വിവേകത്തിനു നിങ്ങളുടെ ഹൃദയം ചായിക്കുക
“യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വഴിയിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”—സദൃശവാക്യങ്ങൾ 2:6.
1. നമുക്കു വിവേകത്തിനു നമ്മുടെ ഹൃദയം എങ്ങനെ ചായിക്കാം?
യഹോവ നമ്മുടെ മഹാപ്രബോധകനാണ്. (യെശയ്യാവു 30:20, 21) എന്നാൽ അവന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന “ദൈവപരിജ്ഞാന”ത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ നാം എന്താണു ചെയ്യേണ്ടത്? ഒരു സംഗതി, നാം ‘വിവേകത്തിനു നമ്മുടെ ഹൃദയം ചായിക്കണം’—പ്രസ്തുത ഗുണം നേടിയെടുക്കാനും പ്രകടമാക്കാനും ഹൃദയംഗമമായ ആഗ്രഹം ഉണ്ടായിരിക്കണം—എന്നതാണ്. ഇതിനുവേണ്ടി നാം ദൈവത്തിലേക്കു നോക്കണം, എന്തെന്നാൽ ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞിരിക്കുന്നത് ഇതാണ്: “യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വഴിയിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” (സദൃശവാക്യങ്ങൾ 2:1-6) അറിവ്, ജ്ഞാനം, വിവേകം എന്നിവ എന്താണ്?
2. (എ) അറിവ് എന്നാലെന്ത്? (ബി) ജ്ഞാനത്തെ നിങ്ങളെങ്ങനെ നിർവചിക്കും? (സി) വിവേകം എന്നാലെന്ത്?
2 അനുഭവമോ നിരീക്ഷണമോ പഠനമോ വഴി നേടിയിരിക്കുന്ന വസ്തുതകളുമായുള്ള പരിചയമാണ് അറിവ്. അറിവിനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള പ്രാപ്തിയാണ് ജ്ഞാനം. (മത്തായി 11:19) ഒരേ കുട്ടിക്കുവേണ്ടി രണ്ടു സ്ത്രീകൾ അവകാശം ഉന്നയിച്ചപ്പോൾ, ശലോമോൻ രാജാവ് തർക്കം പരിഹരിച്ചതിൽ ജ്ഞാനം കാണാനാകും, കാരണം ഒരമ്മ കുട്ടിയോടു കാട്ടുന്ന അഗാധസ്നേഹത്തെക്കുറിച്ചുള്ള അവന്റെ അറിവാണ് അവൻ അവിടെ ഉപയോഗപ്പെടുത്തിയത്. (1 രാജാക്കന്മാർ 3:16-28) “നിർണയസൂക്ഷ്മത”യാണ് വിവേകം. അത് “ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുന്നതിനുള്ള മനസ്സിന്റെ ശക്തി അഥവാ പ്രാപ്തി” ആണ്. (വെബ്സ്റ്റേഴ്സ് യൂണിവേഴ്സൽ ഡിക്ഷ്നറി) നാം വിവേകത്തിനു നമ്മുടെ ഹൃദയം ചായിക്കുന്നെങ്കിൽ, യഹോവ തന്റെ പുത്രനിലൂടെ അതു നമുക്കു നൽകും. (2 തിമൊഥെയൊസ് 2:1, 7) എന്നാൽ വിവേകത്തിനു ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ ബാധിക്കാനാകുന്നതെങ്ങനെ?
വിവേകവും നമ്മുടെ സംസാരവും
3. സദൃശവാക്യങ്ങൾ 11:12, 13 നിങ്ങളെങ്ങനെ വിശദീകരിക്കും, “ഹൃദയശൂന്യനാ”യിരിക്കുക എന്നതിന്റെ അർഥമെന്ത്?
