ദൈവം നിങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കട്ടെ
“യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.”—സങ്കീ. 37:4.
1. ഭാവിയെക്കുറിച്ച് ചെറുപ്പക്കാർക്ക് എന്തു തീരുമാനമെടുക്കേണ്ടിവരും, പക്ഷേ അതെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ചെറുപ്പക്കാരേ, എവിടേക്കാണു പോകേണ്ടതെന്നു തീരുമാനിക്കാതെ ആരെങ്കിലും ഒരു യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുമോ? ജീവിതം ഒരു യാത്രപോലെയാണ്. ആ യാത്രയുടെ ലക്ഷ്യസ്ഥാനം തീരുമാനിക്കേണ്ടതു നിങ്ങളുടെ ചെറുപ്പകാലത്താണ്. എന്നാൽ പലപ്പോഴും ഭാവികാര്യങ്ങൾ തീരുമാനിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഹീതർ എന്ന പെൺകുട്ടി പറയുന്നു: “ഇനിയുള്ള ജീവിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നമ്മൾത്തന്നെ തീരുമാനിക്കേണ്ട സമയം വരും, ആകെപ്പാടെയൊരു പേടി തോന്നും.” പക്ഷേ പേടിക്കേണ്ടാ. യഹോവ പറയുന്നത് ഇതാണ്: “ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.”—യശ. 41:10.
2. നിങ്ങൾക്കു സന്തോഷമുള്ള ഒരു ഭാവിയുണ്ടായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് എങ്ങനെ അറിയാം?
2 നിങ്ങൾ നല്ലവണ്ണം ചിന്തിച്ച് ഭാവിപദ്ധതികൾ തയ്യാറാക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സഭാ. 12:1; മത്താ. 6:20) നിങ്ങളുടെ സന്തോഷമാണ് യഹോവയുടെ മനസ്സിൽ. നമുക്കു ചുറ്റുമുള്ള നയനമനോഹരമായ കാഴ്ചകളും കാതിന് ഇമ്പമേകുന്ന ശബ്ദങ്ങളും നാവിനു വിരുന്നൊരുക്കുന്ന രുചികളും എല്ലാം അതിനു തെളിവാണ്. മറ്റു പല വിധങ്ങളിൽ നമ്മളെ പരിപാലിക്കുന്ന യഹോവ ഏറ്റവും നല്ല ജീവിതരീതി നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, തന്റെ ഉപദേശം തള്ളിക്കളയുന്നവരോട് യഹോവ ഇങ്ങനെ പറയുന്നു: “എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങൾ തിരഞ്ഞെടുത്തു. . . . എന്റെ ദാസന്മാർ സന്തോഷിക്കും, നിങ്ങൾ അപമാനിതരാകും. എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും.” (യശ. 65:12-14) ദൈവജനം ജീവിതത്തിൽ നല്ല തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ യഹോവയ്ക്കാണ് അതിന്റെ ബഹുമതി.—സുഭാ. 27:11.
നിങ്ങൾക്കു സന്തോഷം തരുന്ന പദ്ധതികൾ
3. നമ്മൾ ജീവിതം എങ്ങനെ ആസൂത്രണം ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
3 നമ്മൾ ജീവിതം എങ്ങനെ ആസൂത്രണം ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്? ഒരു കാര്യം ഓർക്കുക: സന്തോഷം ലഭിക്കണമെങ്കിൽ നമ്മൾ യഹോവയെ അറിയുകയും വിശ്വസ്തമായി യഹോവയെ സേവിക്കുകയും വേണം. കാരണം ആ വിധത്തിലാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. (സങ്കീ. 128:1; മത്താ. 5:3) പക്ഷേ മൃഗങ്ങൾ അങ്ങനെയല്ല. വിശപ്പും ദാഹവും അകറ്റുക, കുഞ്ഞുങ്ങൾക്കു ജന്മം കൊടുക്കുക ഇതിലൊതുങ്ങുന്നു അവയുടെ ജീവിതം. എന്നാൽ നിങ്ങൾ ഇത്തരം കാര്യങ്ങൾകൊണ്ട് തൃപ്തിയടയാനല്ല യഹോവ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ വെക്കാവുന്ന മറ്റു ചില ലക്ഷ്യങ്ങളുമുണ്ട്. നിങ്ങൾ ആ ലക്ഷ്യങ്ങൾക്കു ചേർച്ചയിൽ ജീവിതം ആസൂത്രണം ചെയ്യണമെന്നും അങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്. നിങ്ങളെ സൃഷ്ടിച്ച ‘സ്നേഹത്തിന്റെ ദൈവം,’ ‘സന്തോഷമുള്ള ദൈവവുമാണ്.’ ‘സ്വന്തം ഛായയിലാണു’ ദൈവം മനുഷ്യരെ ഉണ്ടാക്കിയിരിക്കുന്നത്. (2 കൊരി. 13:11; 1 തിമൊ. 1:11; ഉൽപ. 1:27) സ്നേഹമുള്ള ആ ദൈവത്തെ അനുകരിക്കുന്നെങ്കിൽ നിങ്ങൾക്കും സന്തോഷം കിട്ടും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്നു തിരുവെഴുത്തുകൾ പറയുന്നു. (പ്രവൃ. 20:35) സ്വന്തം ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഈ വസ്തുത അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? ഇതു മനുഷ്യജീവിതത്തിലെ ഒരു അടിസ്ഥാനസത്യമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ, ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്ന ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്.—മത്തായി 22:36-39 വായിക്കുക.
