“യാഹിനെ സ്തുതിപ്പിൻ!”—എന്തുകൊണ്ട്?
“യാഹിനെ സ്തുതിപ്പിൻ! . . . ദൈവത്തെ സ്തുതിക്കുന്നത് എത്ര ഹൃദ്യം! എത്ര ഉചിതം!”—സങ്കീ. 147:1
1-3. (എ) സങ്കീർത്തനം 147 എപ്പോഴായിരിക്കാം രചിക്കപ്പെട്ടത്? (ബി) സങ്കീർത്തനം 147-ൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
ചില സാഹചര്യങ്ങളിൽ നമ്മൾ മറ്റുള്ളവരെ പ്രശംസിക്കാറുണ്ട്. അത് ഒരുപക്ഷേ ഏൽപ്പിച്ച ജോലി നന്നായി ചെയ്തതിനോ ഒരു ക്രിസ്തീയഗുണം പ്രകടിപ്പിച്ചതിനോ ആയിരിക്കാം. അത്തരം കാര്യങ്ങൾക്കു നമ്മൾ മനുഷ്യരെ പ്രശംസിക്കുന്നെങ്കിൽ ദൈവമായ യഹോവയെ സ്തുതിക്കാൻ എത്രയെത്ര കാരണങ്ങളുണ്ട്! സൃഷ്ടികളിൽ കാണുന്ന ദൈവത്തിന്റെ അപാരമായ ശക്തിയും സ്വന്തം പുത്രനെ മോചനവിലയായി തന്നുകൊണ്ട് നമ്മളോടു കാണിച്ച സ്നേഹവും ദൈവത്തെ സ്തുതിക്കാനുള്ള കാരണങ്ങളാണ്.
2 അത്തരത്തിൽ ദൈവത്തെ സ്തുതിക്കാൻ പ്രേരിതനായ ഒരു വ്യക്തിയാണ് 147-ാം സങ്കീർത്തനത്തിന്റെ രചയിതാവ്. തന്നോടൊപ്പം ദൈവത്തെ സ്തുതിക്കാൻ അദ്ദേഹം മറ്റുള്ളവരോടും ആഹ്വാനം ചെയ്തു.—സങ്കീർത്തനം 147:1, 7, 12 വായിക്കുക.
3 ആരാണ് ഈ സങ്കീർത്തനം രചിച്ചതെന്നു നമുക്ക് അറിയില്ല. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നതു ബാബിലോണിലെ പ്രവാസജീവിതത്തിൽനിന്ന് ഇസ്രായേല്യരെ യഹോവ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന സമയത്തായിരിക്കാം. (സങ്കീ. 147:2) സ്വന്തദേശത്ത് മടങ്ങിയെത്തി സത്യാരാധന നടത്താൻ യഹോവ തന്റെ ജനത്തെ സഹായിച്ചതായിരിക്കാം ദൈവത്തെ സ്തുതിക്കാൻ ആ സങ്കീർത്തനക്കാരനെ പ്രചോദിപ്പിച്ചത്. എന്നാൽ യഹോവയെ സ്തുതിക്കാൻ അദ്ദേഹത്തിനു മറ്റു കാരണങ്ങളുമുണ്ടായിരുന്നു. എന്തൊക്കെയായിരുന്നു അത്? “ഹല്ലേലൂയ!” എന്ന് ആർപ്പിടാൻ നിങ്ങൾക്ക് ഓരോരുത്തർക്കും എന്തൊക്കെ കാരണങ്ങളാണുള്ളത്?—സങ്കീ. 147:1, അടിക്കുറിപ്പ്.
ഹൃദയം തകർന്നവരെ യഹോവ സുഖപ്പെടുത്തുന്നു
4. കോരെശ് രാജാവ് പ്രവാസികളായ ഇസ്രായേല്യരെ മോചിപ്പിച്ചപ്പോൾ അവർക്ക് എന്തു തോന്നിക്കാണും, എന്തുകൊണ്ട്?
