യേശു നരകത്തെക്കുറിച്ച് എന്താണു പഠിപ്പിച്ചത്?
“നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല.”—മർക്കൊസ് 9:47, 48.
ന്യായവിധി സമയത്ത് താൻ ദുഷ്ടന്മാരോട് ഇങ്ങനെ പറയുമെന്ന് മറ്റൊരിക്കൽ യേശു പ്രസ്താവിക്കുകയുണ്ടായി: “ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” ‘ഇവർ നിത്യദണ്ഡനത്തിലേക്കു’ പോകുമെന്നും അവൻ കൂട്ടിച്ചേർത്തു.—മത്തായി 25:41, 46.
ഒറ്റനോട്ടത്തിൽ, യേശുവിന്റെ മേൽപ്പറഞ്ഞ വാക്കുകൾ അഗ്നിനരകത്തെ പിന്താങ്ങുന്നതാണെന്നു തോന്നിയേക്കാം. എന്നാൽ, “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്ന തിരുവെഴുത്തിനു വിരുദ്ധമായ ഒരു കാര്യം പറയാൻ യേശു ഉദ്ദേശിച്ചിരുന്നില്ല എന്നതു തീർച്ച.—സഭാപ്രസംഗി 9:5.
അങ്ങനെയെങ്കിൽ, ‘അഗ്നിനരകത്തിൽ വീഴുന്നതിനെക്കുറിച്ചു’ പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? യേശു മുന്നറിയിപ്പു നൽകിയ “നിത്യാഗ്നി” അക്ഷരീയമാണോ ആലങ്കാരികമാണോ? ഏത് അർഥത്തിലാണ് ദുഷ്ടന്മാർ ‘നിത്യദണ്ഡനത്തിലേക്കു പോകുന്നത്?’ ഈ ചോദ്യങ്ങൾ ഓരോന്നായി നമുക്കിപ്പോൾ പരിശോധിക്കാം.
‘അഗ്നിനരകത്തിൽ വീഴുന്നതിനെക്കുറിച്ചു’ പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? മർക്കൊസ് 9:47-ൽ, ഗീയെന്നാ എന്ന മൂല ഗ്രീക്ക് പദത്തെയാണ് ‘നരകം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “ഹിന്നോം താഴ്വര” എന്ന് അർഥമുള്ള ഗേ ഹിന്നോം എന്നീ എബ്രായ വാക്കുകളിൽനിന്നാണ് ഗീയെന്നാ എന്ന പദം വന്നിരിക്കുന്നത്. പുരാതന യെരുശലേമിന്റെ മതിലുകൾക്കു പുറത്തായിരുന്ന ഹിന്നോം താഴ്വരയിൽ ഇസ്രായേൽ രാജാക്കന്മാരുടെ കാലത്ത് ശിശുബലികൾ നടത്തിയിരുന്നു. യഹോവ കുറ്റംവിധിച്ച ഒരു മ്ലേച്ഛ ആചാരമായിരുന്നു അത്. വ്യാജാരാധനയുടെ ഭാഗമായി അത്തരം കാര്യങ്ങൾ ചെയ്യുന്നവരെ താൻ നിർമൂലമാക്കുമെന്ന് ദൈവം പറയുകയുണ്ടായി. ആ സമയത്ത് ഹിന്നോം താഴ്വര “കുലത്താഴ്വര” എന്നു വിളിക്കപ്പെടുകയും “ജനത്തിന്റെ ശവങ്ങൾ” അടക്കംചെയ്യപ്പെടാതെ അവിടെ കിടക്കുകയും ചെയ്യുമായിരുന്നു. (യിരെമ്യാവു 7:30-34) അങ്ങനെ, ഹിന്നോം താഴ്വര ജീവനുള്ളവരെ ദണ്ഡിപ്പിക്കുന്നതിനുള്ള ഒരു സ്ഥലമല്ല പിന്നെയോ ശവശരീരങ്ങൾ കൂട്ടിയിടുന്നതിനുള്ള ഒരു സ്ഥലമായിത്തീരുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു.