4, 5. എന്താണു യേശുവിനെ സന്തുഷ്ടനാക്കിയത്?
4 ചെറുപ്പക്കാരേ, നിങ്ങൾക്കുള്ള ഏറ്റവും മികച്ച മാതൃക യേശുക്രിസ്തുവാണ്. കുട്ടിയായിരുന്നപ്പോൾ യേശു തീർച്ചയായും കളിക്കുകയും രസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. ദൈവവചനം പറയുന്നതുപോലെ, ‘ചിരിക്കാനും തുള്ളിച്ചാടാനും ഒരു സമയമുണ്ട്.’ (സഭാ. 3:4) എന്നാൽ ആ പ്രായത്തിൽ യേശു തിരുവെഴുത്തുകളും പഠിച്ചു. അങ്ങനെ യഹോവയോടു കൂടുതൽ അടുത്തു. 12 വയസ്സുകാരനായ യേശുവിനുണ്ടായിരുന്ന ‘ഗ്രാഹ്യവും’ യേശു പറഞ്ഞ ‘ഉത്തരങ്ങളും’ ദേവാലയത്തിലെ ഉപദേഷ്ടാക്കളെ വിസ്മയിപ്പിച്ചുകളഞ്ഞു.—ലൂക്കോ. 2:42, 46, 47.
5 മുതിർന്നപ്പോഴും യേശു സന്തോഷമുള്ളവനായിരുന്നു. എന്താണു യേശുവിനെ സന്തുഷ്ടനാക്കിയത്? താൻ ‘ദരിദ്രരോടു സന്തോഷവാർത്ത ഘോഷിക്കാനും അന്ധന്മാരോടു കാഴ്ച കിട്ടുമെന്നു പ്രഖ്യാപിക്കാനും’ ദൈവം ആഗ്രഹിക്കുന്നുണ്ടെന്നു യേശുവിന് അറിയാമായിരുന്നു. (ലൂക്കോ. 4:18) ദൈവം ആവശ്യപ്പെട്ടതു ചെയ്തതുകൊണ്ടാണു യേശുവിനു സന്തോഷം തോന്നിയത്. സങ്കീർത്തനം 40:8-ൽ പറയുന്നതുപോലെ “അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം” എന്ന മനോഭാവമായിരുന്നു യേശുവിന്റേത്. സ്വർഗീയപിതാവിനെക്കുറിച്ച് ആളുകളെ പഠിപ്പിക്കാൻ യേശുവിന് ഇഷ്ടമായിരുന്നു. (ലൂക്കോസ് 10:21 വായിക്കുക.) ഒരിക്കൽ സത്യാരാധനയെക്കുറിച്ച് ഒരു സ്ത്രീയെ പഠിപ്പിച്ചതിനു ശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.” (യോഹ. 4:31-34) അതെ, ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തെപ്രതി ചെയ്ത കാര്യങ്ങൾ യേശുവിനു സന്തോഷം നൽകി. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളും സന്തുഷ്ടരായിരിക്കും.
6. അനുഭവസമ്പന്നരായ ക്രിസ്ത്യാനികളോടു നിങ്ങളുടെ ഭാവിപദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിന്റെ പ്രയോജനം എന്താണ്?
