പഠനലേഖനം 51
നിങ്ങൾക്ക് യഹോവയെ എത്ര നന്നായി അറിയാം?
“അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും. യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.”—സങ്കീ. 9:10.
ഗീതം 56 സത്യം സ്വന്തമാക്കാം
പൂർവാവലോകനംa
1-2. ആഞ്ചലീറ്റോയുടെ അനുഭവം കാണിക്കുന്നതുപോലെ, നമ്മൾ ഓരോരുത്തരും എന്തു ചെയ്യണം?
കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണോ? എങ്കിൽ ഒരു കാര്യം ഓർക്കുക: മാതാപിതാക്കൾക്ക് യഹോവയുമായി ഒരു നല്ല ബന്ധമുണ്ടെന്നു കരുതി, നിങ്ങൾക്കും അതേ ബന്ധമുണ്ടായിരിക്കണമെന്നില്ല. ഇനി, നിങ്ങൾ പുതുതായി ബൈബിൾസത്യം പഠിച്ചുവരുന്ന ഒരാളാണോ? നമ്മുടെ മാതാപിതാക്കൾ സത്യത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മൾ ഓരോരുത്തരും യഹോവയുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കണം.
2 ആഞ്ചലീറ്റോ എന്ന സഹോദരന്റെ അനുഭവം നോക്കാം. ഒരു സാക്ഷിക്കുടുംബത്തിലാണ് അദ്ദേഹം വളർന്നുവന്നത്. എങ്കിലും കൗമാരപ്രായത്തിൽ ആഞ്ചലീറ്റോയ്ക്കു ദൈവത്തോട് അടുപ്പം തോന്നിയില്ല. അദ്ദേഹം പറയുന്നു: “ഞാൻ യഹോവയെ സേവിച്ചിരുന്നത് എന്റെ വീട്ടുകാർ അങ്ങനെ ചെയ്തിരുന്നതുകൊണ്ട് മാത്രമാണ്.” എന്നാൽ, ദൈവവചനം വായിക്കുന്നതിനും ധ്യാനിക്കുന്നതിനും സമയം മാറ്റിവെക്കാൻ ആഞ്ചലീറ്റോ തീരുമാനിച്ചു. അദ്ദേഹം കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കാനും തുടങ്ങി. എന്തായിരുന്നു ഫലം? ആഞ്ചലീറ്റോ പറയുന്നു: “യഹോവയെ അറിയാൻ ഞാൻ സ്വയം ശ്രമിച്ചാലേ എന്റെ പ്രിയപ്പെട്ട പിതാവായ യഹോവയോട് അടുക്കാൻ കഴിയൂ എന്ന് എനിക്കു മനസ്സിലായി.” ആഞ്ചലീറ്റോയുടെ അനുഭവം ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: യഹോവയെക്കുറിച്ച് കുറച്ചൊക്കെ അറിയാമെന്നു പറയുന്നതും യഹോവയെ നന്നായി അറിയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? നമുക്ക് എങ്ങനെ യഹോവയെ അടുത്ത് അറിയാൻ കഴിയും?
3. യഹോവയെക്കുറിച്ച് അറിയുന്നതും യഹോവയെ നന്നായി അറിയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
3 ഒരാൾക്കു ദൈവത്തിന്റെ പേര് അറിയാമായിരിക്കും, യഹോവ പറഞ്ഞ ചില കാര്യങ്ങളോ ചെയ്ത ചില കാര്യങ്ങളോ അറിയാമായിരിക്കും. അതുകൊണ്ട് അയാൾക്ക് യഹോവയെക്കുറിച്ച് അറിയാം എന്നു നമ്മൾ പറഞ്ഞേക്കാം. പക്ഷേ യഹോവയെ നന്നായി അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ അതിൽ കൂടുതൽ ചെയ്യണം. യഹോവയെയും യഹോവയുടെ മനോഹരമായ ഗുണങ്ങളെയും കുറിച്ച് പഠിക്കാൻ സമയമെടുക്കണം. അങ്ങനെയെങ്കിൽ മാത്രമേ, യഹോവ എന്തുകൊണ്ടാണ് ഒരു കാര്യം പറയുന്നത്, എന്തുകൊണ്ടാണ് ഒരു കാര്യം ചെയ്യുന്നത് എന്നു മനസ്സിലാക്കാൻ നമുക്കു കഴിയൂ. ഇത്, നമ്മുടെ ചിന്തകളും തീരുമാനങ്ങളും പ്രവൃത്തികളും യഹോവയ്ക്ക് ഇഷ്ടമാകുമോ എന്നു വിവേചിക്കാൻ സഹായിക്കും. യഹോവയ്ക്കു നമ്മളെക്കുറിച്ചുള്ള ഇഷ്ടം മനസ്സിലായാൽ, അതിനു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കണം.
