“അതിഥിസല്ക്കാരം ആചരിക്ക”
“വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിൻ.”—റോമർ 12:13.
1. മമനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യം എന്താണ്, അത് എങ്ങനെ പ്രകടമാക്കപ്പെടുന്നു?
പരിചിതമല്ലാത്ത ഒരു സ്ഥലത്തെ വിജനമായ തെരുവിൽകൂടി രാത്രി വൈകി നടന്നുപോകുക എന്നത് ഇക്കാലത്ത് അസ്വസ്ഥമാക്കുന്ന ഒരു അനുഭവമായിരിക്കാം. ആരെയും അറിയില്ലാത്ത ആരും തിരിച്ചറിയാനില്ലാത്ത ഒരു ജനമധ്യത്തിലായിരിക്കുന്നതും അതുപോലെതന്നെ സമ്മർദപൂരിതമായിരിക്കാൻ കഴിയും. പരിപാലിക്കപ്പെടുകയും വേണ്ടപ്പെട്ടവനായിരിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്നുള്ള ആവശ്യം തീർച്ചയായും മനുഷ്യപ്രകൃതത്തിന്റെതന്നെ ഒരു അവിഭാജ്യ ഭാഗമാണ്. അപരിചിതനോ പുറത്തുള്ളവനോ ആയി തന്നെ കരുതാൻ ആരും ഇഷ്ടപ്പെടുന്നില്ല.
2. സഖിത്വത്തിനായുള്ള നമ്മുടെ ആവശ്യത്തിനായി യഹോവ കരുതൽ ചെയ്തിരിക്കുന്നത് എങ്ങനെ?
2 സകലത്തിന്റെയും നിർമാതാവും സ്രഷ്ടാവുമായ യഹോവയാം ദൈവം സഖിത്വത്തിനുള്ള മമനുഷ്യന്റെ ആവശ്യം നന്നായി തിരിച്ചറിയുന്നു. മനുഷ്യസൃഷ്ടിയുടെ രൂപകൽപ്പിതാവ് എന്ന നിലയിൽ, “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല” എന്നു തുടക്കംമുതലേ ദൈവത്തിന് അറിയാമായിരുന്നു. അതു സംബന്ധിച്ച് അവൻ ചില കാര്യങ്ങൾ ചെയ്യുകയും ചെയ്തു. (ഉല്പത്തി 2:18, 21, 22) ബൈബിൾ രേഖ നിറയെ, യഹോവയും അവന്റെ ദാസന്മാരും മനുഷ്യരോടു കാട്ടിയ ദയാപ്രവൃത്തികളുടെ ഉദാഹരണങ്ങൾ കാണാം. മറ്റുള്ളവർക്കു സന്തോഷവും ആനന്ദവും, നമുക്കു സംതൃപ്തിയും കൈവരുത്തിക്കൊണ്ട് എങ്ങനെ ‘അതിഥിസല്ക്കാരം ആചരിക്കാമെന്നു’ പഠിക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു.—റോമർ 12:13.
അപരിചിതരോടുള്ള പ്രിയം
3. അതിഥിസത്കാരം എന്നതിന്റെ അടിസ്ഥാന അർഥം വിശദീകരിക്കുക.
3 ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “അതിഥിസല്ക്കാരം” എന്ന പദം വിവർത്തനം ചെയ്തിരിക്കുന്നത് “സ്നേഹം” എന്നും “അപരിചിതൻ” എന്നും അർഥമുള്ള രണ്ടു മൂലപദങ്ങൾ ചേർന്നുണ്ടായ ഫിലോക്സെനിയ എന്ന ഗ്രീക്കു വാക്കിൽനിന്നാണ്. അതുകൊണ്ട്, അതിഥിസത്കാരം എന്നതിന്റെ അടിസ്ഥാനപരമായ അർഥം “അപരിചിതരോടുള്ള സ്നേഹം” എന്നാണ്. എന്നാൽ ഇതു കേവലം ഔപചാരികതയോ മര്യാദപ്രവൃത്തിയോ അല്ല. അതിൽ ഒരുവന്റെ വികാരങ്ങളും പ്രീതിവാത്സല്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ജയിംസ് സ്ട്രോങ്ങിന്റെ സമ്പൂർണ ബൈബിൾ കോൺകോഡൻസ് (ഇംഗ്ലീഷ്) അനുസരിച്ച് ഫിലിയോ എന്ന ക്രിയയുടെ അർഥം “ഒരു സുഹൃത്ത് ആയിരിക്കുക ([ഒരു വ്യക്തിയോട് അല്ലെങ്കിൽ വസ്തുവിനോട്] പ്രിയമുണ്ടായിരിക്കുക), അതായത്, (വികാരത്തോടു ബന്ധപ്പെട്ട ഒരു കാര്യമെന്നപോലെ, വ്യക്തിപരമായ അടുപ്പത്തെ സൂചിപ്പിക്കുന്ന) വാത്സല്യമുണ്ടായിരിക്കുക എന്നാണ്.” അതുകൊണ്ട്, ഒരുപക്ഷേ കടമയോ കടപ്പാടോ എന്ന നിലയിൽ കാണിക്കുന്ന തത്ത്വാധിഷ്ഠിത സ്നേഹത്തെക്കാൾ കവിഞ്ഞുപോകുന്നു അതിഥിസത്കാരം. അതു സാധാരണമായി യഥാർഥമായ പ്രിയത്തിന്റെയും വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു പ്രകടനമാണ്.
