അന്ത്യം അടുത്തുവരവെ യഹോവയിൽ ആശ്രയിക്കുക
“യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.”—യെശ. 26:4.
1. ദൈവജനം ഈ ലോകത്തിലെ ജനങ്ങളിൽനിന്നു വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ?
ആരെ അല്ലെങ്കിൽ എന്തിനെ ആശ്രയിക്കണം എന്നറിയാതെ ഉഴലുകയാണ് ഇന്ന് ഈ ലോകത്തിൽ ജീവിക്കുന്ന ദശലക്ഷങ്ങൾ. ജീവിതത്തിൽ നേരിട്ട പല തിക്താനുഭവങ്ങളായിരിക്കാം അവരെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. എന്നാൽ യഹോവയുടെ ദാസന്മാരുടെ കാര്യം എത്ര വ്യത്യസ്തമാണ്! ദൈവികജ്ഞാനമാണ് അവർക്കു മാർഗദീപം. അതുകൊണ്ട് ഈ ലോകത്തെയോ അതിലെ ‘പ്രഭുക്കന്മാരെയോ’ ആശ്രയിക്കുന്നതു ഭോഷത്തമാണെന്ന് അവർക്കറിയാം. (സങ്കീ. 146:3) യഹോവ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അവന്റെ വാക്കുകൾ ഒരിക്കലും വിഫലമാകില്ലെന്നും അറിയാവുന്നതിനാൽ അവർ തങ്ങളുടെ ജീവിതവും ഭാവിയും അവന്റെ കരങ്ങളിൽ അർപ്പിക്കുന്നു.—റോമ. 3:4; 8:38, 39.
2. ദൈവം തികച്ചും ആശ്രയയോഗ്യനാണെന്ന് യോശുവ സാക്ഷ്യപ്പെടുത്തിയത് എങ്ങനെ?
2 ദൈവം തികച്ചും ആശ്രയയോഗ്യനാണെന്ന് യോശുവ സാക്ഷ്യപ്പെടുത്തുകയുണ്ടായി. തന്റെ ജീവിതാവസാനത്തോടടുത്ത് സഹ ഇസ്രായേല്യരോടായി അവൻ പറഞ്ഞു: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലെന്ന് നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിനും വീഴ്ചവന്നിട്ടില്ല.’—യോശു. 23:14.
3. ദൈവത്തിന്റെ നാമം അവനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
3 തന്റെ ദാസന്മാരോട് സ്നേഹമുള്ളതുകൊണ്ടു മാത്രമല്ല തന്റെ നാമത്തെപ്രതിയുമാണ് യഹോവ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നത്. (പുറ. 3:14; 1 ശമൂ. 12:22) ദി എംഫസൈസ്ഡ് ബൈബിളിന്റെ ആമുഖത്തിൽ ദിവ്യനാമത്തെക്കുറിച്ച് ജെ. ബി. റോഥർഹാം പറയുന്നു: “(അത്) ഉദാത്തമായ ഒരു വാഗ്ദാനമാണ്; ഉടലെടുത്തേക്കാവുന്ന ഏത് സാഹചര്യത്തിനൊത്തും ദൈവത്തിന് ഉയരാനും ഏതു പ്രതിസന്ധിയെയും തരണംചെയ്യാനും ഏത് ആവശ്യവും നിറവേറ്റാനും (കഴിയുമെന്ന് ആ നാമം ഉറപ്പുനൽകുന്നു.) . . . (അത്) ഒരു വാഗ്ദാനമാണ്, . . . ഒരു വെളിപാടാണ്, ഒരു സ്മാരകമാണ്, ഒരു പ്രതിജ്ഞയും. ദൈവം തന്റെ ഈ നാമത്തോട് എന്നും വിശ്വസ്തത പുലർത്തും; അവൻ അതേപ്രതി ഒരിക്കലും ലജ്ജിക്കില്ല.”
4. (എ) യെശയ്യാവു 26:4 നമ്മെ എന്തു ബുദ്ധിയുപദേശിക്കുന്നു? (ബി) നാം ഈ ലേഖനത്തിൽ എന്തു പരിചിന്തിക്കും?