3 “മിണ്ടാതിരിപ്പാൻ ഒരു കാല”വും “സംസാരിപ്പാൻ ഒരു കാല”വുമുണ്ടെന്നു തിരിച്ചറിയാൻ വിവേകം നമ്മെ സഹായിക്കുന്നു. (സഭാപ്രസംഗി 3:7) ഈ ഗുണം, നാം എന്തു സംസാരിക്കുന്നു എന്നതു സംബന്ധിച്ചു നമ്മെ ശ്രദ്ധയുള്ളവരാക്കുന്നു. സദൃശവാക്യങ്ങൾ 11:12, 13 പ്രസ്താവിക്കുന്നു: “കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ [“ഹൃദയശൂന്യൻ,” NW]; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.” അതേ, മറ്റൊരു വ്യക്തിയെ നിന്ദിക്കുന്ന സ്ത്രീയോ പുരുഷനോ “ഹൃദയശൂന്യ”ത പ്രകടിപ്പിക്കുന്നു. നിഘണ്ടുകർത്താവായ വില്യം ഗസാനിയസ് പറയുന്നതനുസരിച്ച്, അത്തരമൊരു വ്യക്തിക്ക് “ഗ്രാഹ്യം ഉണ്ടായിരിക്കുകയില്ല.” അയാൾക്കോ അവൾക്കോ നല്ല ന്യായനിർണയവുമില്ല. മാത്രവുമല്ല ‘ഹൃദയം’ എന്ന പദത്തിന്റെ ഉപയോഗം പ്രകടമാക്കുന്നത് ആന്തരിക വ്യക്തിക്കു ക്രിയാത്മക ഗുണങ്ങൾ കുറവാണെന്നാണ്. ക്രിസ്ത്യാനിയെന്ന് അറിയപ്പെടുന്ന ഒരു വ്യക്തി അലസമായ സംസാരത്തിലൂടെ ഏഷണി പറയുകയോ നിന്ദിക്കുകയോ ചെയ്യുന്നെങ്കിൽ, നിയമിത മൂപ്പന്മാർ സഭയിലെ ഈ അനാരോഗ്യകരമായ സ്ഥിതിവിശേഷം അവസാനിപ്പിക്കാൻ നടപടിയെടുക്കണം.—ലേവ്യപുസ്തകം 19:16; സങ്കീർത്തനം 101:5; 1 കൊരിന്ത്യർ 5:11.
4. വിവേകവും വിശ്വസ്തതയുമുള്ള ക്രിസ്ത്യാനികൾ രഹസ്യവിവരങ്ങൾ സംബന്ധിച്ച് എന്തു ചെയ്യും?
4 “ഹൃദയശൂന്യ”രിൽനിന്നു വ്യത്യസ്തരായി, “വിശാലമായ വിവേകം” കാട്ടുന്ന വ്യക്തികൾ ഉചിതമായിരിക്കുമ്പോൾ നിശബ്ദരായിരിക്കുന്നു. അവർ രഹസ്യം വെളിപ്പെടുത്തി വിശ്വാസവഞ്ചന കാട്ടുന്നില്ല. (സദൃശവാക്യങ്ങൾ 20:19, NW) നിയന്ത്രണമില്ലാത്ത സംസാരം ദോഷം ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ട്, വിവേകമതികൾ “ആത്മാവിൽ വിശ്വസ്തത” കാട്ടും. അവർ സഹവിശ്വാസികളോടു വിശ്വസ്തത പ്രകടമാക്കുന്നു. അവർക്ക് അപകടം വരുത്തിയേക്കാവുന്ന ഒരു രഹസ്യവും അവർ ചോർത്തിക്കൊടുക്കുകയില്ല. വിവേകമതികളായ ക്രിസ്ത്യാനികൾക്കു സഭയുമായി ബന്ധപ്പെട്ട ഏതെങ്കിലും രഹസ്യവിവരം ലഭിച്ചാൽ, യഹോവയുടെ സ്ഥാപനം അതിന്റേതായ വിധത്തിൽ പരസ്യമായി അറിയിക്കുന്നതുവരെ അവർ അതു രഹസ്യമായി സൂക്ഷിക്കുന്നു.
വിവേകവും നടത്തയും
5. ‘ഭോഷന്മാർ’ അഴിഞ്ഞനടത്തയെ വീക്ഷിക്കുന്നതെങ്ങനെ, എന്തുകൊണ്ട്?
5 വിവേകം പ്രകടമാക്കി അനുചിതമായ നടത്ത ഒഴിവാക്കാൻ ബൈബിൾ സദൃശവാക്യങ്ങൾ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 10:23 [NW] പറയുന്നു: “അഴിഞ്ഞ നടത്തയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതു ഭോഷനു വിനോദം പോലെയാണ്, എന്നാൽ ജ്ഞാനമാണു വിവേകിക്ക് അങ്ങനെയായിരിക്കുന്നത്.” അഴിഞ്ഞ നടത്തയെ “വിനോദം പോലെ” കരുതുന്നവർ തങ്ങളുടെ ഗതിയുടെ തെറ്റ് സംബന്ധിച്ച് അന്ധന്മാരാണ്. ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതിന്റെ ആവശ്യമുള്ളതായി അവർക്കു തോന്നുന്നില്ല. (റോമർ 14:12) ദൈവം തങ്ങളുടെ തെറ്റുകൾ കാണുന്നില്ലെന്നു ചിന്തിക്കുന്ന ഘട്ടത്തോളം അത്തരം ‘ഭോഷന്മാരുടെ’ യുക്തിചിന്ത അധഃപതിക്കുന്നു. അവരുടെ പ്രവൃത്തിയാൽ ഫലത്തിൽ അവർ പറയുന്നത് ഇതാണ്: “ദൈവം ഇല്ല.” (സങ്കീർത്തനം 14:1-3; യെശയ്യാവു 29:15, 16) ദൈവിക തത്ത്വങ്ങളാൽ നയിക്കപ്പെടാത്തതിനാൽ, അവർക്കു വിവേകമില്ല, സംഗതികളെ ഉചിതമായി ന്യായനിർണയം ചെയ്യാനും കഴിയുകയില്ല.—സദൃശവാക്യങ്ങൾ 28:5.
