ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
മാർച്ച് 4-10
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 16-17
‘യഹോവ, എന്റെ നന്മയുടെ ഉറവ്’
ചെറുപ്പക്കാരേ, സംതൃപ്തികരമായ ജീവിതം നിങ്ങൾക്കു സ്വന്തമാക്കാം
നല്ല സുഹൃത്തുക്കളെ കണ്ടെത്തുക
11 സങ്കീർത്തനം 16:3 വായിക്കുക. നല്ല സുഹൃത്തുക്കളെ കണ്ടെത്താനുള്ള രഹസ്യം ദാവീദിന് അറിയാമായിരുന്നു. യഹോവയെ സ്നേഹിച്ചവരെ സ്നേഹിതരാക്കിയതു ദാവീദിന് ‘ഏറെ ആഹ്ലാദമേകി.’ “വിശുദ്ധർ” എന്നാണ് അവരെ വിളിച്ചിരിക്കുന്നത്. അവർ ധാർമികമായി ശുദ്ധരും നേരുള്ളവരും ആയിരുന്നു. കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മറ്റൊരു സങ്കീർത്തനക്കാരനും ഇങ്ങനെതന്നെയാണു തോന്നിയത്. അദ്ദേഹം എഴുതി: “അങ്ങയെ ഭയപ്പെടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്നേഹിതൻ.” (സങ്കീ. 119:63) കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, യഹോവയെ ഭയപ്പെടുകയും അനുസരിക്കുകയും ചെയ്യുന്ന ധാരാളം പേരെ സുഹൃത്തുക്കളാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. അതിൽ പല പ്രായക്കാരായ ആളുകൾ ഉൾപ്പെടും.
‘യഹോവയുടെ മനോഹരത്വം കാണുക’
ദാവീദ് യഹോവയെ “എന്റെ ഓഹരിയും പാനപാത്രവും” എന്നു വിളിച്ചു. (സങ്കീ. 16:5എ, പി.ഒ.സി.) തുടർന്ന്, “നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു,” എന്ന് അവൻ പാടി. (സങ്കീ. 16:5ബി, 6) തനിക്ക് ലഭിച്ച “ഓഹരി”യെപ്രതി, അതായത് യഹോവയുമായുള്ള അംഗീകൃതബന്ധത്തെയും അവനെ സേവിക്കാനുള്ള തന്റെ പദവിയെയും പ്രതി ദാവീദ് നന്ദിയുള്ളവനായിരുന്നു. അവനെപ്പോലെ നമുക്കും കഷ്ടതകൾ അനുഭവിക്കേണ്ടിവന്നേക്കാം, എങ്കിലും അവയെയെല്ലാം കടത്തിവെട്ടുന്നതാണ് നാം ആസ്വദിക്കുന്ന അനവധിയായ ആത്മീയാനുഗ്രഹങ്ങൾ! അതുകൊണ്ട് സത്യാരാധനയിൽ നമുക്ക് അനവരതം ആനന്ദം കണ്ടെത്താം; യഹോവയുടെ ആത്മീയാലയത്തെ എന്നും ‘വിലമതിപ്പോടെ വീക്ഷിക്കുന്നതിൽ’ തുടരാം.
യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക
2 അബ്രാഹാം, സാറാ, മോശെ, രൂത്ത്, ദാവീദ്, എസ്ഥേർ, പൗലൊസ് തുടങ്ങിയ സുപരിചിതരായ ബൈബിൾകഥാപാത്രങ്ങളുടെ അനുഭവങ്ങളിൽനിന്ന് നമുക്കെല്ലാം ധാരാളം കാര്യങ്ങൾ പഠിക്കാനാകും. എന്നിരുന്നാലും അത്ര ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളും നമുക്കു പ്രയോജനംചെയ്യും. ബൈബിൾവിവരണങ്ങളെക്കുറിച്ചുള്ള ധ്യാനം സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ സഹായിക്കും: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ. 16:8) എന്താണ് ഈ വാക്കുകളുടെ അർഥം?
3 വലംകയ്യിൽ വാളും ഇടംകയ്യിൽ പരിചയുമായി പോരാടുന്ന ഒരു പടയാളിയെ സങ്കൽപ്പിക്കുക. വലതുഭാഗത്തുനിന്നുള്ള ആക്രമണത്തിൽനിന്ന് പരിച അദ്ദേഹത്തെ സംരക്ഷിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വലതുഭാഗത്തോടു ചേർന്നുനിന്നു പോരാടുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. യഹോവയെ മനസ്സിൽ അടുപ്പിച്ചുനിറുത്തിക്കൊണ്ട് അവന്റെ ഇഷ്ടം ചെയ്താൽ അവൻ നമ്മെ സംരക്ഷിക്കും. നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും അങ്ങനെ ‘യഹോവയെ എപ്പോഴും നമ്മുടെ മുമ്പാകെ വെക്കാനും’ ബൈബിൾവിവരണങ്ങളുടെ പരിചിന്തനം നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആത്മീയരത്നങ്ങൾ
it-2-E 714
കൃഷ്ണമണി
എബ്രായയിൽ ഐഷോൻ (ആവ 32:10; സുഭ 7:2) എന്ന വാക്കിനോടൊപ്പം അയിൻ (കണ്ണ്) എന്ന വാക്കു ചേർത്താൽ “കണ്ണിലെ ചെറിയ മനുഷ്യൻ” എന്ന അർഥം വരും. ബാത്ത് (മകൾ) എന്ന വാക്കിനോടൊപ്പം അയിൻ ചേർത്താൽ “കണ്ണിലെ മകൾ” എന്നും വരും. ഈ രണ്ടു പദപ്രയോഗങ്ങളും കണ്ണിലെ കൃഷ്ണമണിയെയാണ് സൂചിപ്പിക്കുന്നത്. ഊന്നൽ കൊടുക്കാനായി സങ്കീർത്തനം 17:8-ാം വാക്യത്തിൽ ഈ രണ്ടു പദപ്രയോഗങ്ങളും ഒരുമിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഐഷോൻ ബാത്ത് അയിൻ എന്നാണ് ആ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരാർഥത്തിലുള്ള അതിന്റെ പരിഭാഷ “ചെറിയ മനുഷ്യൻ, കണ്ണിലെ മകൾ” അഥവാ “കണ്ണിലെ കൃഷ്ണമണി” എന്നാണ്. മറ്റൊരാളുടെ കണ്ണിൽ നമ്മളെത്തന്നെ ചെറുതായി പ്രതിഫലിച്ച് കാണുന്നതിനെയായിരിക്കാം സങ്കീർത്തനം 17:8-ലെ പരാമർശം സൂചിപ്പിക്കുന്നത്.
നമ്മുടെ കണ്ണുകൾ വളരെ ലോലവും മൃദുലവും ആണ്. അതുകൊണ്ടുതന്നെ ചെറിയ രോമമോ പൊടിയുടെ ഒരു തരിയോ കണ്ണിൽ വീണാൽ നമ്മൾ പെട്ടെന്ന് അറിയും. കൃഷ്ണമണിയുടെ പുറത്തുള്ള വളരെ നേർത്ത ഒരു പാടയാണ് കോർണിയ. അതിനു മുറിവേൽക്കുകയോ രോഗം കാരണം മങ്ങലുണ്ടാകുകയോ ചെയ്താൽ പിന്നീട് കാഴ്ച്ചത്തകരാറോ അന്ധതയോ പോലും ഉണ്ടാകാം. അതുകൊണ്ടുതന്നെ അതു നല്ല വിധത്തിൽ സംരക്ഷിക്കണം. ഏറ്റവും നല്ല സംരക്ഷണം കൊടുക്കുന്നതിനെക്കുറിച്ച് പറയാനാണ് ബൈബിളിൽ “കണ്ണിലെ കൃഷ്ണമണി” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ ഉപദേശവും നമ്മൾ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണം. (സുഭ 7:2) ഒരു പിതാവിനു തോന്നുന്നതുപോലുള്ള കരുതൽ തനിക്ക് ഇസ്രായേല്യരോട് ഉണ്ടെന്നു പറയാൻ ആവർത്തനം 32:10-ൽ ദൈവം അവരെ “കണ്ണിലെ കൃഷ്ണമണിപോലെ” കാത്തു എന്നു പറയുന്നു. അതുപോലെ, ദൈവത്തിന്റെ സംരക്ഷണത്തിനും കരുതലിനും വേണ്ടി പ്രാർഥിച്ചപ്പോൾ ദാവീദ് പറഞ്ഞതും തന്നെ “കണ്ണിലെ കൃഷ്ണമണിപോലെ” കാത്തുകൊള്ളേണമേ എന്നാണ്. (സങ്ക 17:8) യഹോവ തന്റെ രക്ഷയ്ക്കായി പെട്ടെന്നുതന്നെ പ്രവർത്തിക്കാൻ ദാവീദ് ആഗ്രഹിച്ചു എന്ന് ഇതു കാണിക്കുന്നു, പ്രത്യേകിച്ചും ശത്രുക്കളെ നേരിടേണ്ടിവരുമ്പോൾ. (സെഖര്യ 2:8 താരതമ്യം ചെയ്യുക, അവിടെയും കണ്ണ് എന്നതിന്റെ എബ്രായപദം ഉപയോഗിച്ചിരിക്കുന്നു.)
മാർച്ച് 11-17
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 18
‘യഹോവ എന്റെ രക്ഷകനാണ്’
ബൈബിളിലെ വാങ്മയ ചിത്രങ്ങൾ മനസ്സിലാക്കുക
അചേതന വസ്തുക്കളോടും ബൈബിൾ യഹോവയെ സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. “യിസ്രായേലിൻ പാറ,” ‘ശൈലം,’ “കോട്ട” എന്നിങ്ങനെയെല്ലാം ബൈബിൾ അവനെ വർണിക്കുന്നു. (2 ശമൂവേൽ 23:3; സങ്കീർത്തനം 18:2; ആവർത്തനപുസ്തകം 32:4) ഇവിടത്തെ സാധാരണ ധർമം എന്താണ്? സുദൃഢവും സുസ്ഥിരവുമായ ഒരു വലിയ പാറപോലെയാണ് യഹോവ; നമുക്ക് സുസ്ഥിരമായ ഒരു സങ്കേതമായി അവൻ വർത്തിക്കുന്നു.
