ബൈബിൾ വിശേഷാശയങ്ങൾ സദൃശവാക്യങ്ങൾ 1:1-31:31
യഹോവയെ ഭയപ്പെടുക എന്നാൽ നീ സന്തുഷ്ടനായിരിക്കും
“യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” (9:10) സദൃശവാക്യങ്ങളിൽ ഇത് എത്ര നന്നായി കാണിച്ചിരിക്കുന്നു! ഈ ബൈബിൾ പുസ്തകം ഏകദേശം പൊ. യു. മു. 716-ൽ പൂർത്തിയാക്കപ്പെട്ടു; അറിവു ശരിയായി ബാധകമാക്കിക്കൊണ്ട് ജ്ഞാനം പ്രദർശിപ്പിക്കുന്നതിനു നമ്മെ സഹായിക്കുന്നു. ഈ ജ്ഞാനമൊഴികൾ അനുസരിക്കുക എന്നാൽ നീ സന്തുഷ്ടനായിരിക്കും.
ജ്ഞാനത്തിനു ചെവികൊടുക്കുക
സദൃശവാക്യങ്ങൾ 1:1-2:22 വായിക്കുക. “യഹോവാഭയം” അറിവിന്റെ അന്തഃസത്തയാകുന്നു. നാം ശിക്ഷണം സ്വീകരിക്കുമെങ്കിൽ ദുഷ്പ്രവൃത്തി ചെയ്യുന്നതിൽ നാം പാപികളോടു ചേരുകയില്ല. യഹോവയെ ഭയപ്പെടുന്നവർക്ക്, ദുഷ്പ്രവൃത്തിക്കാരിൽനിന്നും തങ്ങളെ സംരക്ഷിക്കുന്ന ജ്ഞാനം അവൻ നൽകുന്നു.
◆ 1:7—“യഹോവാഭയം” എന്നാൽ എന്താണ്?
അത് ആദരയുക്തമായ ഭയം, അഗാധമായ ബഹുമാനം ആകുന്നു; അവന്റെ സ്നേഹദയയെയും നൻമയേയും നാം വിലമതിക്കുന്നതിനാൽ അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഉത്തമമായ ഒരു ഭയം ആകുന്നു. “യഹോവാഭയം” അവൻ പരമോന്നത ന്യായാധിപനും അവനെ അനുസരിക്കാത്തവരുടെമേൽ ശിക്ഷയോ അല്ലെങ്കിൽ മരണമോ വരുത്തുവാൻ അവകാശവും ശക്തിയും ഉള്ള സർവ്വശക്തനുമെന്ന് അംഗീകരിക്കുന്നു എന്നർത്ഥമാകുന്നു. ദൈവത്തെ വിശ്വസ്തതയോടെ സേവിക്കയും പരിപൂർണ്ണമായി അവനിൽ ആശ്രയിക്കയും അവന്റെ ദൃഷ്ടിയിൽ തിൻമയായതിനെ വെറുക്കുകയും ചെയ്കയെന്നും കൂടെ അർത്ഥമാക്കുന്നു.—സങ്കീർത്തനങ്ങൾ 2:11; 115:11; സദൃശവാക്യങ്ങൾ 8:13.
◆ 2:7—നിർമ്മലത എന്താകുന്നു?
നിർമ്മലതയോടു ബന്ധപ്പെട്ട എബ്രായ പദങ്ങൾക്ക് “മുഴുവൻ” അല്ലെങ്കിൽ “പൂർണ്ണമായ” എന്ന മൂല അർത്ഥം ഉണ്ട്. അവ മിക്കപ്പോഴും ധാർമ്മീകശുദ്ധിയും പരമാർത്ഥതയും സൂചിപ്പിക്കുന്നു “നിർമ്മലതയിൽ നടക്കുന്നവർ” യഹോവയോടുള്ള ഭക്തിയിൽ അചഞ്ചലരാണ്. അപ്രകാരം “നേരുള്ളവർക്ക്” അവൻ ഒരു പരിത്രാണക പരിചയാകുന്നു, കാരണം അവർ യഥാർത്ഥജ്ഞാനം പ്രദർശിപ്പിക്കയും അവന്റെ നീതിമാനദണ്ഡങ്ങൾക്കനുരൂപമാകുകയും ചെയ്യുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: നാം യഹോവയെ ഭയപ്പെടുന്നുവെങ്കിൽ അവൻ തന്റെ വചനത്തിലും സ്ഥാപനത്തിലും കൂടെ നൽകുന്ന ശിക്ഷണം സ്വീകരിക്കും. ഇതു ചെയ്യാനുള്ള പരാജയം നമ്മെ ദൈവഭയമില്ലാത്ത പാപികളായ “ഭോഷൻമാരുടെ” കൂട്ടത്തിലാക്കുന്നു. അതുകൊണ്ട് നമുക്ക് അവന്റെ സ്നേഹനിർഭരമായ ശിക്ഷണം സ്വീകരിക്കാം.—സദൃശവാക്യങ്ങൾ 1:7; എബ്രായർ 12:6.
ജ്ഞാനത്തെ മതിക്കുക
സദൃശവാക്യങ്ങൾ 3:1-4:27 വായിക്കുക. നല്ല ഉൾക്കാഴ്ച ഉണ്ടായിരിക്കുന്നതിന്, “യഹോവയിൽ നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ ആശ്രയിക്ക” ജ്ഞാനത്തെ ഉന്നതമായി വിലമതിക്കുന്നവർ സന്തുഷ്ടി അനുഭവിക്കുന്നു. അവരുടെ പാത എപ്പോഴും ശോഭകൂടുന്ന വെളിച്ചം പോലെയാകുന്നു, എന്നാൽ അവർ ഹൃദയത്തെ കാക്കേണ്ട ആവശ്യം ഉണ്ട്.
