക്കന്മാരുടെ അകൃത്യത്തിനുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം അവൻ അവരെ ശിക്ഷിക്കും.”+
8 മോശ തിടുക്കത്തിൽ നിലംമുട്ടെ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു. 9 എന്നിട്ട് പറഞ്ഞു: “യഹോവേ, ഇപ്പോൾ അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, ഞങ്ങൾ ദുശ്ശാഠ്യമുള്ള+ ഒരു ജനമാണെങ്കിലും ഞങ്ങൾ പോകുമ്പോൾ യഹോവേ, അങ്ങ് ദയവായി ഞങ്ങളുടെ ഇടയിലുണ്ടായിരിക്കേണമേ.+ ഞങ്ങളുടെ തെറ്റുകളും പാപവും ക്ഷമിച്ച്+ അങ്ങയുടെ സ്വന്തം സ്വത്തായി ഞങ്ങളെ സ്വീകരിക്കേണമേ.” 10 അപ്പോൾ ദൈവം പറഞ്ഞു: “ഇതാ! ഞാൻ ഒരു ഉടമ്പടി ചെയ്യുന്നു: ഭൂമിയിലൊരിടത്തും ഒരു ജനതയുടെ ഇടയിലും ഒരിക്കൽപ്പോലും ചെയ്തിട്ടില്ലാത്ത അത്ഭുതകാര്യങ്ങൾ നിന്റെ ജനം മുഴുവൻ കാൺകെ ഞാൻ ചെയ്യും.+ ആരുടെ ഇടയിലാണോ നിങ്ങൾ താമസിക്കുന്നത് ആ ജനമെല്ലാം യഹോവയുടെ പ്രവൃത്തി കാണും. ഭയാദരവ് ഉണർത്തുന്ന ഒരു കാര്യമായിരിക്കും ഞാൻ നിങ്ങളോടു ചെയ്യുന്നത്.+
11 “ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങൾക്കു ചെവി കൊടുക്കുക.+ ഇതാ! ഞാൻ നിങ്ങളുടെ മുന്നിൽനിന്ന് അമോര്യരെയും കനാന്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഓടിച്ചുകളയുന്നു.+ 12 നിങ്ങൾ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.+ അല്ലെങ്കിൽ, അതു നിങ്ങളുടെ ഇടയിലുള്ള ഒരു കെണിയായിത്തീർന്നേക്കാം.+ 13 നിങ്ങൾ അവരുടെ യാഗപീഠങ്ങൾ നശിപ്പിക്കുകയും അവരുടെ പൂജാസ്തംഭങ്ങൾ തകർക്കുകയും അവരുടെ പൂജാസ്തൂപങ്ങൾ* വെട്ടിക്കളയുകയും വേണം.+ 14 മറ്റൊരു ദൈവത്തിനു മുന്നിൽ നിങ്ങൾ കുമ്പിടാൻ പാടില്ല.+ കാരണം സമ്പൂർണഭക്തി ആഗ്രഹിക്കുന്നവൻ* എന്നൊരു പേരാണ് യഹോവയ്ക്കുള്ളത്. അതെ, ദൈവം സമ്പൂർണഭക്തി ആഗ്രഹിക്കുന്നു.+ 15 ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉടമ്പടി ചെയ്താൽ അവർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്ത് അവരുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുമ്പോൾ+ അവരിൽ ആരെങ്കിലും നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിയിൽനിന്ന് നിങ്ങൾ ഭക്ഷിക്കാൻ ഇടവരുകയും ചെയ്യും.+ 16 പിന്നെ, നിങ്ങൾ നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി അവരുടെ പുത്രിമാരെ എടുക്കും.+ അവരുടെ പുത്രിമാർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുമ്പോൾ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടും ആ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യിക്കും.+
17 “ലോഹംകൊണ്ടുള്ള ദൈവങ്ങളെ ഉണ്ടാക്കരുത്.+
18 “നീ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം.+ ഞാൻ കല്പിച്ചതുപോലെ, നീ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആബീബ്* മാസത്തിലെ നിശ്ചയിച്ച സമയത്ത് ഏഴു ദിവസത്തേക്ക് അതു ചെയ്യണം.+ കാരണം ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്ത് ദേശത്തുനിന്ന് പുറത്ത് വന്നത്.
19 “ആദ്യം ജനിക്കുന്ന ആണെല്ലാം എന്റേതാണ്.+ ആദ്യം ജനിക്കുന്ന കാളക്കുട്ടിയും മുട്ടനാടും+ ഉൾപ്പെടെ എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണെല്ലാം ഇതിൽപ്പെടും. 20 കഴുതയുടെ കടിഞ്ഞൂലിനെ ഒരു ആടിനെ പകരം കൊടുത്ത് വീണ്ടെടുക്കണം. എന്നാൽ അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിക്കണം. നിന്റെ ആൺമക്കളിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കണം.+ വെറുങ്കൈയോടെ ആരും എന്റെ മുന്നിൽ വരരുത്.