6. അഴിഞ്ഞനടത്ത ഭോഷത്തമായിരിക്കുന്നത് എന്തുകൊണ്ട്, വിവേകമുണ്ടെങ്കിൽ നാം അതിനെ എങ്ങനെ വീക്ഷിക്കും?
6 അഴിഞ്ഞ നടത്ത “വിനോദ”മല്ല, കളിയല്ല എന്നു “വിവേകി” തിരിച്ചറിയുന്നു. അതു ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്നും അവനുമായുള്ള ബന്ധം നശിപ്പിക്കുമെന്നും അവനറിയാം. അത്തരം നടത്ത ഭോഷത്തമാണ്, കാരണം അത് ആളുകളുടെ ആത്മാഭിമാനത്തെ കവർന്നെടുക്കുന്നു, വിവാഹങ്ങൾ തകർക്കുന്നു, മനസ്സിനും ശരീരത്തിനും ദോഷം ചെയ്യുന്നു, കൂടാതെ ആത്മീയതയെയും അവതാളത്തിലാക്കുന്നു. അതുകൊണ്ട് നമുക്കു വിവേകത്തിനു നമ്മുടെ ഹൃദയം ചായിച്ച് ഏതൊരു അഴിഞ്ഞ നടത്തയും അധാർമികതയും ഒഴിവാക്കാം.—സദൃശവാക്യങ്ങൾ 5:1-23.
വിവേകവും നമ്മുടെ മനോഭാവവും
7. കോപംകൊണ്ട് ശരീരത്തിനുള്ള ചില ദൂഷ്യങ്ങൾ എന്തെല്ലാം?
7 വിവേകത്തിനു നമ്മുടെ ഹൃദയം ചായിക്കുന്നത് നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. “പെട്ടെന്നു കോപിക്കാത്തവന് ഏറെ വിവേകമുണ്ട്; മുൻകോപി ഭോഷത്തത്തെ താലോലിക്കുന്നു,” സദൃശവാക്യങ്ങൾ 14:29 [പി.ഒ.സി. ബൈബിൾ] പറയുന്നു. വിവേകമതിയായ ഒരു വ്യക്തി അനിയന്ത്രിതമായ കോപം ഒഴിവാക്കും. അതിനുള്ള ഒരു കാരണം അതു സ്വന്ത ശരീരത്തിനു വരുത്തുന്ന ദോഷംതന്നെ. അതിനു രക്തസമ്മർദം ഉയർത്താനും ശ്വാസസംബന്ധമായ തകരാറുകൾ സൃഷ്ടിക്കാനും കഴിയും. ആസ്തമ, ത്വഗ്രോഗങ്ങൾ, ദഹനക്കേട്, അൾസർ എന്നിവപോലുള്ള രോഗങ്ങൾ രൂക്ഷമാക്കുകയോ അവയ്ക്കു കാരണമാകുകയോ ചെയ്യുന്ന വികാരങ്ങളാണ് കോപവും ക്രോധാവേശവും എന്നു ഡോക്ടർമാർ പറയുന്നു.
8. അക്ഷമരായിരിക്കുന്നത് എന്തിലേക്കു നയിച്ചേക്കാം, ഇക്കാര്യത്തിൽ വിവേകത്തിനു നമ്മെ സഹായിക്കാനാകുന്നതെങ്ങനെ?
