യഹോവയിലുള്ള നിങ്ങളുടെ ആശ്രയം ബലിഷ്ഠമാക്കുക
ഹത്യാപരമായ ഒരു ഗൂഢാലോചന നടക്കുകയാണ്. ദേശത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം കൂടിയാലോചിച്ച് ഒരു പുതിയ നിയമം ഉണ്ടാക്കാനുള്ള നിർദേശവുമായി മുന്നോട്ടു വന്നിരിക്കുന്നു. ഭരണകൂടത്തിന്റെ അനുമതിയില്ലാത്ത ഏതുതരം ആരാധനയിലും ഏർപ്പെടുന്നത് വധശിക്ഷാർഹമായ ഒരു കുറ്റമാക്കിത്തീർക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ഇത് പരിചിതമായ ഒന്നായി നിങ്ങൾക്കു തോന്നുന്നുവോ? മനുഷ്യ ചരിത്രത്തിൽ എക്കാലത്തും നിയമംവഴി ദുരിതമുണ്ടാക്കിയ ആളുകൾ ഉണ്ടായിരുന്നു. ദാനീയേൽ പ്രവാചകന്റെ നാളുകളിൽ പേർഷ്യൻ സാമ്രാജ്യത്തിലാണ് മേൽപ്പറഞ്ഞ സംഭവം നടന്നത്. അവിടത്തെ രാജാവായ ദാര്യാവേശ് പാസാക്കിയ നിയമം ഇതായിരുന്നു: “മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും.”—ദാനീയേൽ 6:7-9.
ഈ മരണഭീഷണിയിൻ കീഴിൽ ദാനീയേൽ എന്തു ചെയ്യും? അവൻ തന്റെ ദൈവമായ യഹോവയെ തുടർന്നും ആശ്രയിക്കുമോ, അതോ വിട്ടുവീഴ്ച ചെയ്തുകൊണ്ട് രാജാവ് കൽപ്പിച്ചതുപോലെ പ്രവർത്തിക്കുമോ? ബൈബിൾ വൃത്താന്തം നമ്മോട് ഇങ്ങനെ പറയുന്നു: “രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,—അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു—താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രംചെയ്തു.” (ദാനീയേൽ 6:10) തുടർന്നുണ്ടായ സംഗതികൾ പരക്കെ അറിയാവുന്ന കാര്യമാണ്. തന്റെ വിശ്വാസത്തെ പ്രതി ദാനീയേൽ സിംഹക്കുഴിയിൽ എറിയപ്പെട്ടു. എന്നാൽ യഹോവ ‘സിംഹങ്ങളുടെ വായ് അടെക്കു’കയും തന്റെ വിശ്വസ്ത ദാസനെ രക്ഷിക്കുകയും ചെയ്തു.—എബ്രായർ 11:33; ദാനീയേൽ 6:16-22.
ആത്മപരിശോധനയ്ക്കുള്ള സമയം
ഇന്ന് യഹോവയുടെ ദാസന്മാർ ജീവിക്കുന്നത് വളരെയധികം പ്രതികൂല അവസ്ഥകൾ നിറഞ്ഞ ഒരു ലോകത്തിലാണ്. തങ്ങളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിന് നേരെ അവർക്ക് അനേകം ഭീഷണികളുണ്ട്. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ നടമാടിയിരിക്കുന്ന വർഗീയ വിദ്വേഷത്തിന്റെ ഫലമായി സാക്ഷികളായ പലരും വധിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളിൽ യഹോവയുടെ ദാസന്മാർക്ക് ഭക്ഷ്യക്ഷാമം, സാമ്പത്തിക പരാധീനത, പ്രകൃതി വിപത്തുകൾ, ഗുരുതരമായ രോഗം, ജീവനു ഭീഷണി ആയിരിക്കുന്ന മറ്റ് അവസ്ഥകൾ തുടങ്ങിയവ നേരിട്ടിട്ടുണ്ട്. അതിനു പുറമേ അവർക്ക് ഉണ്ടാകുന്ന പീഡനം, തൊഴിൽ സമ്മർദങ്ങൾ, തെറ്റു ചെയ്യാനുള്ള പ്രലോഭനങ്ങൾ എന്നിവയെല്ലാം അവരുടെ ആത്മീയതയ്ക്ക് ഭീഷണി ഉയർത്തിയേക്കാം. വിജയപ്രദമായ ഏതു മാർഗം ഉപയോഗിച്ചും യഹോവയുടെ ദാസന്മാരെ നശിപ്പിക്കാൻ വലിയ പ്രതിയോഗിയായ സാത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.—1 പത്രൊസ് 5:8.