5 യഹോവയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ വർണിക്കുന്ന വാങ്മയ ചിത്രങ്ങൾ സങ്കീർത്തനപുസ്തകത്തിലുടനീളം കാണാം. ഉദാഹരണത്തിന്, “യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു” എന്ന് സങ്കീർത്തനം 84:11 പറയുന്നു. കാരണം അവൻ വെളിച്ചവും ജീവനും ഊർജവും സംരക്ഷണവും പ്രദാനംചെയ്യുന്നു. എന്നാൽ സങ്കീർത്തനം 121:5-ൽ, “യഹോവ നിന്റെ . . . വലത്തുഭാഗത്തു നിനക്കു തണൽ” എന്നു പറഞ്ഞിരിക്കുന്നു. ഒരു വൃക്ഷത്തിന്റെയോ മറ്റോ തണൽ പൊരിവെയിലത്ത് ആശ്വാസം നൽകുന്നതുപോലെ, തന്നെ സേവിക്കുന്നവരെ ദുരിതങ്ങളുടെ കൊടുംചൂടിൽനിന്ന് സംരക്ഷിക്കാൻ യഹോവയ്ക്കു കഴിയും. അവന്റെ “കയ്യുടെ നിഴലിൽ” അല്ലെങ്കിൽ “ചിറകിൻ നിഴലിൽ” അവർക്ക് ആശ്വാസം കണ്ടെത്താനാകും.—യെശയ്യാവു 51:16; സങ്കീർത്തനം 17:8, 9; 36:7.
it-2-E 1161 ¶7
ശബ്ദം
തന്റെ ദാസരുടെ ശബ്ദം ദൈവം കേൾക്കുന്നു. ദൈവത്തെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്നവർക്ക് തങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും, അവരുടെ പ്രാർഥന ഏതു ഭാഷയിലായാലും. മൗനമായുള്ള യാചനകളും ദൈവം കേൾക്കുന്നു. കാരണം ദൈവത്തിന് അവരുടെ ഹൃദയങ്ങൾ അറിയാം. (സങ്ക 66:19; 86:6; 116:1; 1ശമു 1:13; നെഹ 2:4) കഷ്ടങ്ങൾ അനുഭവിക്കുന്നവരുടെ സഹായത്തിനായുള്ള നിലവിളികളും ദൈവം കേൾക്കുന്നു. തന്നെ എതിർക്കുന്നവരുടെയും തന്റെ ദാസർക്കെതിരെ ഗൂഢാലോചന നടത്തുന്നവരുടെയും ഉള്ളിലിരുപ്പ് യഹോവയ്ക്ക് അറിയാം.—ഉൽ 21:17; സങ്ക 55:18, 19; 69:33; 94:9-11; യിര 23:25.
ഉത്കണ്ഠ തോന്നുമ്പോഴും തളരാതെ പിടിച്ചുനിൽക്കാം
2. ചിന്തിക്കുക. മുമ്പ് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ യഹോവയുടെ സഹായംകൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ നിങ്ങൾക്ക് ഓർക്കാനാകുന്നുണ്ടോ? കഴിഞ്ഞകാലങ്ങളിൽ നമ്മളെയും മറ്റു ദൈവദാസരെയും യഹോവ സഹായിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നതു നമുക്കു ധൈര്യം തരും, യഹോവയിലുള്ള നമ്മുടെ ആശ്രയം കൂട്ടും. (സങ്കീ. 18:17-19) ജോഷ്വ എന്ന ഒരു മൂപ്പൻ പറയുന്നു: “യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്ന ഓരോ സന്ദർഭവും ഞാൻ എഴുതിവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകകാര്യത്തിനുവേണ്ടി ചോദിച്ചപ്പോൾ യഹോവ എന്റെ ആവശ്യം നിറവേറ്റിത്തന്ന സന്ദർഭങ്ങൾ ഓർക്കാൻ ഇത് എന്നെ സഹായിക്കുന്നു.” യഹോവ ഇതുവരെ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ശരിക്കും ഉത്കണ്ഠയെ നേരിടാനുള്ള ശക്തി തരും.
ആത്മീയരത്നങ്ങൾ
it-1-E 432 ¶2
കെരൂബ്
ചിലർ വാദിക്കുന്നതുപോലെ, ഈ കെരൂബുകളുടെ രൂപം മറ്റു ജനതകളിൽപ്പെട്ടവർ ആരാധിച്ചിരുന്ന ചിറകുകളുള്ള ഭീകരജീവികളുടേതുപോലെയായിരുന്നില്ല. പുരാതന ജൂതപാരമ്പര്യ വിശ്വാസമനുസരിച്ച് ഈ കെരൂബുകൾക്ക് മനുഷ്യരൂപമായിരുന്നു. എന്നാൽ ബൈബിൾ ഇതെക്കുറിച്ച് കൃത്യമായി പറയുന്നില്ല. ഈ കെരൂബുകളുടെ രൂപം ആത്മജീവികളുടെ ഉജ്ജ്വലസൗന്ദര്യം എടുത്തുകാണിക്കുന്ന അതിമനോഹരമായ കലാസൃഷ്ടികളായിരുന്നു. അതിലെ ചെറിയ ഓരോ വിശദാംശവും മോശയ്ക്ക് യഹോവയിൽനിന്ന് ലഭിച്ച “അതേ മാതൃകയനുസരിച്ചുതന്നെ” ഉണ്ടാക്കിയതായിരുന്നു. (പുറ 25:9) ‘മൂടിയിന്മേൽ നിഴൽ വിരിച്ചുകൊണ്ടുള്ള തേജസ്സാർന്ന കെരൂബുകളായാണ്’ അപ്പോസ്തലനായ പൗലോസ് ഇവയെ വർണിക്കുന്നത്. (എബ്ര 9:5) ഈ കെരൂബുകൾക്ക് യഹോവയുടെ സാന്നിധ്യവുമായി ബന്ധമുണ്ട്. പെട്ടകത്തിന്റെ മുകളിലുള്ള രണ്ടു കെരൂബുകളുടെ നടുവിൽനിന്നാണ് യഹോവ സംസാരിച്ചിരുന്നത്. (പുറ 25:22; സംഖ 7:89) അതുകൊണ്ടാണ് യഹോവ ‘കെരൂബുകളുടെ മീതെയോ’ ‘കെരൂബുകളുടെ മധ്യേയോ’ ഇരിക്കുന്നതായി ബൈബിൾ പറയുന്നത്. (1ശമു 4:4; 2ശമു 6:2; 2രാജ 19:15; 1ദിന 13:6; സങ്ക 80:1; 99:1; യശ 37:16) കെരൂബുകൾ യഹോവ സവാരി ചെയ്യുന്ന ആലങ്കാരികരഥത്തിന്റെ പ്രതീകവുമാണ്. (1ദിന 28:18) അവയുടെ ചിറകുകൾ സംരക്ഷണവും സഞ്ചരിക്കുമ്പോൾ വേഗതയും നൽകി. തന്നെ സഹായിക്കാനായി ദൈവം എത്ര വേഗത്തിൽ എത്തും എന്നു പറയാനായി ദാവീദ് ഒരു കാവ്യഗീതത്തിൽ ‘ദൈവം കെരൂബിനെ വാഹനമാക്കി ഒരു ദൈവദൂതന്റെ ചിറകിലേറി പറന്നെത്തി’ എന്നു വർണിച്ചിരിക്കുന്നു.—2ശമു 22:11; സങ്ക 18:10.
മാർച്ച് 18-24
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 19-21
“ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു”
സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ
യിശ്ശായിയുടെ പുത്രനായ ദാവീദ്, ബേത്ത്ലേഹെം പരിസരത്ത് ഒരു ഇടയ ബാലനായാണ് വളർന്നുവന്നത്. വിജനമായ ആ പുൽമേടുകളിൽ തന്റെ പിതാവിന്റെ ആടുകളെ മേയ്ച്ചുനടക്കവേ, രാത്രിയുടെ നിശ്ശബ്ദതയിൽ താരനിബിഡമായ ആകാശത്തിന്റെ അപാരതയിലേക്ക് അവൻ എത്രയോ തവണ നോക്കിനിന്നിട്ടുണ്ടാവണം! പരിശുദ്ധാത്മാവിനാൽ നിശ്വസ്തനാക്കപ്പെട്ടപ്പോൾ, ആ മിഴിവുറ്റ ചിത്രങ്ങൾ അവന്റെ സ്മൃതിപഥങ്ങളിൽ ഒഴുകിയെത്തി എന്നതിനു സംശയമില്ല. അങ്ങനെയാണ് 19-ാം സങ്കീർത്തനത്തിലെ ഭാവതരളമായ വാക്കുകൾ അവൻ ചിട്ടപ്പെടുത്തിയത്: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അററത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.”—സങ്കീർത്തനം 19:1, 4.
2 വാക്കുകൾ ഇല്ലാതെ, ശബ്ദം ഉയർത്താതെ, യഹോവ സൃഷ്ടിച്ച ഭയഗംഭീരമായ ആകാശം രാപകൽ അവന്റെ മഹത്ത്വം വിളിച്ചോതുകയാണ്. സൃഷ്ടി യഹോവയുടെ മഹത്ത്വം അനവരതം ഘോഷിക്കുന്നു. സകല ഭൂവാസികൾക്കും ദർശിക്കാൻ കഴിയുംവിധം “ഭൂമിയിൽ എല്ലാടവും” കടന്നുചെല്ലുന്ന ഈ മൂകസാക്ഷ്യത്തെ കുറിച്ചു ധ്യാനിക്കുന്നത് നമ്മെ വിനയാന്വിതരാക്കുന്നു. എന്നിരുന്നാലും, സൃഷ്ടിയുടെ ഈ നിശ്ശബ്ദ സാക്ഷ്യം മാത്രം മതിയാകുന്നില്ല. അവയോടൊപ്പം ഉച്ചത്തിൽ യഹോവയ്ക്കു സാക്ഷ്യം വഹിക്കുന്നതിൽ പങ്കുചേരാൻ വിശ്വസ്തരായ മനുഷ്യർക്കും ആഹ്വാനം ലഭിച്ചിരിക്കുന്നു. പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സങ്കീർത്തനക്കാരൻ വിശ്വസ്ത ആരാധകരെ അഭിസംബോധന ചെയ്യവേ ഈ നിശ്വസ്ത വാക്കുകൾ എഴുതി: “മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ. യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ.” (സങ്കീർത്തനം 96:7, 8) യഹോവയുമായി ഒരു ഉറ്റ ബന്ധമുള്ളവർ ആ ആഹ്വാനത്തോടു ക്രിയാത്മകമായി പ്രതികരിക്കാൻ സന്തോഷമുള്ളവരാണ്. എന്നാൽ, യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
സൃഷ്ടി ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു!
