-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പൂർവസ്ഥിതിയിലാക്കുന്ന കാലം: “പൂർവസ്ഥിതിയിലാക്കുക” എന്നതിന്റെ ഗ്രീക്കുപദം (അപൊകറ്റേസ്റ്റാസിസ്) വന്നിരിക്കുന്നത് അപൊ (“തിരികെ,”“വീണ്ടും” എന്ന് അർഥം), കാതൈസ്റ്റെമി (അക്ഷരാർഥം, “താഴെ വെക്കുക”) എന്നീ പദങ്ങളിൽനിന്നാണ്. ചില ബൈബിളുകൾ അതിനെ “യഥാസ്ഥാനപ്പെടുത്തുക” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അപൊകറ്റേസ്റ്റാസിസ് എന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപം പ്രവൃ 1:6-ൽ തർജമ ചെയ്തിരിക്കുന്നതു ‘പുനഃസ്ഥാപിച്ചുകൊടുക്കുക’ എന്നാണ്. ബാബിലോണിലെ പ്രവാസജീവിതത്തിനു ശേഷം ജൂതന്മാർ തിരിച്ചെത്തുന്നതിനെക്കുറിച്ച് പറയുമ്പോൾ, “പൂർവസ്ഥിതിയിലാക്കൽ” എന്നതിന്റെ ഗ്രീക്കുപദം ജോസീഫസ് ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇനി, ചില കെട്ടിടങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും വസ്തുവകകൾ അതിന്റെ യഥാർഥ അവകാശികൾക്കു തിരികെ കൊടുക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും പണമിടപാടുകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുമ്പോഴും ഈ പദം ചില പപ്പൈറസ് ലിഖിതങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പൂർവസ്ഥിതിയിലാക്കുന്നത് എന്തെല്ലാമായിരിക്കുമെന്ന് പ്രവൃ 3:21-ൽ എടുത്തുപറഞ്ഞിട്ടില്ലാത്തതുകൊണ്ട് എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുമെന്നു മനസ്സിലാക്കാൻ പണ്ടുള്ള വിശുദ്ധപ്രവാചകന്മാരിലൂടെ ദൈവം നൽകിയ സന്ദേശത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. എബ്രായപ്രവാചകന്മാരുടെ ലിഖിതങ്ങളിൽ, കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് അഥവാ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പലപ്പോഴും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, ജനത്തിന് അവരുടെ ദേശം പഴയതുപോലെയാക്കി തിരികെ നൽകുമെന്നും അവിടെ വീണ്ടും ആൾത്താമസമുണ്ടാകുമെന്നും അതു ഫലസമൃദ്ധമാകുമെന്നും യഹോവ അവരിലൂടെ വാഗ്ദാനം ചെയ്തിരുന്നു. വന്യമൃഗങ്ങളുടെയും ശത്രുക്കളുടെയും ആക്രമണത്തിൽനിന്ന് അവർക്കു സംരക്ഷണവും ലഭിക്കുമായിരുന്നു. പുനഃസ്ഥാപിക്കപ്പെടുന്ന അവരുടെ മാതൃദേശത്തെ ദൈവം ഒരു പറുദീസയോടാണ് ഉപമിച്ചത്. (യശ 65:25; യഹ 34:25; 36:35) എല്ലാറ്റിലും ഉപരി, ദേവാലയം പുനർനിർമിക്കുമെന്നും ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും അവർക്കു വാഗ്ദാനം ലഭിച്ചു. (യശ 2:1-5; മീഖ 4:1-5) മുൻകൂട്ടിപ്പറഞ്ഞ ഈ പുനഃസ്ഥാപനത്തിൽ ആത്മീയവും അക്ഷരീയവും ആയ അനുഗ്രഹങ്ങൾ ഉൾപ്പെട്ടിരുന്നു.
യേശു സ്വർഗത്തിൽ കഴിയേണ്ടതാണ്: അഥവാ “സ്വർഗം യേശുവിനെ വെച്ചുകൊള്ളേണ്ടതാണ്.” എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം തുടങ്ങുന്നതുവരെ യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് കാത്തിരിക്കുന്നതിനെക്കുറിച്ചായിരിക്കാം ഇവിടെ പറഞ്ഞിരിക്കുന്നത്.—സങ്ക 110:1, 2; ലൂക്ക 21:24; എബ്ര 10:12, 13.
-