അത്തരം സാഹചര്യങ്ങളിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും? ജീവനു ഭീഷണി ഉണ്ടാകുമ്പോൾ ഭയം തോന്നുക സ്വാഭാവികമാണ്. എങ്കിലും, പൗലൊസ് അപ്പൊസ്തലന്റെ ഉറപ്പേകുന്ന വാക്കുകൾ നമുക്കു മനസ്സിൽ പിടിക്കാനാകും: ‘“ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് [യഹോവ] തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “[യഹോവ] എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.’ (എബ്രായർ 13:5, 6) ഇന്നത്തെ തന്റെ ദാസന്മാരെ കുറിച്ചും യഹോവയ്ക്ക് അങ്ങനെതന്നെയാണ് തോന്നുന്നത് എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്നാൽ യഹോവയുടെ വാഗ്ദാനം സംബന്ധിച്ച് അറിവുണ്ടായിരുന്നാൽ മാത്രം പോരാ, അവൻ നമുക്കായി പ്രവൃത്തിക്കുമെന്ന ബോധ്യവും നമുക്ക് ഉണ്ടായിരിക്കണം. അതുകൊണ്ട് യഹോവയിൽ ആശ്രയം വളർത്തിയെടുക്കുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത് എന്നു പരിശോധിക്കുന്നതും ആ ആശ്രയം ബലിഷ്ഠമാക്കാനും നിലനിറുത്താനും സാധ്യമായതെല്ലാം ചെയ്യുന്നതും അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമാണ്. നാം അങ്ങനെ ചെയ്യുന്നെങ്കിൽ, ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.’ (ഫിലിപ്പിയർ 4:7) അപ്പോൾ പരിശോധനകൾ നേരിടുന്ന സമയത്ത് വ്യക്തമായി ചിന്തിക്കാനും ജ്ഞാനപൂർവം അവയെ തരണം ചെയ്യാനും നാം പ്രാപ്തരായിരിക്കും.
യഹോവയിൽ ആശ്രയിക്കുന്നതിനുള്ള അടിസ്ഥാനം
നമ്മുടെ സ്രഷ്ടാവായ യഹോവയിൽ ആശ്രയിക്കുന്നതിന് നമുക്കു തീർച്ചയായും അനവധി കാരണങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേത്, തന്റെ ദാസന്മാർക്കു വേണ്ടി യഥാർഥമായി കരുതുന്ന സ്നേഹവാനായ ഒരു ദൈവമാണ് യഹോവ എന്ന വസ്തുതയാണ്. യഹോവയ്ക്കു തന്റെ ദാസന്മാരോടുള്ള സ്നേഹാർദ്രമായ പരിപാലനത്തെ കുറിച്ചു പറയുന്ന നിരവധി വിവരണങ്ങൾ ബൈബിളിലുണ്ട്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേലിനോടുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ച് വിവരിച്ചുകൊണ്ട് മോശെ ഇങ്ങനെ എഴുതി: “താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുററി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.” (ആവർത്തനപുസ്തകം 32:10) ആധുനിക കാലത്ത്, തന്റെ ദാസന്മാരെ ഒരു കൂട്ടമെന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും യഹോവ നന്നായി പരിപാലിക്കുന്നു. ഉദാഹരണത്തിന്, ബോസ്നിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ചില സാക്ഷികൾക്കു കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടപ്പോൾ ക്രൊയേഷ്യയിലെയും ഓസ്ട്രിയയിലെയും അവരുടെ സഹോദരന്മാരുടെ ധീരമായ ശ്രമത്തിന്റെ ഫലമായി അവർക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നുവെന്ന് യഹോവ ഉറപ്പുവരുത്തി. ഓസ്ട്രിയയിലെ ആ സഹോദരന്മാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് അത്യന്തം അപകടകരമായ പ്രദേശങ്ങളിലൂടെ ബോസ്നിയയിലെ സഹോദരങ്ങൾക്കു ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചുകൊടുത്തത്.a
യഹോവയാം ദൈവം സർവശക്തൻ ആയതിനാൽ, ഏതു സാഹചര്യത്തിലും തന്റെ ദാസന്മാരെ സംരക്ഷിക്കാനുള്ള കഴിവ് അവനു തീർച്ചയായുമുണ്ട്. (യെശയ്യാവു 33:22; വെളിപ്പാടു 4:8) മരണപര്യന്തം തങ്ങളുടെ വിശ്വസ്തത തെളിയിക്കാൻ യഹോവ തന്റെ ചില ദാസന്മാരെ അനുവദിക്കുന്നു. അപ്പോൾ പോലും, അവൻ അവരെ പിന്താങ്ങുകയും നിർമലത കാത്തുസൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാനത്തോളം അചഞ്ചലരും സന്തുഷ്ടരും ശാന്തരുമായി നിലകൊള്ളാൻ അവൻ അവരെ പ്രാപ്തരാക്കുന്നു. അതുകൊണ്ട് സങ്കീർത്തനക്കാരന് ഉണ്ടായിരുന്ന അതേ ഉറപ്പ് നമുക്കും ഉണ്ടായിരിക്കാൻ കഴിയും: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും . . . നാം ഭയപ്പെടുകയില്ല.”—സങ്കീർത്തനം 46:1-3.
യഹോവ സത്യത്തിന്റെ ദൈവമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. അവൻ തന്റെ വാഗ്ദാനങ്ങൾ എപ്പോഴും നിവർത്തിക്കുന്നു എന്നാണ് ഇതിന്റെ അർഥം. വാസ്തവത്തിൽ, “ഭോഷ്കില്ലാത്ത ദൈവം” എന്ന് ബൈബിൾ അവനെ വിശേഷിപ്പിക്കുന്നു. (തീത്തൊസ് 1:2) യഹോവ തന്റെ ദാസന്മാരെ പരിപാലിക്കാനും രക്ഷിക്കാനുമുള്ള മനസ്സൊരുക്കം തുടരെത്തുടരെ ആവർത്തിച്ചിരിക്കുന്നതിനാൽ, തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ അവൻ പ്രാപ്തനാണെന്നു മാത്രമല്ല അവ നിവർത്തിക്കാൻ അവൻ സന്നദ്ധനാണെന്നു കൂടി നമുക്കു തീർച്ചയായും ഉറപ്പുണ്ടായിരിക്കാൻ കഴിയും.—ഇയ്യോബ് 42:2.
നമ്മുടെ ആശ്രയം ബലിഷ്ഠമാക്കാനുള്ള മാർഗങ്ങൾ
യഹോവയിൽ ആശ്രയിക്കുന്നതിന് നമുക്കു സകല കാരണവുമുണ്ട്. എന്നാൽ, പ്രത്യേക ശ്രമമൊന്നും ചെയ്തില്ലെങ്കിലും ആ ആശ്രയം നമുക്ക് സദാ ഉണ്ടായിരിക്കും എന്നു നാം വിചാരിക്കരുത്. കാരണം, ലോകത്തിനു പൊതുവെ ദൈവത്തിൽ വിശ്വാസം ഇല്ല. ആ വിശ്വാസമില്ലായ്മ യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ എളുപ്പത്തിൽ ദുർബലമാക്കിയേക്കാം. അതുകൊണ്ട്, യഹോവയിലുള്ള നമ്മുടെ ആശ്രയം ബലിഷ്ഠമാക്കാനും നിലനിറുത്താനും നാം കഠിനശ്രമം ചെയ്യേണ്ടതുണ്ട്. ഇതേക്കുറിച്ച് നന്നായി അറിയാവുന്ന യഹോവ അതിനുള്ള മാർഗം നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്.
ഒന്നാമതായി, അവൻ നമുക്കു തന്റെ ലിഖിത വചനമായ ബൈബിൾ നൽകിയിരിക്കുന്നു. തന്റെ ദാസന്മാർക്കായി അവൻ ചെയ്തിട്ടുള്ള ശക്തമായ ഒട്ടനവധി പ്രവൃത്തികൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരാളുടെ പേരു മാത്രമേ നിങ്ങൾക്ക് അറിയാവുള്ളൂ എങ്കിൽ, ആ വ്യക്തിയിൽ നിങ്ങൾക്ക് ആശ്രയം ഉണ്ടായിരിക്കുകയില്ല, ഉവ്വോ? അഥവാ ഉണ്ടെങ്കിൽത്തന്നെ അതു വളരെ കുറച്ച് ആയിരിക്കും. അദ്ദേഹത്തിന്റെ രീതികളെയും പ്രവൃത്തികളെയും കുറിച്ച് അറിവ് ഉണ്ടായിരുന്നെങ്കിലേ നിങ്ങൾക്ക് ആ വ്യക്തിയിൽ ആശ്രയിക്കാൻ കഴിയൂ, ശരിയല്ലേ? യഹോവയുടെ പ്രവൃത്തികളെ കുറിച്ചുള്ള ബൈബിൾ വൃത്താന്തങ്ങൾ നാം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ, അവനെയും അവന്റെ അത്ഭുതകരമായ പ്രവർത്തനരീതികളെയും കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വർധിക്കും. അവൻ എത്രയധികം ആശ്രയയോഗ്യനാണെന്നു നാം കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ ഇടവരുകയും ചെയ്യും. അങ്ങനെ അവനിലുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെടും. ദൈവത്തോടു പിൻവരുന്ന പ്രകാരം മനമുരുകി പ്രാർഥിച്ചപ്പോൾ സങ്കീർത്തനക്കാരൻ വിശിഷ്ടമായ ഒരു മാതൃക വെച്ചു: “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.”—സങ്കീർത്തനം 77:11, 12.
ബൈബിളിനു പുറമേ, യഹോവയുടെ സംഘടന പ്രദാനം ചെയ്യുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങളിലെ സമൃദ്ധമായ ആത്മീയ ഭക്ഷണം നമുക്കുണ്ട്. മറ്റു കാര്യങ്ങളോടൊപ്പം, ഈ പ്രസിദ്ധീകരണങ്ങളിൽ ആധുനികകാല ദൈവദാസന്മാരുടെ ഹൃദയസ്പൃക്കായ അനുഭവകഥകൾ അടങ്ങിയിരിക്കുന്നു. അവർ അങ്ങേയറ്റം വലഞ്ഞ അവസ്ഥയിൽ ആയിരുന്നപ്പോൾ യഹോവ അവർക്ക് എങ്ങനെ സഹായവും ആശ്വാസവും പ്രദാനം ചെയ്തു എന്ന് അവ പ്രകടമാക്കുന്നു. ഉദാഹരണത്തിന്, പിൽക്കാലത്ത് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗം ആയിത്തീർന്ന മാർട്ടിൻ പൊയെറ്റ്സിംഗർക്ക്, തന്റെ മാതൃദേശത്തുനിന്ന് വളരെ അകലെ യൂറോപ്പിൽ തന്നെയുള്ള ഒരു സ്ഥലത്ത് പയനിയറിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ ഗുരുതരമായ രോഗം പിടിപെട്ടു. അദ്ദേഹത്തിന്റെ കൈവശം പണമില്ലായിരുന്നു, ഡോക്ടർമാരൊന്നും അദ്ദേഹത്തെ പരിശോധിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ യഹോവ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. ഒടുവിൽ, സ്ഥലത്തെ ആശുപത്രിയിലുള്ള സീനിയർ കൺസൾട്ടന്റുമായി ബന്ധപ്പെട്ടു. ബൈബിളിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്ന ദയാലുവായ ആ മനുഷ്യൻ പൊയെറ്റ്സിംഗർ സഹോദരനെ സ്വന്തം മകനെ പോലെ കണക്കാക്കി യാതൊരു ഫീസും ഈടാക്കാതെ പരിപാലിച്ചു. വ്യക്തികളുടെ അത്തരം അനുഭവങ്ങൾ വായിക്കുന്നത് സ്വർഗീയ പിതാവിലുള്ള നമ്മുടെ ആശ്രയത്തെ തീർച്ചയായും ബലിഷ്ഠമാക്കും.