4. ആരോട് അതിഥിസത്കാരം കാണിക്കേണ്ടതുണ്ട്?
4 ഈ പ്രീതിയും വാത്സല്യവും സ്വീകരിക്കുന്ന വ്യക്തി “അപരിചിതൻ” (ഗ്രീക്ക്, സെനോസ്) ആണ്. ഇത് ആരായിരിക്കാം? ‘വിദേശി (അക്ഷരാർഥത്തിൽ പരദേശി, അല്ലെങ്കിൽ പ്രതീകാത്മകാർഥത്തിൽ മുമ്പു പരിചയമില്ലാത്തയാൾ); വിവക്ഷകൊണ്ട് ഒരു അതിഥി അല്ലെങ്കിൽ (നേരേമറിച്ച്) ഒരു അപരിചിതൻ’ എന്ന് സ്ട്രോങ്ങിന്റെ കോൺകോഡൻസ് വീണ്ടും സെനോസ് എന്ന പദത്തെ നിർവചിക്കുന്നു. അതുകൊണ്ട്, ബൈബിളിൽ ഉദാഹരിച്ചിരിക്കുന്നതുപോലെ, നമുക്കു പ്രിയമുള്ള ആരോടെങ്കിലും പ്രകടമാക്കുന്ന ദയയെ അതിനു പ്രതിഫലിപ്പിക്കാൻ കഴിയും. അല്ലെങ്കിൽ തികച്ചും അപരിചിതനായ ഒരു വ്യക്തിയുടെ നേർക്കുപോലും അതു വെച്ചുനീട്ടാൻ സാധിക്കും. യേശു ഇങ്ങനെ വിശദീകരിച്ചു: “നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരൻമാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?” (മത്തായി 5:46, 47) യഥാർഥ അതിഥിസത്കാരം, മുൻവിധിയും ഭയവും മൂലമുണ്ടാകുന്ന ഭിന്നതയെയും വിവേചനത്തെയും കവിഞ്ഞുപോകുന്നു.
യഹോവ, തികഞ്ഞ ആതിഥേയൻ
5, 6. (എ) ‘നിങ്ങളുടെ സ്വർഗ്ഗീയ പിതാവു സൽഗുണപൂർണ്ണനാകുന്നു’ എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്ത്? (ബി) യഹോവയുടെ ഔദാര്യം എങ്ങനെ കാണപ്പെടുന്നു?
5 മുകളിൽ പരാമർശിച്ചതുപോലെ മനുഷ്യർ അന്യോന്യം പ്രകടമാക്കുന്ന സ്നേഹത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയശേഷം, യേശു ഈ അഭിപ്രായം കൂട്ടിച്ചേർത്തു: “നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” (മത്തായി 5:48) തീർച്ചയായും, എല്ലാ വശങ്ങളിലും യഹോവ പൂർണനാണ്. (ആവർത്തനപുസ്തകം 32:4) എന്നുവരികിലും, “[ദൈവം] ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ” എന്നു യേശു നേരത്തെ പറഞ്ഞതിനാൽ യഹോവയുടെ പൂർണതയുടെ ഒരു പ്രത്യേകവശം അവൻ എടുത്തു കാണിക്കുകയായിരുന്നു. (മത്തായി 5:45) ദയ കാണിക്കുന്ന കാര്യത്തിൽ യഹോവ യാതൊരു മുഖപക്ഷവുമുള്ളവനല്ല.
6 സ്രഷ്ടാവായിരിക്കുന്നതിനാൽ, യഹോവ സകലത്തിന്റെയും ഉടമയാണ്. “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ” എന്നു യഹോവ പറയുന്നു. (സങ്കീർത്തനം 50:10, 11) എങ്കിലും, അവൻ സ്വാർഥപൂർവം ഒന്നിനെയും പിടിച്ചുവെക്കുന്നില്ല. അവൻ തന്റെ ഔദാര്യം നിമിത്തം സകല സൃഷ്ടികൾക്കും വേണ്ടി കരുതുന്നു. സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.”—സങ്കീർത്തനം 145:16.
