യോഹന്നാൻ എഴുതിയത്
10 “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ വേറെ വഴിക്കു കയറുന്നയാൾ കള്ളനും കവർച്ചക്കാരനും ആണ്.+ 2 വാതിലിലൂടെ കടക്കുന്നയാളാണ് ആടുകളുടെ ഇടയൻ.+ 3 വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു.+ ആടുകൾ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു.+ അയാൾ തന്റെ ആടുകളെ പേരെടുത്ത് വിളിച്ച് പുറത്തേക്കു കൊണ്ടുപോകുന്നു. 4 തന്റെ ആടുകളെയെല്ലാം പുറത്ത് ഇറക്കിയിട്ട് അയാൾ മുമ്പേ നടക്കുന്നു. അയാളുടെ ശബ്ദം പരിചയമുള്ളതുകൊണ്ട് ആടുകൾ അയാളെ അനുഗമിക്കുന്നു. 5 ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കില്ല. അവ അയാളുടെ അടുത്തുനിന്ന് ഓടിപ്പോകും. കാരണം അപരിചിതരുടെ ശബ്ദം അവയ്ക്കു പരിചയമില്ല.”+ 6 യേശു ഈ ഉപമ അവരോടു പറഞ്ഞെങ്കിലും അതിന്റെ അർഥം അവർക്കു മനസ്സിലായില്ല.
7 അതുകൊണ്ട് യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാനാണ്.+ 8 ഞാനാണെന്ന മട്ടിൽ വന്നവരൊക്കെ കള്ളന്മാരും കവർച്ചക്കാരും ആണ്. ആടുകൾ എന്തായാലും അവർക്കു ശ്രദ്ധ കൊടുത്തില്ല. 9 വാതിൽ ഞാനാണ്. എന്നിലൂടെ കടക്കുന്ന ഏതൊരാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത് കടക്കുകയും പുറത്ത് പോകുകയും മേച്ചിൽപ്പുറം കണ്ടെത്തുകയും ചെയ്യും.+ 10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും മാത്രമാണു കള്ളൻ വരുന്നത്.+ എന്നാൽ ഞാൻ വന്നത് അവർക്കു ജീവൻ കിട്ടേണ്ടതിനാണ്, അതു സമൃദ്ധമായി കിട്ടേണ്ടതിന്. 11 ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു.+ 12 നേരെ മറിച്ച് ഇടയനോ ആടുകളുടെ ഉടമസ്ഥനോ അല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിക്കളയുന്നു. ചെന്നായ് വന്ന് ആടുകളെ ചിതറിച്ചുകളയുകയും അവയെ പിടിക്കുകയും ചെയ്യുന്നു. 13 കൂലിക്കു വിളിച്ച ആളായതുകൊണ്ട് അയാൾക്ക് ആടുകളെക്കുറിച്ച് ചിന്തയില്ലല്ലോ. 14 ഞാനാണു നല്ല ഇടയൻ. എനിക്ക് എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക് എന്നെയും.+ 15 പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെയാണ് അത്.+ ഞാൻ ആടുകൾക്കുവേണ്ടി എന്റെ ജീവൻ കൊടുക്കുന്നു.+
16 “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്.+ അവയെയും ഞാൻ അകത്ത് കൊണ്ടുവരേണ്ടതാണ്. അവയും എന്റെ ശബ്ദം കേട്ടനുസരിക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂട്ടമാകും, അവർക്കെല്ലാവർക്കും ഇടയനും ഒന്ന്.+ 17 ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്+ പിതാവ് എന്നെ സ്നേഹിക്കുന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാനാണു ഞാൻ അതു കൊടുക്കുന്നത്. 18 ആരും അത് എന്നിൽനിന്ന് പിടിച്ചുവാങ്ങുന്നതല്ല, എനിക്കുതന്നെ തോന്നിയിട്ട് കൊടുക്കുന്നതാണ്. ജീവൻ കൊടുക്കാനും വീണ്ടും ജീവൻ നേടാനും എനിക്ക് അധികാരമുണ്ട്.+ എന്റെ പിതാവാണ് ഇത് എന്നോടു കല്പിച്ചിരിക്കുന്നത്.”
