പഠനലേഖനം 22
നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കേണ്ട ജ്ഞാനം
“യഹോവയാണു ജ്ഞാനം നൽകുന്നത്.”—സുഭാ. 2:6.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
ചുരുക്കംa
1. ദൈവത്തിൽനിന്നുള്ള ജ്ഞാനം നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 4:7)
ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവന്നപ്പോൾ തീർച്ചയായും ജ്ഞാനത്തിനുവേണ്ടി നിങ്ങൾ പ്രാർഥിച്ചുകാണും. കാരണം അതു വളരെ ആവശ്യമാണെന്നു നിങ്ങൾക്ക് അറിയാമായിരുന്നു. (യാക്കോ. 1:5) ശലോമോൻ രാജാവ് എഴുതി: “ജ്ഞാനമാണ് ഏറ്റവും പ്രധാനം.” (സുഭാഷിതങ്ങൾ 4:7 വായിക്കുക.) എന്നാൽ ഏതെങ്കിലും ജ്ഞാനത്തെക്കുറിച്ചല്ല ശലോമോൻ ഇവിടെ പറഞ്ഞതെന്ന് ഉറപ്പാണ്. യഹോവയിൽനിന്നുള്ള ജ്ഞാനമാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചത്. (സുഭാ. 2:6) എന്നാൽ ഇന്നു നമുക്കുള്ള പ്രശ്നങ്ങളെ നേരിടാൻ ആ ജ്ഞാനം ഉപകരിക്കുമോ? തീർച്ചയായും. അത് എങ്ങനെയാണെന്ന് ഈ ലേഖനത്തിലൂടെ നമ്മൾ കാണും.
2. ശരിയായ ജ്ഞാനം നേടാനുള്ള ഒരു വഴി ഏതാണ്?
2 ശരിയായ ജ്ഞാനം നേടാൻ നമുക്ക് എങ്ങനെ കഴിയും? അതിനുള്ള ഒരു വഴി, ജ്ഞാനികളായിരുന്ന രണ്ടു പേരുടെ ഉപദേശങ്ങൾ പഠിച്ച് അതിനു ചേർച്ചയിൽ പ്രവർത്തിക്കുക എന്നതാണ്. ഒരാൾ ശലോമോനാണ്. ബൈബിൾ പറയുന്നു: “ദൈവം ശലോമോന് അളവറ്റ ജ്ഞാനവും വകതിരിവും . . . കൊടുത്തു.” (1 രാജാ. 4:29) രണ്ടാമത്തെ ആൾ, ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ ജ്ഞാനിയായ യേശുവാണ്. (മത്താ. 12:42) യേശുവിനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “യഹോവയുടെ ആത്മാവ് അവന്റെ മേൽ വസിക്കും, ജ്ഞാനത്തിന്റെയും ഗ്രാഹ്യത്തിന്റെയും ആത്മാവ്.”—യശ. 11:2.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 ദൈവത്തിൽനിന്നുള്ള ജ്ഞാനം ഉപയോഗിച്ച് ശലോമോനും യേശുവും നമുക്കെല്ലാം പ്രയോജനം ചെയ്യുന്ന ചില ഉപദേശങ്ങൾ നൽകി. അവയിൽ മൂന്നെണ്ണം ഈ ലേഖനത്തിൽ നമ്മൾ കാണും. പണത്തെയും ജോലിയെയും നമ്മളെക്കുറിച്ചുതന്നെയും ശരിയായ മനോഭാവമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടെന്ന് അതിലൂടെ നമ്മൾ മനസ്സിലാക്കും.
പണത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്
4. ശലോമോന്റെയും യേശുവിന്റെയും സാമ്പത്തികസ്ഥിതിയിൽ എന്തു വ്യത്യാസം കാണാം?
4 ശലോമോൻ രാജാവ് വളരെ സമ്പന്നനും എല്ലാവിധ സുഖസൗകര്യങ്ങളോടുംകൂടെ ജീവിച്ചവനും ആയിരുന്നു. (1 രാജാ. 10:7, 14, 15) യേശുവിനാകട്ടെ, അധികം വസ്തുവകകളോ സ്വന്തമായി ഒരു വീടോ ഉണ്ടായിരുന്നില്ല. (മത്താ. 8:20) എന്നാൽ വസ്തുവകകളുടെ കാര്യത്തിൽ രണ്ടു പേർക്കും ശരിയായ ഒരു മനോഭാവമുണ്ടായിരുന്നു. കാരണം അവരുടെ ജ്ഞാനം യഹോവയിൽനിന്നുള്ളതായിരുന്നു.