യഹോവയിലുള്ള നമ്മുടെ ആശ്രയം ബലിഷ്ഠമാക്കാൻ അവൻ പ്രദാനം ചെയ്തിരിക്കുന്ന അമൂല്യമായ മറ്റൊരു സഹായമാണ് പ്രാർഥനാ പദവി. പൗലൊസ് അപ്പൊസ്തലൻ സ്നേഹപൂർവം നമ്മോട് ഇങ്ങനെ പറയുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലിപ്പിയർ 4:6) “എല്ലാറ്റിലും” എന്നതിൽ നമ്മുടെ വികാരങ്ങളും ആവശ്യങ്ങളും ഭയങ്ങളും ഉത്കണ്ഠകളും ഉൾപ്പെടുന്നു. നാം എത്ര കൂടെക്കൂടെ, എത്ര ഹൃദയംഗമമായി പ്രാർഥിക്കുന്നുവോ യഹോവയിലുള്ള നമ്മുടെ ആശ്രയം അത്ര ബലിഷ്ഠമായിത്തീരുന്നു.
യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ, യാതൊരു ശല്യവും കൂടാതെ പ്രാർഥിക്കാൻ അവൻ ചിലപ്പോഴൊക്കെ ഒരു ഏകാന്ത സ്ഥലത്തേക്കു തനിച്ചു പോയിരുന്നു. (മത്തായി 14:23; മർക്കൊസ് 1:35) ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ്, പിതാവിനോടുള്ള പ്രാർഥനയിൽ അവൻ രാത്രി മുഴുവനും പോലും ചെലവഴിക്കുകയുണ്ടായി. (ലൂക്കൊസ് 6:12, 13) ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയങ്കരമായ പരിശോധന പോലും സഹിച്ചുനിൽക്കാൻ തന്നെ സഹായിക്കുന്നത്ര ശക്തമായ ആശ്രയം യേശുവിന് യഹോവയിൽ ഉണ്ടായിരുന്നതിൽ അതിശയിക്കാനില്ല. ദണ്ഡനസ്തംഭത്തിൽ ആയിരുന്നപ്പോഴുള്ള അവന്റെ അവസാന വാക്കുകൾ നോക്കുക: “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.” യേശുവിനെ രക്ഷിക്കാൻ യഹോവ ഇടപെട്ടില്ലെങ്കിൽ പോലും, അവനിലുള്ള അവന്റെ ആശ്രയത്തിന് അവസാനം വരെയും ഒരു കുറവും സംഭവിച്ചില്ല എന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു.—ലൂക്കൊസ് 23:46.
ഇനിയും, യഹോവയിലുള്ള നമ്മുടെ ആശ്രയം വർധിപ്പിക്കാനുള്ള ഒരു മാർഗം അവനിൽ മുഴുഹൃദയാ ആശ്രയിക്കുന്നവരോടൊത്തു പതിവായി സഹവസിക്കുക എന്നതാണ്. യഹോവയെ കുറിച്ചു കൂടുതൽ പഠിക്കാനും അന്യോന്യം പ്രോത്സാഹിപ്പിക്കാനും പതിവായി കൂടിവരാൻ അവൻ തന്റെ ജനത്തോടു കൽപ്പിച്ചു. (ആവർത്തനപുസ്തകം 31:12, 13; എബ്രായർ 10:24, 25) അത്തരം സഹവാസം യഹോവയിലുള്ള അവരുടെ ആശ്രയത്തെ ബലിഷ്ഠമാക്കുകയും അങ്ങനെ വിശ്വാസത്തിന്റെ വലിയ പരിശോധനകൾ സഹിച്ചുനിൽക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. സാക്ഷീകരണ വേല നിരോധിക്കപ്പെട്ടിരുന്ന ഒരു ആഫ്രിക്കൻ രാജ്യത്ത് യഹോവയുടെ സാക്ഷികൾക്ക് പോലീസ് സംരക്ഷണവും യാത്രാ രേഖകളും വിവാഹ സർട്ടിഫിക്കറ്റുകളും ചികിത്സയും ജോലിയും മറ്റും നിഷേധിക്കപ്പെട്ടു. അവിടെ ഒരിടത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തങ്ങളുടെ പട്ടണത്തിലെ ബോംബുവർഷത്തിൽനിന്ന് രക്ഷപ്പെടാൻ കുട്ടികൾ ഉൾപ്പെടെ ഒരു സഭയിലെ 39 അംഗങ്ങൾ മരുഭൂമിയിലെ വളരെ താഴ്ന്ന ഒരു പാലത്തിന്റെ അടിയിൽ നാലു മാസത്തോളം താമസിച്ചു. അങ്ങേയറ്റം ദുരിതപൂർണമായ ആ സാഹചര്യത്തിൽ ബൈബിൾ വാക്യത്തിന്റെ അനുദിന പരിചിന്തനവും മറ്റു യോഗങ്ങളും അവർക്കു വലിയ കരുത്തേകി. അങ്ങനെ ആ കടുത്ത പരിശോധന സഹിച്ചുനിൽക്കാനും തങ്ങളുടെ ആത്മീയത യാതൊരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കാനും അവർക്കു കഴിഞ്ഞു. യഹോവയുടെ ജനത്തോടൊത്ത് പതിവായി കൂടിവരുന്നതിന്റെ പ്രാധാന്യം ഈ അനുഭവം വ്യക്തമാക്കുന്നു.