4 ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞ ഇസ്രായേല്യരുടെ മനോവിചാരങ്ങൾ എന്തൊക്കെയായിരുന്നു? അവരെ പിടിച്ചുകൊണ്ടുപോയവർ, “ഒരു സീയോൻഗീതം പാടിക്കേൾപ്പിക്ക്” എന്നൊക്കെ പറഞ്ഞ് അവരെ കളിയാക്കിയിരുന്നു. എന്നാൽ അവർക്ക് ഏറ്റവും ആനന്ദം പകർന്നിരുന്ന യരുശലേമിന്റെ അവസ്ഥ അപ്പോൾ എന്തായിരുന്നു? അവിടം നശിപ്പിക്കപ്പെട്ടിരുന്നു. (സങ്കീ. 137:1-3, 6) പാടാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ജൂതന്മാർ. ആകെ മനസ്സു തകർന്നിരുന്ന അവർക്ക് ആശ്വാസവും സാന്ത്വനവും വേണ്ട ഒരു സമയമായിരുന്നു അത്. ദൈവം അവരെ സഹായിച്ചോ? മുൻകൂട്ടി പ്രവചിച്ചതുപോലെ ദൈവം പേർഷ്യൻ രാജാവായ കോരെശിലൂടെ അവരെ വിടുവിച്ചു. ബാബിലോൺ പിടിച്ചടക്കിയ കോരെശ് ഇങ്ങനെ പ്രഖ്യാപിച്ചു: ‘യഹോവ . . . യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിച്ചു. ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവർക്ക് അവിടേക്കു പോകാവുന്നതാണ്; അവരുടെ ദൈവമായ യഹോവ അവരുടെകൂടെയുണ്ടായിരിക്കട്ടെ.’ (2 ദിന. 36:23) ബാബിലോണിൽ താമസിച്ചിരുന്ന ഇസ്രായേല്യരെ ഈ സംഭവം എത്രമാത്രം ആശ്വസിപ്പിച്ചിട്ടുണ്ടാകണം!
5. സുഖപ്പെടുത്താനുള്ള യഹോവയുടെ പ്രാപ്തിയെക്കുറിച്ച് സങ്കീർത്തനക്കാരൻ എന്താണു പറഞ്ഞത്?
5 ഇസ്രായേല്യരെ ഒരു ജനതയെന്ന നിലയിൽ മാത്രമല്ല യഹോവ ആശ്വസിപ്പിച്ചത്. ആ ജനതയിലെ ഓരോ വ്യക്തിക്കും യഹോവ ആശ്വാസം പകർന്നു. ഇന്നും അത് അങ്ങനെതന്നെയാണ്. “ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു” എന്നാണു സങ്കീർത്തനക്കാരൻ ദൈവത്തെക്കുറിച്ച് എഴുതിയത്. (സങ്കീ. 147:3) അതെ, ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ നേരിടുന്നവരെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട്. നമ്മളെ ആശ്വസിപ്പിക്കാനും നമ്മുടെ മനസ്സിനേറ്റ മുറിവുകൾ സുഖപ്പെടുത്താനും അതിയായി ആഗ്രഹിക്കുന്നവനാണ് യഹോവ. (സങ്കീ. 34:18; യശ. 57:15) നമ്മൾ നേരിടുന്ന ഏതൊരു പ്രശ്നവും തരണം ചെയ്യാൻ ആവശ്യമായ ജ്ഞാനവും ശക്തിയും യഹോവ നമുക്കു തരും.—യാക്കോ. 1:5.