യേശുവിന്റെ നാളിൽ, മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായിത്തീർന്നു ഹിന്നോം താഴ്വര. ഹീനരായ കുറ്റവാളികളുടെ മൃതദേഹങ്ങളും അവിടേക്ക് വലിച്ചെറിഞ്ഞിരുന്നു. മാലിന്യങ്ങളും ശവശരീരങ്ങളും നശിപ്പിച്ചുകളയുന്നതിനായി അവിടെ എപ്പോഴും തീയിട്ടിരുന്നു.
ചാകാത്ത പുഴുവിനെയും കെടാത്ത തീയെയും കുറിച്ചു പറഞ്ഞപ്പോൾ യെശയ്യാവു 66:24 ആയിരിക്കണം യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. ദൈവത്തോട് “അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ”ക്കുറിച്ച് യെശയ്യാവു പറയുന്നത് “അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല” എന്നാണ്. ശവസംസ്കാരം അർഹിക്കാത്ത മൃതദേഹങ്ങളുടെ കാര്യമാണ് യെശയ്യാവ് ഇവിടെ പറയുന്നതെന്ന് യേശുവിനും അവന്റെ ശ്രോതാക്കൾക്കും അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ, ഹിന്നോം താഴ്വരയെ അഥവാ ഗീഹെന്നയെ പുനരുത്ഥാന പ്രത്യാശയില്ലാത്ത മരണത്തിന്റെ പ്രതീകമായി യേശു ഉപയോഗിച്ചു. “ദേഹിയെയും [ജീവനെയും] ദേഹത്തെയും നരകത്തിൽ [ഗീഹെന്നയിൽ] നശിപ്പിപ്പാൻ” ദൈവത്തിനു കഴിയും എന്നു പറഞ്ഞപ്പോൾ ഇക്കാര്യം യേശു വ്യക്തമാക്കുകയായിരുന്നു. (മത്തായി 10:28) അതുകൊണ്ട് ഗീഹെന്ന നിത്യദണ്ഡനത്തിന്റെയല്ല പിന്നെയോ നിത്യമരണത്തിന്റെ പ്രതീകമാണ്.
യേശു മുന്നറിയിപ്പു നൽകിയ “നിത്യാഗ്നി” അക്ഷരീയമാണോ, ആലങ്കാരികമാണോ? മത്തായി 25:41-ൽ പറഞ്ഞിരിക്കുന്ന “നിത്യാഗ്നി,” ‘പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്നതാണ്’ എന്നു കുറിക്കൊള്ളുക. അക്ഷരീയ അഗ്നിക്ക് ആത്മജീവികളെ ദഹിപ്പിക്കാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇനി, അതേ പ്രഭാഷണത്തിൽത്തന്നെ യേശു പരാമർശിച്ച ‘ചെമ്മരിയാടുകളും’ ‘കോലാടുകളും’ തീർച്ചയായും അക്ഷരീയമല്ല, അവ രണ്ടുതരം ആളുകളെയാണ് പ്രതീകപ്പെടുത്തുന്നത്. (മത്തായി 25:32, 33) അപ്പോൾ, ‘അഗ്നി’ എന്ന പദവും ആലങ്കാരികമായിട്ടായിരിക്കില്ലേ യേശു ഉപയോഗിച്ചത്? യേശു പറഞ്ഞ നിത്യാഗ്നി ആലങ്കാരിക അർഥത്തിൽ ദുഷ്ടന്മാരെ പൂർണമായി ദഹിപ്പിക്കും.