21 “ആറു ദിവസം ജോലി ചെയ്യുക. എന്നാൽ ഏഴാം ദിവസം നീ വിശ്രമിക്കണം.*+ ഉഴവുകാലമായാലും കൊയ്ത്തുകാലമായാലും ഇങ്ങനെ വിശ്രമിക്കണം.
22 “ഗോതമ്പുകൊയ്ത്തിലെ ആദ്യവിളകൊണ്ട് വാരോത്സവം ആഘോഷിക്കണം. വർഷാവസാനം ഫലശേഖരത്തിന്റെ ഉത്സവവും* ആഘോഷിക്കണം.+
23 “വർഷത്തിൽ മൂന്നു പ്രാവശ്യം നിങ്ങളുടെ ഇടയിലെ ആണുങ്ങളെല്ലാം ഇസ്രായേലിന്റെ ദൈവമായ യഹോവ എന്ന സാക്ഷാൽ കർത്താവിന്റെ സന്നിധിയിൽ വരണം.+ 24 ഞാൻ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ്+ നിന്റെ പ്രദേശം വിസ്തൃതമാക്കും. മാത്രമല്ല വർഷത്തിൽ മൂന്നു പ്രാവശ്യം നീ നിന്റെ ദൈവമായ യഹോവയുടെ മുഖം ദർശിക്കാൻ പോകുമ്പോൾ ആരും നിന്റെ ദേശം മോഹിക്കുകയുമില്ല.
25 “എനിക്കുള്ള ബലിരക്തം പുളിപ്പിച്ച ഒന്നിന്റെയുംകൂടെ അർപ്പിക്കരുത്.+ പെസഹാപ്പെരുന്നാളിൽ ബലി അർപ്പിക്കുന്നതു രാവിലെവരെ വെക്കരുത്.+
26 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+
“ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.”+
27 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “ഈ വാക്കുകൾ നീ എഴുതിവെക്കുക.+ കാരണം ഈ വാക്കുകൾക്കു ചേർച്ചയിലാണ് ഞാൻ നിന്നോടും ഇസ്രായേലിനോടും ഉടമ്പടി ചെയ്യുന്നത്.”+ 28 മോശ അവിടെ യഹോവയുടെകൂടെ 40 പകലും 40 രാവും ചെലവഴിച്ചു. മോശ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.+ ദൈവമോ ഉടമ്പടിയുടെ വചനങ്ങൾ, ആ പത്തു കല്പന,* പലകകളിൽ എഴുതി.+
29 പിന്നെ മോശ സീനായ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും കൈയിലുണ്ടായിരുന്നു.+ ദൈവവുമായി സംസാരിച്ചതുകൊണ്ട് മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നുണ്ടെന്നു പർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ മോശ അറിഞ്ഞില്ല. 30 എന്നാൽ അഹരോനും എല്ലാ ഇസ്രായേല്യരും മോശയെ കണ്ടപ്പോൾ, മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നതു ശ്രദ്ധിച്ചു.+ അതുകൊണ്ട് മോശയുടെ അടുത്തേക്കു ചെല്ലാൻ അവർക്കു പേടി തോന്നി.
31 എന്നാൽ മോശ അവരെ വിളിച്ചപ്പോൾ അഹരോനും സമൂഹത്തിലെ എല്ലാ തലവന്മാരും മോശയുടെ അടുത്ത് ചെന്നു. മോശ അവരോടു സംസാരിച്ചു. 32 പിന്നെ എല്ലാ ഇസ്രായേല്യരും മോശയുടെ അടുത്ത് ചെന്നു. സീനായ് പർവതത്തിൽവെച്ച് യഹോവ തനിക്കു തന്ന എല്ലാ കല്പനകളും മോശ അവർക്കു കൊടുത്തു.+ 33 അവരോടു സംസാരിച്ചുകഴിയുമ്പോൾ മോശ ഒരു തുണികൊണ്ട് മുഖം മൂടും.+ 34 എന്നാൽ, യഹോവയോടു സംസാരിക്കുന്നതിനായി തിരുസന്നിധിയിലേക്കു കടന്നുചെല്ലുമ്പോൾ ആ തുണി മാറ്റും,+ തിരിച്ച് പുറത്ത് വരുന്നതുവരെ അത് അണിയുകയുമില്ല. തനിക്കു കിട്ടുന്ന കല്പനകൾ, മോശ പുറത്ത് വന്നിട്ട് ഇസ്രായേല്യർക്കു വെളിപ്പെടുത്തും.+ 35 മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നത് ഇസ്രായേല്യർ കണ്ടപ്പോൾ മോശ വീണ്ടും തുണികൊണ്ട് മുഖം മൂടി. ദൈവത്തോടു* സംസാരിക്കാൻ വീണ്ടും അകത്ത് ചെല്ലുന്നതുവരെ അതു മാറ്റിയതുമില്ല.+