മത്തായി എഴുതിയത്
18 അപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “ശരിക്കും ആരാണു സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ?”+ 2 യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി 3 അവരോടു പറഞ്ഞു: “നിങ്ങൾ മാറ്റം വരുത്തി* കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ+ ഒരുതരത്തിലും നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കില്ല+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 4 അതുകൊണ്ട് ഈ കുട്ടിയെപ്പോലെ താഴ്മയുള്ളവനായിരിക്കും സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.+ 5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു.+ 6 എന്നാൽ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ പുറങ്കടലിൽ താഴ്ത്തുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.+
7 “തടസ്സങ്ങൾ വെച്ച് ആളുകളെ വീഴിക്കാൻ നോക്കുന്ന ലോകത്തിന്റെ കാര്യം കഷ്ടം! മാർഗതടസ്സങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും. എന്നാൽ തടസ്സങ്ങൾ വെക്കുന്നവന്റെ കാര്യം കഷ്ടം! 8 പാപം ചെയ്യാൻ* നിന്റെ കൈയോ കാലോ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക.+ രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി ഒരിക്കലും കെടാത്ത തീയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 9 പാപം ചെയ്യാൻ* നിന്റെ കണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. രണ്ടു കണ്ണും ഉള്ളവനായി എരിയുന്ന ഗീഹെന്നയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 10 ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു+ ഞാൻ നിങ്ങളോടു പറയുന്നു. 11 ——
12 “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് 100 ആടുണ്ടെന്നു കരുതുക. അവയിൽ ഒന്നു കൂട്ടംതെറ്റിപ്പോയാൽ+ അയാൾ 99-നെയും മലകളിൽത്തന്നെ വിട്ടിട്ട് കൂട്ടംതെറ്റിയതിനെ തിരഞ്ഞുപോകില്ലേ?+ 13 അതിനെ കണ്ടെത്തിയാലുള്ള സന്തോഷം, കൂട്ടംതെറ്റിപ്പോകാത്ത 99-നെയും ഓർത്തുള്ള സന്തോഷത്തെക്കാൾ വലുതായിരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 14 അതുപോലെതന്നെ, ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ പിതാവിന് ഇഷ്ടമല്ല.+
15 “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ+ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക.* അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.+ 16 അദ്ദേഹം നീ പറയുന്നതു കേൾക്കുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും* സ്ഥിരീകരിക്കാം.*+ 17 അദ്ദേഹം അവരെയും കൂട്ടാക്കുന്നില്ലെങ്കിൽ* സഭയെ അറിയിക്കുക. സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ* അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും+ നികുതിപിരിവുകാരനെപ്പോലെയും കണക്കാക്കുക.+
18 “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നിങ്ങൾ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.+ 19 ഒരു കാര്യംകൂടി ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: പ്രാധാന്യമുള്ള ഏതൊരു കാര്യത്തെക്കുറിച്ചും ഭൂമിയിൽ നിങ്ങൾ രണ്ടു പേർ യോജിപ്പോടെ അപേക്ഷിച്ചാൽ സ്വർഗസ്ഥനായ എന്റെ പിതാവ് അതു ചെയ്തുതരും.+ 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവന്നാൽ+ അവിടെ അവരുടെ ഇടയിൽ ഞാനുണ്ട്.”
21 അപ്പോൾ പത്രോസ് വന്ന് യേശുവിനോടു ചോദിച്ചു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോദരനോടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” 22 യേശു പത്രോസിനോടു പറഞ്ഞു: “7 അല്ല, 77 തവണ+ എന്നു ഞാൻ പറയുന്നു.
23 “അതുകൊണ്ടുതന്നെ സ്വർഗരാജ്യത്തെ, തന്റെ അടിമകളുമായി കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോടു താരതമ്യപ്പെടുത്താം. 24 കണക്കു തീർത്തുതുടങ്ങിയപ്പോൾ, അദ്ദേഹത്തിന് 10,000 താലന്തു കൊടുത്തുതീർക്കാനുള്ള ഒരാളെ അവിടെ കൊണ്ടുവന്നു. 25 എന്നാൽ അതു കൊടുത്തുതീർക്കാൻ അയാൾക്കു വകയില്ലാത്തതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും ഉൾപ്പെടെ അയാൾക്കുള്ളതെല്ലാം വിറ്റ് കടം വീട്ടാൻ രാജാവ് കല്പിച്ചു.+ 26 അപ്പോൾ ആ അടിമ അദ്ദേഹത്തിന്റെ മുന്നിൽ വീണ് താണുവണങ്ങി ഇങ്ങനെ പറഞ്ഞു: ‘എനിക്കു കുറച്ച് സമയം തരണേ; ഞാൻ എല്ലാം തന്നുതീർത്തുകൊള്ളാം.’ 27 മനസ്സ് അലിഞ്ഞ രാജാവ് അടിമയെ വിട്ടയച്ചു; അയാളുടെ കടവും എഴുതിത്തള്ളി.+ 28 എന്നാൽ ആ അടിമ രാജാവിന്റെ മറ്റൊരു അടിമയെ പോയി കണ്ടു. തനിക്ക് 100 ദിനാറെ തരാനുണ്ടായിരുന്ന അയാളുടെ കഴുത്തിനു പിടിച്ച് ഞെരിച്ചുകൊണ്ട്, ‘എനിക്കു തരാനുള്ള കടം തന്നുതീർക്ക് ’ എന്നു പറഞ്ഞു. 29 അപ്പോൾ ആ അടിമ അയാളുടെ മുന്നിൽ വീണ് അയാളോടു കരഞ്ഞപേക്ഷിച്ചു: ‘എനിക്ക് കുറച്ച് സമയം തരണേ; ഞാൻ കടം തന്നുതീർത്തുകൊള്ളാം.’ 30 എന്നാൽ അയാൾ അതിനു സമ്മതിച്ചില്ല. പകരം, തനിക്കു തരാനുള്ളതു തന്നുതീർക്കുന്നതുവരെ അയാളെ ജയിലിലാക്കി. 31 ഇതു കണ്ടപ്പോൾ മറ്റ് അടിമകൾക്ക് ആകെ വിഷമമായി. അവർ ചെന്ന്, നടന്നതൊക്കെ രാജാവിനെ അറിയിച്ചു. 32 അപ്പോൾ രാജാവ് അയാളെ വിളിപ്പിച്ച് അയാളോടു പറഞ്ഞു: ‘ദുഷ്ടനായ അടിമേ, നീ കെഞ്ചിയപേക്ഷിച്ചപ്പോൾ നിന്റെ കടമൊക്കെ ഞാൻ എഴുതിത്തള്ളിയില്ലേ? 33 ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹയടിമയോടു കരുണ കാണിക്കേണ്ടതല്ലായിരുന്നോ?’+ 34 അങ്ങേയറ്റം ദേഷ്യം വന്ന രാജാവ്, കടം മുഴുവൻ വീട്ടുന്നതുവരെ അയാളെ ജയിലിൽ അടയ്ക്കാൻ പറഞ്ഞ് ജയിലധികാരികളെ ഏൽപ്പിച്ചു. 35 നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ എന്റെ സ്വർഗീയപിതാവ് നിങ്ങളോടും ഇതുപോലെ ചെയ്യും.”+