ഏത് അർഥത്തിലാണ് ദുഷ്ടന്മാർ ‘നിത്യദണ്ഡനത്തിലേക്കു പോകുന്നത്’? മിക്ക ഭാഷാന്തരങ്ങളും മത്തായി 25:46-ൽ ‘ദണ്ഡനം’ എന്ന പദമാണ് ഉപയോഗിക്കുന്നതെങ്കിലും കോലാസിൻ എന്ന ഗ്രീക്കു വാക്കിന്റെ അടിസ്ഥാന അർഥം “വൃക്ഷങ്ങളുടെ വളർച്ചയെ തടയുക” അഥവാ അനാവശ്യ ശാഖകൾ മുറിച്ചു മാറ്റുക എന്നാണ്. അതുകൊണ്ട്, ചെമ്മരിയാടുതുല്യർക്കു നിത്യജീവൻ ലഭിക്കുമ്പോൾ അനുതാപമില്ലാത്ത കോലാടുതുല്യർ ‘നിത്യദണ്ഡനത്തിലേക്ക്’ പോകും, അതായത് അവർ എന്നെന്നേക്കുമായി ച്ഛേദിക്കപ്പെടും.
നിങ്ങൾക്കെന്തു തോന്നുന്നു?
മനുഷ്യർക്ക് അമർത്യ ദേഹിയുണ്ടെന്ന് യേശു ഒരിക്കലും പഠിപ്പിച്ചില്ല. എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് യേശു കൂടെക്കൂടെ പഠിപ്പിച്ചു. (ലൂക്കൊസ് 14:13, 14; യോഹന്നാൻ 5:25-29; 11:25) ദേഹി മരിക്കില്ലെന്ന് യേശു വിശ്വസിച്ചിരുന്നെങ്കിൽ പുനരുത്ഥാനത്തെക്കുറിച്ച് അവൻ പറയുമായിരുന്നോ?
ദൈവം ദുഷ്ടന്മാരെ ക്രൂരമായി നിത്യം ദണ്ഡിപ്പിക്കുമെന്നും യേശു പഠിപ്പിച്ചില്ല. പകരം, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് അവൻ പറയുകയുണ്ടായി. (യോഹന്നാൻ 3:16) തന്നിൽ വിശ്വസിക്കാത്തവർ നശിക്കും അഥവാ മരിക്കും എന്നല്ലേ യേശു പറഞ്ഞത്? അവർ അഗ്നിനരകത്തിലെ ദുരിതങ്ങൾ അനുഭവിച്ച് നിത്യം ജീവിക്കുമായിരുന്നെങ്കിൽ അവൻ അതു പറയുകയില്ലായിരുന്നോ?
നരകം ദണ്ഡനസ്ഥലമാണെന്ന ഉപദേശം ബൈബിളധിഷ്ഠിതമല്ല. ക്രിസ്തീയ പഠിപ്പിക്കലിന്റെ മുഖംമൂടി അണിഞ്ഞ ഒരു പുറജാതീയ വിശ്വാസമാണത്. (“നരകത്തിന്റെ ചരിത്രം—ഒരു ഹ്രസ്വ അവലോകനം” എന്ന 6-ാം പേജിലെ ചതുരം കാണുക.) ദൈവം നരകത്തിൽ ആളുകളെ നിത്യം ദണ്ഡിപ്പിക്കുന്നില്ല. നരകത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നത് ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ സ്വാധീനിക്കും?
[6-ാം പേജിലെ ചതുരം]
നരകത്തിന്റെ ചരിത്രം—ഒരു ഹ്രസ്വ അവലോകനം
പുറജാതീയ വിശ്വാസങ്ങളിൽ വേരൂന്നിയത്: പുരാതന ഈജിപ്തുകാർ അഗ്നിനരകത്തിൽ വിശ്വസിച്ചിരുന്നു. ബി.സി. 1375-ലെ ദ ബുക്ക് ആംറ്റോറ്റ് “അഗ്നികുണ്ഠത്തിലേക്ക് തലകീഴായി വലിച്ചെറിയപ്പെടുന്ന”വരെക്കുറിച്ച് പറയുന്നു. “അവിടെനിന്ന് അവർക്ക് മോചനമില്ല, . . . അഗ്നിജ്വാലകളിൽനിന്ന് ഓടി രക്ഷപ്പെടാനുമാകില്ല.” ഏതാണ്ട് 1900 വർഷംമുമ്പ് ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനായ പ്ലൂട്ടാർക്ക്, കീഴെയുള്ള ലോകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിഷ്ഠുരമായ പീഡനവും നിന്ദാകരവും അസഹനീയവുമായ ശിക്ഷയും അനുഭവിക്കുന്നവരുടെ ദീനരോദനം [അവിടെനിന്ന്] ഉയർന്നു.”