8 അടുത്തതായി ദാവീദ് യഹോവയുടെ സൃഷ്ടിയിലെ മറ്റൊരു വിസ്മയം വർണിക്കുന്നു: “അവിടെ [ദൃശ്യവിഹായസ്സിൽ] അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്റെ അററത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.”—സങ്കീർത്തനം 19:4-6.
9 മറ്റു നക്ഷത്രങ്ങളുടെ മുന്നിൽ ഒരു ഇടത്തരക്കാരൻ മാത്രമാണെങ്കിലും ശ്രദ്ധേയമായ ഒരു നക്ഷത്രമാണ് സൂര്യൻ. സൗര പരിവാരത്തിലെ ഗ്രഹങ്ങളെല്ലാം അതിനോടുള്ള താരതമ്യത്തിൽ വെറും ഇത്തിരിപ്പോന്നവയാണ്. ഒരു ഉറവിടം പറയുന്ന പ്രകാരം ഇരുന്നൂറു സഹസ്രകോടി സഹസ്രലക്ഷം കോടി ടൺ ആണ് സൂര്യന്റെ ദ്രവ്യമാനം. അതായത്, സൗരയൂഥത്തിന്റെ 99.9 ശതമാനം പിണ്ഡവും സൂര്യനിലാണ്! കൂടുതൽ അകന്നുപോകുകയോ അടുത്തേക്കു നീങ്ങുകയോ ചെയ്യാതെ സൗരകേന്ദ്രത്തിൽനിന്ന് 15 കോടി കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാൻ സൂര്യന്റെ ഗുരുത്വാകർഷണം ഭൂമിയെ സഹായിക്കുന്നു. സൂര്യൻ ഉത്സർജിക്കുന്ന ഊർജത്തിന്റെ 200 കോടിയിൽ ഒരംശം മാത്രമേ നമ്മുടെ ഗ്രഹത്തിൽ എത്തുന്നുള്ളു, എന്നാൽപ്പോലും ജീവന്റെ നിലനിൽപ്പിന് അതു മതിയായതാണ്.
10 പകൽസമയത്ത് ചക്രവാളത്തിൽനിന്നു ചക്രവാളത്തിലേക്കു കുതിക്കുകയും രാത്രി ‘ഒരു കൂടാരത്തിൽ’ വിശ്രമിക്കുകയും ചെയ്യുന്ന ഒരു ‘വീരനായി’ സൂര്യനെ ചിത്രീകരിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ ആലങ്കാരികമായി സംസാരിക്കുന്നു. ആ വീരനക്ഷത്രം ചക്രവാളത്തിൽ മറയുന്നത് നോക്കിനിന്നാൽ, വിശ്രമിക്കാനെന്നോണം അതൊരു കൂടാരത്തിലേക്കു കടക്കുകയാണെന്നു തോന്നും. പ്രഭാതത്തിലാകട്ടെ, അതു ‘മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനെപ്പോലെ’ ഉജ്ജ്വലപ്രഭയോടെ ഉദിച്ചുയരുന്നു. രാത്രികാലങ്ങളിലെ കൊടുംതണുപ്പ് ഒരു ഇടയൻ എന്ന നിലയിൽ ദാവീദ് അനുഭവിച്ചറിഞ്ഞിരുന്നു. (ഉല്പത്തി 31:40) സൂര്യകിരണങ്ങൾ ക്ഷിപ്രനേരംകൊണ്ട് തന്റെയും തനിക്കു ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും കുളിരകറ്റിയിരുന്നത് അവൻ ഓർത്തു. അതേ, കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള “പ്രയാണത്തിൽ” സൂര്യൻ തളർന്നുപോകുന്നില്ല, പിന്നെയോ ഒരു ‘വീരനെപ്പോലെ’ അടുത്ത യാത്രയ്ക്ക് അതു തയ്യാറെടുക്കുന്നു.
g95 11/8 7 ¶3
നമ്മുടെ നാളിൽ ഏറ്റവുമധികം അവഗണിക്കപ്പെടുന്ന കലാകാരൻ
പ്രകൃതിയിലെ കലാവൈഭവത്തോടുള്ള നമ്മുടെ വിലമതിപ്പു നാം ആഴമുള്ളതാക്കവേ, സ്രഷ്ടാവിനെ അറിയാൻ അതിനു നമ്മെ സഹായിക്കാനാകും. അവന്റെ കൈവേലകളാണു നമുക്കും ചുറ്റും. ഗലീലയിലെമ്പാടും വളരുന്ന കാട്ടുപൂക്കളെ അടുത്തു വീക്ഷിക്കാൻ ഒരു സന്ദർഭത്തിൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂൽനൂൽക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് അവൻ പറഞ്ഞു. (മത്തായി 6:28, 29) നിസ്സാരമായ ഒരു കാട്ടുപൂവിന്റെ സൗന്ദര്യം, മനുഷ്യരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ദൈവം ഉദാസീനത കാട്ടുന്നവനല്ല എന്നു നമുക്കു കാട്ടിത്തരുന്നു.
ആത്മീയരത്നങ്ങൾ
it-1-E 1073
എബ്രായ, II
കവിതകളിൽ പല ശൈലികളുണ്ട്. ചില ശൈലികളിൽ ഒരു വരിയുടെ രണ്ടാം ഭാഗം അതേ വരിയുടെ ആദ്യഭാഗത്തെ ആശയം ആവർത്തിക്കുക മാത്രമായിരിക്കും ചെയ്യുന്നത്. മറ്റു ചിലതിൽ വരികളുടെ രണ്ടാം ഭാഗം ആദ്യഭാഗത്തിന്റെ വിപരീത ആശയമായിരിക്കും പറയുക. എന്നാൽ സങ്കീർത്തനം 19:7-9 വാക്യങ്ങളിൽ കാണുന്ന ശൈലിയിൽ വരിയുടെ രണ്ടാം ഭാഗം ആദ്യഭാഗത്തിന്റെ അർഥം പൂർത്തീകരിക്കുകയോ വിശദീകരിക്കുകയോ ആണ് ചെയ്യുന്നത്. ഉദാഹരണത്തിന്:
യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;
അതു നവചൈതന്യം പകരുന്നു.
യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;
അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.
യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ;
അവ ഹൃദയാനന്ദം നൽകുന്നു;
യഹോവയുടെ കല്പന ശുദ്ധമായത്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
യഹോവയോടുള്ള ഭയഭക്തി പരിശുദ്ധം;
അത് എന്നും നിലനിൽക്കുന്നത്.
യഹോവയുടെ വിധികൾ സത്യമായവ,
അവ എല്ലാ അർഥത്തിലും നീതിയുള്ളവ.
ഇവിടെ, വരികളിലെ രണ്ടാം ഭാഗങ്ങൾ (ഉദാഹരണത്തിന്, “അതു നവചൈതന്യം പകരുന്നു,” “അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു” എന്നിവ) അതേ വരികളുടെ ആദ്യഭാഗത്തിന്റെ അർഥം വിശദീകരിക്കുകയാണ് ചെയ്യുന്നത്. അത് ആ കവിതയ്ക്ക് ഒരു പ്രത്യേക താളം നൽകുന്നു.
മാർച്ച് 25-31
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 22
യേശുവിന്റെ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
അവർ മിശിഹായെ കണ്ടെത്തി!
16 ദൈവം മിശിഹായെ കൈവിട്ടതായി തോന്നും. (സങ്കീർത്തനം 22:1 വായിക്കുക.) പ്രവചിക്കപ്പെട്ടിരുന്നതുപോലെ ‘ഒൻപതാം മണി (ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി) ആയപ്പോൾ യേശു, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്നർഥംവരുന്ന “ഏലീ, ഏലീ, ലമാ ശബക്താനീ?” എന്ന് ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു.’ (മർക്കോ. 15:34) യേശുവിന് തന്റെ പിതാവിലുള്ള വിശ്വാസം നഷ്ടമായി എന്ന് ഇതു സൂചിപ്പിക്കുന്നില്ല. ക്രിസ്തുവിന്റെ നിർമലത പൂർണമായി പരീക്ഷിക്കപ്പെടേണ്ടതിന് ദൈവം അവനെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും അവനുണ്ടായിരുന്ന സംരക്ഷണം പിൻവലിക്കുകയും ചെയ്യുകയായിരുന്നു. യേശു ഉച്ചത്തിൽ നിലവിളിച്ചപ്പോൾ സങ്കീർത്തനം 22:1 നിവൃത്തിയേറി.
അവർ മിശിഹായെ കണ്ടെത്തി!
13 മിശിഹാ അധിക്ഷേപം സഹിക്കേണ്ടിവരുമെന്ന് ദാവീദ് പ്രവചിച്ചിരുന്നു. (സങ്കീർത്തനം 22:7, 8 വായിക്കുക.) ദണ്ഡനസ്തംഭത്തിൽ യാതന അനുഭവിക്കുന്ന യേശുവിനെ ആളുകൾ അധിക്ഷേപിച്ചതിനെക്കുറിച്ച് മത്തായി രേഖപ്പെടുത്തി: ‘അതിലേ കടന്നുപോയിരുന്നവർ തലകുലുക്കിക്കൊണ്ട്, “ഹേ, ആലയം ഇടിച്ചുകളഞ്ഞ് മൂന്നുദിവസത്തിനകം പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനാണെങ്കിൽ സ്തംഭത്തിൽനിന്ന് ഇറങ്ങിവാ” എന്ന് അവനെ നിന്ദിച്ചുപറഞ്ഞു. അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരോടും മൂപ്പന്മാരോടും ചേർന്ന് അവനെ പരിഹസിച്ചുകൊണ്ട്, “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു കഴിയുന്നില്ല! ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. ഇപ്പോൾ ഇവൻ ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു. ദൈവം ഇവനിൽ പ്രസാദിക്കുന്നെങ്കിൽ ഇപ്പോൾ ഇവനെ വിടുവിക്കട്ടെ, ‘ഞാൻ ദൈവപുത്രനാണ്’ എന്നല്ലയോ ഇവൻ പറഞ്ഞത്?” എന്നു പറഞ്ഞു.’ (മത്താ. 27:39-43) ഈ പരിഹാസത്തിനൊന്നും യേശുവിന്റെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കാനായില്ല. നമുക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക!
അവർ മിശിഹായെ കണ്ടെത്തി!
