നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാനനുവദിക്കരുത്
“നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാനനുവദിക്കരുത്. ദൈവത്തിൽ വിശ്വാസം പ്രകടമാക്കുക, എന്നിലും വിശ്വാസം പ്രകടമാക്കുക.”—യോഹന്നാൻ 14:1.
1. യോഹന്നാൻ 14:1-ലെ യേശുവിന്റെ വാക്കുകൾ വളരെ സമയോചിതമായിരുന്നതെന്തുകൊണ്ട്?
അതു ക്രി. വ. 33-ാമാണ്ടിലെ നീസാൻ 14 ആയിരുന്നു. ആളുകളുടെ ഒരു ചെറിയ കൂട്ടം യെരൂശലേമിലെ ഒരു മാളികമുറിയിൽ സൂര്യാസ്തമയശേഷം ഒന്നിച്ചുകൂടിയിരിക്കുകയായിരുന്നു. അവരുടെ നേതാവ് അവർക്ക് വിടവാങ്ങൽ ബുദ്ധിയുപദേശവും പ്രോത്സാഹനവും കൊടുക്കുകയായിരുന്നു. ഭാഗികമായി അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാനനുവദിക്കരുത്.” (യോഹന്നാൻ 14:1) അവന്റെ വാക്കുകൾ വളരെ കാലോചിതമായിരുന്നു, എന്തെന്നാൽ വിനാശക സംഭവങ്ങൾ പെട്ടെന്നു നടക്കാൻ പോകുകയായിരുന്നു. അന്നുരാത്രി അവൻ അറസ്ററു ചെയ്യപ്പെടുകയും വിസ്തരിക്കപ്പെടുകയും വധശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്തു.
2. ആ ദിവസം വളരെ നിർണ്ണായകമായിരുന്നതെന്തുകൊണ്ട്, ശിഷ്യൻമാരെ എന്തു സഹായിച്ചു?
2 മനുഷ്യവർഗ്ഗത്തിന്റെ മുഴു ഭാവിയെയും ബാധിക്കുന്ന ചരിത്രത്തിലെ അത്യന്തം നിർണ്ണായക ദിവസമായി അതിനെ വീക്ഷിക്കുന്നതിന് നിങ്ങൾക്കു നല്ല കാരണമുണ്ട്. നേതാവായ യേശുവിന്റെ ബലിമരണം അനേകം പുരാതന പ്രവചനങ്ങളെ നിവർത്തിക്കുകയും അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവന്റെ അടിസ്ഥാനം പ്രദാനം ചെയ്യുകയും ചെയ്തു. (യെശയ്യാവ് 53:5-7; യോഹന്നാൻ 3:16) എന്നാൽ അന്നു രാത്രിയിലെ അസ്വസ്ഥതാജനകമായ സംഭവങ്ങളാൽ ഞെട്ടുകയും പരിഭ്രമിക്കുകയും ചെയ്ത അപ്പോസ്തലൻമാർ കുറേ സമയത്തേക്ക് കുഴയുകയും ഭയവിഹ്വലരാകുകയും ചെയ്തു. പത്രോസ് യേശുവിനെ തള്ളിപ്പറയുകപോലും ചെയ്തു. (മത്തായി 26:69-75) എന്നിരുന്നാലും, വിശ്വസ്തരായ അപ്പോസ്തലൻമാർക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവു ലഭിച്ചശേഷം അവർ ധൈര്യമുള്ളവരും ദൃഢചിത്തരുമായിത്തീർന്നു. (യോഹന്നാൻ 14:16, 17) അങ്ങനെ, പത്രോസിനും യോഹന്നാനും കടുത്ത എതിർപ്പു നേരിടുകയും അവർ ബന്തവസ്സിലാക്കപ്പെടുകയും ചെയ്തപ്പോൾ “സകല ധൈര്യത്തോടുംകൂടെ” ദൈവത്തിന്റെ വചനം സംസാരിക്കുന്നതിനുള്ള സഹായത്തിനുവേണ്ടി അവർ അവനോടു പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി.—പ്രവൃത്തികൾ 4:1-3, 29-31.
3. ഇന്നു വളരെയധികമാളുകൾ അഗാധമായി അസ്വസ്ഥരായിരിക്കുന്നതെന്തുകൊണ്ട്?
3 ഇന്നു നാം ജീവിക്കുന്നത് ആഴത്തിൽ അസ്വസ്ഥമായിരിക്കുന്ന ഒരു ലോകത്തിലാണ്. ഈ പഴയവ്യവസ്ഥിതിയുടെ അവസാനം സത്വരം സമീപിച്ചുവരികയാണ്. (2 തിമൊഥെയോസ് 3:1-5) കുടുംബജീവിതത്തിലെയും ധാർമ്മികനിലവാരങ്ങളിലെയും ഗുരുതരമായ തകർച്ചയാലും വിചിത്രരോഗങ്ങളുടെ ഭയജനകമായ വർദ്ധനവിനാലും രാഷ്ട്രീയമായ അസ്ഥിരതയാലും തൊഴിലില്ലായ്മയാലും ഭക്ഷ്യക്ഷാമത്താലും ഭീകരപ്രവർത്തനത്താലും ന്യൂക്ലിയർ യുദ്ധ ഭീഷണിയാലും ദശലക്ഷങ്ങൾ വ്യക്തിപരമായി ബാധിക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ ആഴമായി അസ്വസ്ഥരായിരിക്കുന്നു. ഭാവിയെ സംബന്ധിച്ച ആകുലീകരിക്കുന്ന ഭയത്താൽ അനേകം ഹൃദയങ്ങൾ അസ്വസ്ഥമാണ്. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, “നിവസിതഭൂമിമേൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുമ്പോൾ . . . ജനതകളുടെ അതിവേദന” ഉണ്ട്.—ലൂക്കോസ് 21:25, 26.