4 സ്വയം ഒന്നു വിലയിരുത്തുക: ‘യഹോവയെ പൂർണമായി ആശ്രയിക്കാൻമാത്രം എനിക്ക് അവനെ അടുത്തറിയാമോ? സകലതും ദൈവത്തിന്റെ നിയന്ത്രണത്തിലാണ് എന്ന ഉറപ്പ് എനിക്കുണ്ടോ? ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ ആ ഉറപ്പ് എന്നെ സഹായിക്കുന്നുണ്ടോ?’ യെശയ്യാവു 26:4 പറയുന്നു: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.” ബൈബിൾക്കാലങ്ങളിൽ ചെയ്തതുപോലെ ദൈവം ഇന്ന് അത്ഭുതകരമായി ആളുകളുടെ ജീവിതത്തിൽ ഇടപെടുന്നില്ല. എന്നാൽ യഹോവ “ശാശ്വതമായോരു പാറ” ആയതിനാൽ നമുക്ക് അവനിൽ “എന്നേക്കും” ആശ്രയിക്കാം. ആശ്രയയോഗ്യനായ നമ്മുടെ ദൈവം തന്റെ വിശ്വസ്ത ആരാധകരെ ഇന്ന് എങ്ങനെയാണ് സഹായിക്കുന്നത്? മൂന്നുവിധങ്ങൾ നമുക്കു പരിചിന്തിക്കാം: പ്രലോഭനങ്ങളെ ചെറുക്കാൻ സഹായംതേടുമ്പോൾ അവൻ നമ്മെ ശക്തിപ്പെടുത്തുന്നു, നിസ്സംഗതയും എതിർപ്പും തരണംചെയ്യേണ്ടിവരുമ്പോൾ അവൻ നമുക്കു പിന്തുണയേകുന്നു, ആശങ്കകളാൽ നാം ഭാരപ്പെടുമ്പോൾ അവൻ നമ്മെ താങ്ങുന്നു. ഈ മൂന്നുകാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ യഹോവയിലുള്ള നമ്മുടെ ആശ്രയം എങ്ങനെ ശക്തിപ്പെടുത്താനാകും എന്നു ചിന്തിക്കുക.
തെറ്റുചെയ്യാനുള്ള പ്രലോഭനം നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക
5. ഏതു സാഹചര്യത്തിൽ ദൈവത്തിൽ ആശ്രയിക്കുന്നത് ബുദ്ധിമുട്ടായിരുന്നേക്കാം?
5 ഭൂമി പറുദീസയാകും, മരിച്ചവർ ഉയിർപ്പിക്കപ്പെടും എന്നിങ്ങനെ, നടന്നുകാണാൻ ആഗ്രഹിക്കുന്ന ദിവ്യവാഗ്ദാനങ്ങളിൽ വിശ്വസിക്കുക എളുപ്പമാണ്. പക്ഷേ, യഹോവയുടെ ധാർമികനിലവാരങ്ങളിൽ ആശ്രയിക്കുന്നത്, അതായത്, അവന്റെ വഴികളും നിലവാരങ്ങളുമാണ് ശരിയെന്നും നമുക്ക് യഥാർഥ സന്തോഷം നേടിത്തരുന്നത് അവയാണെന്നും ഉറച്ചുവിശ്വസിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ശലോമോൻ രാജാവ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃ. 3:5, 6) ഇവിടെ, നമ്മുടെ ‘വഴികളെയും’ ‘പാതകളെയും’ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. നമ്മുടെ ക്രിസ്തീയ പ്രത്യാശ മാത്രമല്ല നമ്മുടെ മുഴുജീവിതവും നാം യഹോവയിൽ ആശ്രയിക്കുന്നുവെന്ന് തെളിയിക്കണം എന്നല്ലേ ഇതു കാണിക്കുന്നത്? ആകട്ടെ, പ്രലോഭനങ്ങൾ നേരിടുമ്പോൾ നാം യഹോവയിൽ ആശ്രയിക്കുന്നുവെന്ന് എങ്ങനെ തെളിയിക്കാം?