14 മിശിഹായുടെ അങ്കിക്കായി ചീട്ടിടും. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 22:18) അങ്ങനെതന്നെ സംഭവിച്ചു: “(യേശുവിനെ) സ്തംഭത്തിൽ തറച്ചശേഷം (റോമൻ പടയാളികൾ) നറുക്കിട്ട് അവന്റെ വസ്ത്രങ്ങൾ വീതിച്ചെടുത്തു.”—മത്താ. 27:35; യോഹന്നാൻ 19:23, 24 വായിക്കുക.
ആത്മീയരത്നങ്ങൾ
വിശുദ്ധ കൂടിവരവുകളോട് ആദരവു പ്രകടമാക്കുക
7 നമ്മുടെ കൂടിവരവുകളോട് ആദരവു പ്രകടമാക്കാൻ കഴിയുന്ന പ്രകടമായ ചില വഴികളുണ്ട്. രാജ്യഗീതങ്ങളിൽ പങ്കുചേരാൻ തക്കവണ്ണം യോഗസ്ഥലത്ത് ഉണ്ടായിരിക്കുക എന്നതാണ് അതിലൊന്ന്. പല രാജ്യഗീതങ്ങളും പ്രാർഥനയുടെ രൂപത്തിലായതിനാൽ നാം അവ ഭക്തിപൂർവം പാടേണ്ടതുണ്ട്. 22-ാം സങ്കീർത്തനത്തിലെ വാക്കുകൾ യേശുവിനു ബാധകമാക്കിക്കൊണ്ട് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.” (എബ്രായർ 2:12) അതുകൊണ്ട് ഗീതം ആലപിക്കാൻ അധ്യക്ഷൻ സദസ്സിനെ ക്ഷണിക്കുന്നതിനുമുമ്പുതന്നെ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നതും തുടർന്ന് പാട്ടു പാടുമ്പോൾ വരികളുടെ അർഥത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും നാം ശീലമാക്കണം. “ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും” എന്ന് എഴുതിയ സങ്കീർത്തനക്കാരന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വിധത്തിലായിരിക്കട്ടെ നമ്മുടെ ഗീതാലാപനം. (സങ്കീർത്തനം 111:1) നാം ആലപിക്കുന്ന അത്തരം സ്തുതിഗീതങ്ങൾ, യോഗങ്ങൾക്കു നേരത്തെ എത്തിച്ചേരാനും അവസാനംവരെ അതിൽ സംബന്ധിക്കാനും നമുക്കു തക്ക കാരണം പ്രദാനം ചെയ്യുന്നു.
“സഭാമദ്ധ്യേ” യഹോവയെ സ്തുതിക്കുക
മുൻകാലങ്ങളിലെപ്പോലെ, “സഭാമദ്ധ്യേ” തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ഇക്കാലത്ത് വിശ്വാസികളായ ഓരോരുത്തർക്കും അവസരമുണ്ട്. അതിനായി എല്ലാവർക്കും ലഭിക്കുന്ന ഒരവസരമാണ് സഭായോഗങ്ങളിൽ സദസ്സിനോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നത്. അതിന്റെ പ്രയോജനങ്ങളെ വിലകുറച്ചു കാണരുത്. ഉദാഹരണത്തിന്, പ്രശ്നങ്ങളെ എങ്ങനെ തരണംചെയ്യാം അല്ലെങ്കിൽ ഒഴിവാക്കാം എന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാനുള്ള നമ്മുടെ സഹോദരങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും. പരാമർശിച്ചിട്ടുള്ളതും എന്നാൽ ഉദ്ധരിച്ചിട്ടില്ലാത്തതുമായ ബൈബിൾ വാക്യങ്ങളെ വിശദീകരിക്കുന്നതോ വ്യക്തിപരമായ ഗവേഷണത്തിൽനിന്നു ലഭിച്ച ആശയങ്ങൾ അടങ്ങുന്നതോ ആയ ഉത്തരങ്ങൾ തങ്ങളുടെ പഠനശീലങ്ങൾ മെച്ചപ്പെടുത്താൻ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാം.
ഏപ്രിൽ 1-7
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 23-25
“യഹോവ എന്റെ ഇടയൻ”
“യഹോവ നമ്മുടെ ഇടയൻ”
9 ഒന്നാമതായി യഹോവ തന്റെ ജനത്തെ നടത്തുന്നു അഥവാ നയിക്കുന്നു. ദാവീദ് എഴുതുന്നു: “പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.” (സങ്കീർത്തനം 23:2, 3) സമൃദ്ധിയുടെ നടുവിൽ സമാധാനമായി കിടക്കുന്ന ആട്ടിൻകൂട്ടത്തെ വർണിക്കുമ്പോൾ സംതൃപ്തിയുടെയും നവോന്മേഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു ചിത്രമാണ് ദാവീദ് വരച്ചുകാട്ടുന്നത്. ‘പുല്പുറങ്ങൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് “സുഖപ്രദമായ സ്ഥലം” എന്ന് അർഥമാക്കാൻ കഴിയും. സമാധാനമായി കിടക്കാൻ പറ്റിയ നവോന്മേഷപ്രദമായ ഒരു സ്ഥലം ആടുകൾ സ്വയം കണ്ടുപിടിക്കാൻ ഇടയില്ല. “സുഖപ്രദമായ” അത്തരമൊരു “സ്ഥല”ത്തേക്ക് അവയെ നയിക്കാൻ അവയുടെ ഇടയൻതന്നെ വേണം.
10 ഇന്നു യഹോവ എങ്ങനെയാണു നമ്മെ നയിക്കുന്നത്? അവൻ അതു ചെയ്യുന്ന ഒരു വിധം അവന്റെ മാതൃകയിലൂടെയാണ്. “ദൈവത്തെ അനുകരിപ്പിൻ” എന്ന് അവന്റെ വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 5:1) ആ വാക്കുകളുടെ സന്ദർഭം മനസ്സലിവ്, ക്ഷമ, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. (എഫെസ്യർ 4:32; 5:2) അത്തരം പ്രിയങ്കരമായ ഗുണങ്ങൾ പ്രകടമാക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെക്കുന്നത് യഹോവയാണെന്നതിൽ സംശയമില്ല. തന്നെ അനുകരിക്കാൻ നമ്മോട് ആവശ്യപ്പെട്ടപ്പോൾ അവൻ നമുക്ക് അസാധ്യമായ ഒരു കാര്യം ചെയ്യാൻ പറയുകയായിരുന്നോ? അല്ല. ആ നിശ്വസ്ത ബുദ്ധിയുപദേശം വാസ്തവത്തിൽ, അവനു നമ്മിലുള്ള വിശ്വാസത്തിന്റെ മഹത്തായ ഒരു പ്രകടനമാണ്. ഏതു വിധത്തിൽ? നാം ദൈവത്തിന്റെ പ്രതിച്ഛായയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതായത് നമുക്കു ധാർമിക ഗുണങ്ങളുണ്ട്, ആത്മീയത പ്രകടമാക്കാനുള്ള പ്രാപ്തിയും ഉണ്ട്. (ഉല്പത്തി 1:26) അതുകൊണ്ട് നാം അപൂർണരാണെങ്കിലും യഹോവ പ്രകടമാക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാനുള്ള പ്രാപ്തി നമുക്കുണ്ടെന്ന് അവനറിയാം. ഒന്നു ചിന്തിച്ചുനോക്കൂ, സ്നേഹവാനായ നമ്മുടെ ദൈവം നമുക്ക് അവനെപ്പോലെ ആയിരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു! നാം അവന്റെ മാതൃക പിൻപറ്റുമെങ്കിൽ ആലങ്കാരികമായ ഒരു വിധത്തിൽ നവോന്മേഷപ്രദമായ ഒരു വിശ്രമസ്ഥലത്തേക്ക് അവൻ നമ്മെ നയിക്കും. ഈ അക്രമാസക്ത ലോകത്തിൽ, നമുക്കു ദൈവാംഗീകാരമുണ്ടെന്ന അറിവിന്റെ ഫലമായുണ്ടാകുന്ന സമാധാനത്തോടെ നാം ‘നിർഭയം വസിക്കും.’—സങ്കീർത്തനം 4:8; 29:11.
“യഹോവ നമ്മുടെ ഇടയൻ”
13 യഹോവ പരിപാലിക്കുമെന്നുള്ള ഉറപ്പിന് ദാവീദ് രണ്ടാമതൊരു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു: “കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 23:4) ഇവിടെ, “നീ” എന്ന് യഹോവയെ വിളിച്ചുകൊണ്ട് ദാവീദ് യഹോവയുമായുള്ള കൂടുതൽ അടുത്ത ബന്ധം കാണിക്കുന്നു. അതിൽ അതിശയിക്കാനില്ല, എന്തെന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കുന്നതിന് ദൈവം തന്നെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചാണ് ദാവീദ് സംസാരിക്കുന്നത്. ദാവീദ് പല കൂരിരുൾത്താഴ്വരകളിൽകൂടി, അതായത് ജീവൻതന്നെ അപകടത്തിലായ സാഹചര്യങ്ങളിലൂടെ കടന്നുപോയിരുന്നു. എന്നാൽ “വടിയും കോലും” ‘കരങ്ങളിലേന്തി’ സഹായസന്നദ്ധനായി ദൈവം തന്നോടൊപ്പമുണ്ടെന്നു മനസ്സിലാക്കിയതിനാൽ ഭയം തന്നെ കീഴ്പെടുത്താൻ അവൻ അനുവദിച്ചില്ല. സുരക്ഷിതനാണെന്ന തിരിച്ചറിവ് ദാവീദിനെ ആശ്വസിപ്പിക്കുകയും യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ സഹായിക്കുകയും ചെയ്തു.