4. ഏതു ഘടകങ്ങൾക്ക് ക്രിസ്ത്യാനികൾ സമ്മർദ്ദമനുഭവിക്കാൻ ഇടയാക്കാൻ കഴിയും?
4 അങ്ങനെയുള്ള വിഷാദാത്മക ഘടകങ്ങളാൽ ക്രിസ്ത്യാനികൾക്കുപോലും ഗുരുതരമായി ബാധിക്കപ്പെടാൻ കഴിയും. അവർ മത മുൻവിധിയോ ബന്ധുക്കളിൽനിന്നും അയൽക്കാരിൽനിന്നും കൂട്ടുജോലിക്കാരിൽനിന്നും സഹപാഠികളിൽ നിന്നും ഗവൺമെൻറ് അധികാരികളിൽ നിന്നുമുള്ള എതിർപ്പോ നിമിത്തം സമ്മർദ്ദത്തെ അഭിമുഖീകരിക്കുകയും ചെയ്തേക്കാം. (മത്തായി 24:9) അതുകൊണ്ട് ഈ പ്രയാസകാലങ്ങളിൽ നമുക്ക് എങ്ങനെ പ്രശാന്തരും സ്വസ്ഥരുമായി നിലകൊള്ളാൻ കഴിയും? ജീവിതം പ്രയാസകരമായിത്തീരുമ്പോൾ നമുക്ക് എങ്ങനെ മനഃസമാധാനം നിലനിർത്താൻ കഴിയും? നമുക്ക് എങ്ങനെ ഭാവിയെ സധൈര്യം അഭിമുഖീകരിക്കാൻ കഴിയും? സാധാരണമായിത്തീർന്നുകൊണ്ടിരിക്കുന്ന അഗാധമായ ഉൽക്കണ്ഠയെ തരണം ചെയ്യാൻ നമ്മെ എന്തു സഹായിക്കും? യേശു യോഹന്നാൻ 14:1-ലെ ബുദ്ധിയുപദേശം നൽകിയതിനു സമാനമായ കാലത്താണു നാം ജീവിക്കുന്നത്. തന്നിമിത്തം നമുക്ക് അതിനെ സൂക്ഷ്മമായി വീക്ഷിക്കാം.
നമുക്ക് എങ്ങനെ ഉൽക്കണ്ഠയെ തരണം ചെയ്യാൻ കഴിയും?
5. തിരുവെഴുത്തുകൾ നമുക്ക് ഏത് പ്രോത്സാഹകമായ ബുദ്ധിയുപദേശങ്ങൾ നൽകുന്നു?
5 ‘അവരുടെ ഹൃദയം അസ്വസ്ഥമാകാനനുവദിക്കാതിരിക്കാൻ’ സ്നേഹമസൃണമായ പ്രോത്സാഹനം കൊടുത്തശേഷം “ദൈവത്തിൽ വിശ്വാസം പ്രകടമാക്കുക, എന്നിലും വിശ്വാസം പ്രകടമാക്കുക” എന്ന് യേശു തന്റെ അപ്പോസ്തലൻമാരോടു പറഞ്ഞു. (യോഹന്നാൻ 14:1) നിശ്വസ്ത തിരുവെഴുത്തുകൾ നമുക്ക് സമാനമായ അനേകം ഉദ്ബോധനങ്ങൾ നൽകുന്നു: “യഹോവയിൽത്തന്നെ നിങ്ങളുടെ ഭാരങ്ങൾ ഇട്ടുകൊൾക, അവൻതന്നെ നിങ്ങളെ പുലർത്തും.” “നിന്റെ വഴി യഹോവയെ ഏൽപ്പിക്കുക, അവൻ തന്നെ പ്രവർത്തിക്കും.” (സങ്കീർത്തനം 55:22; 37:5) പൗലോസ് ഫിലിപ്യർക്ക് ഈ നിർണ്ണായകമായ ബുദ്ധിയുപദേശം കൊടുത്തു: “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാററിലും നന്ദിപ്രകടനത്തോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക; സകല ചിന്തയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മാനസിക ശക്തികളെയും കാത്തുസൂക്ഷിക്കും.”—ഫിലിപ്യർ 4:6, 7.
6, 7. (എ) സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്താണ്? (ബി) നമുക്ക് യഹോവയോട് ഒരു അടുത്ത ബന്ധം നട്ടുവളർത്താൻ എങ്ങനെ കഴിയും?
6 പ്രശ്നങ്ങളും ഭാരിച്ച ഉത്തരവാദിത്തവും വരുത്തിക്കൂട്ടുന്ന ഉൽക്കണ്ഠക്ക് ചിലപ്പോൾ നമ്മുടെ ആരോഗ്യത്തെയും നമ്മുടെ ആത്മാവിനെയും ബാധിക്കാൻ കഴിയും. എന്നിരുന്നാലും ഒരു വൈദ്യശാസ്ത്രവിദഗ്ദ്ധൻ വെപ്രാളപ്പെടരുത് എന്ന പുസ്തകത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആളുകൾക്ക് തങ്ങൾ ആദരിക്കുന്ന ആരെങ്കിലുമായി തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ സാധിക്കുമെങ്കിൽ . . . സമ്മർദ്ദത്തിന്റെ തോത് മിക്കപ്പോഴും വളരെയധികം കുറയുന്നു.” മറെറാരു മനുഷ്യനുമായുള്ള ആശയ കൈമാററം സംബന്ധിച്ച് അതു സത്യമാണെങ്കിൽ, ദൈവത്തോടു സംസാരിക്കുന്നതിൽനിന്ന് എത്രയധികം സഹായം ലഭിക്കും. യഹോവയെക്കാൾ കൂടുതൽ ആദരവ് നമുക്ക് ആരോടുണ്ടായിരിക്കാൻ കഴിയും?
