യുവജനങ്ങൾ ചോദിക്കുന്നു. . .
കുശുകുശുപ്പ് അതിന്റെ ദോഷമെന്താണ്?
“അവർ [യുവജനങ്ങൾ] അന്യോന്യം കുശുകുശുത്തുകൊണ്ട് പലയിടങ്ങളിലും തങ്ങിനിന്ന് തങ്ങളുടെ സമയം ചെലവഴിക്കുന്നു.”—സോക്രട്ടീസ്, ക്രി. മു. ഏതാണ്ട് 400.
‘നിങ്ങൾ ഏററവും പുതിയ വാർത്ത കേട്ടോ?’ ‘എന്താണെന്ന് ഊഹിക്കാമോ?’ ‘ഇത ഒന്നു കേട്ടിട്ടേ പോകാവൂ!’ ‘നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കാമോ?’ ഇവയെല്ലാം സാധാരണയായി മററുള്ളവരെ സംബന്ധിച്ച സ്വകാര്യമോ അവിശ്വസനീയമോ നിറപ്പകിട്ടാർന്നതുപോലുമോ ആയ വാർത്തകൾ കൈമാറുന്നതിന്റെ മുഖവുരകളാണ്—പൊതുവേ കുശുകുശുപ്പ് എന്ന് അറിയപ്പെടുന്ന ഒരു ശീലം.
സോക്രട്ടീസിന്റെ നാളിലെപ്പോലെ യുവാക്കൾ ഇപ്പോഴും പ്രത്യേകാൽ ഈ ശീലത്തിൽ ആസക്തരാണ്. ഗവേഷകർ കുശുകുശുപ്പിനെ വർഗ്ഗ, യുഗ, സംസ്കാരങ്ങളെ മറികടക്കുന്ന ഒരു സാർവദേശീയപ്രതിഭാസം എന്ന് വിളിക്കുന്നു. എന്തിന്, ജേണൽ ഓഫ കമ്യൂണിക്കേഷൻ അനുസരിച്ച് കൊച്ചു കുട്ടികൾപോലും, “പരമാർത്ഥത്തിൽ അവർക്ക് സംസാരിക്കാനും മററുള്ളവരെ തിരിച്ചറിഞ്ഞുതുടങ്ങാനും കഴിയുന്നതുമുതൽ” കുശുകുശുപ്പു നടത്തുന്നു.
കുശുകുശുപ്പ് തികച്ചും ഒരു സ്ത്രീസ്വഭാവമാണ്, ശരിയോ? തെററ്! ഗവേഷകരായ ലെവിനും ആർലൂക്കും ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ ഒരു കൂട്ടം കോളജ്വിദ്യാർത്ഥികളുടെ സംഭാഷണങ്ങൾ അപഗ്രഥനംചെയ്തു. ഫലമെന്തായിരുന്നു? ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം തന്നെ കുശുകുശുപ്പിനു ചായ്വുള്ളവരാണെന്ന് തെളിഞ്ഞു!
നാം കുശുകുശുപ്പ് ഇത്ര ആകർഷകമായി കണ്ടെത്തുന്നതെന്തുകൊണ്ട്? അതുസംബന്ധിച്ച് ജാഗ്രത പുലർത്താൻ നല്ല കാരണമുണ്ടോ?
കുശുകുശുപ്പ—നല്ലതും ചീത്തയും വൃത്തിഹീനവും
കുശുകുശുപ്പ് വ്യർത്ഥസംസാരമാണ്. എന്നിരുന്നാലും സുനിശ്ചിതമായി അത് കാര്യങ്ങളിലല്ല പിന്നെയോ മററുള്ളവരുടെ തെററുകളിലും പരാജയങ്ങളിലും വിജയങ്ങളിലും ദൗർഭാഗ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെയുള്ള സംസാരം അവശ്യം ഹാനികരമോ ദ്രോഹകരമോ ആയിരിക്കണമെന്നില്ല. ഏതായാലും മററാളുകളിൽ തൽപ്പരരാകുന്നത് മനുഷ്യപ്രകൃതമാണ്. ‘നമ്മുടെ സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താൽപ്പര്യത്തോടെയല്ല മററുള്ളവരുടേതിലും വ്യക്തിപരമായ താൽപ്പര്യത്തോടെ ദൃഷ്ടിവെക്കാൻ’ ബൈബിൾ ഉദ്ബോധിപ്പിക്കപോലും ചെയ്യുന്നു.—ഫിലിപ്പിയർ 2:4.