6. തെറ്റായ ചിന്തകൾ ഒഴിവാക്കാനുള്ള നമ്മുടെ തീരുമാനത്തെ എങ്ങനെ ശക്തമാക്കാം?
6 നമ്മുടെ ചിന്തയെ നിയന്ത്രിക്കുകയാണ് തെറ്റിൽനിന്ന് അകന്നുമാറാനുള്ള ആദ്യപടി. (റോമർ 8:5; എഫെസ്യർ 2:3 വായിക്കുക.) തെറ്റായ കാര്യങ്ങൾ ചിന്തിക്കാതിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്താൻ എന്തു ചെയ്യണം? പിൻവരുന്ന അഞ്ചുകാര്യങ്ങൾ അതിനു സഹായിക്കും. ഒന്ന്, പ്രാർഥനയിൽ യഹോവയുടെ സഹായംതേടുക. (മത്താ. 6:9, 13) രണ്ട്, യഹോവ പറഞ്ഞതു കേൾക്കുകയും കേൾക്കാതിരിക്കുകയും ചെയ്ത ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചു ധ്യാനിക്കുക; തുടർന്ന് അവരുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നു നോക്കുക.a (1 കൊരി. 10:8-11) മൂന്ന്, നിങ്ങൾ ചെയ്യുന്ന തെറ്റ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും മാനസികമായും വൈകാരികമായും എങ്ങനെ ബാധിക്കും എന്ന് ആലോചിച്ചുനോക്കുക. നാല്, തന്റെ ദാസന്മാരിലൊരാൾ ഗുരുതരമായ ഒരു പാപം ചെയ്താൽ ദൈവത്തെ അത് എത്രമാത്രം വേദനിപ്പിക്കും എന്നു ചിന്തിക്കുക. (സങ്കീർത്തനം 78:40, 41 വായിക്കുക.) അഞ്ച്, തന്റെ ഒരു വിശ്വസ്ത ആരാധകൻ തനിച്ചായിരിക്കുമ്പോഴോ അല്ലാത്തപ്പോഴോ, തെറ്റുചെയ്യാൻ പ്രലോഭനം ഉണ്ടായിട്ടും ശരിചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്കുണ്ടാകുന്ന സന്തോഷം ഓർത്തുനോക്കുക. (സങ്കീ. 15:1, 2; സദൃ. 27:11) ഇങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ, യഹോവയിൽ ആശ്രയിക്കുന്നെന്ന് നിങ്ങൾക്കും തെളിയിക്കാനാകും.
നിസ്സംഗതയും എതിർപ്പും നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക
7. യിരെമ്യാവ് ഏതെല്ലാം പരിശോധനകൾ നേരിട്ടു, അവനെ അത് എങ്ങനെ ബാധിച്ചു?
7 പ്രവർത്തിക്കാൻ പ്രയാസമുള്ള പ്രദേശത്തു സേവിക്കുന്നവരാണ് നമ്മുടെ സഹോദരങ്ങളിൽ പലരും. അത്തരമൊരു സാഹചര്യത്തിലാണ് യിരെമ്യാപ്രവാചകൻ തന്റെ ശുശ്രൂഷ നിർവഹിച്ചത്. യെഹൂദയുടെ കലാപകലുഷിതമായ അവസാനനാളുകളിൽ അവിടെ സേവിച്ചുകൊണ്ട് യഹോവയുടെ ന്യായവിധിസന്ദേശങ്ങൾ വിശ്വസ്തമായി അറിയിച്ചുപോന്നതിനാൽ ഓരോ ദിവസവും അവന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. അവന്റെ വിശ്വസ്ത സെക്രട്ടറിയായ ബാരൂക്കുപോലും ഒരിക്കൽ മടുത്തുപോയി. (യിരെ. 45:2, 3) യിരെമ്യാവ് നിരുത്സാഹിതനായി തന്റെ നിയമനം ഉപേക്ഷിച്ചോ? അവന് ഇടയ്ക്കൊക്കെ വിഷാദം തോന്നി എന്നതു ശരിയാണ്. ഒരിക്കൽ അവൻ ഇങ്ങനെ വിലപിച്ചു: “ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; . . . കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തിൽനിന്നു പുറത്തുവന്നതു എന്തിന്?”—യിരെ. 20:14, 15, 18.