4. ബൈബിളിലെ മാതൃകകൾ പരിശോധിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
4 യഹോവയെക്കുറിച്ച് പഠിക്കാൻ തുടങ്ങുമ്പോൾ ചിലയാളുകൾ നമ്മളെ കളിയാക്കിയേക്കാം. മീറ്റിങ്ങിനു പോകാൻ തുടങ്ങുമ്പോൾ അവർ നമ്മളെ കൂടുതൽ എതിർത്തേക്കാം. എങ്കിലും യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ യഹോവ നമ്മളെ ഒരിക്കലും കൈവിടില്ല. അതുവഴി, ദൈവവുമായി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദത്തിന്റെ അടിത്തറ ഇടുകയാണു നമ്മൾ. ശരിക്കും നമുക്ക് യഹോവയുടെ സുഹൃത്താകാൻ കഴിയുമോ? നമുക്ക് യഹോവയെ അത്ര അടുത്ത് അറിയാൻ കഴിയുമോ? കഴിയും. മോശ, ദാവീദ് രാജാവ് തുടങ്ങിയ അപൂർണരായ മനുഷ്യരുടെ ജീവിതം അതാണു തെളിയിക്കുന്നത്. അവരുടെ മാതൃക പരിശോധിക്കുമ്പോൾ, നമ്മൾ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: മോശയും ദാവീദ് രാജാവും എങ്ങനെയാണ് യഹോവയെ അടുത്ത് അറിഞ്ഞത്? അവരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?
മോശ ‘അദൃശ്യനായ ദൈവത്തെ കണ്ടു’
5. മോശ എന്തു തിരഞ്ഞെടുപ്പാണു നടത്തിയത്?
5 പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങൾക്കു ചേർച്ചയിൽ മോശ പ്രവർത്തിച്ചു. ‘ഫറവോന്റെ മകളുടെ മകൻ എന്ന് അറിയപ്പെടാനുള്ള’ അവസരം മോശയ്ക്കുണ്ടായിരുന്നു. എന്നാൽ അതിനു പകരം, ഏതാണ്ട് 40 വയസ്സുള്ളപ്പോൾ ദൈവജനത്തിന്റെ പക്ഷത്തായിരിക്കാനാണു മോശ തീരുമാനിച്ചത്. (എബ്രാ. 11:24) ഒരു ഉയർന്ന പദവിയാണു മോശ വേണ്ടെന്നുവെച്ചത്. ഈജിപ്തിൽ അടിമകളായിരുന്ന എബ്രായരുടെ പക്ഷം ചേർന്നതുകൊണ്ട് മോശ ഫറവോന്റെ കോപം വിളിച്ചുവരുത്തി. ഒരു ദൈവമായി കരുതപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു ഫറവോൻ. വിശ്വാസത്തിന്റെ എത്ര ശക്തമായ പ്രവൃത്തി! മോശ യഹോവയിൽ ആശ്രയിച്ചു. നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് അത്തരം ആശ്രയമാണ്.—സുഭാ. 3:5.
6. മോശയുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
6 നമുക്കുള്ള പാഠം എന്താണ്? മോശയെപ്പോലെ നമ്മൾ എല്ലാവരും ഒരു തീരുമാനം എടുക്കേണ്ടിവരും. ദൈവത്തെ സേവിക്കാനും ദൈവജനത്തിന്റെ കൂടെയായിരിക്കാനും നമ്മൾ തീരുമാനിക്കുമോ? ദൈവത്തെ സേവിക്കാൻ നമ്മൾ ത്യാഗങ്ങൾ ചെയ്യേണ്ടിവരും. യഹോവയെ അറിയാത്ത ആളുകളുടെ എതിർപ്പു നേരിടുകയും ചെയ്തേക്കാം. എന്നാൽ നമ്മുടെ സ്വർഗീയപിതാവിൽ ആശ്രയിക്കുന്നെങ്കിൽ യഹോവ നമ്മളെ സഹായിക്കും എന്ന് ഉറപ്പുണ്ടായിരിക്കാം!
7-8. മോശ തുടർന്നും എന്തു പഠിച്ചു?
7 മോശ തുടർന്നും യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിച്ചു, യഹോവയുടെ ഇഷ്ടം ചെയ്തു. എങ്ങനെയാണു മോശ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിച്ചത്? ചില ഉദാഹരണങ്ങൾ നോക്കാം. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനതയെ മോചിപ്പിക്കാൻ ദൈവം മോശയോട് ആവശ്യപ്പെട്ടപ്പോൾ അതു തന്നെക്കൊണ്ട് കഴിയുമെന്നു മോശയ്ക്കു തോന്നിയില്ല. അതിനുള്ള യോഗ്യത തനിക്കില്ലെന്നു മോശ ദൈവത്തോടു പലവട്ടം പറഞ്ഞു. പക്ഷേ ആവശ്യമായ സഹായം കൊടുത്തുകൊണ്ട് ദൈവം മോശയോട് അനുകമ്പയോടെ ഇടപെട്ടു. (പുറ. 4:10-16) അങ്ങനെ, ഫറവോന്റെ മുന്നിൽ പോയി ശക്തമായ ന്യായവിധി സന്ദേശം അറിയിക്കാൻ മോശയ്ക്കു കഴിഞ്ഞു. പിന്നീട്, ഇസ്രായേല്യരെ രക്ഷിക്കുകയും ഫറവോനെയും അയാളുടെ സൈന്യത്തെയും ചെങ്കടലിൽ നശിപ്പിക്കുകയും ചെയ്തപ്പോൾ യഹോവ ശക്തി ഉപയോഗിക്കുന്നതു മോശ കണ്ടു.—പുറ. 14:26-31; സങ്കീ. 136:15.
8 ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന സമയത്ത് അവർ പല കാര്യങ്ങൾക്കും കൂടെക്കൂടെ പരാതിപ്പെട്ടു. എന്നിട്ടും അടിമത്തത്തിൽനിന്ന് താൻ മോചിപ്പിച്ച ജനതയോട് യഹോവ വളരെ ക്ഷമയോടെ ഇടപെടുന്നതു മോശ കണ്ടു. (സങ്കീ. 78:40-43) മറ്റൊരിക്കൽ, യഹോവ എടുത്ത ഒരു തീരുമാനം മാറ്റേണമേ എന്നു മോശ അപേക്ഷിച്ചപ്പോൾ യഹോവ അങ്ങനെ ചെയ്തു. അങ്ങനെ മോശ യഹോവയുടെ താഴ്മയും കണ്ടു.—പുറ. 32:9-14.
9. എബ്രായർ 11:27 അനുസരിച്ച്, മോശയ്ക്ക് യഹോവയുമായി എത്ര അടുത്ത ബന്ധമുണ്ടായിരുന്നു?
9 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നതിനു ശേഷമുള്ള കാലത്ത് യഹോവയുമായുള്ള മോശയുടെ ബന്ധം കൂടുതൽ ശക്തമായി. സ്വർഗീയപിതാവിനെ കണ്ടാലെന്നപോലെ അത്ര ശക്തമായ ബന്ധം! (എബ്രായർ 11:27 വായിക്കുക.) അവർക്കിടയിലെ അടുപ്പം വർണിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യർ തമ്മിൽത്തമ്മിൽ സംസാരിക്കുന്നതുപോലെ യഹോവ മോശയോടു മുഖാമുഖം സംസാരിച്ചു.”—പുറ. 33:11.