◆ 4:18—‘നീതിമാന്റെ പാതക്ക്’ പ്രകാശം കൂടുന്നതെങ്ങനെയാണ്?
സൂര്യപ്രകാശം പ്രഭാതം മുതൽ “നട്ടുച്ചവരെ” അധികമധികം ശോഭിക്കുന്നു. അതുപോലെ, യഹോവയുടെ ജനങ്ങൾക്കു സമയം കടന്നുപോകുന്നതിനനുസരണമായി ആത്മീയ വെളിച്ചം കൂടുതൽ കൂടുതൽ പ്രകാശിക്കുന്നു. സംഭവങ്ങളോടു നാം വളരെ അടുക്കുമ്പോൾ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയേപ്പററിയുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ തെളിയുന്നു. ദിവ്യപ്രവചനങ്ങളിൻമേൽ പരിശുദ്ധാത്മാവ് വെളിച്ചം വീശുമ്പോഴും, ലോകസംഭവങ്ങളിലും അല്ലെങ്കിൽ യഹോവയുടെ ജനത്തിലുള്ള അനുഭവത്തിലും അവ നിവൃത്തിയാകുമ്പോഴും നമുക്കു പ്രവചനങ്ങൾ തുറന്നുകിട്ടുന്നു. അപ്രകാരം അവരുടെ ‘പാത അധികമധികം പ്രകാശിതമാകുന്നു.’
നമുക്കുവേണ്ടിയുള്ള പാഠം: യഥാർത്ഥജ്ഞാനം പ്രദർശിപ്പിക്കുകയും ദിവ്യ കല്പനകൾ അനുസരിക്കയും ചെയ്യുന്നത് നേരത്തെയുള്ള ഒരു മരണത്തിലേക്കു നയിക്കുന്ന ഭോഷത്വഗതി അനുധാവനം ചെയ്യുന്നതിനെതിരെ നമ്മെ കാത്തുകൊള്ളും. ഉദാഹരണത്തിന്, ലൈംഗികദുർമ്മാർഗ്ഗത്തിനെതിരെയുള്ള യഹോവയുടെ കല്പന അവഗണിക്കുന്നവർ അകാല മരണത്തിനിടയാക്കുന്ന ലൈംഗിക പകർച്ചവ്യാധിക്കിരയായേക്കാം. അതുകൊണ്ടു നമുക്കു ദൈവകല്പനകൾക്കു പൊരുത്തമായി പ്രവൃത്തിക്കാം, കാരണം, അപ്പോൾ നമ്മുടെ സംഗതിയിൽ ജ്ഞാനം “ജീവവൃക്ഷം” ആയിരിക്കും.—സദൃശവാക്യങ്ങൾ 3:18.
ജ്ഞാനം പ്രദർശിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
സദൃശവാക്യങ്ങൾ 5:1-9:18 വായിക്കുക. ഇത് ദുർമ്മാർഗ്ഗം ഒഴിവാക്കുകയും “നിന്റെ യൗവനത്തിലെ ഭാര്യയോടുകൂടി ആനന്ദി”ക്കുകയും ചെയ്യുന്നതിനുള്ള ജ്ഞാനത്തിന്റെ പ്രദർശനമാകുന്നു. യഹോവക്കു വെറുപ്പുള്ള ഏഴു കാര്യങ്ങൾ ഉദ്ധരിക്കയും ഒരു വേശ്യയുടെ വശീകരണങ്ങൾക്കെതിരെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു. മൂർത്തീകരിച്ചിരിക്കുന്ന ജ്ഞാനം ദൈവത്തിന്റെ “വിദഗ്ദ്ധ ശില്പി” ആണ്. “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു.”
◆ 6:1-5—ഈ ബുദ്ധിയുപദേശം ഔദാര്യത്തിന്റെ ആത്മാവിനു വിരുദ്ധമാണോ?
ഈ സദൃശവാക്യം ഔദാര്യത്തെ നിരുത്സാഹപ്പെടുത്തുന്നില്ല, എങ്കിലും മററുള്ളവരുടെ, പ്രത്യേകിച്ച് അന്യരുടെ വ്യാപാര ഇടപാടുകളിൽ കുരുങ്ങുന്നതിനെതിരേ ബുദ്ധിയുപദേശം നൽകുന്നു. ‘ദരിദ്രനായിത്തീർന്ന’ തങ്ങളുടെ സഹോദരനെ യിസ്രായേല്യർ സഹായിക്കണമായിരുന്നു. (ലേവ്യാപുസ്തകം 25:35-38) എന്നാൽ ചിലർ സാഹസികമായി ഊഹക്കച്ചവടത്തിൽ ഉൾപ്പെടുകയും ആവശ്യമെങ്കിൽ തങ്ങളുടെ കടക്കാർക്ക് പണം കൊടുത്തു കൊള്ളാമെന്നു വാഗ്ദത്തം ചെയ്തുകൊണ്ട്, അവർക്കുവേണ്ടി ‘ജാമ്യം നിൽക്കു’വാൻ മററുള്ളവരെ സമ്മതിപ്പിച്ച് സാമ്പത്തിക പിൻബലം നേടി. ഒരുപക്ഷേ പൊങ്ങച്ചം പറച്ചിലിനാൽ ഒരു വ്യക്തി അപ്രകാരം ഒരു വിഷമ സ്ഥിതിയിലായിത്തീർന്നാൽ താമസംവിനാ തന്നെത്തന്നെ വിടുവിക്കുന്നതിനാണ് ജ്ഞാനമുള്ള ഉപദേശം—സദൃശവാക്യങ്ങൾ 11:15.
