പൊടിയാൽ നിർമിതമെങ്കിലും മുന്നേറുക!
“അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നുഅവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:14.
1. മനുഷ്യർ പൊടിയാൽ നിർമിതമാണെന്നു ബൈബിൾ പറയുന്നത് ശാസ്ത്രീയമായി ശരിയാണോ? വിശദീകരിക്കുക.
ഭൗതികമായി എടുത്താൽ നാം പൊടിയാണ്. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു.” (ഉല്പത്തി 2:7) മമനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചുള്ള ലളിതമായ ഈ വിവരണം ശാസ്ത്രീയ സത്യവുമായി യോജിക്കുന്നതാണ്. മനുഷ്യശരീരം ഉണ്ടാക്കപ്പെട്ടിരിക്കുന്ന 90-ലധികം വരുന്ന ഘടകങ്ങളെല്ലാം “നിലത്തെ പൊടി”യിൽ കാണണം. പ്രായപൂർത്തിയെത്തിയ ഒരു മനുഷ്യശരീരത്തിൽ 65 ശതമാനം ഓക്സിജനും 18 ശതമാനം കാർബണും 10 ശതമാനം ഹൈഡ്രജനും 3 ശതമാനം നൈട്രജനും 1.5 ശതമാനം കാൽസ്യവും 1 ശതമാനം ഫോസ്ഫറസും ബാക്കി മററു മൂലകങ്ങളുമാണുള്ളതെന്നു രസതന്ത്രജ്ഞൻമാർ ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ഈ കണക്കു മുഴുവനായും ശരിയാണോ എന്നത് അപ്രധാനമാണ്. എങ്കിലും വസ്തുത അവശേഷിക്കുന്നു: ‘നാം പൊടിയാകുന്നു’!
2. ദൈവം മനുഷ്യരെ സൃഷ്ടിച്ച വിധം നിങ്ങളിൽ എന്തു പ്രതികരണം ഉളവാക്കുന്നു, എന്തുകൊണ്ട്?
2 പൊടികൊണ്ടുതന്നെ ഇത്ര സങ്കീർണമായ ജീവജാലങ്ങളെ സൃഷ്ടിക്കാൻ യഹോവക്ക് അല്ലാതെ മററാർക്കാണു കഴിയുക? ദൈവത്തിന്റെ വേലകൾ പൂർണതയുള്ളതാണ്. അവയ്ക്കു ന്യൂനതയില്ല. അതുകൊണ്ട്, അവൻ മനുഷ്യരെ ഈ വിധം സൃഷ്ടിക്കാൻ തീരുമാനിച്ചതിൽ തീർച്ചയായും പരാതിക്കു വകയില്ല. ഭൂമിയിലെ പൊടിയിൽനിന്നു ഭയജനകവും അത്ഭുതകരവുമായ വിധത്തിൽ മഹാസ്രഷ്ടാവിനു മനുഷ്യനെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് അവന്റെ അപരിമേയ ശക്തിയിലും വൈദഗ്ധ്യത്തിലും പ്രായോഗിക ജ്ഞാനത്തിലുമുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നു.—ആവർത്തനപുസ്തകം 32:4, അടിക്കുറിപ്പ്, NW; സങ്കീർത്തനം 139:14.
സാഹചര്യമാററം
3, 4. (എ) പൊടിയിൽനിന്നു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവം എന്ത് ഉദ്ദേശിച്ചില്ല? (ബി) സങ്കീർത്തനം 103:14-ൽ ദാവീദ് എന്തിനെക്കുറിച്ചാണു പരാമർശിച്ചത്, ഈ നിഗമനത്തിലെത്താൻ സന്ദർഭം നമ്മെ സഹായിക്കുന്നതെങ്ങനെ?