10. യഹോവയെ അടുത്ത് അറിയുന്നതിന്, നമ്മൾ എന്തു ചെയ്യണം?
10 നമുക്കുള്ള പാഠം എന്താണ്? യഹോവയെ അടുത്ത് അറിയുന്നതിന്, നമ്മൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിച്ചാൽ മാത്രം പോരാ. മോശയെ അനുകരിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും വേണം. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും” ആണ് ഇക്കാലത്ത് യഹോവയുടെ ഇഷ്ടം. (1 തിമൊ. 2:3, 4) ദൈവത്തിന്റെ ആ ഇഷ്ടം ചെയ്യാനുള്ള ഒരു വിധം യഹോവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതാണ്.
11. മറ്റുള്ളവരെ യഹോവയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ, നമ്മൾ യഹോവയെ എങ്ങനെയാണ് അടുത്ത് അറിയുന്നത്?
11 മിക്കപ്പോഴും മറ്റുള്ളവരെ യഹോവയെക്കുറിച്ച് പഠിപ്പിക്കുമ്പോഴാണു നമ്മൾ യഹോവയെ കൂടുതൽ അടുത്ത് അറിയുന്നത്. ഉദാഹരണത്തിന്, ശരിയായ ഹൃദയനിലയുള്ള ആളുകളുടെ അടുത്തേക്ക് യഹോവ നമ്മളെ നയിക്കുമ്പോൾ യഹോവയുടെ അനുകമ്പ നമ്മൾ കാണുന്നു. (യോഹ. 6:44; പ്രവൃ. 13:48) നമ്മൾ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തികൾ മോശമായ ശീലങ്ങൾ ഉപേക്ഷിക്കുകയും പുതിയ വ്യക്തിത്വം ധരിക്കാൻ തുടങ്ങുകയും ചെയ്യുന്നതിന്റെ പിന്നിൽ ദൈവവചനത്തിന്റെ ശക്തിയാണു കാണുന്നത്. (കൊലോ. 3:9, 10) അതുപോലെ, തന്നെക്കുറിച്ച് പഠിക്കാനും രക്ഷ നേടാനും നമ്മുടെ പ്രദേശത്തെ ആളുകൾക്കു പലപല അവസരങ്ങൾ കൊടുക്കുന്നതു ദൈവത്തിന്റെ ക്ഷമയുടെ തെളിവല്ലേ?—റോമ. 10:13-15.
12. പുറപ്പാട് 33:13-ൽ കാണുന്നതുപോലെ, മോശ എന്തിനുവേണ്ടിയാണ് അപേക്ഷിച്ചത്, എന്തുകൊണ്ട്?
12 ‘യഹോവയുമായി ഒരു നല്ല ബന്ധമുണ്ട്, ഇനി ഒന്നും ചെയ്യേണ്ടാ’ എന്നു മോശ ചിന്തിച്ചില്ല. പകരം, യഹോവയെ കൂടുതൽ അറിയാൻ തന്നെ അനുവദിക്കേണമേ എന്നു മോശ ആദരവോടെ യഹോവയോട് അപേക്ഷിച്ചു. ദൈവത്തിന്റെ പേരിൽ അത്ഭുതങ്ങളൊക്കെ ചെയ്തതിനു ശേഷമായിരുന്നു ഇതെന്ന് ഓർക്കണം. (പുറപ്പാട് 33:13 വായിക്കുക.) ആ അപേക്ഷ നടത്തിയപ്പോൾ മോശയുടെ പ്രായം 80 കഴിഞ്ഞിരുന്നു. പക്ഷേ തന്റെ സ്വർഗീയപിതാവിനെക്കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ടെന്നു മോശയ്ക്ക് അറിയാമായിരുന്നു.
13. ദൈവവുമായുള്ള സൗഹൃദത്തിനു നമ്മൾ വില കല്പിക്കുന്നെന്നു കാണിക്കാനുള്ള ഒരു വിധം ഏതാണ്?
