നക്ഷത്രങ്ങൾക്ക് നിങ്ങളോട് എന്ത് അറിയിക്കാൻ കഴിയും?
തെളിഞ്ഞ ഒരു രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശം യഥാർത്ഥത്തിൽ നഗ്നനേത്രങ്ങൾക്കു പോലും ഒരു മഹനീയകാഴ്ചയാണ്. രജതവർണ്ണമായ ചന്ദ്രനും മിന്നിത്തിളങ്ങുന്ന അസംഖ്യം നക്ഷത്രങ്ങളും മങ്ങിപ്രകാശിക്കുന്ന ക്ഷീരപഥവും—ഇവയെല്ലാം വളരെയധികം പ്രശാന്തവും നിഗൂഢവുമായി കാണപ്പെടുന്നു. ‘ഇവ അവിടെയുള്ളതെന്തുകൊണ്ട്, അവ നമ്മോട് എന്തെങ്കിലും അറിയിക്കാൻ ശ്രമിക്കുകയാണോ?’
സ്മരണാതീത കാലം മുതൽ മനുഷ്യർ ഈ കുഴക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ശ്രമിക്കുകയായിരുന്നു. എന്നിരുന്നാലും, താരതമ്യേന അടുത്ത കാലത്താണ് ഭൗതികപ്രപഞ്ചം എത്ര ആരായാനാവാത്ത വിധം വിസ്തൃതമാണെന്നും ഭൂമി എത്ര ചെറുതും അഗണ്യവുമായ ഒരു തരിമാത്രമാണെന്നും ഗ്രഹിച്ചുതുടങ്ങിയത്. ദശലക്ഷക്കണക്കിനു പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ശതകോടിക്കണക്കിനു നക്ഷത്രപംക്തികൾ അവിടെ നിലകൊള്ളുന്നത് നമ്മുടെ ജീവിതവും ഭാവിയും നിർണ്ണയിക്കാൻമാത്രമാണെന്ന് സങ്കൽപ്പിക്കുന്നത് മൗഢ്യമാണ്! അവയ്ക്ക് വളരെ മഹത്തരമായ ചിലതു നമ്മെ അറിയിക്കാനുണ്ടായിരിക്കണം.
ഒരു വ്യക്തമായ സന്ദേശം
നാം കണ്ടുകഴിഞ്ഞതുപോലെ, ചിലർ നക്ഷത്രങ്ങളിൽ നിഗൂഢ അടയാളങ്ങളും ശകുനങ്ങളും കാണാൻ ശ്രമിക്കുന്നുവെങ്കിലും നക്ഷത്രനിബിഡമായ ആകാശങ്ങളുടെ പ്രതാപം ഒട്ടുവളരെയാളുകൾക്ക് അവരിൽ ഭയാദരവുകളുടെ അത്യഗാധവികാരങ്ങളുണർത്തുന്ന സമുന്നതവും വിശിഷ്ടവുമായ ഒരു സന്ദേശം പ്രദാനംചെയ്യുന്നു. “പ്രപഞ്ചത്തിലെ പ്രകൃതിനിയമങ്ങൾ ആരെങ്കിലും ഏർപ്പെടുത്തിയവയായിരിക്കത്തക്കവണ്ണം അത്ര കൃത്യമാണ്” എന്ന് ശൂന്യാകാശ ശാസ്ത്രജ്ഞനായ വേണർ വോൺ ബ്രാൺ പ്രസ്താവിക്കുകയുണ്ടായി. അതുപോലെതന്നെ, “നമുക്കു ചുററുമുള്ള മുഴു പ്രപഞ്ചത്തിന്റെയും ക്രമത്തെ സംബന്ധിച്ചിടത്തോളം” ഏക ന്യായയുക്തമായ നിഗമനം “ഏതോ ശക്തി ഇതിനെയെല്ലാം ഭ്രമണപഥത്തിലാക്കി അവിടെ നിലനിർത്തുന്നുവെന്നതാണ്” എന്ന് മുൻ ശൂന്യകാശയാത്രികനായ ജോൺ ഗ്ലെൻ പ്രസ്താവിച്ചു.
എന്നിരുന്നാലും, ഇതു ഗ്രഹിക്കുന്നതിന്, ഉന്നതപരിശീലനം ലഭിച്ചിരിക്കുന്ന വിദഗ്ദ്ധനോ ഒരു വലിയ ശാസ്ത്രജ്ഞനോ ആയിരിക്കേണ്ടയാവശ്യമില്ല. ദൃഷ്ടാന്തത്തിന്, ഒരു പുരാതന എബ്രായ രാജാവ് അങ്ങനെയുള്ള ഒരു കാഴ്ചയാൽ വികാരാധീനനായി പിൻവരുന്നപ്രകാരം കാവ്യാത്മകമായി ഉച്ചരിച്ചു, അത് നമ്മിൽ മിക്കവരുടെയും സ്വാഭാവികപ്രതികരണമാണെന്ന് സംഗ്രഹിച്ചു പറയാവുന്നതാണ്. അവൻ ഇങ്ങനെ എഴുതി:
“ആകാശങ്ങൾ ദൈവത്തിന്റെ മഹത്വത്തെ പ്രഖ്യാപിക്കുന്നു;
അവന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചു ആകാശവിരിവു പറയുന്നു.
