ജീവിച്ചിരിക്കാനാണു നമ്മളെ സൃഷ്ടിച്ചത്
ദീർഘനാൾ സന്തോഷത്തോടെ ജീവിച്ചിരിക്കാൻ നമ്മളിൽ ആരാണ് ആഗ്രഹിക്കാത്തത്? രോഗികളാകാതെ, നല്ല ആരോഗ്യത്തോടെ എന്നും ജീവിക്കുന്നതിനെക്കുറിച്ച് ഒന്നു ഭാവനയിൽ കാണാമോ! നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം ഇഷ്ടംപോലെ സമയം ചെലവഴിക്കാനും ലോകം ചുറ്റിക്കാണാനും പുതിയ കഴിവുകൾ നേടിയെടുക്കാനും അറിവ് വർധിപ്പിക്കാനും നമുക്ക് ഇഷ്ടമുള്ളതിനെക്കുറിച്ചൊക്കെ പഠിക്കാനും കഴിയുന്നതിനെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ!
മനുഷ്യനായാൽ മരിക്കും എന്നത് ഒരു പ്രപഞ്ചസത്യമല്ലേ? അല്ലേ അല്ല! എന്നും ജീവിച്ചിരിക്കാനുള്ള ആഗ്രഹം ദൈവം നമുക്കു തന്നിട്ടുണ്ടെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 3:11) കൂടാതെ, “ദൈവം സ്നേഹമാണ്” എന്നും അതു പറയുന്നു. (1 യോഹന്നാൻ 4:8) സ്നേഹവാനായ ദൈവം എന്നേക്കും ജീവിക്കാനുള്ള ഒരു ആഗ്രഹം തന്നിട്ട് അത് നടത്താതിരിക്കുമെന്നു ചിന്തിക്കാൻ പറ്റുമോ?
നമ്മളാരും മരിക്കാൻ ആഗ്രഹിക്കുന്നില്ല. ബൈബിൾ മരണത്തെ വിളിക്കുന്നത് ‘ശത്രു’ എന്നാണ്. (1 കൊരിന്ത്യർ 15:26) ചിലർ പെട്ടെന്നു മരിക്കുന്നു, ചിലർ വൈകിയും. എന്തായാലും മരണം ഉറപ്പാണ്. ഇന്നു മരണത്തെ പലരും ഭയക്കുന്നു. എന്നെങ്കിലും മരണം ഇല്ലാതാകുമോ? അതിന് എന്തെങ്കിലും ഒരു സാധ്യതയുണ്ടോ?
പ്രത്യാശയ്ക്കു വകയുണ്ട്
മനുഷ്യൻ മരിക്കാൻ ദൈവം ആഗ്രഹിച്ചിരുന്നില്ല എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. അതിനുള്ള തെളിവ് ഉൽപത്തി എന്ന ബൈബിൾപുസ്തകത്തിൽ കാണാം. മനുഷ്യർക്കു സന്തോഷത്തോടെ ജീവിക്കാൻ ആവശ്യമായതെല്ലാം ദൈവം ഭൂമിയിൽ ഉണ്ടാക്കി. എന്നിട്ട് ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ച് മനോഹരമായ ഒരു പറുദീസയിൽ, ഏദെൻ തോട്ടത്തിൽ, ആക്കി. അതിനു ശേഷം, “താൻ ഉണ്ടാക്കിയതെല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു കണ്ടു. സന്ധ്യയായി, പ്രഭാതമായി; ആറാം ദിവസം.”—ഉൽപത്തി 1:26, 31.
ഒരു ന്യൂനതയുമില്ലാതെ, അത്യുത്തമമായാണ് ആദാമിനെ ദൈവം സൃഷ്ടിച്ചത്. (ആവർത്തനം 32:4) ആദാമിന്റെ ഭാര്യയായ ഹവ്വയെ സൃഷ്ടിച്ചതും യാതൊരു ന്യൂനതകളും ഇല്ലാതെയായിരുന്നു. അവരുടെ മനസ്സും ശരീരവും പൂർണമായിരുന്നു. ദൈവമായ യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിച്ച് കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവകളുടെ മേലും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുക.”—ഉൽപത്തി 1:28.
ആദാമിനും ഹവ്വയ്ക്കും അവരുടെ മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കാൻ ഒരുപാട് സമയം വേണ്ടിവരുമായിരുന്നു. ഹവ്വ മക്കളെ പ്രസവിച്ച് ആ മക്കൾ അവരുടെ മക്കളെ പ്രസവിച്ച് അങ്ങനെ ദൈവം ഉദ്ദേശിച്ചതുപോലെ ഭൂമി മുഴുവൻ മനുഷ്യരെക്കൊണ്ട് നിറയണമായിരുന്നു. (യശയ്യ 45:18) ആദാമും ഹവ്വയും അവരുടെ മക്കളെയും കൊച്ചുമക്കളെയും മാത്രം കാണാനേ ദൈവമായ യഹോവ ഉദ്ദേശിച്ചിരുന്നുള്ളൂ എങ്കിൽ ഇങ്ങനെയൊരു ദൗത്യം അവർക്കു കൊടുക്കുമായിരുന്നോ?
മൃഗങ്ങളുടെ മേൽ ആധിപത്യം നടത്താൻ ദൈവം കൊടുത്ത ഉത്തരവാദിത്വത്തെക്കുറിച്ചും ചിന്തിക്കുക. എല്ലാ മൃഗങ്ങൾക്കും പേരിടാനുള്ള ജോലി ആദാമിനുണ്ടായിരുന്നു. (ഉൽപത്തി 2:19) മൃഗങ്ങളെക്കുറിച്ച് പഠിച്ച് അവയെ എങ്ങനെ പരിപാലിക്കണമെന്നു മനസ്സിലാക്കിയാലല്ലേ അതിനെ അടക്കിഭരിക്കാൻ കഴിയൂ? അതിന് ഒരുപാട് സമയമെടുക്കില്ലേ?
ആദ്യത്തെ മനുഷ്യദമ്പതികളോടു ഭൂമിയെ നിറയ്ക്കാനും മൃഗങ്ങളെ അടക്കിഭരിക്കാനും പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. കുറെ കാലം ജീവിച്ചിരിക്കാൻ വേണ്ടിയാണു ദൈവം അവരെ സൃഷ്ടിച്ചത്. അതുപോലെതന്നെ ആദാം കുറെ കാലം ജീവിച്ചിരുന്നു.
ഭൂമിയിലെ പറുദീസയിൽ മനുഷ്യർ എന്നേക്കും ജീവിച്ചിരിക്കുക എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യം
അവർ കുറെ കാലം ജീവിച്ചിരുന്നു
പണ്ടത്തെ മനുഷ്യർ നമ്മളെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നതായി ബൈബിൾ പറയുന്നു. “ആദാം. . . 930 വർഷം ജീവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. 900 വർഷത്തിലധികം ജീവിച്ചിരുന്ന വേറെ ആറു പേരുടെ പേരുകളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അവരാണു ശേത്ത്, എനോശ്, കേനാൻ, യാരെദ്, മെഥൂശലഹ്, നോഹ. അവർ എല്ലാവരും നോഹയുടെ കാലത്തുണ്ടായ പ്രളയത്തിനു മുമ്പ് ജീവിച്ചിരുന്നവരാണ്. ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. (ഉൽപത്തി 5:5-27; 7:6; 9:29) അത്രയും നാൾ അവർക്കൊക്കെ ജീവിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്?
പൂർണ്ണമനുഷ്യരായ ആദാമും ഹവ്വയും ജീവിച്ച് അധികം വൈകാതെ ഭൂമിയിൽ ജീവിച്ചവരാണ് ആ മനുഷ്യരൊക്കെ. അതുകൊണ്ടായിരിക്കാം അവർക്ക് അത്രയും കാലം ജീവിച്ചിരിക്കാൻ കഴിഞ്ഞത്. കൂടുതൽ കാലം ജീവിച്ചിരിക്കുന്നതും പൂർണരായിരിക്കുന്നതും തമ്മിൽ എന്താണു ബന്ധം? മരണത്തെ എങ്ങനെയാണ് ഇല്ലാതാക്കാൻപോകുന്നത്? അതിന് ഉത്തരം ലഭിക്കുന്നതിനു മുമ്പ് നമ്മൾ വയസ്സുചെന്ന് മരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കണം.