3 പൊടിയാൽ നിർമിതമായ ജീവജാലങ്ങൾക്കു പരിമിതികളുണ്ട്. എന്നുവരികിലും, ഇവ ഭാരപ്പെടുത്തുന്നതോ ക്രമാതീതമായി കൂച്ചുവിലങ്ങിടുന്നതോ ആയിരിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചില്ല. അവ മടുപ്പുളവാക്കാനോ അസന്തുഷ്ടി വരുത്താനോ ആയിരുന്നില്ല. എങ്കിലും, സങ്കീർത്തനം 103:14-ലെ ദാവീദിന്റെ വാക്കുകളുടെ സന്ദർഭം സൂചിപ്പിക്കുന്നതുപോലെ, മനുഷ്യനെ ബന്ധനസ്ഥനാക്കുന്ന പരിമിതികൾ മടുപ്പിനിടയാക്കുകയും അസന്തുഷ്ടിയിൽ കലാശിക്കുകയും ചെയ്യാനാകും. എന്തുകൊണ്ട്? ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാട്ടിയപ്പോൾ തങ്ങളുടെ ഭാവി കുടുംബങ്ങൾക്കു മാററം വരുത്തിയ ഒരു സ്ഥിതിവിശേഷം അവർ കൈവരുത്തി. അതോടെ, പൊടിയാൽ നിർമിതമെന്നതിന് ഒരു പുതിയ അർഥം കൈവന്നു.a
4 ദാവീദ് സംസാരിച്ചത് പൊടിയാൽ നിർമിതമായ പൂർണതയുള്ള മനുഷ്യർക്കുപോലും ഉണ്ടാകുമായിരുന്ന പ്രകൃത്യാലുള്ള പരിമിതികളെക്കുറിച്ചായിരുന്നില്ല, മറിച്ച്, അവകാശപ്പെടുത്തിയിരിക്കുന്ന അപൂർണത നിമിത്തമുള്ള മമനുഷ്യന്റെ ചാപല്യങ്ങളെക്കുറിച്ചായിരുന്നു. അല്ലായിരുന്നെങ്കിൽ അദ്ദേഹം യഹോവയെക്കുറിച്ച് ഇങ്ങനെ പറയുമായിരുന്നില്ല: “അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” (സങ്കീർത്തനം 103:2-4, 10) പൊടിയാൽ നിർമിതമായിരുന്നെങ്കിലും, പൂർണതയുള്ള മനുഷ്യർ വിശ്വസ്തരായി നിലകൊണ്ടിരുന്നെങ്കിൽ ക്ഷമ ആവശ്യമാക്കിത്തീർക്കുമാറ് അവർ തെററിപ്പോകുകയില്ലായിരുന്നു, പാപം ചെയ്യുകയില്ലായിരുന്നു. സൗഖ്യമാക്കൽ ആവശ്യമുള്ള അസുഖങ്ങളും അവർക്ക് ഉണ്ടാകുമായിരുന്നില്ല. എല്ലാററിലുമുപരി, പുനരുത്ഥാനത്തിലൂടെ മാത്രം വീണ്ടെടുപ്പ് ആവശ്യമാകുമാറ് അവർക്ക് ഒരിക്കലും മരണക്കുഴിയിലേക്ക് ഇറങ്ങേണ്ടതായും വരുമായിരുന്നില്ല.
5. ദാവീദിന്റെ വാക്കുകൾ മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടില്ലാത്തത് എന്തുകൊണ്ട്?
5 അപൂർണരായതുകൊണ്ട്, ദാവീദ് സംസാരിച്ച സംഗതികൾ നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട്. അപൂർണത ഹേതുവായുള്ള നമ്മുടെ കുറവുകളെ കുറിച്ചു നാം നിരന്തരം ബോധവാൻമാരാണ്. യഹോവയുമായോ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുമായോ ഉള്ള നമ്മുടെ ബന്ധത്തെ അവ ചിലപ്പോഴൊക്കെ താറുമാറാക്കുന്നുവെന്നു തോന്നിക്കുന്ന സമയത്തു നാം ദുഃഖിതരായിത്തീരുന്നു. നമ്മുടെ അപൂർണതകളും സാത്താന്റെ ലോകത്തിന്റെ സമ്മർദങ്ങളും നമ്മെ നിരാശയിലാഴ്ത്തുമ്പോൾ നാം വല്ലാതെ വിഷമിക്കുന്നു. സാത്താന്റെ ലോകം അതിന്റെ അന്ത്യത്തിലേക്കു പാഞ്ഞടുക്കുകയാണ്. അതുകൊണ്ട്, ജനങ്ങൾക്കു പൊതുവേയും ക്രിസ്ത്യാനികൾക്കു വിശേഷിച്ചും അവന്റെ ലോകം കൂടുതൽ സമ്മർദം സൃഷ്ടിക്കുകയാണ്.—വെളിപ്പാടു 12:12.
6. ചില ക്രിസ്ത്യാനികൾക്കു മടുപ്പു തോന്നിയേക്കാവുന്നതെന്തുകൊണ്ട്, അത്തരം വികാരത്തെ സാത്താൻ എപ്രകാരം മുതലെടുത്തേക്കാം?
