മർക്കൊസ് എഴുതിയത്
5 പിന്നെ അവർ കടലിന് അക്കരെ ഗരസേന്യരുടെ നാട്ടിൽ എത്തി.+ 2 യേശു വള്ളത്തിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ ശവക്കല്ലറകൾക്കിടയിൽനിന്ന് യേശുവിന്റെ നേരെ വന്നു. 3 കല്ലറകൾക്കിടയിലായിരുന്നു അയാളുടെ താവളം. ആർക്കും അയാളെ ചങ്ങലകൊണ്ടുപോലും തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 4 കാരണം, പലപ്പോഴും വിലങ്ങും ചങ്ങലകളും കൊണ്ട് ബന്ധിച്ചെങ്കിലും അയാൾ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും വിലങ്ങുകൾ തകർക്കുകയും ചെയ്തു. ആർക്കും അയാളെ കീഴ്പെടുത്താനുള്ള ശക്തിയില്ലായിരുന്നു. 5 രാത്രിയും പകലും എന്നില്ലാതെ അയാൾ കല്ലറകളിലും മലകളിലും അലറിവിളിച്ച് നടന്നു. മാത്രമല്ല, കല്ലുകൊണ്ട് അയാൾ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. 6 യേശുവിനെ ദൂരത്തുനിന്ന് കണ്ട അയാൾ ഓടിച്ചെന്ന് യേശുവിനെ വണങ്ങിയിട്ട്+ 7 ഇങ്ങനെ അലറിവിളിച്ച് പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? എന്നെ ഉപദ്രവിക്കില്ലെന്നു ദൈവത്തെക്കൊണ്ട് ആണയിട്.”+ 8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ട് പുറത്ത് വരൂ” എന്ന് യേശു കല്പിച്ചതുകൊണ്ടാണ് ആ അശുദ്ധാത്മാവ്+ ഇങ്ങനെ പറഞ്ഞത്. 9 “നിന്റെ പേര് എന്താണ് ” എന്ന് യേശു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “എന്റെ പേര് ലഗ്യോൻ. കാരണം, ഞങ്ങൾ പലരുണ്ട്.” 10 ആ ആത്മാക്കളെ അന്നാട്ടിൽനിന്ന് പറഞ്ഞയയ്ക്കരുതെന്ന് അയാൾ യേശുവിനോടു യാചിച്ചുകൊണ്ടിരുന്നു.+
11 അപ്പോൾ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു.+ 12 ആ ആത്മാക്കൾ യേശുവിനോട് ഇങ്ങനെ കേണപേക്ഷിച്ചു: “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണേ; ഞങ്ങൾ അവയിൽ പ്രവേശിച്ചുകൊള്ളാം.” 13 യേശു അവയ്ക്ക് അനുവാദം കൊടുത്തു. അങ്ങനെ, അശുദ്ധാത്മാക്കൾ പുറത്ത് വന്ന് പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി. ഏകദേശം 2,000 പന്നികളുണ്ടായിരുന്നു. എല്ലാം മുങ്ങിച്ചത്തു. 14 അവയെ മേയ്ച്ചിരുന്നവർ ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു. സംഭവിച്ചത് എന്താണെന്നു കാണാൻ ആളുകൾ വന്നുകൂടി.+ 15 അവർ യേശുവിന്റെ അടുത്ത് ചെന്നപ്പോൾ, ലഗ്യോൻ പ്രവേശിച്ചിരുന്ന ഭൂതബാധിതൻ വസ്ത്രം ധരിച്ച് സുബോധത്തോടെ ഇരിക്കുന്നതു കണ്ടു. അവർക്ക് ആകെ പേടിയായി. 16 പന്നിക്കൂട്ടത്തിനും ഭൂതബാധിതനും സംഭവിച്ചതെല്ലാം നേരിൽ കണ്ടവർ അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തു. 17 അപ്പോൾ, ആ പ്രദേശം വിട്ട് പോകാൻ അവർ യേശുവിനോട് അപേക്ഷിച്ചു.+
18 യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ തന്നെയും കൂടെക്കൊണ്ടുപോകാൻ യേശുവിനോട് അപേക്ഷിച്ചു.+ 19 എന്നാൽ യേശു അയാളെ അതിന് അനുവദിക്കാതെ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ നിനക്കു ചെയ്തുതന്ന കാര്യങ്ങളെപ്പറ്റിയും നിന്നോടു കാണിച്ച കരുണയെക്കുറിച്ചും പറയുക.” 20 അങ്ങനെ, അയാൾ ദക്കപ്പൊലിയിൽ ചെന്ന് യേശു തനിക്കു ചെയ്തുതന്നതിനെക്കുറിച്ച് എല്ലാവരോടും പറയാൻതുടങ്ങി. ഇതു കേട്ട് ആളുകളെല്ലാം അതിശയിച്ചു.