8, 9. യിരെമ്യാവു 17:7, 8-ഉം സങ്കീർത്തനം 1:1-3-ഉം പറയുന്നതനുസരിച്ച്, നല്ല ഫലം കായ്ക്കാൻ നാം എന്തു ചെയ്യണം?
8 പക്ഷേ യിരെമ്യാവ് പിന്മാറിയില്ല. യഹോവയിലുള്ള ആശ്രയം അവന് ഒരിക്കലും കൈമോശം വന്നില്ല. അതുകൊണ്ട് യിരെമ്യാവു 17:7, 8-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാക്കുകളുടെ സത്യത സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയാൻ വിശ്വസ്തനായ ഈ പ്രവാചകനു കഴിഞ്ഞു: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ളകാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.”
9 ‘വെള്ളത്തിനരികെ നട്ടിരിക്കുന്ന’ തഴച്ചുവളരുന്ന ഒരു ഫലവൃക്ഷംപോലെ യിരെമ്യാവ് ‘ഫലം കായിച്ചുകൊണ്ടേയിരുന്നു.’ ചുറ്റുമുണ്ടായിരുന്നവരുടെ പരിഹാസവചനങ്ങൾക്ക് അവൻ ചെവികൊടുത്തില്ല. ജീവജലത്തിന്റെ ഉറവിനരികെ അവൻ വേരൂന്നിനിന്നു, യഹോവ പറഞ്ഞതെല്ലാം അവൻ ഹൃദയത്തിൽ സൂക്ഷിച്ചു. (സങ്കീർത്തനം 1:1-3 വായിക്കുക; യിരെ. 20:9) യിരെമ്യാവ് നമുക്ക് എത്ര നല്ലൊരു മാതൃകയാണ്, വിശേഷിച്ചും പ്രവർത്തിക്കാൻ പ്രയാസമുള്ള പ്രദേശത്തു സേവിക്കുന്നവർക്ക്! നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ, തുടർന്നും യഹോവയിൽ പൂർണമായി ആശ്രയിക്കുക. തന്റെ “നാമത്തെ ഘോഷിക്കുന്ന”വർക്ക് അവൻ സഹിച്ചുനിൽക്കാനുള്ള ശക്തി നൽകും.—എബ്രാ. 13:15.
10. നമുക്ക് എന്ത് അനുഗ്രഹങ്ങളാണ് ദൈവം നൽകിയിരിക്കുന്നത്, നാം എന്ത് ആത്മപരിശോധന നടത്തണം?
10 ഈ അന്ത്യകാലത്തു നാം നേരിടുന്ന പ്രശ്നങ്ങൾ തരണംചെയ്യാൻ യഹോവ അനവധി സഹായങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റു കാര്യങ്ങൾക്കൊപ്പം യഹോവ തന്റെ വചനമായ സമ്പൂർണ ബൈബിൾ നൽകിയിരിക്കുന്നു. അതാകട്ടെ ഇന്ന് കൂടുതൽക്കൂടുതൽ ഭാഷകളിലേക്കു കൃത്യതയോടെ മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ സമയോചിതമായ ധാരാളം ആത്മീയ ഭക്ഷണം അവൻ ലഭ്യമാക്കുന്നു. യോഗങ്ങളിലും സമ്മേളനങ്ങളിലും നമ്മോടൊപ്പം കൂടിവരുന്ന അനേകം സഹവിശ്വാസികളുടെ പിന്തുണയും സൗഹൃദവും അവൻ നൽകുന്ന മറ്റൊരു സഹായമാണ്. ഇവയെല്ലാം നിങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താറുണ്ടോ? അങ്ങനെ ചെയ്യുന്നവരെല്ലാം “ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും.” എന്നാൽ ദൈവം പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തവർ “മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.”—യെശ. 65:13, 14.