7. യഹോവ അപരിചിതരോടും മുട്ടുള്ളവരോടും ഇടപെടുന്ന വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ സാധിക്കും?
7 ആളുകൾക്ക്—തന്നെ അറിയാത്തവരും തനിക്ക് അപരിചിതരുമായിരിക്കുന്ന ആളുകൾക്കു പോലും—ആവശ്യമുള്ളതു യഹോവ കൊടുക്കുന്നു. യഹോവ “നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല” എന്ന് പൗലോസും ബർന്നബാസും ലുസ്ത്ര നഗരത്തിലെ വിഗ്രഹാരാധികളെ ഓർമിപ്പിച്ചു. (പ്രവൃത്തികൾ 14:17) പ്രത്യേകിച്ച് മുട്ടുള്ളവരോടു യഹോവ ദയയും ഔദാര്യവും ഉള്ളവനാണ്. (ആവർത്തനപുസ്തകം 10:17, 18) അതിഥിസത്കാരപ്രിയരായിരുന്നുകൊണ്ട്, മറ്റുള്ളവരോടു ദയയും ഔദാര്യവും കാണിക്കുന്നതിൽ യഹോവയിൽനിന്നു നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.
8. നമ്മുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നതിൽ യഹോവ എങ്ങനെ ഔദാര്യം കാണിച്ചിരിക്കുന്നു?
8 തന്റെ സൃഷ്ടികളുടെ ഭൗതികാവശ്യങ്ങൾക്കായി സമൃദ്ധമായി കരുതുന്നതിനു പുറമേ, ഒരു ആത്മീയ വിധത്തിലും അവരുടെ ആവശ്യങ്ങൾക്കായി യഹോവ കരുതുന്നു. നാം ആത്മീയമായി ശോചനീയമായ അവസ്ഥയിലാണെന്നു നമ്മിലാരും മനസ്സിലാക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ ആത്മീയ ക്ഷേമത്തെപ്രതി അങ്ങേയറ്റം ഉദാരമനസ്സോടെ യഹോവ പ്രവർത്തിക്കുകയുണ്ടായി. റോമർ 5:8, 10-ൽ നാം വായിക്കുന്നു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു.” ആ കരുതൽ, പാപികളായ മനുഷ്യർക്കു നമ്മുടെ സ്വർഗീയ പിതാവുമായി സന്തുഷ്ടകരമായ ഒരു കുടുംബബന്ധത്തിലേക്കു വരുക സാധ്യമാക്കിത്തീർക്കുന്നു. (റോമർ 8:20, 21) പാപപൂർണവും അപൂർണവുമായ ഒരു അവസ്ഥയാണു നമുക്ക് ഉള്ളതെങ്കിൽകൂടി, നമ്മുടെ ജീവിതം വിജയപ്രദമാക്കുന്നതിന് ഉചിതമായ മാർഗനിർദേശവും വഴിനടത്തിപ്പും നമുക്കു ലഭിക്കുന്നുവെന്നു യഹോവ ഉറപ്പുവരുത്തി.—സങ്കീർത്തനം 119:105; 2 തിമൊഥെയൊസ് 3:16.
9, 10. (എ) യഹോവ തികഞ്ഞ ഒരു ആതിഥേയനാണെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ സത്യാരാധകർ യഹോവയെ എങ്ങനെ അനുകരിക്കണം?
9 ഇതിന്റെ വീക്ഷണത്തിൽ, സത്യമായും യഹോവ ഒട്ടനവധി വിധങ്ങളിൽ പൂർണനായ ആതിഥേയനാണെന്നു നമുക്കു പറയാൻ കഴിയും. മുട്ടുള്ളവരെയും നിസ്സാരരെയും എളിയവരെയും അവൻ അവഗണിക്കുന്നില്ല. അവൻ അപരിചിതരോട്, തന്റെ ശത്രുക്കളോടു പോലും, യഥാർഥ താത്പര്യം കാണിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു. ഭൗതികമായി എന്തെങ്കിലും തിരിച്ചുകിട്ടാൻ അവൻ പ്രതീക്ഷിക്കുന്നില്ല. ഇതിലെല്ലാം, ഒരു തികഞ്ഞ ആതിഥേയന്റെ പരമമായ ഉദാഹരണമല്ലേ അവൻ?