6 ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതു കൂടുതൽ ദുഷ്കരമാകുകയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? സത്യത്തിൽ എത്രനാൾ നിലനിൽക്കുന്നുവോ അത്രയധികം അപൂർണരായിത്തീരുന്നതുപോലെ തോന്നുന്നു എന്ന് ചില ക്രിസ്ത്യാനികൾ പറയുന്നതായി കേട്ടിട്ടുണ്ട്. എന്നിരുന്നാലും, തങ്ങളുടെ അപൂർണതകളെക്കുറിച്ചും യഹോവയുടെ പൂർണതയുള്ള നിലവാരങ്ങളോട് അനുരൂപപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും അവർക്ക് അതിനു കഴിയാതെ പോകുന്നു എന്ന വസ്തുതയെക്കുറിച്ചും അവർ കൂടുതൽ ബോധവാൻമാരായിത്തീരുന്നു എന്നതാവാം വാസ്തവം. യഹോവയുടെ നീതിയുള്ള പ്രമാണങ്ങളെക്കുറിച്ച് പരിജ്ഞാനവും വിലമതിപ്പും വർധിക്കുന്തോറും അത്തരമൊരു പരിണതിയുണ്ടാകുന്നതിനുള്ള സാധ്യത സ്വാഭാവികമാണ്. പിശാചിന്റെ കൈകളിൽപ്പെട്ടുപോകുന്നിടംവരെ അത്തരത്തിലുള്ള ഏതൊരു അവബോധവും നമ്മെ മടുപ്പിക്കാൻ നാം ഒരിക്കലും അനുവദിക്കരുത് എന്നതു മർമപ്രധാനമാണ്. യഹോവയുടെ ദാസൻമാരെക്കൊണ്ട് സത്യാരാധന വിട്ടുകളയിപ്പിക്കാൻവേണ്ടി ഈ മടുപ്പിനെ മുതലെടുക്കാൻ നൂററാണ്ടുകളിലൂടെ അവൻ ആവർത്തിച്ചു ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തോടുള്ള യഥാർഥ സ്നേഹവും പിശാചിനോടുള്ള “സമ്പൂർണ വെറുപ്പും” നിമിത്തം മിക്കവർക്കും അങ്ങനെ ചെയ്യാതിരിക്കാൻ കഴിഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 139:21, 22, NW; സദൃശവാക്യങ്ങൾ 27:11.
7. ഏതു സംഗതിയിൽ നാം ചിലപ്പോൾ ഇയ്യോബിനെപ്പോലെയായേക്കാം?
7 എന്നാലും, യഹോവയുടെ ദാസൻമാർക്കു വല്ലപ്പോഴുമൊക്കെ മടുപ്പു തോന്നിയേക്കാം. നമ്മുടെ സ്വന്തം നേട്ടങ്ങളിലുള്ള അസംതൃപ്തിയും ഒരു കാരണമാകാം. ശാരീരിക ഘടകങ്ങളോ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരുമായുള്ള അററുപോകാറായ ബന്ധങ്ങളോ ഒക്കെ അതിലുൾപ്പെട്ടേക്കാം. അത്യധികം മടുപ്പു നേരിട്ട വിശ്വസ്തനായ ഇയ്യോബ് ദൈവത്തോട് ഇതുപോലൊരു യാചനപോലും നടത്തി: “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.” അപ്പോൾ, “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനു”മായ ഇയ്യോബിനെക്കൊണ്ട് പ്രയാസകരമായ സാഹചര്യങ്ങൾ മടുപ്പിൻ വചനങ്ങൾ ഉച്ചരിപ്പിച്ചെങ്കിൽ, ഒട്ടും അത്ഭുതം വേണ്ട, അതുതന്നെ നമുക്കും സംഭവിക്കാം.—ഇയ്യോബ് 1:8, 13-19; 2:7-9, 11-13; 14:3.
8. വല്ലപ്പോഴുമൊക്കെയുള്ള മടുപ്പ് ഒരു ഗുണകരമായ അടയാളമായിരിക്കാവുന്നത് എന്തുകൊണ്ട്?
8 യഹോവ ഹൃദയത്തിലേക്കു നോക്കുന്നുവെന്നും നല്ല ആന്തരങ്ങളെ അവഗണിക്കുന്നില്ലെന്നും അറിയുന്നത് എത്ര ആശ്വാസദായകമാണ്! അവനെ പ്രീതിപ്പെടുത്താൻ അങ്ങേയററം ആത്മാർഥതയോടെ കിണഞ്ഞു പരിശ്രമിക്കുന്നവരെ അവൻ ഒരിക്കലും തള്ളിക്കളയുകയില്ല. വാസ്തവത്തിൽ, വല്ലപ്പോഴുമൊക്കെയുള്ള മടുപ്പു യഹോവക്കുള്ള നമ്മുടെ സേവനം നമ്മൾ നിസ്സാരമായി കാണുന്നില്ലെന്നു സൂചിപ്പിക്കുന്ന ഒരു ഗുണകരമായ അടയാളമായിരിക്കാം. ഇങ്ങനെ നോക്കുമ്പോൾ, മടുപ്പുമായി ഒരിക്കലും പോരാടാതിരിക്കുന്ന ഒരുവൻ തന്റെ ബലഹീനതകളെപ്പററി മററുള്ളവർ തങ്ങളുടേതിനെക്കുറിച്ചു ബോധവാൻമാരായിരിക്കുന്നതുപോലെ അത്ര ബോധവാനായിരിക്കയില്ല. ഓർക്കുക: “ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.”—1 കൊരിന്ത്യർ 10:12; 1 ശമൂവേൽ 16:7; 1 രാജാക്കൻമാർ 8:39; 1 ദിനവൃത്താന്തം 28:9.
അവരും പൊടിയാൽ നിർമിതമായിരുന്നു
9, 10. (എ) ക്രിസ്ത്യാനികൾ ആരുടെ വിശ്വാസം അനുകരിക്കണം? (ബി) തന്റെ നിയമനത്തോടു മോശ പ്രതികരിച്ചതെങ്ങനെ?
9 ക്രിസ്തീയ കാലഘട്ടത്തിനു മുമ്പുള്ള, ശക്തമായ വിശ്വാസം ആചരിച്ചിരുന്ന അനേകം യഹോവയുടെ സാക്ഷികളുടെ ഒരു പട്ടിക എബ്രായർ 11-ാം അധ്യായത്തിലുണ്ട്. ഒന്നാം നൂററാണ്ടിലെയും ആധുനികനാളിലെയും ക്രിസ്ത്യാനികൾ അങ്ങനെ ചെയ്തിട്ടുണ്ട്. നമുക്ക് അവരിൽനിന്നു വിലയേറിയ പാഠങ്ങൾ പഠിക്കാനുണ്ട്. (താരതമ്യം ചെയ്യുക: എബ്രായർ 13:7.) ഉദാഹരണത്തിന്, മോശയുടെ വിശ്വാസത്തെക്കാൾ മെച്ചമായി ആരുടെ വിശ്വാസത്തെയാണ് ക്രിസ്ത്യാനികൾക്ക് അനുകരിക്കാനാവുക? അന്നത്തെ ഏററവും ശക്തനായ ലോകഭരണാധിപനായ, ഈജിപ്തിലെ ഫറവോനു ന്യായവിധി ദൂതു പ്രഖ്യാപിക്കാനായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ഇന്ന്, വ്യാജമതത്തിനെതിരെയും ക്രിസ്തുവിന്റെ സ്ഥാപിതരാജ്യത്തിനെതിരായി നിലകൊള്ളുന്ന മററു സ്ഥാപനങ്ങൾക്കെതിരെയും യഹോവയുടെ സാക്ഷികൾ സമാനമായ ന്യായവിധി ദൂതു പ്രഖ്യാപിക്കണം.—വെളിപ്പാടു 16:1-15.
10 എളുപ്പം നിർവഹിക്കാമായിരുന്ന ഒന്നായിരുന്നില്ല ഈ നിയമനം. എന്തെന്നാൽ മോശയുടെ പ്രതികരണം ശ്രദ്ധിക്കുക. ‘ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു?’ എന്ന് അവൻ ചോദിച്ചു. അവന്റെ അപര്യാപ്തതാബോധം നമുക്കു മനസ്സിലാക്കാൻ കഴിയും? സഹ ഇസ്രായേല്യർ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെപ്പററിയും അവന് ഉത്കണ്ഠയുണ്ടായിരുന്നു: ‘അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കുകൾ കേൾക്കാതെയു’മിരിക്കുന്നെങ്കിലോ? തന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത എങ്ങനെ തെളിയിക്കാനാവുമെന്നു യഹോവ അവനോടു വിശദീകരിച്ചു. എന്നിട്ടും മോശ മറെറാരു പ്രശ്നം ഉന്നയിച്ചു. അവൻ പറഞ്ഞു: “മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു.”—പുറപ്പാടു 3:11; 4:1, 10.
11. മോശയെപ്പോലെ നാം പ്രതികരിച്ചേക്കാവുന്നതെങ്ങനെ, എന്നാൽ വിശ്വാസം ആചരിച്ചുകൊണ്ട് നമുക്ക് എന്തു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
11 ചിലപ്പോഴൊക്കെ മോശയെപ്പോലെ നമുക്കും തോന്നാം. ദിവ്യാധിപത്യപരമായ കടമകൾ നാം ഏറെറടുത്തിട്ടുണ്ടെങ്കിലും അവയെ എങ്ങനെ നിറവേററാനാകുമെന്നു നാം സംശയിച്ചേക്കാം. ‘സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ ഉയർന്ന പദവിയിലുള്ളവരുൾപ്പെടെയുള്ള ആളുകളെ സമീപിച്ച് അവരെ ദൈവത്തിന്റെ മാർഗം പഠിപ്പിക്കുന്ന കാര്യം ഏറെറടുക്കാൻ ഞാൻ ആരാണ്? ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായം പറയുമ്പോൾ അല്ലെങ്കിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കവേ, പ്ലാററ്ഫോമിൽനിന്നു പരിപാടികൾ നിർവഹിക്കുമ്പോൾ എന്റെ ആത്മീയ സഹോദരൻമാർ എങ്ങനെ പ്രതികരിക്കും? അവർ എന്റെ അപര്യാപ്തത മനസ്സിലാക്കില്ലേ?’ എന്നാൽ ഓർക്കുക, യഹോവ മോശയോടൊപ്പമുണ്ടായിരുന്നു, അവനെ നിയമനത്തിനു സജ്ജനാക്കുകയും ചെയ്തു. കാരണം മോശ വിശ്വാസം പ്രകടമാക്കിയിരുന്നു. (പുറപ്പാടു 3:12; 4:2-5, 11, 12) നാം മോശയുടെ വിശ്വാസം അനുകരിക്കുന്നെങ്കിൽ, യഹോവ നമ്മോടൊപ്പമുണ്ടായിരിക്കുകയും നമ്മുടെ വേലക്കായി നമ്മെ സജ്ജരാക്കുകയും ചെയ്യും.
12. പാപങ്ങളോ കുറവുകളോ നിമിത്തം മടുപ്പ് അനുഭവപ്പെടുമ്പോൾ ദാവീദിന്റെ വിശ്വാസത്തിനു നമ്മെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതെങ്ങനെ?
12 പാപങ്ങളോ കുറവുകളോ നിമിത്തം ആശാഭംഗമോ മടുപ്പോ അനുഭവപ്പെടുന്ന ആർക്കും ഇങ്ങനെ പറഞ്ഞ ദാവീദിനോടൊപ്പം ചേരാം: “എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.” യഹോവയോടുള്ള യാചനയിൽ ദാവീദ് ഇങ്ങനെയും പറഞ്ഞു: “എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.” എന്നുവരികിലും, യഹോവയെ സേവിക്കാനുള്ള തന്റെ ആഗ്രഹത്തെ കവർന്നുകളയാൻ അദ്ദേഹം മടുപ്പിനെ അനുവദിച്ചില്ല. “നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.” ദാവീദ് വ്യക്തമായും “പൊടി”യായിരുന്നു. പക്ഷേ, യഹോവ അവനെ വിട്ടുകളഞ്ഞില്ല. എന്തെന്നാൽ “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ” നിരസിക്കുകയില്ലെന്ന യഹോവയുടെ വാഗ്ദാനത്തിൽ ദാവീദ് വിശ്വാസം ആചരിച്ചിരുന്നു.—സങ്കീർത്തനം 38:1-9; 51:3, 9, 11, 17.
13, 14. (എ) നാം മനുഷ്യരുടെ അനുഗാമികൾ ആയിത്തീരാൻ പാടില്ലാത്തതെന്തുകൊണ്ട്? (ബി) പൗലോസിന്റെയും പത്രോസിന്റെയും ദൃഷ്ടാന്തങ്ങൾ അവരും പൊടിയാൽ നിർമിതമാണെന്ന് പ്രകടമാക്കുന്നതെങ്ങനെ?
13 എന്നുവരികിലും, ‘നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാൻ’ “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹ”ത്തെ നമുക്ക് ഒരു പ്രോത്സാഹനമെന്ന നിലയിൽ വീക്ഷിക്കാമെങ്കിലും അവരുടെ അനുഗാമികളാകാൻ നമ്മോടു പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധിക്കുക. അപൂർണ മനുഷ്യരുടെയോ ഒന്നാം നൂററാണ്ടിലെ വിശ്വസ്തരായ അപ്പോസ്തലൻമാരുടെയോ പോലും കാലടികളെയല്ല, “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശു”വിന്റെ കാലടികളെ പിൻപററാനാണു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.—എബ്രായർ 12:1, 2; 1 പത്രൊസ് 2:21.
14 ക്രിസ്തീയ സഭയുടെ തൂണുകളായ പൗലോസും പത്രോസും ചിലയവസരങ്ങളിൽ ഇടറുകയുണ്ടായി. “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രേ പ്രവർത്തിക്കുന്നത്” എന്നാണു പൗലോസ് എഴുതിയത്. “ഞാൻ അരിഷ്ടമനുഷ്യൻ!” (റോമർ 7:19, 24) അമിതമായ ആത്മവിശ്വാസം തോന്നിയ നേരത്ത് പത്രോസ് യേശുവിനോടു പറഞ്ഞു: “എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല.” തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്നു യേശു മുന്നറിയിപ്പു കൊടുത്തപ്പോൾ, തന്റെ ഗുരു പറഞ്ഞതിന്റെ നേർവിപരീതം പറഞ്ഞുകൊണ്ട് പത്രോസ് സാഹസികമായി വീമ്പിളക്കി: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല.” പക്ഷേ, അവൻ യേശുവിനെ തള്ളിപ്പറയുകതന്നെ ചെയ്തു. അങ്ങനെ അതു ഹൃദയംനൊന്തു കരയേണ്ടിവന്ന ഒരു അബദ്ധമായിമാറി. അതേ, പൗലോസും പത്രോസും പൊടിയാൽ നിർമിതമായിരുന്നു.—മത്തായി 26:33-35.