13 നമുക്കുള്ള പാഠം എന്താണ്? ദീർഘകാലമായി യഹോവയെ സേവിക്കുന്ന ഒരാളാണു നിങ്ങളെന്നു കരുതുക. ‘യഹോവയുമായി എനിക്ക് ഇപ്പോൾ ഒരു നല്ല ബന്ധമുണ്ട്, ഇനി ഒന്നും ചെയ്യേണ്ടാ’ എന്നു ചിന്തിക്കരുത്. ദൈവവുമായുള്ള സൗഹൃദത്തിനു നമ്മൾ വില കല്പിക്കുന്നുണ്ടെന്നു കാണിക്കാനുള്ള ഒരു വിധം, പ്രാർഥനയിൽ ദൈവത്തോടു സംസാരിക്കുന്നതാണ്.
14. ദൈവത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്?
14 ഒരാളുടെ ഉറ്റ സുഹൃത്തായിരിക്കണമെങ്കിൽ, നമ്മൾ ആ വ്യക്തിയോടു പതിവായി സംസാരിക്കണം. അതുകൊണ്ട് കൂടെക്കൂടെ പ്രാർഥിച്ചുകൊണ്ട് ദൈവത്തോട് അടുത്തുചെല്ലുക. ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ ദൈവത്തോടു പറയാൻ ഒരു മടിയും തോന്നേണ്ടതില്ല. (എഫെ. 6:18) തുർക്കിയിലെ ക്രിസ്റ്റ സഹോദരി പറയുന്നു: “എന്റെ ചിന്തകൾ ദൈവത്തോടു പറയുകയും ദൈവം എന്നെ സഹായിക്കുന്നതു കാണുകയും ചെയ്യുമ്പോൾ യഹോവയോടുള്ള എന്റെ സ്നേഹവും യഹോവയിലുള്ള ആശ്രയവും കൂടിക്കൂടി വരുന്നു. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുന്നതു കാണുന്നത്, യഹോവയെ എന്റെ പിതാവും സുഹൃത്തും ആയി കാണാൻ എന്നെ സഹായിക്കുന്നു.”
യഹോവയുടെ മനസ്സിന് ഇണങ്ങിയ ഒരാൾ
15. യഹോവ ദാവീദ് രാജാവിനെ എങ്ങനെയാണു വിശേഷിപ്പിച്ചത്?
15 ദൈവമായ യഹോവയ്ക്കു സമർപ്പിച്ച ഒരു ജനതയിലാണു ദാവീദ് രാജാവ് പിറന്നതുതന്നെ. പക്ഷേ തന്റെ കുടുംബം യഹോവയെ ആരാധിച്ചിരുന്നു എന്ന കാരണത്താലല്ല ദാവീദ് ദൈവത്തെ ആരാധിച്ചത്. ദാവീദ് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുത്തു. യഹോവയ്ക്കു ദാവീദിനോടും ഒരു പ്രത്യേകപ്രിയമുണ്ടായിരുന്നു. ‘എന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ് യഹോവ ദാവീദിനെ വിശേഷിപ്പിച്ചത്. (പ്രവൃ. 13:22) ദാവീദ് എങ്ങനെയാണ് യഹോവയോട് അത്രത്തോളം അടുത്തത്?
16. സൃഷ്ടികളിൽനിന്ന് ദാവീദ് യഹോവയെക്കുറിച്ച് എന്താണു പഠിച്ചത്?
