“യുദ്ധം യഹോവക്കുള്ളതാകുന്നു”
“നീ പരിഹസിച്ചിരിക്കുന്ന ഇസ്രായേലിന്റെ യുദ്ധനിരകളുടെ ദൈവമായ, സൈന്യങ്ങളുടെ യഹോവയുടെ നാമവുമായി ഞാൻ നിന്റെ അടുക്കലേക്കു വരുന്നു.”—1 ശമുവേൽ 17:45
1, 2.(എ) ശൗൽരാജാവിന്റെ കീഴിലെ ഇസ്രായേൽ സൈന്യത്തെ ഏതു വെല്ലുവിളി അഭിമുഖീകരിക്കുന്നു? (ബി) ഇസ്രായേൽസൈന്യത്തിലെ പടയാളികൾ ഗോല്യാത്തിന്റെ വെല്ലുവിളിയോട് എങ്ങനെ പ്രതികരിക്കുന്നു, ഇപ്പോൾ ആർ രംഗത്തു പ്രത്യക്ഷപ്പെടുന്നു?
യരൂശലേമിന് തെക്കുപടിഞ്ഞാറുള്ള ഏലാ താഴ്വരയിൽ രണ്ടു ശക്തമായ സൈന്യങ്ങൾ പരസ്പരം അഭിമുഖീകരിച്ചുനിൽക്കുന്നു. ഒരു വശത്ത് ഇസ്രായേൽ സൈന്യമാണ്, അതിനെ നയിക്കുന്നത് ഭയവിഹ്വലനായ ശൗൽരാജാവ്. മറുവശത്ത് മല്ലപ്രവീണനായ ഗോല്യാത്ത്സഹിതം ഫെലിസ്ത്യസൈന്യം. ഗോല്യാത്തിന്റെ പേരിന്റെ അർത്ഥം “പ്രമുഖൻ” എന്നായിരിക്കാനിടയുണ്ട്. അവന് ഏതാണ്ട് ഒൻപതടി ഉയരമുണ്ടായിരുന്നു. പൂർണ്ണമായി ആയുധസജ്ജനുമായിരുന്നു. ഗോല്യാത്ത് ഇസ്രായേലിനോട് ദൈവദൂഷണപരമായ ധിക്കാരം വിളിച്ചുപറയുകയാണ്.—1 ശമുവേൽ 17:1-11.
2 ഗോല്യാത്തിന്റെ വെല്ലുവിളിയെ ആർ നേരിടും? “ഇസ്രായേൽ സൈന്യമെല്ലാം ആ മനുഷ്യനെ കണ്ടപ്പോൾ, എന്തിന്, അവർ അവൻ നിമിത്തം ഓടി, വളരെ ഭയപ്പെട്ടുംപോയി.” എന്നാൽ നോക്കു—ഒരു വെറും പയ്യൻ രംഗത്തു വരുന്നു! അവന്റെ പേർ ദാവീദ് എന്നാണ്, അർത്ഥം “പ്രിയപ്പെട്ടവൻ.” നീതിയോടുള്ള അവന്റെ ധീരമായ ഭക്തി നിമിത്തം അവൻ യഹോവക്കും “പ്രിയപ്പെട്ടവൻ” ആണെന്നു തെളിഞ്ഞു. ശമുവേൽ ദാവീദിനെ നേരത്തെതന്നെ ഇസ്രായേലിന്റെ ഭാവി രാജാവായി അഭിഷേകംചെയ്തിരുന്നു, യഹോവയുടെ ആത്മാവ് അവന്റെമേൽ ശക്തമായി പ്രവർത്തിക്കുന്നുമുണ്ട്.—1 ശമുവേൽ 16:12, 13, 18-21; 17:24; സങ്കീർത്തനം 11:7; 108:6.
3. ദാവീദ് യുദ്ധത്തിനുവേണ്ടി എങ്ങനെ ഒരുങ്ങുന്നു, എന്നാൽ ഗോല്യാത്ത് എങ്ങനെ ഒരുങ്ങിയിരിക്കുന്നു?
3 ഗോല്യാത്ത് “ജീവനുള്ള ദൈവത്തിന്റെ യുദ്ധ നിരകളെ പരിഹസിക്കുന്ന”തു ദാവീദ് കേട്ടപ്പോൾ മല്ലനോടു പോരാടാൻ അവൻ സ്വയം അർപ്പിക്കുന്നു. ശൗൽ അനുവദിച്ചപ്പോൾ ദാവീദ് മുന്നോട്ടു കുതിക്കുന്നു, എന്നാൽ ശൗൽ വാഗ്ദാനംചെയ്ത പരമ്പരാഗത പടച്ചട്ടയോടും ആയുധങ്ങളോടുംകൂടെയല്ല. അവൻ ഒരു വടിയും ഒരു കവിണയും മിനുസമുള്ള അഞ്ചു കല്ലുകളുംകൊണ്ടു മാത്രമാണ് സജ്ജനായിരിക്കുന്നത്. ഗോല്യാത്താകട്ടെ, 15 റാത്തൽ തൂക്കമുള്ള കുന്തം വഹിച്ചിരിക്കുന്നു, 126 റാത്തൽ തൂക്കമുള്ള താമ്ര പടച്ചട്ടയും ധരിച്ചിരിക്കുന്നു! ശക്തനായ ഗോല്യാത്തും അവന്റെ പരിചവാഹകനും മുന്നോട്ടുവരവേ ‘ഫെലിസ്ത്യൻ ദാവീദിനെ തന്റെ ദൈവങ്ങളെ വിളിച്ചു ശപിക്കുന്നു.’—1 ശമുവേൽ 17:12-44.
4. ദാവീദ് മല്ലന്റെ വെല്ലുവിളിക്ക് എങ്ങനെ മറുപടി പറയുന്നു?
