“ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
“ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.”—സെഖ. 8:23.
1, 2. (എ) നമ്മുടെ നാളുകളിൽ എന്തു സംഭവിക്കുമെന്നാണ് യഹോവ മുൻകൂട്ടിപ്പറഞ്ഞത്? (ബി) ഈ ലേഖനം ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം തരും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
നമ്മുടെ കാലത്ത് “ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും”എന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. (സെഖ. 8:23) ഇവിടെ പറഞ്ഞിരിക്കുന്ന യെഹൂദൻ അഭിഷിക്തക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്നു. അവരെ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നും വിളിച്ചിരിക്കുന്നു. (ഗലാ. 6:16) പത്തുപേർ പ്രതീകപ്പെടുത്തുന്നത് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരെയാണ്. യഹോവ ഈ അഭിഷിക്തക്രിസ്ത്യാനികളുടെ കൂട്ടത്തെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് അവർക്ക് അറിയാം. അവരോടൊപ്പം യഹോവയെ സേവിക്കാനാകുന്നതിൽ അവർ അഭിമാനിക്കുന്നു.
2 ദൈവജനം ഏകീകൃതരായിരിക്കുമെന്ന് സെഖര്യാപ്രവാചകനെപ്പോലെ യേശുവും മുൻകൂട്ടിപ്പറഞ്ഞു. യേശു സ്വർഗീയപ്രത്യാശയുള്ളവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ ‘വേറെ ആടുകൾ’ എന്നും വിളിച്ചു. അവർ ‘ഒരു ഇടയനെ’ അനുഗമിക്കുന്ന “ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരും” എന്നും യേശു പറഞ്ഞു. (ലൂക്കോ. 12:32; യോഹ. 10:16) എന്നാൽ രണ്ടു കൂട്ടങ്ങളുള്ളതുകൊണ്ട് ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു: (1) വേറെ ആടുകൾ ഇന്നുള്ള എല്ലാ അഭിഷിക്തരുടെയും പേര് അറിയേണ്ടതുണ്ടോ? (2) അഭിഷിക്തർക്ക് തങ്ങളെക്കുറിച്ച് എന്ത് വീക്ഷണമാണുണ്ടായിരിക്കേണ്ടത്? (3) സ്മാരകവേളയിൽ നമ്മുടെ സഭയിലെ ആരെങ്കിലും അപ്പവീഞ്ഞുകൾ കഴിക്കാൻ തുടങ്ങുകയാണെങ്കിൽ ആ വ്യക്തിയോട് നമ്മൾ എങ്ങനെ ഇടപെടണം? (4) സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണം കൂടുന്നതിൽ നമ്മൾ ഉത്കണ്ഠപ്പെടണമോ? ഈ ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
ഇന്ന് അഭിഷിക്തരായിരിക്കുന്ന എല്ലാവരുടെയും പേര് നമ്മൾ അറിയേണ്ടതുണ്ടോ?
3. ആരൊക്കെയാണ് 1,44,000 പേരുടെ ഭാഗമാകാൻ പോകുന്നത് എന്ന് നമുക്ക് കൃത്യമായി അറിയാൻ സാധിക്കാത്തത് എന്തുകൊണ്ട്?
3 ഇന്നു ഭൂമിയിലുള്ള എല്ലാ അഭിഷിക്തരുടെയും പേര് വേറെ ആടുകൾ അറിയേണ്ടതുണ്ടോ? ഇല്ല. എന്തുകൊണ്ടില്ല? കാരണം ഒരു വ്യക്തിക്ക് സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെങ്കിലും അതൊരു ക്ഷണം മാത്രമാണ്, പ്രതിഫലം ലഭിക്കുമെന്നതിന്റെ അന്തിമ ഉറപ്പല്ല.[1] സാത്താന് ഇത് അറിയാം. അതുകൊണ്ട് അവൻ ‘കള്ളപ്രവാചകന്മാരെ’ ഉപയോഗിച്ച് അഭിഷിക്തരെ ‘വഴിതെറ്റിക്കാൻ’ ശ്രമിക്കുന്നു. (മത്താ. 24:24) വിശ്വസ്തരെന്നു വിധിച്ചുകൊണ്ട് യഹോവ വ്യക്തിപരമായി ഉറപ്പു കൊടുക്കുന്നതുവരെ തങ്ങളുടെ പ്രതിഫലം ലഭിക്കുന്നതു സംബന്ധിച്ച് അഭിഷിക്തർക്ക് ഉറപ്പില്ല. മരിക്കുന്നതിന് മുമ്പോ ‘മഹാകഷ്ടം’ തുടങ്ങുന്നതിനു തൊട്ടുമുമ്പോ ആണ് യഹോവ അവർക്ക് ഈ അന്തിമ അംഗീകാരം അഥവാ അന്തിമ മുദ്ര നൽകുന്നത്.—വെളി. 2:10; 7:3, 14.