10 അത്തരം സ്നേഹദയയും ഔദാര്യവുമുള്ള ഒരു ദൈവമെന്ന നിലയിൽ, തന്റെ ആരാധകർ തന്നെ അനുകരിക്കണമെന്നാണു യഹോവയുടെ ആഗ്രഹം. ദയാപുരസ്സരമായ ഈ ഗുണത്തിന്റെ മുന്തിയ ദൃഷ്ടാന്തങ്ങൾ ബൈബിളിലുടനീളം നാം കാണുന്നു. “പുരാതന ഇസ്രായേലിൽ അതിഥിസത്കാരം നല്ല പെരുമാറ്റരീതികളുടെ കേവലമൊരു ഭാഗമായിരുന്നില്ല, മറിച്ച് ഒരു ധാർമികമായ ആചാരമായിരുന്നു . . . യഹൂദ പാരമ്പര്യത്തിൽ വളരെ മതിക്കപ്പെടുന്ന ഒരു സദ്ഗുണമായി വികാസം പ്രാപിച്ച അതിഥിസത്കാരവും അതിനോടു ബന്ധപ്പെട്ട വശങ്ങളും ആവിർഭവിച്ച മൂശയായിരുന്നു ക്ഷീണിച്ചുവലഞ്ഞ ഒരു യാത്രക്കാരനെ സ്വാഗതം ചെയ്യുന്നതും ഒരുവന്റെ കൂട്ടത്തിൽ അപരിചിതനെ കൈക്കൊള്ളുന്നതുമായ ബൈബിൾ ആചാരരീതികൾ” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക അഭിപ്രായപ്പെടുന്നു. ഏതെങ്കിലുമൊരു പ്രത്യേക ദേശനിവാസികളുടെയോ വംശത്തിന്റെയോ മുഖമുദ്രയായിരിക്കുന്നതിനെക്കാൾ, യഹോവയുടെ എല്ലാ സത്യാരാധകരുടെയും ഒരു സവിശേഷതയായിരിക്കേണ്ടതുണ്ട് അതിഥിസത്കാരം.
ദൂതന്മാരുടെ ആതിഥേയൻ
11. അതിഥിസത്കാരം അപ്രതീക്ഷിതമായ അനുഗ്രഹങ്ങൾ കൈവരുത്തിയെന്ന് ഏതു മുന്തിയ ദൃഷ്ടാന്തം പ്രകടമാക്കുന്നു? (ഉല്പത്തി 19:1-3-ഉം ന്യായാധിപന്മാർ 13:11-16-ഉം കൂടെ കാണുക.)
11 അതിഥിസത്കാരം കാട്ടിയതിനെക്കുറിച്ചുള്ള പരക്കെ അറിയപ്പെടുന്ന ബൈബിൾ വിവരണങ്ങളിലൊന്ന്, ഹെബ്രോനു സമീപമുള്ള മമ്രേയിലെ വൻമരങ്ങളുടെ ഇടയിൽ കൂടാരമടിച്ചു താമസിക്കുമ്പോൾ അബ്രഹാമും സാറായും കാട്ടിയ അതിഥിസത്കാരത്തെക്കുറിച്ചുള്ളതാണ്. (ഉല്പത്തി 18:1-10; 23:19) “അതിഥിസല്ക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ” എന്ന ഉദ്ബോധനം നൽകിയപ്പോൾ അപ്പോസ്തലനായ പൗലോസിനു നിസ്സംശയമായും മനസ്സിലുണ്ടായിരുന്നത് ഈ സംഭവമായിരുന്നു. (എബ്രായർ 13:2) അതിഥിസത്കാരം പാരമ്പര്യത്തോടോ വളർന്നുവന്ന വിധത്തോടോ ബന്ധപ്പെട്ട ഒരു കാര്യമല്ല, മറിച്ച് അത്ഭുതകരമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു ദൈവിക ഗുണമാണ് എന്നു കാണാൻ ഈ വിവരണത്തെക്കുറിച്ചുള്ള ഒരു പഠനം നമ്മെ സഹായിക്കും.
12. അപരിചിതരോടുള്ള തന്റെ സ്നേഹം അബ്രഹാം എങ്ങനെ പ്രകടമാക്കി?