ഒടുവിൽ, യഹോവയിലുള്ള നമ്മുടെ ആശ്രയം ബലിഷ്ഠമാക്കുന്നതിന് മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ എപ്പോഴും ഒരുക്കമുള്ളവരായി രാജ്യപ്രസംഗ വേലയിൽ സജീവമായി പങ്കെടുക്കണം. കാനഡയിലുള്ള രക്താർബുദം ബാധിച്ച തീക്ഷ്ണതയുള്ള ഒരു യുവപ്രസാധികയുടെ ഹൃദയസ്പൃക്കായ അനുഭവം ഇതു വ്യക്തമാക്കുന്നു. മാരകമായ ആ രോഗത്തിന് അടിമയായിരുന്നിട്ടും, ഒരു നിരന്തര പയനിയർ അതായത് ഒരു മുഴുസമയ ശുശ്രൂഷക ആയിത്തീരാൻ അവൾ ആഗ്രഹിച്ചു. രോഗത്തിനു ഹ്രസ്വകാലത്തേക്ക് ശമനം ഉണ്ടായപ്പോൾ, ഒരു മാസം സഹായ പയനിയറിങ് ചെയ്യാൻ അവൾക്കു സാധിച്ചു. തുടർന്ന് ആരോഗ്യസ്ഥിതി വഷളായ അവൾ ഏതാനും മാസങ്ങൾക്കു ശേഷം മരിച്ചു. എങ്കിലും, അവസാനംവരെ അവൾ ആത്മീയമായി ബലിഷ്ഠയായി നിലകൊണ്ടു. യഹോവയിൽ അവൾക്കുണ്ടായിരുന്ന ആശ്രയത്തിന് അണുവിട പോലും ഇളക്കം തട്ടിയില്ല. അവളുടെ അമ്മ ഇപ്രകാരം പറയുന്നു: “അവസാനം വരെ അവളുടെ ചിന്ത തന്നെക്കുറിച്ചായിരുന്നില്ല, മറ്റുള്ളവരെ കുറിച്ച് ആയിരുന്നു. ‘നമുക്ക് പറുദീസയിൽ ഒന്നിച്ചായിരിക്കാൻ കഴിയും’ എന്നു പറഞ്ഞുകൊണ്ട് ബൈബിൾ പഠിക്കാൻ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു.”
നാം യഹോവയിൽ ആശ്രയിക്കുന്നുവെന്ന് തെളിയിക്കൽ
“ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.” (യാക്കോബ് 2:26) ദൈവത്തിലുള്ള വിശ്വാസത്തെ കുറിച്ച് യാക്കോബ് പറഞ്ഞതുതന്നെ അവനിലുള്ള നമ്മുടെ ആശ്രയത്തെ കുറിച്ചും പറയാവുന്നതാണ്. നാം ദൈവത്തിൽ ആശ്രയിക്കുന്നു എന്ന് പറഞ്ഞാൽ പോരാ, പ്രവൃത്തികൾകൊണ്ട് ആ ആശ്രയം പ്രകടമാക്കണം. അബ്രാഹാം യഹോവയിൽ പൂർണമായി ആശ്രയിക്കുകയും യാതൊരു മടിയും കൂടാതെ അവന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് ആ ആശ്രയം തെളിയിക്കുകയും ചെയ്തു. തന്റെ പുത്രനായ യിസ്ഹാക്കിനെ ബലി കഴിക്കാൻ തയ്യാറാകുന്ന ഘട്ടത്തോളം പോലും അവൻ ആ അനുസരണം പ്രകടമാക്കി. അത്തരം മുന്തിയ ആശ്രയവും അനുസരണവും പ്രകടമാക്കിയതിന്റെ ഫലമായി, അബ്രാഹാം യഹോവയുടെ സ്നേഹിതൻ എന്ന് അറിയപ്പെടാൻ ഇടയായി.—എബ്രായർ 11:8-10, 17-19; യാക്കോബ് 2:23.
യഹോവയിലുള്ള ആശ്രയം പ്രകടമാക്കുന്നതിന് നമ്മുടെമേൽ കഠിന പരിശോധന വരാൻ നാം കാത്തിരിക്കേണ്ടതില്ല. യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ് 16:10) നമുക്കു നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിൽ പോലും യഹോവയെ അനുസരിച്ചുകൊണ്ട് നമ്മുടെ അനുദിന പ്രവർത്തനങ്ങളിലെല്ലാം അവനിൽ ആശ്രയിക്കാൻ നാം പഠിക്കേണ്ടതുണ്ട്. അത്തരം അനുസരണത്തിന്റെ ഫലമായുള്ള പ്രയോജനങ്ങൾ നിരീക്ഷിക്കുമ്പോൾ, നമ്മുടെ സ്വർഗീയ പിതാവിലുള്ള നമ്മുടെ ആശ്രയം ബലിഷ്ഠമാക്കപ്പെടുന്നു. അതു കഠിന പരിശോധനകൾ അഭിമുഖീകരിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ലോകം അതിന്റെ വിപത്കരമായ അന്ത്യത്തോട് അടുത്തുവരവേ, യഹോവയുടെ ജനത്തിന്മേൽ കൂടുതൽ പരിശോധനകളും പ്രയാസങ്ങളും വരുമെന്നത് ഉറപ്പാണ്. (പ്രവൃത്തികൾ 14:22; 2 തിമൊഥെയൊസ് 3:12) യഹോവയിൽ ഇപ്പോൾ അചഞ്ചലവും ബലിഷ്ഠവും ആയ ആശ്രയം വളർത്തിയെടുക്കുകവഴി, മഹോപദ്രവത്തെ അക്ഷരീയമായി അതിജീവിക്കുന്നതിലൂടെയോ ഒരു പുനരുത്ഥാനത്തിലൂടെയോ അവന്റെ വാഗ്ദത്ത പുതിയ ലോകത്തിലേക്കു കടക്കാൻ നമുക്കു പ്രതീക്ഷിക്കാനാകും. (2 പത്രൊസ് 3:13) യഹോവയിലുള്ള നമ്മുടെ ആശ്രയത്തിൽ യാതൊരു കുറവും വരാതിരിക്കാനും അങ്ങനെ യഹോവയുമായുള്ള നമ്മുടെ അമൂല്യ ബന്ധം നിലനിറുത്താനും നമുക്കു ശ്രമിക്കാം. അപ്പോൾ, സിംഹക്കുഴിയിൽനിന്ന് വിടുവിക്കപ്പെട്ട ദാനീയേലിനെ കുറിച്ചു പറഞ്ഞത് നമ്മുടെ കാര്യത്തിലും പറയാൻ ഇടവരും: “തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു [“ആശ്രയിച്ചതുകൊണ്ട്,” NW] അവന്നു യാതൊരു കേടും പററിയതായി കണ്ടില്ല.”—ദാനീയേൽ 6:23.
[അടിക്കുറിപ്പ്]
a കൂടുതൽ വിശദാംശങ്ങൾക്ക്, 1994 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-7 പേജുകൾ കാണുക.
[9-ാം പേജിലെ ചിത്രം]
മാർട്ടിൻ പൊയെറ്റ്സിംഗറെ പോലുള്ള യഹോവയുടെ വിശ്വസ്ത ദാസന്മാരെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു