പഠനലേഖനം 28
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
നിങ്ങൾ സത്യം തിരിച്ചറിയുന്നുണ്ടോ?
“സത്യം അരയ്ക്കു കെട്ടി . . . ഉറച്ചുനിൽക്കുക.”—എഫെ. 6:14, 15.
ഉദ്ദേശ്യം
യഹോവയിൽനിന്ന് നമുക്കു കിട്ടിയ സത്യവും, സാത്താനും നമ്മുടെ എതിരാളികളും പറഞ്ഞുപരത്തുന്ന നുണയും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാമെന്നു പഠിക്കാം.
1. സത്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
യഹോവയുടെ ജനം ദൈവവചനത്തിൽ കാണുന്ന സത്യത്തെ സ്നേഹിക്കുന്നു. അതാണു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. (റോമ. 10:17) യഹോവ ക്രിസ്തീയസഭ സ്ഥാപിച്ചിരിക്കുന്നത്, “സത്യത്തിന്റെ തൂണും താങ്ങും” ആയിട്ടാണെന്നു നമുക്ക് അറിയാം. (1 തിമൊ. 3:15) നമുക്കിടയിൽ നേതൃത്വമെടുക്കുന്നവർ ബൈബിളിൽനിന്നുള്ള ഈ സത്യങ്ങൾ വിശദീകരിക്കുകയും ദൈവേഷ്ടത്തിനു ചേർച്ചയിൽ നമുക്കു നിർദേശങ്ങൾ തരുകയും ചെയ്യുമ്പോൾ നമ്മൾ അതിനു മനസ്സോടെ കീഴ്പെടുന്നു.—എബ്രാ. 13:17.
2. യാക്കോബ് 5:19 അനുസരിച്ച് നമ്മൾ സത്യം സ്വീകരിച്ച് കഴിഞ്ഞും എന്ത് അപകടം സംഭവിച്ചേക്കാം?
2 എന്നാൽ, സത്യം സ്വീകരിക്കുകയും ദൈവത്തിന്റെ സംഘടന ശരിയായ നിർദേശങ്ങളാണു നൽകുന്നതെന്നു വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, നമ്മൾ സത്യത്തിൽനിന്ന് വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ട്. (യാക്കോബ് 5:19 വായിക്കുക.) ബൈബിളിലും സംഘടന നൽകുന്ന നിർദേശങ്ങളിലും ഉള്ള നമ്മുടെ വിശ്വാസം നഷ്ടപ്പെട്ട് കാണുന്നതാണു സാത്താന് ഏറ്റവും സന്തോഷം.—എഫെ. 4:14.
3. നമ്മൾ സത്യത്തിൽ ഉറച്ചുനിൽക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 എഫെസ്യർ 6:13, 14 വായിക്കുക. പെട്ടെന്നുതന്നെ സാത്താൻ രാഷ്ട്രങ്ങളെ മുഴുവൻ യഹോവയ്ക്ക് എതിരെ തിരിക്കുന്നതിനു വളരെ തന്ത്രപരമായി മനഞ്ഞെടുത്ത നുണകൾ പ്രചരിപ്പിക്കും. (വെളി. 16:13, 14) അതുപോലെ യഹോവയുടെ ജനത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും സാത്താൻ ശക്തമാക്കുമെന്നു നമുക്ക് അറിയാം. (വെളി. 12:9) അതുകൊണ്ട് സത്യവും നുണയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും സത്യത്തിൽത്തന്നെ ഉറച്ചുനിൽക്കാനും നമ്മൾ പഠിക്കേണ്ടതു പ്രധാനമാണ്. (റോമ. 6:17; 1 പത്രോ. 1:22) മഹാകഷ്ടതയെ നമ്മൾ അതിജീവിക്കുമോ എന്നത് അതിനെ ആശ്രയിച്ചാണിരിക്കുന്നത്!