4. ഭൂമിയിലുള്ള അഭിഷിക്തരുടെ എല്ലാവരുടെയും പേരുകൾ അറിയില്ലെങ്കിൽ നമുക്ക് എങ്ങനെ അവരുടെ ‘കൂടെ പോകാനാകും’?
4 ഇന്ന് ഭൂമിയിലുള്ള അഭിഷിക്തരുടെ പേര് അറിയാൻ സാധിക്കില്ലെങ്കിൽ വേറെ ആടുകൾക്ക് എങ്ങനെ അവരുടെ ‘കൂടെ പോകാൻ’ കഴിയും? പത്തുപേർ “ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു’ എന്നു പറയും” എന്നാണ് ബൈബിൾ പറയുന്നത്. ഒരു യഹൂദൻ എന്നാണ് ഇവിടെ പറയുന്നതെങ്കിലും ‘നിങ്ങൾ’ എന്ന ബഹുവചനസർവനാമം ഉപയോഗിച്ചിരിക്കുന്നതിനാൽ അത് ഒന്നിലധികം ആളുകളെ കുറിക്കുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന യഹൂദൻ ഒരു വ്യക്തിയെ അല്ല അഭിഷിക്തരുടെ ഒരു കൂട്ടത്തെയാണ് അർഥമാക്കുന്നത്. വേറെ ആടുകൾക്ക് ഇത് അറിയാം, അവർ ഈ കൂട്ടത്തോടൊപ്പം യഹോവയെ സേവിക്കുന്നു. അവർ ആ കൂട്ടത്തിലെ ഓരോരുത്തരുടെയും പേര് അറിയേണ്ടതില്ലെന്നു മാത്രമല്ല അവരെ ഓരോരുത്തരെയും അനുഗമിക്കേണ്ടതുമില്ല. വേറെ ആടുകൾ അവരെ ഒരു കൂട്ടമെന്ന നിലയിൽ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ആണ് ചെയ്യേണ്ടത്. നമ്മൾ അനുഗമിക്കേണ്ടത് നമ്മുടെ നായകനായ യേശുവിനെ മാത്രമാണെന്ന് ബൈബിൾ പറയുന്നു.—മത്താ. 23:10.
അഭിഷിക്തർ തങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കണം?
5. ഏതു മുന്നറിയിപ്പിനെക്കുറിച്ച് അഭിഷിക്തക്രിസ്ത്യാനികൾ ഗൗരവമായി ചിന്തിക്കണം, എന്തുകൊണ്ട്?
5 അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവർ 1 കൊരിന്ത്യർ 11:27-29-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്ന മുന്നറിയിപ്പിന് അടുത്ത ശ്രദ്ധ നൽകണം. ഒരു അഭിഷിക്തക്രിസ്ത്യാനി അപ്പവീഞ്ഞുകളിൽ എങ്ങനെയാണ് “അയോഗ്യമായി” പങ്കുപറ്റിയേക്കാവുന്നത്? അദ്ദേഹം യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്താതിരിക്കുകയോ യഹോവയോട് അവിശ്വസ്തനായിത്തീരുകയോ ചെയ്യുമ്പോൾ അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത് അനാദരവായിരിക്കും. (എബ്രാ. 6:4-6; 10:26-29) ഈ ശക്തമായ മുന്നറിയിപ്പ് അഭിഷിക്തർ വിശ്വസ്തരായി തുടരണം എന്നതിന്റെ ഒരു ഓർമിപ്പിക്കലാണ്. എങ്കിൽ മാത്രമേ ‘ക്രിസ്തുയേശുവിലൂടെ ദൈവം നൽകുന്ന സ്വർഗീയവിളിയാകുന്ന സമ്മാനം’ അവർക്കു ലഭിക്കുകയുള്ളൂ.—ഫിലി. 3:13-16.