5. പണത്തെക്കുറിച്ച് ശലോമോനു ശരിയായ ഏതു കാഴ്ചപ്പാടുണ്ടായിരുന്നു?
5 പണം ഒരു “സംരക്ഷണമാണ്” എന്നു ശലോമോൻ പറഞ്ഞു. (സഭാ. 7:12) പണമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട ആവശ്യങ്ങളും ചില ആഗ്രഹങ്ങൾപോലും നടത്താനാകും. എന്നാൽ ശലോമോന് ഒരുപാടു പണമുണ്ടായിരുന്നെങ്കിലും അതിനെക്കാൾ പ്രധാനപ്പെട്ട ചിലതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്, “സത്പേര് നേടുന്നതു സമ്പത്തിനെക്കാൾ പ്രധാനം” എന്ന് അദ്ദേഹം എഴുതി. (സുഭാ. 22:1) അതുപോലെ പണത്തെ സ്നേഹിക്കുന്നവർ പൊതുവേ തങ്ങൾക്കുള്ളതിൽ അത്ര സന്തോഷമുള്ളവരല്ലെന്നും ശലോമോൻ തിരിച്ചറിഞ്ഞു. (സഭാ. 5:10, 12) ഇനി, നമ്മുടെ കൈയിലുള്ള പണം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്നുള്ളതുകൊണ്ട് അതാണു ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു ചിന്തിക്കരുതെന്നും ശലോമോൻ മുന്നറിയിപ്പു നൽകി.—സുഭാ. 23:4, 5.
6. വസ്തുവകകളെക്കുറിച്ച് യേശുവിനു ശരിയായ ഏതു കാഴ്ചപ്പാടുണ്ടായിരുന്നു? (മത്തായി 6:31-33)
6 വസ്തുവകകളെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാട് യേശുവിനുമുണ്ടായിരുന്നു. യേശു ഭക്ഷണപാനീയങ്ങൾ ആസ്വദിച്ചിരുന്നു. (ലൂക്കോ. 19:2, 6, 7) ഒരവസരത്തിൽ യേശു മേത്തരം വീഞ്ഞ് ഉണ്ടാക്കുകപോലും ചെയ്തു. യേശുവിന്റെ ആദ്യത്തെ അത്ഭുതമായിരുന്നു അത്. (യോഹ. 2:10, 11) ഇനി, തന്റെ മരണദിവസം യേശു ധരിച്ചിരുന്നതു വളരെ വിലകൂടിയ ഒരു വസ്ത്രമായിരുന്നു. (യോഹ. 19:23, 24) എന്നാൽ വസ്തുവകകളാണു ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു യേശു ഒരിക്കലും ചിന്തിച്ചില്ല. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. . . . നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” (മത്താ. 6:24) നമ്മൾ ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ നമുക്ക് ആവശ്യമുള്ളതെല്ലാം യഹോവ തരുമെന്നും യേശു പഠിപ്പിച്ചു.—മത്തായി 6:31-33 വായിക്കുക.
7. പണത്തെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നത് ഒരു സഹോദരന് എങ്ങനെ പ്രയോജനം ചെയ്തു?