8 നാം വിവേകം പ്രകടമാക്കി “പെട്ടെന്നു കോപിക്കാതി”രിക്കേണ്ടതിന്റെ കാരണം അതു നമ്മുടെ ആരോഗ്യത്തിനു ഹാനികരമാകും എന്നതുമാത്രമായിരിക്കരുത്. ക്ഷമ പ്രകടമാക്കുന്നില്ലെങ്കിൽ നാം ഭോഷത്തങ്ങൾ കാട്ടിക്കൂട്ടും, പിന്നീടു ഖേദിക്കുകയും ചെയ്യും. നിയന്ത്രണമില്ലാത്ത സംസാരത്തിന്റെയോ വീണ്ടുവിചാരമില്ലാത്ത നടത്തയുടെയോ ഫലമെന്തായിരിക്കാമെന്നു ചിന്തിക്കാൻ വിവേകം സഹായിക്കുന്നു, അങ്ങനെ ബുദ്ധിശൂന്യമായി എന്തെങ്കിലും ചെയ്ത് “ഭോഷത്തത്തെ താലോലിക്കുന്ന”തിൽനിന്നു നമ്മെ തടയുകയും ചെയ്യുന്നു. ക്രോധാവേശം നമ്മുടെ ചിന്താപ്രക്രിയയെ കുഴപ്പിക്കുമെന്നും അങ്ങനെ ശരിയായ ന്യായനിർണയം അസാധ്യമാക്കുമെന്നും തിരിച്ചറിയാൻ വിവേകം നമ്മെ വിശേഷാൽ സഹായിക്കുന്നു. ഇതു ദിവ്യഹിതം ചെയ്ത് ദൈവത്തിന്റെ നീതിനിഷ്ഠമായ തത്ത്വങ്ങൾക്കനുസൃതം ജീവിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയെ തകരാറിലാക്കും. അതേ, കോപത്തെ കയറൂരിവിടുന്നത് ആത്മീയമായി ഹാനികരമാണ്. വാസ്തവത്തിൽ, “കോപാവേശപ്രകടന”ത്തെ പട്ടികപ്പെടുത്തിയിരിക്കുന്നതുതന്നെ ദൈവരാജ്യം അവകാശപ്പെടുത്തുന്നതിൽനിന്നു നമ്മെ തടയുന്ന “ജഡത്തിന്റെ പ്രവൃത്തി”കളിലാണ്. (ഗലാത്യർ 5:19-21, NW) അതിനാൽ വിവേകമതികളായ ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവ”രും ആയിരിക്കാം.—യാക്കോബ് 1:19.
9. വിവേകത്തിനും സഹോദരസ്നേഹത്തിനും ഭിന്നതകൾ പരിഹരിക്കാൻ നമ്മെ സഹായിക്കാനാകുന്നതെങ്ങനെ?
9 നാം കോപാകുലരായിത്തീരുന്നെങ്കിൽ, സംഗതി ഒരു കാട്ടുതീപോലെയായിത്തീരുന്നത് ഒഴിവാക്കാൻ നാം മിണ്ടാതിരിക്കണമെന്നു വിവേകം സൂചിപ്പിക്കും. “വാക്കുകൾ അടക്കിവെക്കുന്നവനു ജ്ഞാനമുണ്ട്, വിവേകി ശാന്തമാനസ്സൻ ആണ്,” സദൃശവാക്യങ്ങൾ 17:27 [NW] പറയുന്നു. ദ്രോഹകരമായ എന്തെങ്കിലും വെട്ടിത്തുറന്നു പറയുന്നതിനുള്ള പ്രവണതയ്ക്കു കടിഞ്ഞാണിടേണ്ടതിന്റെ ആവശ്യം തിരിച്ചറിയാൻ വിവേകവും സഹോദരസ്നേഹവും നമ്മെ സഹായിക്കും. ഇതിനോടകംതന്നെ കോപംകൊണ്ടു പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ, സ്നേഹവും താഴ്മയും നിമിത്തം ക്ഷമാപണവും വിട്ടുവീഴ്ചകളും നടത്താൻ നാം പ്രേരിതരാകും. എന്നാൽ നമ്മെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെന്നു സങ്കൽപ്പിക്കുക. എങ്കിൽ സൗമ്യതയിൽ, താഴ്മയിൽ, സമാധാനം ഉന്നമിപ്പിക്കണമെന്ന മുഖ്യ ലക്ഷ്യത്തോടെ നമുക്ക് അയാളുമായി തനിച്ചു സംസാരിക്കാം.—മത്തായി 5:23, 24; 18:15-17.
വിവേകവും നമ്മുടെ കുടുംബവും
10. കുടുംബജീവിതത്തിൽ ജ്ഞാനവും വിവേകവും എന്തു പങ്കുവഹിക്കുന്നു?
10 കുടുംബാംഗങ്ങൾ ജ്ഞാനവും വിവേകവും പ്രകടമാക്കേണ്ടതുണ്ട്, കാരണം അവ ഒരു ഭവനത്തെ പടുത്തുയർത്തുന്ന ഗുണങ്ങളാണ്. “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു. വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു” എന്നു സദൃശവാക്യങ്ങൾ 24:3, 4 പറയുന്നു. വിജയപ്രദമായ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഉറച്ച കല്ലുകളാണു ജ്ഞാനവും വിവേകവും. തങ്ങളുടെ കുട്ടികളോടുള്ള വികാരവായ്പും താത്പര്യങ്ങളും വേർതിരിച്ചുകാണാൻ വിവേകം ക്രിസ്തീയ മാതാപിതാക്കളെ സഹായിക്കുന്നു. വിവേകമതിക്ക് ആശയവിനിയമം നടത്തുന്നതിനും ശ്രദ്ധിക്കുന്നതിനും തന്റെ വിവാഹിത ഇണയുടെ വികാരങ്ങളും വിചാരങ്ങളും സംബന്ധിച്ച് ഉൾക്കാഴ്ച നേടുന്നതിനുമുള്ള പ്രാപ്തിയുണ്ട്.—സദൃശവാക്യങ്ങൾ 20:5.