4 ദാവീദ് എങ്ങനെ മറുപടി പറയുന്നു? അവൻ ഇങ്ങനെ ആക്രോശിച്ചുകൊണ്ട് മല്ലന്റെ വെല്ലുവിളിയെ തിരിച്ചടിക്കുന്നു: “നീ ഒരു വാളും കുന്തവും ഒരു വേലുമായി എന്റെ നേരെ വരുന്നു, എന്നാൽ നീ പരിഹസിച്ചിരിക്കുന്ന ഇസ്രായേലിന്റെ യുദ്ധനിരകളുടെ ദൈവമായ, സൈന്യങ്ങളുടെ യഹോവയുടെ നാമവുമായി ഞാൻ നിന്റെ അടുക്കലേക്കു വരുന്നു. യഹോവ ഈ ദിവസം നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും, ഞാൻ തീർച്ചയായും നിന്നെ വെട്ടിവീഴ്ത്തുകയും നിന്റെ തല വേർപെടുത്തുകയുംചെയ്യും; ഞാൻ തീർച്ചയായും ഫെലിസ്ത്യപാളയങ്ങളിലെ ശവങ്ങൾ ഇന്ന് ആകാശങ്ങളിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും കൊടുക്കും; ഇസ്രായേലിന്റേതായ ഒരു ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്ന് സർവഭൂമിയിലെയും ആളുകൾ അറിയും. യഹോവ രക്ഷിക്കുന്നത് വാൾകൊണ്ടോ കുന്തംകൊണ്ടോ അല്ല എന്ന് ഈ സഭയെല്ലാം അറിയും, എന്തുകൊണ്ടെന്നാൽ യുദ്ധം യഹോവക്കുള്ളതാകുന്നു, അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ തരേണ്ടതാണ്.”—1 ശമുവേൽ 17:45-47.
5. യുദ്ധത്തിന്റെ പരിണതഫലം എന്താണ്, ആർക്കു ബഹുമതി ലഭിക്കുന്നു?
5 ദാവീദ് സധൈര്യം യുദ്ധത്തിലേക്കു മുന്നേറുന്നു. അവന്റെ കവിണയിലെ കല്ല് അതിന്റെ ലക്ഷ്യത്തിലേക്കു പറക്കുന്നു. ഗോല്യാത്ത് ഭൂമിയിൽ പിടഞ്ഞുവീഴുന്നു. അതെ, മല്ലന്റെ നെററിയിലേക്ക് ലക്ഷ്യംപിഴക്കാതെ ആ ചെറിയ ബാണം പായിച്ചുകൊണ്ട് ദാവീദിന്റെ വിശ്വാസത്തിനും ധൈര്യത്തിനും യഹോവ പ്രതിഫലം കൊടുത്തിരിക്കുന്നു! ദാവീദ് മുന്നോട്ട് ഓടിയടുക്കുന്നു, ഗോല്യാത്തിന്റെ സ്വന്തം വാൾ ഉറയിൽനിന്ന് ഊരി ആ കൊടുംദുഷ്ടന്റെ തല അരിയുന്നു. ഫെലിസ്ത്യർ വെപ്രാളത്തോടെ ഓട്ടമിടുന്നു. വാസ്തവത്തിൽ, “യുദ്ധം യഹോവക്കുള്ളതാകുന്നു” എന്നു പറയാൻ കഴിയും!—1 ശമുവേൽ 17:47-51.
6. (എ) യഹോവ ഈ പുരാതന യുദ്ധത്തിന്റെ വിശദാംശങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്തിന്? (ബി) ഗോല്യാത്തിനോടു താരതമ്യപ്പെടുത്താവുന്ന ശത്രുക്കളിൽനിന്നുള്ള പീഡനം സഹിക്കുമ്പോൾ ദൈവദാസൻമാർക്ക് എന്തു ഉറപ്പ് ആവശ്യമാണ്?
6 ഈ യുദ്ധം ഏതാണ്ട് 3,000 വർഷം മുമ്പ് നടന്നതാണെങ്കിലും യഹോവ തന്റെ വചനത്തിൽ ഈ വിശദമായ യുദ്ധവിവരണം സൂക്ഷിച്ചിരിക്കുന്നതെന്തിനാണ്? അപ്പോസ്തലനായ പൗലോസ് നമ്മോടു പറയുന്നു: “മുൻകാലത്ത് എഴുതപ്പെട്ട സകല കാര്യങ്ങളും നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ടു, നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ.” (റോമർ 15:4) ഇന്ന്, ദൈവത്തിന്റെ അനേകം വിശ്വസ്തദാസൻമാർ ഗോല്യാത്തിനോടു താരതമ്യപ്പെടുത്താവുന്ന ശത്രുക്കളിൽനിന്ന് നിന്ദയും നേരിട്ടുള്ള പീഡനവും സഹിക്കുന്നുണ്ട്. ശത്രുസമ്മർദ്ദങ്ങൾ വർദ്ധിക്കുമ്പോൾ “യുദ്ധം യഹോവക്കുള്ളതാകുന്നു” എന്ന ആശ്വാസദായകമായ ഉറപ്പ് നമുക്കെല്ലാം ആവശ്യമാണ്.
പരമാധികാരത്തിന്റെ വിവാദവിഷയം
7. സകല ജനതകളിലുമുള്ള ദൈവജനങ്ങൾക്കെല്ലാം ഏതു വിവാദവിഷയം താത്പര്യമുള്ളതാണ്, എന്തുകൊണ്ട്?
