“നിങ്ങൾക്കൊരു നല്ല പയനിയറാകാൻ കഴിയും!”
1. പയനിയറിങ്ങിനെക്കുറിച്ച് ഒരു സഹോദരി പറഞ്ഞത് എന്താണ്?
1 “യഹോവയുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാൻ പയനിയറിങ് എന്നെ സഹായിക്കുന്നു. യഹോവയും അവന്റെ പുത്രനും നമുക്കായി ചെയ്ത സകലതിനും നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല മാർഗമായാണ് ഞാൻ അതിനെ കാണുന്നത്. സന്തുഷ്ടവും സംതൃപ്തവുമായ ജീവിതമാണ് അതെനിക്ക് സമ്മാനിച്ചത്,” മേരി എന്ന സഹോദരി പറയുന്നു. പയനിയർ സേവനത്തിൽ 42 വർഷം പിന്നിട്ടിരിക്കുന്ന ഈ സഹോദരി ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ആകട്ടെ, മുഴുസമയശുശ്രൂഷകരുടെ അനുഗ്രഹസമ്പന്നമായ ജീവിതത്തെക്കുറിച്ച് അറിവുള്ള ആരെങ്കിലും നിങ്ങളോട്, “ഒരു നല്ല പയനിയറാകാൻ നിങ്ങൾക്കു കഴിയും!” എന്ന് പറഞ്ഞിട്ടുണ്ടോ?
2. ആത്മീയ പ്രവർത്തനങ്ങൾ വളരെയധികം സംതൃപ്തി നേടിത്തരുമെന്നു പറയുന്നത് എന്തുകൊണ്ട്?
2 സംതൃപ്തിദായകമായ പ്രവർത്തനം: പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് യേശുവിന് യഥാർഥ സന്തോഷവും സംതൃപ്തിയും കൈവരുത്തി. (യോഹ. 4:34) അതുകൊണ്ട്, യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്നാണ് യഥാർഥ സംതൃപ്തി ലഭിക്കുന്നതെന്ന് തികഞ്ഞ ആത്മാർഥതയോടെ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. യഹോവയുടെ അംഗീകാരം നേടിത്തരുന്ന പ്രവർത്തനങ്ങളിൽ മുഴുകുന്നത് നമ്മുടെ ജീവിതം സംതൃപ്തമാക്കും. ഇനി, മറ്റുള്ളവരെ സഹായിക്കുന്നതിനായി നമ്മുടെ സമയവും ഊർജവും വിഭവങ്ങളുമെല്ലാം ഉപയോഗിക്കുമ്പോൾ നമ്മുടെ സന്തോഷവും അതിനനുസരിച്ച് വർധിക്കും.—പ്രവൃ. 20:31, 35.
3. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഏതെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
3 ശുശ്രൂഷയിൽ നാം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും അതിന്റെ സന്തോഷം ആസ്വദിക്കാനുമുള്ള കൂടുതൽ അവസരങ്ങൾ നമുക്കു ലഭിക്കും. ശുശ്രൂഷയിലുള്ള അനുഭവസമ്പത്തും വൈദഗ്ധ്യങ്ങളും വർധിക്കുമ്പോൾ, കാര്യമായ ഫലമൊന്നും ലഭിക്കില്ലെന്നു കരുതിയിരുന്ന പ്രദേശങ്ങളിൽപ്പോലും താത്പര്യക്കാരെ കണ്ടെത്താൻ നമുക്ക് കഴിഞ്ഞെന്നുവരും. പയനിയർ സേവനത്തിൽ ഒരു വർഷം പൂർത്തിയാക്കുന്നവർക്ക് പയനിയർ സേവന സ്കൂളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. മികച്ച പരിശീലനമാണ് പയനിയർമാർക്ക് ഈ സ്കൂളിൽനിന്നു ലഭിക്കുന്നത്. (2 തിമൊ. 2:15) സത്യത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ട് നാം സ്ഥിരോത്സാഹത്തോടെ ശുശ്രൂഷയിൽ തുടരുന്നെങ്കിൽ ഫലം ലഭിക്കുകതന്നെചെയ്യും, ഒരുപക്ഷേ അത് പിന്നീടായിരിക്കാമെങ്കിലും.—സഭാ. 11:6.
4. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാറായ ചെറുപ്പക്കാർ ഏതു കാര്യം പരിഗണിക്കണം?
4 ചെറുപ്പക്കാർ: സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാറായെങ്കിൽ നിങ്ങളിപ്പോൾ ഭാവിപരിപാടികളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടാകും. ഇതുവരെ സമയത്തിൽ ഏറിയപങ്കും നിങ്ങൾ ചെലവഴിച്ചിരുന്നത് നിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു. ഇനിയിപ്പോൾ ആ സമയം എങ്ങനെ വിനിയോഗിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഉള്ള സമയവും ഊർജവും മുഴുവൻ ഒരു ലൗകിക ജോലിക്കായി ചെലവഴിക്കുന്നതിനുപകരം ഒരു സാധാരണ പയനിയറായി പ്രവർത്തിക്കാൻ നിങ്ങൾക്കാകുമോ? അതിനെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുക. ജീവിതത്തിൽ എക്കാലവും പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ സ്വായത്തമാക്കാൻ പയനിയറിങ്ങിലൂടെ സാധിക്കും. വിവിധ തുറകളിലുള്ള ആളുകളുമായി സംസാരിക്കുക, വ്യക്തിത്വം മെച്ചപ്പെടുത്തുക, ആത്മശിക്ഷണം നേടിയെടുക്കുക, പഠിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.