11. വിവേകമുള്ള ഒരു വിവാഹിത സ്ത്രീക്കു ‘തന്റെ കുടുംബം പണി’തുയർത്താനാകുന്നതെങ്ങനെ?
11 ജ്ഞാനവും വിവേകവും നിസ്സംശയമായും സന്തുഷ്ട കുടുംബജീവിതത്തിനു മർമപ്രധാനമാണ്. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 14:1 പറയുന്നു: “സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.” ജ്ഞാനവും വിവേകവുമുള്ള ഒരു വിവാഹിത സ്ത്രീ ഭർത്താവിന് ഉചിതമായി കീഴ്പെട്ട് കുടുംബത്തിന്റെ ക്ഷേമത്തിനായി കഠിനമായി പ്രയത്നിക്കുകയും അതുവഴി കുടുംബം പടുത്തുയർത്താൻ സഹായിക്കുകയും ചെയ്യും. ഭാര്യയെ സംബന്ധിച്ചിടത്തോളം ‘തന്റെ വീടു പണി’തുയർത്തുന്നതിനുള്ള ഒരു വിധം ഭർത്താവിനെപ്പറ്റി എല്ലായ്പോഴും നല്ലതു സംസാരിച്ച് അങ്ങനെ മറ്റുള്ളവർക്ക് അദ്ദേഹത്തോടുള്ള ആദരവു വർധിപ്പിക്കുന്നതാണ്. യഹോവയോടു ഭക്ത്യാദരവു കാട്ടുന്ന, പ്രാപ്തയും വിവേകമതിയുമായ ഒരു ഭാര്യ പ്രശംസ നേടുന്നു.—സദൃശവാക്യങ്ങൾ 12:4; 31:28, 30.
വിവേകവും നമ്മുടെ ജീവിതഗതിയും
12. “ഹൃദയശൂന്യ”ർ ഭോഷത്തത്തെ എങ്ങനെ വീക്ഷിക്കുന്നു, എന്തുകൊണ്ട്?
12 നമ്മുടെ എല്ലാ കാര്യങ്ങളിലും ഉചിതമായ ഗതി പിന്തുടരാൻ വിവേകം നമ്മെ സഹായിക്കുന്നു. സദൃശവാക്യങ്ങൾ 15:21-ൽ ഇതു സൂചിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെ പറയുന്നു: “ഭോഷത്വം ബുദ്ധിഹീനന്നു [“ഹൃദയശൂന്യനു,” NW] സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.” ഈ സദൃശവാക്യം നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? ഒരു ഭോഷത്തഗതി അഥവാ ഒരു വിഡ്ഢിത്തം, വിവേകശൂന്യരായ സ്ത്രീപുരുഷന്മാർക്കും യുവജനങ്ങൾക്കും സന്തോഷ കാരണമാണ്. അവർ “ഹൃദയശൂന്യ”രാണ്, അവർക്കു നല്ല ആന്തരമില്ല, ഭോഷത്തത്തിൽ ആനന്ദിക്കാൻ മാത്രം ബുദ്ധിശൂന്യരാണവർ.
13. ചിരിയെയും ലാഘവബുദ്ധിയെയും ശലോമോൻ എങ്ങനെ വീക്ഷിച്ചു?