7 അതുകൊണ്ടാണ് ഇന്ന് ക്രിസ്ത്യാനികൾക്ക് അവനുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതു വളരെ മർമ്മപ്രധാനമായിരിക്കുന്നത്. യഹോവയുടെ പക്വതയുള്ള ദാസൻമാർക്ക് ഇതു നന്നായി അറിയാം, തന്നിമിത്തം ആ ബന്ധത്തെ ദുർബ്ബലപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ലോകജനങ്ങളുമായുള്ള സഹവാസവും വിനോദവും ഒഴിവാക്കാൻ അവർ ശ്രദ്ധാലുക്കളാണ്. (1 കൊരിന്ത്യർ 15:33) ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമല്ല, മിക്കപ്പോഴും യഹോവയെ പ്രാർത്ഥനയിൽ സംബോധന ചെയ്യുന്നത് എത്ര പ്രധാനമാണെന്നും അവർ വിലയിരുത്തുന്നു. വിശേഷിച്ച് ചെറുപ്പക്കാരും പുതിയവരുമായ ക്രിസ്ത്യാനികൾ യഹോവയുടെ വചനത്തിന്റെ ക്രമമായ പഠനത്താലും ധ്യാനത്താലും ക്രിസ്തീയ സഹവാസത്താലും സേവനത്താലും അവനുമായുള്ള ഈ അടുത്ത ബന്ധം നട്ടുവളർത്തേണ്ട ആവശ്യമുണ്ട്. “ദൈവത്തോട് അടുത്ത് ചെല്ലുക, അവൻ നിങ്ങളോട് അടുത്തുവരും” എന്ന് നമ്മെ ഉപദേശിച്ചിരിക്കുന്നു.—യാക്കോബ് 4:8.
യേശു നൽകിയ ബുദ്ധിയുപദേശം
8, 9. സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് നമുക്ക് ഏതു ക്രിയാത്മക ബുദ്ധിയുപദേശം ബാധകമാക്കാൻ കഴിയും?
8 അനേകം രാജ്യങ്ങളിൽ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും മനോവ്യഥക്കുള്ള ഗുരുതരമായ കാരണങ്ങളാണ്. ഈ ഉൽക്കണ്ഠകളെക്കുറിച്ച് യേശു വളരെ ക്രിയാത്മകമായ ബുദ്ധിയുപദേശം നൽകി: “നിങ്ങൾ എന്തു തിന്നും അല്ലെങ്കിൽ നിങ്ങൾ എന്തു കുടിക്കും എന്ന് നിങ്ങളുടെ ദേഹികളെക്കുറിച്ചോ നിങ്ങൾ എന്തു ധരിക്കും എന്ന് ശരീരത്തെക്കുറിച്ചോ ഉൽക്കണ്ഠാകുലരാകുന്നതു നിർത്തുക. ദേഹി ആഹാരത്തേക്കാളും ശരീരം വസ്ത്രത്തേക്കാളും അർത്ഥവത്തല്ലയോ?” (മത്തായി 6:25) അതെ, ദേഹിയും ശരീരവും അല്ലെങ്കിൽ മുഴു വ്യക്തിയും ആഹാരത്തെക്കാളും വസ്ത്രത്തേക്കാളും വളരെയേറെ പ്രധാനമാണ്. തങ്ങളുടെ ഭൗതികാവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിന് ദൈവം തങ്ങളെ സഹായിക്കുമെന്ന് ദൈവദാസൻമാർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യേശു ഈ ദൃഷ്ടാന്തം നൽകി: “ആകാശത്തിലെ പക്ഷികളെ ഏകാഗ്രമായി നോക്കുക, എന്തുകൊണ്ടെന്നാൽ അവ വിത്തു വിതക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ കൂട്ടിവെക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവയെ തീററുന്നു. നിങ്ങൾ അവയെക്കാൾ വിലയുള്ളവരല്ലയോ?” (മത്തായി 6:26) ദൈവം പക്ഷികൾക്കുവേണ്ടി കരുതുമെന്നും തന്റെ മനുഷ്യദാസൻമാരെ അവഗണിക്കുമെന്നും ചിന്തിക്കാവുന്നതല്ല, അവർ തനിക്ക് വളരെ വിലപ്പെട്ടവരാണ്, ക്രിസ്തു അവർക്കുവേണ്ടിയാണ് തന്റെ ജീവൻ വെച്ചുകൊടുത്തതും.
9 അവ അദ്ധ്വാനിക്കുകയോ നൂൽക്കുകയോ ചെയ്യുന്നില്ലെങ്കിലും “ശലോമോൻപോലും തന്റെ സകല മഹത്വത്തിലും ഇവയിലൊന്നിനെപ്പോലെ ചമഞ്ഞിരുന്നില്ല” എന്ന വസ്തുതയെ പരാമർശിച്ചുകൊണ്ട് യേശു പിന്നീട് ഇതിനു പിൻബലം കൊടുത്തു. ശലോമോൻ രാജാവിന്റെ വാഴ്ച അതിന്റെ പ്രതാപം സംബന്ധിച്ച് പ്രശസ്തമായിരുന്നു. യേശു അനന്തരം ആശ്വാസദായകമായി ചോദിച്ചു: “[ദൈവം] നിങ്ങളെ വളരെയധികം വസ്ത്രമണിയിക്കുകയില്ലയോ?”—മത്തായി 6:28-32; ശലോമോന്റെ ഗീതം 3:9, 10.