6. അഭിഷിക്തക്രിസ്ത്യാനികൾ തങ്ങൾക്കു ലഭിച്ച വിളിക്ക് യോഗ്യമായിട്ടാണ് നടക്കുന്നതെന്ന് എങ്ങനെ കാണിക്കുന്നു?
6 പൗലോസ് അഭിഷിക്തക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “ആകയാൽ കർത്താവിനെപ്രതി തടവുകാരനായിരിക്കുന്ന ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമാംവിധം നടക്കുവിൻ.” അവർ ഇത് എങ്ങനെ ചെയ്യണമായിരുന്നു? പൗലോസ് വിശദീകരിക്കുന്നു: “തികഞ്ഞ വിനയവും സൗമ്യതയും ദീർഘക്ഷമയും ഉള്ളവരായി, സ്നേഹപൂർവം അന്യോന്യം ക്ഷമിക്കുകയും സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്നിക്കുകയും ചെയ്യുവിൻ.” (എഫെ. 4:1-3) പരിശുദ്ധാത്മാവ് ദൈവദാസരെ സഹായിക്കുന്നത് അഹങ്കാരമുള്ളവരായിരിക്കാനല്ല, പകരം താഴ്മയുള്ളവരായിരിക്കാനാണ്. (കൊലോ. 3:12) അതുകൊണ്ട് തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അഭിഷിക്തക്രിസ്ത്യാനികൾ ചിന്തിക്കുന്നില്ല. മറ്റ് ദൈവദാസർക്കുള്ളതിലും അധികം പരിശുദ്ധാത്മാവ് തങ്ങൾക്കുണ്ടെന്ന് അവർ വിചാരിക്കുന്നില്ല. മറ്റുള്ളവർക്ക് മനസ്സിലാകുന്നതിലും ആഴത്തിൽ തങ്ങൾക്ക് ബൈബിൾ സത്യങ്ങൾ ഗ്രഹിക്കാൻ കഴിയുമെന്നും അവർ ചിന്തിക്കുന്നില്ല. അവർ ഒരിക്കലും മറ്റൊരാളോട്, ആ വ്യക്തിയും അഭിഷിക്തനാണെന്നോ അപ്പവീഞ്ഞുകൾ കഴിക്കണമെന്നോ പറയുകയില്ല. പകരം യഹോവയാണ് സ്വർഗത്തിലേക്കുള്ള ക്ഷണം നൽകുന്നതെന്ന് അവർ താഴ്മയോടെ അംഗീകരിക്കുന്നു.
7, 8. അഭിഷിക്തക്രിസ്ത്യാനികൾ എന്തു പ്രതീക്ഷിക്കുന്നില്ല, എന്തുകൊണ്ട്?
7 സ്വർഗീയവിളി ഒരു മഹത്തായ പദവിയാണെങ്കിലും അഭിഷിക്തക്രിസ്ത്യാനികൾ മറ്റുള്ളവരിൽനിന്ന് പ്രത്യേകബഹുമതികളൊന്നും പ്രതീക്ഷിക്കുന്നില്ല. (എഫെ. 1:18, 19; ഫിലിപ്പിയർ 2:2, 3 വായിക്കുക.) മറ്റാരെയും അറിയിച്ചുകൊണ്ടല്ല യഹോവ തങ്ങളെ അഭിഷേകം ചെയ്തതെന്ന് അവർക്ക് അറിയാം. അതുകൊണ്ട് തങ്ങൾ അഭിഷിക്തരാണെന്ന വസ്തുത മറ്റുചിലർ പെട്ടെന്ന് അംഗീകരിച്ചില്ലെങ്കിലും അഭിഷിക്തർക്ക് അതിൽ അതിശയമൊന്നുമില്ല. യഥാർഥത്തിൽ, ദൈവത്തിൽനിന്നുള്ള ഒരു പ്രത്യേക നിയമനം തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നവരെ പെട്ടെന്നു വിശ്വസിക്കരുതെന്ന ബൈബിളിന്റെ മുന്നറിയിപ്പ് അവർക്ക് അറിയാം. (വെളി. 2:2) മറ്റുള്ളവർ തങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് അഭിഷിക്തർ ആഗ്രഹിക്കാത്തതുകൊണ്ട് ഒരു വ്യക്തിയെ കാണുമ്പോൾത്തന്നെ താൻ ഒരു അഭിഷിക്തനാണെന്ന കാര്യം അവർ പറയില്ല. സാധ്യതയനുസരിച്ച് അവർ ഇക്കാര്യം ആരോടും പറയില്ല. സ്വർഗത്തിൽ അവർ ചെയ്തേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് വീമ്പിളക്കുകയുമില്ല.—1 കൊരി. 1:28, 29; 1 കൊരിന്ത്യർ 4:6-8 വായിക്കുക.