5. മാതാപിതാക്കൾക്കും സഭയിലുള്ളവർക്കും പയനിയറിങ് ചെയ്യുന്നതിനെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
5 മാതാപിതാക്കളേ, മക്കളെ മുഴുസമയശുശ്രൂഷയിലേക്കു തിരിച്ചുവിടാൻ ആവശ്യമായതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ? നിങ്ങളുടെ പ്രോത്സാഹനവാക്കുകളും നല്ല മാതൃകയും രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതുവെക്കാൻ അവർക്ക് പ്രചോദനമേകും. (മത്താ. 6:33) ഹൈസ്കൂൾ കഴിഞ്ഞയുടനെ പയനിയറിങ് ആരംഭിച്ച സഞ്ജയ് പറയുന്നു: “പയനിയറിങ്, ജീവിതം ധന്യമാക്കുമെന്ന അഭിപ്രായമായിരുന്നു എന്റെ മാതാപിതാക്കൾക്ക്.” പയനിയർസേവനം ഏറ്റെടുക്കാൻ സഭയിലുള്ള എല്ലാവർക്കും വാക്കാലും പ്രവൃത്തിയാലും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനാകും. സ്പെയിനിൽനിന്നുള്ള ഹോസെ പറയുന്നു: “എന്റെ സഭ പയനിയറിങ്ങിനെ കണ്ടിരുന്നത്, യുവജനങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും മികച്ച ജീവിതഗതിയായാണ്. പയനിയർസേവനത്തെക്കുറിച്ച് സഭയിലെ സഹോദരങ്ങൾ വിലമതിപ്പോടെ പറഞ്ഞ വാക്കുകളും അതുപോലെ അവർ നൽകിയ പ്രായോഗിക സഹായവുമാണ് പയനിയറിങ് തുടങ്ങാൻ എനിക്കു പ്രേരണയായത്.”
6. പയനിയറിങ് ചെയ്യാനുള്ള ആഗ്രഹം നിങ്ങൾക്ക് ഇപ്പോഴില്ലെങ്കിൽ എന്തു ചെയ്യാനാകും?
6 തടസ്സങ്ങൾ മറികടക്കുക: പയനിയറിങ് ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന എന്തെങ്കിലുമുണ്ടോ? ‘പയനിയറിങ് ചെയ്യാനുള്ള ആഗ്രഹം എനിക്കില്ല’ എന്നായിരിക്കാം ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ പ്രാർഥനയിൽ നിങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ പകരുക. യഹോവയോട് ഇങ്ങനെ പറയാം: ‘ദൈവമേ, പയനിയറിങ് ചെയ്യാനുള്ള ആഗ്രഹം എനിക്കില്ല, പക്ഷേ അങ്ങയെ പ്രസാദിപ്പിക്കുന്നതു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.’ (സങ്കീ. 62:8; സദൃ. 23:26) എന്നിട്ട്, മാർഗനിർദേശത്തിനായി അവന്റെ വചനത്തിലേക്കും സംഘടനയിലേക്കും തിരിയുക. പല സാധാരണ പയനിയർമാരും ആദ്യം പയനിയറിങ്ങിന്റെ ‘രുചി അറിഞ്ഞത്’ സഹായപയനിയറിങ്ങിലൂടെയാണ്. സഹായപയനിയറിങ്ങിലൂടെ ലഭിച്ച സന്തോഷം മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിച്ചു.—സങ്കീ. 34:8.
7. 70 മണിക്കൂറിൽ എത്താൻ പറ്റുമോ എന്ന ആശങ്കയെ എങ്ങനെ തരണംചെയ്യാം?
7 ഇനി, മാസന്തോറും 70 മണിക്കൂറിലെത്താൻ പറ്റുമോ എന്ന ആശങ്കയാണോ പ്രതിബന്ധം സൃഷ്ടിക്കുന്നത്? എങ്കിൽ നിങ്ങളുടെ അതേ സാഹചര്യങ്ങളിലുള്ള പയനിയർമാരോട് ഇതേക്കുറിച്ചു സംസാരിക്കുക. (സദൃ. 15:22) എന്നിട്ട് പലപല സമയപ്പട്ടികകൾ തയ്യാറാക്കി നോക്കുക. പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ട് ശുശ്രൂഷയ്ക്കുവേണ്ട സമയം കണ്ടെത്തുന്നത് വിചാരിച്ചതിനെക്കാൾ എളുപ്പമാണെന്ന് അപ്പോൾ നിങ്ങൾക്കു മനസ്സിലാകും.—എഫെ. 5:15, 16.