ആശങ്കകളാൽ ഭാരപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക
11, 12. ലോകത്തിന്റെ അവസ്ഥവെച്ചുനോക്കുമ്പോൾ എന്തു ചെയ്യുന്നതാണ് ബുദ്ധി?
11 മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ മനുഷ്യരാശി ഇന്ന് പ്രശ്നങ്ങളുടെ നടുക്കടലിലാണ്. (മത്താ. 24:6-8; വെളി. 12:12) സാധാരണ, വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ആളുകൾ ഉയർന്ന പ്രദേശത്തേക്കു മാറിപ്പോകുകയോ ഉയർന്ന കെട്ടിടങ്ങളിൽ അഭയം പ്രാപിക്കുകയോ ചെയ്യാറുണ്ട്. സമാനമായി, പ്രശ്നങ്ങൾ വർധിക്കുമ്പോൾ ദശലക്ഷങ്ങൾ സംരക്ഷണത്തിനായി നോക്കുന്നത് ഈ ലോകത്തിലെ ഉയർന്ന സാമ്പത്തിക, രാഷ്ട്രീയ, മത പ്രസ്ഥാനങ്ങളിലേക്കും ശാസ്ത്ര-സാങ്കേതിക വിദ്യകളിലേക്കുമാണ്. പക്ഷേ ഇവയൊന്നും യഥാർഥ സുരക്ഷിതത്വം നൽകില്ല. (യിരെ. 17:5, 6) എന്നാൽ യഹോവയുടെ ജനം ആശ്രയിക്കുന്നത് “ശാശ്വതമായോരു പാറ”യിലായതിനാൽ അവർക്കു സംരക്ഷണം ഉറപ്പാണ്. (യെശ. 26:4) യഹോവ “തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 62:6-9 വായിക്കുക.) നമുക്ക് എങ്ങനെ ഈ “പാറ”യിൽ അഭയംപ്രാപിക്കാനാകും?
12 മാനുഷജ്ഞാനത്തിനു ചെവികൊടുക്കാതെ ദൈവവചനം പറയുന്നത് അനുസരിക്കുമ്പോൾ നാം യഹോവയോടു പറ്റിനിൽക്കുകയാണ്. (സങ്കീ. 73:23, 24) മാനുഷജ്ഞാനത്താൽ വഴിനയിക്കപ്പെടുന്നവർ ഇങ്ങനെയൊക്കെ പറഞ്ഞേക്കാം: ‘ജീവിതം ഒന്നേയുള്ളൂ, അതു പരമാവധി ആസ്വദിക്കുക;’ ‘നല്ല ശമ്പളമുള്ള ജോലി നേടുക;’ ‘ധാരാളം പണം സമ്പാദിക്കുക;’ ‘അതു വാങ്ങുക, ഇതു വാങ്ങുക;’ ‘ലോകം ചുറ്റിസഞ്ചരിക്കുക, എല്ലാം കണ്ട് ആസ്വദിക്കുക.’ എന്നാൽ, ദൈവികജ്ഞാനം നേർവിപരീതമാണ്. അതു പറയുന്നു: “ലോകത്തെ ഉപയോഗപ്പെടുത്തുന്നവർ അതിനെ മുഴുവനായി ഉപയോഗിക്കാത്തവരെപ്പോലെ . . . ഇരിക്കട്ടെ. ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നുവല്ലോ.” (1 കൊരി. 7:31) യേശുവും നമ്മെ പ്രോത്സാഹിപ്പിച്ചത് രാജ്യതാത്പര്യങ്ങൾ ഒന്നാമതുവെച്ചുകൊണ്ട് “സ്വർഗത്തിൽ നിക്ഷേപങ്ങൾ” സ്വരൂപിക്കാനാണ്. അവിടെ അത് തികച്ചും സുരക്ഷിതമായിരിക്കും.—മത്താ. 6:19, 20.