◆ 8:22-31—ഇത് ജ്ഞാനത്തിന്റെ വെറുമൊരു വിവരണം മാത്രമാണോ?
അല്ല, നിത്യനാം ദൈവത്തിന്റെ ഒരു ഗുണമായി ജ്ഞാനം എപ്പോഴും നിലനിന്നിരുന്നു. (ഇയ്യോബ് 12:13) ഇവിടെ, എങ്കിലും, ജ്ഞാനത്തെ ‘ഉളവാക്കു’കയും ഭൂമിയുടെ സ്രഷ്ടിസമയത്ത്” ഒരു വിദഗ്ദ്ധ ശില്പിയായി [യഹോവയുടെ] അടുത്ത്” ഉണ്ടായിരിക്കയും ചെയ്തു, എന്നു പറഞ്ഞിരിക്കുന്നു. മൂർത്തീകരിക്കപ്പെട്ട ജ്ഞാനം ദൈവപുത്രനെന്നു തിരിച്ചറിയുന്നത് “ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷേപങ്ങൾ ഒക്കെയും അവനിൽ ഗുപ്തമായിരിക്കുന്നു” എന്ന യാഥാർത്ഥ്യത്തോടു യോജിക്കുന്നു.—കൊലോസ്യർ 1:15, 16; 2:3.
നമുക്കുവേണ്ടിയുള്ള പാഠം: ഇവിടെ അവളുടെ “സമാധാനയാഗങ്ങളും” “നേർച്ചകളും” എന്നു പറയുന്നതിനാൽ സദൃശവാക്യങ്ങൾ 7-ാം അദ്ധ്യായത്തിലെ വേശ്യാസ്ത്രീ അവൾക്കു ആത്മീയതയ്ക്കു കുറവൊന്നുമില്ലെന്നു സൂചിപ്പിക്കയായിരുന്നേക്കാം. സമാധാനയാഗങ്ങളിൽ ഇറച്ചിയും, മാവും, എണ്ണയും, വീഞ്ഞും ഉൾക്കൊള്ളുന്നു. (ലേവ്യാപുസ്തകം 19:5, 6; 22:21; സംഖ്യാപുസ്തകം 15:8-10) അതുകൊണ്ട് അവളുടെ വീട്ടിൽ തിന്നാനും കുടിക്കാനും ധാരാളം ഉണ്ടായിരിക്കുമെന്നും “ബുദ്ധിഹീനനായ യുവാവിനു” അവിടെ ഒരു നല്ല ആസ്വാദ്യാവസരം ഉണ്ടായിരിക്കുമെന്നും അവൾ സൂചിപ്പിക്കയായിരുന്നു. ഇത് തെററായി പ്രചോദിപ്പിക്കപ്പെട്ട ഒരാൾ ദുർമ്മാർഗ്ഗത്തിലേക്കു വഴിനടത്തപ്പെടുന്നതിന്റെ മാതൃകയാണ്. ഈ മുന്നറിയിപ്പു ശ്രദ്ധിക്കയും ദൈവത്തിനെതിരായുള്ള അത്തരം പാപം ഒഴിവാക്കുകയും ചെയ്യുന്നത് എത്ര പ്രധാനമാണ്!—ഉല്പത്തി 39:7-12.
ചിന്തോദ്ദീപക വിപരീതോപമാനങ്ങൾ
സദൃശവാക്യങ്ങൾ 10:1-15:33 വായിക്കുക ശലോമോന്റെ സദൃശവാക്യങ്ങളിൽ അധികവും വൈപരീത്യം കാട്ടുന്ന ആപ്തവാക്യങ്ങളോടെ ആരംഭിക്കുന്നു. “യഹോവാഭയം” ഊന്നിപ്പറയുന്നു—10:27; 14:26, 27; 15:16, 33.
◆ 10:25—ഒരു “ചുഴലിക്കാററിനെ” പരാമർശിച്ചിരിക്കുന്നത് എന്തുകൊണ്ട്?
നീതിതത്വങ്ങളിൽ ഒരു അടിസ്ഥാനത്തിന്റെ അഭാവം നിമിത്തം, ദുഷ്ടൻമാർ കൊടുങ്കാററിൽ നിലംപതിക്കുന്ന ഉറപ്പില്ലാത്ത കെട്ടിടംപോലെയാകുന്നു. എന്നാൽ നീതിമാൻമാർ ഉറപ്പുള്ളവരാണ് കാരണം അവരുടെ ചിന്ത ദൈവിക തത്വങ്ങളിൻമേൽ അഭംഗുരം അധിഷ്ഠിതമാണ്. നല്ല അടിസ്ഥാനമുള്ള ഒരു കെട്ടിടംപോലെ അവർ സമ്മർദ്ദത്തിൻകീഴിൽ ഇടിഞ്ഞു വീഴുകയില്ല.—മത്തായി 7:24-27.
◆ 11:22—ഒരു സ്ത്രീക്ക് ഒരു പന്നിയുടെ മൂക്കിലെ മൂക്കുത്തിപോലെയായിരിക്കാൻ കഴിയുന്നതെങ്ങനെ?