7 പണത്തോടുള്ള ബന്ധത്തിൽ യഹോവ ജ്ഞാനത്തോടെ നൽകിയ ഉപദേശം അനുസരിച്ചതു പല സഹോദരങ്ങൾക്കും പ്രയോജനം ചെയ്തു. ഉദാഹരണത്തിന്, ഒറ്റയ്ക്കുള്ള ഡാനിയേൽ സഹോദരന്റെ കാര്യംതന്നെ എടുക്കാം. “യഹോവയുടെ സേവനത്തിനായിരിക്കും എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമെന്നു ചെറുപ്പത്തിൽത്തന്നെ ഞാൻ തീരുമാനിച്ചിരുന്നു.” ജീവിതം ലളിതമാക്കി നിറുത്തിയതുകൊണ്ട് ഡാനിയേലിനു തന്റെ സമയവും കഴിവുകളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ബഥേൽ സേവനത്തിലും ഉപയോഗിക്കാനായി. ഡാനിയേൽ ഇങ്ങനെയും പറയുന്നു: “ഞാൻ അങ്ങനെ ഒരു തീരുമാനമെടുത്തതിൽ എനിക്ക് ഒരു സങ്കടവുമില്ല. ജീവിതത്തിൽ പണത്തിനു പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എനിക്ക് ഒരുപാടു പണമുണ്ടാക്കാൻ കഴിയുമായിരുന്നു എന്നതു ശരിയാണ്. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇപ്പോഴുള്ള കൂട്ടുകാരൊന്നും കാണില്ലായിരുന്നു. ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതുകൊണ്ടുള്ള ആ സന്തോഷവും സംതൃപ്തിയും എനിക്കു കിട്ടില്ലായിരുന്നു. ശരിക്കും എത്ര പണമുണ്ടെങ്കിലും കിട്ടാത്തത്ര അനുഗ്രഹങ്ങളാണ് യഹോവ ഇപ്പോൾ എനിക്കു തന്നിരിക്കുന്നത്.” അതുകൊണ്ട് ഓർക്കുക: പണത്തിനല്ല, ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ ഉറപ്പായും നമുക്ക് അതിന്റെ പ്രയോജനമുണ്ടാകും.
ജോലിയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്
8. ജോലിയെക്കുറിച്ച് ശലോമോനു ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം? (സഭാപ്രസംഗകൻ 5:18, 19)
8 കഠിനാധ്വാനം ചെയ്യുമ്പോൾ നമുക്കു കിട്ടുന്ന സന്തോഷത്തെ ‘ദൈവത്തിന്റെ ദാനം’ എന്നാണു ശലോമോൻ വിളിച്ചത്. (സഭാപ്രസംഗകൻ 5:18, 19 വായിക്കുക.) “കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും” എന്ന് അദ്ദേഹം എഴുതി. (സുഭാ. 14:23) അത് എത്ര ശരിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കാരണം ശലോമോൻ ഒരു കഠിനാധ്വാനിയായിരുന്നു. അദ്ദേഹം അരമനകൾ പണിതു, മുന്തിരിത്തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി, കുളങ്ങൾ കുഴിച്ചു, നഗരങ്ങളും പണിതു. (1 രാജാ. 9:19; സഭാ. 2:4-6) അതിനൊക്കെ നല്ല അധ്വാനം ആവശ്യമായിരുന്നു. അതിലൂടെ അദ്ദേഹത്തിനു സന്തോഷവും കിട്ടി. എന്നാൽ ശരിക്കുള്ള സന്തോഷം കിട്ടാൻ അതു മാത്രം പോരാ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം സത്യാരാധനയ്ക്കുവേണ്ടിയും ഒരുപാടു കാര്യങ്ങൾ ചെയ്തു. ഉദാഹരണത്തിന് യഹോവയുടെ ആരാധനയ്ക്കുവേണ്ടി ശലോമോൻ അതിമനോഹരമായ ഒരു ദേവാലയം പണിതു. ഏഴു വർഷംകൊണ്ടാണ് ആ പണി പൂർത്തിയാക്കിയത്. (1 രാജാ. 6:38; 9:1) ഇങ്ങനെ ആത്മീയവും അല്ലാത്തതും ആയ പലപല പ്രവർത്തനങ്ങൾ ചെയ്തുകഴിഞ്ഞപ്പോൾ യഹോവയെ സേവിക്കുന്നതാണു മറ്റെല്ലാ പ്രവർത്തനങ്ങളെക്കാളും പ്രധാനം എന്നു ശലോമോനു മനസ്സിലായി. അതുകൊണ്ട് അദ്ദേഹം എഴുതി: “പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകൾ അനുസരിക്കുക.”—സഭാ. 12:13.
9. യേശു ജോലിക്ക് അമിതപ്രാധാന്യം കൊടുത്തില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
9 യേശുവും ഒരു കഠിനാധ്വാനിയായിരുന്നു. ചെറുപ്പകാലത്ത് മരപ്പണി ചെയ്തു. (മർക്കോ. 6:3) തങ്ങളുടെ വലിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെട്ടിരുന്ന യോസേഫിനും മറിയയ്ക്കും യേശു വലിയൊരു സഹായമായിരുന്നു. പൂർണനായിരുന്നതുകൊണ്ട് യേശുവിന്റെ പണിയും അങ്ങനെതന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഉണ്ടാക്കുന്ന സാധനങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നിരിക്കണം. സാധ്യതയനുസരിച്ച് വളരെ ആസ്വദിച്ചായിരിക്കണം യേശു ആ ജോലികളൊക്കെ ചെയ്തത്. എന്നാൽ അത്തരത്തിലൊരു പണിക്കാരനായിരുന്നെങ്കിലും യേശു ആത്മീയകാര്യങ്ങൾക്കു സമയം മാറ്റിവെച്ചു. (യോഹ. 7:15) പിന്നീട് മുഴുസമയസേവനം ചെയ്തിരുന്ന സമയത്ത് കേൾവിക്കാരോട് യേശു പറഞ്ഞു: “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കുക.” (യോഹ. 6:27) ഇനി, മലയിലെ പ്രസംഗത്തിൽ യേശു പറഞ്ഞത് “സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ” എന്നാണ്.—മത്താ. 6:20.
10. ജോലിയോടുള്ള ബന്ധത്തിൽ ചിലർക്ക് എന്തു പ്രശ്നം നേരിട്ടേക്കാം?
10 ജോലിയെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ ദൈവത്തിൽനിന്നുള്ള ജ്ഞാനം നമ്മളെ സഹായിക്കും. “അധ്വാനിച്ച് മാന്യമായ ജോലി” ചെയ്യാനാണു ക്രിസ്ത്യാനികളായ നമ്മളെ പഠിപ്പിക്കുന്നത്. (എഫെ. 4:28) ജോലിയിലെ നമ്മുടെ സത്യസന്ധതയും കഠിനാധ്വാനവും തൊഴിലുടമകൾ പലപ്പോഴും ശ്രദ്ധിക്കുകയും അതെക്കുറിച്ച് വിലമതിപ്പോടെ സംസാരിക്കുകയും ചെയ്തേക്കാം. ഇതൊക്കെ കേൾക്കുമ്പോൾ യഹോവയുടെ സാക്ഷികളെക്കുറിച്ച് കുറച്ചുകൂടെ നല്ല അഭിപ്രായം തൊഴിലുടമയ്ക്ക് ഉണ്ടാകട്ടെ എന്നു കരുതി മുമ്പത്തേതിലും കൂടുതൽ സമയം ജോലി ചെയ്യാൻ നമ്മൾ ശ്രമിച്ചേക്കാം. പക്ഷേ അപ്പോൾ കുടുംബത്തിനുവേണ്ടിയും ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടിയും നമുക്ക് ആവശ്യത്തിനു സമയം ഇല്ലാതെവരാൻ സാധ്യതയുണ്ട്. നമ്മുടെ കാര്യത്തിൽ അങ്ങനെയാണെങ്കിൽ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾക്കു സമയം കിട്ടാൻവേണ്ടി നമ്മൾ മാറ്റങ്ങൾ വരുത്തണം.
11. ജോലിയെപ്പറ്റി ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കുന്നതിനെക്കുറിച്ച് ഒരു സഹോദരൻ എന്തു പഠിച്ചു?
11 ജോലിക്കു ജീവിതത്തിൽ അമിതപ്രാധാന്യം കൊടുക്കാതിരിക്കുന്നതിന്റെ പ്രയോജനം നേരിട്ട് കണ്ടറിഞ്ഞ ഒരു ചെറുപ്പക്കാരനാണു വില്യം. അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നതു സഭയിലെ ഒരു മൂപ്പന്റെകൂടെയാണ്. അദ്ദേഹത്തെക്കുറിച്ച് വില്യം പറയുന്നു: “ജോലിക്കു ജീവിതത്തിൽ അർഹിക്കുന്ന സ്ഥാനം മാത്രം കൊടുക്കുന്ന കാര്യത്തിൽ അദ്ദേഹം നല്ലൊരു മാതൃകയാണ്. അദ്ദേഹത്തിന്റെ പണി ഇഷ്ടമായതുകൊണ്ടുതന്നെ ഇടപാടുകാർക്കൊക്കെ വലിയ കാര്യമാണ്. അതൊക്കെ ശരിയാണെങ്കിലും ജോലിസമയം കഴിഞ്ഞാൽപ്പിന്നെ അദ്ദേഹം കുടുംബത്തിനുവേണ്ടിയും ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടിയും ആണ് സമയം മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ടെന്താ, അദ്ദേഹത്തിന് എപ്പോഴും സന്തോഷമാണ്!”b
നമ്മളെക്കുറിച്ചുതന്നെയുള്ള ശരിയായ കാഴ്ചപ്പാട്
12. തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടുണ്ടെന്നു തുടക്കത്തിൽ ശലോമോൻ എങ്ങനെ കാണിച്ചു, പിന്നീട് അതു നഷ്ടപ്പെട്ടത് എങ്ങനെ?