6 ചെറുപ്പകാലത്തുതന്നെ മുൻനിരസേവനം തുടങ്ങിയ ധാരാളം പേരുണ്ട്. അതിന്റെ സന്തോഷവും അവർ അനുഭവിച്ചറിഞ്ഞതാണ്. നിങ്ങളുടെ ഭാവിപദ്ധതികളെക്കുറിച്ച് അവരിൽ ചിലരോടു സംസാരിച്ചുകൂടേ? “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.” (സുഭാ. 15:22) ജീവിതത്തിലുടനീളം നിങ്ങൾക്ക് ഉപകാരപ്പെടുന്ന പല കാര്യങ്ങളും മുഴുസമയസേവനം നിങ്ങളെ പഠിപ്പിക്കുമെന്നു അവർ നിങ്ങൾക്കു പറഞ്ഞുതന്നേക്കാം. സ്വർഗത്തിലായിരുന്നപ്പോൾ പിതാവിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിച്ച യേശുവിനെ ഭൂമിയിലെ ശുശ്രൂഷയും അനേകം കാര്യങ്ങൾ പഠിപ്പിച്ചു. ഉദാഹരണത്തിന്, സന്തോഷവാർത്ത മറ്റുള്ളവരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നതിന്റെ സന്തോഷവും പരിശോധനകളിൽ വിശ്വസ്തനായി നിൽക്കുന്നതിന്റെ സന്തോഷവും എന്താണെന്നു യേശു മനസ്സിലാക്കി. (യശയ്യ 50:4 വായിക്കുക; എബ്രാ. 5:8; 12:2) നമുക്ക് ഇപ്പോൾ, മുഴുസമയസേവനത്തിന്റെ ചില മേഖലകളെക്കുറിച്ച് നോക്കാം. അതിലൂടെ നിങ്ങൾക്ക് എങ്ങനെ സന്തോഷം ലഭിക്കുമെന്നും ചിന്തിക്കാം.
ശിഷ്യരാക്കൽവേല—അതിനെക്കാൾ മികച്ചതൊന്നില്ല
7. അനേകം ചെറുപ്പക്കാരും ശിഷ്യരാക്കൽവേല ആസ്വദിക്കുന്നത് എന്തുകൊണ്ടാണ്?
7 യേശു പറഞ്ഞു: “നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കുകയും . . . അവരെ പഠിപ്പിക്കുകയും വേണം.” (മത്താ. 28:19, 20) ശിഷ്യരാക്കൽവേല ജീവിതവൃത്തിയാക്കാൻ നിങ്ങൾക്കു പദ്ധതിയുണ്ടോ? മറ്റൊന്നിനും അതിനോളം സംതൃപ്തി തരാനാകില്ല! അതു ദൈവത്തെ മഹത്ത്വപ്പെടുത്തും. എന്നാൽ മറ്റു പല തൊഴിലുകളുടെയും കാര്യത്തിലെന്നപോലെ, ഈ വേലയിലും വിദഗ്ധരാകാൻ സമയമെടുക്കും. കൗമാരപ്രായത്തിൽ മുൻനിരസേവനം ആരംഭിച്ച തിമൊത്തി എന്ന സഹോദരൻ അടുത്തിടെ ഇങ്ങനെ പറഞ്ഞു: “എനിക്ക് യഹോവയെ മുഴുസമയം സേവിക്കാൻ വളരെ ഇഷ്ടമാണ്. കാരണം അങ്ങനെയാണു ഞാൻ യഹോവയോടുള്ള സ്നേഹം തെളിയിക്കുന്നത്. ആദ്യമൊന്നും എനിക്ക് ഒരു ബൈബിൾപഠനംപോലും കിട്ടിയില്ല. എന്നാൽ മറ്റൊരു പ്രദേശത്തേക്കു മാറി ഒരു മാസത്തിനകം എനിക്കു പല ബൈബിൾപഠനങ്ങളും കിട്ടി. ഒരു വിദ്യാർഥി മീറ്റിങ്ങുകൾക്കു വരാനും തുടങ്ങി. പിന്നീട് ഞാൻ ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂളിൽ പങ്കെടുത്തു.a രണ്ടു മാസത്തെ ആ കോഴ്സിനു ശേഷം എനിക്കു മറ്റൊരു പ്രദേശത്തേക്കു നിയമനം ലഭിച്ചു. അവിടെ എനിക്കു നാലു ബൈബിൾപഠനങ്ങൾ തുടങ്ങാൻ കഴിഞ്ഞിരിക്കുന്നു. ആളുകളെ ബൈബിൾ പഠിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്. കാരണം പരിശുദ്ധാത്മാവ് അവരിൽ വരുത്തുന്ന മാറ്റങ്ങൾ എനിക്കു നേരിട്ട് കാണാൻ കഴിയുന്നു.”—1 തെസ്സ. 2:19.
8. ശിഷ്യരാക്കൽവേലയിൽ കൂടുതലായി ഉൾപ്പെടാൻ ചില യുവക്രിസ്ത്യാനികൾ എന്തു ചെയ്തിരിക്കുന്നു?
8 ചില യുവക്രിസ്ത്യാനികൾ മറ്റൊരു ഭാഷ പഠിച്ചിരിക്കുന്നു. ഉദാഹരണത്തിന്, വടക്കേ അമേരിക്കയിലുള്ള ജേക്കബ് എഴുതുന്നു: “എനിക്ക് ഏഴു വയസ്സുണ്ടായിരുന്നപ്പോൾ എന്റെകൂടെ വിയറ്റ്നാംകാരായ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. അവരോട് യഹോവയെക്കുറിച്ച് പറയണമെന്നു തോന്നിയതുകൊണ്ട് പിന്നീടു ഞാൻ അവരുടെ ഭാഷ പഠിക്കാൻ പദ്ധതിയിട്ടു. ഇംഗ്ലീഷിലും വിയറ്റ്നമീസിലും ഉള്ള വീക്ഷാഗോപുരം താരതമ്യം ചെയ്തായിരുന്നു പ്രധാനമായും എന്റെ പഠനം. അടുത്തുണ്ടായിരുന്ന വിയറ്റ്നമീസ് സഭയിലെ ചിലരെ ഞാൻ കൂട്ടുകാരാക്കുകയും ചെയ്തു. 18 വയസ്സായപ്പോൾ ഞാൻ മുൻനിരസേവനം തുടങ്ങി. പിന്നീട് ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂളിൽ പങ്കെടുത്തു. ഇതെല്ലാം ഇപ്പോഴത്തെ എന്റെ നിയമനത്തിൽ എന്നെ സഹായിക്കുന്നു. ഞാൻ ഇപ്പോൾ ഒരു വിയറ്റ്നമീസ് ഭാഷാക്കൂട്ടത്തോടൊപ്പം മുൻനിരസേവനം ചെയ്യുന്നു. ഇവിടെ മൂപ്പനായി ഞാൻ മാത്രമേ ഉള്ളൂ. എനിക്കു വിയറ്റ്നമീസ് ഭാഷ അറിയാമെന്നു കേൾക്കുമ്പോൾ പല വിയറ്റ്നാംകാർക്കും വലിയ അത്ഭുതമാണ്. അവർ എന്നെ വീടിന് അകത്തേക്കു ക്ഷണിക്കും. പലരുമായും ബൈബിൾപഠനം തുടങ്ങാനും എനിക്കു സാധിച്ചിരിക്കുന്നു. ചിലർ സ്നാനത്തിന്റെ പടിയോളം പുരോഗമിച്ചിട്ടുണ്ട്.”—പ്രവൃ. 2:7, 8 താരതമ്യം ചെയ്യുക.
9. ശിഷ്യരാക്കൽവേല ഒരു നല്ല വിദ്യാഭ്യാസപരിപാടിയാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
9 ശിഷ്യരാക്കൽവേല ഒരു നല്ല വിദ്യാഭ്യാസപരിപാടിയാണ്. ഉദാഹരണത്തിന്, അതു നിങ്ങളെ നല്ല തൊഴിൽശീലങ്ങൾ പഠിപ്പിക്കും. കൂടാതെ, മറ്റുള്ളവരുമായി നന്നായി ആശയവിനിമയം ചെയ്യാനും ആത്മവിശ്വാസവും നയവും ഉള്ളവരായിരിക്കാനും അതു നിങ്ങളെ പരിശീലിപ്പിക്കും. (സുഭാ. 21:5; 2 തിമൊ. 2:24, അടിക്കുറിപ്പ്) എന്നാൽ അതിനു മറ്റൊരു വലിയ സവിശേഷതയുണ്ട്. ആളുകളെ ശിഷ്യരാക്കുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ തിരുവെഴുത്തടിസ്ഥാനവുമായി നിങ്ങൾതന്നെ കൂടുതൽ പരിചിതരാകും. അതിന്റെ സന്തോഷം നിങ്ങൾ അനുഭവിക്കും. യഹോവയുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കാനും നിങ്ങൾ പഠിക്കും.—1 കൊരി. 3:9.
10. വലിയ പ്രതികരണമൊന്നുമില്ലാത്ത പ്രദേശങ്ങളിൽപ്പോലും ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കുന്നതു സന്തോഷം തരുന്നത് എങ്ങനെ?
10 നിങ്ങളുടെ പ്രദേശത്തുള്ള ആരുംതന്നെ സന്തോഷവാർത്തയോടു താത്പര്യം കാണിച്ചില്ലെങ്കിൽപ്പോലും നിങ്ങൾക്കു ശിഷ്യരാക്കൽവേല ആസ്വദിക്കാനാകും. കാരണം ശിഷ്യരാക്കൽവേല ഒരു കൂട്ടായ പരിശ്രമമാണ്. ആത്മാർഥഹൃദയരായ ആളുകളെ കണ്ടെത്താൻ തിരയുന്നതു സഭ മുഴുവനുമാണ്. ഭാവിയിൽ ശിഷ്യനായിത്തീരുന്ന ഒരാളെ കണ്ടെത്തുന്നതു ചിലപ്പോൾ സഭയിലെ ഏതെങ്കിലും ഒരു സഹോദരനോ സഹോദരിയോ മാത്രമായിരിക്കാം എന്നതു ശരിതന്നെ. എന്നാൽ ആ തിരച്ചിലിൽ എല്ലാവരും പങ്കെടുത്തതുകൊണ്ട് എല്ലാവർക്കും സന്തോഷിക്കാം. ഉദാഹരണത്തിന്, ആളുകൾ ബൈബിൾസന്ദേശം തീരെ ശ്രദ്ധിക്കാതിരുന്ന ഒരു പ്രദേശത്ത് ബ്രാൻഡൻ സഹോദരൻ ഒൻപതു വർഷമാണു മുൻനിരസേവനം ചെയ്തത്. അദ്ദേഹം പറയുന്നു: “എനിക്കു പ്രസംഗപ്രവർത്തനം വളരെ ഇഷ്ടമാണ്. കാരണം യഹോവ അതാണു നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ഞാൻ മുൻനിരസേവനം തുടങ്ങി. സഭയിലുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ ആത്മീയപുരോഗതി കാണുന്നതും എനിക്കു വലിയ സന്തോഷമാണ്. ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂളിൽ പങ്കെടുത്ത എനിക്കു മുൻനിരസേവകനായി മറ്റൊരു പ്രദേശത്തേക്കു നിയമനം ലഭിച്ചു. ഇവിടെ ആരെയും എനിക്കു സ്നാനത്തിന്റെ പടിയോളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റു പലർക്കും അതിനു സാധിച്ചിട്ടുണ്ട്. ശിഷ്യരാക്കൽവേലയിൽ പരമാവധി ചെയ്യാൻ തീരുമാനിച്ചതിൽ എനിക്കു സന്തോഷമേ ഉള്ളൂ.”—സഭാ. 11:6.
നിങ്ങളുടെ പദ്ധതികൾ തുറന്നിടുന്ന വാതിലുകൾ
11. പല ചെറുപ്പക്കാരും ആസ്വദിച്ചിട്ടുള്ള വിശുദ്ധസേവനത്തിന്റെ ഒരു മേഖല ഏത്?
11 യഹോവയെ സേവിക്കാൻ ധാരാളം അവസരങ്ങളുണ്ട്. ഉദാഹരണത്തിന്, പല ചെറുപ്പക്കാരും നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. നൂറുകണക്കിനു പുതിയ രാജ്യഹാളുകൾ ഇന്നു നമുക്ക് ആവശ്യമാണ്. അതിന്റെ നിർമാണം ഒരു വിശുദ്ധസേവനമാണ്. ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ആ സേവനം നിങ്ങൾക്കു വളരെയധികം സന്തോഷം തരും. മറ്റ് ഏതൊരു വിശുദ്ധസേവനത്തിന്റെയും കാര്യത്തിലെന്നപോലെ ഇവിടെയും നമ്മുടെ സഹോദരീസഹോദരന്മാരുടെകൂടെ ജോലി ചെയ്യുന്നതിന്റെ സന്തോഷം നമുക്കുണ്ടായിരിക്കും. ദിവ്യാധിപത്യനിർമാണപ്രവർത്തനം ഒരർഥത്തിൽ ഒരു വിദ്യാഭ്യാസപരിപാടിയുമാണ്. ഉദാഹരണത്തിന്, സുരക്ഷിതത്വബോധമുള്ളവരായിരിക്കാനും ഉത്സാഹമുള്ള ജോലിക്കാരായിരിക്കാനും മേൽനോട്ടം വഹിക്കുന്നവരോടു സഹകരിക്കാനും അതു നിങ്ങളെ പഠിപ്പിക്കും.
12. മുൻനിരസേവനം മറ്റു പല അവസരങ്ങളിലേക്കും വഴി തുറക്കുന്നത് എങ്ങനെ?
12 കെവിൻ എന്ന സഹോദരൻ പറയുന്നു: “എന്നെങ്കിലും യഹോവയെ മുഴുസമയം സേവിക്കണമെന്നു കൊച്ചുകുട്ടിയായിരുന്നപ്പോൾമുതൽ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ 19-ാമത്തെ വയസ്സിൽ ഞാൻ മുൻനിരസേവനം തുടങ്ങി. കെട്ടിടം പണിതുകൊടുക്കുന്ന ഒരു സഹോദരനു കീഴിൽ അംശകാലജോലി ചെയ്താണു ഞാൻ ചെലവുകൾക്കു വേണ്ട പണം കണ്ടെത്തിയത്. മേൽക്കൂരകൾ നിർമിക്കാനും ജനാലകളും വാതിലുകളും പിടിപ്പിക്കാനും ഞാൻ പഠിച്ചു. പിന്നീട് കൊടുങ്കാറ്റു ദുരന്തം വിതച്ച പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസസംഘത്തോടൊപ്പം രണ്ടു വർഷം സേവിച്ചു. അവിടങ്ങളിലെ രാജ്യഹാളുകളും സഹോദരങ്ങളുടെ വീടുകളും പുതുക്കിപ്പണിയുന്നതിൽ എനിക്കു സഹായിക്കാനായി. സൗത്ത് ആഫ്രിക്കയിൽ നിർമാണപ്രവർത്തനങ്ങൾക്ക് ആളെ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അതിനായി അപേക്ഷിച്ചു. എനിക്കു ക്ഷണം കിട്ടി. ഇവിടെ ആഫ്രിക്കയിൽ, ഒരു രാജ്യഹാൾ നിർമാണസ്ഥലത്ത് ഏതാനും ആഴ്ചകളേ ഞാൻ കാണൂ. അവിടത്തെ പണി കഴിഞ്ഞാൽ അടുത്ത സ്ഥലത്തേക്കു പോകും. ഞങ്ങളുടെ നിർമാണസംഘം ഒരൊറ്റ കുടുംബംപോലെയാണ്. താമസവും ജോലിയും ഒന്നിച്ച്, ബൈബിൾ പഠിക്കുന്നതും ഞങ്ങൾ ഒരുമിച്ചിരുന്നാണ്. എവിടെ ചെന്നാലും അവിടങ്ങളിലുള്ള സഹോദരങ്ങളോടൊപ്പം എല്ലാ ആഴ്ചയും പ്രസംഗപ്രവർത്തനത്തിനു പോകുന്നതും എനിക്കു വലിയ ഇഷ്ടമാണ്. ഒരു കുട്ടിയായിരുന്നപ്പോൾ ഞാൻ ഇട്ട പദ്ധതികൾ എനിക്ക് ഇത്രമാത്രം സന്തോഷം തരുമെന്നു ഞാൻപോലും ചിന്തിച്ചില്ല.”
13. ബഥേൽസേവനം ചെറുപ്പക്കാർക്കു സന്തോഷം പകരുന്നത് എങ്ങനെ?
13 യഹോവയെ മുഴുസമയം സേവിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പലരും ഇന്നു ബഥേലിൽ സേവിക്കുന്നു. ബഥേലിൽ നമ്മൾ ചെയ്യുന്നതെല്ലാം യഹോവയ്ക്കുവേണ്ടിയായതുകൊണ്ട് ആ ജീവിതത്തിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്. ആത്മീയഭക്ഷണം വിതരണം ചെയ്യാൻ സഹായിക്കുക എന്നതാണു ബഥേൽകുടുംബത്തിന്റെ ഉത്തരവാദിത്വം. ഒരു ബഥേലംഗമായ ഡസ്റ്റിൻ പറയുന്നു: “ഒൻപതു വയസ്സുള്ളപ്പോഴാണു ഞാൻ മുഴുസമയസേവനം ലക്ഷ്യം വെക്കുന്നത്. സ്കൂൾപഠനം കഴിഞ്ഞപ്പോൾ ഞാൻ മുൻനിരസേവനം തുടങ്ങി. ഒന്നര വർഷത്തിനു ശേഷം എനിക്കു ബഥേലിലേക്കു ക്ഷണം കിട്ടി. അവിടെ അച്ചടിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം ലഭിച്ചു. പിന്നീട് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിലും പരിശീലനം കിട്ടി. ഇവിടെ ബഥേലിൽ, ലോകമെങ്ങും നടക്കുന്ന ശിഷ്യരാക്കൽപ്രവർത്തനത്തിന്റെ പുരോഗതി നേരിട്ട് അറിയാനാകും. അത് ഒരു സന്തോഷമാണ്. ഇവിടെ സേവിക്കുന്നത് എനിക്കു വളരെ ഇഷ്ടമായിരിക്കുന്നതിന് ഒരു കാരണമുണ്ട്. ഇവിടെ ഞങ്ങൾ ചെയ്യുന്നതെല്ലാം യഹോവയോട് അടുക്കാൻ ആളുകളെ സഹായിക്കുന്നു.”
നിങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണ്?
14. മുഴുസമയസേവനം തുടങ്ങണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ കാര്യങ്ങൾ ആസൂത്രണം ചെയ്യാം?
14 ഒരു മുഴുസമയക്രിസ്തീയശുശ്രൂഷകനാകാൻ നിങ്ങൾക്ക് എങ്ങനെ ആസൂത്രണം ചെയ്യാം? യഹോവയെ കഴിവിന്റെ പരമാവധി സേവിക്കാൻ നിങ്ങളെ ഏറ്റവും അധികം സഹായിക്കുന്നത് ആത്മീയഗുണങ്ങളാണ്. അതുകൊണ്ട് ഉത്സാഹത്തോടെ ദൈവവചനം പഠിക്കുക, അതിന്റെ അർഥത്തെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക, സഭായോഗങ്ങളിൽ നിങ്ങളുടെ വിശ്വാസത്തിനു തെളിവേകുന്ന അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക. മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നതിൽ അനുഭവപരിചയവും വൈദഗ്ധ്യവും നേടാൻ സ്കൂൾപഠനകാലത്തുതന്നെ നിങ്ങൾക്കു പരിശ്രമിക്കാനാകും. നയത്തോടെ ആളുകളോടു ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ മറുപടി ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് അവരിൽ താത്പര്യം കാണിക്കാൻ പഠിച്ചെടുക്കുക. രാജ്യഹാളിന്റെ ശുചീകരണം, പരിപാലനം എന്നിങ്ങനെ സഭയിലെ പല കാര്യങ്ങളും ചെയ്യാൻ തയ്യാറാണെന്നു നിങ്ങൾക്കു പറയാവുന്നതാണ്. സ്വമനസ്സാലെ മുന്നോട്ടു വരുന്ന, താഴ്മയുള്ള ആളുകളെ ഉപയോഗിക്കാനാണ് യഹോവയ്ക്ക് ഇഷ്ടം. (സങ്കീർത്തനം 110:3 വായിക്കുക; പ്രവൃ. 6:1-3) ‘സഹോദരന്മാർക്കു തിമൊഥെയൊസിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നതുകൊണ്ടാണ്’ അപ്പോസ്തലനായ പൗലോസ് അദ്ദേഹത്തെ മിഷനറിസേവനം ചെയ്യാൻ ക്ഷണിച്ചതെന്ന് ഓർക്കുക.—പ്രവൃ. 16:1-5.
15. ജോലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾ എന്തെല്ലാം കണക്കിലെടുക്കണം?
15 ജീവിക്കാനുള്ള വക കണ്ടെത്താൻ മിക്ക മുഴുസമയസേവകർക്കും ഒരു ജോലി ആവശ്യമാണ്. (പ്രവൃ. 18:2, 3) നിങ്ങളുടെ നാട്ടിൽ ധാരാളം ആളെ ആവശ്യമുള്ള ചില അംശകാലജോലികൾ കാണും. ഇത്തരം ജോലികൾ കിട്ടാൻ സഹായിക്കുന്ന എന്തെങ്കിലും പരിശീലനം നിങ്ങൾക്കു നേടാനായേക്കും. ഭാവിപദ്ധതികൾ തയ്യാറാക്കുമ്പോൾ സർക്കിട്ട് മേൽവിചാരകനോടോ നിങ്ങളുടെ സർക്കിട്ടിലെ മുൻനിരസേവകരോടോ സംസാരിക്കുന്നതു നല്ലതാണ്. മുൻനിരസേവനത്തിന് ഇണങ്ങുന്ന ജോലികളെക്കുറിച്ച് അവരോടു ചോദിച്ചറിയുക. ഇനിയോ? ബൈബിൾ പറയുന്നതുപോലെ “നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക; അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും.”—സുഭാ. 16:3; 20:18.
16. ചെറുപ്പകാലത്ത് മുഴുസമയസേവനം ചെയ്യുന്നതു പിൽക്കാലത്ത് മറ്റ് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിങ്ങളെ എങ്ങനെ സഹായിച്ചേക്കാം?
16 നിങ്ങൾ സന്തോഷമുള്ള ഒരു ഭാവിജീവിതത്തിൽ ‘പിടിയുറപ്പിക്കാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 6:18, 19 വായിക്കുക.) മുഴുസമയസേവനം ചെയ്താൽ നിങ്ങൾക്കു മറ്റു പല മുഴുസമയസേവകരുമായും പരിചയത്തിലാകാനാകും. പക്വതയുള്ള ഒരു ക്രിസ്ത്യാനിയായി വളരാൻ അതു നിങ്ങളെ സഹായിക്കും. ചെറുപ്പകാലത്ത് മുഴുസമയസേവനം ചെയ്തതു പിൽക്കാലത്ത് വിവാഹജീവിതത്തിൽ വളരെയധികം ഉപകാരപ്പെട്ടതായി പലരും അനുഭവിച്ചറിഞ്ഞിരിക്കുന്നു. വിവാഹത്തിനു മുമ്പ് മുൻനിരസേവനം ചെയ്തിരുന്ന പലർക്കും വിവാഹശേഷം ഇണയോടൊത്ത് മുൻനിരസേവനം തുടരാനും സാധിച്ചിരിക്കുന്നു.—റോമ. 16:3, 4.
17, 18. കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിങ്ങളുടെ ഹൃദയം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
17 ഭാവിക്കുവേണ്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിങ്ങളുടെ ഹൃദയം അർപ്പിക്കുക. സങ്കീർത്തനം 20:4 യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അങ്ങയുടെ ഹൃദയാഭിലാഷങ്ങൾ (യഹോവ) സാധിച്ചുതരട്ടെ; അങ്ങയുടെ പദ്ധതികളെല്ലാം വിജയിപ്പിക്കട്ടെ.” അതുകൊണ്ട് നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങൾ ശരിക്കും എന്താണു ചെയ്യാൻപോകുന്നതെന്നു മനസ്സിരുത്തി ചിന്തിക്കുക. യഹോവ ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അതിനെ പിന്തുണയ്ക്കാൻ നമുക്ക് എന്തു ചെയ്യാനാകുമെന്നും ചിന്തിക്കുക. എന്നിട്ട് യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യുക.
18 യഹോവയെ കഴിവിന്റെ പരമാവധി സേവിക്കുക. ദൈവത്തിനു ബഹുമതിയേകുന്ന ആ ജീവിതം നിങ്ങൾക്കു തരുന്ന സംതൃപ്തി വളരെ വലുതായിരിക്കും. അതെ, “യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.”—സങ്കീ. 37:4.
a ഇപ്പോൾ ഇതിനു പകരം രാജ്യസുവിശേഷകർക്കുള്ള സ്കൂൾ ആണ് നടത്തപ്പെടുന്നത്.