അപ്പോൾ ശ്രദ്ധാപൂർവം നിയന്ത്രിക്കപ്പെടുകയാണെങ്കിൽ കുശുകുശുപ്പ് കേവലം പ്രയോജനമുള്ള വിവരങ്ങളുടെ ഒരു കൈമാററമായിരിക്കാം. ദൃഷ്ടാന്തത്തിന് മിസ്സസ്സ് ജോൺസിന് സുഖമില്ലെന്നും അവളുടെ ഷോപ്പിംഗിനു സഹായം ആവശ്യമുണ്ടെന്നും നിങ്ങളുടെ സ്നേഹിതനായ ജോണിന്റെ സ്കൂൾ കഴിഞ്ഞുള്ള ജോലി നഷ്ടപ്പെട്ടതിൽ അവന് മനഃപ്രയാസമുണ്ടെന്നും നിങ്ങളുടെ അയൽക്കാരിയായ സാലി താമസം മാററുകയാണെന്നും നിങ്ങൾ എങ്ങനെ അറിയുന്നു? ഏതെങ്കിലും ഔദ്യോഗികമായ അറിയിപ്പിനാലാണോ? അല്ല, ഒട്ടുമിക്കപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ അനൗപചാരികമായ സംസാരത്തിലൂടെ—വേണമെങ്കിൽ കുശുകുശുപ്പിലൂടെ—മനസ്സിലാക്കപ്പെടുന്നു.
ബൈബിളിൽ “കുശുകുശുപ്പുകാർ”ക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്ന മൂല ഗ്രീക്കുപദം “വാക്കുകൾ കവിഞ്ഞൊഴുകുക” എന്നർത്ഥമുള്ള ഒരു ക്രിയയിൽ നിന്നു വന്നിട്ടുള്ളതാണ്. (1 തിമൊഥെയോസ് 5:13; ലിഡലിന്റെയും സ്കോട്ടിന്റെയും ഒരു ഗ്രീക്ക ഇംഗ്ലീഷ ലെകസിക്കൻ.) സദൃശവാക്യങ്ങൾ 10:19-ലെ വാക്കുകളെക്കുറിച്ച് നാം അനുസ്മരിപ്പിക്കപ്പെടുന്നു: “വാക്കുകളുടെ പെരുപ്പത്തിൽ ലംഘനമില്ലാതെവരികയില്ല, എന്നാൽ തന്റെ അധരങ്ങളെ നിയന്ത്രിക്കുന്നവൻ വിവേകപൂർവം പ്രവർത്തിക്കുന്നു.” സംഭാഷണത്തിലെ സുവർണ്ണനിയമത്തിന്റെ അർത്ഥം നിങ്ങൾ സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കുക എന്നാണ്!
ദോഷകരവും നിർദ്ദോഷവുമായ കുശുകുശുപ്പിനിടയ്ക്കത്തെ രേഖ വഞ്ചകമായി ലോലമായിരിക്കാൻ കഴിയും. ‘ജോൺ മേലാൽ കവലയിൽ ജോലിചെയ്യുന്നില്ല’ എന്ന പ്രഖ്യാപനം ‘ജോണിന് ഒരു ജോലിയിൽ തങ്ങിനിൽക്കാൻ കഴിയുന്നില്ല’ എന്നു പറയുന്നതിൽനിന്ന് വളരെ വ്യത്യസ്തമല്ലായിരിക്കാം.—ഒരു ഏഷണിയുമായുള്ള മേളാങ്കം! ആരെയെങ്കിലുംകുറിച്ച് എന്തെങ്കിലും നല്ല കാര്യം പറയാനുള്ള ശ്രമംപോലും മിക്കപ്പോഴും തെററിൽ കലാശിച്ചേക്കാം. ‘ജൂലി ക്ലാസ്സിലെ ഏററവും സാമർത്ഥ്യമുള്ള വിദ്യാർത്ഥിനിയാണ്’ എന്ന പ്രസ്താവനക്കു പിന്നാലെ ‘എന്നാൽ അവളുടെ വസ്ത്രധാരണരീതി നീ ശ്രദ്ധിച്ചിട്ടുണ്ടോ?’ എന്ന പ്രസ്താവന വരിക എളുപ്പമാണ്. മിക്കപ്പോഴും കുശുകുശുപ്പിന് തികച്ചും വൃത്തികെട്ടതായിത്തീരാൻ കഴിയും, ആരെയെങ്കിലുംകുറിച്ചുള്ള അപകീർത്തികരമായ വ്യാജങ്ങളും കിംവദന്തികളും പരത്തുന്നതിനുള്ള വാഹനമായിരിക്കാൻ കഴിയും.