12 യഹോവയെ വിശ്വസ്തമായി സേവിച്ചിരുന്ന സമയത്ത് ശലോമോനു തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ചെറുപ്പമായിരുന്നപ്പോൾ അദ്ദേഹം എളിമയോടെ തനിക്കു പല കുറവുകളുമുണ്ടെന്നു സമ്മതിച്ചു, യഹോവയോടു സഹായം ചോദിക്കുകയും ചെയ്തു. (1 രാജാ. 3:7-9) അഹങ്കാരിയായിരിക്കുന്നത് എത്ര അപകടമാണെന്നും അദ്ദേഹത്തിന് അപ്പോൾ അറിയാമായിരുന്നു. അദ്ദേഹം എഴുതി: “തകർച്ചയ്ക്കു മുമ്പ് അഹങ്കാരം; വീഴ്ചയ്ക്കു മുമ്പ് അഹംഭാവം.” (സുഭാ. 16:18) എന്നാൽ ആ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹംതന്നെ പിന്നീട് പരാജയപ്പെട്ടു. രാജാവായി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു അഹങ്കാരിയായിത്തീർന്ന അദ്ദേഹം ദൈവനിയമങ്ങൾ അവഗണിക്കാൻതുടങ്ങി. ഉദാഹരണത്തിന്, ഇസ്രായേൽ രാജാക്കന്മാർക്കുള്ള ഒരു കല്പന ഇതായിരുന്നു: “രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്. അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും.” (ആവ. 17:17) എന്നാൽ ശലോമോൻ ആ നിയമം അവഗണിച്ചുകൊണ്ട് 700 ഭാര്യമാരെയും 300 ഉപപത്നിമാരെയും സ്വീകരിച്ചു. (1 രാജാ. 11:1-3) അവരിൽ പലരും വ്യാജാരാധകരായിരുന്നു. ‘അങ്ങനെ ചെയ്താലും എനിക്കൊന്നും സംഭവിക്കില്ല’ എന്നായിരിക്കാം അദ്ദേഹം ഒരുപക്ഷേ ചിന്തിച്ചത്. എന്തുതന്നെയായാലും യഹോവയുടെ കല്പന ലംഘിച്ചതിന്റെ മോശമായ ഫലങ്ങൾ അദ്ദേഹത്തിനു പിന്നീട് അനുഭവിക്കേണ്ടിവന്നു.—1 രാജാ. 11:9-13.
13. യേശുവിന്റെ താഴ്മയെക്കുറിച്ച് ചിന്തിക്കുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 യേശുവിന് എപ്പോഴും തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യേശു യഹോവയുടെ സേവനത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു. “സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം” യേശുവിലൂടെയാണു സൃഷ്ടിക്കപ്പെട്ടത്. (കൊലോ. 1:16) സാധ്യതയനുസരിച്ച് താൻ മുമ്പ് പിതാവിനോടൊപ്പമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളെല്ലാം സ്നാനസമയത്ത് യേശുവിന്റെ ഓർമയിലേക്കു വന്നുകാണണം. (മത്താ. 3:16; യോഹ. 17:5) പക്ഷേ അതുകൊണ്ടൊന്നും യേശു അഹങ്കരിച്ചില്ല, പകരം താഴ്മ കാണിച്ചു. താൻ ഭൂമിയിലേക്കു വന്നത് “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്” എന്നാണു യേശു ശിഷ്യന്മാരോടു പറഞ്ഞത്. (മത്താ. 20:28) സ്വന്തം ഇഷ്ടമനുസരിച്ച് തനിക്കൊന്നും ചെയ്യാനാകില്ലെന്നും യേശു സമ്മതിച്ചു. (യോഹ. 5:19) അങ്ങനെ താഴ്മയുടെ കാര്യത്തിൽ യേശു നമുക്കു നല്ലൊരു മാതൃക വെച്ചു.