14 ഇന്ന് യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നത് എങ്ങനെയാണ്? എതിരാളികൾക്കാർക്കും, അവർ ആത്മജീവികളോ മനുഷ്യരോ ആയിക്കൊള്ളട്ടെ, ഭൂമിയിൽനിന്ന് അവന്റെ ആടുകളെ പൂർണമായി ഇല്ലാതാക്കാനാവില്ലെന്ന് ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. യഹോവ അത് ഒരിക്കലും അനുവദിക്കുകയില്ല. (യെശയ്യാവു 54:17; 2 പത്രൊസ് 2:9) എന്നിരുന്നാലും നമ്മുടെ ഇടയൻ എല്ലാ അനർഥങ്ങളിലുംനിന്ന് നമ്മെ മറച്ചുകൊള്ളുമെന്ന് ഇതിന് അർഥമില്ല. മനുഷ്യർക്കു സാധാരണമായ പ്രശ്നങ്ങൾ നമ്മളും അനുഭവിക്കുന്നു, സത്യക്രിസ്ത്യാനികൾക്കെല്ലാമുള്ള എതിർപ്പ് നാമും നേരിടുന്നു. (2 തിമൊഥെയൊസ് 3:12; യാക്കോബ് 1:2) ആലങ്കാരികമായി നാം ‘കൂരിരുൾതാഴ്വരയിൽ കൂടി നടന്നേക്കാം.’ ഉദാഹരണത്തിന്, പീഡനത്തിന്റെയോ ആരോഗ്യ പ്രശ്നങ്ങളുടെയോ ഫലമായി നാം മരണത്തെ മുഖാമുഖം കണ്ടേക്കാം. നമുക്കു പ്രിയപ്പെട്ട ആരെങ്കിലും മരണത്തിന്റെ വക്കോളമെത്തിയേക്കാം, ഒരുപക്ഷേ മരിച്ചുപോയെന്നും വരാം. ഏറ്റവും ഇരുളടഞ്ഞതെന്നു തോന്നുന്ന നിമിഷങ്ങളിൽ നമ്മുടെ ഇടയൻ നമ്മോടൊപ്പമുണ്ട്, അവൻ നമ്മെ സംരക്ഷിക്കും. എങ്ങനെ?
15 അത്ഭുതകരമായ ഇടപെടൽ യഹോവ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഒരു കാര്യം സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും: നാം എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിട്ടാലും അവയെയെല്ലാം തരണംചെയ്യാൻ യഹോവ നമ്മെ സഹായിക്കും. “വിവിധപരീക്ഷ”കൾ കൈകാര്യം ചെയ്യുന്നതിനുള്ള ജ്ഞാനം അവൻ നമുക്കു നൽകും. (യാക്കോബ് 1:2-5) ഇടയൻ തന്റെ വടി അല്ലെങ്കിൽ കോൽ ഇരപിടിയന്മാരെ അകറ്റാൻ മാത്രമല്ല ആടുകളെ മൃദുവായി തട്ടി ശരിയായ ദിശയിലേക്കു തിരിച്ചുവിടാനും ഉപയോഗിക്കുന്നു. യഹോവയ്ക്കു നമ്മെ ശരിയായ ദിശയിലേക്കു തിരിച്ചുവിടാൻ കഴിയും. ഒരുപക്ഷേ, നമ്മുടെ കാര്യത്തിൽ അവൻ അതു ചെയ്യുന്നത് ഒരു സഹാരാധകനെ ഉപയോഗിച്ചുകൊണ്ടായിരുന്നേക്കാം. നമ്മുടെ സാഹചര്യത്തിൽ നിർണായകമായ മാറ്റം വരുത്തിയേക്കാവുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കാൻ അദ്ദേഹം നമ്മെ സഹായിച്ചേക്കാം. കൂടാതെ, സഹിച്ചുനിൽക്കാനുള്ള ശക്തി നൽകാൻ യഹോവയ്ക്കു കഴിയും. (ഫിലിപ്പിയർ 4:13) പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് “അത്യന്തശക്തി”യാൽ നമ്മെ പ്രവർത്തനസജ്ജരാക്കാൻ അവനു കഴിയും. (2 കൊരിന്ത്യർ 4:7) നമ്മുടെമേൽ സാത്താൻ കൊണ്ടുവന്നേക്കാവുന്ന ഏതു പരിശോധനയും സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്തരാക്കാൻ ദൈവാത്മാവിനു കഴിയും. (1 കൊരിന്ത്യർ 10:13) നമ്മെ സഹായിക്കാൻ യഹോവ സദാ സന്നദ്ധനാണെന്നറിയുന്നത് ആശ്വാസദായകമല്ലേ?
“യഹോവ നമ്മുടെ ഇടയൻ”
17 തന്റെ ഇടയന്റെ കരുതലിലുള്ള ഉറപ്പിന് ദാവീദ് മൂന്നാമതൊരു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സമൃദ്ധമായി തീറ്റിപ്പോറ്റുന്നു. അവൻ ഇങ്ങനെ എഴുതി: “എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.” (സങ്കീർത്തനം 23:5) ഭക്ഷണപാനീയങ്ങൾ സമൃദ്ധമായി നൽകുന്ന ഉദാരമതിയായ ഒരു ആതിഥേയനായി ഈ വാക്യത്തിൽ ദാവീദ് തന്റെ ഇടയനെ ചിത്രീകരിക്കുന്നു. കരുതലുള്ള ഇടയന്റെയും ഉദാരമതിയായ ആതിഥേയന്റെയും ദൃഷ്ടാന്തങ്ങൾ തമ്മിൽ ചേർച്ചക്കുറവൊന്നുമില്ല. ആട്ടിൻകൂട്ടത്തിന് ‘മുട്ടുണ്ടാകാതിരിക്കാൻ,’ പുല്ല് സമൃദ്ധമായുള്ള മേച്ചിൽപ്പുറങ്ങളും വേണ്ടത്ര കുടിവെള്ളം കിട്ടുന്ന സ്ഥലവും എവിടെയാണെന്ന് ഒരു നല്ല ഇടയൻ തീർച്ചയായും അറിഞ്ഞിരിക്കണം.—സങ്കീർത്തനം 23:1, 2.
18 നമ്മുടെ ഇടയനും ഉദാരനായ ഒരു ആതിഥേയനാണോ? തീർച്ചയായും, അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നാം ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും വൈവിധ്യവും ഒന്നു പരിചിന്തിച്ചുനോക്കൂ. വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ യഹോവ നമുക്ക് വളരെ മികച്ച പ്രസിദ്ധീകരണങ്ങളും യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ പ്രബോധനാത്മകമായ പരിപാടികളും പ്രദാനം ചെയ്തിരിക്കുന്നു, ഈ കരുതലുകളെല്ലാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നു. (മത്തായി 24:45-47, NW) ആത്മീയ ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. “വിശ്വസ്തനും വിവേകിയുമായ അടിമ” ദശലക്ഷക്കണക്കിനു ബൈബിളുകളും ബൈബിൾ പഠനസഹായികളും ഉത്പാദിപ്പിച്ചിട്ടുണ്ട്, അവ ഇപ്പോൾ 413 ഭാഷകളിൽ ലഭ്യമാണ്. ആത്മീയ ഭക്ഷണം യഹോവ വൈവിധ്യമാർന്ന വിധങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നു, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളാകുന്ന “പാൽ”മുതൽ ആഴമേറിയ ആത്മീയ വിവരങ്ങളാകുന്ന “കട്ടിയായുള്ള ആഹാരം”വരെ അതിൽ ഉൾപ്പെടുന്നു. (എബ്രായർ 5:11-14) തത്ഫലമായി, പ്രശ്നങ്ങൾ നേരിടുകയോ തീരുമാനങ്ങൾ എടുക്കേണ്ടിവരുകയോ ചെയ്യുമ്പോൾ നമുക്ക് ഏറ്റവും ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താൻ സാധാരണഗതിയിൽ നമുക്കു കഴിയും. ഇത്തരം ആത്മീയ ഭക്ഷണമില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കുമായിരുന്നു? നമ്മുടെ ഇടയൻ തീർച്ചയായും അങ്ങേയറ്റം ഉദാരമതിയായ ഒരു ദാതാവു തന്നെ!—യെശയ്യാവു 25:6; 65:13.
ആത്മീയരത്നങ്ങൾ
പൂർണഹൃദയത്തോടെ നീതിയെ സ്നേഹിക്കുക
ബൈബിളിലൂടെയും പരിശുദ്ധാത്മാവിലൂടെയും യഹോവ തന്റെ ജനത്തെ “നീതിപാതകളിൽ” നടത്തുന്നു. (സങ്കീ. 23:3) എന്നാൽ അപൂർണരായതിനാൽ ആ പാതയിൽനിന്ന് നാം വ്യതിചലിച്ചുപോയേക്കാം. തിരികെ നീതിയുടെ മാർഗത്തിലേക്കുവരാൻ ബോധപൂർവമായ ശ്രമം കൂടിയേതീരൂ. അതിൽ വിജയിക്കാൻ നാം എന്തു ചെയ്യണം? നീതിയെ ഇഷ്ടപ്പെടണം, യേശുവിനെപ്പോലെ.—സങ്കീർത്തനം 45:7 വായിക്കുക.
2 എന്താണ് ‘നീതിപാതകൾ?’ ഒരുവന്റെ ജീവിതഗതിയെ നിർണയിക്കേണ്ട നീതി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളാണ് അവ. “നീതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങൾ ‘നേരായതിനെ,’ സദാചാര തത്ത്വങ്ങൾ കർശനമായി പാലിക്കുന്നതിനെ കുറിക്കുന്നു. സദാചാര കാര്യങ്ങളിൽ തങ്ങൾ പിൻപറ്റേണ്ട നേരായ മാർഗം ഏതാണെന്നു നിർണയിക്കാൻ യഹോവയുടെ ആരാധകർ “നീതിനിവാസമായ” അവനിലേക്ക് സസന്തോഷം നോക്കുന്നു.—യിരെ. 50:7.
3 ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നാം മുഴുഹൃദയത്തോടെ പരിശ്രമിച്ചാൽ മാത്രമേ അവനെ പൂർണമായി പ്രസാദിപ്പിക്കാൻ നമുക്കു കഴിയൂ. (ആവ. 32:4) യഹോവയാംദൈവത്തെക്കുറിച്ചു പഠിക്കാനാകുന്നതെല്ലാം അവന്റെ വചനമായ ബൈബിളിൽനിന്നു മനസ്സിലാക്കുന്നതാണ് ആദ്യപടി. അവനെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ, അവനോട് അനുദിനം അടുത്തുവരുമ്പോൾ, അവന്റെ നീതിയെ നാം കൂടുതൽ ഇഷ്ടപ്പെടും. (യാക്കോ. 4:8) ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം ദൈവത്തിന്റെ ഈ നിശ്വസ്തവചനം നൽകുന്ന മാർഗനിർദേശം സ്വീകരിക്കുകയും വേണം.
