എങ്ങനെ പ്രാർഥിക്കണം—കർത്താവിന്റെ പ്രാർഥന മാത്രമാണോ ഏക വഴി?
ബൈബിളിന്റെ ഉത്തരം
നമ്മൾ എങ്ങനെ പ്രാർഥിക്കണം, എന്ത് പ്രാർഥിക്കണം എന്നു മനസ്സിലാക്കാൻ കർത്താവിന്റെ പ്രാർഥന സഹായിക്കുന്നു. ‘കർത്താവേ, പ്രാർഥിക്കാൻ ഞങ്ങളെയും പഠിപ്പിക്കേണമേ’ എന്ന് ശിഷ്യന്മാർ ആവശ്യപ്പെട്ടപ്പോഴാണ് യേശു ഈ മാതൃകാപ്രാർഥന പറഞ്ഞുകൊടുത്തത്. (ലൂക്കോസ് 11:1) എങ്കിലും ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്തൃപ്രാർഥന’ എന്നോ ആളുകൾ വിളിക്കുന്ന ഈ പ്രാർഥന മാത്രമല്ല ദൈവം അംഗീകരിക്കുന്നത്.a പകരം, ഇതിലൂടെ ദൈവം കേൾക്കുന്ന പ്രാർഥനയുടെ ഒരു മാതൃക കാണിച്ചുതരുകയായിരുന്നു യേശു.
ഈ ലേഖനത്തിൽ
കർത്താവിന്റെ പ്രാർഥനയിൽ എന്താണ് പറയുന്നത്?
മത്തായി 6:9-13 വരെയുള്ള വാക്യങ്ങളിലാണു കർത്താവിന്റെ പ്രാർഥന രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ബൈബിൾഭാഷാന്തരങ്ങളിലും ഒരേ വാക്കുകൾ അല്ല ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. രണ്ട് ഉദാഹരണങ്ങൾ ഇതാണ്.
പുതിയ ലോക ഭാഷാന്തരം: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ. ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.”
പി.ഒ.സി. ബൈബിൾ: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ.”b
കർത്താവിന്റെ പ്രാർഥനയുടെ അർഥം എന്താണ്?
യേശുവിന്റെ പഠിപ്പിക്കലുകൾ ബൈബിളിന്റെ മറ്റു ഭാഗങ്ങളുമായി എപ്പോഴും യോജിപ്പിലാണ്. അതുകൊണ്ട് കർത്താവിന്റെ പ്രാർഥനയുടെ അർഥം മനസ്സിലാക്കാൻ മറ്റു തിരുവെഴുത്തുകൾ നമ്മളെ സഹായിക്കും.
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ”
ദൈവത്തെ “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കുന്നത് ഉചിതമാണ്. കാരണം ദൈവമാണ് നമ്മളെ സൃഷ്ടിച്ചത്, നമുക്ക് ജീവൻ തന്നത്.—യശയ്യ 64:8.
“അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”
യഹോവ എന്ന ദൈവത്തിന്റെ പേര് ആദരിക്കപ്പെടേണ്ടതും അതിവിശുദ്ധമായി കാണേണ്ടതും ആണ്. ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടും ദൈവത്തിന്റെ ഉദ്ദേശ്യം മറ്റുള്ളവരെ അറിയിച്ചുകൊണ്ടും ആ പേര് പരിശുദ്ധമാക്കുന്നതിൽ മനുഷ്യർക്കും ഒരു പങ്കുണ്ട്.—സങ്കീർത്തനം 83:18; യശയ്യ 6:3.
“അങ്ങയുടെ രാജ്യം വരേണമേ”
ദൈവരാജ്യം യേശു രാജാവായിരിക്കുന്ന സ്വർഗത്തിലെ ഒരു ഗവൺമെന്റാണ്. ഈ ഗവൺമെന്റ് മുഴുഭൂമിയുടെയും ഭരണം ഏറ്റെടുക്കുന്നതിനുവേണ്ടി പ്രാർഥിക്കാൻ യേശു നമ്മളെ പഠിപ്പിച്ചു.—ദാനിയേൽ 2:44; വെളിപാട് 11:15.
“അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ”
സ്വർഗത്തിൽ ദുഷ്ടതയോ മരണമോ ഇല്ലാത്തതുപോലെ ഭൂമിയിലും മനുഷ്യർ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും എന്നും ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.—സങ്കീർത്തനം 37:11, 29.
“ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ”
ജീവിക്കാൻ ആവശ്യമായ ഭക്ഷണത്തിനും മറ്റു അവശ്യകാര്യങ്ങൾക്കും ആയി സ്രഷ്ടാവിൽ ആശ്രയിക്കണമെന്ന് ഇത് നമ്മളെ ഓർമിപ്പിക്കുന്നു.—പ്രവൃത്തികൾ 17:24, 25.
“ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ”
ഈ ഭാഗത്ത് ‘കടം’ എന്ന് പറഞ്ഞിരിക്കുന്ന പദം കുറിക്കുന്നത് പാപത്തെയാണ്. (ലൂക്കോസ് 11:4) എല്ലാ മനുഷ്യരും പാപികളാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ക്ഷമ കിട്ടേണ്ടതും ഉണ്ട്. പക്ഷേ ദൈവത്തിന്റെ ക്ഷമ നമുക്കു ലഭിക്കണമെങ്കിൽ നമ്മളോടു തെറ്റു ചെയ്യുന്നവരോട് നമ്മളും ക്ഷമിക്കണം.—മത്തായി 6:14, 15.
“പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ”
ദൈവമായ യഹോവ ഒരിക്കലും തെറ്റു ചെയ്യാൻ നമ്മളെ പ്രലോഭിപ്പിക്കുന്നില്ല. (യാക്കോബ് 1:13) എന്നാൽ ‘ദുഷ്ടൻ,’ അതായത് പിശാചായ സാത്താൻ ആണ് നമ്മളെ പ്രലോഭിപ്പിക്കുന്നത്. അവനെ “പ്രലോഭകൻ” എന്നും വിളിച്ചിട്ടുണ്ട്. (1 യോഹന്നാൻ 5:19; മത്തായി 4:1-4) അങ്ങനെയെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന അപേക്ഷയുടെ അർഥം എന്താണ്? ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ പ്രലോഭനം ഉണ്ടായാലും അതിന് അനുവദിക്കരുതേ എന്നു നമ്മൾ ദൈവത്തോടു പ്രാർഥിക്കുകയാണ്.
കർത്താവിന്റെ പ്രാർഥന അങ്ങനെതന്നെ ചൊല്ലുന്നതാണോ പ്രാർഥിക്കാനുള്ള ഏക വഴി?
കർത്താവിന്റെ പ്രാർഥന യേശു തന്നത് ഒരു മാതൃകയായിട്ടാണ്. അല്ലാതെ അതിലെ വാക്കുകൾ അങ്ങനെതന്നെ ചൊല്ലാനല്ല. ഈ പ്രാർഥന പറഞ്ഞുകൊടുക്കുന്നതിന് തൊട്ടു മുമ്പ് യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “പ്രാർഥിക്കുമ്പോൾ, . . . ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്.” (മത്തായി 6:7) ഇനി, യേശു മറ്റൊരു അവസരത്തിൽ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ ഇവിടെ ഉപയോഗിച്ച അതേ വാക്കുകൾ അല്ല ഉപയോഗിച്ചത്.—ലൂക്കോസ് 11:2-4.
പ്രാർഥിക്കാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ ഉള്ളിലുള്ളതെല്ലാം നമ്മുടെതന്നെ വാക്കുകളിൽ ദൈവത്തോടു പറയുന്നതാണ്.—സങ്കീർത്തനം 62:8.
നമ്മൾ എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
എങ്ങനെയുള്ള പ്രാർഥനകളാണു ദൈവം കേൾക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ് കർത്താവിന്റെ പ്രാർഥന. പ്രാർഥനയെക്കുറിച്ചുള്ള മറ്റു ബൈബിൾവാക്യങ്ങൾ ഇതിനോടു യോജിക്കുന്നത് എങ്ങനെയെന്നു നോക്കാം.
പ്രാർഥിക്കേണ്ടത് ദൈവത്തോടു മാത്രമാണ്
തിരുവെഴുത്ത്: “കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.
അർഥം: നമ്മൾ പ്രാർഥിക്കേണ്ടത് ദൈവത്തോടാണ്. അല്ലാതെ യേശുവിനോടോ മറിയയോടോ മറ്റു വിശുദ്ധന്മാരോടോ അല്ല. കർത്താവിന്റെ പ്രാർഥന തുടങ്ങുന്നത് “ഞങ്ങളുടെ പിതാവേ” എന്നു വിളിച്ചുകൊണ്ടാണ്. ദൈവമായ യഹോവയോടു മാത്രമേ പ്രാർഥിക്കാവൂ എന്ന് അതിൽനിന്ന് മനസ്സിലാക്കാം.
ദൈവേഷ്ടവുമായി യോജിക്കുന്ന കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുക
തിരുവെഴുത്ത്: “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.”—1 യോഹന്നാൻ 5:14.
അർഥം: ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലുള്ള എന്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാം. “അങ്ങയുടെ ഇഷ്ടം . . . നടക്കേണമേ” എന്ന കാര്യം കർത്താവിന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തിയതിലൂടെ ദൈവത്തിന്റെ ഇഷ്ടം എത്ര പ്രധാനമാണെന്ന് യേശു പഠിപ്പിക്കുകയായിരുന്നു. നമ്മൾ ബൈബിൾ പഠിക്കുന്നെങ്കിൽ ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ആ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാം.
നമ്മുടെതന്നെ ഉത്കണ്ഠകളെക്കുറിച്ച് പ്രാർഥിക്കുക
തിരുവെഴുത്ത്: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.
അർഥം: ദൈവം നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തയുള്ള ആളാണ്. കർത്താവിന്റെ പ്രാർഥനയിൽ നമ്മുടെതന്നെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പല അപേക്ഷകളും യേശു ഉൾപ്പെടുത്തി. അതുപോലെ നമുക്കും അന്നന്നത്തെ ആവശ്യങ്ങൾക്കുവേണ്ടിയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോഴുള്ള സഹായത്തിനുവേണ്ടിയും പ്രശ്നങ്ങളുണ്ടാകുമ്പോൾ പിന്തുണ കിട്ടുന്നതിനുവേണ്ടിയും പാപങ്ങൾക്കായുള്ള ക്ഷമയ്ക്കുവേണ്ടിയും ദൈവത്തോടു പ്രാർഥിക്കാനാകും.c
a ഉദാഹരണത്തിന് യേശുവും ശിഷ്യന്മാരും പ്രാർഥിച്ച മറ്റു സന്ദർഭങ്ങളിൽ മാതൃകാപ്രാർഥനയിലെ അതേ വാക്കുകളോ വിഷയങ്ങളോ അല്ല പറഞ്ഞത്.—ലൂക്കോസ് 23:34; ഫിലിപ്പിയർ 1:9.
b ചില ബൈബിൾഭാഷാന്തരങ്ങളിൽ കർത്താവിന്റെ പ്രാർഥന അവസാനിക്കുന്നത് ദൈവത്തെ സ്തുതിക്കുന്ന ഇതുപോലുള്ള വാക്കുകളോടെയാണ്: “എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമേൻ.” എന്നിരുന്നാലും ദ ജെറോം ബിബ്ലിക്കൽ കമന്ററി ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏറ്റവും ആശ്രയയോഗ്യമായ [കൈയെഴുത്തുപ്രതികളിൽ] . . . ആ സ്തുതിവചനങ്ങളില്ല.”
c തനിക്കു ദൈവത്തിന്റെ ക്ഷമ ആവശ്യമാണെന്നു ചിന്തിക്കുന്ന ഒരാൾക്ക് കുറ്റബോധം കാരണം പ്രാർഥിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. പക്ഷേ, യഹോവ അവരോടു സ്നേഹത്തോടെ പറയുന്നത് ഇങ്ങനെയാണ്: “നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം.” (യശയ്യ 1:18) തന്നോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്ന ആരെയും ദൈവം ഉപേക്ഷിച്ചുകളയില്ല.