14. നമ്മളെക്കുറിച്ചുതന്നെ ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കുന്ന കാര്യത്തിൽ യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 നമ്മൾ താഴ്മയുള്ളവരായിരിക്കണമെങ്കിലും നമ്മളെ ഒന്നിനും കൊള്ളില്ലെന്നോ നമ്മൾ വിലയില്ലാത്തവരാണെന്നോ ഒരിക്കലും ചിന്തിക്കരുത്. അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ യേശു പഠിപ്പിച്ചു. ഒരവസരത്തിൽ യേശു തന്റെ ശിഷ്യന്മാർക്ക് ഇങ്ങനെ ഉറപ്പുകൊടുത്തു: “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.” (മത്താ. 10:30) നമുക്കു വളരെ ആശ്വാസം തരുന്ന വാക്കുകളാണ് അവ, പ്രത്യേകിച്ച് നമുക്ക് ഒരു വിലയുമില്ല എന്നതുപോലുള്ള ചിന്തകളുണ്ടെങ്കിൽ. കാരണം നമ്മുടെ സ്വർഗീയപിതാവിനു നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ ഒരുപാടു താത്പര്യമുണ്ടെന്നും നമ്മളെ വളരെ വിലയുള്ളവരായി കാണുന്നെന്നും ആണ് യേശുവിന്റെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്. ഓർക്കുക, തന്നെ ആരാധിക്കാനും പുതിയ ഭൂമിയിൽ എന്നെന്നും ജീവിക്കാനും നമ്മളെ ക്ഷണിച്ചിരിക്കുന്നത് യഹോവയാണ്. ആ സ്ഥിതിക്ക് നമ്മളെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിക്കുകയാണെങ്കിൽ യഹോവയ്ക്കു തെറ്റുപറ്റിയെന്നു പറയുന്നതുപോലെയായിരിക്കും അത്.
15. (എ) നമ്മളെക്കുറിച്ചുതന്നെ എങ്ങനെയുള്ള ഒരു കാഴ്ചപ്പാടുണ്ടായിരിക്കാനാണു മുമ്പുള്ള ഒരു വീക്ഷാഗോപുരം പറഞ്ഞത്? (ബി) 24-ാം പേജിലെ ചിത്രങ്ങളിൽ കാണുന്നതുപോലെ നമ്മുടെ ചിന്ത എപ്പോഴും നമ്മളെക്കുറിച്ച് മാത്രമാണെങ്കിൽ എന്തെല്ലാം അനുഗ്രഹങ്ങൾ നഷ്ടമായേക്കാം?
15 ഏതാണ്ട് 15 വർഷം മുമ്പ് ഒരു വീക്ഷാഗോപുരം പറഞ്ഞത് ഇങ്ങനെയാണ്: “അങ്ങേയറ്റം ഉന്നതരാണെന്നു ചിന്തിച്ചുകൊണ്ട് അഹങ്കാരികൾ ആയിത്തീരാനോ വിലകെട്ടവരാണെന്നു ചിന്തിച്ചുകൊണ്ട് നേർവിപരീതമായ ഒരു ചിന്താഗതി വെച്ചുപുലർത്താനോ നാം തീർച്ചയായും ആഗ്രഹിക്കയില്ല. സ്വന്തം പ്രാപ്തികളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് നമ്മെക്കുറിച്ചുതന്നെ ന്യായമായ ഒരു വീക്ഷണം നട്ടുവളർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതു സംബന്ധിച്ച് ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ പറഞ്ഞു: ‘ഞാൻ തിന്മയുടെ (ഒരു ആൾരൂപം) അല്ല; അതേസമയം ഞാൻ ഒരു മാലാഖയും അല്ല. എല്ലാവരുടെയുംപോലെ നല്ലതും മോശവും ആയ ഗുണവിശേഷങ്ങൾ എനിക്കുമുണ്ട്.’”c നമ്മളെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കുന്നത് എത്ര നല്ലതാണെന്നല്ലേ ആ വാക്കുകൾ കാണിക്കുന്നത്?
16. യഹോവ നമുക്കു ശരിയായ വഴി കാണിച്ചുതരുന്നത് എന്തുകൊണ്ട്?