13 ലാഘവബുദ്ധ്യാ ജീവിക്കുന്നതിൽ കഴമ്പില്ലെന്നു മനസ്സിലാക്കിയ വിവേകമതിയായ ഇസ്രായേൽ രാജാവ്, ശലോമോൻ, ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്നു ഫലം എന്നും പറഞ്ഞു.” (സഭാപ്രസംഗി 2:1, 2) ഉല്ലാസവും ചിരിയുംകൊണ്ടു മാത്രം സംതൃപ്തി വരുന്നില്ല, കാരണം അവ യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടി ഉളവാക്കുന്നില്ലെന്നു വിവേകിയായ പുരുഷനെന്ന നിലയിൽ, ശലോമോനു മനസ്സിലായി. നമ്മുടെ പ്രശ്നങ്ങൾ താത്കാലികമായി മറക്കാൻ ചിരി സഹായിച്ചേക്കാം, എന്നാൽ അതു പിന്നെയും പൊന്തിവരും, ചിലപ്പോൾ അതിനു കാഠിന്യവും കൂടുതലായിരിക്കാം. ശലോമോനു ചിരിയെ ഉചിതമായിത്തന്നെ “ഭ്രാന്തു” എന്നു പരാമർശിക്കാൻ കഴിഞ്ഞു. എന്തുകൊണ്ട്? എന്തെന്നാൽ ചിന്താശൂന്യമായ ചിരി ശരിയായ ന്യായനിർണയത്തിന്മേൽ നിഴൽ വീഴ്ത്തും. അതു മുഖാന്തരം വളരെ ഗൗരവമായ സംഗതികൾ നാം ലഘുവായിട്ട് എടുത്തേക്കാം. ഒരു കൊട്ടാരവിദൂഷകന്റെ വാക്കുകളിൽനിന്നും പ്രവൃത്തികളിൽനിന്നും ലഭിക്കുന്ന ആഹ്ലാദംകൊണ്ടു മൂല്യവത്തായ യാതൊന്നും ഉണ്ടാകുന്നില്ലെന്നു പറയാം. ചിരിയും ഉല്ലാസവുമായുള്ള ശലോമോന്റെ പരീക്ഷണത്തിന്റെ പൊരുൾ വിവേചിക്കുന്നത് “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”ത്തീരുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു.—2 തിമൊഥെയൊസ് 3:1, 4.
14. ‘വിവേകി ചൊവ്വായി’ നടക്കുന്നതെങ്ങനെ?
14 ‘വിവേകി ചൊവ്വായി’ നടക്കുന്നതെങ്ങനെയാണ്? ആത്മീയ വിവേകവും ദൈവിക തത്ത്വങ്ങളുടെ ബാധകമാക്കലും ആളുകളെ നീതിനിഷ്ഠമായ, നേരായ ഗതിയിൽ നടത്തുന്നു. ബൈയിങ്ടന്റെ പരിഭാഷ തുറന്നടിച്ചു പറയുന്നു: “ഭോഷത്തം മസ്തിഷ്കമില്ലാത്തവനു പരമാനന്ദം, എന്നാൽ ബുദ്ധിയുള്ള മനുഷ്യൻ നേരെചൊവ്വെ പോകും.” “വിവേകി” തന്റെ കാലടികൾ നേരെ വെക്കുന്നു, ദൈവവചനം ജീവിതത്തിൽ ബാധകമാക്കുന്നതുകൊണ്ട് ശരിയും തെറ്റും വേർതിരിച്ചറിയാൻ അവനു പ്രാപ്തിയുണ്ട്.—എബ്രായർ 5:14; 12:12, 13.
വിവേകത്തിനായി എല്ലായ്പോഴും യഹോവയിലേക്കു നോക്കുക
15. സദൃശവാക്യങ്ങൾ 2:6-9-ൽനിന്ന് നാം എന്തു പഠിക്കുന്നു?
15 ജീവിതത്തിൽ നേരായ ഗതി പിൻപറ്റുന്നതിന്, നാമെല്ലാവരും നമ്മുടെ അപൂർണത അംഗീകരിച്ച് ആത്മീയ വിവേകത്തിനായി യഹോവയിലേക്കു നോക്കേണ്ടതുണ്ട്. സദൃശവാക്യങ്ങൾ 2:6-9 പറയുന്നു: “യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചു വെക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.”—യാക്കോബ് 4:6 താരതമ്യം ചെയ്യുക.
16. യഹോവയ്ക്കെതിരെ യാതൊരു ജ്ഞാനവും വിവേകവും ആലോചനയും ഇല്ലാത്തത് എന്തുകൊണ്ട്?
16 യഹോവയിലുള്ള നമ്മുടെ ആശ്രയം അംഗീകരിച്ചുകൊണ്ട്, അവന്റെ വചനത്തിൽ ഊളിയിട്ടിറങ്ങി അവന്റെ ഹിതം വിവേചിച്ചറിയാൻ നമുക്കു താഴ്മയോടെ ശ്രമിക്കാം. സമ്പൂർണമായ അർഥത്തിൽത്തന്നെ അവനു ജ്ഞാനമുണ്ട്, അവന്റെ ബുദ്ധ്യുപദേശം എല്ലായ്പോഴും പ്രയോജനപ്രദമാണ്. (യെശയ്യാവു 40:13; റോമർ 11:34) വാസ്തവത്തിൽ, അവന്റേതിനോട് എതിരായ ഏതൊരു ഉപദേശവും നിരർഥകമാണ്. സദൃശവാക്യങ്ങൾ 21:30 പ്രസ്താവിക്കുന്നു: “യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.” (സദൃശവാക്യങ്ങൾ 19:21 താരതമ്യം ചെയ്യുക.) “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ദൈവവചനം പഠിക്കുമ്പോൾ വികാസം പ്രാപിക്കുന്ന ആത്മീയ വിവേകത്തിനു മാത്രമേ ജീവിതത്തിൽ ഉചിതമായ ഗതി പിൻപറ്റാൻ നമ്മെ സഹായിക്കാനാകൂ. (മത്തായി 24:45-47, NW) അതുകൊണ്ട്, വിപരീതോപദേശം എത്രകണ്ടു സത്യമായി തോന്നിയാലും അതു യഹോവയുടെ വചനത്തോടു കിടപിടിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് നമുക്കു നമ്മുടെ ജീവിതരീതിയെ യഹോവയുടെ ബുദ്ധ്യുപദേശത്തോടു ചേർച്ചയിലാക്കാം.
17. തെറ്റായ ബുദ്ധ്യുപദേശം കൊടുക്കുന്നതുകൊണ്ട് എന്തു ഫലമുണ്ടാകാം?
17 ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ അതു ദൈവവചനത്തിൽ അടിയുറച്ചതായിരിക്കണമെന്നും ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനുമുമ്പ് ബൈബിൾ പഠനവും ധ്യാനവും നടത്തിയിരിക്കണമെന്നും വിവേകമതികളായ ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 15:28) ഗൗരവമായ സംഗതികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരങ്ങൾ കൊടുക്കുന്നതുകൊണ്ടു വലിയ ദ്രോഹമുണ്ടാകും. അതുകൊണ്ട്, ക്രിസ്തീയ മൂപ്പന്മാർക്ക് ആത്മീയ വിവേകം ആവശ്യമാണ്, സഹവിശ്വാസികളെ ആത്മീയമായി സഹായിക്കാൻ ശ്രമിക്കവെ യഹോവയുടെ മാർഗനിർദേശത്തിനായി അവർ പ്രാർഥിക്കുകയും വേണം.
ആത്മീയ വിവേകംകൊണ്ടു നിറഞ്ഞുകവിയുക
18. സഭയിൽ ഒരു പ്രശ്നം പൊന്തിവരുന്നപക്ഷം, നമ്മുടെ സമനില നിലനിർത്തുന്നതിന് ആത്മീയ വിവേകം നമ്മെ എങ്ങനെ സഹായിക്കും?
18 യഹോവയെ പ്രസാദിപ്പിക്കുന്നതിന്, നമുക്ക് “സകലത്തിലും വിവേകം” ആവശ്യമാണ്. (2 തിമൊഥെയൊസ് 2:7, NW) അതീവ താത്പര്യത്തോടെ ബൈബിൾ പഠിക്കുന്നതും ദൈവാത്മാവിന്റെയും അവന്റെ സ്ഥാപനത്തിന്റെയും നടത്തിപ്പിനു കീഴ്പെടുന്നതും തെറ്റായ ഗതിയിലേക്കു നമ്മെ നയിക്കാനാകുന്ന സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യണമെന്നു വിവേചിക്കാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന്, സഭയിൽ ഒരു സംഗതി നാം വിചാരിക്കുന്നതുപോലെയല്ല കൈകാര്യം ചെയ്തതെന്നു സങ്കൽപ്പിക്കുക. പ്രസ്തുത കാരണത്താൽ യഹോവയുടെ ജനവുമായുള്ള സഹവാസം നിർത്താമെന്നും ദൈവസേവനം മതിയാക്കാമെന്നും തീരുമാനിക്കാതിരിക്കാൻ ആത്മീയ വിവേകം നമ്മെ സഹായിക്കും. യഹോവയെ സേവിക്കുന്നതിനുള്ള നമ്മുടെ പദവിയെയും നാം ആസ്വദിക്കുന്ന ആത്മീയ സ്വാതന്ത്ര്യത്തെയും രാജ്യപ്രഘോഷകരെന്ന നിലയിലുള്ള നമ്മുടെ സേവനത്തിൽനിന്നു നമുക്കു ലഭിക്കാവുന്ന സന്തോഷത്തെയും കുറിച്ചു ചിന്തിക്കുക. ശരിയായ വീക്ഷണം ലഭിക്കാനും നാം ദൈവത്തിനു സമർപ്പിതരാണെന്നും മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്നു നോക്കാതെ അവനുമായുള്ള നമ്മുടെ ബന്ധം നാം മതിപ്പോടെ കാത്തുകൊള്ളേണ്ടതാണെന്നും തിരിച്ചറിയാനും ആത്മീയ വിവേകം നമ്മെ പ്രാപ്തരാക്കുന്നു. ഒരു പ്രശ്നം കൈകാര്യം ചെയ്യാൻ ദിവ്യാധിപത്യപരമായി നമുക്കൊന്നും ചെയ്യാനില്ലെങ്കിൽ, പ്രസ്തുത സ്ഥിതിവിശേഷത്തിന്റെ പരിഹാരത്തിനുവേണ്ടി യഹോവയ്ക്കായി നാം ക്ഷമയോടെ കാത്തിരിക്കണം. വിട്ടുപോകുകയോ നിരാശരാകുകയോ ചെയ്യാതെ, നമുക്കു “ദൈവത്തിനായി കാത്തിരി”ക്കാം.—സങ്കീർത്തനം 42:5, 11.
19. (എ) ഫിലിപ്പിയർക്കായുള്ള പൗലൊസിന്റെ പ്രാർഥനയുടെ സത്ത എന്തായിരുന്നു? (ബി) എന്തെങ്കിലും ഒരു സംഗതി പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽ, വിവേകത്തിനു നമ്മെ എങ്ങനെ സഹായിക്കാനാകും?
19 ദൈവത്തോടും അവന്റെ ജനത്തോടും വിശ്വസ്തതയോടെ നിലകൊള്ളാൻ ആത്മീയ വിവേകം നമ്മെ സഹായിക്കുന്നു. ഫിലിപ്പിയിലെ ക്രിസ്ത്യാനികളോടു പൗലൊസ് പറഞ്ഞു: “നിങ്ങളുടെ സ്നേഹം മേൽക്കുമേൽ സൂക്ഷ്മ പരിജ്ഞാനത്തിലും തികവുള്ള വിവേകത്തിലും വർധിച്ചു വന്നിട്ടു നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാക്കണമെന്നും ക്രിസ്തുവിന്റെ നാളിലേക്കു കുറ്റമറ്റവരും മറ്റുള്ളവരെ ഇടറിക്കാത്തവരും ആയിത്തീരണമെന്നും ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.” (ഫിലിപ്പിയർ 1:9, 10, NW) ഉചിതമായി ന്യായനിർണയം നടത്തുന്നതിന്, ‘സൂക്ഷ്മ പരിജ്ഞാനവും തികവുള്ള വിവേകവും’ നമുക്ക് ആവശ്യമാണ്. ഇവിടെ “വിവേകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന് “സൂക്ഷ്മതയുള്ള ധാർമിക ഗ്രഹണം” എന്ന വിവക്ഷയാണുള്ളത്. നാം എന്തെങ്കിലും പഠിക്കുമ്പോൾ, അതിനു ദൈവവും ക്രിസ്തുവുമായുള്ള ബന്ധം ഗ്രഹിക്കാനും അതു യഹോവയുടെ വ്യക്തിത്വത്തെയും കരുതലുകളെയും എങ്ങനെ മഹത്ത്വീകരിക്കുന്നുവെന്നു ധ്യാനിക്കാനും നാം ആഗ്രഹിക്കുന്നു. ഇതു നമ്മുടെ വിവേകവും യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിരിക്കുന്ന സംഗതികളോടുള്ള നമ്മുടെ വിലമതിപ്പും വർധിപ്പിക്കുന്നു. ഏതെങ്കിലും ഒരു കാര്യം നമുക്കു പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽ, നാം ദൈവത്തെയും ക്രിസ്തുവിനെയും ദിവ്യോദ്ദേശ്യത്തെയുംകുറിച്ചു മനസ്സിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട സംഗതികളിലെല്ലാമുള്ള നമ്മുടെ വിശ്വാസം ഉപേക്ഷിക്കരുത് എന്നു തിരിച്ചറിയുന്നതിനു വിവേകം നമ്മെ സഹായിക്കും.
20. നമുക്കെങ്ങനെ ആത്മീയ വിവേകത്താൽ നിറഞ്ഞുകവിയാനാകും?
20 എല്ലായ്പോഴും നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ദൈവവചനവുമായി യോജിപ്പിലാക്കുന്നെങ്കിൽ നാം ആത്മീയ വിവേകത്താൽ നിറഞ്ഞുകവിയും. (2 കൊരിന്ത്യർ 13:5) നിർമാണാത്മകമായ വിധത്തിൽ ഇതു ചെയ്യുന്നതു നമ്മെ താഴ്മയുള്ളവരാക്കും, കൂടാതെ സ്വാഭിപ്രായശാഠ്യമുള്ളവരും മറ്റുള്ളവരെ വിമർശിക്കുന്നവരും ആകാതിരിക്കാനും അതു നമ്മെ സഹായിക്കും. തിരുത്തലിൽനിന്നു പ്രയോജനം നേടാനും കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാക്കുന്നതിനും വിവേകം നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 3:7) അതിനാൽ യഹോവയെ പ്രസാദിപ്പിക്കണമെന്ന ആഗ്രഹത്തോടെ, അവന്റെ വചനത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനംകൊണ്ടു നിറയാൻ നമുക്കു ശ്രമിക്കാം. ