ശമുവേൽ ഒന്നാം ഭാഗം
6 യഹോവയുടെ പെട്ടകം+ ഏഴു മാസം ഫെലിസ്ത്യപ്രദേശത്തായിരുന്നു. 2 ഫെലിസ്ത്യർ പുരോഹിതന്മാരെയും ഭാവിഫലം പറയുന്നവരെയും വിളിച്ച്+ ഇങ്ങനെ ചോദിച്ചു: “യഹോവയുടെ പെട്ടകം ഞങ്ങൾ എന്തു ചെയ്യണം? ഞങ്ങൾ എങ്ങനെയാണ് അത് അതിന്റെ സ്ഥലത്തേക്കു മടക്കി അയയ്ക്കേണ്ടതെന്നു പറഞ്ഞാലും.” 3 അപ്പോൾ അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകം നിങ്ങൾ മടക്കി അയയ്ക്കുന്നെങ്കിൽ അതു വെറുതേ കൊടുത്തുവിടരുത്. ഒരു അപരാധയാഗത്തോടൊപ്പം മാത്രമേ നിങ്ങൾ അതു മടക്കി അയയ്ക്കാവൂ.+ എങ്കിലേ നിങ്ങൾ സുഖം പ്രാപിക്കുകയുള്ളൂ. ആ ദൈവത്തിന്റെ കൈ നിങ്ങളെ വിട്ടുമാറാത്തത് എന്തുകൊണ്ടെന്നു നിങ്ങൾക്ക് അപ്പോൾ മനസ്സിലാകുകയും ചെയ്യും.” 4 അപ്പോൾ അവർ ചോദിച്ചു: “അപരാധയാഗമായി എന്താണു ഞങ്ങൾ ആ ദൈവത്തിന് അയയ്ക്കേണ്ടത്?” അപ്പോൾ അവർ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിന് അനുസൃതമായി+ സ്വർണംകൊണ്ടുള്ള അഞ്ചു മൂലക്കുരു,* സ്വർണംകൊണ്ടുള്ള അഞ്ച് എലികൾ എന്നിവ അയയ്ക്കണം. കാരണം, നിങ്ങളെയും നിങ്ങളുടെ പ്രഭുക്കന്മാരെയും ക്ലേശിപ്പിച്ചത് ഒരേ ബാധയാണല്ലോ. 5 നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെ രൂപങ്ങളും ദേശത്ത് നാശം വിതയ്ക്കുന്ന എലികളുടെ രൂപങ്ങളും ഉണ്ടാക്കുകയും+ ഇസ്രായേലിന്റെ ദൈവത്തെ ബഹുമാനിക്കുകയും വേണം. അപ്പോൾ, ആ ദൈവം നിങ്ങളുടെയും നിങ്ങളുടെ ദൈവത്തിന്റെയും നിങ്ങളുടെ ദേശത്തിന്റെയും മേൽനിന്ന് തന്റെ ഭാരമുള്ള കൈ പിൻവലിച്ചേക്കാം.+ 6 ഈജിപ്തുകാരും ഫറവോനും തങ്ങളുടെ ഹൃദയം കഠിനമാക്കിയതുപോലെ നിങ്ങൾ എന്തിനു നിങ്ങളുടെ ഹൃദയം കഠിനമാക്കണം?+ ഇസ്രായേലിന്റെ ദൈവം അവരോടു കഠിനമായി പെരുമാറിയപ്പോൾ+ അവർക്ക് ഇസ്രായേലിനെ വിട്ടയയ്ക്കേണ്ടിവന്നില്ലേ? ഇസ്രായേല്യർ അവിടം വിട്ട് പോകുകയും ചെയ്തു.+ 7 അതുകൊണ്ട് ഇപ്പോൾ, പുതിയ ഒരു വണ്ടിയും അതോടൊപ്പം ഇതുവരെ നുകം വെച്ചിട്ടില്ലാത്തതും കിടാവുള്ളതും ആയ രണ്ടു പശുക്കളെയും ഒരുക്കുക. എന്നിട്ട്, പശുക്കളെ വണ്ടിയിൽ കെട്ടുക. പക്ഷേ, കിടാക്കളെ അവയുടെ അടുത്തുനിന്ന് തിരികെ വീട്ടിലേക്കു കൊണ്ടുപോകണം. 8 യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക. അപരാധയാഗമായി നിങ്ങൾ ആ ദൈവത്തിന് അയയ്ക്കുന്ന സ്വർണംകൊണ്ടുള്ള ഉരുപ്പടികൾ ഒരു പെട്ടിയിലാക്കി പെട്ടകത്തിന്റെ അടുത്ത് വെക്കണം.+ എന്നിട്ട്, ആ പശുക്കളെ അയയ്ക്കുക. 9 പക്ഷേ, അവയുടെ പോക്കു നിരീക്ഷിക്കണം. അതു ബേത്ത്-ശേമെശിലേക്കുള്ള+ വഴിയിലൂടെ അതിന്റെ സ്വന്തം സ്ഥലത്തേക്കു പോകുന്നെങ്കിൽ ഇസ്രായേലിന്റെ ദൈവംതന്നെയാണു നമ്മളോട് ഈ മഹാദോഷം ചെയ്തത്. എന്നാൽ, സംഭവിക്കുന്നത് അങ്ങനെയല്ലെങ്കിൽ നമ്മളെ പ്രഹരിച്ചത് ആ ദൈവത്തിന്റെ കൈയല്ല, മറിച്ച് അതു യാദൃച്ഛികമായി സംഭവിച്ചതാണെന്നു നമ്മൾ മനസ്സിലാക്കും.”
10 അവർ അങ്ങനെതന്നെ ചെയ്തു. കിടാവുള്ള രണ്ടു പശുക്കളെ അവർ വണ്ടിയിൽ കെട്ടി. കിടാക്കളെയോ കൊണ്ടുപോയി വീട്ടിലെ തൊഴുത്തിലും കെട്ടി. 11 തുടർന്ന്, അവർ യഹോവയുടെ പെട്ടകവും സ്വർണംകൊണ്ടുള്ള എലികൾ, തങ്ങളുടെ മൂലക്കുരുക്കളുടെ രൂപങ്ങൾ എന്നിവ അടങ്ങിയ പെട്ടിയും വണ്ടിയിൽ വെച്ചു. 12 പശുക്കൾ ബേത്ത്-ശേമെശിലേക്കുള്ള വഴിയിലൂടെ നേരെ മുന്നോട്ടു പോയി.+ അവ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ, അമറിക്കൊണ്ട് പ്രധാനവീഥിയിലൂടെതന്നെ നടന്നു. ഫെലിസ്ത്യപ്രഭുക്കന്മാരും അവയുടെ പിന്നാലെ ബേത്ത്-ശേമെശിന്റെ അതിർത്തിവരെ നടന്നുചെന്നു. 13 ബേത്ത്-ശേമെശിലെ ആളുകൾ താഴ്വാരത്തിൽ ഗോതമ്പു കൊയ്യുകയായിരുന്നു. അവർ തല ഉയർത്തി നോക്കിയപ്പോൾ പെട്ടകം കണ്ടു. അവർക്കു സന്തോഷം അടക്കാനായില്ല. 14 വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ നിലത്ത് ഒരു വലിയ കല്ലിന്റെ അടുത്ത് വന്ന് നിന്നു. അപ്പോൾ, അവർ വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ+ യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ചു.
15 ലേവ്യർ+ യഹോവയുടെ പെട്ടകവും അതോടൊപ്പമുണ്ടായിരുന്ന, സ്വർണംകൊണ്ടുള്ള ഉരുപ്പടികൾ അടങ്ങിയ പെട്ടിയും ഇറക്കി ആ വലിയ കല്ലിന്റെ മുകളിൽ വെച്ചു. ബേത്ത്-ശേമെശുകാർ+ ആ ദിവസം യഹോവയ്ക്കു ദഹനയാഗങ്ങളും ബലികളും അർപ്പിച്ചു.
16 അതു കണ്ട ആ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാർ അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി. 17 ഫെലിസ്ത്യർ യഹോവയ്ക്ക് അപരാധയാഗമായി അയച്ച സ്വർണമൂലക്കുരുക്കൾ ഇവയാണ്:+ അസ്തോദിനുവേണ്ടി ഒന്ന്,+ ഗസ്സയ്ക്കുവേണ്ടി ഒന്ന്, അസ്കലോനുവേണ്ടി ഒന്ന്, ഗത്തിനുവേണ്ടി ഒന്ന്,+ എക്രോനുവേണ്ടി ഒന്ന്.+ 18 സ്വർണംകൊണ്ടുള്ള എലികളുടെ എണ്ണമോ അഞ്ചു പ്രഭുക്കന്മാരുടെ കീഴിലുള്ള കോട്ടമതിലുള്ള നഗരങ്ങൾ, ചുറ്റുമതിലില്ലാത്ത ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ഫെലിസ്ത്യനഗരങ്ങളുടെയും എണ്ണമനുസരിച്ചായിരുന്നു.
അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച ആ വലിയ കല്ല് ബേത്ത്-ശേമെശുകാരനായ യോശുവയുടെ നിലത്ത് ഒരു സാക്ഷിയായി ഇന്നും കാണാം. 19 പക്ഷേ, ബേത്ത്-ശേമെശുകാർ യഹോവയുടെ പെട്ടകത്തിൽ നോക്കിയതുകൊണ്ട് ദൈവം അവരെ കൊന്നുകളഞ്ഞു. 50,070 പേരെയാണു* ദൈവം കൊന്നുവീഴ്ത്തിയത്. യഹോവ തങ്ങളുടെ മേൽ ഈ മഹാസംഹാരം നടത്തിയതുകൊണ്ട് ജനം വിലപിച്ചുതുടങ്ങി.+ 20 അവർ ഇങ്ങനെ ചോദിച്ചു: “ഈ വിശുദ്ധദൈവമായ യഹോവയുടെ മുന്നിൽ ആർക്കു നിൽക്കാനാകും?+ ദൈവം നമ്മളെ വിട്ട് മറ്റ് എങ്ങോട്ടെങ്കിലും പോയിരുന്നെങ്കിൽ!”+ 21 അതുകൊണ്ട്, അവർ കിര്യത്ത്-യയാരീംനിവാസികളുടെ+ അടുത്തേക്ക് ദൂതന്മാരെ അയച്ച് അവരോടു പറഞ്ഞു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിട്ടുണ്ട്. വന്ന് അത് എടുത്തുകൊണ്ട് പോകൂ!”+