12 സന്ദർശകരെ അബ്രഹാമിന് അറിയില്ലായിരുന്നുവെന്നും അവരുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നുവെന്നും ഉല്പത്തി 18:1, 2 സൂചിപ്പിക്കുന്നു. അവർ അതിലെ കടന്നുപോയ മൂന്ന് അപരിചിതരാണെന്നു വേണമെങ്കിൽ പറയാം. തനിക്കു പരിചിതമല്ലാത്ത ഒരു ദേശത്തായിരിക്കുന്ന യാത്രക്കാരന് അവിടെയുള്ള ആരെയും അറിയില്ലെങ്കിൽപോലും അതിഥിസത്കാരം പ്രതീക്ഷിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. അതായിരുന്നു പൗരസ്ത്യരുടെ ഇടയിലെ കീഴ്വഴക്കമെന്നു ചില ഭാഷ്യകാരന്മാർ പറയുന്നു. എന്നാൽ അപരിചിതർ തങ്ങളുടെ അവകാശം പ്രയോജനപ്പെടുത്താൻ അബ്രഹാം കാത്തിരുന്നില്ല; അവൻ മുൻകൈ എടുത്തു. തന്നിൽനിന്നു കുറെ അകലെയായിരുന്ന അപരിചിതരുടെ അടുത്തേക്ക് അവൻ “ഓടിച്ചെന്നു”—ഇതെല്ലാം “വെയിലുറെച്ചപ്പോൾ” ആയിരുന്നു. തന്നെയുമല്ല അബ്രഹാമിന് 99 വയസ്സുമുണ്ടായിരുന്നു! നമുക്ക് അനുകരിക്കാനുള്ള ഒരു മാതൃകയെന്ന നിലയിൽ പൗലോസ് അബ്രഹാമിനെക്കുറിച്ചു പരാമർശിച്ചത് എന്തുകൊണ്ടാണെന്ന് ഇതു കാണിക്കുന്നില്ലേ? അതാണ് അതിഥിസത്കാരത്തിന്റെ സത്ത, അപരിചിതരോടുള്ള പ്രിയം അഥവാ സ്നേഹം, അവരുടെ ആവശ്യങ്ങളിലുള്ള യഥാർഥ താത്പര്യം. അതു ക്രിയാത്മകമായ ഒരു ഗുണമാണ്.
13. അബ്രഹാം തന്റെ സന്ദർശകരുടെ മുമ്പാകെ ‘കുനിഞ്ഞത്’ എന്തുകൊണ്ട്?
13 അപരിചിതരെ കണ്ടുമുട്ടിയശേഷം, അബ്രഹാം “നിലംവരെ കുനിഞ്ഞു” എന്നു വിവരണം നമ്മോടു പറയുന്നു. തികച്ചും അപരിചിതരായവരുടെ മുമ്പാകെ കുനിയുകയോ? ആദരണീയനായ ഒരു അതിഥിയെ അല്ലെങ്കിൽ ഉയർന്ന സ്ഥാനത്തുള്ള ആരെയെങ്കിലും അഭിവാദനം ചെയ്യുന്ന വിധത്തെ, അബ്രഹാം നടത്തിയതുപോലുള്ള കുമ്പിടലിനെ, ദൈവത്തിനു മാത്രം അർപ്പിക്കേണ്ട ആരാധനക്രിയയുമായി കൂട്ടിക്കുഴയ്ക്കരുത്. (പ്രവൃത്തികൾ 10:25, 26-ഉം വെളിപ്പാടു 19:10-ഉം താരതമ്യം ചെയ്യുക.) കേവലം തല വണക്കുന്നതിനു പകരം, “നിലംവരെ” കുനിഞ്ഞതിനാൽ, മുഖ്യരാണ് എന്ന ബഹുമതി അബ്രഹാം ആ അപരിചിതർക്കു നൽകി. അദ്ദേഹം വലിയൊരു സമ്പന്ന ഗോത്രകുടുംബത്തിന്റെ തലവനായിരുന്നെങ്കിലും, ആ അപരിചിതരെ തന്നെക്കാൾ കൂടുതൽ ബഹുമാനത്തിന് അർഹരായി അവൻ കരുതി. അപരിചിതരെക്കുറിച്ചു പൊതുവേയുള്ള സംശയത്തിൽനിന്ന്, നോക്കട്ടെ, എന്നിട്ടാവാം എന്ന മനോഭാവത്തിൽനിന്ന്, എത്രയോ വ്യത്യസ്തമാണത്! “തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന പ്രസ്താവനയുടെ അർഥം അബ്രഹാം ശരിക്കും പ്രകടമാക്കുകയുണ്ടായി.—റോമർ 12:10.
14. അബ്രഹാം അപരിചിതരോട് അതിഥിസത്കാരം കാണിച്ചതിൽ എന്തു ശ്രമവും ത്യാഗവും ഉൾപ്പെട്ടിരുന്നു?
14 അബ്രഹാമിന്റെ വികാരങ്ങൾ യഥാർഥമായിരുന്നുവെന്നു വിവരണത്തിന്റെ ശിഷ്ടഭാഗം കാട്ടിത്തരുന്നു. ഭക്ഷണംതന്നെ അസാധാരണമായിരുന്നു. ധാരാളം ആടുമാടുകളുള്ള ഒരു വലിയ വീട്ടിൽപോലും “ഇളയതും നല്ലതുമായൊരു കാളക്കുട്ടി” സാധാരണ ഭക്ഷണത്തിന്റെ ഭാഗമല്ല. ആ പ്രദേശത്തു നിലവിലുണ്ടായിരുന്ന ആചാരങ്ങളെക്കുറിച്ചു ജോൺ കിറ്റോയുടെ അനുദിന ബൈബിൾ ദൃഷ്ടാന്തങ്ങൾ (ഇംഗ്ലീഷ്) ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഉത്സവസമയങ്ങളിലോ ഒരു അപരിചിതൻ വരുമ്പോഴോ അല്ലാതെ വിശിഷ്ട ഭോജ്യങ്ങൾ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല; അത്തരം സന്ദർഭങ്ങളിൽ മാത്രമാണ് ആടുമാടുകൾ ധാരാളമുള്ളവർ പോലും മൃഗമാംസം കഴിച്ചിരുന്നത്.” ഉഷ്ണ കാലാവസ്ഥ ആയിരുന്നതിനാൽ പെട്ടെന്നു നശിച്ചുപോകുന്ന ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്, അത്തരമൊരു ഭക്ഷണം തയ്യാറാക്കുമ്പോൾ എല്ലാം ഒരു സമയത്തുതന്നെ നിർവഹിക്കണമായിരുന്നു. ഈ ഹ്രസ്വമായ വിവരണത്തിൽ “ബദ്ധപ്പെട്ടു” അല്ലെങ്കിൽ “ക്ഷണത്തിൽ” എന്ന വാക്കു മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതിൽ അതിശയിക്കാനില്ല. ഭക്ഷണം തയ്യാറാക്കുന്നതിനായി അബ്രഹാം അക്ഷരാർഥത്തിൽതന്നെ “ഓടിച്ചെന്നു”!—ഉല്പത്തി 18:6-8.
15. അബ്രഹാം ഉദാഹരിക്കുന്നതുപോലെ അതിഥിസത്കാരം കാണിക്കുന്നതിൽ ഭൗതിക വസ്തുക്കൾ സംബന്ധിച്ച ഉചിതമായ വീക്ഷണമെന്ത്?
15 പക്ഷേ, ആരുടെയെങ്കിലും മതിപ്പു നേടുന്നതിനായി, ഒരു വലിയ സദ്യ ഒരുക്കണം എന്നല്ല ഈ പറഞ്ഞുവരുന്നതിന്റെ ഉദ്ദേശ്യം. ഭക്ഷണം ഒരുക്കി അവർക്കു കൊടുക്കുന്നതിൽ അബ്രഹാമും സാറായും വളരെയധികം ശ്രമം നടത്തിയെങ്കിലും അതേക്കുറിച്ച് അബ്രഹാം നേരത്തെ പരാമർശിച്ചത് എങ്ങനെയെന്നു ശ്രദ്ധിക്കുക: “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” (ഉല്പത്തി 18:4, 5) ആ “ഒരു മുറി അപ്പം” മെഴുത്ത കാളക്കുട്ടിയുടെയും നല്ല മാവുപൊടി, വെണ്ണ, പാൽ എന്നിവകൊണ്ടുള്ള വട്ടയപ്പങ്ങളുടെയും ഒരു വിരുന്നാണെന്നു തെളിഞ്ഞു—ഒരു രാജാവിനുള്ള സദ്യതന്നെ. എന്താണ് അതിലെ പാഠം? അതിഥിസത്കാരം കാണിക്കുമ്പോൾ പ്രധാനമായ സംഗതി അല്ലെങ്കിൽ ഊന്നൽ കൊടുക്കേണ്ട കാര്യം ഭക്ഷണപാനീയങ്ങൾ എത്ര സമൃദ്ധമായിരിക്കണം അല്ലെങ്കിൽ വിനോദസജ്ജീകരണം എത്ര വിപുലമായിരിക്കണം എന്നതല്ല. അതിഥിസത്കാരം ആശ്രയിച്ചിരിക്കുന്നതു വിലയേറിയ സാധനങ്ങൾ ഒരുവനു കൊടുക്കാൻ കഴിയുമോ എന്നതിനെയല്ല, മറിച്ച് മറ്റുള്ളവരുടെ ക്ഷേമത്തോടുള്ള യഥാർഥ താത്പര്യത്തെയും ഒരുവനു കഴിയുന്നിടത്തോളം മറ്റുള്ളവർക്കു നന്മ ചെയ്യാനുള്ള ആഗ്രഹത്തെയുമാണ്. “ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. യഥാർഥ അതിഥിസത്കാരത്തിന്റെ അന്തഃസത്ത അതിലാണ്.—സദൃശവാക്യങ്ങൾ 15:17.
16. സന്ദർശകർക്കായി അബ്രഹാം ചെയ്ത കാര്യത്തിൽ ആത്മീയ കാര്യങ്ങളോട് അവൻ എങ്ങനെയാണു വിലമതിപ്പു പ്രകടമാക്കിയത്?
16 എന്നിരുന്നാലും, മുഴു പരിപാടിക്കും ഒരു ആത്മീയ പ്രതീതിയും ഉണ്ടായിരുന്നതായി നാം ശ്രദ്ധിക്കണം. ഈ സന്ദർശകർ യഹോവയിൽനിന്നുള്ള സന്ദേശവാഹകരായിരുന്നുവെന്ന് അബ്രഹാം എങ്ങനെയോ മനസ്സിലാക്കിയിരിക്കാം. “യഹോവേ, ഇപ്പോൾ ഞാൻ നിന്റെ കണ്ണുകളിൽ പ്രീതിയുള്ളവനാണെങ്കിൽ, നിന്റെ ദാസനെ കടന്നുപോകരുതേ” എന്ന് അവൻ അവരെ അഭിസംബോധന ചെയ്യുന്നതിനാൽ അതു സൂചിപ്പിക്കപ്പെടുന്നു.a (ഉല്പത്തി 18:3, NW; പുറപ്പാടു 33:20 താരതമ്യം ചെയ്യുക.) തനിക്കായി അവർ ഒരു സന്ദേശം കൊണ്ടുവന്നിരിക്കയാണോ അതോ അവർ വെറുതെ കടന്നുപോവുകയാണോ എന്ന് അബ്രഹാമിനു നേരത്തെ അറിയില്ലായിരുന്നു. എങ്കിലും, യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുകയാണെന്ന് അവൻ മനസ്സിലാക്കി. ആ വ്യക്തികൾ യഹോവയിൽനിന്നുള്ള ഏതോ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അതിനുള്ള സംഭാവനയ്ക്കായി തനിക്ക് എന്തെങ്കിലും ചെയ്യാനായാൽ, അത് അവനു സന്തോഷമാകുമായിരുന്നു. യഹോവയുടെ ദാസന്മാർ ഏറ്റവും മികച്ചത് അർഹിക്കുന്നുവെന്ന് അവൻ മനസ്സിലാക്കി. തന്റെ സാഹചര്യങ്ങളാലാവുന്നതിൽ ഏറ്റവും മികച്ചത് അവൻ നൽകുമായിരുന്നു. അങ്ങനെ ചെയ്യുകവഴി തനിക്കോ മറ്റാർക്കെങ്കിലുമോ ആത്മീയ അനുഗ്രഹം ലഭിക്കുമായിരുന്നു. അബ്രഹാമിന്റെയും സാറായുടെയും ആത്മാർഥമായ അതിഥിസത്കാരത്തിന്റെ ഫലമായി അവർ ഇരുവരും സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.—ഉല്പത്തി 18:9-15; 21:1, 2.
അതിഥിസത്കാരപ്രിയമുള്ള ഒരു ജനത
17. തങ്ങളുടെ ഇടയിലെ അപരിചിതരെയും മുട്ടുള്ളവരെയും സംബന്ധിച്ച് ഇസ്രായേല്യരിൽനിന്നു യഹോവ എന്ത് ആവശ്യപ്പെട്ടു?
17 അബ്രഹാമിന്റെ മുന്തിയ ദൃഷ്ടാന്തം, അവനിൽനിന്ന് ഉളവായ ജനത വിസ്മരിച്ചുകളയരുതായിരുന്നു. യഹോവ ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ, അവരുടെ ഇടയിലുണ്ടായിരുന്ന അപരിചിതരോട് അതിഥിസത്കാരം കാണിക്കുന്നതിനുള്ള കരുതലുകൾ ഉൾപ്പെട്ടിരുന്നു. “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യപുസ്തകം 19:34) ഭൗതിക സഹായം ആവശ്യമുണ്ടായിരുന്നവരെ ആ ജനത നിസ്സാരരായി തള്ളിക്കളയാതെ അവരോടു പ്രത്യേക പരിഗണന കാണിക്കേണ്ടിയിരുന്നു. യഹോവ അവരെ സമൃദ്ധമായ വിളവുകൾകൊണ്ട് അനുഗ്രഹിച്ചപ്പോഴും ഉത്സവങ്ങളിൽ അവർ സന്തോഷിച്ചപ്പോഴും ശബത്തു വർഷങ്ങളിൽ തങ്ങളുടെ വേലകളിൽനിന്ന് അവർ വിശ്രമിച്ചപ്പോഴും മറ്റു സന്ദർഭങ്ങളിലും ഈ ഹതാശരെ—വിധവമാരെയും പിതാവില്ലാത്ത ബാലന്മാരെയും പരദേശികളായി പാർക്കുന്നവരെയും—ആ ജനത ഓർക്കേണ്ടിയിരുന്നു.—ആവർത്തനപുസ്തകം 16:9-14; 24:19-21; 26:12, 13.
18. യഹോവയുടെ പ്രീതിയും അനുഗ്രഹവും ലഭിക്കുന്നതിനോടുള്ള ബന്ധത്തിൽ അതിഥിസത്കാരം എത്ര പ്രധാനമാണ്?
18 മറ്റുള്ളവരോടുള്ള, പ്രത്യേകിച്ചും മുട്ടുള്ളവരോടുള്ള, ദയ, ഔദാര്യം, അതിഥിസത്കാരം എന്നിവയുടെ പ്രാധാന്യം, ആ ഗുണങ്ങൾ ബാധകമാക്കാൻ ഇസ്രായേല്യർ പരാജയപ്പെട്ടപ്പോൾ യഹോവ അവരോട് ഇടപെട്ട വിധത്തിൽനിന്നു കാണാം. അപരിചിതരോടും മുട്ടുള്ളവരോടും കാണിക്കുന്ന ദയയും ഔദാര്യവും, തന്റെ ജനത്തിന് അവന്റെ തുടർച്ചയായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽപ്പെടുന്നുവെന്നു യഹോവ വ്യക്തമാക്കി. (സങ്കീർത്തനം 82:2, 3; യെശയ്യാവു 1:17; യിരെമ്യാവു 7:5-7; യെഹെസ്കേൽ 22:7; സെഖര്യാവു 7:9-11) ഈ നിബന്ധനകളും മറ്റുള്ളവയും നിറവേറ്റുന്നതിൽ ആ ജനത ഉത്സാഹം കാട്ടിയപ്പോൾ, അവർ അഭിവൃദ്ധി പ്രാപിക്കുകയും ഭൗതികവും ആത്മീയവുമായി സമൃദ്ധി ആസ്വദിക്കുകയും ചെയ്തു. അവർ തങ്ങളുടെ സ്വാർഥപരമായ വ്യക്തിഗത അനുധാവനങ്ങളിൽ ആമഗ്നരാവുകയും മുട്ടുള്ളവരോടു ദയാപൂർവകമായ ഈ ഗുണങ്ങൾ കാണിക്കുന്നതിൽ അവഗണന കാട്ടുകയും ചെയ്തപ്പോൾ, യഹോവ അവരെ അപലപിച്ചു. അവസാനം അവർക്കു യഹോവയുടെ പ്രതികൂല ന്യായവിധി ലഭിക്കുകയും ചെയ്തു.—ആവർത്തനപുസ്തകം 27:19; 28:15, 45.
19. നാം കൂടുതലായി എന്തു പരിചിന്തിക്കണം?
19 അപ്പോൾ, ഇക്കാര്യത്തിൽ യഹോവയുടെ പ്രതീക്ഷകൾക്കൊത്തു നാം ഉയരുന്നുണ്ടോ എന്നു കാണാൻ ആത്മപരിശോധന നടത്തുന്നത് എത്രയോ പ്രധാനമാണ്! ലോകത്തിൽ സ്വാർഥപരവും ഭിന്നിപ്പിക്കുന്നതുമായ ആത്മാവുള്ള സ്ഥിതിക്ക് ഇതു വിശേഷിച്ചും അങ്ങനെതന്നെയാണ്. ഭിന്നിച്ച ഒരു ലോകത്തിൽ നമുക്കു ക്രിസ്തീയ അതിഥിസത്കാരം എങ്ങനെ കാണിക്കാൻ സാധിക്കും? അടുത്ത ലേഖനത്തിൽ ചർച്ചചെയ്തിരിക്കുന്ന വിഷയം അതാണ്.
[അടിക്കുറിപ്പ്]
a ഈ ആശയം സംബന്ധിച്ച കുറേക്കൂടി വിപുലമായ ചർച്ചക്ക് 1988 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21-23 പേജുകളിലുള്ള “ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?” എന്ന ലേഖനം കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ “അതിഥിസല്ക്കാരം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ബൈബിൾ പദത്തിന്റെ അർഥമെന്ത്?
◻ അതിഥിസത്കാരം കാണിക്കുന്നതിൽ യഹോവ തികഞ്ഞ മാതൃകയായിരിക്കുന്നത് ഏതു വിധങ്ങളിൽ?
◻ അബ്രഹാം എത്രത്തോളം അതിഥിസത്കാരം കാട്ടി?
◻ സത്യാരാധകരെല്ലാം ‘അതിഥിസല്ക്കാരം ആചരിക്കേണ്ടത്’ എന്തുകൊണ്ട്?