8 അഭിഷിക്തക്രിസ്ത്യാനികൾ ഉന്നതമായ ഒരു ക്ലബ്ബിലെ അംഗങ്ങളെപ്പോലെ മറ്റ് അഭിഷിക്തരുമായി മാത്രമേ സമയം ചെലവഴിക്കാവൂ എന്നു ചിന്തിക്കുന്നവരല്ല. അതുപോലെ അവർ മറ്റ് അഭിഷിക്തരെ തേടിപ്പിടിച്ച് തങ്ങളുടെ സ്വർഗീയവിളിയെക്കുറിച്ച് ചർച്ച ചെയ്യാനോ അവരുമൊത്തു സ്വകാര്യ ബൈബിൾപഠന ഗ്രൂപ്പുകൾ സംഘടിപ്പിക്കാനോ ശ്രമിക്കില്ല. (ഗലാ. 1:15-17) അങ്ങനെ ചെയ്യുന്നത് ക്രിസ്തീയസഭയിൽ ഭിന്നത ഉളവാക്കും. ദൈവജനത്തിനിടയിൽ ഐക്യവും സമാധാനവും നിലനിറുത്താൻ സഹായിക്കുന്ന പരിശുദ്ധാത്മാവിനെതിരെ അവർ പ്രവർത്തിക്കുകയും ആയിരിക്കും.—റോമർ 16:17, 18 വായിക്കുക.
നിങ്ങൾ അവരോട് എങ്ങനെ ഇടപെടണം?
9. സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരോട് ഇടപെടുമ്പോൾ നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (“സ്നേഹം ‘അയോഗ്യമായി പെരുമാറുന്നില്ല’” എന്ന ചതുരം കാണുക.)
9 അഭിഷിക്തസഹോദരങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടണം? യേശു ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങളോ എല്ലാവരും സഹോദരന്മാർ.” അവൻ തുടർന്നു പറഞ്ഞു: “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” (മത്താ. 23:8-12) അതുകൊണ്ട് ഒരു വ്യക്തിക്ക് അമിതമായ ആദരവ് കൊടുക്കുന്നത് തെറ്റാണ്, ആ വ്യക്തി യേശുവിന്റെ ഒരു അഭിഷിക്തസഹോദരനാണെങ്കിൽപോലും. മൂപ്പന്മാരുടെ വിശ്വാസം അനുകരിക്കാൻ ബൈബിൾ നമ്മോടു പറയുന്നുണ്ടെങ്കിലും അവരിലാരെയും നമ്മുടെ നായകനാക്കാൻ അതു പറയുന്നില്ല. (എബ്രാ. 13:7) ചിലർ ‘ഇരട്ടി മാനത്തിന് യോഗ്യരാണെന്ന്’ ബൈബിൾ പറയുന്നുണ്ടെന്ന കാര്യം സത്യമാണ്. അത് അവർ “നന്നായി അധ്യക്ഷത വഹിക്കുന്ന”തുകൊണ്ടും “പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്ന”തുകൊണ്ടും ആണ്, അല്ലാതെ അഭിഷിക്തരായതുകൊണ്ടല്ല. (1 തിമൊ. 5:17) നമ്മൾ അഭിഷിക്തർക്ക് അമിത പ്രശംസയും ശ്രദ്ധയും കൊടുക്കുമ്പോൾ അത് അവരിൽ ജാള്യത ഉളവാക്കിയേക്കാം. ചിലപ്പോൾ, അവരിൽ അഹങ്കാരം വളർന്നുവരാനും ഇടയായേക്കാം. (റോമ. 12:3) ക്രിസ്തുവിന്റെ സഹോദരങ്ങളെ ഇടറിക്കുന്ന എന്തെങ്കിലും ചെയ്യാൻ നമ്മളാരും ആഗ്രഹിക്കുകയില്ല.—ലൂക്കോ. 17:2.
