യഹസ്കേൽ
22 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, രക്തച്ചൊരിച്ചിലിന്റെ കുറ്റമുള്ള നഗരത്തിന്റെ+ വിധി പ്രഖ്യാപിക്കാൻ നീ തയ്യാറാണോ?* അവളുടെ വൃത്തികേടുകളെല്ലാം+ അവളെ ബോധ്യപ്പെടുത്താൻ നീ തയ്യാറാണോ? 3 നീ പറയേണ്ടത് ഇതാണ്: ‘പരമാധികാരിയായ യഹോവ പറയുന്നു: “സ്വന്തം നാട്ടിൽ രക്തം ചൊരിയുന്ന നഗരമേ,+ മ്ലേച്ഛവിഗ്രഹങ്ങളെ* ഉണ്ടാക്കി സ്വയം അശുദ്ധയാകുന്നവളേ,+ നിന്റെ സമയം വരുന്നു.+ 4 നിന്റെ രക്തച്ചൊരിച്ചിൽ നിന്നെ കുറ്റക്കാരിയാക്കിയിരിക്കുന്നു.+ നിന്റെ മ്ലേച്ഛവിഗ്രഹങ്ങൾ നിന്നെ അശുദ്ധയാക്കിയിരിക്കുകയാണ്.+ നിന്റെ അന്ത്യം ഇത്ര വേഗം വിളിച്ചുവരുത്തിയതു നീതന്നെയാണല്ലോ. നിന്റെ ആയുസ്സു തീരാറായി. അതുകൊണ്ട്, ഞാൻ നിന്നെ ജനതകൾക്ക് ഒരു നിന്ദാപാത്രവും ദേശങ്ങൾക്കെല്ലാം ഒരു പരിഹാസപാത്രവും ആക്കും.+ 5 ദുഷ്പേരുള്ളവളേ! ക്രമസമാധാനം തകർന്നവളേ! നിന്റെ അടുത്തും അകലെയും ഉള്ള ദേശങ്ങൾ നിന്നെ പരിഹസിക്കും.+ 6 നിന്നിലുള്ള ഓരോ ഇസ്രായേൽതലവനും അവന്റെ അധികാരം ഉപയോഗിച്ച് രക്തം ചിന്തുന്നു.+ 7 നിന്നിലുള്ളവർ തങ്ങളുടെ അപ്പനോടും അമ്മയോടും നിന്ദയോടെ പെരുമാറുന്നു.+ നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു. അനാഥനെയും* വിധവയെയും അവർ ദ്രോഹിക്കുന്നു.”’”+
8 “‘എന്റെ വിശുദ്ധസ്ഥലങ്ങളോടു നിനക്കു പുച്ഛമാണ്. എന്റെ ശബത്തുകൾ നീ അശുദ്ധമാക്കുന്നു.+ 9 രക്തം ചൊരിയാൻ ലക്ഷ്യമിട്ട് നടക്കുന്ന പരദൂഷണക്കാർ നിന്നിലുണ്ട്.+ അവർ നിന്റെ മലകളിൽവെച്ച് ബലിവസ്തുക്കൾ കഴിക്കുന്നു; നിന്റെ നടുവിൽ വഷളത്തം കാട്ടുന്നു.+ 10 അവർ സ്വന്തം അപ്പന്റെ കിടക്കയെ അപമാനിക്കുന്നു.*+ ആർത്തവത്താൽ അശുദ്ധയായിരിക്കുന്ന സ്ത്രീയുടെകൂടെ കിടക്കുന്നു.+ 11 അവിടെ ഒരു മനുഷ്യൻ അയൽക്കാരന്റെ ഭാര്യയോടു വൃത്തികേടു കാണിക്കുന്നു.+ മറ്റൊരാൾ സ്വന്തം മരുമകളോടു വഷളത്തം കാണിച്ച് അവളെ അശുദ്ധയാക്കുന്നു.+ വേറൊരാൾ സ്വന്തം അപ്പന്റെ മകളായ തന്റെ സഹോദരിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു.+ 12 അവിടെ അവർ കൈക്കൂലി വാങ്ങി രക്തം ചിന്തുന്നു.+ വായ്പ കൊടുക്കുമ്പോൾ നീ പലിശ ഈടാക്കുകയും+ ലാഭം ഉണ്ടാക്കുകയും* ചെയ്യുന്നു. അയൽക്കാരനെ ഞെക്കിപ്പിഴിഞ്ഞ്+ പണം ഉണ്ടാക്കുന്നു. അതെ, നീ എന്നെ പാടേ മറന്നു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
13 “‘നീ അന്യായമായി ഉണ്ടാക്കിയ ലാഭവും നിന്റെ നടുവിലെ രക്തച്ചൊരിച്ചിലും കാരണം ഞാൻ ഇതാ, വെറുപ്പോടെ കൈ കൊട്ടുന്നു. 14 നിന്റെ ഈ ധൈര്യമൊക്കെ* ഞാൻ നിനക്ക് എതിരെ നടപടിയെടുക്കുമ്പോഴും കാണുമോ? അന്നും നിന്റെ കൈകൾക്ക് ഇതേ ബലംതന്നെയുണ്ടാകുമോ?+ യഹോവ എന്ന ഞാനാണു പറയുന്നത്; ഞാൻ നടപടിയെടുക്കും. 15 ഞാൻ നിന്നെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ നിന്റെ അശുദ്ധി ഞാൻ ഇല്ലാതാക്കും.+ 16 ജനതകളുടെ മുന്നിൽ നീ അപമാനിതയാകും. അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’”+
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എന്റെ കണ്ണിൽ ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നു. അവരെല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്. വെള്ളി ഉരുക്കുമ്പോൾ വേർതിരിയുന്ന മാലിന്യമായി അവർ മാറിയിരിക്കുന്നു.+
19 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങളെല്ലാം ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങളെ യരുശലേമിൽ ഒരുമിച്ചുകൂട്ടും. 20 വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ കോപത്തോടെയും ക്രോധത്തോടെയും ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടി ഊതി ഉരുക്കും.+ 21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ ക്രോധാഗ്നി നിങ്ങളുടെ നേരെ ഊതിവിടും.+ നിങ്ങൾ അവളുടെ ഉള്ളിൽ കിടന്ന് ഉരുകിപ്പോകും.+ 22 വെള്ളി ഉലയിലിട്ട് ഉരുക്കുന്നതുപോലെ നിങ്ങളെ അവളുടെ ഉള്ളിലിട്ട് ഉരുക്കും. അങ്ങനെ, യഹോവ എന്ന ഞാൻ എന്റെ ക്രോധം നിങ്ങളുടെ മേൽ ചൊരിഞ്ഞതാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”
23 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 24 “മനുഷ്യപുത്രാ, അവളോടു പറയണം: ‘ക്രോധനാളിൽ നീ, വൃത്തിയാക്കാതെ കിടക്കുന്ന, മഴ പെയ്യാത്ത ഒരു ദേശമായിരിക്കും. 25 ഇരയെ കടിച്ചുകീറി ഗർജിക്കുന്ന സിംഹത്തെപ്പോലെ+ അവളുടെ പ്രവാചകന്മാർ നഗരത്തിലിരുന്ന് ഗൂഢാലോചന നടത്തി.+ അവർ ആളുകളെ വിഴുങ്ങുന്നു. സമ്പത്തും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നു. അവർ അവളിലുള്ള പലരെയും വിധവമാരാക്കി. 26 അവളുടെ പുരോഹിതന്മാർ എന്റെ നിയമം ലംഘിച്ചു.+ എന്റെ വിശുദ്ധസ്ഥലങ്ങൾ അവർ വീണ്ടുംവീണ്ടും അശുദ്ധമാക്കുന്നു.+ വിശുദ്ധമായവയ്ക്കും അല്ലാത്തവയ്ക്കും തമ്മിൽ അവർ ഒരു വ്യത്യാസവും കല്പിക്കുന്നില്ല.+ ശുദ്ധമായത് എന്താണെന്നോ അശുദ്ധമായത് എന്താണെന്നോ അവർ പറഞ്ഞുകൊടുക്കുന്നില്ല.+ എന്റെ ശബത്തുകൾ ആചരിക്കാൻ അവർ കൂട്ടാക്കുന്നില്ല. അവരുടെ ഇടയിൽ ഞാൻ അശുദ്ധനായിരിക്കുന്നു. 27 അവളിലുള്ള പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കൾ! അന്യായമായി ലാഭമുണ്ടാക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലുന്നു.+ 28 പക്ഷേ, അവളുടെ പ്രവാചകന്മാർ അവരുടെ പ്രവൃത്തികൾ വെള്ള പൂശി മറച്ചിരിക്കുകയാണ്. അവർ വ്യാജദർശനങ്ങൾ കാണുന്നു; വ്യാജമായ ഭാവിഫലപ്രവചനങ്ങൾ നടത്തുന്നു.+ യഹോവ ഒന്നും പറയാത്തപ്പോൾപ്പോലും, “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്” എന്ന് അവർ പറയുന്നു. 29 ദേശത്തെ ജനം ചതിക്കുന്നു. അവർ പിടിച്ചുപറിക്കുന്നു.*+ പാവങ്ങളെയും ദരിദ്രരെയും അവർ ദ്രോഹിക്കുന്നു. അവരുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു; അവനു നീതി നിഷേധിക്കുന്നു.’
30 “‘ദേശത്തെ ആരും നശിപ്പിക്കാതിരിക്കാൻ+ കൻമതിലിന്റെ അറ്റകുറ്റപ്പണി നടത്താനോ മതിൽ പൊളിഞ്ഞുകിടക്കുന്നിടത്ത് കാവലിനുവേണ്ടി എന്റെ മുന്നിൽ നിൽക്കാനോ തയ്യാറുള്ള ആരെങ്കിലും അവരുടെ ഇടയിലുണ്ടോ എന്നു ഞാൻ അന്വേഷിച്ചു. പക്ഷേ, ആരെയും കണ്ടെത്തിയില്ല. 31 അതുകൊണ്ട്, ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും. എന്റെ ക്രോധാഗ്നിയാൽ അവരെ നിശ്ശേഷം നശിപ്പിക്കും. അവരുടെ വഴികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”