21 യേശു തിരിച്ച് വള്ളത്തിൽ ഇക്കരെ എത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം കടൽത്തീരത്ത് യേശുവിന്റെ അടുത്ത് വന്നുകൂടി.+ 22 അപ്പോൾ സിനഗോഗിന്റെ അധ്യക്ഷന്മാരിൽ ഒരാളായ യായീറൊസ് അവിടെ വന്നു. യേശുവിനെ കണ്ട ഉടനെ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണ്+ 23 പലവട്ടം ഇങ്ങനെ അപേക്ഷിച്ചു: “എന്റെ മോൾക്ക് അസുഖം വളരെ കൂടുതലാണ്. അങ്ങ് വന്ന് അവളുടെ മേൽ കൈകൾ വെക്കണേ.+ അങ്ങനെ ചെയ്താൽ അവൾ സുഖം പ്രാപിച്ച് ജീവിക്കും.” 24 യേശു അയാളോടൊപ്പം പോയി. ഒരു വലിയ ജനക്കൂട്ടം യേശുവിനെ തിക്കിഞെരുക്കി യേശുവിന്റെ ഒപ്പം ചെന്നു.
25 രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു; 26 പല വൈദ്യന്മാരുടെ അടുത്ത് പോയി വല്ലാതെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവാക്കുകയും ചെയ്തിട്ടും ആ സ്ത്രീയുടെ സ്ഥിതി വഷളായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. 27 യേശു ചെയ്തതിനെക്കുറിച്ചൊക്കെ കേട്ടറിഞ്ഞ ആ സ്ത്രീ ജനക്കൂട്ടത്തിന് ഇടയിലൂടെ യേശുവിന്റെ പിന്നിൽ എത്തി പുറങ്കുപ്പായത്തിൽ തൊട്ടു.+ 28 കാരണം “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”*+ എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 29 അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. തന്നെ വല്ലാതെ വലച്ചിരുന്ന ആ രോഗം മാറിയതായി അവർക്കു മനസ്സിലായി.
30 തന്നിൽനിന്ന് ശക്തി+ പുറപ്പെട്ടെന്നു യേശു പെട്ടെന്നു തിരിച്ചറിഞ്ഞു. ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നിരുന്ന യേശു തിരിഞ്ഞ്, “ആരാണ് എന്റെ പുറങ്കുപ്പായത്തിൽ തൊട്ടത് ”+ എന്നു ചോദിച്ചു. 31 എന്നാൽ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഈ ജനം മുഴുവൻ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും, ‘എന്നെ തൊട്ടത് ആരാണ് ’ എന്ന് അങ്ങ് ചോദിക്കുന്നോ?” 32 യേശുവോ തന്നെ തൊട്ടത് ആരാണെന്നു കാണാൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. 33 തനിക്കു സംഭവിച്ചതു മനസ്സിലാക്കിയ സ്ത്രീ പേടിച്ചുവിറച്ച് യേശുവിന്റെ കാൽക്കൽ വീണ് സത്യം മുഴുവൻ തുറന്നുപറഞ്ഞു. 34 യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.+ നിന്റെ മാറാരോഗം മാറിക്കിട്ടിയല്ലോ.+ ഇനി ആരോഗ്യത്തോടെ ജീവിക്കുക.”
35 യേശു അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന് ചിലർ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി എന്തിനാണു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?”+ 36 എന്നാൽ അതു കേട്ട യേശു സിനഗോഗിലെ അധ്യക്ഷനോട്, “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി”+ എന്നു പറഞ്ഞു. 37 പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും അല്ലാതെ മറ്റാരെയും തന്റെകൂടെ പോരാൻ യേശു അനുവദിച്ചില്ല.+
38 അങ്ങനെ, അവർ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽ എത്തി. അവിടെ ആളുകൾ കരഞ്ഞുനിലവിളിച്ച് ബഹളമുണ്ടാക്കുന്നതു യേശു കണ്ടു.+ 39 അകത്തുചെന്ന് യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ കരഞ്ഞ് ബഹളംവെക്കുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 40 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. എന്നാൽ യേശു അവരെയെല്ലാം പുറത്തിറക്കിയിട്ട് കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടി അവളെ കിടത്തിയിരുന്നിടത്തേക്കു ചെന്നു. 41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.) 42 ഉടൻതന്നെ പെൺകുട്ടി എഴുന്നേറ്റ് നടന്നു. (അവൾക്ക് 12 വയസ്സായിരുന്നു.) ഇതു കണ്ട് അവർ സന്തോഷംകൊണ്ട് മതിമറന്നു. 43 എന്നാൽ സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോട് ആവർത്തിച്ചുപറഞ്ഞു.*+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാനും യേശു പറഞ്ഞു.