15. പൊടിയാൽ നിർമിതമാണെങ്കിലും മുന്നേറാൻ നമുക്കുള്ള പ്രേരകഘടകമെന്ത്?
15 ചാപല്യങ്ങളൊക്കെയുണ്ടായിരുന്നിട്ടും, മോശയും ദാവീദും പൗലോസും പത്രോസും അവരെപ്പോലെയുള്ള മററുള്ളവരും ജയശാലികളായിത്തീർന്നു. എന്തുകൊണ്ട്? എന്തെന്നാൽ യഹോവയിൽ ശക്തമായ വിശ്വാസം ആചരിച്ച അവർ അവനിൽ പൂർണമായി ആശ്രയിച്ചു, വീഴ്ചകൾ സംഭവിച്ചുവെങ്കിലും അവനോടു പററിനിന്നു. “സാധാരണയിൽ കവിഞ്ഞ ശക്തി” ലഭിക്കേണ്ടതിന് അവർ അവനിൽ ആശ്രയം വെച്ചു. വീണ്ടെടുപ്പ് അസാധ്യമാകുമാറ് വീണുപോകാൻ അനുവദിക്കാതെ അവൻ അവർക്ക് അതു ചെയ്തുകൊടുത്തു. നാം വിശ്വാസം ആചരിക്കുന്നതിൽ തുടരുന്നെങ്കിൽ, “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധൻമാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്ന വാക്കുകളോടുള്ള യോജിപ്പിലായിരിക്കും നമ്മെ സംബന്ധിച്ചുള്ള ന്യായവിധിയെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. നാം പൊടിയാൽ നിർമിതമാണെങ്കിലും മുന്നോട്ടു പോകാൻ ഇത് എന്തൊരു ഉത്തേജനമാണു നമുക്കു നൽകുന്നത്!—2 കൊരിന്ത്യർ 4:7, NW; എബ്രായർ 6:10.
പൊടിയാൽ നിർമിതമെന്നതു വ്യക്തിപരമായി നമുക്ക് എന്തർഥമാക്കുന്നു?
16, 17. ന്യായവിധിയുടെ കാര്യത്തിൽ ഗലാത്യർ 6:4-ൽ വിശദീകരിച്ചിരിക്കുന്ന തത്ത്വം യഹോവ എങ്ങനെയാണു ബാധകമാക്കുന്നത്?
16 ഉടപ്പിറന്നവരുമായോ സഹവിദ്യാർഥികളുമായോ താരതമ്യം ചെയ്യാതെ കുട്ടികളെയോ വിദ്യാർഥികളെയോ അവരവരുടെ കഴിവിനു ചേർച്ചയിൽ അളക്കുന്നതിലെ ജ്ഞാനം അനേകം മാതാപിതാക്കളും അധ്യാപകരും അനുഭവത്തിൽനിന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇതാകട്ടെ പിൻപററാൻ ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്ന ഒരു ബൈബിൾതത്ത്വത്തിനു ചേർച്ചയിലാണുതാനും: “ഓരോരുത്തരും സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നെക്കുറിച്ചു മാത്രം ആഹ്ലാദിക്കുന്നതിനു കാരണമുണ്ടായിരിക്കും, അല്ലാതെ മറേറയാളിനോടുള്ള താരതമ്യത്തിലായിരിക്കയില്ല.”—ഗലാത്യർ 6:4, NW.
17 യഹോവ ആളുകളോട് ഇടപെടുന്നത് ഒരു സംഘടിത ജനമെന്ന നിലയിലാണെങ്കിലും, ഈ തത്ത്വത്തോടുള്ള യോജിപ്പിൽ അവൻ അവരെ വ്യക്തിപരമായിട്ടാണ് ന്യായംവിധിക്കുന്നത്. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരു”മെന്നു റോമർ 14:12 പറയുന്നു. തന്റെ ഓരോ ദാസന്റെയും ജനിതക ഘടന എന്താണെന്നു യഹോവക്കു നന്നായി അറിയാം. അവരുടെ ശാരീരികവും മാനസികവുമായ ഘടന, അവരുടെ പ്രാപ്തികൾ, അവരുടെ സ്വതസിദ്ധമായ കഴിവുകളും കുറവുകളും അവർക്കുള്ള സാധ്യതകളും കൂടാതെ ക്രിസ്തീയ ഫലങ്ങൾ ഉത്പാദിപ്പിക്കാൻ അവർ ഈ സാധ്യതകൾ എന്തുമാത്രം ഉപയോഗപ്പെടുത്തും എന്നിവയെല്ലാം അവന് അറിയാം. ആലയ ഭണ്ഡാരത്തിൽ രണ്ടു നാണയത്തുട്ടുകളിട്ട വിധവയെ സംബന്ധിച്ചുള്ള യേശുവിന്റെ പ്രശംസയും നല്ല നിലത്തു വിതച്ച വിത്തിന്റെ ഉപമയും മററുള്ളവരുമായി അജ്ഞാനപൂർവം താരതമ്യം ചെയ്തു വിഷാദമഗ്നരായേക്കാവുന്ന ക്രിസ്ത്യാനികൾക്കുള്ള പ്രോത്സാഹജനകമായ ദൃഷ്ടാന്തങ്ങളാണ്.—മർക്കൊസ് 4:20; 12:42-44.
18. (എ) നാം പൊടിയായിരിക്കുന്നു എന്നത് വ്യക്തിപരമായി നമുക്ക് എന്ത് അർഥമാക്കുന്നുവെന്നു നാം നിർണയിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഒരു സത്യസന്ധമായ ആത്മപരിശോധന നമ്മെ നിരാശപ്പെടുത്തരുതാത്തത് എന്തുകൊണ്ട്?
18 പൊടിയായിരിക്കുന്നു എന്നതു നമ്മെ സംബന്ധിച്ചു വ്യക്തിപരമായി എന്ത് അർഥമാക്കുന്നു എന്നു നിർണയിക്കുന്നതു ജീവത്പ്രധാനമാണ്. എങ്കിലേ നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി നമുക്കു സേവിക്കാൻ സാധിക്കൂ. (സദൃശവാക്യങ്ങൾ 10:4; 12:24; 18:9; റോമർ 12:1) നമ്മുടെ വ്യക്തിപരമായ ചാപല്യങ്ങളെയും ബലഹീനതകളെയും കുറിച്ചു സൂക്ഷ്മമായ ബോധമുണ്ടെങ്കിലേ പുരോഗതി വരുത്തേണ്ടതിന്റെ ആവശ്യത്തോടും അതിനുള്ള സാധ്യതകളോടും നമുക്കു ജാഗരൂകരായി നിൽക്കാനാവൂ. ആത്മശോധന നടത്തുമ്പോൾ പുരോഗതി വരുത്താൻ നമ്മെ സഹായിക്കുന്നതിനുള്ള പരിശുദ്ധാത്മാവിന്റെ ശക്തിയെ നാം ഒരിക്കലും കുറച്ചു കാണരുത്. അതു മുഖാന്തരമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്, ബൈബിൾ എഴുതപ്പെട്ടത്, ജീർണിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നടുവിൽ സമാധാനപൂർണമായ ഒരു പുതിയലോക സമൂഹത്തെ അസ്തിത്വത്തിൽ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്, നിർമലത നിലനിർത്താൻ ആവശ്യമായ ജ്ഞാനവും കരുത്തും ആവശ്യപ്പെടുന്നവർക്കെല്ലാം കൊടുക്കാൻത്തക്ക ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവിനു തീർച്ചയായുമുണ്ട്.—മീഖാ 3:8; റോമർ 15:13; എഫെസ്യർ 3:16.
19. നാം പൊടിയാൽ നിർമിതമെന്നത് എന്തു ചെയ്യുന്നതിനു ന്യായീകരണമല്ല?
19 നാം പൊടിയാണെന്ന കാര്യം യഹോവ ഓർക്കുന്നു എന്നത് എന്തൊരു ആശ്വാസമാണ്! എന്നിരുന്നാലും, ശുഷ്കാന്തിയില്ലാത്തവരാകാനോ ഒരുപക്ഷേ തെററു ചെയ്യുന്നതിനോ പോലും ഇതൊരു ന്യായമായ കാരണമാണെന്നു നാം ഒരിക്കലും ന്യായവാദം ചെയ്യരുത്. അതു തീർത്തും അങ്ങനെയല്ല! നാം പൊടിയാണെന്ന് അവൻ ഓർക്കുന്നു എന്നത് അവന്റെ അനർഹദയയുടെ ഒരു പ്രകടനമാണ്. എന്നാൽ ‘നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ മനുഷ്യരാകാൻ’ നാം ആഗ്രഹിക്കുന്നില്ല. (യൂദാ 4) പൊടിയാൽ നിർമിതമെന്നത് അഭക്തരായിരിക്കാൻ ന്യായം നൽകുന്നില്ല. ‘പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കു’ന്നതൊഴിവാക്കാൻ ശരീരത്തെ ദണ്ഡിപ്പിച്ചുകൊണ്ടും അതിനെ അടിമയായി നടത്തിക്കൊണ്ടും ഒരു ക്രിസ്ത്യാനി തെററായ പ്രവണതകളുമായി പോരാടാൻ കിണഞ്ഞു പരിശ്രമിക്കുന്നു.—എഫെസ്യർ 4:30; 1 കൊരിന്ത്യർ 9:27.
20. (എ) ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ’ നമുക്കുള്ള രണ്ടു മേഖലകൾ ഏവ? (ബി) നമുക്കു ശുഭാപ്തിവിശ്വാസത്തിനു കാരണമുള്ളതെന്തുകൊണ്ട്?
20 ഇപ്പോൾ, സാത്താന്റെ ലോകവ്യവസ്ഥിതി അവസാനിക്കാറായ ഈ സമയം, മന്ദഗതിയിലാകാനുള്ളതല്ല. പ്രസംഗവേല, ദൈവാത്മാവിന്റെ ഫലങ്ങൾ കൂടുതൽ തികവോടെ വികസിപ്പിച്ചെടുക്കുക എന്നിവയെ സംബന്ധിച്ചിടത്തോളം മന്ദതയ്ക്കു സ്ഥാനമില്ല. ഈ രണ്ടു മേഖലകളിലും നമുക്കു “ധാരാളം ചെയ്യാനു”ണ്ട്. മുന്നേറാനുള്ള സമയം ഇപ്പോഴാണ്. കാരണം നമ്മുടെ “പ്രയത്നം വ്യർഥമല്ല” എന്നു നമുക്ക് അറിയാം. (1 കൊരിന്ത്യർ 15:58, NW) യഹോവ നമ്മെ താങ്ങിക്കൊള്ളും. കാരണം “നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല” എന്നാണ് ദാവീദ് അവനെക്കുറിച്ചു പറഞ്ഞത്. (സങ്കീർത്തനം 55:22) നാം പൊടിയാൽ നിർമിതമെങ്കിലും, അപൂർണരായ മനുഷ്യ സൃഷ്ടികൾക്ക് ഏൽപ്പിച്ചുകൊടുത്തിട്ടുള്ളതിലേക്കും ഏററവും മഹത്തായ വേലയിൽ പങ്കുകൊള്ളാൻ യഹോവ നമ്മെ വ്യക്തിപരമായി അനുവദിക്കുന്നുവെന്ന് അറിയുന്നത് എന്തൊരു സന്തോഷമാണ്!
[അടിക്കുറിപ്പ്]
a ഹെർഡേഴ്സ് ബൈബൽകൊമെൻറർ എന്ന ബൈബിൾ കമൻററി സങ്കീർത്തനം 103:14-നെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “താൻ നിലത്തെ പൊടിയിൽനിന്നാണു മനുഷ്യരെ സൃഷ്ടിച്ചതെന്ന് അവനു ശരിക്കും അറിയാം. മാത്രവുമല്ല, ആദിപാപം മുതൽ അവരുടെ ജീവിതത്തെ കഠിനമായി ഭാരപ്പെടുത്തുന്ന അവരുടെ ബലഹീനതകളെയും ജീവിതത്തിന്റെ അല്പായുസ്സിനെയും കുറിച്ച് അവന് അറിയാം.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ മനുഷ്യർ പൊടിയാൽ നിർമിതമാണെന്നു പറയുന്നതിൽ ഉല്പത്തി 2:7-ഉം സങ്കീർത്തനം 103:14-ഉം വ്യത്യാസപ്പെട്ടിരിക്കുന്ന തെങ്ങനെ?
◻ എബ്രായർ 11-ാം അധ്യായം ഇന്നത്തെ ക്രിസ്ത്യാനികൾക്കു പ്രോത്സാഹനത്തിന്റേതായ ഒരു ഉറവായിരിക്കുന്നതെങ്ങനെ?
◻ നാം ഗലാത്യർ 6:4-ൽ പ്രസ്താവിച്ചിരിക്കുന്ന തത്ത്വം ബാധകമാക്കുന്നതു ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ എബ്രായർ 6:10-ഉം 1 കൊരിന്ത്യർ 15:58-ഉം മടുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ സഹാരാധകരുടെ വിശ്വാസം അനുകരിക്കുന്നു, എന്നാൽ അവർ തങ്ങളുടെ വിശ്വാസത്തിനു പൂർത്തിവരുത്തുന്നവനായ യേശുവിനെ അനുഗമിക്കുന്നു