യഹൂദമതവിഭാഗങ്ങളിലേക്കു വ്യാപിക്കുന്നു: “ദേഹി അമർത്യമാണെന്നും അത് എന്നേക്കും ജീവിക്കുമെന്നും” ഒരു യഹൂദമതവിഭാഗമായ ഇസിനുകൾ വിശ്വസിച്ചിരുന്നതായി ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് റിപ്പോർട്ടുചെയ്തു. “ഇതു ഗ്രീക്കുകാരുടെ ആശയത്തോടു സമാനമാണ് . . . ഒരിക്കലും ഒടുങ്ങാത്ത ശിക്ഷകൾ അനുഭവിക്കാനായി ഇരുട്ടുനിറഞ്ഞ ഭയാനകമായ ഒരു സ്ഥലത്ത് ദുഷ്ട ദേഹികൾ അടയ്ക്കപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘ക്രിസ്ത്യാനിത്വ’ത്തിലേക്ക്: എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ഉത്തരകാനോനിക ഗ്രന്ഥമായ പത്രൊസിന്റെ വെളിപ്പാട് (ഇംഗ്ലീഷ്) ദുഷ്ടന്മാരെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിത്യാഗ്നി അവർക്കായി കാത്തിരിക്കുന്നു.” അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ക്രോധദൂതനായ എസ്രീൽ, ശരീരം പാതി കത്തിക്കൊണ്ടിരിക്കുന്ന സ്ത്രീപുരുഷന്മാരെ അന്ധകാരത്തിലേക്ക്, മനുഷ്യരുടെ നരകത്തിലേക്ക് വലിച്ചെറിയുന്നു. അവിടെ ഒരു ക്രോധാത്മാവ് അവരെ ക്രൂരമായി ശിക്ഷിക്കുന്നു.” ഇതേ കാലഘട്ടത്തിൽ, എഴുത്തുകാരനായ അന്ത്യോക്യയിലെ തിയോഫിലസ് ദുഷ്ടന്മാരുടെ ശിക്ഷയെക്കുറിച്ച് ഗ്രീക്കു പ്രവാചകയായ സിബിൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞതായി രേഖപ്പെടുത്തി: “നിന്റെമേൽ കത്തുന്ന തീ ചൊരിയപ്പെടും. എന്നും നീ തീയിൽക്കിടന്ന് വെന്തുനീറും.” ഈ വാക്കുകളെ, “സത്യവും പ്രയോജനപ്രദവും ന്യായവും എല്ലാവർക്കും ഗുണകരവും” എന്നാണ് തിയോഫിലസ് വിശേഷിപ്പിച്ചത്.
മധ്യയുഗത്തിലെ രക്തച്ചൊരിച്ചിലിനു നൽകിയ ന്യായീകരണം: ഏതാണ്ട് 300 പ്രൊട്ടസ്റ്റന്റുകാരെ സ്തംഭത്തിലേറ്റി ചുട്ടെരിച്ച ഇംഗ്ലണ്ടിലെ രാജ്ഞിയായ മേരി-1 (1553-1558) ഇപ്രകാരം പ്രസ്താവിച്ചതായി പറയപ്പെടുന്നു: “പാഷണ്ഡികളുടെ ദേഹികൾ നിത്യം നരകത്തിൽ കിടന്ന് എരിയാനിരിക്കുന്നതിനാൽ അവരെ ഭൂമിയിൽവെച്ചുതന്നെ ചുട്ടെരിച്ചുകൊണ്ട് ദിവ്യപ്രതികാരം അനുകരിക്കുന്നതിലും മെച്ചമായി എനിക്കൊന്നും ചെയ്യാനില്ല.”