16 ദാവീദ് സൃഷ്ടിയിൽനിന്ന് യഹോവയെക്കുറിച്ച് പഠിച്ചു. ചെറുപ്പമായിരുന്നപ്പോൾ, അപ്പന്റെ ആടുകളെ മേയ്ച്ചുകൊണ്ട് ദാവീദ് ധാരാളം സമയം വീടിനു പുറത്തായിരുന്നു. ആ സമയത്തായിരിക്കാം, യഹോവ സൃഷ്ടിച്ച കാര്യങ്ങളെക്കുറിച്ച് ദാവീദ് ധ്യാനിക്കാൻ തുടങ്ങിയത്. ഉദാഹരണത്തിന്, രാത്രിയിൽ ആകാശത്തേക്കു നോക്കിയപ്പോൾ നക്ഷത്രങ്ങളുടെ കൂട്ടം മാത്രമായിരിക്കില്ല ദാവീദ് കണ്ടത്. അവ സൃഷ്ടിച്ച ദൈവത്തിന്റെ ഗുണങ്ങളും ദാവീദ് മനസ്സിലാക്കിയിരിക്കണം. “ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു; ആകാശമണ്ഡലം ദൈവത്തിന്റെ കരവിരുതു പ്രസിദ്ധമാക്കുന്നു” എന്ന് എഴുതാൻ ദാവീദ് പ്രചോദിതനായി. (സങ്കീ. 19:1, 2) യഹോവ മനുഷ്യരെ സൃഷ്ടിച്ച വിധത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ, ദൈവത്തിന്റെ വിസ്മയാവഹമായ ജ്ഞാനം ദാവീദ് കണ്ടു. (സങ്കീ. 139:14) സൃഷ്ടികളെക്കുറിച്ച് ധ്യാനിച്ചപ്പോൾ, യഹോവയുടെ മുമ്പിൽ താൻ എത്ര ചെറുതാണെന്നു ദാവീദ് തിരിച്ചറിഞ്ഞു.—സങ്കീ. 139:6.
17. സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചാൽ നമുക്ക് എന്തു പഠിക്കാൻ കഴിയും?
17 നമുക്കുള്ള പാഠം എന്താണ്? സൃഷ്ടികൾ കണ്ട് ആസ്വദിക്കുക. യഹോവ സൃഷ്ടിച്ച ഈ മനോഹരമായ ഭൂമിയിൽ ജീവിതം വെറുതേ ജീവിച്ചുതീർക്കരുത്. പകരം അതിലെ അത്ഭുതങ്ങളിലേക്കു നിങ്ങളുടെ കണ്ണുകൾ തുറക്കുക! ഓരോ ദിവസവും നിങ്ങൾ കാണുന്ന ദൈവത്തിന്റെ സൃഷ്ടികളായ ചെടികളും മൃഗങ്ങളും മനുഷ്യരും എല്ലാം യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കുക. അങ്ങനെ ചെയ്താൽ ഓരോ ദിവസം കഴിയുമ്പോഴും യഹോവയെക്കുറിച്ച് നിങ്ങൾ കൂടുതൽ പഠിക്കും. (റോമ. 1:20) യഹോവയോടുള്ള നിങ്ങളുടെ സ്നേഹം കൂടിക്കൂടിവരുന്നതായും നിങ്ങൾ തിരിച്ചറിയും.
18. സങ്കീർത്തനം 18-ൽ കാണുന്നതുപോലെ, ഏതു കാര്യം ദാവീദ് തിരിച്ചറിഞ്ഞു?
18 യഹോവ സഹായിക്കുന്നതു ദാവീദ് തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്, ഒരിക്കൽ ഒരു സിംഹത്തിൽനിന്നും കരടിയിൽനിന്നും ദാവീദ് അപ്പന്റെ ആടുകളെ രക്ഷിച്ചു. യഹോവ തന്നെ സഹായിച്ചതുകൊണ്ടാണ് ശക്തിയുള്ള ആ മൃഗങ്ങളെ നേരിടാൻ തനിക്കു കഴിഞ്ഞതെന്നു ദാവീദ് മനസ്സിലാക്കി. പിന്നീടു ഭീമാകാരനായ ഗൊല്യാത്തിനെ തറപറ്റിച്ചപ്പോൾ, യഹോവ തന്റെകൂടെയുണ്ടെന്നു ദാവീദ് തിരിച്ചറിഞ്ഞു. (1 ശമു. 17:37) അസൂയക്കാരനായ ശൗൽ രാജാവിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, തന്നെ രക്ഷിച്ചത് യഹോവയാണെന്നു മനസ്സിലാക്കി ദാവീദ് യഹോവയ്ക്ക് ആ ബഹുമതി കൊടുത്തു. (സങ്കീ. 18, മേലെഴുത്ത്) അഹങ്കാരിയായ ഒരു മനുഷ്യനായിരുന്നെങ്കിൽ ഇതെല്ലാം സാധിച്ചതു തന്റെ കഴിവുകൊണ്ടാണെന്നു പറഞ്ഞേനേ. പക്ഷേ ദാവീദിനു താഴ്മയുണ്ടായിരുന്നു. അതുകൊണ്ട് തന്റെ ജീവിതത്തിൽ യഹോവയുടെ കൈ കാണാൻ ദാവീദിനു കഴിഞ്ഞു.—സങ്കീ. 138:6.
19. ദാവീദിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
19 നമുക്കുള്ള പാഠം എന്താണ്? നമ്മൾ യഹോവയോടു സഹായം ചോദിച്ചാൽ മാത്രം പോരാ. യഹോവ സഹായം തരുന്ന ഓരോ അവസരവും നമുക്കു കാണാൻ കഴിയണം, സഹായിക്കുന്ന വിധവും നമ്മൾ തിരിച്ചറിയണം. നമ്മുടെ പരിമിതികളെക്കുറിച്ച് നമുക്കു ബോധ്യമുണ്ടെങ്കിൽ ആ കുറവുകൾ നികത്താൻ യഹോവ നമ്മളെ എങ്ങനെയാണു സഹായിക്കുന്നതെന്നു നമുക്കു വ്യക്തമായി കാണാനാകും. ഓരോ പ്രാവശ്യവും യഹോവ നമ്മളെ സഹായിക്കുന്നതു നമ്മൾ കാണുന്നെങ്കിൽ യഹോവയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. വർഷങ്ങളായി യഹോവയെ സേവിക്കുന്ന ഫിജിയിലെ ഐസക് എന്ന സഹോദരന്റെ അനുഭവം ഇതു ശരിവെക്കുന്നു. സഹോദരൻ പറയുന്നു: “പിന്നിട്ട നാളുകളിലേക്കു നോക്കുമ്പോൾ, ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയതു മുതൽ ഈ ദിവസം വരെ യഹോവ എങ്ങനെയാണ് എന്നെ സഹായിച്ചിരിക്കുന്നതെന്ന് എനിക്കു കാണാൻ കഴിയുന്നുണ്ട്. യഹോവ ഇപ്പോൾ എനിക്ക് ഒരു യഥാർഥ വ്യക്തിയാണ്.”
20. ദാവീദിന് യഹോവയുമായുണ്ടായിരുന്ന ബന്ധത്തിൽനിന്ന് എന്തു പഠിക്കാം?
20 ദാവീദ് യഹോവയുടെ ഗുണങ്ങൾ പകർത്തി. യഹോവ നമ്മളെ സൃഷ്ടിച്ചതു തന്റെ ഗുണങ്ങൾ അനുകരിക്കാനുള്ള പ്രാപ്തിയോടെയാണ്. (ഉൽപ. 1:26) യഹോവയുടെ ഗുണങ്ങളെക്കുറിച്ച് എത്ര കൂടുതൽ മനസ്സിലാക്കുന്നോ അത്ര മെച്ചമായി നമുക്ക് യഹോവയെ അനുകരിക്കാനാകും. ദാവീദ് തന്റെ സ്വർഗീയപിതാവിനെ അടുത്ത് അറിഞ്ഞു. അതുകൊണ്ട് മറ്റുള്ളവരോട് ഇടപെട്ടപ്പോൾ, ദൈവത്തെ അനുകരിക്കാൻ ദാവീദിനു കഴിഞ്ഞു. ഒരു ഉദാഹരണം നോക്കാം. ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുകയും ബത്ത്-ശേബയുടെ ഭർത്താവിനെ കൊല്ലിക്കുകയും ചെയ്തുകൊണ്ട് ദാവീദ് യഹോവയോടു പാപം ചെയ്തിട്ടും യഹോവ ദാവീദിനോടു കരുണ കാണിച്ചു. (2 ശമു. 11:1-4, 15) എന്തുകൊണ്ട്? കാരണം, ദാവീദ് യഹോവയെ അനുകരിക്കുകയും മറ്റുള്ളവരോടു കരുണ കാണിക്കുകയും ചെയ്തിരുന്നു. യഹോവയുമായി ദാവീദിന് അത്ര അടുത്ത ബന്ധമുണ്ടായിരുന്നതുകൊണ്ട്, ദാവീദ് ഇസ്രായേലിലെ ഏറ്റവും പ്രിയങ്കരനായ ഒരു രാജാവായി. ഇസ്രായേലിലെ മറ്റു രാജാക്കന്മാരെ യഹോവ അളന്നതു ദാവീദിന്റെ മാതൃകയുമായി തട്ടിച്ചുനോക്കിയാണ്.—1 രാജാ. 15:11; 2 രാജാ. 14:1-3.