7 ഗോല്യാത്ത് മുമ്പോട്ടു കടന്നുവന്നത് ഇസ്രായേലിന്റെ ദൈവത്തെ ധിക്കരിച്ചുകൊണ്ടാണ്. അതുപോലെതന്നെ, ഈ ഇരുപതാം നൂററാണ്ടിൽ സർവാധിപത്യ രാഷ്ട്രീയ ഭരണവ്യവസ്ഥിതി യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടും അവന്റെ ദാസൻമാരെ പേടിപ്പിച്ചു സംസ്ഥാനത്തിന് ആരാധനാപരമായി കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടും മുൻപന്തിയിലേക്കു വന്നിരിക്കുന്നു. ഈ വിവാദവിഷയം എല്ലാ ജനതകളിലുമുള്ള ദൈവജനത്തിന് താൽപര്യമുള്ളതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പ്രവചിക്കപ്പെട്ടിരുന്ന ജാതികളുടെ കാലങ്ങൾ അഥവാ “ജനതകളുടെ നിയമിത കാലങ്ങൾ” 1914-ൽ അവസാനിക്കുകയും “പരിഭ്രമം സഹിതമുള്ള ജനതകളുടെ അരിഷ്ടത”യുടെ ഇപ്പോഴത്തെ കാലഘട്ടത്തെ ആനയിക്കുകയുംചെയ്തു. (ലൂക്കോസ് 21:24-26; പു.ലോ., കിംഗ് ജയിംസ് വേർഷ്യൻ) ജനതകൾ ഭൗമിക യരൂശലേമിനെ ചവിട്ടാൻ തുടങ്ങിയ ക്രി.മു. 607-ൽ ആണ് ജാതികളുടെ കാലങ്ങൾ തുടങ്ങിയത്. അത് 1914 വരെയുള്ള അടുത്ത 2,520 വർഷം നീണ്ടു. അന്ന് യഹോവ യേശുവിനെ സ്വർഗ്ഗീയ യരൂശലേമിൽ തന്റെ മശിഹൈകരാജാവായി സിംഹാസനസ്ഥനാക്കി.—എബ്രായർ 12:22, 28; വെളിപ്പാട് 11:15, 17.a
8. (എ) “യഹോവയെ ഭയത്തോടെ സേവിക്കുക” എന്ന പ്രവാചക കൽപ്പനക്ക് ഭൂമിയിലെ രാജാക്കൻമാർ എങ്ങനെ ചെവി കൊടുത്തു? (ബി) ഏതു ലോകചാമ്പ്യൻമാർ ഇന്ന് യഹോവയെ പരിഹസിക്കുകയും അവന്റെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു?
8 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിൽ ഒരു വലിയ മാററമുണ്ടായി. ദിവ്യ ഇടപെടൽ കൂടാതെ വിജാതീയ രാഷ്ട്രങ്ങൾക്ക് മേലാൽ ഭരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അന്ന് ഭരിച്ചിരുന്ന “രാജാക്കൻമാർ” യഹോവയുടെ പുതുതായി അവരോധിക്കപ്പെട്ട രാജാവിനെ അംഗീകരിച്ചുകൊണ്ട് “യഹോവയെ ഭയത്തോടെ സേവിക്കാ”നുള്ള പ്രവാചക കൽപ്പന അനുസരിച്ചോ? ഇല്ല! പകരം, അവർ “യഹോവക്കും അവന്റെ അഭിഷിക്തനും എതിരായി” അതായത് യേശുവിനുമെതിരായി “ഒന്നിച്ചുകൂടി.” തങ്ങളുടെ സ്വന്തം അഭിലാഷങ്ങൾ പിന്തുടർന്നുകൊണ്ട് അവർ 1914-18-ലെ മഹായുദ്ധത്തിൽ “പ്രക്ഷുബ്ധതയിലായി.” (സങ്കീർത്തനം 2:1-6, 10-12) ഇന്നോളം ലോകാധിപത്യം മനുഷ്യവർഗ്ഗത്തിന്റെ മുമ്പാകെ ഒരു ഉഗ്രമായ വിവാദവിഷയമാണ്. സാത്താന്റെ ലോകം ഗോല്യാത്തിന്റെ ചാർച്ചക്കാരായ രെഫായീമ്യരോടു താരതമ്യപ്പെടുത്താവുന്ന രാഷ്ട്രീയ ചാമ്പ്യൻമാരെ ഉളവാക്കുന്നതിൽ തുടരുകയാണ്. ഈ സ്വേച്ഛാധിപത്യ ഭരണാധിപത്യങ്ങൾ യഹോവയെ പരിഹസിക്കുകയും അവന്റെ സാക്ഷികളെ പേടിപ്പിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലായ്പ്പോഴും യുദ്ധവും വിജയവും യഹോവക്കുള്ളതാണ്.—2 ശമുവേൽ 21:15-22.
ഒരു ആധുനിക “ശൗൽ”
9. ഇന്ന് ശൗൽരാജാവിന്റെ പ്രവർത്തനരീതിയോടു പൊരുത്തപ്പെട്ടിരിക്കുന്നതാർ, ഏതു വിധങ്ങളിൽ?
9 ശൗൽരാജാവ് എവിടെയാണ് ഈ ചിത്രത്തിൽ വരുന്നത്? നേരത്തെ, ശൗൽരാജാവിന്റെ മത്സരം നിമിത്തം ‘ഇസ്രായേലിന്റെ രാജകീയ ഭരണം അവനിൽനിന്ന് പറിച്ചെടുക്കാൻ’ യഹോവ നിശ്ചയിച്ചിരുന്നു. (1 ശമുവേൽ 15:22, 28) ഇപ്പോൾ, ശൗൽ ഗോല്യാത്തിന്റെ വെല്ലുവിളിയെ തൃണവൽക്കരിച്ചുകൊണ്ട് യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. കൂടാതെ, അവൻ അടുത്തതായി ഗോല്യാത്തിന്റെ ജേതാവും ശൗലിന്റെ രാജവംശത്തിനു പകരമായിരിക്കാൻ യഹോവയാൽ അഭിഷേകംചെയ്യപ്പെട്ടവനുമായിരുന്ന ദാവീദിനെ പീഡിപ്പിക്കാൻ തുടങ്ങി. ക്രൈസ്തവലോകത്തിലെ വൈദികർ എത്ര ശ്രദ്ധേയമായി ഈ പ്രവർത്തനരീതിയോടു പൊരുത്തപ്പെട്ടിരിക്കുന്നു! അവർ ബൈബിൾസത്യത്തോടു മത്സരിച്ചിരിക്കുന്നു, നമ്മുടെ കർത്താവായ യേശുവിനെയും അവന്റെ അടുത്തുവരുന്ന രാജ്യത്തെയും കുറിച്ചുള്ള ‘സുവാർത്ത അനുസരിക്കാത്ത’ വലിയ വിശ്വാസത്യാഗത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അവർ യഹോവയുടെ സാർവത്രിക പരമാധികാരത്തിനുവേണ്ടി വാദിക്കുന്നതിൽ തികച്ചും പരാജയപ്പെടുകയും യഹോവയുടെ അഭിഷിക്ത സാക്ഷികളെയും അവരുടെ സഹപ്രവർത്തകരായ മഹാപുരുഷാരത്തെയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു. യഹോവ ആ വിശ്വാസത്യാഗികളെ ‘തന്റെ ഉഗ്ര കോപത്തിൽ’ നീക്കിക്കളയും.—2 തെസ്സലോനീക്യർ 1:6-9; 2:3; ഹോശേയ 13:11.