10. അഭിഷിക്തക്രിസ്ത്യാനികളെ ബഹുമാനിക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
10 യഹോവ അഭിഷേകം ചെയ്തവരെ ബഹുമാനിക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ കാണിക്കാം? അവർ എങ്ങനെയാണ് അഭിഷിക്തരായത് എന്നതുപോലുള്ള ചോദ്യങ്ങൾ അവരോട് ചോദിക്കാതിരിക്കാം. നമുക്ക് അറിയാൻ അവകാശമില്ലാത്ത വ്യക്തിപരമായ ഒരു കാര്യമാണ് അത്. (1 തെസ്സ. 4:11; 2 തെസ്സ. 3:11) അവരുടെ ഇണയോ മാതാപിതാക്കളോ മറ്റു കുടുംബാംഗങ്ങളോ, ആരെങ്കിലും അഭിഷിക്തരാണെന്നും ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം, കുടുംബപരമായി ലഭിക്കുന്ന ഒരു അവകാശമല്ല ഇത്. (1 തെസ്സ. 2:12) മറ്റുള്ളവരെ മുറിപ്പെടുത്തിയേക്കാവുന്ന ചോദ്യങ്ങൾ ചോദിക്കുന്നതും നാം ഒഴിവാക്കണം. ഉദാഹരണത്തിന്, സ്വർഗീയപ്രത്യാശയുള്ള ഒരു സഹോദരന്റെ ഭാര്യയോട്, ഭർത്താവിനെ കൂടാതെ ഭൂമിയിൽ എന്നും ജീവിക്കുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു എന്ന് നമ്മൾ ചോദിക്കില്ല. കാരണം, പുതിയലോകത്തിൽ യഹോവ ‘ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തും’ എന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ട്.—സങ്കീ. 145:16.
11. അഭിഷിക്തക്രിസ്ത്യാനികളെക്കുറിച്ച് ഉചിതമായ വീക്ഷണമുണ്ടെങ്കിൽ നമ്മൾ ഏത് അപകടം ഒഴിവാക്കും?
11 അഭിഷിക്തക്രിസ്ത്യാനികൾക്ക് പ്രത്യേക പരിഗണന നൽകാതിരിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ വലിയ ഒരു അപകടത്തിൽനിന്ന് സംരക്ഷിക്കുകയായിരിക്കും. കാരണം, ‘കള്ളസഹോദരന്മാർ’ സഭയിലേക്കു നുഴഞ്ഞുകയറും എന്ന് ബൈബിൾ പറയുന്നു. അവർ അഭിഷിക്തരാണെന്നുപോലും അവകാശപ്പെട്ടേക്കാം. (ഗലാ. 2:4, 5; 1 യോഹ. 2:19) ചിലപ്പോൾ അഭിഷിക്തരിൽ ചിലർ അവിശ്വസ്തരായിത്തീരുകയും ചെയ്തേക്കാം. (മത്താ. 25:10-12; 2 പത്രോ. 2:20, 21) മുഖസ്തുതി പറയുന്ന കെണിയിൽ നാം വീഴാതിരിക്കുന്നെങ്കിൽ അത്തരക്കാർ നിമിത്തം നമ്മൾ സത്യം വിട്ട് പോകില്ല. ദീർഘകാലം വിശ്വസ്തരായി നിന്ന വ്യക്തികൾ അവിശ്വസ്തരായിത്തീരുമ്പോൾ ഉണ്ടായേക്കാവുന്ന ഹൃദയവ്യഥയും നമ്മൾ ഒഴിവാക്കും.—യൂദാ 16.
അഭിഷിക്തരുടെ എണ്ണത്തെക്കുറിച്ച് ഉത്കണ്ഠ വേണോ?
12, 13. അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവരുടെ എണ്ണം കൂടുന്നതിൽ നമ്മൾ ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
12 മുൻവർഷങ്ങളിൽ സ്മാരകസമയത്ത് അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവരുടെ എണ്ണം കുറയുന്ന ഒരു രീതിയാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഈ അടുത്ത നാളുകളിൽ ഓരോ വർഷവും ഈ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് നമ്മൾ ഉത്കണ്ഠപ്പെടണോ? വേണ്ട. എന്തുകൊണ്ടെന്ന് നമുക്ക് നോക്കാം.