13. നാം എന്ത് ആത്മപരിശോധന നടത്തണം? (1 യോഹ. 2:15-17)
13 ദൈവത്തെ പൂർണമായി ആശ്രയിക്കുന്നു എന്നാണോ ‘ലോകത്തോടും’ ‘ലോകത്തിലുള്ളതിനോടും’ ഉള്ള നിങ്ങളുടെ മനോഭാവം തെളിയിക്കുന്നത്? (1 യോഹ. 2:15-17) ഈ ലോകം വാഗ്ദാനം ചെയ്യുന്ന എന്തിനെക്കാളും നിങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നത്, നിങ്ങൾ സ്നേഹിക്കുന്നത്, ആത്മീയ സമ്പത്തിനെയും രാജ്യവേലയിലെ അനുഗ്രഹങ്ങളെയുമാണോ? (ഫിലി. 3:8) “കണ്ണ് തെളിച്ചമുള്ള”തായി സൂക്ഷിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? (മത്താ. 6:22) ഉത്തരവാദിത്വവും പ്രായോഗികബുദ്ധിയുമില്ലാതെ പ്രവർത്തിക്കാൻ ദൈവം പറയുന്നില്ല; കുടുംബത്തിനുവേണ്ടി കരുതുകതന്നെ വേണം. (1 തിമൊ. 5:8) പക്ഷേ, അതിന് തന്റെ ദാസന്മാർ സാത്താന്റെ തകർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്തിലല്ല മറിച്ച് ‘ശാശ്വത പാറയായ’ തന്നിൽ പൂർണമായി ആശ്രയിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.—എബ്രാ. 13:5.
14-16. “കണ്ണ് തെളിച്ചമുള്ള”തായി സൂക്ഷിക്കുകയും രാജ്യതാത്പര്യങ്ങൾ ഒന്നാമതുവെക്കുകയും ചെയ്ത ചിലർക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറയുക.
14 മൂന്നുകുട്ടികളുള്ള റിച്ചാർഡിന്റെയും രൂത്തിന്റെയും കഥ കേൾക്കുക. റിച്ചാർഡ് പറയുന്നു: “ദൈവസേവനത്തിൽ എനിക്കു കൂടുതൽ ചെയ്യാനാകുമെന്ന് എന്റെ ഉള്ളിൽ തോന്നിയിരുന്നു. സാമാന്യം നല്ല ചുറ്റുപാടിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. പക്ഷേ എല്ലാം കഴിഞ്ഞ് മിച്ചമുള്ളതാണ് ഞാൻ ദൈവത്തിനു നൽകുന്നതെന്ന് എനിക്കു തോന്നി. ഞാനും രൂത്തും പ്രാർഥനാപൂർവം കാര്യങ്ങൾ വിലയിരുത്തി; ആഴ്ചയിൽ നാലുദിവസമായി ജോലി ചുരുക്കിത്തരുന്ന കാര്യം മേലുദ്യോഗസ്ഥനോടു സംസാരിക്കാൻ തീരുമാനിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു അത്. എന്റെ ആവശ്യം പരിഗണിക്കപ്പെട്ടു. ഒരുമാസത്തിനകം എന്റെ ജോലി ആഴ്ചയിൽ നാലുദിവസമായി കുറച്ചുതന്നു.” റിച്ചാർഡിന് ഇപ്പോൾ എന്തു തോന്നുന്നു?
15 “മുമ്പത്തെക്കാൾ 20 ശതമാനം കുറവാണ് ഇപ്പോൾ എന്റെ ശമ്പളം. പക്ഷേ, കുടുംബത്തോടൊപ്പം ആയിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കാനും എനിക്ക് വർഷത്തിൽ 50 ദിവസം കൂടുതൽ കിട്ടുന്നു. എന്റെ വയൽസേവന മണിക്കൂർ ഇരട്ടിയായി, ബൈബിളധ്യയനം മൂന്നുമടങ്ങായി വർധിച്ചു, സഭയെ കൂടുതൽ നന്നായി സേവിക്കാനും എനിക്കു കഴിയുന്നു. കുട്ടികളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ എനിക്കു കഴിയുന്നതിനാൽ രൂത്തിന് ഇടയ്ക്കിടയ്ക്ക് സഹായപയനിയറിങ് ചെയ്യാനാകുന്നുണ്ട്. കഴിയുന്നിടത്തോളം ഇങ്ങനെ മുന്നോട്ടു പോകണമെന്നാണ് എന്റെ തീരുമാനം.”
