നമുക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?
വാനോളം പുകഴ്ത്തിയിരിക്കുന്ന ഏതെങ്കിലും ബൈബിൾകഥാപാത്രത്തെക്കുറിച്ച് വായിച്ചശേഷം, ‘എനിക്ക് ഒരിക്കലും അവരെപ്പോലെയാകാൻ കഴിയില്ല’ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ‘ഞാൻ നിഷ്കളങ്കനോ നീതിമാനോ അല്ല, ഞാൻ എല്ലായ്പോഴും ശരി ചെയ്യാറുമില്ല’ എന്ന് നിങ്ങൾ പറഞ്ഞേക്കാം.
പൂർവപിതാവായ ഇയ്യോബിനെ “നിഷ്കളങ്കനും നേരുള്ളവനും” ആയി വർണിച്ചിരിക്കുന്നു. (ഇയ്യോബ് 1:1) ‘നീതിമാൻ’ എന്ന് ലോത്തിനെ വിളിച്ചിരിക്കുന്നു. (2 പത്രോസ് 2:8) ദൈവത്തിന് “പ്രസാദമുള്ളതു മാത്രം” ചെയ്യുന്നവൻ എന്ന് ദാവീദിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (1 രാജാക്കന്മാർ 14:8) എന്നിരുന്നാലും, ഈ ബൈബിൾകഥാപാത്രങ്ങളുടെ ജീവിതത്തെ നമുക്കൊന്ന് അടുത്ത് നിരീക്ഷിക്കാം. അതിലൂടെ, (1) അവരും തെറ്റുകൾ വരുത്തിയിട്ടുള്ളവരാണെന്നും (2) അവരുടെ മാതൃകയിൽനിന്ന് നമുക്ക് നിരവധി കാര്യങ്ങൾ പഠിക്കാനാകുമെന്നും (3) തെറ്റു ചെയ്യാൻ ചായ്വുള്ള മനുഷ്യർക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമെന്നും നമ്മൾ കാണും.
അവരും തെറ്റുകൾ വരുത്തിയിട്ടുള്ളവരാണ്
ഇയ്യോബ് അനുഭവിച്ചത്, അന്യായമെന്ന് തോന്നുന്ന നിരവധി കഷ്ടതകളുടെ ഒരു പരമ്പരതന്നെയായിരുന്നു. ദൈവത്തോട് വിശ്വസ്തനായിരുന്നാലും അല്ലെങ്കിലും ദൈവം അത് കാര്യമായി എടുക്കുന്നില്ല എന്ന തെറ്റായ നിഗമനത്തിൽ ഇയ്യോബ് എത്തിച്ചേർന്നു. (ഇയ്യോബ് 9:20-22) താൻ ദൈവത്തെക്കാൾ നീതിമാനാണെന്ന തോന്നൽ മറ്റുള്ളവരിൽ ഉളവാക്കുംവിധം ഇയ്യോബ് സംസാരിച്ചു. അവന് തന്റെ നീതിയെക്കുറിച്ച് അത്രയ്ക്ക് ബോധ്യമുണ്ടായിരുന്നു.—ഇയ്യോബ് 32:1, 2; 35:1, 2.
ലോത്ത് ശരിയായ ഒരു തീരുമാനം എടുക്കാൻ മടി കാണിച്ചു. സൊദോമിലും ഗൊമോറയിലും ഉള്ള ആളുകളുടെ കടുത്ത അധർമപ്രവൃത്തികൾ അവന്റെ “നീതിനിഷ്ഠമായ ഹൃദയത്തെ തീവ്രമായി വേദനിപ്പി”ച്ചു. (2 പത്രോസ് 2:8) ആ ദുഷ്ടത നിറഞ്ഞ പട്ടണങ്ങളെ നശിപ്പിക്കുമെന്ന് ദൈവം പ്രഖ്യാപിക്കുകയും ലോത്തിന് കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള അവസരം നൽകുകയും ചെയ്തു. ഈ അവസരത്തിൽ ആദ്യം അവിടെനിന്ന് പോകാനുള്ള നടപടി സ്വീകരിക്കുന്നത് ലോത്ത് ആയിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, ഈ നിർണായകമായ സമയത്ത് അവൻ മടിച്ചു നിൽക്കുകയാണ് ചെയ്തത്. അതുകൊണ്ട്, രക്ഷിക്കാനായി വന്ന ദൂതന്മാർക്ക് ലോത്തിനെയും കുടുംബത്തെയും കൈയ്ക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കേണ്ടിവന്നു.—ഉല്പത്തി 19:15, 16.
ദാവീദ് ഒരു സന്ദർഭത്തിൽ, ആത്മനിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരുവന്റെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. തന്റെ ആ പാപം മറയ്ക്കുന്നതിനുവേണ്ടി അവളുടെ ഭർത്താവിനെ കൊല്ലിച്ചു. (2 ശമൂവേൽ, അധ്യായം 11) ദാവീദ് ചെയ്തതു “യഹോവെക്കു അനിഷ്ടമായി” എന്ന് ബൈബിൾ പറയുന്നു.—2 ശമൂവേൽ 11:27.
ഇയ്യോബും ലോത്തും ദാവീദും തെറ്റുകൾ ചെയ്തു. അവയിൽ ചിലത് ഗുരുതരമായിരുന്നു. എന്നാൽ നമ്മൾ കാണാൻപോകുന്നതുപോലെ, ഇവരെല്ലാം പൂർണഹൃദയത്തോടെ ദൈവത്തെ അനുസരിക്കാൻ ആഗ്രഹമുള്ളവരായിരുന്നു. തങ്ങൾ ചെയ്തുപോയ തെറ്റുകളെപ്രതി അനുതപിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും അവർ തയ്യാറായിരുന്നു. അതുകൊണ്ട് ദൈവം അവരെ പ്രിയങ്കരരായി വീക്ഷിക്കുകയും വിശ്വസ്തരായ മനുഷ്യരെന്ന് അവരെക്കുറിച്ച് ബൈബിളിൽ പരാമർശിക്കുകയും ചെയ്തു.
നമുക്ക് എന്ത് പഠിക്കാൻ കഴിയും?
നമ്മൾ എല്ലാം തികഞ്ഞവരല്ലാത്തതിനാൽ തെറ്റുകൾ ചെയ്യുന്നത് ഒഴിവാക്കാനാവില്ല. (റോമർ 3:23) എങ്കിലും, തെറ്റുകൾ സംഭവിച്ചാൽ നമ്മൾ അവയെക്കുറിച്ച് അനുതപിക്കുകയും ശരി ചെയ്യാൻ നമ്മളാലാകുന്നത് ചെയ്യുകയും വേണം.
ഇയ്യോബും ലോത്തും ദാവീദും തങ്ങളുടെ തെറ്റുകൾ തിരുത്തിയത് എങ്ങനെയാണ്? നിഷ്കളങ്കനായ ഒരു വ്യക്തിയായിരുന്നു ഇയ്യോബ്. ദൈവം ഇയ്യോബുമായി ന്യായവാദം ചെയ്തപ്പോൾ, അവൻ തന്റെ തെറ്റായ ചിന്താഗതി തിരുത്തുകയും താൻ പറഞ്ഞത് പിൻവലിക്കുകയും ചെയ്തു. (ഇയ്യോബ് 42:6) സൊദോമിലും ഗൊമോറയിലും ഉള്ളവരുടെ അധഃപതിച്ച ജീവിതരീതികളെക്കുറിച്ചുള്ള ലോത്തിന്റെ കാഴ്ചപ്പാട് ദൈവത്തിന്റേതുമായി യോജിപ്പിലായിരുന്നു. എന്നാൽ, അടിയന്തിരതയോടെ പ്രവർത്തിക്കുന്നതിൽ വരുത്തിയ വീഴ്ചയായിരുന്നു അവന്റെ പ്രശ്നം. ഒടുവിൽ ലോത്ത്, ദൈവം ന്യായം വിധിച്ച നഗരങ്ങളിൽനിന്ന് ഓടിപ്പോകുകയും രക്ഷപ്പെടുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും, ഉപേക്ഷിച്ച് പോരുന്ന കാര്യത്തിലേക്ക് തിരിഞ്ഞ് നോക്കരുത് എന്ന ദൈവത്തിന്റെ കല്പന അവൻ മനസ്സോടെ അനുസരിച്ചു. ദാവീദാകട്ടെ, ദൈവത്തിന്റെ നിയമം അനുസരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെങ്കിലും, ആത്മാർഥമായി അനുതപിക്കുകയും കരുണയ്ക്കായി ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തുകൊണ്ട്, തന്റെ ഹൃദയനില വെളിപ്പെടുത്തി.—സങ്കീർത്തനം 51.
ദൈവം അവരെ പ്രിയങ്കരരായി വീക്ഷിച്ചു. കാരണം, തെറ്റ് ചെയ്യാൻ ചായ്വുള്ള മനുഷ്യരിൽനിന്ന് ദൈവം ന്യായമായി മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ദൈവം “നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) നമുക്ക് തെറ്റുകൾ ഒഴിവാക്കാനാവില്ലെന്ന് ദൈവത്തിന് അറിയാമെങ്കിൽപ്പിന്നെ, അവൻ നമ്മിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
ദൈവം “നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:14
തെറ്റ് ചെയ്യാൻ ചായ്വുള്ള മനുഷ്യർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
ദാവീദ് തന്റെ മകനായ ശലോമോനെ ഉപദേശിച്ച വിധത്തിൽനിന്ന് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം. ‘നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിയുകയും അവനെ പൂർണ്ണഹൃദയത്തോടെ സേവിക്കുകയും ചെയ്യുക.’ (1 ദിനവൃത്താന്തം 28:9) പൂർണഹൃദയം എന്നാൽ എന്താണ്? ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ ഇഷ്ടങ്ങൾ അറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കാൻ നിശ്ചയിച്ചുറയ്ക്കുകയും ചെയ്തിരിക്കുന്ന ഒരു ഹൃദയമാണ് അത്. എങ്കിലും, അത് പൂർണതയുള്ള ഹൃദയമല്ല, പകരം ദൈവത്തെ അനുസരണത്തോടെ സേവിക്കാൻ വാഞ്ഛിക്കുന്നതും തെറ്റുതിരുത്താൻ മനസ്സൊരുക്കം കാണിക്കുന്നതും ആയ ഹൃദയമാണ്. ദൈവത്തോടുള്ള സ്നേഹവും അനുസരിക്കാനുള്ള മനസ്സൊരുക്കവും, ഇയ്യോബിനെ ‘നിഷ്കളങ്കനും’ ലോത്തിനെ ‘നീതിമാനും’ ദാവീദിനെ ദൈവത്തിന്റെ കണ്ണിൽ ‘പ്രസാദമുള്ളതു മാത്രം ചെയ്യുന്നവനും’ ആക്കി. അവർ തെറ്റുകൾ ചെയ്തെങ്കിലും, അവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിഞ്ഞു.
ഒരു പൂർണഹൃദയം ദൈവേഷ്ടത്തോട് പ്രതികരിക്കുകയും അനുസരണത്തോടെ ദൈവത്തെ സേവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു
നമ്മുടെ മനസ്സിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്ന മോശമായ ചിന്തകൾ കടന്നുവരുന്നെങ്കിൽ, പറഞ്ഞുപോയതിനെ ഓർത്ത് നാണക്കേടു തോന്നുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ, ചെയ്തതിനെ ഓർത്ത് പിന്നീട് ഖേദിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ഇപ്പോൾ ചർച്ചചെയ്ത ഉദാഹരണങ്ങളിൽനിന്ന് ധൈര്യം ആർജിക്കാനാകും. ഇക്കാലത്ത് എല്ലാം തികഞ്ഞവരാകാൻ നമുക്ക് കഴിയില്ലെന്ന് ദൈവത്തിന് അറിയാം. എന്നിരുന്നാലും, തന്നെ സ്നേഹിക്കണമെന്നും തന്നെ അനുസരിക്കാൻ പരമാവധി ശ്രമിക്കണമെന്നും ദൈവം പ്രതീക്ഷിക്കുകതന്നെ ചെയ്യുന്നു. ഇക്കാര്യത്തിൽ, ഒരു പൂർണഹൃദയമുണ്ടെങ്കിൽ നമുക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയും. ▪ (w15-E 07/01)