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 ബൈബിളനുസരിച്ച് ഒരു കാര്യം സത്യമാണോ എന്നു തിരിച്ചറിയാനും ദൈവത്തിന്റെ സംഘടന നൽകുന്ന നിർദേശങ്ങൾ അംഗീകരിക്കാനും നമ്മളെ സഹായിക്കുന്ന രണ്ടു ഗുണങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. തുടർന്ന് സത്യത്തിൽ ഉറച്ചുനിൽക്കാൻ നമ്മൾ ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.
സത്യം തിരിച്ചറിയാൻ നമുക്കു വേണ്ട ഗുണങ്ങൾ
5. യഹോവയോടുള്ള ഭയം സത്യം തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
5 യഹോവയോടുള്ള ഭയം. യഹോവയോട് ഉചിതമായ ഒരു ഭയം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കും. ദൈവത്തെ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. യഹോവയുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസവും, സത്യവും നുണയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും. (സുഭാ. 2:3-6; എബ്രാ. 5:14) മനുഷ്യരോടുള്ള പേടി യഹോവയോടുള്ള സ്നേഹത്തെക്കാൾ കൂടുതലാകാൻ നമ്മൾ ഒരിക്കലും അനുവദിക്കരുത്. കാരണം, മനുഷ്യരെ പേടിച്ചാൽ നമ്മൾ അവർക്ക് ഇഷ്ടമുള്ളതു ചെയ്യും. അതു മിക്കപ്പോഴും യഹോവയെ വിഷമിപ്പിക്കുന്നതായിരിക്കും.
6. പത്ത് ഇസ്രായേല്യതലവന്മാർ മനുഷ്യരെ പേടിച്ചതുകൊണ്ട് സത്യത്തെ വളച്ചൊടിച്ചത് എങ്ങനെ?
6 ദൈവത്തെക്കാൾ മനുഷ്യരെ ഭയന്നാൽ നമ്മൾ സത്യത്തിൽനിന്ന് അകന്നുപോയേക്കാം. ഉദാഹരണത്തിന്, ഇസ്രായേല്യർക്ക് യഹോവ കൊടുക്കാനിരുന്ന വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയ 12 തലവന്മാരുടെ കാര്യം ചിന്തിക്കുക. അവരിൽ പത്തു പേർ യഹോവയെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ കനാന്യരെ ഭയപ്പെട്ടു. സഹ ഇസ്രായേല്യരോട് അവർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.” (സംഖ്യ 13:27-31) കനാന്യർ ഇസ്രായേല്യരെക്കാൾ ശക്തരാണെന്ന് അവർ പറഞ്ഞതു മനുഷ്യരുടെ കാഴ്ചപ്പാടിൽ സത്യമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ യഹോവയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കു കനാന്യരെ ജയിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞത്. ഇസ്രായേല്യർ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് അവർ ചിന്തിച്ചില്ല. ഇനി, യഹോവ അവർക്കുവേണ്ടി അത്ഭുതകരമായി പല കാര്യങ്ങളും ചെയ്തിട്ട് അധികം നാളായിട്ടില്ല; അതെക്കുറിച്ചും അവർ ഓർത്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ സർവശക്തനായ യഹോവയുടെ മുന്നിൽ കനാന്യർ ഒന്നുമല്ലെന്ന് അവർ തിരിച്ചറിഞ്ഞേനേ. എന്നാൽ യോശുവയും കാലേബും, അവിശ്വസ്തരായ ആ ഒറ്റുകാരെപ്പോലെ ആയിരുന്നില്ല. അവർ യഹോവയുടെ അംഗീകാരം നേടാൻ ആഗ്രഹിച്ചു. അതുകൊണ്ട് അവർ ജനത്തോട് ഇങ്ങനെ പറഞ്ഞു: “ദൈവമായ യഹോവ നമ്മളിൽ പ്രസാദിക്കുന്നെങ്കിൽ, . . . ആ ദേശത്തേക്കു ദൈവം ഉറപ്പായും നമ്മളെ കൊണ്ടുപോകുകയും അതു നമുക്കു തരുകയും ചെയ്യും.”—സംഖ്യ 14:6-9.
7. യഹോവയോടുള്ള ഭയം നമുക്ക് എങ്ങനെ ശക്തമാക്കാം? (ചിത്രവും കാണുക.)
7 യഹോവയോടുള്ള ഭയം ശക്തമാക്കണമെങ്കിൽ, ഓരോ തീരുമാനമെടുക്കുമ്പോഴും യഹോവയുടെ ഇഷ്ടം എന്താണെന്നു നമ്മൾ ചിന്തിക്കണം. (സങ്കീ. 16:8) ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ സ്വയം ചോദിക്കുക: ‘ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ എന്തു തീരുമാനം എടുക്കുമായിരുന്നു?’ ഉദാഹരണത്തിന്, ഇസ്രായേല്യർക്ക് കനാന്യരെ കീഴടക്കാൻ കഴിയില്ലെന്ന് ആ പത്തു തലവന്മാർ പറഞ്ഞപ്പോൾ നിങ്ങൾ അവിടെയുണ്ടായിരുന്നെന്നു ചിന്തിക്കുക. നിങ്ങൾ അവർ പറഞ്ഞതു വിശ്വസിച്ച് മനുഷ്യരെ പേടിക്കുമായിരുന്നോ, അതോ അപ്പോഴും യഹോവയോടുള്ള സ്നേഹവും യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹവും നിങ്ങളിൽ ശക്തമായിത്തന്നെ നിൽക്കുമായിരുന്നോ? യോശുവയും കാലേബും പറഞ്ഞ സത്യം തിരിച്ചറിയാൻ ഇസ്രായേല്യരുടെ ആ തലമുറ മുഴുവൻ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വാഗ്ദത്തദേശത്തേക്കു കടക്കാൻ യഹോവ അവരെ അനുവദിച്ചില്ല.—സംഖ്യ 14:10, 22, 23.
8. ഏതു ഗുണം വളർത്തിയെടുക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം, എന്തുകൊണ്ട്?
8 താഴ്മ. യഹോവ സത്യം വെളിപ്പെടുത്തിക്കൊടുക്കുന്നതു താഴ്മയുള്ളവർക്കാണ്. (മത്താ. 11:25) നമുക്കു താഴ്മയുള്ളതുകൊണ്ടാണു സത്യം പഠിക്കാൻ നമ്മൾ സഹായം സ്വീകരിച്ചത്. (പ്രവൃ. 8:30, 31) എങ്കിലും, നമ്മളിൽ അഹങ്കാരം വളരാൻ സാധ്യതയുള്ളതുകൊണ്ട് ശരിക്കും ശ്രദ്ധിക്കണം. കാരണം അഹങ്കാരം വന്നാൽ നമ്മുടെ സ്വന്തം അഭിപ്രായങ്ങൾ, തിരുവെഴുത്ത് തത്ത്വങ്ങളും യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങളും പോലെതന്നെ ശരിയാണെന്നു നമ്മൾ ചിന്തിക്കാൻ തുടങ്ങും.
9. താഴ്മ നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും?
9 യഹോവയോടുള്ള താരതമ്യത്തിൽ നമ്മൾ എത്ര ചെറുതാണെന്നു ചിന്തിക്കുന്നതു താഴ്മ നിലനിറുത്താൻ നമ്മളെ സഹായിക്കും. (സങ്കീ. 8:3, 4) ഇനി, താഴ്മയും പഠിക്കാൻ മനസ്സൊരുക്കവും ഉള്ള ഒരാളായിരിക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. അപ്പോൾ ബൈബിളിലൂടെയും സംഘടനയിലൂടെയും പഠിക്കുന്ന യഹോവയുടെ ചിന്തകൾ നമ്മുടെ ചിന്തകളെക്കാൾ വലുതായി കാണാൻ യഹോവ നമ്മളെ സഹായിക്കും. നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ, യഹോവ എത്രമാത്രം താഴ്മയെ സ്നേഹിക്കുന്നെന്നും അഹങ്കാരത്തെയും ധിക്കാരത്തെയും വെറുക്കുന്നെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന ആശയങ്ങൾ കണ്ടെത്തുക. നിങ്ങൾക്കു ലഭിക്കുന്ന നിയമനം ഒരുപക്ഷേ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കുന്നതോ അല്ലെങ്കിൽ ഒരു പരിധിവരെയുള്ള അധികാരം ഉപയോഗിക്കേണ്ടതോ ഒക്കെ ആയിരിക്കാം. അങ്ങനെയുള്ളപ്പോൾ താഴ്മ കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നമുക്ക് എങ്ങനെ സത്യത്തിൽ ഉറച്ചുനിൽക്കാം
10. ദൈവജനത്തെ വഴിനയിക്കാനും വേണ്ട നിർദേശങ്ങൾ കൊടുക്കാനും യഹോവ ആരെയൊക്കെ ഉപയോഗിച്ചു?
10 യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങൾ എപ്പോഴും വിശ്വസിക്കുക. ഇസ്രായേല്യരുടെ കാലത്ത് ജനത്തിനു നിർദേശങ്ങൾ കൊടുക്കാൻ യഹോവ മോശയെയും പിന്നീട് യോശുവയെയും ഉപയോഗിച്ചു. (യോശു. 1:16, 17) ഈ പുരുഷന്മാരെ യഹോവയുടെ പ്രതിനിധികളായി കണ്ടപ്പോൾ യഹോവ ഇസ്രായേല്യരെ അനുഗ്രഹിച്ചു. ഇനി, നൂറ്റാണ്ടുകൾക്കു ശേഷം ക്രിസ്തീയസഭ സ്ഥാപിതമായപ്പോൾ 12 അപ്പോസ്തലന്മാരാണ് വേണ്ട നിർദേശങ്ങൾ കൊടുത്തിരുന്നത്. (പ്രവൃ. 8:14, 15) പിന്നീട് യരുശലേമിലെ മൂപ്പന്മാരും അവരോടൊപ്പം പ്രവർത്തിച്ചു. വിശ്വസ്തരായ ഈ പുരുഷന്മാർ കൊടുത്ത നിർദേശങ്ങൾ അനുസരിച്ചപ്പോൾ “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.” (പ്രവൃ. 16:4, 5) നമ്മുടെ നാളിലും യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിക്കുമ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കുന്നു. എന്നാൽ, നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നവരെ നമ്മൾ അംഗീകരിക്കാതിരുന്നാൽ യഹോവയ്ക്ക് എന്തു തോന്നും? അതു മനസ്സിലാക്കാൻ വാഗ്ദത്തദേശത്തേക്കു കടക്കാനിരുന്ന ഇസ്രായേല്യർക്കു സംഭവിച്ചത് എന്താണെന്നു നോക്കാം.
11. നേതൃത്വമെടുക്കാൻ ദൈവം തിരഞ്ഞെടുത്ത മോശയെ ആദരിക്കാതിരുന്ന ഇസ്രായേല്യർക്ക് എന്തു സംഭവിച്ചു? (ചിത്രവും കാണുക.)
11 വാഗ്ദത്തദേശത്തേക്കുള്ള യാത്രയ്ക്കിടെ ഇസ്രായേൽ ജനത്തിലെ പ്രധാനികൾ മോശയ്ക്ക് എതിരെ സംസാരിക്കുകയും യഹോവ അദ്ദേഹത്തിനു കൊടുത്ത നിയമനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അവർ പറഞ്ഞു: “(മോശ മാത്രമല്ല) സമൂഹത്തിലുള്ള എല്ലാവരും വിശുദ്ധരാണ്. യഹോവ അവരുടെ മധ്യേയുണ്ട്.” (സംഖ്യ 16:1-3) ശരിയാണ്, ദൈവത്തിന്റെ കണ്ണിൽ സമൂഹത്തിലുള്ള ‘എല്ലാവരും വിശുദ്ധരായിരുന്നു.’ പക്ഷേ, ജനത്തെ വഴി നയിക്കാൻ യഹോവ തിരഞ്ഞെടുത്തതു മോശയെ ആയിരുന്നു. (സംഖ്യ 16:28) മോശയെ കുറ്റപ്പെടുത്തിയതിലൂടെ ആ ധിക്കാരികൾ ശരിക്കും യഹോവയെയാണു കുറ്റപ്പെടുത്തിയത്. യഹോവ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവർ ചിന്തിച്ചില്ല. അവർ സ്വന്തം ആഗ്രഹത്തിനു മാത്രമാണു പ്രാധാന്യം കൊടുത്തത്. അവർക്കു വേണ്ടതു മറ്റുള്ളവരുടെ മുന്നിൽ ഉയർന്ന സ്ഥാനവും വലിയ അധികാരവും ഒക്കെയായിരുന്നു. ധിക്കാരത്തോടെ പ്രവർത്തിക്കുന്നതിനു നേതൃത്വമെടുത്തവരെയും അവരെ അനുകൂലിച്ച ആയിരക്കണക്കിനു പേരെയും യഹോവ കൊന്നുകളഞ്ഞു. (സംഖ്യ 16:30-35, 41, 49) ഇന്നും സംഘടനയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളെ ആദരിക്കാത്തവരെ യഹോവ വെറുക്കുന്നു എന്ന കാര്യം ഉറപ്പാണ്.
12. യഹോവയുടെ സംഘടനയെ നമുക്ക് എപ്പോഴും വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
12 യഹോവയുടെ സംഘടനയെ നമുക്ക് എപ്പോഴും വിശ്വസിക്കാനാകും. കാരണം ഒരു ബൈബിൾസത്യം മനസ്സിലാക്കിയ വിധത്തിനോ രാജ്യപ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്ന രീതിക്കോ മാറ്റം വരുത്തേണ്ടതുണ്ടെന്നു മനസ്സിലാകുമ്പോൾ നേതൃത്വമെടുക്കുന്നവർ ഒരു മടിയും കൂടാതെ അങ്ങനെ ചെയ്യുന്നു. (സുഭാ. 4:18) ഏറ്റവും പ്രധാനമായി യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് അവർ അതിനു തയ്യാറാകുന്നത്. കൂടാതെ തീരുമാനങ്ങളെടുക്കുമ്പോൾ അതു ദൈവവചനത്തിനു ചേർച്ചയിലായിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. യഹോവയുടെ ജനത്തിലെ എല്ലാവരും പിൻപറ്റേണ്ടതു ദൈവവചനത്തിലെ മാതൃകയാണല്ലോ.
13. നമ്മൾ മാതൃകയാക്കേണ്ട “പ്രയോജനകരമായ വാക്കുകൾ” എന്താണ്, അതിനോടുള്ള ബന്ധത്തിൽ നമ്മൾ എന്താണു ചെയ്യേണ്ടത്?
13 “പ്രയോജനകരമായ വാക്കുകൾ എപ്പോഴും ഒരു മാതൃകയായി മുറുകെ പിടിക്കുക.” (2 തിമൊ. 1:13) നമ്മൾ മാതൃകയാക്കേണ്ട “പ്രയോജനകരമായ വാക്കുകൾ” ബൈബിളിൽ കാണുന്ന ക്രിസ്തീയപഠിപ്പിക്കലുകളാണ്. (യോഹ. 17:17) ആ പഠിപ്പിക്കലുകളാണ് നമ്മൾ വിശ്വസിക്കുന്ന എല്ലാത്തിന്റെയും അടിസ്ഥാനം. യഹോവയുടെ സംഘടന എപ്പോഴും അതിനോടു ചേർന്നുനിൽക്കാൻ നമ്മളെ പഠിപ്പിക്കുന്നു. അങ്ങനെ ചേർന്ന് നിൽക്കുന്നിടത്തോളം കാലം നമുക്ക് യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കും.
14. ‘പ്രയോജനകരമായ വാക്കുകൾ ഒരു മാതൃകയായി മുറുകെ പിടിക്കാൻ‘ ചില ക്രിസ്ത്യാനികൾ പരാജയപ്പെട്ടത് എങ്ങനെയാണ്?
14 ‘പ്രയോജനകരമായ വാക്കുകൾ ഒരു മാതൃകയായി മുറുകെ പിടിക്കാൻ’ നമ്മൾ പരാജയപ്പെട്ടാൽ എന്തു സംഭവിക്കും? ഒരു ഉദാഹരണം നോക്കാം. യഹോവയുടെ ദിവസം എത്തിക്കഴിഞ്ഞെന്ന തെറ്റായ ഒരു വാർത്ത ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്കിടയിൽ പ്രചരിക്കുന്നുണ്ടായിരുന്നെന്നു തോന്നുന്നു. ഒരുപക്ഷേ അങ്ങനെ പറയുന്ന ഒരു കത്തും അവർക്കു കിട്ടിക്കാണും; പൗലോസ് എഴുതിയതാണെന്നു തോന്നിപ്പിക്കുന്ന ഒരു കത്ത്. അതെല്ലാം സത്യമാണോയെന്ന് അന്വേഷിക്കാൻ നിൽക്കാതെ തെസ്സലോനിക്യയിലെ ചില ക്രിസ്ത്യാനികൾ ആ തെറ്റായ വാർത്ത വിശ്വസിച്ചു, അതു പറഞ്ഞുപരത്തുകപോലും ചെയ്തു. മുമ്പ് പൗലോസ് അവരുടെ കൂടെയുണ്ടായിരുന്നപ്പോൾ പറഞ്ഞിരുന്ന കാര്യങ്ങൾ അവർ ഓർത്തിരുന്നെങ്കിൽ ഇങ്ങനെയൊരു അബദ്ധം പറ്റില്ലായിരുന്നു. (2 തെസ്സ. 2:1-5) അതുകൊണ്ട് കേൾക്കുന്നതെല്ലാം വിശ്വസിക്കരുതെന്നു പൗലോസ് അവരെ ഉപദേശിച്ചു. ഭാവിയിൽ അവർക്കൊരു സഹായമാകുന്നതിനുവേണ്ടി തെസ്സലോനിക്യക്കാർക്കുള്ള തന്റെ രണ്ടാമത്തെ കത്ത് പൗലോസ് ഇങ്ങനെയാണ് അവസാനിപ്പിച്ചത്: “പൗലോസ് എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്റെ ആശംസ അറിയിക്കുന്നു. എന്റെ കത്തുകളെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ് ഇത്. ഇങ്ങനെയാണു ഞാൻ എഴുതാറ്.”—2 തെസ്സ. 3:17.
15. സത്യമെന്നു തോന്നിക്കുന്ന നുണകളിൽനിന്ന് നമുക്ക് എങ്ങനെ സ്വയം സംരക്ഷിക്കാം? ഒരു ഉദാഹരണം നൽകുക. (ചിത്രങ്ങളും കാണുക.)
15 തെസ്സലോനിക്യക്കാരോടുള്ള പൗലോസിന്റെ വാക്കുകളിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? ബൈബിളിനോടു യോജിക്കാത്ത എന്തെങ്കിലും കാര്യങ്ങളോ അല്ലെങ്കിൽ ഞെട്ടിക്കുന്ന എന്തെങ്കിലും വിവരങ്ങളോ ഒക്കെ കേൾക്കുമ്പോൾ നമ്മൾ വിവേചനാപ്രാപ്തി ഉപയോഗിക്കണം. പണ്ട് സോവിയറ്റ് യൂണിയനിലുണ്ടായ ഒരു സംഭവം നോക്കാം. അവിടത്തെ നമ്മുടെ സഹോദരങ്ങൾക്ക്, ലോകാസ്ഥാനത്ത് നിന്നുള്ളതാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു കത്ത് ശത്രുക്കളിൽനിന്ന് കിട്ടി. സ്വതന്ത്രമായ മറ്റൊരു സംഘടന തുടങ്ങാൻ ആ കത്ത് ചില സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു. ആ കത്ത് ശരിക്കും ലോകാസ്ഥാനത്ത് നിന്നുള്ളതാണെന്നു തോന്നിയെങ്കിലും വിശ്വസ്തരായ സഹോദരന്മാർ വഞ്ചിക്കപ്പെട്ടില്ല. അതിലെ ആശയങ്ങൾ സംഘടന തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളുമായി യോജിപ്പിലല്ലെന്ന് അവർ മനസ്സിലാക്കി. ഇന്നും സത്യത്തിന്റെ ശത്രുക്കൾ ഇന്റർനെറ്റും സോഷ്യൽമീഡിയയും പോലുള്ള ഇന്നത്തെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് നമ്മളെ ആശയക്കുഴപ്പത്തിലാക്കാനും ഭിന്നിപ്പിക്കാനും ഒക്കെ ശ്രമിച്ചേക്കാം. ‘പെട്ടെന്നു സുബോധം നഷ്ടപ്പെട്ട് ആശയക്കുഴപ്പത്തിലാകുന്നതിനു’ പകരം, കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ പഠിച്ച സത്യങ്ങൾക്കു ചേർച്ചയിലാണോ എന്ന് ചിന്തിച്ചുകൊണ്ട് സ്വയം സംരക്ഷിക്കാം.—2 തെസ്സ. 2:2; 1 യോഹ. 4:1.
16. റോമർ 16:17, 18 അനുസരിച്ച് ആരെങ്കിലും സത്യത്തിന് എതിരെ പ്രവർത്തിക്കുന്നെങ്കിൽ നമ്മൾ എന്തു ചെയ്യണം?
16 യഹോവയോടു വിശ്വസ്തരായിരിക്കുന്നവരോടു ചേർന്നുനിൽക്കുക. നമ്മൾ എല്ലാവരും ഐക്യത്തിൽ യഹോവയെ ആരാധിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. സത്യത്തോടു പറ്റിനിൽക്കുന്നിടത്തോളം നമുക്കിടയിൽ ഐക്യമുണ്ടായിരിക്കും. എന്നാൽ ആരെങ്കിലും സത്യത്തിന് എതിരായി പ്രവർത്തിച്ചാൽ അതു സഭയിൽ ഭിന്നിപ്പുണ്ടാക്കും. അതുകൊണ്ട് “അവരെ ഒഴിവാക്കുക” എന്നു ദൈവം നമുക്കു മുന്നറിയിപ്പ് തരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മളും സത്യത്തിൽനിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്.—റോമർ 16:17, 18 വായിക്കുക.
17. സത്യം തിരിച്ചറിയുകയും അതു മുറുകെ പിടിക്കുകയും ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
17 നമ്മൾ സത്യം തിരിച്ചറിയുകയും അതു മുറുകെ പിടിക്കുകയും ചെയ്താൽ ആത്മീയമായി സുരക്ഷിതരായിരിക്കാനും ശക്തരായിരിക്കാനും നമുക്കു കഴിയും. (എഫെ. 4:15, 16) അങ്ങനെ ചെയ്യുന്നെങ്കിൽ സാത്താന്റെ തെറ്റായ പഠിപ്പിക്കലുകളിൽനിന്നും വ്യാജപ്രചാരണങ്ങളിൽനിന്നും നമുക്കു നമ്മളെ സംരക്ഷിക്കാനാകും. അതുപോലെ മഹാകഷ്ടതയുടെ സമയത്ത് യഹോവയുടെ കൈകളിൽ സുരക്ഷിതരായിരിക്കാനും നമുക്കാകും. അതുകൊണ്ട് സത്യത്തെ തുടർന്നും മുറുകെ പിടിക്കുക. “അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.”—ഫിലി. 4:8, 9.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
a ചിത്രത്തിന്റെ വിവരണം : വർഷങ്ങൾക്കു മുമ്പ് സോവിയറ്റ് യൂണിയനിൽ നടന്ന സംഭവത്തിന്റെ പുനരവതരണം. ലോകാസ്ഥാനത്തുനിന്നാണ് എന്നു തോന്നിപ്പിക്കുന്ന ഒരു കത്ത് അവിടത്തെ സഹോദരങ്ങൾക്കു ലഭിച്ചു. അതു പക്ഷേ ശരിക്കും ശത്രുക്കളിൽനിന്നായിരുന്നു. ഇക്കാലത്ത് യഹോവയുടെ സംഘടനയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി നമ്മുടെ ശത്രുക്കൾ ഇന്റർനെറ്റ് ഉപയോഗിച്ചേക്കാം.