6. സങ്കീർത്തനം 147:4-ലെ വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 യഹോവ “നക്ഷത്രങ്ങളെ എണ്ണുന്നു” എന്നും “അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു” എന്നും പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ തുടർന്ന് ആകാശത്തേക്കു ശ്രദ്ധ തിരിക്കുന്നു. (സങ്കീ. 147:4) പറഞ്ഞുവന്ന കാര്യത്തിൽനിന്ന് അദ്ദേഹത്തിനു വിഷയം മാറിപ്പോയോ? സങ്കീർത്തനക്കാരൻ എന്തുകൊണ്ടാണു പെട്ടെന്ന് ആകാശഗോളങ്ങളെക്കുറിച്ച് പറഞ്ഞത്? ഒന്നു ചിന്തിക്കുക: അദ്ദേഹത്തിനു നക്ഷത്രങ്ങൾ കാണാമായിരുന്നെങ്കിലും അവ എത്രയെണ്ണമുണ്ടെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഇന്നത്തെ കാര്യമോ? മനുഷ്യർ ഇന്ന് എത്രയേറെ നക്ഷത്രങ്ങളെ കണ്ടെത്തിയിരിക്കുന്നു! ക്ഷീരപഥം എന്ന നമ്മുടെ താരാപംക്തിയിൽ മാത്രം ശതകോടിക്കണക്കിനു നക്ഷത്രങ്ങളുണ്ടെന്നാണു ചിലരുടെ കണക്കുകൂട്ടൽ. അത്തരത്തിലുള്ള സഹസ്രകോടിക്കണക്കിനു താരാപംക്തികളാണു പ്രപഞ്ചത്തിലുള്ളത്. അതെ, നമ്മൾ എണ്ണിയാൽ തീരാത്തത്ര നക്ഷത്രങ്ങൾ! എന്നാൽ സ്രഷ്ടാവ് അതിനെല്ലാം ഓരോ പേര് ഇട്ടിട്ടുണ്ട്. അതിന്റെ അർഥം യഹോവയ്ക്ക് ഓരോ നക്ഷത്രത്തെയും പ്രത്യേകംപ്രത്യേകം അറിയാം എന്നാണ്. (1 കൊരി. 15:41) അങ്ങനെയെങ്കിൽ ഭൂമിയിലുള്ള മനുഷ്യസൃഷ്ടിയെക്കുറിച്ചോ? ഓരോ നക്ഷത്രവും എപ്പോൾ, എവിടെയാണെന്ന് അറിയാവുന്ന യഹോവയ്ക്കു നിങ്ങളെ ഓരോരുത്തരെയും വ്യക്തികളെന്ന നിലയിലും അറിയാം—നിങ്ങൾ ഇപ്പോൾ എവിടെയാണ്, നിങ്ങളുടെ മാനസികാവസ്ഥ എന്താണ്, ഇപ്പോൾ നിങ്ങൾക്ക് എന്താണു വേണ്ടത് എന്നെല്ലാം യഹോവ മനസ്സിലാക്കുന്നു.
7, 8. (എ) പരിശോധനകളിൽ നമ്മുടെ തുണയ്ക്കെത്തുന്ന ദൈവത്തിനു നമ്മളെക്കുറിച്ച് എന്ത് അറിയാം? (ബി) യഹോവ എത്ര സഹാനുഭൂതിയോടെയാണ് അപൂർണമനുഷ്യരെ സഹായിക്കുന്നതെന്നു തെളിയിക്കുന്ന ഒരു അനുഭവം പറയുക.
7 യഹോവ നമ്മളെ ഓരോരുത്തരെയും വ്യക്തികളെന്ന നിലയിൽ ശ്രദ്ധിക്കുന്നു എന്നു നമ്മൾ കണ്ടു. എന്നാൽ അതു മാത്രമല്ല, നമ്മുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ മനസ്സിലാക്കാനുള്ള പ്രാപ്തിയും നമ്മളെ സഹായിക്കാൻ വേണ്ട ശക്തിയും ദൈവത്തിനുണ്ട്. (സങ്കീർത്തനം 147:5 വായിക്കുക.) ഇപ്പോൾ നേരിടുന്ന പ്രശ്നത്തിൽനിന്ന് ഒരിക്കലും കരകയറാനാകില്ലെന്നോ അത് ഒറ്റയ്ക്കു താങ്ങാനാകില്ലെന്നോ നമുക്കു തോന്നിയേക്കാം. എന്നാൽ ‘നാം പൊടിയെന്ന് ഓർക്കുന്ന’ ദൈവത്തിനു നമ്മുടെ പരിമിതികൾ മനസ്സിലാകും. (സങ്കീ. 103:14) അപൂർണരായതുകൊണ്ട് നമ്മൾ വീണ്ടുംവീണ്ടും ഒരേ തെറ്റുതന്നെ ചെയ്തേക്കാം. അറിയാതെ നമ്മുടെ നാവിൽനിന്ന് വീണുപോയ വാക്കുകൾ, ഇടയ്ക്കിടെ പൊന്തിവരുന്ന മോശമായ ആഗ്രഹങ്ങൾ, ചില കാര്യങ്ങളുടെ പേരിൽ മറ്റുള്ളവരോടു തോന്നുന്ന അസൂയ ഇവയെല്ലാം പലപ്പോഴും നമ്മളെ നിരാശയിലാഴ്ത്തുന്നുണ്ടാകും. എന്നാൽ അത്തരം ബലഹീനതകളൊന്നുമില്ലാത്ത വ്യക്തിയാണ് യഹോവ. എങ്കിൽപ്പോലും യഹോവയ്ക്കു നമ്മുടെ മാനസികാവസ്ഥ നന്നായി മനസ്സിലാക്കാൻ കഴിയും. കാരണം യഹോവയുടെ ഗ്രാഹ്യം അളവറ്റതാണ്.—യശ. 40:28.