ഒരു സമീപകാല നിർവചനം: സമീപകാലത്തായി ചില മതവിഭാഗങ്ങൾ നരകത്തെക്കുറിച്ചുള്ള ഉപദേശത്തിന് ചില ഭേദഗതികൾ വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, 1995-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉപദേശക സമിതി ഇങ്ങനെ പറയുകയുണ്ടായി: “നരകം നിത്യദണ്ഡനമല്ല. മറിച്ച്, സമ്പൂർണ നാശത്തിൽ മാത്രം കലാശിക്കുമാറ് ദൈവത്തിന്റെ വഴികൾക്ക് ഒട്ടും നിരക്കാത്ത ഒരു ജീവിതഗതിയുടെ തിരഞ്ഞെടുക്കലാണ് അത്. ആ തിരഞ്ഞെടുപ്പ് ആത്യന്തികവും ഒരിക്കലും മാറ്റം വരുത്താനാവാത്തതുമാണ്.”
[7-ാം പേജിലെ ചതുരം/ചിത്രം]
‘തീപ്പൊയ്ക’ എന്താണ്?
പിശാചിനെ ‘തീപ്പൊയ്കയിലേക്കു തള്ളിയിടും’ എന്നും അവിടെ അവൻ “എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും” എന്നും വെളിപ്പാടു 20:10 പറയുന്നു. പിശാചിനെ എന്നെന്നേക്കും ദണ്ഡിപ്പിക്കണമെങ്കിൽ, ദൈവം അവനെ ജീവനോടെ വെച്ചേക്കേണ്ടിവരും. എന്നാൽ, ബൈബിൾ പറയുന്നത് യേശു പിശാചിനെ ‘നശിപ്പിക്കും’ എന്നാണ്. (എബ്രായർ 2:14, പി. ഒ .സി ബൈബിൾ) ഈ തീപ്പൊയ്ക ആലങ്കാരികമാണ്; അത് ‘രണ്ടാം മരണത്തെയാണ്’ കുറിക്കുന്നത്. (വെളിപ്പാടു 21:8) ഇത് ബൈബിളിൽ ആദ്യം പരാമർശിച്ചിരിക്കുന്ന മരണം, അതായത് ആദാമിന്റെ പാപം മൂലമുണ്ടായ മരണം അല്ല. ആ മരണത്തിൽനിന്ന് പുനരുത്ഥാനം മുഖാന്തരം ഒരുവന് മോചനം ലഭിച്ചേക്കാം. (1 കൊരിന്ത്യർ 15:21, 22) എന്നാൽ ‘തീപ്പൊയ്ക’ അതിലുള്ളവരെ മോചിപ്പിക്കുമെന്ന് ബൈബിൾ പറയാത്തതുകൊണ്ട്, ‘രണ്ടാം മരണം’ മറ്റൊരുതരം മരണത്തെ, നിത്യമായ മരണത്തെ ആയിരിക്കണം അർഥമാക്കുന്നത്.
‘തീപ്പൊയ്ക’യിലുള്ളവർ എന്നെന്നേക്കും ദണ്ഡനം സഹിക്കുന്നത് ഏത് അർഥത്തിലാണ്? ചില സന്ദർഭങ്ങളിൽ ‘ദണ്ഡിപ്പിക്കുക’ എന്നതിന് ആരെയെങ്കിലും ‘ബന്ധനത്തിലാക്കുക’ എന്ന് അർഥമാക്കാനാകും. ഒരിക്കൽ ഭൂതങ്ങൾ യേശുവിനെ കണ്ടപ്പോൾ ഇങ്ങനെ നിലവിളിച്ചു: “സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ [അഗാധത്തിൽ ബന്ധനത്തിലാക്കാൻ] ഇവിടെ വന്നുവോ.” (മത്തായി 8:29; ലൂക്കൊസ് 8:30, 31; NW) അതുകൊണ്ട് തീപ്പൊയ്കയിലുള്ളവർക്ക് ലഭിക്കുന്നത് നിത്യബന്ധനമാകുന്ന ‘ദണ്ഡനം’ അഥവാ “രണ്ടാം മരണം” ആണ്.