10. (എ) യേശുവിന്റെ ആശ്വാസവാക്കുകൾ ആരെ സംബോധന ചെയ്യുന്നു? (ബി) അവൻ ഭാവിയെസംബന്ധിച്ച് എന്തു ബുദ്ധിയുപദേശം കൊടുത്തു?
10 എന്നിരുന്നാലും, ഇത് “ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷി”ക്കുന്നവർക്കു മാത്രമാണെന്ന് യേശു തുടർന്നു പ്രകടമാക്കുന്നു. ലോകവ്യാപകമായി അങ്ങനെയുള്ള സത്യക്രിസ്ത്യാനികൾ ദൈവരാജ്യം എന്താണെന്നു വിലയിരുത്തുകയും തങ്ങളുടെ ജീവിതത്തിൽ അതിനെ ഒന്നാമതു വെക്കുകയും ചെയ്യുന്നു. അവർക്ക് യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാകുന്നു: “അടുത്ത ദിവസത്തെക്കുറിച്ച് ഒരിക്കലും ഉൽക്കണ്ഠപ്പെടരുത്, എന്തെന്നാൽ അടുത്ത ദിവസത്തിന് അതിന്റെ സ്വന്തം ഉൽക്കണ്ഠകൾ ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും തിൻമ അതിന് മതിയായതാണ്.” (മത്തായി 6:33,34) മററു വാക്കുകളിൽ പറഞ്ഞാൽ, ഓരോ പ്രശ്നവും പൊന്തിവരുമ്പോൾ അതു കൈകാര്യം ചെയ്യുക, ഭാവിയെക്കുറിച്ച് അനുചിതമായി വ്യാകുലപ്പെടരുത്.
11, 12. യഹോവ തങ്ങളുടെ പ്രാർത്ഥനകൾക്കുത്തരമായി തങ്ങളെ എങ്ങനെ സഹായിച്ചതായി ചില ക്രിസ്ത്യാനികൾ വിചാരിച്ചിരിക്കുന്നു?
11 എന്നിരുന്നാലും, വിശേഷിച്ച് കാര്യങ്ങൾ തകരാറിലാകുമ്പോൾ മിക്കവരും ഭാവിയെക്കുറിച്ച് വ്യാകുലപ്പെടാൻ ചായ്വുള്ളവരാണ്. എന്നാൽ ക്രിസ്ത്യാനികൾക്ക് വിശ്വാസത്തോടെ യഹോവയിലേക്കു തിരിയാൻ കഴിയും, തിരിയേണ്ടതുമാണ്. എലീനറിന്റെ സംഗതി പരിചിന്തിക്കുക. അവളുടെ ഭർത്താവിന് കലശലായ രോഗം ബാധിച്ചു. അയാൾക്ക് ഒരു വർഷത്തോളം ജോലി ചെയ്യാൻ കഴിഞ്ഞില്ല. അവൾക്ക് രണ്ടു കൊച്ചു കുട്ടികളെയും വൃദ്ധപിതാവിനെയും പരിചരിക്കേണ്ടതുണ്ടായിരുന്നു, തന്നിമിത്തം അവൾക്ക് ഒരു മുഴുസമയജോലി കൂടെ ചെയ്യുക സാദ്ധ്യമല്ലായിരുന്നു. അവർ സഹായത്തിനായി യഹോവയോട് അപേക്ഷിച്ചു. ഒരു ദിവസം രാവിലെ, പ്രാർത്ഥനക്കുശേഷം അല്പം കഴിഞ്ഞ് അവർ കതകിനടിയിൽ ഒരു കവർ കിടക്കുന്നതു കണ്ടു. അതിൽ ഒരു വലിയ പണത്തുക ഉണ്ടായിരുന്നു—ഭർത്താവിന് വീണ്ടും ജോലി ചെയ്യാൻ കഴിയുന്നതുവരെ അവരെ പുലർത്താൻ മതിയായ തുക. ഈ സമയോചിത സഹായത്തിന് അവർക്ക് അഗാധമായ നന്ദി തോന്നി. ഞെരുക്കമുള്ള ഓരോ ക്രിസ്ത്യാനിക്കും ഇതുപോലെ സംഭവിക്കുമെന്നു പ്രതീക്ഷിക്കാൻ ബൈബിൾപരമായ അടിസ്ഥാനമില്ല. എന്നാൽ യഹോവ നമ്മുടെ യാചനകൾ കേൾക്കുമെന്നും വിവിധ വിധങ്ങളിൽ നമ്മെ സഹായിക്കുന്നതിനുള്ള പ്രാപ്തി അവനുണ്ടെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
12 ദക്ഷിണാഫ്രിക്കയിലെ ഒരു ക്രിസ്തീയ വിധവ തന്റെ രണ്ടു കൊച്ചു കുട്ടികളെ സംരക്ഷിക്കാൻ ജോലി തേടേണ്ടതുണ്ടായിരുന്നു. എന്നാൽ അവരോടൊത്തു സമയം ചെലവഴിക്കാൻ പകുതി ദിവസം മാത്രം ജോലി ചെയ്യാൻ അവൾ ശക്തമായി ആഗ്രഹിച്ചു. എന്നാൽ അവൾ ഒരു ജോലി കണ്ടെത്തിയശേഷം, മാനേജർ തനിക്ക് ഒരു മുഴുസമയ സെക്രട്ടറി ആവശ്യമാണെന്ന് തീരുമാനിച്ചപ്പോൾ അവൾ രാജിവെക്കാൻ നിർബ്ബന്ധിതയായി. വീണ്ടും ജോലിയില്ലാതായപ്പോൾ ഈ സഹോദരി യഹോവയോട് സഹായത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞ് ഒരു അർദ്ധ ദിവസ അടിസ്ഥാനത്തിൽ വീണ്ടും ജോലിക്കു വരാൻ മുൻ മാനേജർ അവളോടാവശ്യപ്പെട്ടു. അവൾ എത്ര സന്തുഷ്ടയായിരുന്നു! യഹോവ തന്റെ പ്രാർത്ഥന കേട്ടുവെന്ന് അവൾ വിചാരിച്ചു.