8 ഏതെങ്കിലും പരിശോധനയിൽനിന്ന് കരകയറാൻ യഹോവയുടെ ശക്തിയുള്ള കൈ സഹായിച്ചതു നിങ്ങൾ സ്വന്തജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. (യശ. 41:10, 13) കീയോക്കോ എന്ന മുൻനിരസേവികയായ സഹോദരിയുടെ കാര്യമെടുക്കുക. പുതിയൊരു നിയമനം സ്വീകരിച്ച് മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിച്ച സഹോദരി ആകെ നിരാശയിലായി. താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ യഹോവയ്ക്കു മനസ്സിലാകുന്നുണ്ടെന്നു സഹോദരിക്ക് എങ്ങനെയാണു ബോധ്യമായത്? തന്റെ വിഷമങ്ങൾ മനസ്സിലാക്കുന്ന ധാരാളം സഹോദരങ്ങളെ അവിടത്തെ സഭയിൽ കീയോക്കോയ്ക്കു കൂട്ടായി ലഭിച്ചു. യഹോവ ഇങ്ങനെ പറയുന്നതായി സഹോദരിക്കു തോന്നി: “ഞാൻ നിന്നെ സ്നേഹിക്കുന്നു. അതു നീ ഒരു മുൻനിരസേവികയായതുകൊണ്ട് മാത്രമല്ല. നീ എന്റെ മകളാണ്, നിന്റെ ജീവിതം നീ എനിക്കു സമർപ്പിച്ചതാണ്. എന്റെ ഒരു സാക്ഷിയായ നീ സന്തോഷത്തോടിരിക്കണമെന്നാണ് എന്റെ ആഗ്രഹം.” നിങ്ങളുടെ കാര്യത്തിൽ, തന്റെ ‘ഗ്രാഹ്യം അളവറ്റതാണെന്നു’ സർവശക്തൻ തെളിയിച്ചിരിക്കുന്നത് എങ്ങനെയാണ്?
യഹോവ നമുക്കു വേണ്ടതു തരുന്നു
9, 10. യഹോവ നമുക്കു സഹായമേകുന്ന ഏറ്റവും പ്രധാനപ്പെട്ട വിധം ഏതാണ്? ഒരു അനുഭവം പറയുക.
9 ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലുള്ള ഭൗതികകാര്യങ്ങളും നമുക്കെല്ലാം ആവശ്യമാണ്. എന്നാൽ ആവശ്യമായ ആഹാരം ലഭിക്കില്ലെന്നുപോലും ഉത്കണ്ഠ തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം. എങ്കിൽ ഒരു കാര്യം ഓർക്കുക! ഭൂമിയിൽ ആഹാരം വിളയാൻ പാകത്തിൽ പ്രകൃതിയിലെ പരിവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത് യഹോവയാണ്. ആഹാരത്തിനായി കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കുവേണ്ടിപ്പോലും യഹോവ അങ്ങനെ കരുതുന്നു. (സങ്കീർത്തനം 147:8, 9 വായിക്കുക.) കാക്കക്കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്ന യഹോവ നിങ്ങളുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതാതിരിക്കുമോ?—സങ്കീ. 37:25.