13 “യഹോവ തനിക്കുള്ളവരെ അറിയുന്നു.” (2 തിമൊ. 2:19) യഹോവയിൽനിന്ന് വ്യത്യസ്തമായി, ആർക്കാണ് യഥാർഥത്തിൽ സ്വർഗീയപ്രത്യാശയുള്ളതെന്ന് സ്മാരകസമയത്ത് അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവരുടെ എണ്ണം എടുക്കുന്നവർക്ക് തീരുമാനിക്കാനാവില്ല. ആ എണ്ണത്തിൽ, തങ്ങൾ അഭിഷിക്തരല്ലാതിരിക്കെ അങ്ങനെയാണെന്ന് ചിന്തിക്കുന്നവരും ഉൾപ്പെടുന്നുണ്ടാകാം. അങ്ങനെ പറയുന്നതിന്റെ കാരണം, മുമ്പ് അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയിരുന്നവരിൽ ചിലർ പിന്നീട് അത് നിറുത്തിയിട്ടുണ്ട്. മറ്റു ചിലർ മാനസികവും വൈകാരികവും ആയ പ്രശ്നങ്ങൾ നിമിത്തം തങ്ങൾ ക്രിസ്തുവിനോടൊപ്പം ഭരിക്കാനുള്ളവരാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ ഭൂമിയിലുള്ള അഭിഷിക്തരുടെ എണ്ണം നമുക്ക് കൃത്യമായി നിർണയിക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്.
14. മഹാകഷ്ടം തുടങ്ങുമ്പോൾ ഭൂമിയിലുള്ള അഭിഷിക്തരുടെ എണ്ണത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
14 ശേഷിക്കുന്ന അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കാനായി യേശു വരുമ്പോൾ ഭൂമിയുടെ പല ഭാഗങ്ങളിലും അഭിഷിക്തരുണ്ടായിരിക്കും. യേശു “തന്റെ ദൂതന്മാരെ മഹാകാഹളധ്വനിയോടെ അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ടവരെ അവർ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും” എന്ന് ബൈബിൾ പറയുന്നു. (മത്താ. 24:31) അവസാനനാളുകളിൽ അഭിഷിക്തരുടെ ഒരു ചെറിയ കൂട്ടം ഭൂമിയിലുണ്ടായിരിക്കും എന്നു ബൈബിൾ പറയുന്നു. (വെളി. 12:17) എന്നാൽ മഹാകഷ്ടം തുടങ്ങുമ്പോൾ അവരിൽ എത്ര പേർ ഇവിടെ ഉണ്ടായിരിക്കുമെന്ന് ബൈബിൾ പറയുന്നില്ല.
15, 16. യഹോവ തിരഞ്ഞെടുത്ത 1,44,000 പേരെക്കുറിച്ച് നമ്മൾ എന്ത് മനസ്സിൽപ്പിടിക്കണം?
15 അഭിഷിക്തരെ എപ്പോൾ തിരഞ്ഞെടുക്കണമെന്ന് യഹോവയാണ് തീരുമാനിക്കുന്നത്. (റോമ. 8:28-30) യേശു പുനരുത്ഥാനം പ്രാപിച്ചതിനു ശേഷമാണ് യഹോവ അഭിഷിക്തരെ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. സാധ്യതയനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്ത്യാനികളും അഭിഷിക്തരായിരുന്നു. എന്നാൽ, ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അന്ത്യനാളുകളുടെ തുടക്കംവരെ ക്രിസ്തുവിനെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെട്ട ഭൂരിപക്ഷം പേരും വ്യാജക്രിസ്ത്യാനികളായിരുന്നു. യേശു അവരെ ‘കളകളോടാണ്’ ഉപമിച്ചത്. എങ്കിലും സത്യക്രിസ്ത്യാനികളായിരുന്ന ചിലരെ ആ കാലയളവിലും യഹോവ അഭിഷേകം ചെയ്തിട്ടുണ്ട്. കളകളുടെ ഇടയിൽ വളരുമെന്ന് യേശു പറഞ്ഞ ഗോതമ്പുതുല്യരായിരുന്നു ഇവർ. (മത്താ. 13:24-30) ഈ അന്ത്യനാളുകളിൽ 1,44,000 പേരിൽ ശേഷിക്കുന്നവരെ യഹോവ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു.[2] അതുകൊണ്ട് അന്ത്യം വരുന്നതിനു തൊട്ടുമുമ്പ് ചിലരെ തിരഞ്ഞെടുക്കാൻ ദൈവം തീരുമാനിക്കുന്നെങ്കിൽ, അവന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യാൻ നമ്മളാരാണ്? നമ്മളാരുമല്ല. (യെശ. 45:9; ദാനീ. 4:35; റോമർ 9:11, 16 വായിക്കുക.)[3] യേശുവിന്റെ ഉപമയിലെ, അവസാനമണിക്കൂറിൽ ജോലി ചെയ്തവരോട് യജമാനൻ ഇടപെട്ട വിധത്തെക്കുറിച്ച് പരാതിപ്പെട്ട ജോലിക്കാരെപ്പോലെ ആകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.—മത്തായി 20:8-15 വായിക്കുക.