21. എഫെസ്യർ 4:24; 5:1 എന്നീ വാക്യങ്ങൾക്കു ചേർച്ചയിൽ, ‘ദൈവത്തെ അനുകരിച്ചാൽ’ അതുകൊണ്ട് എന്തു പ്രയോജനങ്ങളുണ്ട്?
21 നമുക്കുള്ള പാഠം എന്താണ്? നമ്മൾ ‘ദൈവത്തെ അനുകരിക്കണം.’ അങ്ങനെ ചെയ്യുന്നതു നമുക്കുതന്നെ പ്രയോജനം ചെയ്യുമെന്നു മാത്രമല്ല, യഹോവയെ അടുത്ത് അറിയാനും അതു സഹായിക്കും. ദൈവത്തിന്റെ ഗുണങ്ങൾ പകർത്തുമ്പോൾ, നമ്മൾ ദൈവത്തിന്റെ മക്കളാണെന്നു തെളിയിക്കുകയാണ്.—എഫെസ്യർ 4:24; 5:1 വായിക്കുക.
യഹോവയെ കൂടുതൽ അടുത്ത് അറിയുക
22-23. യഹോവയെക്കുറിച്ച് പഠിക്കുന്നതിനു ചേർച്ചയിൽ പ്രവർത്തിച്ചാൽ എന്തായിരിക്കും പ്രയോജനം?
22 നമ്മൾ കണ്ടതുപോലെ, സൃഷ്ടിയിലൂടെയും തന്റെ വചനമായ ബൈബിളിലൂടെയും യഹോവ നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ബൈബിളിൽ മോശയെയും ദാവീദിനെയും പോലെ നമുക്ക് അനുകരിക്കാൻ കഴിയുന്ന വിശ്വസ്തരായ അനേകം ദൈവദാസരുടെ ദൃഷ്ടാന്തങ്ങളുണ്ട്. യഹോവ തന്റെ ഭാഗം ചെയ്തിട്ടുണ്ട്. ഇനി നമ്മളാണു പ്രവർത്തിക്കേണ്ടത്. കണ്ണും കാതും ഹൃദയവും യഹോവയെക്കുറിച്ച് പഠിക്കുന്നതിനു നമ്മൾ തുറക്കണം.
23 യഹോവയെക്കുറിച്ച് നമ്മൾ ഒരിക്കലും പഠിച്ചുതീരില്ല. (സഭാ. 3:11) പക്ഷേ പ്രധാനപ്പെട്ട കാര്യം നമുക്ക് യഹോവയെ എത്രത്തോളം അറിയാം എന്നതല്ല, ആ അറിവുകൊണ്ട് നമ്മൾ എന്തു ചെയ്യുന്നു എന്നതാണ്. നമ്മൾ പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും യഹോവയെ അനുകരിക്കുകയും ചെയ്താൽ യഹോവ നമ്മളോടു കൂടുതൽ അടുക്കും. (യാക്കോ. 4:8) തന്നെ അന്വേഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നു തന്റെ വചനത്തിലൂടെ യഹോവ ഉറപ്പു തരുന്നു.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
a മിക്കയാളുകളും ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. പക്ഷേ യഥാർഥത്തിൽ അവർക്കു ദൈവത്തെ അറിഞ്ഞുകൂടാ. അങ്ങനെയെങ്കിൽ യഹോവയെ അറിയുക എന്നു പറഞ്ഞാൽ എന്താണ്? യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ മോശയുടെയും ദാവീദ് രാജാവിന്റെയും മാതൃക നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ ലഭിക്കും.