19 ഈ വാക്കുകൾ കേട്ടിട്ട് ജൂതന്മാർക്കിടയിൽ വീണ്ടും ഭിന്നിപ്പുണ്ടായി.+ 20 അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധിച്ചിരിക്കുന്നു! ഇവനു ഭ്രാന്താണ്!+ എന്തിനാണ് ഇവൻ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നത്?” 21 എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളുടെ വാക്കുകളല്ല. ഒരു ഭൂതത്തിന് അന്ധന്മാരുടെ കണ്ണു തുറക്കാൻ പറ്റുമോ?”
22 യരുശലേമിൽ അതു സമർപ്പണോത്സവത്തിന്റെ സമയമായിരുന്നു. അതൊരു തണുപ്പുകാലമായിരുന്നു. 23 യേശു ദേവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിലൂടെ+ നടക്കുമ്പോൾ 24 ജൂതന്മാർ വന്ന് യേശുവിന്റെ ചുറ്റും കൂടി ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തിരിക്കണം? താങ്കൾ ക്രിസ്തുവാണെങ്കിൽ അതു തുറന്നുപറയൂ.” 25 യേശു പറഞ്ഞു: “ഞാൻ പറഞ്ഞിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എന്നെക്കുറിച്ച് സാക്ഷി പറയുന്നു.+ 26 എന്നാൽ നിങ്ങൾക്കു വിശ്വാസംവരുന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27 എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനുസരിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.+ 28 ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു.+ അവ ഒരുനാളും നശിച്ചുപോകില്ല. ആരും അവയെ എന്റെ കൈയിൽനിന്ന് തട്ടിയെടുക്കുകയുമില്ല.+ 29 മറ്റ് എന്തിനെക്കാളും വിലപ്പെട്ടതാണ് എന്റെ പിതാവ് എനിക്കു തന്നിരിക്കുന്നത്. പിതാവിന്റെ കൈയിൽനിന്ന് അവയെ തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.+ 30 ഞാനും പിതാവും ഒന്നാണ്.”+
31 ജൂതന്മാർ വീണ്ടും യേശുവിനെ എറിയാൻ കല്ല് എടുത്തു.+ 32 യേശു അവരോടു പറഞ്ഞു: “പിതാവിൽനിന്നുള്ള കുറെ നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു. അവയിൽ ഏതിന്റെ പേരിലാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?” 33 അവർ പറഞ്ഞു: “നല്ല പ്രവൃത്തിയുടെ പേരിലല്ല, ദൈവനിന്ദ പറഞ്ഞതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.+ വെറുമൊരു മനുഷ്യനായ നീ നിന്നെത്തന്നെ ദൈവമാക്കുകയല്ലേ?” 34 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘“നിങ്ങൾ ദൈവങ്ങളാണ്”+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ* ‘ദൈവങ്ങൾ’+ എന്നാണല്ലോ ദൈവം വിളിച്ചത്—തിരുവെഴുത്തിനു മാറ്റം വരില്ലല്ലോ— 36 അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തേക്ക് അയച്ച എന്നോട്,* ‘നീ ദൈവനിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്? അതും ‘ഞാൻ ദൈവപുത്രനാണ്’+ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ. 37 ഞാൻ ചെയ്യുന്നത് എന്റെ പിതാവിന്റെ പ്രവൃത്തികളല്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. 38 എന്നാൽ ഞാൻ പിതാവിന്റെ പ്രവൃത്തികളാണു ചെയ്യുന്നതെങ്കിൽ എന്നെ വിശ്വസിച്ചില്ലെങ്കിലും, ആ പ്രവൃത്തികൾ വിശ്വസിക്കുക.+ എങ്കിൽ, പിതാവ് എന്നോടും ഞാൻ പിതാവിനോടും യോജിപ്പിലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക് അതു കൂടുതൽ വ്യക്തമാകുകയും ചെയ്യും.”+ 39 അപ്പോൾ അവർ വീണ്ടും യേശുവിനെ പിടിക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടികൊടുക്കാതെ അവിടെനിന്ന് രക്ഷപ്പെട്ടു.+
40 യേശു വീണ്ടും യോർദാന് അക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത്+ ചെന്ന് അവിടെ താമസിച്ചു. 41 ധാരാളം പേർ യേശുവിന്റെ അടുത്ത് വന്നു. അവർ പറഞ്ഞു: “യോഹന്നാൻ അടയാളമൊന്നും കാണിച്ചില്ല. പക്ഷേ ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞതു മുഴുവൻ സത്യമാണ്.”+ 42 അവിടെവെച്ച് അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു.