നിങ്ങളുടെ പ്രത്യാശ—ദൈവമോ സമ്പത്തോ?
“പൂട്ടിയിട്ട രണ്ട് ഇരുമ്പു ഗേററുകൾകൊണ്ട് ബന്തവസ്സ് ചെയ്തതും ഒരു ചങ്ങലവേലിയാൽ ചുററപ്പെട്ടിട്ടുള്ളതുമായ തന്റെ ഭാവനാഗൃഹത്തിൽ വർഷങ്ങളോളം ആ സ്ത്രീ ഭയന്ന് കഴിഞ്ഞുകൂടി.”
തന്റെ ഭവനത്തിൽ നിന്ന് ആഭരണങ്ങളും പത്തുലക്ഷം ഡോളറും കവർച്ച ചെയ്ത കള്ളൻമാരുടെ കൈകൊണ്ട് മരണമടഞ്ഞ ഒരു ധനിക വിധവയെക്കുറിച്ച് വാർത്താറിപ്പോർട്ടിലെ വിവരണം ഇങ്ങനെയായിരുന്നു. അവളുടെ ജഢം കണ്ടെത്തിയതിന് ശേഷം അവളുടെ ഭവനത്തിൽ നിന്ന് പണമായി അമ്പതുലക്ഷം ഡോളർ എടുത്തുകൊണ്ട് പോകാൻ പോലീസ് പലചരക്ക് കയററുന്ന ഒരു വണ്ടി തന്നെ ഉപയോഗിച്ചു. “യേശുക്രിസ്തുവിന്” “ദൈവത്തിന്” എന്ന് ചീട്ടുകളെഴുതി വച്ചിട്ടുള്ള ആയിരക്കണക്കിനു ജൻമദിനസമ്മാനങ്ങൾ പോലീസ് കണ്ടെത്തി.
ഇതിന്റെയൊക്കെ അവകാശിയായ ആ സ്ത്രീക്ക് യാതൊരു സ്നേഹിതരും ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല. അവൾ ജീവിച്ചത് നിരന്തര ഭീതിയിലായിരുന്നുതാനും. അവൾ അത്രമാത്രം വിലയേറിയതായി കരുതിയിരുന്ന ദശലക്ഷങ്ങൾക്ക് യഥാർത്ഥത്തിൽ എന്തുവിലയാണുണ്ടായിരുന്നത്? കൂടാതെ, അവൾ ദൈവമുമ്പാകെ എത്ര സമ്പന്നയായിരുന്നിരിക്കും? ദൈവത്തെ “ജൻമദിന സമ്മാനങ്ങൾകൊണ്ട്” നേടാനാകില്ലെന്നും കൈവശ മുതലുകൾകൊണ്ട് ദൈവസമാധാനം കൈവരുകയില്ലെന്നും നിങ്ങൾ നിശ്ചയമായും മനസ്സിലാക്കുന്നുണ്ടായിരിക്കും. ‘നാം നമ്മുടെ പ്രത്യാശ അനിശ്ചിതമായ സമ്പത്തിലല്ല പിന്നെയോ നമ്മുടെ ആസ്വാദനത്തിനായി സർവ്വതും സമൃദ്ധിയായി പ്രദാനം ചെയ്യുന്ന ദൈവത്തിലത്രെ വയ്ക്കുന്നത് എന്ന ബൈബിൾ ബുദ്ധിയുപദേശത്തിൽ നിന്നും അത് കാണാൻ കഴിയും.—1 തിമൊഥെയോസ് 6:17.
ധനം ഇത്ര അനിശ്ചിതം ആയിരിക്കുന്നതെന്തുകൊണ്ടാണ്? കൊള്ളാം, യേശുവിന്റെ പിൻവരുന്ന വാക്കുകൾ എത്ര സത്യമായിരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. “കീടങ്ങളും തുരുമ്പും കാർന്നുതിന്നുകയും കള്ളൻമാർ അതിക്രമിച്ച് മോഷ്ടിക്കുകയും ചെയ്യുന്ന ഭൂമിയിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സ്വരൂപിക്കരുത്.” (മത്തായി 6:19) നിങ്ങൾ തിരിച്ചറിയുന്നതുപോലെ ഏത് വീടിനും തീ പിടിക്കാനുള്ള സാദ്ധ്യത എപ്പോഴും ഉണ്ട്. ചിലയാളുകൾ തങ്ങളുടെ അമൂല്യവസ്തുക്കൾ ബാങ്കുകളിൽ സൂക്ഷിക്കുന്നു. പക്ഷേ കള്ളൻമാർ ഇവിടെനിന്നും മോഷ്ടിച്ചിട്ടില്ലേ? ഒരു പുതുപുത്തൻ കാറ് പോലും തുരുമ്പെടുക്കും.
രാഷ്ട്രങ്ങളിലെ സാമ്പത്തികസ്ഥിതി സംബന്ധിച്ചെന്ത്? മിക്ക രാഷ്ട്രങ്ങളിലും പണപ്പെരുപ്പം ഒരു കള്ളനെപ്പോലെയാണ്; അത് ഒരാളുടെ ആസ്തികൾ വെട്ടിച്ചുരുക്കുന്നു. ജർമ്മനിയെ 1920-കളിൽ അതികഠിനമായ നാണയപ്പെരുപ്പം പ്രഹരിച്ചതിനെതുടർന്ന് ഉപഭോക്താക്കൾക്ക് . . . പലചരക്കു വാങ്ങാൻ . . . കൊട്ടക്കണക്കിന് കറൻസിനോട്ടുകൾ വേണ്ടിവന്നു. ഓഗസ്ററ് 1922 മുതൽ നവംബർ, 1923 വരെയുള്ള കാലയളവിൽ ജർമ്മനിയിൽ വിലകൾ പതിനായിരം കോടി മടങ്ങിലപ്പുറം വർദ്ധിച്ചു. (ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ) പണത്തിലുള്ള ആശ്രയം എത്ര നിരാശാജനകമായിത്തീരാം!
യേശുക്രിസ്തു ജ്ഞാനപൂർവ്വം ഇങ്ങനെ ബുദ്ധിയുപദേശം നൽകി: “കീടങ്ങളോ തുരുമ്പോ കാർന്നു തിന്നാത്തതും കള്ളൻമാർ അതിക്രമിച്ച് മോഷ്ടിക്കാത്തതും ആയ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സ്വരൂപിക്കുക.” (മത്തായി 6:20) ഈ “നിക്തേപങ്ങൾ” എന്തെല്ലാമാണ്? അതിൽ നമ്മുടെ വ്യക്തിപരമായ സൽപ്രവൃത്തിരേഖ, നാം ദൈവമുമ്പാകെ സമ്പന്നനായിരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. ‘അത് എന്നിൽ നിന്ന് എന്താവശ്യമാക്കിത്തീർക്കുന്നു?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. “നൻമ പ്രവർത്തിക്കുന്നതിനും സൽപ്രവൃത്തികളിൽ സമ്പന്നനായിരിക്കുന്നതിനും പങ്കുവയ്ക്കാനുള്ള ഒരുക്കത്തോടെ ഉദാരനായിരിക്കുന്നതിനും” സന്നദ്ധനായിരിക്കുക എന്നതാണ് അതിന്റെ ഭാഗികമായ അർത്ഥം എന്ന് ബൈബിൾ പറയുന്നു.—1 തിമൊഥെയോസ് 6:18.
മററുള്ളവരുമായി ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതാണ്—പ്രസംഗിക്കൽ, പഠിപ്പിക്കൽ, ശിഷ്യരാക്കൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് വിശേഷിച്ച് ആളുകളെ ദൈവരാജ്യത്തെക്കുറിച്ച് ഗ്രഹിക്കാൻ സഹായിക്കുന്നതാണ്—യഹോവയുടെ അംഗീകാരവും യഥാർത്ഥ സംതൃപ്തിയും കൈവരുത്തുന്ന ഉത്തമ പ്രവർത്തനങ്ങൾ എന്ന് സത്യസന്ധമായി സാക്ഷ്യം പറയാൻ കഴിയുന്ന ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ ഭൂവ്യാപകമായി ഇന്നുണ്ട്. സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ പ്രതിഫലം ഒരു വ്യക്തിയിൽനിന്ന് കവർന്നുകളയാൻ മരണത്തിനുപോലും കഴിയുകയില്ല. അതെന്തുകൊണ്ട്? യേശു ഇങ്ങനെ വാഗ്ദാനം നൽകി: “ഞാൻ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വാസം അർപ്പിക്കുന്നവൻ, അവൻ മരിച്ചാലും, ജീവനിലേക്ക് വരും.”—യോഹന്നാൻ 11:25.
നമുക്കിപ്പോൾ ആസ്വദിക്കാൻ കഴിയുന്ന വിലയററ നിധികൾ
നാം നമ്മുടെ ആശ്രയം “ദൈവത്തിൽ” വയ്ക്കണം എന്നു പറഞ്ഞതിന് ശേഷം ‘നമ്മുടെ ആസ്വാദനത്തിനായി സർവ്വതും സമൃദ്ധമായി പ്രദാനം ചെയ്യുന്നവൻ’ ദൈവം ആണ് എന്ന് തുടർന്നു പറയുന്നു. (1 തിമൊഥെയോസ് 6:17) താൻ അംഗീകരിക്കുന്ന ആളുകൾക്ക് അത്യുന്നതൻ അവരുടെ ദൈനംദിന അത്യാവശ്യങ്ങൾക്കുള്ള വക കൂടാതെ സ്നേഹപൂർവ്വം വിലയററ നിധികളും പ്രദാനം ചെയ്യുന്നു. അത്തരം നിധികൾ എന്തെല്ലാമാണ്?
സദൃശവാക്യങ്ങൾ 3:13-18 ഇങ്ങനെ പറയുന്നു: “ജ്ഞാനം കണ്ടെത്തിയ പുരുഷനും വിവേചന ലഭിച്ച മനുഷ്യനും സന്തുഷ്ടർ, എന്തെന്നാൽ അത് ലാഭമായി ഉണ്ടായിരിക്കുന്നത് വെള്ളി ലാഭമായുണ്ടായിരിക്കുന്നതിലും അത് വിളവായി ഉണ്ടായിരിക്കുന്നത് തങ്കത്തിലും ഉത്തമം. അത് മുത്തിലും വിലയേറിയത് നിങ്ങളുടെ മറെറാരു പ്രമോദവും അതിനോട് തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും; അതിന്റെ ഇടം കയ്യിൽ ധനവും മഹത്വവും. . . . അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം, അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടരെന്ന് വിളിക്കപ്പെടേണ്ടിയുമിരിക്കുന്നു.” അതുകൊണ്ട് “ജ്ഞാനം” ലോകത്തിലെ സകല സമ്പത്തുക്കളെക്കാളും കവിഞ്ഞ മൂല്യമുള്ള ഒരു നിധിയാണ്.
ജ്ഞാനം അറിവിന്റെ ഉചിതമായ രീതിയിലുള്ള ഉപയോഗം ആണ്. പ്രശ്നങ്ങൾ ദൂരികരിക്കുന്നതിലും ഒഴിവാക്കുന്നതിലും അഥവാ അപകടങ്ങൾ തടയുന്നതിലും ചില ലക്ഷ്യങ്ങൾ ആർജ്ജിച്ചെടുക്കുന്നതിലും അല്ലെങ്കിൽ അതിന് മററുള്ളവരെ സഹായിക്കുന്നതിലും അറിവും ഗ്രാഹ്യവും വിജയകരമായി ഉപയോഗിക്കുന്നതിനുള്ള പ്രാപ്തിയാണ് അത്. ജീവിതത്തിലെ പരീക്ഷകൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിനും ദൈവവുമായി ഒരു ഉത്തമനില കാക്കുന്നതിനും അത്തരം ജ്ഞാനം നമുക്ക് ഇന്നാവശ്യമാണ് എന്നതിനോട് നിങ്ങൾ യോജിക്കുകയില്ലേ?
ജ്ഞാനത്തെ വർണ്ണിക്കവേ സദൃശവാക്യങ്ങൾ 3:13-18 വരെയുള്ള ഭാഗം സന്തുഷ്ടിയെ ഉയർത്തിക്കാണിക്കുന്നു. നാമെല്ലാം ആഗ്രഹിക്കുന്ന ഒരു നിധിയല്ലേ സന്തുഷ്ടി? ദൈവീകജ്ഞാനം ഈ സന്തുഷ്ടി നമുക്ക് തരും കാരണം വാസ്തവികമായ സന്തുഷ്ടി അതിന്റെ ഉറവിടമായ യഹോവയാം ദൈവത്തിൽ നിന്നേ വരികയുള്ളു. അത്യുന്നതനെ അനുസരിക്കുകയും അവന്റെ ആത്മാവിന്റെ വ്യാപാരത്തിന് വിധേയമാവുകയും ചെയ്യാതിരുന്നാൽ വാസ്തവികമായ സന്തുഷ്ടി നേടിയെടുക്കാൻ സാദ്ധ്യമല്ല എന്ന് അനുഭവം തെളിയിച്ചിരിക്കുന്നു. ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സമാധാനം നമ്മുടെ സ്വർഗ്ഗീയ പിതാവുമായുള്ള ഉചിതമായ ബന്ധത്തെ അഥവാ അംഗീകൃത നിലയെ ആശ്രയിച്ചിരിക്കുന്നു. (മത്തായി 5:3-10) അതുകൊണ്ട് ബൈബിളദ്ധ്യയനത്തിലൂടെ നാം ഗ്രഹിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതുവഴി നാം “ഉയരത്തിൽ നിന്നുള്ള ജ്ഞാനം പ്രദർശിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. അത് നമുക്ക് ലോകത്തിലെ യാതൊരു ധനത്തിനും നേടിയെടുക്കാനാകാത്ത സന്തുഷ്ടി പ്രദാനം ചെയ്യുന്നു.
സദൃശവാക്യങ്ങൾ 3:16 ഇങ്ങനെയും പറയുന്നുവെന്നു ഓർമ്മിക്കുക: “അതിന്റെ വലംകയ്യിൽ ദീർഘായുസ്സുണ്ട്.” ഒരുവനെ സഹായിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ സംരക്ഷിക്കാനും സദാ ഒരുക്കമുള്ള സംരക്ഷണത്തിന്റെ വലംകയ്യെ ഇത് പരാമർശിക്കുന്നതായിട്ടാണ് മനസ്സിലാക്കാവുന്നത്. ഇന്നു അനേകർ വഴിപിഴച്ച ജീവിതം, ലൈംഗിക അധാർമ്മികത, മയക്കുമരുന്നു ദുരുപയോഗം തുടങ്ങിയവയിൽ മുഴുകുന്നു. എയ്ഡ്സ് എന്ന രോഗം (ആർജ്ജിത രോഗപ്രതിരോധക്ഷയ വ്യാധി) അത്തരം ശീലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് നിങ്ങൾ വായിച്ചിരിക്കാനിടയുണ്ട്. നിങ്ങൾ നിരീക്ഷിച്ചതിൽ നിന്നും ആ കാര്യങ്ങൾ ശീലിക്കുന്നവർ യഥാർത്ഥത്തിൽ സന്തുഷ്ടരാണോ? അതോ അവർ തങ്ങളുടെമേലും മററുള്ളവരുടെമേലും വളരെ ദുഃഖവും വേദനയും മരണവും പോലും വരുത്തി വയ്ക്കുകയാണോ ചെയ്യുന്നത്?
ഇതിനു വിപരീതമായി, ദൈവവചനത്തിൽ നിന്നുള്ള ജ്ഞാനപൂർവ്വകമായ ബുദ്ധിയുപദേശം ബാധകമാക്കുന്നത് നമ്മെ അത്തരം അപകടങ്ങളിൽ നിന്ന് രക്ഷിക്കത്തക്കവണ്ണം എപ്പോഴും നമ്മുടെ “വലം കൈ” എന്ന പോലെ വർത്തിക്കും. അതുകൊണ്ട് അകാലമരണത്തിലേക്ക് നയിക്കുന്ന ഒരു ഗതിയിൽനിന്ന് നമ്മെ കാവൽ ചെയ്തുകൊണ്ട് ജ്ഞാനം നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കും. അപ്രകാരം ദൈവീകമായ ജ്ഞാനം നമ്മുടെ ഇന്നത്തെ ജീവിതം ഏറെ സന്തോഷകരമായ ഒന്നാക്കിത്തീർക്കുന്നു.
ഇപ്പോൾ ജ്ഞാനപൂർവ്വം നടക്കുക.
നമുക്കു ചുററിനുമുള്ള സകല തെളിവുകളും നാം ഈ ലോകവ്യവസ്ഥിതിയുടെ “അവസാന നാളുകളിലാണ്” ജീവിക്കുന്നത് എന്ന് കാണിക്കുന്നു. (2 തിമൊഥെയോസ് 3:1-5) ആ സ്ഥിതിക്ക് ലോകത്തിന്റെ ആത്മാവിന് നാം വശംവദരാകാതെ സ്വയം കാക്കുക എന്നത് മർമ്മപ്രധാനമാണ്. അത്തരം ആത്മാവ് ഭൗതിക കാര്യങ്ങൾക്ക് ഊന്നൽ നൽകുകയും സ്വാർത്ഥമോഹങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യും. ബൈബിൾ രേഖയിലെ ഒരു വിശ്വസ്ത പുരുഷനായ ഇയ്യോബിനെ സംബന്ധിച്ചു കൊണ്ടുവന്ന ആരോപണങ്ങളിലൊന്ന് അവൻ ദൈവത്തെ ആരാധിച്ചത് സ്വാർത്ഥ താത്പര്യങ്ങളെ, ഭൗതിക നേട്ടങ്ങളെ പ്രതിയാണ് എന്നായിരുന്നു. (ഇയ്യോബ് 1:9-11) നമ്മുടെ മേൽ അത്തരമൊരു ആരോപണം സത്യതയോടെ ആരോപിക്കാൻ കഴിയുമോ?
ഇല്ല എന്ന് നാം ഉത്തരം നൽകുന്നുവെങ്കിൽ നാം ഇന്നത്തെ ഭൗതികത്വത്തെ വിജയപൂർവ്വം നേരിടുന്നുണ്ടായിരിക്കാം. പക്ഷേ ഭൗതികത്വം എന്ന ഈ അപകടം നാം നേരിടുന്ന ഏററവും നിഗൂഢമായ അപകടങ്ങളിലൊന്നാണ്. “ഈ വ്യവസ്ഥിതിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും ധനത്തിന്റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കിക്കളയും” എന്ന് യേശു പറഞ്ഞു. (മത്തായി 13:22) വ്യക്തമായും, നാം നിരന്തരം “ധനത്തിന്റെ വഞ്ചകശക്തി”ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട് കാരണം ഇവ അത്ര മൂല്യമേറിയതല്ല.
ഭൗതിക വസ്തുക്കളുടെ ആപേക്ഷികമൂല്യത്തെക്കുറിച്ച് നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കുന്നത് ആവശ്യമാണ്. ദൈവവചനം പറയുന്നു: “ധനവാന്റെ വിലയേറിയ വസ്തുക്കൾ അവന് ഉറപ്പുള്ള പട്ടണം, അവന്റെ ഭാവനയിൽ അവയൊരു സംരക്ഷക മതിലും തന്നെ.” (സദൃശവാക്യങ്ങൾ 18:11) അതെ, സമ്പത്തിന് പ്രദാനം ചെയ്യാൻ കഴിയുന്ന സംരക്ഷണം വെറും ഭാവനയാണ്, അതൊരു വഞ്ചനതന്നെ. ഭൗതിക വസ്തുക്കൾ അവയിൽത്തന്നെ വഷളാണ് എന്ന് അതിനർത്ഥമില്ല. തെററായ സംഗതി, ദൈവത്തിന്റെ അംഗീകാരം നേടുന്നതിൽ നമ്മുടെ ജീവിതങ്ങൾ കേന്ദ്രീകരിക്കുന്നതിനു പകരം ഈ വകയിൽ കേന്ദ്രീകരിക്കുന്നതാണ്. ചരിത്രത്തിലെ ഏററവും ജ്ഞാനികളായ ഗുരുക്കൻമാരിൽ ഒരാളായി ആദരിക്കപ്പെടുന്ന യേശുക്രിസ്തു സൂഷ്മസ്പർശിയായി ഇങ്ങനെ പറഞ്ഞു: “ഒരു വ്യക്തിക്ക് സമൃദ്ധിയുണ്ടായാലും അവന്റെ വസ്തുവകയല്ല അവന് ജീവനാധാരമായിരിക്കുന്നത്—ലൂക്കോസ് 12:15.
അതുകൊണ്ട് നമ്മെ “ദൈവസന്നിധിയിൽ സമ്പന്നരാക്കുന്ന ഒരു ഗതി നമുക്ക് പിന്തുടരാം. (ലൂക്കോസ് 12:21) സൃഷ്ടാവിൻ മുമ്പാകെയുള്ള ഒരു അംഗീകൃത നിലയെക്കാൾ വിലയേറിയ യാതൊന്നുമില്ല. അത് നിലനിർത്താനുള്ള സർവ്വ പ്രയത്നവും ‘നമുക്കു യഥാർത്ഥ ജീവന്റെമേൽ ഒരു ദൃഢമായ പിടി’ ലഭിക്കുന്നതിനു തക്കവണ്ണം ഭാവിക്കുവേണ്ടി ഒരു ഉത്തമ അടിസ്ഥാനം കാത്തുരക്ഷിക്കുന്നതിനുള്ള മുതൽകൂട്ടായി ഉതകും.—1 തിമൊഥെയോസ് 6:19. (w86 6/15)