മൂക്കിന്റെ ഒരു വശത്തുകൂടെ അല്ലെങ്കിൽ നാസാരന്ധ്രങ്ങളെ വേർപിരിക്കുന്ന പേശിയിൽകൂടെ ഒരു സ്വർണ്ണ മൂക്കുത്തി ഇട്ടിരിക്കുന്നത് അത് അണിയുന്ന ആൾ ഒരു സംസ്ക്കാരസമ്പന്നയാണെന്നു സൂചിപ്പിക്കുന്നു. യിസ്രായേല്യർ പന്നിയെ അശുദ്ധവും നികൃഷ്ടവുമായി കരുതിയിരുന്നു. അതുകൊണ്ട് സൗന്ദര്യമുള്ള എന്നാൽ വിവരമില്ലാത്ത ഒരു സ്ത്രീ ഒരു പന്നിയുടെ മൂക്കിലെ ചേർച്ചയില്ലാത്ത സ്വർണ്ണമൂക്കുത്തിപോലെയാണ്.
◆ 14:14—വിശ്വാസത്യാഗമുള്ള ഒരുവൻ തൃപ്തിപ്പെടുന്നത് എങ്ങനെ?
“ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവൻ” അവന്റെ ഭൗതികത്വ ജീവിത സമ്പ്രദായത്തിൽ തൃപ്തിപ്പെടുന്നു. (സങ്കീർത്തനങ്ങൾ 144:11-15എ) ദൈവദൃഷ്ടികളിൽ ശരിയായത് ചെയ്യുന്നത് അവനു യാതൊരു പ്രാധാന്യവുമില്ല, യഹോവയ്ക്കു ഒരു കണക്കുബോധിപ്പിക്കാനുള്ളതിനെപ്പററി അവൻ ചിന്തിക്കുന്നില്ല. (1 പത്രോസ് 4:3-5) എന്നാൽ “നല്ല മനുഷ്യൻ” വിശ്വാസത്യാഗമുള്ളവരുടെ ശീലങ്ങൾ ഉപേക്ഷിക്കയും “തന്റെ പ്രവർത്തനഫലത്തിൽ” തൃപ്തിപ്പെടുകയും ചെയ്യുന്നു. അവൻ ആത്മീയ താല്പര്യങ്ങൾ ഒന്നാമതു വെക്കുന്നു, ദൈവീക മാനദണ്ഡങ്ങളോടു പററിച്ചേരുന്നു, അവനെ സേവിക്കുന്നതിൽ അത്യധിക സന്തോഷവും ദിവ്യാനുഗ്രഹങ്ങളിൽ സംതൃപ്തിയും ഉണ്ട്.—144:15ബി)
◆ 15:23—‘നാം പറയുന്ന ഉത്തരം ഹേതുവായി സന്തോഷിക്കുവാൻ’ നമുക്കു കഴിയുന്നത് എങ്ങനെ?
നമ്മുടെ ബുദ്ധിയുപദേശം ശ്രദ്ധിക്കപ്പെടുകയും നല്ല ഫലം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുമ്പോൾ ഇതു സംഭവിക്കാൻ കഴിയുന്നു. എന്നാൽ ആരെയെങ്കിലും സഹായിക്കുന്നതിന്, നാം സൂക്ഷ്മമായി ശ്രദ്ധിക്കയും, അവന്റെ പ്രശ്നത്തിന് സംഭാവന ചെയ്യുന്ന ഘടകങ്ങൾ വിവേചിക്കയും നമ്മുടെ ബുദ്ധിയുപദേശം ബൈബിളിൽ അധിഷ്ഠിതമാക്കുകയും ചെയ്യണം. അപ്രകാരം “തക്കസമയത്ത് പറയുന്ന ഒരു വാക്ക് എത്ര മനോഹരം!”
നമുക്കുവേണ്ടിയുള്ള പാഠം: “ഭോഷനായ ഒരാൾ” ഒരു പരിഹാസത്തിനോ “മാനഹാനി”ക്കോ “അതേ ദിവസംതന്നെ” പെട്ടെന്നു ക്രോധത്തോടെ പ്രതികരണം ചെയ്യുന്നു. എന്നാൽ “വിവേകിയായവൻ”—ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തി—ആത്മനിയന്ത്രണം പാലിക്കുന്നതിനും ദൈവവചനം പിൻപററുന്നതിനും കഴിയത്തക്കവണ്ണം ദൈവാത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. (സദൃശവാക്യങ്ങൾ 12:16) ഇതു ചെയ്യുന്നതിനാൽ, നമുക്കും മററുള്ളവർക്കും വൈകാരികമോ ശാരീരികമോ ആയ ദ്രോഹത്തിൽ കലാശിച്ചേക്കാവുന്ന കൂടുതൽ വിവാദം ഒഴിവാക്കാൻ നമുക്കു കഴിയും.
സമാന്തരമായ സദൃശവാക്യങ്ങൾ
സദൃശവാക്യങ്ങൾ 16:1-24:34 വായിക്കുക. ശലോമോന്റെ ഈ ജ്ഞാനമൊഴികൾ അധികമായും സമാന്തരചിന്തകളിലൂടെ മാർഗ്ഗദർശനം നൽകുന്നു. “യഹോവാഭയം” വീണ്ടും ഊന്നിപ്പറയുന്നു.—16:6; 19:23; 22:4; 23:17; 24:21.
◆ 17:19—പൊക്കത്തിലുള്ള പടിവാതിലിനു തെറെറന്താണ്?
തങ്ങളുടെ വീടുകൾക്കും അങ്കണങ്ങൾക്കും താഴ്ത്തി വാതിലുകൾ പണിയാത്തവർ കുതിരപ്പുറത്തു സഞ്ചരിക്കുന്നവർ കയറിവന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്ന വിപൽസാദ്ധ്യത വെക്കുന്നു. ഉദ്ധത സംസാരത്താലും പൊങ്ങച്ചം പറച്ചിലിനാലും വായ് പൊക്കത്തിലുള്ള പടിവാതിൽ പോലെയാകുന്നുവെന്നുള്ള സദൃശവാക്യത്തിനു സൂചന നൽകാനും കഴിയും. അത്തരം സംസാരം കലഹം വളർത്തുകയും ഒടുവിൽ നാശത്തിലേക്കു നയിക്കുകയും ചെയ്യും.
◆ 19:17—എളിയവനെ സഹായിക്കുന്നത് യഹോവക്കു വായ്പ കൊടുക്കുന്നതുപോലെയായിരിക്കുന്നതെന്തുകൊണ്ട്?
എളിയവർ ദൈവത്തിനുള്ളവരാകുന്നു, നാം അവർക്ക് ചെയ്യുന്നത് അവനു ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. (സദൃശവാക്യങ്ങൾ 14:31) എളിയവരിൽനിന്ന് തിരിച്ചൊന്നും കിട്ടുവാൻ പ്രതീക്ഷിക്കാതെ, അവരോടു പ്രീതികാട്ടുകയോ ഉപഹാരങ്ങൾ നൽകുകയോ ചെയ്യുവാൻ സ്നേഹവും ഔദാര്യവും നമ്മെ പ്രചോദിപ്പിക്കുന്നുവെങ്കിൽ, അപ്രകാരമുള്ള കൊടുക്കലിനെ യഹോവ തനിക്കുള്ള വായ്പയായി കരുതുകയും പ്രീതിയും അനുഗ്രഹങ്ങളും സഹിതം മടക്കിത്തരികയും ചെയ്യുന്നു.—ലൂക്കോസ് 14:12-14.
◆ 20:1—വീഞ്ഞ് “ഒരു പരിഹാസി” ആയിരിക്കുന്നത് എങ്ങനെ?
വീഞ്ഞിന്റെ അമിതമായ കുടി ഒരുവനെ അപഹാസ്യവും പ്രക്ഷുബ്ധവുമായ വിധത്തിൽ പ്രവർത്തിക്കാനിടയാക്കുന്നു. അമിതമായ കുടി അത്തരം ചീത്തഫലങ്ങൾ ഉളവാക്കുന്നതുകൊണ്ട് ക്രിസ്ത്യാനികൾ അത് ഒഴിവാക്കണം.—1 തിമൊഥെയോസ് 3:2, 3, 8; 1 കൊരിന്ത്യർ 6:9, 10; സദൃശവാക്യങ്ങൾ 23:20, 21.
◆ 23:27—ഒരു വേശ്യാസ്ത്രീ ഒരു “കുഴി”യും ഒരു “കിണറും” ആയിരിക്കുന്നത് എങ്ങനെ?
വേട്ടക്കാർ കുഴിച്ച ‘ആഴമുള്ള കുഴികളി’ൽ മൃഗങ്ങൾ പിടിക്കപ്പെട്ടു, അതുപോലെ ഒരു വേശ്യാസ്ത്രീയുടെ പററുമാനക്കാർ ദുർമ്മാർഗ്ഗത്തിൽ കുടുക്കപ്പെടുന്നു. “ഒരു വിദേശ സ്ത്രീ” ഒരു വേശ്യയെ സൂചിപ്പിക്കുന്നു, നിസ്സംശയമായി യിസ്രായേലിലെ മിക്ക വേശ്യമാരും പരദേശികളായിരുന്നു. “ഇടുക്കമുള്ള കിണററി”ൽനിന്നും വെള്ളം കോരുന്നത് പ്രയാസമുള്ള സംഗതിയാണ് കാരണം മൺഭരണികൾ വശങ്ങളിൽ തട്ടി നിഷ്പ്രയാസം ഉടയും. അതുപോലെ, വേശ്യമാരുമായി ഇടപെടുന്നവർ വൈകാരികവും ശാരീരികവുമായ അത്യാഹിതം അനുഭവിച്ചേക്കാം.—സദൃശവാക്യങ്ങൾ 7:21-27.
നമുക്കുവേണ്ടിയുള്ള പാഠം: “ഒരു കള്ളസാക്ഷി” ദൈവത്തോടു അനാദരവു കാണിക്കുന്നു; ന്യായപ്രമാണ പ്രകാരം മരണത്തിനേല്പ്പിക്കപ്പെടാവുന്നതാണ്. അപ്രകാരം മനുഷ്യരുടെയോ യഹോവയുടെയോ കൈകളാൽ അവന് “പട്ടുപോകാൻ” കഴിയും. (സദൃശവാക്യങ്ങൾ 21:28; ആവർത്തനം 5:20; 19:16-21; പ്രവൃത്തികൾ 5:1-11 താരതമ്യപ്പെടുത്തുക) എന്നാൽ ശ്രദ്ധയോടെ “കേൾക്കുന്ന മനുഷ്യൻ” അവൻ കേട്ടതെന്തെന്നു നിശ്ചയം വരുത്തിയശേഷം മാത്രം സംസാരിച്ചു. പിന്നീടു വ്യാജമായി നിരസിക്കപ്പെടാതെ അവന്റെ സാക്ഷ്യം “എന്നേക്കും” നിന്നു. കൂടാതെ, അവൻ ഒരു കള്ളസാക്ഷിയായി വധിക്കപ്പെട്ടില്ല. യഹോവയുടെ സാക്ഷികളുടെയിടയിലെ നീതിന്യായ വിചാരണകളിൽ സാക്ഷികളാകുന്നവർ ശരിയായ വിവരങ്ങൾ നൽകുവാൻ കഴിയത്തക്കവണ്ണം സൂക്ഷ്മമായി കേട്ടിട്ടുള്ളവരായിരിക്കണം, കൃത്യമല്ലാത്തതോ വ്യാജസാക്ഷ്യമോ ആത്മീയമായി വിപത്തുണ്ടാക്കാൻ കഴിയുന്നവയാണ്.
പ്രയോജനകരമായ താരതമ്യങ്ങൾ
സദൃശവാക്യങ്ങൾ 25:1:29:27 വായിക്കുക: ഹെസക്കിയാ രാജാവിന്റെ പുരുഷൻമാരാൽ പകർത്തപ്പെട്ട ശലോമോന്റെ സദൃശവാക്യങ്ങൾ അധികവും താരതമ്യങ്ങൾ കൊണ്ടു പഠിപ്പിക്കുന്നു. മററു കാര്യങ്ങളിൽ, യഹോവയിലുള്ള ആശ്രയം പ്രോത്സാഹിപ്പിക്കുന്നു.
◆ 26:6—‘ഒരുവന്റെ കാല് മുറിക്കുന്ന’തിനോടു താരതമ്യം ചെയ്തിരിക്കുന്നതെന്തുകൊണ്ട്?
തന്റെ കാല് മുറിക്കുന്ന ഒരു വ്യക്തി തന്നെത്തന്നെ മുടന്തനാക്കുന്നതുപോലെ, “മൂഢനായ ഒരുവ”നെ കൂലിക്കു നിറുത്തുന്നവൻ തന്റെ സ്വന്തം താല്പര്യത്തിനു മുടന്തുവരുത്തുന്ന ദ്രോഹം ചെയ്യുന്നു. ഒരു മൂഢനെ ഭരമേൽല്പിക്കുന്ന ഒരു പദ്ധതി പരാജയപ്പെടും. അപ്പോൾ, സഭാപരമായ ചുമതലകൾക്കുവേണ്ടി പുരുഷൻമാരെ ശുപാർശ ചെയ്യുന്നതിനു മുമ്പ് “അവരെ യോഗ്യതക്കുവേണ്ടി പരിശോധിക്കുന്നത്” എത്ര ബുദ്ധിയാണ്!—1 തിമൊഥെയോസ് 3:10.
◆ 27:17—ഒരു മുഖത്തിന് “മൂർച്ചകൂടുന്നത്” എങ്ങനെയാണ്?
ഒരു കത്തിക്ക് മൂർച്ചകൂട്ടാൻ അതേതരം ഇരിമ്പുകഷണം ഉപയോഗിക്കാവുന്നതുപോലെ, ഒരു വ്യക്തിക്കു മറെറാരാളുടെ ബുദ്ധിപരവും ആത്മീയവുമായ അവസ്ഥക്കു മൂർച്ചകൂട്ടുന്നതിൽ വിജയിക്കാൻ കഴിഞ്ഞേക്കും. നിരാശകളും ഹിതകരമല്ലാത്ത ചില വ്യക്തികളുമായുള്ള സമ്പർക്കവും നമ്മെ നൈരാശ്യപ്പെടുത്തുന്നെങ്കിൽ, ഒരു സഹവിശ്വാസിയുടെ അനുകമ്പയുള്ള നോട്ടവും തിരുവെഴുത്തുപരമായ പ്രോത്സാഹനവും വളരെ ഉന്നമിപ്പിക്കുന്നതായിരിക്കാൻ കഴിയും. നമ്മുടെ ദുഃഖ മനോഭാവം നല്ലതിനുവേണ്ടി മാറുകയും ഊർജ്ജിത പ്രവർത്തനത്തിനുവേണ്ടി നവ പ്രത്യാശയാൽ നാം സജീവമാക്കപ്പെടുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 13:12.
◆ 28:5—“സകലവും” എന്നതിൽ എന്തുൾപ്പെടുന്നു?
തിൻമയായതു ചെയ്യുന്നവർ ആത്മീയമായി അന്ധരാകുന്നു. (സദൃശവാക്യങ്ങൾ 4:14-17; 2 കൊരിന്ത്യർ 4:4) അവർ “ന്യായവിധി അറിയുന്നില്ല.” അഥവാ ദൈവത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ശരി എന്തെന്നു അറിയുന്നില്ല. അപ്രകാരം അവർക്കു വസ്തുതകൾ ശരിയായി ന്യായംവിധിക്കുന്നതിനും ഉചിതമായ തീരുമാനങ്ങൾ ചെയ്യുന്നതിനും സാദ്ധ്യമല്ല. എന്നാൽ പ്രാർത്ഥനയാലും അവന്റെ വചനം പഠിക്കുന്നതിനാലും “യഹോവയെ അന്വേഷിക്കുന്ന”വർ അവനെ അംഗീകാരയോഗ്യമായി സേവിക്കുന്നതിനാവശ്യമായ “സകലവും ഗ്രഹിക്കുന്നു.”—എഫേസ്യർ 5:15-17.
◆ 29:8—പൊങ്ങച്ചം പറയുന്നവർ “ഒരു പട്ടണത്തിനു തീ ആളിക്കത്തിക്കുന്നത്” എങ്ങനെ?
അധികാരത്തെ അപമാനിക്കുന്ന പൊങ്ങച്ചക്കാർ ഉദ്ധതമായി സംസാരിക്കുന്നു. അവർ അപ്രകാരം തർക്കത്തിന്റെ അഗ്നിയിൽ എണ്ണ ഒഴിക്കയും മുഴു പട്ടണവാസികളും ആളിക്കത്തത്തക്കവണ്ണം അഗ്നിജ്വലിപ്പിക്കയും ചെയ്യുന്നു. എന്നാൽ ജ്ഞാനികൾ “ക്രോധം ശമിപ്പിക്കുന്നു,” മൃദുവായും വിവേകപൂർവ്വവും സംസാരിച്ചുകൊണ്ട് ക്രോധാഗ്നി ശമിപ്പിക്കയും സമാധാനം വർദ്ധിപ്പിക്കയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 15:1.
നമുക്കുവേണ്ടിയുള്ള പാഠം: നാം അഹങ്കാരമുള്ളവരാണെങ്കിൽ, നമ്മെ താഴ്ത്തുന്നതിൽ ധാർഷ്ട്യം ഉളവാകും. (സദൃശവാക്യങ്ങൾ 29:23) ഗർവ്വേറിയ ഒരു വ്യക്തി തോന്ന്യാസക്കാരനാകുന്നതിനും അത് അപമാനത്തിലേക്കും, ഇടർച്ചയിലേക്കും, ഒരു തകർച്ചയിലേക്കും വഴിനടത്തുന്നതിനും സാദ്ധ്യതയുണ്ട്. (സദൃശവാക്യങ്ങൾ 11:2; 16:18; 18:12) അഹങ്കാരിയായ ഒരാൾ താഴ്ത്തപ്പെടുകയും, ഏതെങ്കിലും വിധത്തിൽ താണയവസ്ഥയിലാക്കപ്പെടുകയും, ഒരുപക്ഷേ നാശത്തിന്റെ കുറിവരെ കൊണ്ടുവരപ്പെടുകയും ചെയ്യുന്നത് ദൈവം കണ്ടുകൊള്ളും. അപ്രകാരമുള്ള ഒരു മുനുഷ്യൻ മഹത്വം കാംക്ഷിക്കുന്നു, എന്നാൽ ആളുകൾ അവന്റെ വഴികൾ വെറുക്കത്തക്കതായി കണ്ടെത്തുന്നു. എങ്കിലും “ആത്മാവിൽ എളിയവൻ [ഒടുവിൽ] മഹത്വം പിടിച്ചുകൊള്ളും.”
‘ഘനമേറിയ ദൂതുകൾ’
സദൃശവാക്യങ്ങൾ 30:1-31:31 വായിക്കുക: ആഗൂരിന്റെ “ഘനമേറിയ ദൂതുകൾ,” “ദൈവത്തിന്റെ സകല മൊഴികളും ശുദ്ധിചെയ്തതാകുന്നു” എന്നു അംഗീകരിക്കുന്നു. സമ്പൂർണ്ണമായി ഗ്രഹിക്കുവാൻ അത്ഭുതാവഹമായ കാര്യങ്ങളും മററും ഉദ്ധരിക്കുന്നു. (30:1-33) ലെമൂവേൽ തന്റെ അമ്മയിൽനിന്നും സ്വീകരിച്ച “ഘനമേറിയ ദൂത്” ലഹരിപദാർത്ഥങ്ങൾ കുടിക്കുന്നതു ന്യായവിധിയെ കോട്ടിക്കളയാൻ ഇടയാക്കുമെന്നു മുന്നറിയിപ്പു നൽകുന്നു, നീതിയായി ന്യായംവിധിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു, ഒരു നല്ല ഭാര്യയെ വർണ്ണിക്കുന്നു.—31:1-31.
◆ 30:15, 16—ഈ ഉദാഹരണങ്ങളുടെ കേന്ദ്രാശയം എന്താണ്?
അത്യാഗ്രഹത്തിന്റെ തൃപ്തിപ്പെടുത്താൻ സാദ്ധ്യതയില്ലായ്മയെ ദൃഷ്ടാന്തീകരിക്കുന്നു. അട്ടകൾ മതിവരാതെ രക്തം കുടിക്കുന്നതുപോലെ അത്യാഗ്രഹികൾ എപ്പോഴും കൂടുതൽ പണത്തിനും അധികാരത്തിനുംവേണ്ടി ആവശ്യപ്പെടുന്നു. അതുപോലെ ഷീയോളിനു ഒരിക്കലും തൃപ്തി വരുന്നില്ല. എന്നാൽ മരണത്തിന്റെ കൂടുതൽ ഇരകളെ സ്വീകരിക്കാൻ തുറന്നുകിടക്കുന്നു. ഒരു വന്ധ്യയുടെ ഗർഭപാത്രം കുട്ടികൾക്കുവേണ്ടി ‘നിലവിളിക്കുന്നു.’ (ഉല്പത്തി 30:1) വരൾച്ച ബാധിച്ച ഭൂമി മഴവെള്ളം കുടിക്കുകയും വീണ്ടും വേഗം ഉണങ്ങിയതായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒരു അഗ്നിയിലേക്കു ഇടുന്ന വസ്തുക്കൾ ദഹിപ്പിക്കുകയും ജ്വാലകൾ നീട്ടി എത്തുപെടാവുന്ന ദഹന വസ്തുക്കൾ നക്കിയെടുക്കുകയും ചെയ്യുന്നു. അത്യാഗ്രഹികളേ സംബന്ധിച്ചും അപ്രകാരം തന്നെയാണ്. എന്നാൽ ദൈവീകജ്ഞാനത്താൽ വഴിനടത്തപ്പെടുന്നവർ അത്തരം സ്വാർത്ഥതയാൽ അനന്തമായി പ്രേരിതരാക്കപ്പെടുകയില്ല.
◆ 31:6, 7—“ദേഹിക്കു വ്യസനം” ഉള്ളവർക്ക് വീഞ്ഞുകൊടുക്കുന്നത് എന്തുകൊണ്ട്?
ലഹരിയുള്ള മദ്യവും വീഞ്ഞും ശമനൗഷധങ്ങളാണ്. അതുകൊണ്ട്, അവ “പട്ടുപോകാറായിരിക്കുന്ന ഒരുവന്” അഥവാ മരിക്കാറായവന് അല്ലെങ്കിൽ ‘ദേഹിക്കു വ്യസനമുള്ളവർക്കു’ അവരുടെ വേദനയേയും ദുസഹാവസ്ഥയേയും കുറിച്ചു ബോധം കുറക്കുന്നതിനു കൊടുക്കപ്പെടും. തൂക്കിക്കൊല്ലുമ്പോഴുള്ള വേദന കെടുത്തുന്നതിന് കുററവാളികൾക്കു മയക്കുമരുന്നു കലക്കിയ വീഞ്ഞു കൊടുക്കുന്ന പുരാതന ആചാരം, റോമാപടയാളികൾ യേശുവിനു ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ വീഞ്ഞുകൊടുത്തതെന്തുകൊണ്ടെന്നു വിശദീകരിക്കുന്നു. യേശു അപ്രകാരമുള്ള വീഞ്ഞു നിരസിച്ചു, കാരണം തന്റെ ആ പരിശോധനാസമയം അവന്റെ മുഴു പ്രാപ്തികളും ഉണ്ടായിരിക്കുന്നതിനും അങ്ങനെ ദൈവത്തോടു നിർമ്മലത പാലിക്കുന്നതിനും അവൻ ആഗ്രഹിച്ചു.—മർക്കോസ് 15:22-24.
◆ 31:15—ഈ “യുവസ്ത്രീകൾ” ആരാണ്?
വീട്ടുവേലക്കാരത്തികളെയാണ് ഇവിടെ അർത്ഥമാക്കുന്നത്. ഭക്ഷണത്തിന്റെയോ അല്ലെങ്കിൽ നിയമിതവേലയുടെയോ കുറവുകൊണ്ട് പരാതിക്കു അവർക്കു യാതൊരു കാരണവുമില്ലായിരുന്നു. പ്രയത്നശീലമുള്ള ഭാര്യ അവളുടെ വീട്ടുകാർക്കു ഭക്ഷണം കൊടുക്കുകയും ഈ സ്ത്രീകൾക്കു ഭക്ഷിപ്പാനും ജോലിചെയ്യാനും ഉണ്ടെന്നു കാണുകയും ചെയ്തു.
നമുക്കുവേണ്ടിയുള്ള പാഠം: അപൂർണ്ണരായിരിക്കുന്നതിനാൽ ചിലപ്പോൾ നാം സ്വയോന്നതിക്കു ശ്രമം ചെയ്തുകൊണ്ട് “നമ്മെത്തന്നെ ഉയർത്തി”യേക്കാം. നാം അതോ അല്ലെങ്കിൽ ക്രോധത്തോടെ സംസാരിക്കയോ ചെയ്യുന്നെങ്കിൽ, നാം മുറിപ്പെടുത്തിയ ആളിനെ കൂടുതൽ പ്രകോപിപ്പിക്കുന്ന വാക്കുകൾ പറയാതെ “കൈകൊണ്ട് വായ് പൊത്തണം” വെണ്ണയുണ്ടാക്കുന്നതിനു പാൽ കടയണം, മൂക്കിൽ രക്തം വരുന്നതിനു സാധാരണയായി മൂക്കുഞെക്കി പിഴിയണം, ആളുകൾ ക്രോധത്തിനു കടിഞ്ഞാൺ അഴിച്ചുവിടുമ്പോൾ വഴക്കുണ്ടാകുന്നു. (സദൃശവാക്യങ്ങൾ 30:32, 33) ഇപ്രകാരമുള്ള സന്ദർഭങ്ങളിൽ, മൗനമായിരിക്കയും കൂടുതൽ കുഴപ്പങ്ങൾ തടയുകയും ചെയ്യുന്നത് എത്ര ബുദ്ധിയായിരിക്കും!
സദൃശവാക്യങ്ങളുടെ പുസ്തകത്തിൽനിന്ന് നമുക്കു എന്തു പ്രയോജനങ്ങൾ നേടാൻ കഴിയും! യഹോവയോട് ആദരവോടെയുള്ള ഭയം വർദ്ധിപ്പിക്കുന്ന ഈ ജ്ഞാനമൊഴികൾ നമുക്കു ഹൃദയത്തിൽ കുടിവെക്കാം. അവയെ ബാധകമാക്കുന്നത് നിശ്ചയമായും നമ്മെ സന്തുഷ്ടരാക്കും. (w87 5/15)