ഒരു ദിവസത്തിനു പിന്നാലെ മറെറാരു ദിവസം സംസാരം പൊഴിയാനിടയാക്കുന്നു,
ഒരു രാത്രിക്കു പിന്നാലെ മറെറാരു രാത്രി പരിജ്ഞാനം പ്രകടമാക്കുന്നു.
സംസാരമില്ല, വാക്കുകളില്ല;
അവയുടെ ഭാഗത്തെ ശബ്ദം കേൾക്കുന്നില്ല.
അവയുടെ അളവുനൂൽ ഭൂമിയുടെ എല്ലാ ഭാഗത്തേക്കും പോയിരിക്കുന്നു,
ഫലപുഷ്ടിയുള്ള ദേശത്തിന്റെ അറുതിയോളം അവയുടെ ഭാഷണങ്ങളും.”—സങ്കീർത്തനം 19:1-4.
ഒരു വിശിഷ്ടചിത്രം ഒരു കലാകാരന്റെ പ്രതിഭയെയും വൈദഗ്ദ്ധ്യത്തെയുംകുറിച്ചു ചിലതു നമ്മെ അറിയിക്കുന്നതുപോലെ, നക്ഷത്രങ്ങൾ സംസാരവും വാക്കുകളും ശബ്ദവും കൂടാതെതന്നെ നമ്മോടു ചിലതു അറിയിക്കുന്നു. അവയ്ക്ക് മന്ത്രശക്തിയുണ്ടെന്നോ ഏതെങ്കിലും വിധത്തിൽ അവ നമ്മുടെ വ്യക്തിത്വത്തേയോ ഭാവിയേയോ സ്വാധീനിക്കുന്നുണ്ടെന്നോ അല്ല. എന്നാൽ, നക്ഷത്രനിബിഡമായ ആകാശങ്ങളിൽ പ്രകടമായിരിക്കുന്ന ക്രമവും രൂപകല്പനയും അവ ബുദ്ധിയും ശക്തിയുമുള്ള ഒരു സംവിധായകന്റെയും സ്രഷ്ടാവിന്റെയും കൈവേലയാണെന്നുള്ള വ്യക്തമായ സന്ദേശം നൽകുന്നു. അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചതുപോലെ: “അവന്റെ അദൃശ്യഗുണങ്ങൾ ലോകസൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവ, അവന്റെ നിത്യശക്തിയും ദൈവത്വവുംതന്നെ, നിർമ്മിതവസ്തുക്കൾമുഖേന ഗ്രഹിക്കപ്പെടുന്നു.”—റോമർ 1:20.
സകലത്തെയും ഭരിക്കുന്ന ശക്തി
ഭൗതികപ്രപഞ്ചത്തെക്കുറിച്ചു പഠിക്കുന്നതിനാൽ, സകല വസ്തുവും—ഏററവും വലിയ താരാപംക്തികൾ മുതൽ ഏററവും ചെറിയ ആററങ്ങൾ വരെ—ചില ഭൗതികനിയമങ്ങളാൽ ഭരിക്കപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കുന്നു. നാം നന്നായി നിർവചിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളാലും തത്വങ്ങളാലും ഭരിക്കപ്പെടുന്ന ആ പ്രപഞ്ചത്തിന്റെ ഭാഗമാണ്, അവയിൽ ധാർമ്മികതയുടെ നിയമങ്ങളും തത്വങ്ങളും ഉൾപ്പെടുന്നു.
പതിനെട്ടാം നൂററാണ്ടിലെ ജർമ്മൻ തത്വചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും യുക്തിയെയും ന്യായത്തെയുംകുറിച്ചുള്ള തന്റെ ഉപന്യാസങ്ങൾസംബന്ധിച്ച് നന്നായി ആദരിക്കപ്പെടുന്നയാളുമായ ഇമ്മാനുവേൽ കാൻറ് ഇങ്ങനെ എഴുതി: “നാം എത്ര കൂടെക്കൂടെയും സ്ഥിരമായും അവയെക്കുറിച്ചു ചിന്തിക്കുന്നുവോ അത്രക്ക് രണ്ടു കാര്യങ്ങൾ എന്നും നവവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ആദരവും ഭയവും കൊണ്ട് മനസ്സിനെ നിറക്കുന്നു: നക്ഷത്രനിബിഡമായ മീതെയുള്ള ആകാശവും ആന്തരികമായ ധാർമ്മികനിയമവുംതന്നെ.” ഭൗതികമായ “നക്ഷത്രനിബഡമായ ആകാശങ്ങളെ” ഭരിക്കുന്ന നിയമങ്ങളെ സൃഷ്ടിച്ചവൻതന്നെയാണ് “ആന്തരികമായ ധാർമ്മിക നിയമത്തെയും” സൃഷ്ടിച്ചവൻ. (റോമർ 2:14, 15) ദൈവവചനത്താൽ പോഷിപ്പിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യുന്ന ആ “ആന്തരികനിയമ”ത്തിന് നമ്മുടെ സന്തുഷ്ടിയുടെയും ജീവിതോദ്ദേശ്യത്തിന്റെയും അന്വേഷണത്തിൽ നമ്മെ വഴിനടത്താൻ കഴിയും. ഈ കാരണത്താലാണ് നക്ഷത്രനിബിഡമായ ആകാശങ്ങളെ നിരീക്ഷിച്ചതിനാൽ ദൈവമഹത്വത്തെ സമ്മതിച്ചുപറയാൻ പ്രേരിതനായ ശേഷം സങ്കീർത്തനക്കാരൻ തുടർന്ന് ഇങ്ങനെ പറഞ്ഞത്:
“യഹോവയുടെ നിയമം പൂർണ്ണമാകുന്നു, ദേഹിയെ തിരികെ കൊണ്ടുവരുന്നതുതന്നെ.
യഹോവയുടെ ഓർമ്മിപ്പിക്കലുകൾ വിശ്വാസയോഗ്യമാകുന്നു, അനുഭവപരിചയമില്ലാത്തവനെ ജ്ഞാനിയാക്കുന്നതുതന്നെ.
യഹോവയിൽനിന്നുള്ള ആജ്ഞകൾ നേരുള്ളവയാകുന്നു, ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുതന്നെ;
യഹോവയുടെ കല്പന ശുദ്ധമാകുന്നു, കണ്ണുകളെ പ്രകാശിപ്പിക്കുന്നതുതന്നെ.
യഹോവാഭയം നിർമ്മലമാകുന്നു, എന്നേക്കും നിൽക്കുന്നതുതന്നെ.
യഹോവയുടെ ന്യായത്തീർപ്പുകൾ സത്യമാകുന്നു; അവ മുഴുവനായി നീതിയുള്ളവയെന്നു തെളിഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 19:7-9
അതുകൊണ്ട് നക്ഷത്രങ്ങൾ നമ്മോട് എന്തറിയിക്കുന്നു? സ്രഷ്ടാവു തന്റെ ജ്ഞാനത്തിലും സ്നേഹത്തിലും പ്രപഞ്ചത്തിന്റെ സങ്കീർണ്ണപ്രവർത്തനങ്ങളെ ഭരിക്കുന്ന ഭൗതികനിയമങ്ങൾ മാത്രമല്ല, സത്വരഗതിവേഗമുള്ളതും മാറിക്കൊണ്ടിരിക്കുന്നതുമായ നമ്മുടെ സമുദായത്തിൽ നമ്മെ നയിക്കാൻ ധാർമ്മികനിയമങ്ങളും പ്രദാനംചെയ്തിരിക്കുന്നുവെന്നുതന്നെ. ഇല്ല, ഒരു ചതുരംഗപ്പലകയിലെ കരുക്കളെപ്പോലെയല്ല ദൈവം നമ്മെ നിർമ്മിച്ചത്, അവയുടെ സ്വഭാവം മുൻനിർണ്ണയിക്കപ്പെട്ടിരിക്കുന്നു, അവയുടെ “നീക്കങ്ങൾ” കളികാരനാൽ നിയന്ത്രിക്കപ്പെടുന്നു. പകരം, അവൻ ജ്ഞാനപൂർവം പ്രവർത്തിക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന ധാർമ്മികനിയമങ്ങൾ പ്രദാനംചെയ്തിരിക്കുന്നു, എന്നാൽ സ്വതന്ത്ര ധാർമ്മികകാര്യസ്ഥൻമാർ എന്ന നിലയിൽ ആ ദൈവദത്തമായ ധാർമ്മികനിയമങ്ങളെ സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യേണ്ടത് നാമാണ്.
ഈ നിയമങ്ങൾ എവിടെ കണ്ടെത്തപ്പെടുന്നു? അപ്പോസ്തലനായ പൗലോസ് നമ്മോടു പറയുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണംകൊടുക്കുന്നതിനും പ്രയോജനകരവുമാകുന്നു, ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും തികച്ചും യോഗ്യനായി പൂർണ്ണസജ്ജനാകേണ്ടതിനുതന്നെ.” (2 തിമൊഥെയോസ് 3:16, 17) അതെ, ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിളിൽ സകല മാനുഷപ്രവർത്തനത്തിനുംവേണ്ടിയുള്ള പ്രയോജനകരമായ മാർഗ്ഗരേഖകളടങ്ങിയിരിക്കുന്നു. ഈ കാരണത്താൽ ബൈബിൾ നമ്മെ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “നിന്റെ മുഴുഹൃദയത്തോടെ യഹോവയെ ആശ്രയിക്കുക, നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്. നിന്റെ സകല വഴികളിലും അവനെ പരിഗണിക്കുക, അവൻതന്നെ നിന്റെ പാതകളെ നേരെയാക്കും. നിന്റെ സ്വന്തം ദൃഷ്ടികളിൽ ജ്ഞാനിയായിത്തീരരുത്. യഹോവയെ ഭയപ്പെട്ട് വഷളത്വം വിട്ടുമാറുക.”—സദൃശവാക്യങ്ങൾ 3:5-7. (g89 11⁄22)