നിഷേധാത്മകമായ കുശുകുശുപ്പ—അത എന്തുകൊണ്ടു സംഭവിക്കുന്നു?
അപ്പോൾ, കുശുകുശുപ്പ് മിക്കപ്പോഴും നിഷേധാത്മകത്വത്തിലേക്ക് വഴുതിവീഴുന്നതെന്തുകൊണ്ട്? ഒരു സംഗതി, ‘ഹൃദയം വഞ്ചനാത്മകമാണ്,’ നിഷേധാത്മക സംസാരം മിക്കപ്പോഴും സ്വാർത്ഥപരമായ ചില പ്രത്യേക വൈകാരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.—യിരെമ്യാവ് 17:9.
“മററുള്ളവർക്കറിഞ്ഞുകൂടാത്ത എന്തെങ്കിലും അറിയുന്നത് നിങ്ങൾ പ്രാധാന്യമുള്ള ആളാണെന്നു വിചാരിക്കാനിടയാക്കുന്നു,” എന്ന് ചെറുപ്പക്കാരനായ കോണി സമ്മതിക്കുന്നു. ഒട്ടുമിക്കപ്പോഴും ആ “എന്തെങ്കിലും”, മററാരെയെങ്കിലും സംബന്ധിച്ച തികച്ചും അപകീർത്തികരമായ വാർത്താശകലമായിരിക്കുകയും ചെയ്യും. മററുള്ളവരുടെ ന്യൂനതകളും തെററുകളും ചൂണ്ടിക്കാണിക്കുന്നത് അവരുടെ സ്വന്തം കുറവുകളെ മറയ്ക്കുന്നുവെന്ന് മററു ചിലർ വിചാരിക്കുന്നു. വേറെ ചിലർക്ക് കുശുകുശുപ്പ് തങ്ങളുടെ സ്വന്തം ജനപ്രീതി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ്. മററുള്ളവരോട് ആദ്യം പറയുന്നത് തങ്ങൾ ആയിരിക്കാൻ അവർ സകലവും അറിയാൻ കഠിനശ്രമം ചെയ്യുന്നു. അൽപ്പനിമിഷത്തെ ഈ പ്രാമുഖ്യത ആസ്വദിക്കുന്നതിന് അവർ തങ്ങളുടെ ഉത്തമ സുഹൃത്തുക്കളുടെ വിശ്വാസത്തെ ഒററുകൊടുക്കും. നിങ്ങളോട് മററുള്ളവരെ സംബന്ധിച്ച് സംസാരിക്കുന്ന ആൾ സാധാരണയായി നിങ്ങളെക്കുറിച്ച് മററുള്ളവരോടും സംസാരിക്കുമെന്ന് ഓർക്കുക.
കുശുകുശുപ്പ് കോപവും ക്ഷതവും അസൂയയും പ്രകടമാക്കുന്നതിനുള്ള സൗകര്യപ്രദമായ ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെടാൻ കഴിയും. ചിലർ ഇഷ്ടമില്ലാത്ത ഒരാളെ വേദനിപ്പിക്കാൻ അസത്യകഥകൾ കെട്ടിച്ചമക്കുകപോലും ചെയ്യും. (സദൃശവാക്യങ്ങൾ 26:28 താരതമ്യപ്പെടുത്തുക.) അങ്ങനെ ഒരു പെൺകുട്ടി ഒരു സഹപാഠി ഗർഭിണിയാണെന്നുള്ള കിംവദന്തി പരത്തി—പ്രത്യക്ഷത്തിൽ ആ സഹപാഠി തനിക്ക് ഇഷ്ടമുള്ള ഒരു ആൺകുട്ടിയുമായി ഡെയിററിംഗ് നടത്തിയതുനിമിത്തമായിരുന്നു അത്.
മിക്കപ്പോഴും ചിന്തയില്ലായ്മയേക്കാൾ ഉപരി ദ്രോഹചിന്തയിൽനിന്നായിരിക്കുന്നില്ല നിഷേധാത്മക കുശുകുശുപ്പുണ്ടാകുന്നത്. ഒരു കൗമാരപ്രായക്കാരി ഇങ്ങനെ സമ്മതിച്ചു: “ചിലപ്പോൾ ഞാൻ പറയാൻ പോകുന്നത് നൂറു ശതമാനം സത്യമായിരിക്കാൻ സാദ്ധ്യതയില്ല എന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എന്നാൽ അത് മിക്കപ്പോഴും ഒരു ആസക്തിപോലെയാണ്. എനിക്ക് നിർത്താൻ കഴിയുന്നതിനുമുമ്പ് ഞാൻ കാര്യങ്ങൾ പറയുന്നു—പലപ്പോഴും അതെല്ലാം പിന്നീട് എന്നിലേക്ക് തിരികെവരുന്നു.”
നിഷേധാത്മക കുശുകുശുപ്പ—ഇരുവായത്തലയുള്ള ഒരു വാൾ
ആന്തരം എന്തുതന്നെയായിരുന്നാലും, നിഷേധാത്മക കുശുകുശുപ്പ് ഒരു ഇരുവായ്ത്തലയുള്ള വാളാണ്. മറിച്ച്, അതിന് മറെറാരാളുടെ പേരിനും കീർത്തിക്കും അപരിഹാര്യമായ തകരാറുവരുത്താൻ കഴിയും. ററീൻമാസിക പ്രസ്താവിച്ചതുപോലെ: “നിങ്ങൾ മററാളുകളെക്കുറിച്ച് കുശുകുശുക്കുകയും വിമർശിക്കുകയും രഹസ്യം വെളിപ്പെടുത്തുകയും അതിശയോക്തി പറയുകയും ചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ തികച്ചും വ്യാജം പറയുന്നുവെങ്കിൽ, നിങ്ങൾ ബന്ധങ്ങളെ അപകടപ്പെടുത്താനോ നശിപ്പിക്കാനോ ആണു സാദ്ധ്യത—പുതിയ സൗഹൃദങ്ങൾ രൂപംകൊള്ളുന്നതിനു വിഘാതം സൃഷ്ടിക്കാനും തികച്ചും സാധ്യതയുണ്ട്.” അല്ലെങ്കിൽ ബൈബിൾ പ്രസ്താവിക്കുന്നതുപോലെ: “ലംഘനം മൂടിവെക്കുന്നവൻ സ്നേഹം തേടുകയാണ്, ഒരു കാര്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവൻ അന്യോന്യം പരിചയമുള്ളവരെ തമ്മിൽ വേർപെടുത്തുകയാണ്.”—സദൃശവാക്യങ്ങൾ 17:9; സദൃശവാക്യങ്ങൾ 16:28 താരതമ്യംചെയ്യുക.
മറിച്ച്, കുശുകുശുപ്പ് അതു നടത്തുന്ന ആളിനിട്ട് തിരിച്ചടിക്കാനും അയാൾക്കു കുഴപ്പം വരുത്താനും കഴിയും. കേൾക്കുന്ന ചെവികളെ നേടുന്നതിനു പകരം കുശുകുശുപ്പിന് അവിശ്വാസം ജനിപ്പിക്കാൻ കഴിയും. “കുശുകുശുക്കുന്ന ആരെയും ഒരു രഹസ്യംസംബന്ധിച്ച് ആശ്രയിക്കാൻ കഴിയുകയില്ല” എന്ന് സദൃശവാക്യങ്ങൾ 11:13 പറയുന്നു. (ററുഡേയസ ഇംഗ്ലീഷ വേർഷൻ) ആരെക്കുറിച്ചു സംസാരിക്കുന്നുവോ അയാൾ ഒരു രഹസ്യം പുറത്തുവിടപ്പെട്ടുവെന്നോ ഒരു തെററ് കൊട്ടിഘോഷിച്ചുവെന്നോ അറിയുമ്പോൾ അസന്തുഷ്ടനാകുമെന്നു തീർച്ചയാണ്. “വടക്കൻകാററ് മഴ കൊണ്ടുവരുന്നതുപോലെതന്നെ തീർച്ചയായി കുശുകുശുപ്പ് കോപം വരുത്തുന്നു”വെന്ന് സദൃശവാക്യങ്ങൾ 25:23 പറയുന്നു.—TEV
മററുള്ളവരെക്കുറിച്ച് ഇടിച്ചുസംസാരിക്കുന്നയാൾ ദൈവവുമായുള്ള അയാളുടെ ബന്ധത്തിനും അപകടസാദ്ധ്യത വരുത്തിക്കൂട്ടുന്നു. മിക്കപ്പോഴും ലക്കുംലഗാനുമില്ലാത്ത സംസാരം ഏഷണിയായിത്തീരുന്നു. യഹോവ സഹവസിക്കുന്നത് “തന്റെ നാവുകൊണ്ടു ഏഷണിപറഞ്ഞിട്ടില്ലാത്തവനോടു” മാത്രമാണ്, “തന്റെ ചങ്ങാതിയോട് യാതൊരു ദോഷവും ചെയ്തിട്ടില്ലാത്തവനോടു”തന്നെ. (സങ്കീർത്തനം 15:1, 3) എന്നിരുന്നാലും, നാം അടിസ്ഥാനരഹിതമായ ഒരു കിംവദന്തി പരത്തുമ്പോൾ നാം യഥാർഥത്തിൽ വ്യാജത്തിന്റെ ഒരു പങ്കാളിയായിത്തീർന്നേക്കാം—അത് യഹോവയാം ദൈവം വെറുക്കുന്ന ഒരു സംഗതിയാണ്.—സദൃശവാക്യങ്ങൾ 6:16, 17.
കുശുകുശുപ്പിന്റെ കെണി ഒഴിവാക്കൽ
മററാളുകളെക്കുറിച്ച് ഒട്ടും സംസാരിക്കാതിരിക്കുക അസാദ്ധ്യംതന്നെയാണ്. എന്നാൽ “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്ന സകല കാര്യങ്ങളും നിങ്ങളും അതുപോലെ അവർക്കു ചെയ്യണം” എന്ന സുവർണ്ണനിയമം നിങ്ങൾ ബാധകമാക്കുന്നുവെങ്കിൽ അനേകം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.—മത്തായി 7:12
ഇതിന്റെ അർത്ഥം ഹാനികരമായ കുശുകുശുപ്പ ശ്രദ്ധിക്കാൻ വിസമ്മതിക്കുക എന്നാണ്! “തന്റെ അധരങ്ങൾകൊണ്ട് വശീകരിക്കപ്പെട്ട ഒരുവനോട് നിനക്ക് കൂട്ടായ്മ ഉണ്ടായിരിക്കരുത്” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 20:19) നിങ്ങൾ ദ്രോഹകരമായ അഥവാ ഹാനികരമായ സംസാരം ശ്രദ്ധിക്കുന്നുവെങ്കിൽ നിങ്ങൾ അതിന്റെ നേരെ കണ്ണടക്കുകയാണ്. റോസലിൻ എന്നു പേരായ ഒരു യുവതി പ്രസ്താവിച്ചതുപോലെ, ‘കുശുകുശുപ്പു ശ്രദ്ധിക്കുന്നവർ കുശുകുശുപ്പുകാരെ പ്രോൽസാഹിപ്പിക്കുകയാണ്.’ മാത്രവുമല്ല, ‘രസകരമായ വിവരം’ നിങ്ങളിൽതന്നെ ഒതുക്കിവെക്കുക പ്രയാസമായിരിക്കത്തക്കവണ്ണം ആകർഷകമാണെന്ന് കണ്ടെത്താനും ഏഷണിയുടെ ഒരു ദ്രോഹകരമായ ശൃംഖലയിൽ പങ്കുകാരനാകാനുമുള്ള സാദ്ധ്യതയുണ്ട്.