16 മുഴുസമയശുശ്രൂഷ തുടങ്ങുന്നതിനായി ജോലിസമയം കുറച്ച മറ്റൊരു ദമ്പതികളാണ് റോയിയും പെറ്റിനയും. മകൾ ഇപ്പോഴും അവരോടൊപ്പമാണ് താമസിക്കുന്നത്. സഹോദരൻ പറയുന്നു: “ആഴ്ചയിൽ മൂന്നുദിവസമാണ് ഞാൻ ജോലി ചെയ്യുന്നത്, പെറ്റിന രണ്ടുദിവസവും. വീട്ടുജോലികൾ കുറയ്ക്കാനായി, താമസിച്ചിരുന്ന വീട്ടിൽനിന്ന് ഒരു ചെറിയ അപ്പാർട്ടുമെന്റിലേക്കു ഞങ്ങൾ മാറി. മകനും മകളും ജനിക്കുന്നതിനുമുമ്പ് ഞങ്ങൾ പയനിയർമാരായിരുന്നു. പയനിയറിങ്ങിനോടുള്ള സ്നേഹം ഞങ്ങളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. അതുകൊണ്ട് മക്കൾ മുതിർന്നതോടെ ഞങ്ങൾ മുഴുസമയസേവനത്തിലേക്കു മടങ്ങിവന്നു. ഞങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾക്കു പകരംവെക്കാൻ പണത്തിനാവില്ല.”
“ദൈവസമാധാനം” നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളട്ടെ
17. ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും തിരുവെഴുത്തുകൾ നിങ്ങൾക്ക് സാന്ത്വനം പകർന്നിരിക്കുന്നത് എങ്ങനെ?
17 നാളെ എന്താണ് സംഭവിക്കുക എന്ന് നമുക്കാർക്കും അറിയില്ല. കാരണം “കാലവും ഗതിയും” നമ്മെയെല്ലാം ബാധിക്കുന്നു. (സഭാ. 9:11) എന്നാൽ നാളെയെക്കുറിച്ചുള്ള ഈ അനിശ്ചിതത്വം നമ്മുടെ മനസ്സമാധാനം കെടുത്തേണ്ടതില്ല. ദൈവവുമായുള്ള ഉറ്റബന്ധത്തിൽനിന്നു ലഭിക്കുന്ന സംരക്ഷണം അനുഭവിച്ചറിയാത്തവരെയാണ് അത്തരം ഉത്കണ്ഠകൾ അലട്ടുന്നത്. (മത്താ. 6:34) പൗലോസ് അപ്പൊസ്തലൻ എഴുതി: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലി. 4:6, 7.
18, 19. ദൈവം നമ്മെ എങ്ങനെയെല്ലാം ആശ്വസിപ്പിക്കുന്നു? ഉദാഹരിക്കുക.
18 പ്രതിസന്ധിഘട്ടങ്ങളിൽ നമ്മുടെ പല സഹോദരീസഹോദരന്മാർക്കും യഹോവ നൽകുന്ന മനശ്ശാന്തി അനുഭവിക്കാനായിട്ടുണ്ട്. ഒരു സഹോദരി പറഞ്ഞു: “രക്തം സ്വീകരിക്കാൻ കൂട്ടാക്കാഞ്ഞതിന് ശസ്ത്രക്രിയയ്ക്കുമുമ്പ് ഡോക്ടർ പലതും പറഞ്ഞ് എന്നെ പേടിപ്പിക്കാൻനോക്കി. ‘രക്തം സ്വീകരിക്കില്ലപോലും, എന്തൊരു അസംബന്ധമാണ് ഇതൊക്കെ!’ എന്നു പറഞ്ഞാണ് ഡോക്ടർ എന്നെ കാണാൻ വന്നത്. അപ്പോഴും മറ്റ് അവസരങ്ങളിലും യഹോവയോടു ഞാൻ മൗനമായി പ്രാർഥിച്ചു. ദൈവം എന്റെ മനസ്സ് ശാന്തമാക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. എനിക്കു ധൈര്യം ലഭിച്ചു. രക്തക്കുറവുകാരണം ശരീരത്തിനു നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും എന്റെ നിലപാടിനെക്കുറിച്ച് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ തെളിവായി സംസാരിക്കാൻ എനിക്കു കഴിഞ്ഞു.”
19 ചിലപ്പോൾ ദൈവം നമ്മെ സഹായിക്കുന്നത് സഹവിശ്വാസികളിൽ ഒരാളുടെ ആശ്വാസം പകരുന്ന വാക്കുകളിലൂടെയോ തക്കസമയത്തെ ആത്മീയ ഭക്ഷണത്തിലൂടെയോ ആയിരിക്കാം. “ഈ ലേഖനം എനിക്കുവേണ്ടി തയ്യാറാക്കിയതുപോലെ തോന്നുന്നു” എന്ന് ഒരു സഹോദരനോ സഹോദരിയോ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. നമ്മുടെ സാഹചര്യവും ആവശ്യങ്ങളും എന്തുതന്നെയായിക്കൊള്ളട്ടെ, നാം യഹോവയിൽ ആശ്രയിക്കുന്നപക്ഷം നമ്മെ സ്നേഹിക്കുന്നെന്ന് അവൻ നമുക്കു കാണിച്ചുതരും. ഒന്നുമല്ലെങ്കിലും നാം അവന്റെ “ആടുകളും” അവന്റെ നാമം വഹിക്കുന്ന ജനവുമല്ലേ!—സങ്കീ. 100:3; യോഹ. 10:16; പ്രവൃ. 15:14, 17.
20. സാത്താന്റെ ലോകം നാമാവശേഷമാകുമ്പോൾ യഹോവയുടെ ജനം നിർഭയം വസിക്കും, എന്തുകൊണ്ട്?
20 അതിശീഘ്രം വരാനിരിക്കുന്ന “യഹോവയുടെ ക്രോധദിവസത്തിൽ,” സാത്താന്റെ ലോകം ഇന്ന് ആശ്രയം അർപ്പിക്കുന്ന സകലതും തകർന്നു തരിപ്പണമാകും. പൊന്നോ വെള്ളിയോ മറ്റ് നിക്ഷേപങ്ങളോ ഒന്നും അന്ന് ഒരു സംരക്ഷണവും നൽകില്ല. (സെഫ. 1:18; സദൃ. 11:4) “ശാശ്വതമായോരു പാറ”യായ യഹോവ മാത്രമായിരിക്കും അന്ന് നമ്മുടെ ഏക അഭയസ്ഥാനം. (യെശ. 26:4) അതുകൊണ്ട് അനുസരണയോടെ യഹോവയുടെ നീതിപാതകളിൽ ചരിച്ചുകൊണ്ടും എതിർപ്പും നിസ്സംഗതയും വകവെക്കാതെ രാജ്യസന്ദേശം പ്രസംഗിച്ചുകൊണ്ടും നമ്മുടെ ആകുലതകളെല്ലാം അവനിൽ അർപ്പിച്ചുകൊണ്ടും നാം ദൈവത്തെ പൂർണമായി ആശ്രയിക്കുന്നെന്ന് തെളിയിക്കാനുള്ള സമയമാണിത്. ഇങ്ങനെയെല്ലാം ചെയ്താൽ നാം “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും,” തീർച്ച!—സദൃ. 1:33.
[അടിക്കുറിപ്പ്]
വിശദീകരിക്കാമോ?
പിൻവരുന്ന സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ദൈവത്തിൽ ആശ്രയിക്കാം:
• തെറ്റുചെയ്യാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ?
• നിസ്സംഗതയോ എതിർപ്പോ നേരിടുമ്പോൾ?
• ആകുലതകളാൽ ഭാരപ്പെടുമ്പോൾ?
[13-ാം പേജിലെ ചിത്രം]
ദൈവികനിലവാരങ്ങളോടു പറ്റിനിൽക്കുന്നതാണ് നമുക്കു നല്ലത്
[15-ാം പേജിലെ ചിത്രം]
യഹോവ “ശാശ്വതമായോരു പാറ”യാണ്