ഏപ്രിൽ 8-14
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 26-28
ദാവീദ് തന്റെ നിഷ്കളങ്കത കൈവിട്ടില്ല
നിർമലതയുടെ പാതയിൽ നടക്കുവിൻ
8 ദാവീദ് ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും [“വൃക്കകളും,” NW] എന്റെ ഹൃദയവും പരിശോധിക്കേണമേ.” (സങ്കീർത്തനം 26:2) വൃക്കകൾ ശരീരത്തിൽ വളരെ ഉള്ളിലായാണു സ്ഥിതി ചെയ്യുന്നത്. ആലങ്കാരികമായി, അവ ഒരുവന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങളെയും ചിന്തകളെയും പ്രതിനിധീകരിക്കുന്നു. അതുപോലെ, ആലങ്കാരികമായ അർഥത്തിൽ ഹൃദയം പ്രചോദനങ്ങൾ, വികാരങ്ങൾ, ബുദ്ധി തുടങ്ങിയവ ഉൾപ്പെടെയുള്ള മുഴു ആന്തരിക വ്യക്തിയെയും കുറിക്കുന്നു. തന്നെ പരിശോധിക്കേണമേയെന്ന് ദാവീദ് യഹോവയോട് അപേക്ഷിച്ചപ്പോൾ, ഫലത്തിൽ തന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും പരിശോധിച്ചു വിലയിരുത്താൻ പ്രാർഥിക്കുകയായിരുന്നു അവൻ.
9 തന്റെ വൃക്കകളെയും ഹൃദയത്തെയും ശോധന ചെയ്യാൻ അഥവാ ശുദ്ധീകരിക്കാൻ ദാവീദ് യാചിച്ചു. യഹോവ എങ്ങനെയാണ് നമ്മുടെ ആന്തരിക വ്യക്തിയെ ശോധന ചെയ്യുന്നത്? ദാവീദ് പാടി: “എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം [“വൃക്കകൾ,” NW] എന്നെ ഉപദേശിക്കുന്നു.” (സങ്കീർത്തനം 16:7) അത് എന്താണ് അർഥമാക്കുന്നത്? ദിവ്യോപദേശം ദാവീദിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി അവന്റെ ഹൃദയത്തിൽ പതിയുകയും അവന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും തിരുത്തുകയും ചെയ്തു എന്നാണ് അതിന്റെ അർഥം. ദൈവത്തിന്റെ വചനത്തിലൂടെയും അവന്റെ പ്രതിനിധികളിലൂടെയും സംഘടനയിലൂടെയും നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശത്തെക്കുറിച്ചു നാം വിലമതിപ്പോടെ ധ്യാനിക്കുകയും അതു നമ്മുടെയുള്ളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നെങ്കിൽ നമ്മുടെ കാര്യത്തിലും അതുതന്നെ സംഭവിക്കും. ഈ വിധത്തിൽ നമ്മെ ശോധന ചെയ്യാൻ ക്രമമായി യഹോവയോടു പ്രാർഥിക്കുന്നത് നിർമലതയുടെ പാതയിൽ നടക്കാൻ നമ്മെ സഹായിക്കും.
നിർമലതയുടെ പാതയിൽ നടക്കുവിൻ
12 നിർമലത കാത്തുസൂക്ഷിക്കാൻ സഹായിച്ച മറ്റൊരു ഘടകത്തെക്കുറിച്ചു ദാവീദ് പറഞ്ഞു: “വ്യർത്ഥന്മാരോടുകൂടെ [“വഞ്ചകരോടൊപ്പം,” ഓശാന ബൈബിൾ] ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.” (സങ്കീർത്തനം 26:4, 5) ദാവീദ് ദുഷ്ടന്മാരോടുകൂടെ ഇരിക്കാൻ വിസമ്മതിച്ചു. ചീത്ത സഹവാസം അവൻ വെറുത്തു.
13 നമ്മെ സംബന്ധിച്ചെന്ത്? ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ് സൈറ്റുകൾ, മറ്റു മാധ്യമങ്ങൾ എന്നിവയിലൂടെ വഞ്ചകരുമായി സഹവസിക്കാൻ നാം വിസമ്മതിക്കുന്നുവോ? തങ്ങളുടെ തനിനിറം മറച്ചുവെക്കുന്ന, കാപട്യം നിറഞ്ഞ ആളുകളിൽനിന്നു നാം അകന്നു നിൽക്കുന്നുണ്ടോ? സ്കൂളിലോ ജോലിസ്ഥലത്തോ ഉള്ള ചില ആളുകൾ നമ്മെ ചതിക്കുകയെന്ന ഉദ്ദേശ്യത്തിൽ നമ്മുടെ സുഹൃത്തുക്കളായി നടിച്ചേക്കാം. ദൈവിക സത്യത്തിൽ നടക്കാത്ത ആളുകളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ നാം വാസ്തവത്തിൽ ആഗ്രഹിക്കുന്നുവോ? വിശ്വാസത്യാഗികൾ, യഹോവയെ സേവിക്കുന്നതിൽനിന്നു നമ്മെ അകറ്റുകയെന്ന തങ്ങളുടെ ലാക്ക് മറച്ചുവെച്ചുകൊണ്ട് ആത്മാർഥതയുടെ മുഖംമൂടി അണിഞ്ഞേക്കാം. ക്രിസ്തീയ സഭയിൽത്തന്നെ ഇരട്ടജീവിതം നയിക്കുന്ന ചിലർ ഉണ്ടെങ്കിലോ? തങ്ങൾ യഥാർഥത്തിൽ എങ്ങനെയുള്ളവരാണെന്ന സംഗതി അവരും മറച്ചുവെക്കുന്നു. ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്ന ജെയ്സന് യുവപ്രായത്തിൽ അത്തരം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെക്കുറിച്ച് അവൻ പറയുന്നു: “ഒരു ദിവസം അവരിലൊരാൾ എന്നോടു പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തു ചെയ്താലും ഒരു പ്രശ്നവുമില്ല, പുതിയ വ്യവസ്ഥിതി വരുമ്പോൾ നാം മരിച്ചുപോകുമെന്നല്ലേയുള്ളൂ. നമുക്ക് എന്താണു നഷ്ടപ്പെട്ടതെന്ന് ഏതായാലും നമ്മൾ അറിയാൻപോകുന്നില്ലല്ലോ.’ അത്തരം സംസാരം എന്നെ കുലുക്കിയുണർത്തി. പുതിയ വ്യവസ്ഥിതി വരുമ്പോൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ജെയ്സൻ ജ്ഞാനപൂർവം അത്തരക്കാരുമായുള്ള സഹവാസം അവസാനിപ്പിച്ചു. “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു,” അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (1 കൊരിന്ത്യർ 15:33, NW) നാം മോശമായ സഹവാസങ്ങൾ ഒഴിവാക്കുന്നത് എത്ര പ്രധാനമാണ്!
നിർമലതയുടെ പാതയിൽ നടക്കുവിൻ
17 സമാഗമന കൂടാരം, അതിലെ യാഗപീഠവും യാഗങ്ങളും സഹിതം ഇസ്രായേലിലെ സത്യാരാധനയുടെ കേന്ദ്രമായിരുന്നു. ആ സ്ഥലത്തോടുള്ള തന്റെ പ്രിയം പ്രകടിപ്പിച്ചുകൊണ്ട് ദാവീദ് ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.”—സങ്കീർത്തനം 26:8.
18 യഹോവയെക്കുറിച്ചു പഠിക്കുന്ന സ്ഥലങ്ങളിൽ കൂടിവരുന്നതു നാം പ്രിയപ്പെടുന്നുവോ? ആത്മീയ പ്രബോധനത്തിനുള്ള ക്രമമായ പരിപാടികൾ നടത്തപ്പെടുന്ന ഓരോ രാജ്യഹാളും പ്രദേശത്ത് സത്യാരാധനയുടെ കേന്ദ്രമായി വർത്തിക്കുന്നു. കൂടാതെ, നമുക്കു വാർഷിക കൺവെൻഷനുകൾ, സർക്കിട്ട് സമ്മേളനങ്ങൾ, പ്രത്യേക സമ്മേളന ദിനങ്ങൾ എന്നിവയുമുണ്ട്. അത്തരം യോഗങ്ങളിൽ യഹോവയുടെ “സാക്ഷ്യങ്ങൾ” അഥവാ ഓർമിപ്പിക്കലുകൾ ചർച്ച ചെയ്യുന്നു. നാം അവയോട് ‘അത്യന്തം പ്രിയം’ വളർത്തിയെടുക്കുന്നെങ്കിൽ നാം യോഗങ്ങളിൽ പങ്കെടുക്കാനും പരിപാടികൾ ശ്രദ്ധിക്കാനും ആകാംക്ഷയുള്ളവർ ആയിരിക്കും. (സങ്കീർത്തനം 119:167) നമ്മുടെ വ്യക്തിപരമായ ക്ഷേമത്തിൽ താത്പര്യമുള്ള, നിർമലതയുടെ ഗതിയിൽ തുടരുന്നതിനു നമ്മെ സഹായിക്കുന്ന സഹ വിശ്വാസികളോടുകൂടെ ആയിരിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്!—എബ്രായർ 10:24, 25.
ആത്മീയരത്നങ്ങൾ
ക്ലേശം അനുഭവിക്കുന്നവരെ യഹോവ വിടുവിക്കുന്നു
15 സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പാടി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) യഹോവയുടെ സ്നേഹം ഏതൊരു മാതാവിന്റെയോ പിതാവിന്റെയോ സ്നേഹത്തെയും മറികടക്കുന്നതാണ് എന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്! മാതാപിതാക്കളിൽനിന്ന് അവഗണനയും മോശമായ പെരുമാറ്റവും സഹിക്കേണ്ടിവരുന്നതോ അവരാൽ ഉപേക്ഷിക്കപ്പെടുന്നതോ വേദനാജനകമാണെങ്കിലും യഹോവ നിങ്ങൾക്കായി എത്രത്തോളം കരുതുന്നു എന്നതിന് അതുമായി യാതൊരു ബന്ധവുമില്ല. (റോമർ 8:38, 39) യഹോവ താൻ സ്നേഹിക്കുന്നവരെ തന്നിലേക്ക് ആകർഷിക്കുന്നു എന്ന കാര്യം ഓർമിക്കുക. (യോഹന്നാൻ 3:16; 6:44) മനുഷ്യർ നിങ്ങളോട് എങ്ങനെ പെരുമാറിയാലും നിങ്ങളുടെ സ്വർഗീയ പിതാവ് നിങ്ങളെ സ്നേഹിക്കുന്നു എന്നതാണു വസ്തുത.
ഏപ്രിൽ 15-21
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 29-31
ശിക്ഷണം—ദൈവസ്നേഹത്തിന്റെ ഒരു തെളിവ്
it-1-E 802 ¶3
മുഖം
‘മുഖം മറയ്ക്കുക’ എന്ന പദപ്രയോഗത്തിന് സാഹചര്യങ്ങൾക്കനുസരിച്ച് പല അർഥങ്ങൾ വരാം. ചിലപ്പോൾ യഹോവ തന്റെ മുഖം മറച്ചു എന്നു പറയുന്നത് തന്റെ അംഗീകാരം അല്ലെങ്കിൽ പിന്തുണ പിൻവലിക്കുന്നതിനെയായിരിക്കാം അർഥമാക്കുന്നത്. അതു ചിലപ്പോൾ ഒരു വ്യക്തിയുടെയോ ഇസ്രായേൽ ജനംപോലുള്ള ഒരു കൂട്ടത്തിന്റെയോ അനുസരണക്കേടു കാരണമായിരിക്കാം. (ഇയ്യ 34:29; സങ്ക 30:5-8; യശ 54:8; 59:2) മറ്റു ചിലപ്പോൾ, ശരിയായ സമയം വരുന്നതുവരെ യഹോവ പ്രവൃത്തിക്കാതെയോ മറുപടി നൽകാതെയോ ഇരിക്കുന്നതിനെയും ഇത് അർഥമാക്കുന്നു. (സങ്ക 13:1-3) അതുപോലെ, “എന്റെ പാപങ്ങളിൽനിന്ന് അങ്ങ് മുഖം തിരിക്കേണമേ” എന്നു ദാവീദ് ദൈവത്തോട് അപേക്ഷിച്ചതിലൂടെ തന്റെ തെറ്റുകൾക്കു ദാവീദ് ക്ഷമ ചോദിക്കുകയായിരുന്നു.—സങ്ക 51:9; സങ്ക 10:11-മായി താരതമ്യം ചെയ്യുക.
യഹോവയ്ക്കായി കാത്തിരിക്കുന്നതിൽ സന്തുഷ്ടർ
യഹോവ നൽകുന്ന ശിക്ഷണം നമുക്കു പ്രയോജനം ചെയ്യുന്ന വിധത്തെ ഒരു ഫലം വളർന്നു പാകമാകുന്നതിനോട് ഉപമിക്കാം. ദൈവത്തിൽനിന്നുള്ള ശിക്ഷണത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:11) ഒരു ഫലം വളർന്നു പാകമാകാൻ സമയമെടുക്കുന്നതുപോലെതന്നെ, ദൈവം നൽകുന്ന പരിശീലനത്തിനു വിധേയരായി നമ്മുടെ മനോഭാവത്തിനു മാറ്റം വരുത്താൻ സമയമെടുക്കും. ഉദാഹരണത്തിന്, സ്വഭാവദൂഷ്യം മൂലം സഭയിലെ ചില പദവികൾ നമുക്കു നഷ്ടമാകുന്നെന്നു കരുതുക. ദൈവത്തിനായി കാത്തിരിക്കാനുള്ള മനസ്സൊരുക്കം നിരുത്സാഹിതരായി പിന്മാറുന്നതിൽനിന്നു നമ്മെ തടയും. അത്തരം സാഹചര്യങ്ങളിൽ ദാവീദിന്റെ നിശ്വസ്ത മൊഴികൾ പ്രോത്സാഹജനകമാണ്: “അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.” (സങ്കീർത്തനം 30:5) കാത്തിരിപ്പിൻ മനോഭാവം നാം വളർത്തിയെടുക്കുകയും ദൈവവചനത്തിൽനിന്നും സംഘടനയിൽനിന്നും ലഭിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ “ആനന്ദഘോഷ”ത്തിനുള്ള നമ്മുടെ സമയം ആഗതമാകും.
എന്താണു ശരിക്കുള്ള മാനസാന്തരം?
18 തനിക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടെന്നു തെളിയിക്കാൻ പുറത്താക്കപ്പെട്ട വ്യക്തി പതിവായി മീറ്റിങ്ങുകൾക്കു വരുകയും പ്രാർഥിക്കുകയും ബൈബിൾ പഠിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. തെറ്റിലേക്കു നയിച്ച സാഹചര്യങ്ങൾ അദ്ദേഹം ബോധപൂർവം ഒഴിവാക്കുകയും ചെയ്യും. യഹോവയുമായുള്ള ബന്ധത്തിലേക്കു തിരികെ വരാൻ അദ്ദേഹം ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ യഹോവ അദ്ദേഹത്തോടു പൂർണമായി ക്ഷമിക്കും. മാത്രമല്ല വീണ്ടും സഭയുടെ ഭാഗമായിത്തീരാൻ മൂപ്പന്മാർ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. എന്നാൽ ഓരോരുത്തരുടെയും തെറ്റു വ്യത്യസ്തമാണ്. അതുകൊണ്ട് പുറത്താക്കപ്പെട്ടയാൾക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്ന സമയത്ത് മൂപ്പന്മാർ ഓരോ കേസും നന്നായി വിലയിരുത്തും. അതേസമയം അവരോട് അന്യായമായി ഇടപെടുകയുമില്ല.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങൾ ഒന്നാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
31:23—അഹങ്കാരിക്ക് ധാരാളം പകരം കൊടുക്കുന്നത് എങ്ങനെയാണ്? ഇവിടെ പകരം കൊടുക്കുക എന്നു പറഞ്ഞിരിക്കുന്നത് ശിക്ഷയെയാണ്. നീതിമാന്റെ മനപ്പൂർവമല്ലാത്ത തെറ്റുകൾക്ക് പകരമായി അയാൾക്ക് യഹോവയിൽനിന്നു ശിക്ഷണം ലഭിക്കും. എന്നാൽ അഹങ്കാരി തന്റെ തെറ്റായഗതിയിൽനിന്നു പിന്തിരിയാത്തതിനാൽ അയാൾക്ക് കഠിനശിക്ഷയായിരിക്കും പകരമായി ലഭിക്കുന്നത്.—സദൃശവാക്യങ്ങൾ 11:31; 1 പത്രൊസ് 4:18.
ഏപ്രിൽ 22-28
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 32-33
ഗുരുതരമായ പാപം ഏറ്റുപറയേണ്ടത് എന്തുകൊണ്ട്?
w93-E 3/15 9 ¶7
യഹോവയുടെ കരുണ നിരാശയിൽ ആണ്ടുപോകാതിരിക്കാൻ സഹായിക്കും
7 നമ്മൾ ഗുരുതരമായ പാപം ചെയ്താൽ അത് ഏറ്റുപറയാൻ ബുദ്ധിമുട്ടായിരിക്കും, യഹോവയോടുപോലും. തന്റെ ലംഘനങ്ങൾ തുറന്നുപറയാതിരുന്നപ്പോൾ ഉണ്ടായ പരിണതഫലങ്ങളെക്കുറിച്ച് ദാവീദ് 32-ാം സങ്കീർത്തനത്തിൽ വിവരിക്കുന്നു. അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: “ഞാൻ മിണ്ടാതിരുന്നപ്പോൾ ദിവസം മുഴുവനുമുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കൈ എനിക്കു ഭാരമായിരുന്നു. വരണ്ട വേനൽച്ചൂടിലെ വെള്ളമെന്നപോലെ എന്റെ ശക്തി ആവിയായിപ്പോയി.” (സങ്കീർത്തനം 32:3, 4) പാപം മറച്ചുവെക്കാനും കുറ്റബോധം അടക്കിവെക്കാനും ഉള്ള ദാവീദിന്റെ ശ്രമങ്ങൾ അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. ആ തീവ്രവേദന ദാവീദിനെ മാനസികമായും ശാരീരികമായും ബാധിച്ചു. അദ്ദേഹം വരണ്ടുണങ്ങിയ ഒരു മരംപോലെയായി. അതിന്റെ ഫലമായി ദാവീദിന്റെ സന്തോഷം നഷ്ടപ്പെട്ടു. ഇതുപോലൊരു അവസ്ഥയിലാണ് നമ്മൾ എങ്കിൽ എന്തു ചെയ്യണം?
‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം
8 അനുതപിച്ച ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. . . . നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (സങ്കീർത്തനം 32:5) “ക്ഷമിച്ചു” എന്ന പ്രയോഗം, അടിസ്ഥാനപരമായി “എടുക്കുക,” “വഹിക്കുക” തുടങ്ങിയ അർഥങ്ങളുള്ള ഒരു എബ്രായ പദത്തിന്റെ പരിഭാഷയാണ്. ഇവിടെ അത് ‘കുറ്റം, പാപം, ലംഘനം’ എന്നിവ നീക്കംചെയ്യുന്നതിനെ അർഥമാക്കുന്നു. അതുകൊണ്ട്, ഒരർഥത്തിൽ പറഞ്ഞാൽ, യഹോവ ദാവീദിന്റെ പാപങ്ങൾ എടുത്തുമാറ്റി. ദാവീദ് അനുഭവിച്ചുകൊണ്ടിരുന്ന കുറ്റബോധത്തെ അതു ലഘൂകരിച്ചു എന്നതിൽ സംശയമില്ല. (സങ്കീർത്തനം 32:3) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ തേടുന്നവരുടെ പാപങ്ങൾ എടുത്തു മാറ്റുന്ന, ക്ഷമിക്കുന്ന ദൈവത്തിൽ നമുക്കും പൂർണ വിശ്വാസമുള്ളവരായിരിക്കാൻ കഴിയും.—മത്തായി 20:28.
സൗഖ്യത്തിലേക്കു നയിക്കുന്ന ഏറ്റുപറച്ചിൽ
പാപം ഏറ്റുപറഞ്ഞ ശേഷം ദാവീദ് താൻ ഒന്നിനും കൊള്ളാത്തവനാണെന്ന നിഷേധാത്മക ചിന്തയ്ക്ക് അടിപ്പെട്ടില്ല. പാപങ്ങളുടെ ഏറ്റുപറച്ചിലിനെ കുറിച്ച് അവൻ എഴുതിയ സങ്കീർത്തനങ്ങളിലെ പദപ്രയോഗങ്ങൾ അവന് ഉണ്ടായ ആശ്വാസത്തെയും ദൈവത്തെ വിശ്വസ്തമായി സേവിക്കാനുള്ള ദൃഢതീരുമാനത്തെയും പ്രകടമാക്കുന്നതാണ്. ഉദാഹരണത്തിന്, 32-ാം സങ്കീർത്തനം നോക്കുക. അതിന്റെ 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” ഒരു പാപം എത്ര ഗൗരവമുള്ളത് ആയിരുന്നാലും, ആത്മാർഥമായ അനുതാപമുണ്ടെങ്കിൽ അന്തിമ ഫലം സന്തോഷകരമായിരിക്കും. ഈ ആത്മാർഥത പ്രകടമാക്കുന്നതിനുള്ള ഒരു മാർഗം ദാവീദ് ചെയ്തതുപോലെ ഒരുവന്റെ പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്. (2 ശമൂവേൽ 12:13) യഹോവയുടെ മുമ്പാകെ സ്വയം നീതീകരിക്കാനോ മറ്റുള്ളവരുടെമേൽ പഴി ചാരാനോ അവൻ തുനിഞ്ഞില്ല. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏററുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.” യഥാർഥമായി പാപം ഏറ്റുപറയുന്നത് ആശ്വാസം കൈവരുത്തുന്നു, കഴിഞ്ഞകാല പാപങ്ങളെ കുറിച്ചുള്ള മനസ്സാക്ഷിക്കുത്തിൽനിന്ന് അതു മോചനവും നൽകുന്നു.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങൾ ഒന്നാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
33:6—യഹോവയുടെ ‘വായിലെ ശ്വാസം’ എന്താണ്? ഇത് യഹോവയുടെ പരിശുദ്ധാത്മാവിനെ അഥവാ പ്രവർത്തനനിരതമായ ശക്തിയെ കുറിക്കുന്നു. അക്ഷരീയ ആകാശങ്ങളെ സൃഷ്ടിക്കാൻ ദൈവം ഈ ശക്തി ഉപയോഗിച്ചു. (ഉല്പത്തി 1:1, 2) ദൂരത്തുള്ള കാര്യങ്ങൾ ചെയ്യുന്നതിന് തന്റെ വായിൽനിന്നു പുറപ്പെടുന്ന ശക്തമായ ഈ ശ്വാസത്തെ അയയ്ക്കാൻ ദൈവത്തിനു കഴിയും.
ഏപ്രിൽ 29–മേയ് 5
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 34-35
‘എപ്പോഴും യഹോവയെ സ്തുതിക്കുക’
നമുക്കൊരുമിച്ച് യഹോവയുടെ നാമത്തെ സ്തുതിക്കാം
11 “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.” (സങ്കീർത്തനം 34:1) ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒരുവനെപ്പോലെ അലഞ്ഞുതിരിഞ്ഞ ദാവീദ്, ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നതുപോലുള്ള അടിസ്ഥാന കാര്യങ്ങൾ സംബന്ധിച്ച് ഉത്കണ്ഠപ്പെട്ടിരുന്നിരിക്കണം. എന്നാൽ അതൊന്നും, യഹോവയെ സ്തുതിക്കാനുള്ള അവന്റെ ദൃഢനിശ്ചയത്തിനു മങ്ങലേൽപ്പിച്ചില്ല എന്ന് മേൽപ്പറഞ്ഞ വാക്കുകൾ പ്രകടമാക്കുന്നു. ക്ലേശങ്ങൾ നേരിടുമ്പോൾ നമുക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക! സ്കൂളിലോ ജോലിസ്ഥലത്തോ സഹക്രിസ്ത്യാനികളോടൊപ്പമോ പരസ്യശുശ്രൂഷയിലോ ആയിരുന്നാലും യഹോവയെ സ്തുതിക്കുക എന്നതായിരിക്കണം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം. നാം അങ്ങനെ ചെയ്യേണ്ടതിനുള്ള എണ്ണമറ്റ കാരണങ്ങളെക്കുറിച്ച് ഒന്നോർത്തുനോക്കൂ! ഉദാഹരണത്തിന് യഹോവയുടെ അതിശയമാർന്ന സൃഷ്ടിക്രിയകളോടുള്ള ബന്ധത്തിൽ കണ്ടെത്താനും ആസ്വദിക്കാനുമാകുന്ന കാര്യങ്ങൾക്കു യാതൊരു അന്തവുമില്ല. തന്റെ സംഘടനയുടെ ഭൗമിക ഭാഗത്തെ ഉപയോഗിച്ചുകൊണ്ട് അവൻ എന്തെല്ലാം നിറവേറ്റിയിരിക്കുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കുക! ഈ ആധുനിക നാളുകളിൽ, വിശ്വസ്തരായ മനുഷ്യരെ—അവർ അപൂർണരാണെങ്കിലും—അതിശക്തമായ വിധങ്ങളിൽ യഹോവ ഉപയോഗിച്ചിരിക്കുന്നു. ലോകം പൂജിക്കുന്ന വ്യക്തികളുടെ നേട്ടങ്ങളുമായി യഹോവയുടെ പ്രവൃത്തികളെ നിങ്ങൾക്കു താരതമ്യം ചെയ്യാനാകുമോ? “കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല” എന്ന ദാവീദിന്റെ വാക്കുകളോടു നിങ്ങൾ യോജിക്കുകയില്ലേ?—സങ്കീർത്തനം 86:8.
നമുക്കൊരുമിച്ച് യഹോവയുടെ നാമത്തെ സ്തുതിക്കാം
13 “എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ [“സൗമ്യതയുള്ളവർ,” NW] അതു കേട്ടു സന്തോഷിക്കും.” (സങ്കീർത്തനം 34:2) വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് ദാവീദ് സ്വയം പ്രശംസിക്കുകയായിരുന്നില്ല. ഉദാഹരണത്തിന് ഗത്ത് രാജാവിനെ കബളിപ്പിച്ച വിധം സംബന്ധിച്ച് അവൻ വീമ്പിളക്കിയില്ല. ഗത്തിലായിരുന്നപ്പോൾ യഹോവയുടെ സംരക്ഷണം തനിക്കുണ്ടായിരുന്നുവെന്നും അവന്റെ സഹായത്താലാണു താൻ രക്ഷപ്പെട്ടതെന്നും ദാവീദ് തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 21:1) അതുകൊണ്ട് അവൻ തന്നിൽത്തന്നെയല്ല, പിന്നെയോ യഹോവയിലാണു പ്രശംസിച്ചത്. അതുനിമിത്തം സൗമ്യതയുള്ളവർ യഹോവയിലേക്ക് ആകർഷിക്കപ്പെട്ടു. സമാനമായി യേശുവും യഹോവയുടെ നാമത്തെ മഹത്വപ്പെടുത്തി; പഠിപ്പിക്കപ്പെടാൻ ആഗ്രഹിച്ച താഴ്മയുള്ളവർ യഹോവയിലേക്ക് അടുത്തുവരാൻ അതിടയാക്കി. ഇന്നു സകല ജനതകളിലെയും സൗമ്യർ, യേശു ശിരസ്സായിട്ടുള്ള അഭിഷിക്ത ക്രിസ്ത്യാനികളുടെ അന്താരാഷ്ട്ര സഭയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. (കൊലൊസ്സ്യർ 1:18) ദൈവദാസർ താഴ്മയോടെ യഹോവയുടെ നാമത്തെ പ്രകീർത്തിക്കുന്നതു കേൾക്കുകയും അവർ പങ്കുവെക്കുന്ന ബൈബിൾസന്ദേശം പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഗ്രഹിക്കുകയും ചെയ്യുമ്പോൾ സൗമ്യരുടെ ഹൃദയം ത്രസിക്കുന്നു.—യോഹന്നാൻ 6:44; പ്രവൃത്തികൾ 16:14.
നമുക്കൊരുമിച്ച് യഹോവയുടെ നാമത്തെ സ്തുതിക്കാം
15 “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.” (സങ്കീർത്തനം 34:4) ഈ അനുഭവം ദാവീദിനു നിസ്സാരമായിരുന്നില്ല. അതുകൊണ്ട് അവൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.” (സങ്കീർത്തനം 34:6) സഹവിശ്വാസികളോടൊപ്പം ആയിരിക്കുമ്പോൾ, പ്രയാസകരമായ സാഹചര്യങ്ങൾ സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിച്ചതു സംബന്ധിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കാൻ നമുക്കു ധാരാളം അവസരം ലഭിക്കുന്നു. അങ്ങനെ ചെയ്യുന്നതു നമ്മുടെ സഹോദരങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കും, ദാവീദിന്റെ വാക്കുകൾ അവന്റെ സഹായികളുടെ വിശ്വാസം ശക്തമാക്കിയതുപോലെതന്നെ. ‘യഹോവയിങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല’ എന്ന തിരുവെഴുത്ത് അവന്റെ സഹചാരികളുടെ കാര്യത്തിൽ സത്യമായിരുന്നു. (സങ്കീർത്തനം 34:5) ശൗലിനെ ഭയന്ന് ഓടിപ്പോയിരുന്ന ഒരു സാഹചര്യത്തിലായിരുന്നെങ്കിലും അവർക്കു ലജ്ജ തോന്നിയില്ല. ദാവീദിനു ദൈവത്തിന്റെ പിന്തുണയുണ്ടെന്ന് അവർക്ക് ഉറപ്പായിരുന്നു, അവരുടെ മുഖപ്രസാദം അതു പ്രതിഫലിപ്പിച്ചു. സമാനമായ ഒരു വിധത്തിൽ, ഏറെക്കാലംമുമ്പു സത്യക്രിസ്ത്യാനികളായിത്തീർന്നവരും പുതിയ താത്പര്യക്കാരും സഹായത്തിനായി ഇന്നു യഹോവയിലേക്കു നോക്കുന്നു. അവന്റെ സഹായം വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാൽ അവരുടെ പ്രശോഭിത മുഖങ്ങൾ, വിശ്വസ്തരായി തുടരാനുള്ള അവരുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നു.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങൾ ഒന്നാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
35:19—തന്നെ പകെക്കുന്നവർ കണ്ണിമയ്ക്കരുതേയെന്ന് ദാവീദ് അഭ്യർഥിക്കുന്നതിന്റെ അർഥമെന്താണ്? ദാവീദിനെതിരെ പ്രയോഗിച്ച കുടിലപദ്ധതികൾ വിജയിച്ചതിന്റെ പേരിൽ ശത്രുക്കൾ ആഹ്ലാദിക്കുന്നതിനെയാണ് കണ്ണിമയ്ക്കുക എന്നതിനാൽ അർഥമാക്കുന്നത്. അതു സംഭവിക്കരുതേയെന്നായിരുന്നു അവന്റെ അഭ്യർഥന.