10. (എ) 1918-ൽ പ്രമുഖവൈദികരുടെ ഒരു കൂട്ടം ലണ്ടനിൽ ഏതു വിവരണപത്രിക പ്രസിദ്ധപ്പെടുത്തി? (ബി) 1918-ലെ വിവരണപത്രിക പിൻപററുന്നതിനു പകരം വൈദികർ ഏതു ഗതി പിൻതുടർന്നിരിക്കുന്നു?
10 ഒന്നാം ലോകമഹായുദ്ധകാലത്ത് ക്രൈസ്തവലോകത്തിലെ വൈദികരുടെ അനുരഞ്ജനരീതികൾ വളരെ പ്രകടമായി. പ്രസ്പഷ്ടമായി, മത്തായി 24-ഉം 25-ഉം അദ്ധ്യായങ്ങളിലെയും ലൂക്കോസ് 21-ാം അദ്ധ്യായത്തിലെയും യേശുവിന്റെ പ്രവചനം നിവർത്തിക്കപ്പെടുകയായിരുന്നു. യഥാർത്ഥത്തിൽ, 1918-ൽ ബാപ്ററിസ്ററ്, കോൺഗ്രിഗേഷനൽ, പ്രസ്ബിററീറിയൻ, എപ്പിസ്ക്കോപ്പൽ, മെതേഡിസ്ററ് സഭകളെ പ്രതിനിധാനംചെയ്യുന്ന ഇംഗ്ലണ്ട്, ലണ്ടനിലെ ഒരു കൂട്ടം പ്രമുഖ വൈദികർ ഒരു വിവരണപ്പത്രിക പ്രസിദ്ധപ്പെടുത്തി. അത് ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോഴത്തെ പ്രതിസന്ധി ജാതികളുടെ കാലങ്ങളുടെ അവസാനത്തിലേക്കു വിരൽചൂണ്ടുന്നു.” എന്നാൽ അവർ ആ പ്രഖ്യാപനത്തെ പിൻപററിയില്ല. ക്രൈസ്തവലോകത്തിലെ വൈദികർ അപ്പോൾത്തന്നെ ഒന്നാം ലോകമഹായുദ്ധത്തിൽ ഇരു പക്ഷങ്ങളെയും പിന്തുണക്കുന്നതിൽ ആഴമായി ഉൾപ്പെട്ടിരിക്കുകയായിരുന്നു. രാജ്യാധികാരത്തിലുള്ള യേശുവിന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതിനു പകരം അവർ ലോകജനതകളുടെ ചിന്തക്കു കീഴ്പ്പെട്ടു—ജനങ്ങൾ ദൈവരാജ്യത്തിൻകീഴിൽ ഐക്യപ്പെടുന്നതിനു പകരം വിഭാഗീയ വിജാതീയ രാഷ്ട്രീയശക്തികളാൽ, ഗോല്യാത്തിനെപ്പോലെയുള്ള സ്വേച്ഛാധിപതിമാരാൽ പോലും, ഭരിക്കപ്പെടുന്നതിൽ തുടരണമെന്നുതന്നെ.—മത്തായി 25:31-33.
അനുരഞ്ജനമില്ല!
11. പരമാധികാരത്തിന്റെ വിവാദവിഷയം സംബന്ധിച്ച് ആർ വിട്ടുവീഴ്ച ചെയ്തിട്ടില്ല, അവർ ആരുടെ ദൃഷ്ടാന്തം പിന്തുടരുന്നു?
11 പരമാധികാരത്തിന്റെ ഈ വിവാദവിഷയത്തിൽ ദൈവത്തിന്റെ അർപ്പിത ദാസൻമാർ വിട്ടുവീഴ്ച വരുത്തുന്നുണ്ടോ? ബൈബിൾരേഖ വ്യക്തമായി പ്രകടമാക്കുന്നതുപോലെ അശേഷമില്ല! (ദാനിയേൽ 3:28; 6:25-27; എബ്രായർ 11:32-38; വെളിപ്പാട് 2:2, 3, 13, 19) വിശ്വസ്തക്രിസ്ത്യാനികൾ തങ്ങളുടെമേൽ ആധുനികഭീകരനായ ഗോല്യാത്ത് കുന്നിക്കുന്ന സകല ക്രൂര നിന്ദകളും പീഡനങ്ങളും ഗണ്യമാക്കാതെ ഇന്ന് യഹോവയുടെ പരമാധികാരത്തെയും രാജ്യത്തെയും ഉയർത്തിപ്പിടിക്കുന്നു. അങ്ങനെ അവർ യഹോവയുടെ പരമാധികാരത്തിനുവേണ്ടി സധൈര്യം ആത്മീയയുദ്ധം ചെയ്യുകയും അതേസമയം ലോകപോരാട്ടങ്ങളും രാഷ്ട്രീയവും സംബന്ധിച്ച് കർശനമായ നിഷ്പക്ഷത പാലിക്കുകയും ചെയ്ത “ദാവീദുപുത്രനായ” യേശുവിന്റെ കാൽചുവടുകളെ പിന്തുടരുന്നു. തന്റെ പിതാവിനോടുള്ള പ്രാർത്ഥനയിൽ സത്യക്രിസ്ത്യാനികളും “ലോകത്തിന്റെ ഭാഗ”മല്ലെന്ന് യേശു പ്രസ്താവിച്ചു.—മത്തായി 4:8-10, 17; 21:9; യോഹന്നാൻ 6:15; 17:14, 16; 18:36, 37; 1 പത്രോസ് 2:21.