16 തന്റെ വചനത്തിലൂടെ യഹോവ നമുക്കു ശരിയായ വഴി കാണിച്ചുതരും. കാരണം യഹോവ നമ്മളെ സ്നേഹിക്കുന്നു, നമ്മൾ സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു. (യശ. 48:17, 18) യഹോവയുടെ ഇഷ്ടത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നതാണു നമുക്ക് ഏറ്റവും സന്തോഷം തരുന്നത്. അതാണു ശരിയായ വഴി. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ പണത്തിനും ജോലിക്കും തങ്ങൾക്കുതന്നെയും വേണ്ടതിലധികം പ്രാധാന്യം കൊടുക്കുന്നവർ നേരിടുന്ന പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാകും. അതുകൊണ്ട് നമുക്കു ജ്ഞാനികളായിരിക്കാം. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം!—സുഭാ. 23:15.
ഗീതം 94 ദൈവവചനത്തിനായ് നന്ദിയുള്ളവർ
a ശലോമോനും യേശുവും വലിയ ജ്ഞാനികളായിരുന്നു. ദൈവമായ യഹോവയിൽനിന്നാണ് അവർക്ക് ആ ജ്ഞാനം കിട്ടിയത്. പണത്തെയും ജോലിയെയും നമ്മളെക്കുറിച്ചുതന്നെയും ഉണ്ടായിരിക്കേണ്ട ശരിയായ കാഴ്ചപ്പാടിനെക്കുറിച്ച് ശലോമോനും യേശുവും ചിലതു പറഞ്ഞു. അവർ ദൈവപ്രചോദിതമായി പറഞ്ഞ ആ കാര്യങ്ങളെപ്പറ്റി ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അത് അനുസരിച്ചപ്പോൾ നമ്മുടെ ചില സഹോദരങ്ങൾക്ക് എന്തു പ്രയോജനം കിട്ടിയെന്നും നമ്മൾ കാണും.
b 2015 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “കഠിനാധ്വാനം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ” എന്ന ലേഖനം കാണുക.
c 2005 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിലെ “സന്തോഷം കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും” എന്ന ലേഖനം കാണുക.
d ചിത്രങ്ങളുടെ വിവരണം: ഒരേ സഭയിൽത്തന്നെയുള്ള ചെറുപ്പക്കാരായ രണ്ടു സഹോദരന്മാരാണു ജോണും ടോമും. തന്റെ കാറ് എപ്പോഴും തൂത്തുതുടച്ച് പുത്തനായി സൂക്ഷിക്കുന്നതിലാണു ജോണിന്റെ ശ്രദ്ധ മുഴുവൻ. ടോം തന്റെ കാർ സഹോദരങ്ങളെ മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും ഒക്കെ കൊണ്ടുപോകാൻവേണ്ടി ഉപയോഗിക്കുന്നു.
e ചിത്രങ്ങളുടെ വിവരണം: ജോൺ ഓവർടൈം ചെയ്യുകയാണ്. ബോസിനെ മുഷിപ്പിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അദ്ദേഹം എപ്പോൾ ആവശ്യപ്പെട്ടാലും ജോൺ അങ്ങനെ ചെയ്യാറുണ്ട്. അതേ ദിവസം വൈകുന്നേരം ഒരു ശുശ്രൂഷാദാസനായ ടോം ഒരു മൂപ്പന്റെകൂടെ ഇടയസന്ദർശനത്തിനു പോകുന്നു. ചില വൈകുന്നേരങ്ങളിൽ ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടതുള്ളതുകൊണ്ട് ഓവർടൈം ചെയ്യാനാകില്ലെന്നു ടോം നേരത്തേതന്നെ ബോസിനോടു പറഞ്ഞിട്ടുണ്ട്.
f ചിത്രങ്ങളുടെ വിവരണം: ജോണിന്റെ ശ്രദ്ധ മുഴുവൻ തന്നിൽത്തന്നെയാണ്. ടോം സ്വന്തം കാര്യങ്ങളെക്കാൾ ആത്മീയപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നു. അങ്ങനെ ഒരു സമ്മേളനഹാൾ പുതുക്കിപ്പണിയാൻ സഹായിക്കുന്ന ടോമിന് ഒരുപാടു കൂട്ടുകാരെ കിട്ടുന്നു.