ദാനിയേൽ
9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+— 2 അതെ, അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒന്നാം വർഷം ദാനിയേൽ എന്ന ഞാൻ, യരുശലേം എത്ര വർഷം വിജനമായിക്കിടക്കുമെന്നു+ ഗ്രന്ഥങ്ങളിൽനിന്ന്* മനസ്സിലാക്കിയെടുത്തു. യിരെമ്യ പ്രവാചകനോടുള്ള യഹോവയുടെ വചനത്തിൽ സൂചിപ്പിച്ചിരുന്ന ആ കാലഘട്ടം 70 വർഷമായിരിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു.+ 3 അതുകൊണ്ട്, ഞാൻ സത്യദൈവമായ യഹോവയിലേക്ക് എന്റെ മുഖം തിരിച്ചു; വിലാപവസ്ത്രം ധരിച്ച് ചാരത്തിലിരുന്ന് ഉപവസിച്ച+ ഞാൻ പ്രാർഥനയിൽ ദൈവത്തോടു കെഞ്ചിയപേക്ഷിച്ചു. 4 എന്റെ ദൈവമായ യഹോവയോടു കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ഞാൻ ഇങ്ങനെ പ്രാർഥിച്ചു:
“സത്യദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകൾ അനുസരിക്കുന്നവരോട്+ അചഞ്ചലസ്നേഹം+ കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമേ, 5 ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; ഞങ്ങൾ തെറ്റു ചെയ്തു, മഹാപാതകം പ്രവർത്തിച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരിച്ച് അങ്ങയുടെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു. 6 അങ്ങയുടെ നാമത്തിൽ ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പൂർവികരോടും ദേശത്തെ സർവജനങ്ങളോടും സംസാരിച്ച അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കു ഞങ്ങൾ ശ്രദ്ധ കൊടുത്തില്ല.+ 7 യഹോവേ, നീതി അങ്ങയുടേത്. ഞങ്ങൾക്കുള്ളതോ, ഇന്നു കാണുന്നതുപോലെ നാണക്കേടും. അതെ, അങ്ങയോട് അവിശ്വസ്തത കാണിച്ചതുകൊണ്ട് അടുത്തും അകലെയും ഉള്ള പല ദേശങ്ങളിലേക്ക് അങ്ങ് ചിതറിച്ചുകളഞ്ഞ ഇസ്രായേൽ മുഴുവനും യരുശലേംനിവാസികളും യഹൂദാപുരുഷന്മാരും ലജ്ജിതരായിരിക്കുന്നു.+
8 “യഹോവേ, ഞങ്ങൾ ലജ്ജിതരാകേണ്ടവർതന്നെയാണ്; ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പൂർവികരും നാണംകെടണം. കാരണം, ഞങ്ങൾ അങ്ങയ്ക്കെതിരെ പാപം ചെയ്തല്ലോ. 9 ഞങ്ങളുടെ ദൈവമായ യഹോവ കരുണയുള്ളവനും ക്ഷമിക്കുന്നവനും ആണ്.+ ഞങ്ങൾ പക്ഷേ ദൈവത്തെ ധിക്കരിച്ചു.+ 10 തന്റെ ദാസരായ പ്രവാചകന്മാരിലൂടെ ദൈവം ഞങ്ങളുടെ മുന്നിൽ വെച്ച നിയമങ്ങൾ ഞങ്ങൾ അനുസരിച്ചില്ല. അങ്ങനെ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.+ 11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച് അങ്ങയുടെ വാക്കു കേട്ടനുസരിക്കാതെ വഴിതെറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട്, സത്യദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്ന ശാപവും അതിൽ ആണയിട്ട് പറഞ്ഞ കാര്യവും അങ്ങ് ഞങ്ങളുടെ മേൽ ചൊരിഞ്ഞു;+ ഞങ്ങൾ ദൈവത്തിന് എതിരെ പാപം ചെയ്തല്ലോ. 12 ദൈവം ഞങ്ങളുടെ മേൽ മഹാവിപത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെതിരെയും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞതെല്ലാം ദൈവം നിറവേറ്റി.+ യരുശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻകീഴെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ല.+ 13 മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ വിപത്തുകളെല്ലാം ഞങ്ങളുടെ മേൽ വന്നു.+ എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രീതിക്കായി യാചിച്ചില്ല; അതെ, ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ വിട്ടകലുകയോ+ ദിവ്യസത്യത്തെപ്പറ്റി* ഉൾക്കാഴ്ചയുള്ളവരെന്നു തെളിയിക്കുകയോ ചെയ്തില്ല.
14 “അതുകൊണ്ട് അതൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്ന യഹോവ ഒടുവിൽ ഞങ്ങളുടെ മേൽ വിപത്തു വരുത്തി. ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്തിട്ടുള്ള ഏതു കാര്യത്തിലും നീതിമാനാണല്ലോ. എന്നിട്ടും ഞങ്ങൾ ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല.+
15 “ബലമുള്ള കൈകൊണ്ട് ഈജിപ്ത് ദേശത്തുനിന്ന് തന്റെ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന്+ തനിക്കുവേണ്ടി ഇന്നും നിലനിൽക്കുന്ന ഒരു പേര് നേടിയ ഞങ്ങളുടെ ദൈവമായ യഹോവേ,+ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; മഹാപാതകമാണു ഞങ്ങൾ ചെയ്തത്. 16 യഹോവേ, അങ്ങയുടെ നീതിയുള്ള സകല പ്രവൃത്തികൾക്കും ചേർച്ചയിൽ,+ അങ്ങയുടെ കോപവും ക്രോധവും യരുശലേം നഗരത്തെ, അങ്ങയുടെ വിശുദ്ധപർവതത്തെ, വിട്ടുനീങ്ങാൻ ദയവായി ഇടയാക്കേണമേ. കാരണം, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പൂർവികരുടെ തെറ്റുകളും നിമിത്തം യരുശലേമും അങ്ങയുടെ ജനവും ചുറ്റുമുള്ള സകലർക്കും ഒരു നിന്ദാവിഷയമാണ്.+ 17 അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെ പ്രാർഥനയും യാചനകളും ഇപ്പോൾ ശ്രദ്ധിക്കേണമേ. യഹോവേ, നശിച്ചുകിടക്കുന്ന+ അങ്ങയുടെ വിശുദ്ധമന്ദിരത്തിന്മേൽ അങ്ങയെ കരുതി തിരുമുഖം പ്രകാശിപ്പിക്കേണമേ.+ 18 എന്റെ ദൈവമേ, ചെവി ചായിച്ച് കേൾക്കേണമേ! കണ്ണുകൾ തുറന്ന് ഞങ്ങളുടെ നഗരം നശിച്ചുകിടക്കുന്നതു കാണേണമേ, അങ്ങയുടെ പേരിൽ അറിയപ്പെടുന്ന നഗരത്തെ നോക്കേണമേ. ഞങ്ങൾ അങ്ങയോടു യാചിക്കുന്നതു ഞങ്ങളുടെ നീതിപ്രവൃത്തികളുടെ പേരിലല്ല, അങ്ങയുടെ മഹാകരുണ നിമിത്തമാണ്.+ 19 യഹോവേ, കേൾക്കേണമേ. യഹോവേ, ക്ഷമിക്കേണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച് ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ട് എന്റെ ദൈവമേ, അങ്ങയെ കരുതി താമസിക്കരുതേ!”+
20 ഞാൻ ഇങ്ങനെ സംസാരിക്കുകയും പ്രാർഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങൾ ഏറ്റുപറയുകയും ദൈവത്തിന്റെ വിശുദ്ധപർവതത്തോടു+ പ്രീതി കാണിക്കണമെന്ന് എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. 21 അതെ, ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, നേരത്തേ ഞാൻ ദർശനത്തിൽ കണ്ട+ ഗബ്രിയേൽ എന്നയാൾ+ എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ ആകെ അവശനായിരുന്നു; വൈകുന്നേരത്തെ കാഴ്ച അർപ്പിക്കുന്ന സമയമായിരുന്നു അത്. 22 എനിക്കു ഗ്രഹിക്കാനുള്ള ശക്തി തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ദാനിയേലേ, നിനക്ക് ഉൾക്കാഴ്ചയും ഗ്രഹണശക്തിയും തരാനാണു ഞാൻ ഇപ്പോൾ വന്നത്. 23 നീ യാചിച്ചുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നത്. കാരണം, നീ വളരെ പ്രിയപ്പെട്ടവനാണ്.*+ അതുകൊണ്ട്, ഞാൻ പറയുന്നതു ശ്രദ്ധിച്ച് ദർശനം മനസ്സിലാക്കിക്കൊള്ളുക.
24 “ലംഘനം അവസാനിപ്പിക്കാനും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനും+ നിത്യനീതി കൊണ്ടുവരാനും+ ദിവ്യദർശനവും പ്രവചനവും* മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ* അഭിഷേകം ചെയ്യാനും വേണ്ടി നിന്റെ ജനത്തിനും നിന്റെ വിശുദ്ധനഗരത്തിനും 70 ആഴ്ച* നിശ്ചയിച്ചിരിക്കുന്നു.+ 25 യരുശലേം പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കാൻ+ കല്പന പുറപ്പെടുന്നതുമുതൽ നേതാവായ+ മിശിഹ* വരെ+ 7 ആഴ്ചയുണ്ടായിരിക്കും, കൂടാതെ 62 ആഴ്ചയും.+ നീ അത് അറിയണം, അതു മനസ്സിലാക്കണം. പൊതുസ്ഥലവും* കിടങ്ങും സഹിതം അവളെ പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കും. എന്നാൽ, കഷ്ടത നിറഞ്ഞ സമയത്തായിരിക്കും അതു സംഭവിക്കുക.
26 “62 ആഴ്ചയ്ക്കു ശേഷം മിശിഹയെ വധിക്കും;+ അവന്റേതായി ഒന്നും ശേഷിക്കില്ല.+
“ഒരു നേതാവ് വരുന്നു. അവന്റെ ആൾക്കാർ നഗരവും വിശുദ്ധസ്ഥലവും നശിപ്പിക്കും.+ അതിന്റെ അവസാനം പ്രളയത്താലായിരിക്കും. അവസാനംവരെ യുദ്ധമുണ്ടാകും. നാശമാണ് അതിനു നിശ്ചയിച്ചിരിക്കുന്നത്.+
27 “അവൻ അനേകർക്കുവേണ്ടി ഒരു ആഴ്ചത്തേക്ക് ഉടമ്പടി പ്രാബല്യത്തിൽ നിറുത്തും. ആഴ്ച പകുതിയാകുമ്പോൾ, ബലിയും കാഴ്ചയും അർപ്പിക്കുന്നതു നിന്നുപോകാൻ അവൻ ഇടയാക്കും.+
“നാശം വിതയ്ക്കുന്നവൻ മ്ലേച്ഛവസ്തുക്കളുടെ ചിറകിലേറി വരും.+ നശിച്ചുകിടക്കുന്നതു സമ്പൂർണമായി നശിക്കുന്നതുവരെ, നിശ്ചയിച്ചുവെച്ചിരിക്കുന്നത് അതിന്മേൽ ചൊരിയും.”