12. (എ) ആധുനിക ഗോല്യാത്തിനെ ആർ വെട്ടിവീഴ്ത്തിയിരിക്കുന്നു, എങ്ങനെ? (ബി) “ഗോല്യാത്തി”നെ മരിച്ചതായി വീക്ഷിക്കുന്നതിന് യഹോവയുടെ ജനത്തിൻമേൽ എന്തു ഫലം ഉണ്ടായിട്ടുണ്ട്?
12 അഭിഷിക്തക്രിസ്ത്യാനികളുടെ ദാവീദുതുല്യ ശേഷിപ്പ് ആധുനിക ഗോല്യാത്തിനെ വെട്ടിവീഴ്ത്തിയിരിക്കുന്നു. എങ്ങനെ? ലോകാധിപത്യംസംബന്ധിച്ച വിവാദവിഷയത്തിൽ അവർ നിസ്തർക്കമായി തങ്ങളെത്തന്നെ യഹോവയുടെ പക്ഷത്തുള്ളവരായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ. “(1922 സെപ്ററബർ 10 ഞായറാഴ്ച ഒഹായോ സീഡാർ പോയിൻറിൽ നടന്ന ഒരു കൺവെൻഷനിൽ സാർവദേശീയ ബൈബിൾവിദ്യാർത്ഥിസംഘടന പാസാക്കിയ) ഒരു പ്രമേയം” മാതൃകവെച്ചു. അതിൽ ചുവടെ ചേർക്കുന്നത് ഉൾപ്പെട്ടിരുന്നു:
“10. ഇത് സാത്താന്റെ ദൃശ്യവും അദൃശ്യവുമായ സാമ്രാജ്യത്തിനെതിരായ ദൈവത്തിന്റെ പ്രതികാരദിവസമാണെന്ന് ഞങ്ങൾ കൂടുതലായി വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു;
“11. പഴയ ലോകത്തിന്റെ അല്ലെങ്കിൽ ക്രമത്തിന്റെ പുനഃസ്ഥാപനം അസാദ്ധ്യമാണ്; ക്രിസ്തുയേശു മുഖാന്തരമുള്ള ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനുള്ള സമയം ആഗതമായിരിക്കുന്നു; കർത്താവിന്റെ നീതിയുള്ള വാഴ്ചക്ക് മനസ്സോടെ കീഴ്പ്പെടാത്ത സകല ശക്തികളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും.”
ക്രിസ്തീയസഭയുടെ ശിരസ്സെന്ന നിലയിൽ “ദാവീദിന്റെ പുത്രൻ” രാജ്യസത്യമാകുന്ന ആ “കല്ലി”ന്റെ ഏറിനെ നയിച്ചുവെന്നതിനു സംശയമില്ല. (മത്തായി 12:23; യോഹന്നാൻ 16:33; കൊലോസ്യർ 1:18) 1922 മുതൽ 1928 വരെ നടന്ന വാർഷിക സമ്മേളനങ്ങളിൽ പാസാക്കിയ പ്രമേയങ്ങൾ ഈ നിലപാടിന് അടിവരയിട്ടു. യഹോവയുടെ ജനത്തിന്റെ വീക്ഷണത്തിൽ “ഗോല്യാത്ത്” തല ഛേദിക്കപ്പെട്ട് മരിച്ചുകിടന്നു. സ്വേച്ഛാധിപത്യ മനുഷ്യ ഭരണാധിപത്യം യഹോവയുടെ പരമാധിപത്യത്തിന്റെ ധീര വക്താക്കളെ പ്രലോഭിപ്പിച്ച് വിട്ടുവീഴ്ച ചെയ്യിക്കുന്നതിൽ അശക്തരായിരിക്കുന്നു.—വെളിപ്പാട് 20:4 താരതമ്യപ്പെടുത്തുക.
13. (എ) ക്രൈസ്തവലോകത്തിലെ വൈദികർ ഹിററ്ലറിന്റെ ജർമ്മനിയിലെ മർദ്ദനകാലത്ത് വിട്ടുവീഴ്ച ചെയ്തതെങ്ങനെ? (ബി) പിതൃരാജ്യത്തെ മാതാക്കൾ എന്ന പുസ്തകം വിട്ടുവീഴ്ചയില്ലാത്ത സാക്ഷികളെകുറിച്ച് എന്തു റിപ്പോർട്ടു ചെയ്തു?