യഹോവയോട് അപേക്ഷിക്കുക
13. (എ) “അഭ്യർത്ഥന” എന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്ത്? (ബി) അഭ്യർത്ഥനയുടെ ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
13 “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്” എന്ന് പറഞ്ഞശേഷം” എന്നാൽ എല്ലാററിലും നന്ദിപ്രകടനത്തോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക” എന്നു പൗലോസ് കൂട്ടിച്ചേർക്കുന്നതായി ദയവായി ശ്രദ്ധിക്കുക. (ഫിലിപ്യർ 4:6) “അഭ്യർത്ഥന”യെക്കുറിച്ചു പറയുന്നതെന്തുകൊണ്ട്? ആ പദത്തിന്റെ അർത്ഥം “ആത്മാർത്ഥമായ അപേക്ഷ” അല്ലെങ്കിൽ ‘അപേക്ഷാപ്രാർത്ഥന’ എന്നാണ്. അതിൽ വലിയ സമ്മർദ്ദത്തിന്റെയോ അപകടത്തിന്റെയോ സമയത്ത് എന്നപോലെ, ദൈവത്തോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നത് ഉൾപ്പെടുന്നു. പൗലോസ് ഒരു തടവുകാരനായിരുന്നപ്പോൾ “ബന്ധിതനായിരിക്കുന്ന ഒരു സ്ഥാനപതിയെന്നനിലയിൽ . . . സുവാർത്ത” നിർഭയം പ്രസംഗിക്കാൻ കഴിയത്തക്കവണ്ണം തനിക്കുവേണ്ടി അഭ്യർത്ഥന നടത്താൻ പൗലോസ് സഹക്രിസ്ത്യാനികളോടാവശ്യപ്പെട്ടു. (എഫേസ്യർ 6:18-20) റോമൻ സൈനീകോദ്യോഗസ്ഥനായിരുന്ന കോർന്നലിയോസും “ദൈവത്തോടു തുടർച്ചയായി അഭ്യർത്ഥിച്ചു.” “നിന്റെ പ്രാർത്ഥനകളും ദാനധർമ്മങ്ങളും ദൈവമുമ്പാകെ ഒരു സ്മരണയായി കയറിപ്പോയിരിക്കുന്നു!“ എന്ന് ഒരു ദൂതൻ പറഞ്ഞപ്പോൾ അവൻ എത്ര പുളകിതനായിരുന്നിരിക്കണം! പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ ആദ്യ വിജാതീയരിൽ ഉൾപ്പെട്ടത് അവന് എന്തോരു പദവിയായിരുന്നു!—പ്രവൃത്തികൾ 10:1-4, 24, 44-48.
14. യഹോവയോടുള്ള ആത്മാർത്ഥമായ അപേക്ഷ ഒരിക്കൽ മാത്രം നടത്തേണ്ടതാണോയെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?
14 സാധാരണയായി ഒരിക്കൽ മാത്രമല്ല അങ്ങനെയുള്ള ആത്മാർത്ഥമായ അപേക്ഷ നടത്തുന്നതെന്നുള്ളത് ശ്രദ്ധാർഹമാണ്. യേശു തന്റെ പ്രസിദ്ധ മലമ്പ്രസംഗത്തിൽ ഇങ്ങനെ പഠിപ്പിച്ചു: “ചോദിച്ചുകൊണ്ടിരിക്കുക, അതു നിങ്ങൾക്ക് നൽകപ്പെടും, അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, അതു നിങ്ങൾക്ക് തുറക്കപ്പെടും.” (മത്തായി 7:7) അനേകം ബൈബിൾ ഭാഷാന്തരങ്ങൾ അത് വിവർത്തനം ചെയ്യുന്നത് “ചോദിക്കുക . . . അന്വേഷിക്കുക . . . മുട്ടുക” എന്നാണ്. എന്നാൽ മൂലഗ്രീക്ക് തുടർച്ചയായ പ്രവർത്തനത്തിന്റെ ആശയം നൽകുന്നു.a
15. (എ) നെഹെമ്യാവ് അർത്ഥഹ്ശഷ്ടാരാജാവിന് വീഞ്ഞുകൊടുത്തുകൊണ്ടിരുന്നപ്പോൾ മ്ലാനവദനനായിരുന്നതെന്തുകൊണ്ട്? (ബി) നെഹെമ്യാവ് ഒരു ഹ്രസ്വ പ്രാർത്ഥന നടത്തുന്നതിലധികം ചെയ്തിരുന്നതെങ്ങനെ?
15 നെഹെമ്യാവ് പാനപാത്രവാഹകനെന്നനിലയിൽ പേർഷ്യൻ രാജാവായിരുന്ന അർത്ഥഹ്ശഷ്ടാവിനെ സേവിച്ചുകൊണ്ടിരുന്നപ്പോൾ അവൻ വളരെ മ്ലാനവദനനായിരിക്കുന്നതെന്തുകൊണ്ടെന്ന് രാജാവു ചോദിച്ചു. യെരൂശലേം ഒരു ശുന്യാവസ്ഥയിലായിരിക്കുന്നതായി താൻ മനസ്സിലാക്കിയതുകൊണ്ടാണെന്ന് നെഹെമ്യാവു പറഞ്ഞു. അപ്പോൾ രാജാവ് “നീ എന്തു നേടാനാണ് ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. ഉടൻതന്നെ നെഹെമ്യാവ് യഹോവയോട് സഹായത്തിനായി അപേക്ഷിച്ചു, ചുരുക്കമായും നിശബ്ദമായും ആയിരുന്നുവെന്നതിനു സംശയമില്ല. അനന്തരം, തന്റെ പ്രിയപ്പെട്ട സ്വന്തനഗരം പണിയുന്നതിന് യെരൂശലേമിലേക്കു മടങ്ങിപ്പോകാൻ അവൻ അനുവാദം ചോദിച്ചു. അവന്റെ അപേക്ഷ അനുവദിക്കപ്പെട്ടു. (നെഹെമ്യാവ് 2:1-6) എന്നുവരികിലും, നിർണ്ണായകമായ ആ അഭിമുഖ സംഭാഷണത്തിനു മുൻപ് നെഹെമ്യാവ് സഹായത്തിനുവേണ്ടി യഹോവയോട് അപേക്ഷിച്ചും അഭ്യർത്ഥിച്ചുംകൊണ്ട് ദിവസങ്ങൾ ചെലവഴിച്ചിരുന്നു. (നെഹെമ്യാവ് 1:4-11) നിങ്ങൾ ഇതിൽ നിങ്ങൾക്കുവേണ്ടി ഒരു പാഠം കാണുന്നുണ്ടോ?
യഹോവ ഉത്തരം നൽകുന്നു
16. (എ) അബ്രാഹാം ഏതു പ്രത്യേക പദവി ആസ്വദിച്ചു? (ബി) നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങളിൽ ഉൾപ്പെട്ടിരിക്കാൻ കഴിയുന്ന ഏതു ശക്തമായ സഹായങ്ങൾ നമുക്കുണ്ട്?
16 ചില സന്ദർഭങ്ങളിൽ അബ്രാഹാം ദൂതൻമാർ മുഖേന യഹോവയോട് ആശയവിനിയമം ചെയ്യുന്നതിനുള്ള പദവി ആസ്വദിച്ചിരുന്നു. (ഉല്പത്തി. 22:11-18, 18:1-33) അത് ഇന്നു സംഭവിക്കുന്നില്ലെങ്കിലും അബ്രാഹാമിനില്ലാഞ്ഞ ശക്തമായ സഹായങ്ങളാൽ നാം അനുഗൃഹീതരാണ്. ഒരു സഹായം സമ്പൂർണ്ണ ബൈബിളാണ്—മാർഗ്ഗനിർദ്ദേശത്തിന്റെയും ആശ്വാസത്തിന്റെയും വററാത്ത ഒരു ഉറവുതന്നെ. (സങ്കീർത്തനം 119:105; റോമർ 15:4) ഒട്ടുമിക്കപ്പോഴും നമുക്കാവശ്യമുള്ള മാർഗ്ഗനിർദ്ദേശമോ പ്രോത്സാഹനമോ നൽകാൻ ബൈബിളിനു കഴിയും, ആഗ്രഹിക്കുന്ന വാക്യങ്ങൾ ഓർമ്മിക്കാൻ യഹോവ നമ്മെ സഹായിക്കും. ദൈവം തന്റെ സ്ഥാപനത്തിലൂടെ പ്രദാനം ചെയ്തിരിക്കുന്ന ഒരു കോൺകോർഡൻസിനോ അനേകം ബൈബിൾ പ്രസിദ്ധീകരണങ്ങളിലോന്നിനോ പലപ്പോഴും നമുക്കുത്തരം നൽകാൻ കഴിയും. ഈ പ്രസിദ്ധീകരണങ്ങളുടെ വിശദവും കാര്യക്ഷമവുമായ ഒരു സൂചിക ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള മറെറാരു വിലതീരാത്ത സഹായമാണ്.
17. വേറെ ഏതു വിധങ്ങളിൽ യഹോവ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയേക്കാം, ദയയും സഹതാപവുമുള്ള ക്രിസ്ത്യാനികൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
17 നമുക്ക് ഒരു പ്രശ്നത്താൽ അസ്വസ്ഥതയുണ്ടാകുകയോ ദുഃഖമോ നിരുത്സാഹമോ തോന്നുകയോ ആണെങ്കിൽ നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങൾ മററു വിധങ്ങളിലും ലഭിച്ചേക്കാം. ദൃഷ്ടാന്തമായി, സഭയിലെയോ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിലെയോ ഒരു ബൈബിൾ പ്രസംഗത്തിൽ നമുക്കാവശ്യമുള്ള “ഔഷധം” അടങ്ങിയിട്ടുണ്ടായിരിക്കാം. മററു സമയങ്ങളിൽ, മറെറാരു ക്രിസ്ത്യാനിയുമായുള്ള ഒരു സംഭാഷണം നമുക്കാവശ്യമുള്ളത് നൽകിയേക്കാം. പല സമയങ്ങളിലും സഭാ മൂപ്പൻമാർക്ക് പ്രോത്സാഹനമോ ബുദ്ധിയുപദേശമോ നൽകാൻ കഴിയും. ഒരു നല്ല ശ്രോതാവായിരിക്കുന്ന, പക്വതയും ദയയും സഹാനുഭൂതിയുമുള്ള ഒരു ക്രിസ്ത്യാനിയോട് നമ്മുടെ ഹൃദയഭാരങ്ങൾ ഇറക്കി സംസാരിക്കുന്നതുപോലും മിക്കപ്പോഴും നമുക്കു വളരെ സുഖം തോന്നാനിടയാക്കാവുന്നതാണ്. ഈ സുഹൃത്ത് ബൈബിളാശയങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യാൻ നമ്മെ സഹായിക്കുന്നുവെങ്കിൽ അതു വിശേഷാൽ അങ്ങനെതന്നെയാണ്. അങ്ങനെയുള്ള പരസ്പര കൈമാററത്തിന് നമ്മുടെ മനസ്സിൽനിന്നും ഹൃദയത്തിൽനിന്നും ഒരു വലിയ ഭാരം ഇറക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 12:25; 1 തെസ്സലോനീക്യർ 5:14.