8. ഇടയ്ക്കിടെ നമ്മുടെ സാഹചര്യങ്ങൾ പുനഃപരിശോധിക്കേണ്ടത് എന്തുകൊണ്ടാണ്?
8 സാഹചര്യങ്ങൾ ഒന്നുകൂടെ വിലയിരുത്തുക: സാഹചര്യങ്ങൾക്കു മാറ്റംവന്നെന്നുവരാം. ഇടയ്ക്കിടെ നിങ്ങളുടെ സാഹചര്യങ്ങൾ ഒന്നു പുനഃപരിശോധിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ജോലിയിൽനിന്ന് വിരമിക്കാനിരിക്കുകയാണോ? പയനിയറിങ് ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ച കൃഷ്ണൻ പറയുന്നു: “ഇങ്ങനെയൊരു തീരുമാനം എടുത്തതുകൊണ്ട് ഭാര്യയോടൊപ്പം പയനിയറിങ് തുടങ്ങാൻ എനിക്കു സാധിച്ചു. ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിച്ചുകൊണ്ട് പ്രവർത്തിക്കാനും ഇപ്പോൾ ഞങ്ങൾക്കു കഴിയുന്നു. ഇത്രയധികം ആത്മീയ അനുഗ്രഹങ്ങളും സന്തോഷവും കൈവരുത്തുന്ന മറ്റൊരു പ്രവർത്തനവും എനിക്കു കണ്ടെത്താനാകുമായിരുന്നില്ല.”
9. ദമ്പതികൾ ഏതു കാര്യം പരിഗണിക്കണം?
9 സാഹചര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയശേഷം ഒരാൾമാത്രം ജോലിക്കുപോയാൽ മതിയെന്ന് ചില ദമ്പതികൾ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജീവിതം ലളിതമാക്കേണ്ടി വന്നേക്കാം. എങ്കിലും ചെയ്യുന്ന ത്യാഗങ്ങൾ നിരവധി അനുഗ്രഹങ്ങൾ കൈവരുത്തുമെന്നതിൽ സംശയമില്ല. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ജോണിന്റെ ഭാര്യ അടുത്തയിടെ ജോലി ഉപേക്ഷിച്ചു. ജോൺ പറയുന്നത് ഇങ്ങനെയാണ്: “എന്റെ ഭാര്യ ദിവസത്തിൽ നല്ലൊരുപങ്കും ആത്മീയപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു എന്ന് ചിന്തിക്കുമ്പോഴെല്ലാം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്.”
10. പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കേണ്ടത് എന്താണ്?
10 സ്നേഹവും വിശ്വാസവും കാണിക്കാനുള്ള ഒരു മാർഗം: യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വേലയാണ് പ്രസംഗപ്രവർത്തനം. ഈ വ്യവസ്ഥിതി പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടും; യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ മാത്രമേ രക്ഷപെടുകയുള്ളൂ. (റോമ. 10:13) യഹോവയോടുള്ള ഹൃദയംഗമമായ സ്നേഹവും അവൻ നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളെപ്രതിയുള്ള നന്ദിയും, തീക്ഷ്ണതയോടെ പ്രസംഗിക്കാനുള്ള അവന്റെ പുത്രന്റെ കൽപ്പന അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കണം. (മത്താ. 28:19, 20; 1 യോഹ. 5:3) കൂടാതെ, നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന ഉത്തമവിശ്വാസം, ശേഷിച്ചിരിക്കുന്ന സമയത്ത് ഈ ലോകത്തെ മുഴുവനായി ഉപയോഗപ്പെടുത്തുന്നതിനുപകരം ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ നമുക്ക് പ്രചോദനമേകേണ്ടതാണ്.—1 കൊരി. 7:29-31.
11. നിങ്ങൾക്കൊരു നല്ല പയനിയറാകാൻ കഴിയുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ അതിനെ എങ്ങനെ കാണണം?
11 സാധാരണ പയനിയറിങ്ങിനെ, സംഘടനയുടെ ഒരു ക്രമീകരണമായി കാണുന്നതിലുപരി ദൈവത്തോടുള്ള ഭക്തി കാണിക്കാനുള്ള ഒരു മാർഗമായി കാണുക. അതുകൊണ്ട്, “നിങ്ങൾക്കൊരു നല്ല പയനിയറാകാൻ കഴിയും!” എന്ന് ഇനിയാരെങ്കിലും നിങ്ങളോട് പറഞ്ഞാൽ സന്തോഷപൂർവം ആ വാക്കുകൾ ഹൃദയത്തിലേറ്റുക. അത്യന്തം സംതൃപ്തികരമായ ഒരു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരങ്ങളോടൊപ്പം ചേരുന്നതിനെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കാൻ നിങ്ങൾക്കു കഴിയട്ടെ!
[2-ാം പേജിലെ ആകർഷക വാക്യം]
മാതാപിതാക്കളേ, മക്കളെ മുഴുസമയശുശ്രൂഷയിലേക്കു തിരിച്ചുവിടാൻ ആവശ്യമായതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ?
[3-ാം പേജിലെ ആകർഷക വാക്യം]
യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വേലയാണ് പ്രസംഗപ്രവർത്തനം.