13 ഗോല്യാത്തുതുല്യ രാഷ്ട്രീയഭരണാധിപത്യങ്ങളാലുള്ള ക്രൂരതയുടെ ഒരു പ്രമുഖദൃഷ്ടാന്തം ഹിററ്ലറുടെ ജർമ്മനിയിൽ നടന്നു. കത്തോലിക്ക്, പ്രോട്ടസ്ററൻറ് എന്നീ മുഖ്യധാരാ മതങ്ങൾ ഭരണാധിപനെ വിഗ്രഹമാക്കിക്കൊണ്ടും അയാളുടെ സ്വസ്ത്വികാപതാകയെ വന്ദിച്ചുകൊണ്ടും അയൽരാഷ്ട്രങ്ങളിലെ തങ്ങളുടെ സഹവിശ്വാസികളെ സംഹരിക്കാൻ മുന്നോട്ടുകുതിച്ച അയാളുടെ സൈന്യങ്ങളെ അനുഗ്രഹിച്ചുകൊണ്ടും നാസിസത്തെ പൂജിച്ചതിൽ ദാരുണമായി വിട്ടുവീഴ്ചചെയ്തു. എല്ലാ വിശ്വാസങ്ങളിലും പെട്ട ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടവർ ദേശഭക്തിപരമായ ആവേശത്തിൽ കുടുങ്ങി—യഹോവയുടെ സാക്ഷികൾ ഒഴിച്ച്. പിതൃദേശത്തെ അമ്മമാർ എന്ന പുസ്തകം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “[യഹോവയുടെ സാക്ഷികൾ] തടങ്കൽപാളയങ്ങളിലേക്ക് അയക്കപ്പെട്ടു. അവരിൽ ഒരു ആയിരം പേർ വധിക്കപ്പെട്ടു, വേറൊരു ആയിരം പേർ 1933-നും 1945-നും ഇടക്ക് മരണമടഞ്ഞു. . . . ഹിററ്ലറോടു സഹകരിക്കാൻ തങ്ങളുടെ വൈദികർ തങ്ങളെ പ്രോൽസാഹിപ്പിക്കുന്നത് കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും കേട്ടു. അവർ എതിർത്തെങ്കിൽ സഭയുടെയും സംസ്ഥാനത്തിന്റെയും ആജ്ഞകൾക്കെതിരായിട്ടാണ് അവർ അങ്ങനെ ചെയ്തത്.” സഭയും സംസ്ഥാനവും എത്ര രക്തപാതകമുള്ളവയായിത്തീർന്നു!—യിരെമ്യാവ് 2:34.b
14. യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും പീഡിപ്പിക്കപ്പെടുന്നതെന്തുകൊണ്ട്?
14 യേശു മുൻകൂട്ടി പറഞ്ഞതുപോലെ യഹോവയുടെ സാക്ഷികളുടെമേലുള്ള ക്രൂരപീഡനം അനേകം രാജ്യങ്ങളിൽ ഇന്നോളം തുടരുകയാണ്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഈ ക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 24:9, 13, 14) മിക്ക രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ സത്യസന്ധരും ശുദ്ധജീവിതം നയിക്കുന്ന പൗരൻമാരും നിയമവും ക്രമവും പാലിക്കുന്നതിൽ മാതൃകായോഗ്യരുമാണെന്ന് അംഗീകരിക്കപ്പെടുന്നുവെന്നതാണ് വിരോധാഭാസം. (റോമർ 13:1-7) എന്നാലും അവർ മിക്കപ്പോഴും പീഡിപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്? ആരാധന മുഴുവനായും യഹോവക്കുള്ളതായതുകൊണ്ട് അവർ സംസ്ഥാനത്തിന്റെ പ്രതിനിധാനങ്ങളെ കുമ്പിടുന്നതിൽനിന്ന് അല്ലെങ്കിൽ അവയെ വാഴ്ത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. (ആവർത്തനം 4:23, 24; 5:8-10; 6:13-15) അവർ വിട്ടുവീഴ്ചയില്ലാതെ യഹോവയെ, “അവനെ മാത്രം,” ആരാധിക്കുകയും അവനെ തങ്ങളുടെ ജീവിതത്തിലെ പരമാധികാര കർത്താവാക്കുകയും ചെയ്യുന്നു. (മത്തായി 4:8-10; സങ്കീർത്തനം 71:5; 73:28) തങ്ങൾ “ലോകത്തിന്റെ ഭാഗ”മല്ലാത്തതിനാൽ ലോക രാഷ്ട്രീയവും യുദ്ധവും സംബന്ധിച്ച് അവർ ക്രിസ്തീയ നിഷ്പക്ഷത പാലിക്കുന്നു.—യോഹന്നാൻ 15:18-21; 16:33.
15, 16. (എ) ആധുനികഗോല്യാത്ത് ഭീഷണിപ്പെടുത്തുമ്പോൾ ഏതു പ്രായത്തിലുമുള്ള യഹോവയുടെ സാക്ഷികൾക്ക് ആരുടെ ദൃഷ്ടാന്തം പിന്തുടരാൻ കഴിയും, ആറു വയസ്സുള്ള ഒരു ക്രിസ്തീയ ബാലിക ഇത് എങ്ങനെ ദൃഷ്ടാന്തീകരിച്ചു? (ബി) ക്രിസ്തീയമാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ആരെപ്പോലെയായിരിക്കാൻ പരിശീലിപ്പിക്കാനാഗ്രഹിക്കുന്നു?