16 സ്വർഗീയപ്രത്യാശയുള്ള എല്ലാവരും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ഭാഗമല്ല. (മത്താ. 24:45-47) ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഇന്നും, ചുരുക്കം പേരെ ഉപയോഗിച്ചുകൊണ്ടാണ് യഹോവയും യേശുവും അനേകരെ പഠിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നത്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതാൻ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ചില അഭിഷിക്തക്രിസ്ത്യാനികളെ മാത്രമാണ് ഉപയോഗിച്ചത്. സമാനമായി ഇന്നും ദൈവജനത്തിന് “തക്കസമയത്തെ ഭക്ഷണം” കൊടുക്കാനുള്ള ഉത്തരവാദിത്വം ചുരുക്കം ചില അഭിഷിക്തക്രിസ്ത്യാനികളെ മാത്രമാണ് ഭരമേൽപ്പിച്ചിരിക്കുന്നത്.
17. ഈ ലേഖനത്തിൽനിന്ന് നമ്മൾ എന്താണ് പഠിച്ചത്?
17 ഈ ലേഖനത്തിൽനിന്ന് നമ്മൾ എന്താണ് പഠിച്ചത്? യഹോവ പ്രതീകാത്മക ‘യെഹൂദന്’ അഥവാ അഭിഷിക്തർക്ക് സ്വർഗീയജീവനും, ‘പത്തുപേർക്ക്’ അഥവാ ഭൗമികപ്രത്യാശയുള്ളവർക്ക് ഭൂമിയിലെ നിത്യജീവനും കരുതിവെച്ചിരിക്കുന്നു. എന്നാൽ ഈ രണ്ടു കൂട്ടങ്ങളിൽനിന്നും വിശ്വസ്തതയുടെ ഒരേ നിലവാരമാണ് യഹോവ പ്രതീക്ഷിക്കുന്നത്. ഇരുകൂട്ടരും താഴ്മയുള്ളവരായി തുടരണം. അവർക്ക് തമ്മിൽ ഐക്യമുണ്ടായിരിക്കണം. അവർ സഭയിൽ സമാധാനമുണ്ടാക്കുന്നവരായിരിക്കണം. അങ്ങനെ ഈ അവസാനനാളുകൾ തീരാൻ പോകവെ, ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ ഒറ്റ ആട്ടിൻകൂട്ടമായി സേവിക്കാൻ നമുക്കെല്ലാവർക്കും ഉറച്ച തീരുമാനം എടുക്കാം.
^ [1] (ഖണ്ഡിക 3) സങ്കീർത്തനം 87:5, 6 പറയുന്നതനുസരിച്ച് സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കുന്നവരുടെ പേരുകൾ യഹോവ ഭാവിയിൽ വെളിപ്പെടുത്തിയേക്കാം.—റോമ. 8:19.
^ [2] (ഖണ്ഡിക 15) ഒരു വ്യക്തിയെ അഭിഷിക്തനായി തിരഞ്ഞെടുക്കുന്നതിൽ യേശു ഉൾപ്പെടുന്നുണ്ടെന്ന് പ്രവൃത്തികൾ 2:33 കാണിക്കുന്നു. എന്നാൽ യഥാർഥത്തിൽ യഹോവയാണ് അഭിഷിക്തരെ തിരഞ്ഞെടുക്കുന്നത്.
^ [3] (ഖണ്ഡിക 15) കൂടുതൽ വിവരങ്ങൾക്കായി, 2007 മെയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-31 പേജുകളിലെ വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ കാണുക.