18. ഏതു പ്രത്യേക പ്രവർത്തനത്തിന് വിഷാദഘട്ടങ്ങളെ തരണം ചെയ്യാൻ ക്രിസ്ത്യാനികളെ സഹായിക്കാൻ കഴിയും, ഇത് ഒരു യുവ പയനിയറെ എങ്ങനെ സഹായിച്ചു?
18 ഈ “ഇടപെടാൻ പ്രയാസമുള്ള വിഷമ കാലങ്ങളിൽ” വിവിധരൂപങ്ങളിലുള്ള വിഷാദഭാവങ്ങൾ സാധാരണമാണ്. (2 തിമൊഥെയോസ് 3:1) വിവിധകാരണങ്ങളാൽ ആളുകൾ നിരുൽസാഹിതരും വിഷണ്ണരും ആയിത്തീരുന്നു. ക്രിസ്ത്യാനികൾക്കും ഇതു സംഭവിച്ചേക്കാം, അതിന് അത്യന്തം അസുഖകരമായ അനുഭവമായിരിക്കാൻ കഴിയും. എന്നാൽ സുവാർത്ത പ്രസംഗിക്കുന്നത് ഇങ്ങനെയുള്ള താൽക്കാലിക വിഷാദഭാവങ്ങളിൽനിന്ന് വിമുക്തരാകാൻ സഹായിക്കുന്നതായി അനേകർ കണ്ടെത്തിയിട്ടുണ്ട്.b നിങ്ങൾ അതു പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? അല്പം മ്ലാനത തോന്നുമ്പോൾ ഏതെങ്കിലും രൂപത്തിലുള്ള രാജ്യസേവനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുക. ദൈവരാജ്യത്തെക്കുറിച്ച് മററുള്ളവരോടു സംസാരിക്കുന്നത് മിക്കപ്പോഴും നിഷേധാത്മക മനഃസ്ഥിതിയിൽനിന്ന് ക്രിയാത്മക മനഃസ്ഥിതിയിലേക്കു മാറാൻ സഹായിക്കും. യഹോവയെക്കുറിച്ചുള്ള സംസാരത്തിനും അവന്റെ വചനത്തിന്റെ ഉപയോഗത്തിനും അവന്റെ ആത്മാവിന്റെ ഒരു ഫലമായ സന്തോഷം നിങ്ങൾക്കു നൽകാൻ കഴിയും. (ഗലാത്യർ 5:22) “രാജ്യവേലയിൽ തിരക്കുള്ളവളായിരുന്നതുകൊണ്ട്, മററുള്ളവരുടേതിനോടു താരതമ്യപ്പെടുത്തുമ്പോൾ തന്റെ പ്രശ്നങ്ങൾ വളരെ നിസ്സാരവും താൽക്കാലികവുമാണെന്ന് തിരിച്ചറിയാനിടയായി” എന്ന് ഒരു യുവ പയനിയറും കണ്ടെത്തി.
19. ആരോഗ്യം മോശമായിരുന്ന ഒരു ക്രിസ്ത്യാനി നിഷേധാത്മക ചിന്തകളെ തരണം ചെയ്തതെങ്ങനെ?
19 ചിലപ്പോൾ, ഒരുപക്ഷേ വ്യഥകളാലോ പ്രശ്നങ്ങളാലോ സങ്കീർണ്ണമാക്കപ്പെടുന്ന ഒരു ദുർബ്ബലശാരീരികാവസ്ഥക്ക് ഒരു വിഷാദഭാവത്തിലേക്കു നയിക്കാൻ കഴിയും. ഇത് ഒരുവൻ രാത്രിയിൽ അസ്വസ്ഥനായി ഉണരാൻ ഇടയാക്കിയേക്കാം. ആരോഗ്യം മോശമായിരുന്ന ഒരു മദ്ധ്യവയസ്ക്കനായ ക്രിസ്ത്യാനിക്ക് ചില സമയങ്ങളിൽ ഇതു സംഭവിച്ചു. എന്നാൽ ഹൃദയംഗമമായ പ്രാർത്ഥന ഒരു യഥാർത്ഥ സഹായമാണെന്ന് അയാൾ കണ്ടെത്തി. വിഷാദമഗ്നനായി അയാൾ ഉണർന്നപ്പോഴൊക്കെ അയാൾ ശാന്തമായി യഹോവയോടു പ്രാർത്ഥിക്കുമായിരുന്നു. ഇതു പെട്ടെന്നുതന്നെ അയാൾക്കു സുഖം തോന്നാനിടയാക്കി. 23-ാം സങ്കീർത്തനം പോലെ ആശ്വാസദായകമായ ബൈബിൾ ഭാഗങ്ങൾ ഓർമ്മയിൽനിന്ന് ആവർത്തിക്കുന്നതും ശാന്തിദായകമാണെന്ന് അയാൾ കണ്ടെത്തി. തീർച്ചയായും, പ്രാർത്ഥനക്കുത്തരമായോ തന്റെ വചനത്തിലൂടെയോ പ്രവർത്തിക്കുന്ന യഹോവയുടെ ആത്മാവ് വിഷാദത്തിനു പകരം സന്തുഷ്ടിയേറിയ ഒരു മനഃസ്ഥിതി നൽകുന്നതാണ്. പിന്നീട്, അവയെ എങ്ങനെ തരണം ചെയ്യാമെന്നു മനസ്സിലാക്കിക്കൊണ്ട് അല്ലെങ്കിൽ അവ സഹിക്കുന്നതിന് ബലിഷ്ഠനായിത്തീർന്നുകൊണ്ട് സമനിലയോടും ശാന്തതയോടുംകൂടെ തന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് ആ മനുഷ്യനു കഴിഞ്ഞു.