15 ആധുനിക ഗോല്യാത്ത് വിഗ്രഹാരാധനാപരമായ ചടങ്ങുകൾക്കുപരി യഹോവയുടെ ആരാധനയെ കരുതുന്ന ഈ നിർമ്മലതാപാലകരെ മിക്കപ്പോഴും ഭീഷണിപ്പെടുത്തുന്നു. (വെളിപ്പാട് 13:16, 17 താരതമ്യപ്പെടുത്തുക.) എന്നാൽ ചെറുപ്പക്കാരും പ്രായമുള്ളവരുമായ സാക്ഷികൾക്ക് വെല്ലുവിളിക്ക് നിർഭയം ഉത്തരം കൊടുത്തുകൊണ്ട് ദാവീദിന്റെ ദൃഷ്ടാന്തം പിന്തുടരാൻ കഴിയും. ഒരു ലത്തീൻ അമേരിക്കൻ രാജ്യത്ത് ആറു വയസ്സുള്ള ഒരു ക്രിസ്തീയ പെൺകുട്ടിക്ക് ശൈശവം മുതൽ നല്ല ഭവനപരിശീലനം ലഭിച്ചിരുന്നു. (എഫേസ്യർ 6:4; 2 തിമൊഥെയോസ് 3:14, 15 താരതമ്യപ്പെടുത്തുക.) ഇത് സ്കൂളിൽ അവളെ അവളുടെ ക്ലാസ്സിലെ ഏററവും സമർത്ഥയായ വിദ്യാർത്ഥിനിയാക്കുന്നതിന് സംഭാവനചെയ്തിരുന്നു. എന്നാൽ അവളുടെ ബൈബിൾപരിശീലിത മനഃസാക്ഷി വിഗ്രഹാരാധനാപരമായ ക്ലാസ്സ്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽനിന്ന് അവൾ ഒഴിഞ്ഞുനിൽക്കാനിടയാക്കി. അവൾ തന്റെ നിലപാട് വിശദീകരിച്ചപ്പോൾ അവളുടെ പ്രായമുള്ള ഒരു പെൺകുട്ടിക്ക് ഒരു മനഃസാക്ഷിയുണ്ടായിരിക്കാൻതക്ക പ്രായമില്ലെന്ന് അദ്ധ്യാപിക ഉദ്ഘോഷിച്ചു! ഒരു മതിപ്പുളവാക്കുന്ന സാക്ഷ്യം കൊടുത്തുകൊണ്ട് ആ ആറുവയസ്സുകാരി തന്റെ അദ്ധ്യാപികക്കു തെററു പററിയെന്നു തെളിയിച്ചു.
16 ഗോല്യാത്തുതുല്യ ലോകാധികാരം ഭീഷണിപ്പെടുത്തുമ്പോൾ തങ്ങളുടെ നിലപാടു സ്വീകരിച്ചുകൊണ്ട് ബാലനായിരുന്ന ദാവീദിന്റെ ദൃഷ്ടാന്തം പിന്തുടരാൻതക്കവണ്ണം എല്ലാ ക്രിസ്തീയമാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുമെന്ന് ആശിക്കുന്നു. ബൈബിൾതത്വങ്ങൾക്കു ചേർച്ചയിൽ സധൈര്യം ‘ഒരു നല്ല മനഃസാക്ഷി പിടിച്ചുകൊള്ളുന്നതിൽ’ അവർ വിശ്വസ്തരായിരുന്ന മൂന്ന് എബ്രായ ബാലൻമാരെയും ദാനിയേലിനെയും ബൈബിൾ രേഖയിലെ മററനേകരെയും പോലെ ആയിരിക്കട്ടെ.—1 പത്രോസ് 2:19; 3:16; ദാനിയേൽ 3:16-18.
അതിനെ ചരിത്രകാരൻമാർ കാണുന്നപ്രകാരം
17. (എ) ഇംഗ്ലീഷ് ചരിത്രകാരനായ റേറായിൻബി എന്തിന്റെ വികാസത്തെക്കുറിച്ചു മുന്നറിയിപ്പുനൽകി? (ബി) ആധുനിക ഗോല്യാത്ത്വർഗ്ഗം ദൈവജനത്തിന്റെ വിശ്വസ്തതയെ പരീക്ഷിക്കുന്നതെങ്ങനെ?
17 നമ്മുടെ കാലത്ത് “പരമാധികാര ദേശീയ സംസ്ഥാനങ്ങളുടെ പുറജാതിയാരാധനയുടെ ഉഗ്രരൂപം” വികാസംപ്രാപിക്കുന്നതിനെക്കുറിച്ച് സുപ്രസിദ്ധ ഇംഗ്ലീഷ് ചരിത്രകാരനായ ആർനോൾഡ് റേറായിൻബി മുന്നറിയിപ്പുനൽകി. ഇതിനെ “ഗോത്രവാദത്തിന്റെ പഴയ കുപ്പികളിലെ ജനാധിപത്യപുതുവീഞ്ഞിന്റെ പുളിച്ച പത”യെന്നും അദ്ദേഹം വർണ്ണിച്ചു. തങ്ങളുടെ സ്വന്തം ജനത മറെറല്ലാററിനെയുംകാൾ ശ്രേഷ്ഠമാണെന്ന് അവകാശപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ആരാധിക്കുന്ന ഘട്ടംവരെ പോകുന്നവർ നല്ലതോ ചീത്തയോ ആയ ഭരണാധികാരികളുടെ നയങ്ങൾ നടപ്പിലാക്കാൻ അവരാൽ സ്വാധീനിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. തൽഫലമായി, തങ്ങളുടെ ജൻമദേശത്തെ സ്നേഹിക്കുന്നവരെങ്കിലും സംസ്ഥാനത്തെയും അതിന്റെ ചിഹ്നങ്ങളെയും ആരാധിക്കാൻ വിസമ്മതിക്കുന്ന ദൈവജനത്തിന്റെ വിശ്വസ്തതയെ പരീക്ഷിക്കാൻ ഗോല്യാത്ത് വർഗ്ഗം എഴുന്നേററിരിക്കുകയാണ്.
18. ഉള്ളറിയുന്ന ഏതു ചോദ്യങ്ങൾക്ക് മനഃസാക്ഷിബോധമുള്ള ക്രിസ്ത്യാനി ഉത്തരം പറയേണ്ടതുണ്ട്?
18 നാസിജർമ്മനിയിൽ സംഭവിച്ചതുപോലെ മനഃസാക്ഷിബോധമുള്ള ക്രിസ്ത്യാനി ഉത്തരം പറയേണ്ട ഉള്ളറിയുന്ന ചോദ്യങ്ങളുണ്ട്: ഞാൻ ജീവിക്കുന്ന രാഷ്ട്രം മറേറതിനെയുംകാൾ ദൈവത്താൽ അനുകൂലിക്കപ്പെടുന്നുവെന്ന് ഞാൻ വിശ്വസിക്കണമോ? വിശേഷിച്ച് ഇക്കാലത്ത്, മനുഷ്യചരിത്രത്തിലെ ഏററം അപകടകരമായ ഈ കാലഘട്ടത്തിൽ, ഭൂമിയുടെ ഒരു ചെറിയ ഭാഗം മറെറല്ലാ ഭാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണെന്ന് വീക്ഷിക്കുന്നത് യുക്തിയുക്തവും അർത്ഥവത്തുമാണോ? അല്ലെങ്കിൽ മനുഷ്യകുടുംബത്തിന്റെ ഒരു വിഭാഗത്തെ മറെറല്ലാററിനെയുംകാൾ ശ്രേഷ്ഠമെന്നു വീക്ഷിക്കുന്നത്?
19. ഒരു മനുഷ്യജനത മറേറതിനെക്കാളും ശ്രേഷ്ഠമാണെന്നുള്ളതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എല്ലാവരിലുംവച്ച് ഏററവും വലിയ ചരിത്രകാരനായ യഹോവ നമ്മോട് എന്തു പറയുന്നു?
19 എല്ലാവരിലുംവച്ച് ഏററവും വലിയ ചരിത്രകാരന്റെ—ബൈബിളിന്റെ കർത്താവായ യഹോവയാം ദൈവത്തിന്റെ—വീക്ഷണഗതി നമുക്കു പരിചിന്തിക്കാം. അപ്പോസ്തലനായ പത്രോസ് നമ്മോടിങ്ങനെ പറയുന്നു: “ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും ഏതു ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും ഞാൻ തീർച്ചയായും ഗ്രഹിക്കുന്നു.” “മുഴു ഭൂമുഖത്തും വസിക്കുന്നതിന് ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതയെയും” ദൈവം ഉണ്ടാക്കിയെന്ന അപ്പോസ്തലനായ പൗലോസിന്റെ നിശ്വസ്ത പ്രസ്താവനക്കു ചേർച്ചയായി നാം എപ്പോഴും പ്രവർത്തിക്കേണ്ടതല്ലയോ? ഒരു മനുഷ്യജനത മറെറല്ലാററിനെയുംകാൾ ശ്രേഷ്ഠമാണെന്നുള്ളതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്തിന്? സകല മനുഷ്യരെയുംകുറിച്ചു സംസാരിച്ചുകൊണ്ട് പൗലോസ് പറഞ്ഞു: “നാം ദൈവത്തിന്റെ സന്താനമാകുന്നു.”—പ്രവൃത്തികൾ 10:34, 35; 17:26, 29.
20. യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ ദൈവജനം മേലാൽ എന്തിനാൽ വെല്ലുവിളിക്കപ്പെടുകയില്ല, നമ്മുടെ അടുത്ത ലേഖനം എന്തു ചർച്ച ചെയ്യും?
20 യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ നീതിസ്നേഹികൾ ഗോല്യാത്തുതുല്യ സർവാധിപത്യരാഷ്ട്രീയ വ്യവസ്ഥിതികളാൽ മേലാൽ വെല്ലുവിളിക്കപ്പെടുകയില്ല, എന്തുകൊണ്ടെന്നാൽ കക്ഷിപരമായ അഹന്തയും വിദ്വേഷവും കഴിഞ്ഞകാല സംഗതികളായിരിക്കും. (സങ്കീർത്തനം 11:5-7) ദൈവജനം ഭൂമിയിൽ എവിടെ ജീവിച്ചാലും ‘തങ്ങളെ യേശു സ്നേഹിച്ചതുപോലെ അന്യോന്യം സ്നേഹിക്കാനുള്ള’ യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് അവർ ഇപ്പോൾത്തന്നെ അങ്ങനെയുള്ള ദേശീയത്വത്തെ പിമ്പിൽ വിട്ടുകളഞ്ഞിരിക്കുന്നു. (യോഹന്നാൻ 13:34, 35; യെശയ്യാവ് 2:4) അത് ഏതു തരം സ്നേഹമാണെന്ന് നമ്മുടെ അടുത്ത ലേഖനം പ്രകടമാക്കുന്നു! (w89 1/1)
[അടിക്കുറിപ്പുകൾ]
a ബൈബിൾകാലഗണനയുടെ ഒരു വിശദമായ ചർച്ചക്ക് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യാ പ്രസിദ്ധപ്പെടുത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 136-46 വരെയുള്ള പേജുകൾ കാണുക.
b നാസി “ഗോല്യാത്തി”ന്റെ വെല്ലുവിളിക്ക് ഉത്തരം കൊടുക്കുന്നതിൽ ചെറുപ്പക്കാരും പ്രായമുള്ളവരുമായ യഹോവയുടെ സാക്ഷികളുടെ നിർമ്മലതയുടെ ഉത്തേജകമായ ദൃഷ്ടാന്തങ്ങൾക്കായി യഹോവയുടെ സാക്ഷികളുടെ 1974-ലെ വാർഷികപുസ്തകത്തിന്റെ 117-21, 164-9 എന്നീ പേജുകൾ കാണുക.
പുനരവലോകനചോദ്യങ്ങൾ
□ ക്രൂരമല്ലനായ ഗോല്യാത്ത് എന്തിനെ ചിത്രീകരിച്ചു?
□ യഹോവയുടെ ദാസൻമാർ പരമാധികാരത്തിന്റെ വിവാദവിഷയത്തിൽ ഏതു വിധങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല?
□ ആധുനിക ഗോല്യാത്ത് വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നുവെന്ന് ദൈവജനത്തിന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
□ ആർ ശൗൽരാജാവിന്റെ പ്രവർത്തനരീതി പിന്തുടരുന്നു, എങ്ങനെ?
□ ആധുനിക ഗോല്യാത്തിനാലുള്ള മർദ്ദനം ഗണ്യമാക്കാതെ യഹോവയുടെ ജനം എങ്ങനെ ദാവീദിനെപ്പോലെ പ്രവർത്തിച്ചിരിക്കുന്നു?