അതുകൊണ്ട് നിഷേധാത്മകസംസാരം തടയുക. ഹാനികരമായ കുശുകുശുപ്പിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ഒരു പ്രഭാഷണം നടത്തണമെന്ന് ഇത് അവശ്യം അർത്ഥമാക്കുന്നില്ല. എന്നാൽ സംഭാഷണത്തെ ഒരു പുതിയ ദിശയിൽ തിരിച്ചുവിട്ടുകൊണ്ട് അല്ലെങ്കിൽ ചർച്ചചെയ്യുന്ന ആളിനെക്കുറിച്ച് ശ്ലാഘനീയമായ എന്തെങ്കിലും പറഞ്ഞുകൊണ്ട് നിങ്ങൾക്ക് വിഷയം മാററാൻ ശ്രമിക്കാവുന്നതാണ്. ദ്രോഹകരമായ സംസാരം തുടരുന്നുവെങ്കിൽ അതിനെ സംഭാഷണം നിർത്തി പിരിയാനുള്ള ഒരു സൂചനയായി കണക്കാക്കുക.
അതെ, എന്തെങ്കിലും തീർച്ചയായും സത്യമായിരിക്കാം—പ്രേരണാത്മകമോ ആവേശം കൊള്ളിക്കുന്നതോ ആയിരിക്കാം. എന്നാൽ അത് യഥാർത്ഥത്തിൽ പറയേണ്ടയാവശ്യമുണ്ടോ? അത് മുഷിപ്പിക്കുകയൊ ഏഷണിയായിത്തീരുകയൊ നിന്ദിക്കുകയൊ ബുദ്ധിമുട്ടിപ്പിക്കുകയൊ ചെയ്യുമോ? നിങ്ങൾ അത് ആളിന്റെ മുഖത്തുനോക്കി പറയുമോ? ആരെങ്കിലും നിങ്ങളേക്കുറിച്ച് അതു പറഞ്ഞാൽ നിങ്ങൾക്കെന്തു തോന്നും? “ജ്ഞാനികളുടെ നാവ് അറിവുകൊണ്ട് നൻമ ചെയ്യുന്നു” എന്ന് സദൃശവാക്യങ്ങൾ 15:2 പറയുന്നു, എന്നാൽ “മൂഢൻമാരുടെ വായ് ഭോഷത്വം പൊഴിക്കുന്നു.”
അതുകൊണ്ട് നിങ്ങളുടെ അധരങ്ങളെ നിയന്ത്രിക്കുക. വലിയ മനസ്സുകൾ ആശയങ്ങളെക്കുറിച്ചു സംസാരിക്കുന്നു എന്നും ശരാശരി മനസ്സുകൾ വസ്തുക്കളെക്കുറിച്ചു സംസാരിക്കുന്നു എന്നും ചെറിയ മനസ്സുകൾ ആളുകളെക്കുറിച്ചു സംസാരിക്കുന്നു എന്നും പറയപ്പെടുന്നു! നിങ്ങളുടെ സംഭാഷണം വിശാലമാക്കുക. വ്യർത്ഥവും ദ്രോഹകരവുമായ കുശുകുശുപ്പിനെക്കാൾ സംഭാഷണത്തിനുതകുന്ന അനേകം വളരെ നല്ല കാര്യങ്ങൾ ഉണ്ട്.—അവയിൽ ആത്മീയ കാര്യങ്ങൾ ഉൾപ്പെടുന്നു.a (g89 7/8)
[അടിക്കുറിപ്പുകൾ]
a ഒരു ഭാവി ലേഖനം കുശുകുശുപ്പിന് ഇരയായിത്തീരുന്നതിനെക്കുറിച്ച് ചർച്ചചെയ്യും.
[19-ാം പേജിലെ ചിത്രം]
കുശുകുശുപ്പുകാരൻ മിക്കപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ആസ്വദിക്കുന്നു
[20-ാം പേജിലെ ചിത്രം]
നിങ്ങൾ ദ്രോഹകരമോ ഹാനികരമോ ആയ സംസാരം ശ്രദ്ധിക്കുന്നെങ്കിൽ നിങ്ങൾ അതിനു നേരെ കണ്ണടക്കുകയാണ്