പാഠം 48
നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?
നമ്മുടെ സന്തോഷത്തിന് ഇരട്ടി മധുരം പകരാൻ ഉറ്റസുഹൃത്തുക്കൾക്കു കഴിയും. നമ്മൾ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ച് വിഷമിച്ചിരിക്കുമ്പോൾ താങ്ങും തണലും ആകാനും അവർക്കു കഴിയും. എന്നാൽ എല്ലാ കൂട്ടുകാരും നല്ല കൂട്ടുകാരായിരിക്കണമെന്നില്ല എന്ന ഒരു മുന്നറിയിപ്പ് ബൈബിൾ തരുന്നുണ്ട്. അങ്ങനെയെങ്കിൽ നല്ല സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം? ഇനിയുള്ള ചോദ്യങ്ങൾ നോക്കാം.
1. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് എന്തു സംഭവിച്ചേക്കാം?
നമ്മൾ ആരുടെകൂടെയാണോ കൂടുതൽ സമയം ചെലവഴിക്കുന്നത് നമ്മൾ അവരെപ്പോലെ ആയിത്തീരാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ നമുക്ക് അത് ഗുണം ചെയ്യും അല്ലെങ്കിൽ ദോഷം ചെയ്യും. നേരിട്ടായാലും സമൂഹമാധ്യമങ്ങളിലൂടെ ആയാലും ഇങ്ങനെ സംഭവിച്ചേക്കാം. ബൈബിൾ പറയുന്നു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു (അതായത് യഹോവയെ സ്നേഹിക്കാത്തവരോട്) കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 13:20) യഹോവയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തികളെ കൂട്ടുകാരാക്കിയാൽ നിങ്ങൾക്ക് യഹോവയോടു കൂടുതൽ അടുക്കാൻ കഴിയും. മാത്രമല്ല, നല്ല തീരുമാനങ്ങളെടുക്കാനും കഴിയും. എന്നാൽ യഹോവയെ ആരാധിക്കാത്തവരെ കൂട്ടുകാരാക്കിയാൽ നിങ്ങളെ അവർ യഹോവയിൽനിന്ന് അകറ്റിയേക്കാം. അതുകൊണ്ടാണ് കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നു ബൈബിൾ മുന്നറിയിപ്പു തരുന്നത്. യഹോവയെ സ്നേഹിക്കുന്നവരെ നമ്മൾ കൂട്ടുകാരാക്കിയാൽ അതു നമുക്കും പ്രയോജനം ചെയ്യും, കൂട്ടുകാർക്കും പ്രയോജനം ചെയ്യും. അങ്ങനെയാകുമ്പോൾ നമുക്കു ‘പരസ്പരം പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും’ കഴിയും.—1 തെസ്സലോനിക്യർ 5:11.
2. കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ യഹോവയ്ക്ക് എന്തു തോന്നും?
യഹോവ സുഹൃത്തുക്കളെ ശ്രദ്ധയോടെയാണു തിരഞ്ഞെടുക്കുന്നത്. “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.” (സുഭാഷിതങ്ങൾ 3:32) യഹോവയെ സ്നേഹിക്കാത്തവരെ നമ്മൾ കൂട്ടുകാരാക്കിയാൽ യഹോവയ്ക്കു വിഷമം തോന്നും. (യാക്കോബ് 4:4 വായിക്കുക.) എന്നാൽ നമ്മൾ മോശം കൂട്ടുകെട്ട് ഒഴിവാക്കുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും. നമ്മൾ യഹോവയോടും യഹോവയെ സ്നേഹിക്കുന്നവരോടും അടുത്താൽ യഹോവ നമ്മളെ സുഹൃത്തുക്കളാക്കും.—സങ്കീർത്തനം 15:1-4.
ആഴത്തിൽ പഠിക്കാൻ
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? നമുക്ക് എങ്ങനെ നല്ല സുഹൃദ്ബന്ധങ്ങൾ വളർത്തിക്കൊണ്ടുവരാൻ കഴിയും? നമുക്കു നോക്കാം.
3. ചീത്ത കൂട്ടുകെട്ടിനെതിരെ ജാഗ്രത വേണം
ദൈവത്തെയും ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങളെയും സ്നേഹിക്കാത്തവരാണു ചീത്ത കൂട്ടുകാർ. വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
നമ്മൾ അറിയാതെ ചീത്ത കൂട്ടുകെട്ടിൽ പെട്ടുപോയേക്കാവുന്നത് എങ്ങനെ?
1 കൊരിന്ത്യർ 15:33 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
എങ്ങനെയുള്ള ആളുകളുമായുള്ള കൂട്ടുകെട്ടാണു നിങ്ങൾക്കു ദോഷം ചെയ്യുന്നത്? എന്തുകൊണ്ട്?
സങ്കീർത്തനം 119:63 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരാൾ നല്ല സുഹൃത്തായിരിക്കുമോ എന്നു നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാം?
4. നമ്മളിൽനിന്ന് വ്യത്യസ്തരായവരെപ്പോലും കൂട്ടുകാരാക്കാം
പണ്ട് ഇസ്രായേലിൽ ജീവിച്ചിരുന്ന ദാവീദിനെക്കുറിച്ചും യോനാഥാനെക്കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്. അവർ വ്യത്യസ്ത പ്രായക്കാരും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽനിന്നുള്ളവരും ആയിരുന്നു. എന്നിട്ടും അവർ ആത്മാർഥ സുഹൃത്തുക്കളായി. 1 ശമുവേൽ 18:1 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മുടെ കൂട്ടുകാർ എപ്പോഴും നമ്മുടെ അതേ പ്രായത്തിലുള്ളവരും അതേ നിലയുംവിലയും ഉള്ളവരും ആകണമെന്നില്ലാത്തത് എന്തുകൊണ്ട്?
റോമർ 1:11, 12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയെ സ്നേഹിക്കുന്ന കൂട്ടുകാർക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
ഒരു ചെറുപ്പക്കാരന് പ്രതീക്ഷിക്കാത്തിടത്തുനിന്ന് സുഹൃത്തുക്കളെ കിട്ടിയത് എങ്ങനെയെന്ന് ഈ വീഡിയോയിൽ കാണാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
സ്കൂളിലെ അഖിലിന്റെ കൂട്ടുകെട്ടിനെക്കുറിച്ച് മാതാപിതാക്കൾക്ക് ഉത്കണ്ഠ തോന്നിയത് എന്തുകൊണ്ട്?
കൂട്ടുകാർ നല്ലവരാണെന്ന് അഖിലിന് ആദ്യം തോന്നിയത് എന്തുകൊണ്ട്?
ഒറ്റപ്പെടലിൽനിന്ന് പുറത്തുകടക്കാൻ അഖിലിനു കഴിഞ്ഞത് എങ്ങനെയാണ്?
5. എങ്ങനെ നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാം?
എങ്ങനെ നല്ല കൂട്ടുകാരെ കണ്ടെത്താം? അതുപോലെ, നമുക്ക് എങ്ങനെ നല്ല കൂട്ടുകാരാകാം? വീഡിയോ കാണുക.
സുഭാഷിതങ്ങൾ 18:24; 27:17 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഥാർഥ സുഹൃത്തുക്കൾ പരസ്പരം സഹായിക്കുന്നത് എങ്ങനെയാണ്?
ഇതുപോലൊരു സുഹൃദ്ബന്ധം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്നു കണ്ടെത്താൻ എന്തു ചെയ്യാം?
ഫിലിപ്പിയർ 2:4 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നിങ്ങൾക്കു നല്ല സുഹൃത്തുക്കൾ വേണമെങ്കിൽ നിങ്ങൾ നല്ലൊരു സുഹൃത്താകുക. അതിന് എന്തു ചെയ്യാം?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “കൂട്ടൂകാരായി ആരുമില്ലാത്തതിനെക്കാൾ നല്ലതല്ലേ ആരെങ്കിലുമൊക്കെ ഉള്ളത്.”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
കൂട്ടുകാരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്താൽ അത് യഹോവയെ സന്തോഷിപ്പിക്കും, നമുക്കും പ്രയോജനം ചെയ്യും.
ഓർക്കുന്നുണ്ടോ?
നമ്മൾ ആരെ കൂട്ടുകാരാക്കുന്നു എന്ന കാര്യത്തിൽ യഹോവയ്ക്കു താത്പര്യമുണ്ടോ? എന്തുകൊണ്ട്?
എങ്ങനെയുള്ള കൂട്ടുകെട്ടുകൾ നമ്മൾ ഒഴിവാക്കണം?
നല്ല സുഹൃദ്ബന്ധങ്ങൾ എങ്ങനെ വളർത്തിക്കൊണ്ടുവരാം?
കൂടുതൽ മനസ്സിലാക്കാൻ
പ്രയാസസാഹചര്യങ്ങളിൽ നല്ല സുഹൃത്തുക്കൾ എങ്ങനെയാണ് ഒരു സഹായമായിത്തീരുന്നതെന്ന് മനസ്സിലാക്കാം.
നല്ല സുഹൃത്തുക്കളെ കിട്ടാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
“നല്ല കൂട്ടുകാരെ കിട്ടാൻ ഞാൻ എന്ത് ചെയ്യണം?” (വെബ്സൈറ്റിലെ ലേഖനം)
ഓൺലൈൻ സൗഹൃദങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഒരാൾക്കു തോന്നിയത് എന്തുകൊണ്ടാണ്? “ഒരു പിതാവിന്റെ വാത്സല്യത്തിനായി ഞാൻ കൊതിച്ചു” എന്ന ലേഖനം വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വീക്ഷാഗോപുരം 2012 ജൂലൈ-സെപ്റ്റംബർ)