20. പ്രാർത്ഥനക്കുള്ള ഉത്തരം ചിലപ്പോൾ താമസിക്കുന്നതായി തോന്നിയേക്കാവുന്നതെന്തുകൊണ്ട്?
20 പ്രാർത്ഥനക്ക് ഒരു പ്രതികരണം കൈവരുത്താൻ എങ്ങനെ കഴിയുമെന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്. എന്നാൽ ചിലപ്പോൾ ഒരു പരിഹാരം കണ്ടെത്തുന്നതിൽ ഒരു താമസമുള്ളതുപോലെ തോന്നുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പരിഹാരമാർഗ്ഗം ദൈവത്തിന്റെ തക്കസമയം വരാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. ചില കേസുകളിൽ തന്റെ അപേക്ഷകർ തങ്ങളുടെ താൽപര്യത്തിന്റെ ആഴത്തെയും തങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രതയെയും തങ്ങളുടെ ഭക്തിയുടെ നിർവ്യാജതയെയും പ്രകടമാക്കാൻ ദൈവം അനുവദിക്കുന്നതായി കാണപ്പെടുന്നു. സങ്കീർത്തനക്കാരിലൊരാൾക്ക് ആ അനുഭവമുണ്ടായിരുന്നു.—സങ്കീർത്തനം 88:13, 14; 2 കൊരിന്ത്യർ 12:7-10 താരതമ്യപ്പെടുത്തുക.
21. ഇന്ന് യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുന്നത് ഒരു വലിയ പദവിയായിരിക്കുന്നതെന്തുകൊണ്ട്, നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
21 എങ്ങനെയായാലും, പ്രാർത്ഥനയിൽ സർവ്വശക്തനായ ദൈവത്തോടു സമ്പർക്കം പുലർത്തുന്നത് നമ്മെ നിരാശയിൽനിന്ന് ധൈര്യത്തിലേക്കുയർത്താൻ കഴിയുന്നതും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമായ ഒരു അനുഭവമാണ്. അവൻ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുവെന്നറിയുന്നത് എത്ര ആശ്വാസകരമാണ്! പൗലോസ് ഫിലിപ്യയിലെ സഭക്ക് എഴുതിയതുപോലെ നാം നമ്മുടെ പ്രാർത്ഥനകളും അഭ്യർത്ഥനകളും “നന്ദിപ്രകടന”ത്തോടെ അർപ്പിക്കണം. (ഫിലിപ്യർ 4:6) അതെ, നാം ദൈനംദിനം നന്ദിയോടെ നമ്മുടെ ഹൃദയങ്ങൾ യഹോവയിങ്കൽ തുറക്കുകയും “എല്ലാററിനോടുമുള്ള ബന്ധത്തിൽ നന്ദികൊടുക്കുകയും” വേണം. (1 തെസ്സലോനീക്യർ 5:18) ഇത് അടുത്ത, ഊഷ്മളമായ, ഒരു ബന്ധത്തിന് സംഭാവനചെയ്യുകയും നമുക്കു സമാധാനം കൈവരുത്തുകയും ചെയ്യും. പ്രക്ഷുബ്ധവും അപകടകരവുമായ ഈ കാലത്ത് യഹോവയുടെ ദാസൻമാർക്ക് ഇത് എത്ര പ്രധാനമാണെന്ന് അടുത്തലേഖനം പ്രകടമാക്കുന്നു. (w88 2/15)
[അടിക്കുറിപ്പുകൾ]
a വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിന്റെ കൃത്യതക്കു ചേർച്ചയായി ചാൾസ് ബി. വില്യംസ് ഈ വാക്യം ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “ചോദിച്ചു കൊണ്ടിരിക്കുക . . . അന്വേഷിച്ചുകൊണ്ടിരിക്കുക . . . മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു വാതിൽ തുറക്കും.”—പുതിയനിയമം. ജനങ്ങളുടെ ഭാഷയിലുള്ള ഒരു വിവർത്തനം.
b ഒരു താൽക്കാലിക സങ്കടഭാവം ഗുരുതരവും ദീർഘിച്ചതുമായ ഉൻമാദത്തിൽനിന്ന് വ്യത്യസ്ഥമാണ്, അത് വളരെയേറെ ഗുരുതരവും സങ്കീർണ്ണവുമായ വൈകാരികമോ മാനസികമോ ആയ ഒരു അവസ്ഥയാണ്. 1987 ഒക്ടോബർ 22-ലെ എവേക്കിന്റെ 3-16 വരെ പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ ഏതു ഘടകങ്ങൾ ക്രിസ്ത്യാനികൾ അസ്വസ്ഥരാകാനിടയാക്കിയേക്കാം?
◻ ഉൽക്കണ്ഠയെ തരണം ചെയ്യാൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും?
◻ ദൈവം തങ്ങളുടെ അടിസ്ഥാനാവശ്യങ്ങളിൽ സഹായിക്കുമെന്ന് ക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ “അഭ്യർത്ഥന”യുടെ അർത്ഥമെന്ത്, യഹോവ എങ്ങനെ ചെവികൊടുക്കുന്നുവെന്ന് കഴിഞ്ഞകാല ദൃഷ്ടാന്തങ്ങൾ ചിത്രീകരിക്കുന്നു?
◻ ഏതു വിവിധവിധങ്ങളിൽ യഹോവ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയേക്കാം?
[12-ാം പേജിലെ ചിത്രം]
‘നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് പക്ഷികളെ പോററുന്നു. നിങ്ങൾ അവയെക്കാൾ വിലയുള്ളവരല്ലയോ?’