10 ഏറ്റവും പ്രധാനമായി, ആത്മീയമായി പോഷിപ്പിച്ചുകൊണ്ട് യഹോവ നമുക്കുവേണ്ടി കരുതുന്നു. അതുവഴി നമുക്കു “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” ലഭിക്കുന്നു. (ഫിലി. 4:6, 7) മുറ്റ്സുവോ സഹോദരന്റെയും സഹോദരിയുടെയും അനുഭവം ഇതിന് ഉദാഹരണമാണ്. 2011-ൽ ജപ്പാനിൽ സുനാമിയുണ്ടായപ്പോൾ, തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്തി അവർ അനുഭവിച്ചറിഞ്ഞു. സുനാമിയുണ്ടായപ്പോൾ വീടിന്റെ മേൽക്കൂരയിലേക്കു കയറിയ അവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. പക്ഷേ സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ഒറ്റ ദിവസംകൊണ്ട് അവർക്കു നഷ്ടമായി. അവരുടെ തകർന്ന വീടിന്റെ രണ്ടാം നിലയിലെ കൂരിരുട്ടിൽ തണുത്തുവിറച്ച് അവർ ആ രാത്രി കഴിച്ചുകൂട്ടി. നേരം പുലർന്നപ്പോൾ, ആത്മീയമായി ബലം പകരുന്ന എന്തെങ്കിലും കിട്ടുമോ എന്ന് അവർ അന്വേഷിച്ചു. 2006-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം മാത്രമാണ് അവർക്കു കണ്ടുകിട്ടിയത്. അതിന്റെ താളുകൾ മറിച്ചപ്പോൾ “രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വിനാശകരമായ സുനാമി” എന്ന തലക്കെട്ടു മുറ്റ്സുവോ സഹോദരന്റെ ശ്രദ്ധയിൽപ്പെട്ടു. 2004-ൽ സുമാത്രയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആഞ്ഞടിച്ച സുനാമിയെക്കുറിച്ചായിരുന്നു ആ ലേഖനം. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകാരിയായ സുനാമികളിലൊന്നായിരുന്നു അത്. ആ ലേഖനത്തിലെ അനുഭവങ്ങൾ വായിച്ചപ്പോൾ മുറ്റ്സുവോ സഹോദരനും സഹോദരിയും കരഞ്ഞുപോയി. പ്രോത്സാഹനം ആവശ്യമായിരുന്ന കൃത്യസമയത്തുതന്നെ അതു ലഭിച്ചപ്പോൾ അവർ ദൈവത്തിന്റെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞു. അവരുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടിയും ദൈവം വാത്സല്യത്തോടെ കരുതി. സഹോദരങ്ങൾ അവർക്കു വേണ്ട ആഹാരവും വസ്ത്രവും എത്തിച്ചു. എന്നാൽ അവരെ ഏറ്റവും ബലപ്പെടുത്തിയതു ദൈവത്തിന്റെ സംഘടനയുടെ പ്രതിനിധികൾ സഭയിൽ നടത്തിയ സന്ദർശനങ്ങളായിരുന്നു. മുറ്റ്സുവോ സഹോദരൻ പറയുന്നു: “യഹോവ ഞങ്ങളുടെ ഓരോരുത്തരുടെയും തൊട്ടടുത്ത് ഇരുന്ന് ഞങ്ങളെ പരിപാലിച്ചതുപോലെ എനിക്കു തോന്നി. അതു വലിയൊരു ആശ്വാസമായിരുന്നു!” അതെ, ദൈവം ആദ്യം നമ്മുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റും, അതിനു ശേഷം ഭൗതികാവശ്യങ്ങളും തൃപ്തിപ്പെടുത്തും.
ദൈവത്തിന്റെ രക്ഷാശക്തി നമ്മുടെ തുണയ്ക്കെത്തും
11. ദൈവത്തിന്റെ രക്ഷാശക്തിയിൽനിന്ന് പ്രയോജനം നേടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
11 പ്രതിസന്ധിഘട്ടത്തിൽ ‘സൗമ്യരെ ഉയർത്താൻ’ എപ്പോഴും ഒരുങ്ങിയിരിക്കുന്നവനാണ് യഹോവ. (സങ്കീ. 147:6എ) എന്നാൽ നമുക്കുവേണ്ടി ഇടപെടാനുള്ള യഹോവയുടെ മനസ്സൊരുക്കത്തിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിന് യഹോവയുമായി ഒരു അടുത്ത ബന്ധം വേണം. അങ്ങനെയൊരു നല്ല ബന്ധമുണ്ടായിരിക്കാൻ നമ്മൾ സൗമ്യത വളർത്തിയെടുക്കണം. (സെഫ. 2:3) സൗമ്യതയുള്ളവർ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നവരാണ്. തങ്ങൾ അനുഭവിക്കുന്ന അനീതി അവസാനിപ്പിച്ച് അതിന്റെ മുറിപ്പാടുകൾ ഇല്ലാതാക്കാൻ ദൈവം നടപടിയെടുക്കുന്നതുവരെ അവർ കാത്തിരിക്കും. അങ്ങനെയുള്ളവരെ യഹോവ എങ്ങനെയായിരിക്കും കാണുക? ദൈവം അവരെ നോക്കി അംഗീകാരത്തിന്റെ മന്ദസ്മിതം തൂകും.
12, 13. (എ) ദൈവത്തിന്റെ സഹായം കിട്ടണമെങ്കിൽ നമ്മൾ എന്ത് ഒഴിവാക്കണം? (ബി) ആരിലാണ് യഹോവ പ്രസാദിക്കുന്നത്?
12 എന്നാൽ ദൈവം ‘ദുഷ്ടരെ നിലത്ത് തള്ളിയിടുന്നു’ എന്നാണു ബൈബിൾ പറയുന്നത്. (സങ്കീ. 147:6ബി) എത്ര ശക്തമാണ് ആ വാക്കുകൾ! ദൈവക്രോധം ഒഴിവാക്കി യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ തണലിൽ കഴിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവം വെറുക്കുന്ന കാര്യങ്ങളെ നമ്മളും വെറുക്കണം. (സങ്കീ. 97:10) അതിന് ഒരു ഉദാഹരണമാണു ലൈംഗിക അധാർമികത. അതിനെ വെറുക്കുക എന്നാൽ എന്താണ് അർഥം? അത്തരമൊരു തെറ്റിലേക്കു നമ്മളെ വശീകരിച്ചേക്കാവുന്ന അശ്ലീലംപോലുള്ള എല്ലാ കാര്യങ്ങളിൽനിന്നും അകന്നുനിൽക്കുക. (സങ്കീ. 119:37; മത്താ. 5:28) അത് എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. പക്ഷേ എത്ര പ്രയാസമാണെങ്കിലും ആ പോരാട്ടം തുടരുന്നെങ്കിൽ നമുക്കു ലഭിക്കുന്നത് യഹോവയുടെ അനുഗ്രഹമായിരിക്കും.
13 നമ്മൾ നമ്മളിൽത്തന്നെ ആശ്രയിച്ച് ഈ പോരാട്ടത്തിന് ഇറങ്ങരുത്. യഹോവയിൽ ആശ്രയിച്ചുവേണം പോരാടാൻ. നമ്മൾ സ്വന്തം ശക്തിയിലോ മറ്റു മനുഷ്യരിലോ ആശ്രയിച്ചാൽ യഹോവയ്ക്ക് അത് ഇഷ്ടമാകുമോ? ഇല്ല. കാരണം, ‘കുതിരയുടെ ശക്തിയും’ “മനുഷ്യന്റെ കരുത്തുറ്റ കാലുകളും” യഹോവയെ സന്തോഷിപ്പിക്കുന്നില്ല എന്നു സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീ. 147:10) സഹായത്തിനായി യാചിച്ചുകൊണ്ട് നമ്മൾ യഹോവയിലേക്കാണു തിരിയേണ്ടത്. ആളുകൾക്കു വേണ്ട ഉപദേശങ്ങൾ കൊടുക്കാനിരിക്കുന്ന ചില മനുഷ്യരുടെ അടുത്ത് നമ്മൾ വീണ്ടുംവീണ്ടും സഹായം ചോദിച്ചെത്തിയാൽ അവർക്കു മടുപ്പു തോന്നിയേക്കാം. എന്നാൽ നമ്മുടെ തുടർച്ചയായുള്ള അപേക്ഷകൾ കേട്ടാലും യഹോവയ്ക്ക് ഒരിക്കലും മടുപ്പു തോന്നില്ല. കാരണം, ‘തന്നെ ഭയപ്പെടുന്നവരിൽ, തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ, പ്രസാദിക്കുന്നവനാണ് യഹോവ.’ (സങ്കീ. 147:11) അചഞ്ചലസ്നേഹം കാണിക്കുന്ന ദൈവം ഒരിക്കലും നമ്മളെ ഉപേക്ഷിക്കില്ല. തെറ്റായ ആഗ്രഹങ്ങളെ കീഴടക്കാൻ യഹോവ നമ്മളെ സഹായിക്കും.
14. ഏതു ബോധ്യമാണു സങ്കീർത്തനക്കാരനു ബലമേകിയത്?
14 തന്റെ ജനത്തിനു സഹായം ആവശ്യമുള്ളപ്പോൾ താൻ അവരുടെ തുണയ്ക്കെത്തുമെന്ന് യഹോവ ഉറപ്പു നൽകുന്നു. യരുശലേമിലേക്കു മടങ്ങിയെത്തിയ ഇസ്രായേല്യരെ യഹോവ സഹായിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ദൈവം നിന്റെ നഗരകവാടങ്ങളുടെ ഓടാമ്പലുകൾ ശക്തമാക്കുന്നു; നിന്നിലുള്ള നിന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നു. നിന്റെ അതിർത്തിക്കുള്ളിൽ ദൈവം സമാധാനം വർഷിക്കുന്നു.” (സങ്കീ. 147:13, 14) യഹോവ നഗരകവാടങ്ങൾ ശക്തമാക്കുമെന്ന ബോധ്യം സങ്കീർത്തനക്കാരനു സുരക്ഷിതത്വബോധം നൽകി. യഹോവ തന്റെ ആരാധകരെ സംരക്ഷിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
15-17. (എ) നേരിടുന്ന പരിശോധനകളെക്കുറിച്ച് നമുക്കു ചിലപ്പോൾ എന്തു തോന്നിയേക്കാം, എന്നാൽ തന്റെ വചനത്തിലൂടെ യഹോവ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? (ബി) “തിരുമൊഴി അതിവേഗം ഓടിയെത്തുന്നു” എന്നതിന് ഒരു ഉദാഹരണം നൽകുക.
15 വളരെയധികം ഉത്കണ്ഠപ്പെടുത്തിയേക്കാവുന്ന ചില പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലുമുണ്ടായേക്കാം. എന്നാൽ അവയെല്ലാം കൈകാര്യം ചെയ്യാനാവശ്യമായ ജ്ഞാനം തരാൻ യഹോവയ്ക്കു കഴിയും. “ദൈവം ഭൂമിയിലേക്കു കല്പന അയയ്ക്കുന്നു; തിരുമൊഴി അതിവേഗം ഓടിയെത്തുന്നു” എന്നു സങ്കീർത്തനക്കാരൻ പറയുന്നു. യഹോവ ‘മഞ്ഞ് അയയ്ക്കുന്നു, തൂമഞ്ഞു വിതറുന്നു, ആലിപ്പഴം പൊഴിക്കുന്നു’ എന്നു പറഞ്ഞിട്ട്, “ദൈവം അയയ്ക്കുന്ന തണുപ്പു സഹിക്കാൻ ആർക്കാകും” എന്നും സങ്കീർത്തനക്കാരൻ ചോദിക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു: “ദൈവം കല്പന പുറപ്പെടുവിക്കുന്നു, അവ ഉരുകിപ്പോകുന്നു.” (സങ്കീ. 147:15-18) ആലിപ്പഴത്തിനെയും മഞ്ഞിനെയും നിയന്ത്രിക്കുന്ന, സർവശക്തനും സർവജ്ഞാനിയും ആയ നമ്മുടെ ദൈവത്തിന്, ഏതൊരു പ്രതിബന്ധത്തെയും മറികടക്കാൻ നിങ്ങളെ സഹായിക്കാനാകും.
16 യഹോവ ഇന്നു തന്റെ വചനമായ ബൈബിളിലൂടെ നമ്മളെ നയിക്കുന്നു. “തിരുമൊഴി അതിവേഗം ഓടിയെത്തുന്നു” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. എന്താണ് അതിന്റെ അർഥം? വേണ്ട ആത്മീയമാർഗനിർദേശങ്ങൾ, ആവശ്യമുള്ള നേരത്തുതന്നെ യഹോവ നമുക്കു തരുന്നു. ബൈബിൾ, “വിശ്വസ്തനും വിവേകിയും ആയ അടിമ” പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ, JW പ്രക്ഷേപണം, jw.org വെബ്സൈറ്റ്, മൂപ്പന്മാർ, നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള സഹവാസം എന്നിവയെല്ലാം നമുക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ടെന്നു ചിന്തിച്ചുനോക്കൂ! (മത്താ. 24:45) യഹോവ ‘അതിവേഗം’ മാർഗനിർദേശം തരുന്നതു നിങ്ങൾ സ്വന്തജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടില്ലേ?
17 ദൈവവചനത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞ ഒരാളാണു സിമോണി സഹോദരി. താൻ വിലകെട്ടവളാണെന്നും ദൈവത്തിനു തന്നെ ഇഷ്ടമില്ലെന്നും സഹോദരി ചിന്തിച്ചിരുന്നു. എന്നാൽ നിരുത്സാഹം തോന്നിയപ്പോഴെല്ലാം സഹോദരി യഹോവയുടെ സഹായത്തിനായി കൂടെക്കൂടെ പ്രാർഥിച്ചു. ബൈബിളിന്റെ വ്യക്തിപരമായ പഠനവും സഹോദരി മുടക്കിയില്ല. സഹോദരി പറയുന്നു: “ഓരോ സാഹചര്യത്തിലും യഹോവ തരുന്ന ശക്തിയും മാർഗനിർദേശവും ഞാൻ അനുഭവിച്ചറിഞ്ഞു.” ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സഹോദരിയെ അതു സഹായിച്ചു.
18. നമ്മൾ അനുഗൃഹീതരാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്, “യാഹിനെ സ്തുതിപ്പിൻ!” എന്നു ഘോഷിക്കാൻ നിങ്ങൾക്ക് എന്തെല്ലാം കാരണങ്ങളാണുള്ളത്?
18 പുരാതനകാലത്തെ ഇസ്രായേല്യർ എത്ര അനുഗൃഹീതരാണെന്നു സങ്കീർത്തനക്കാരന് അറിയാമായിരുന്നു. ദൈവത്തിന്റെ “മൊഴികളും” “ചട്ടങ്ങളും വിധികളും” ലഭിച്ച ഒരേ ഒരു ജനത അവർ മാത്രമായിരുന്നു. (സങ്കീർത്തനം 147:19, 20 വായിക്കുക.) ഇന്നോ? ദൈവത്തിന്റെ പേരിൽ അറിയപ്പെടാൻ അനുഗ്രഹം കിട്ടിയിട്ടുള്ളതു നമുക്കു മാത്രമാണ്. യഹോവയെ അറിയാൻ കഴിഞ്ഞതുകൊണ്ടും നമ്മുടെ ജീവിതത്തെ വഴിനയിക്കാൻ ദൈവവചനമുള്ളതുകൊണ്ടും ഇന്നു നമുക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ട്. 147-ാം സങ്കീർത്തനത്തിന്റെ രചയിതാവിനെപ്പോലെ “യാഹിനെ സ്തുതിപ്പിൻ!” എന്നു ഘോഷിക്കാനും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കാനും എത്രയെത്ര കാരണങ്ങളാണു നമുക്കുള്ളത്?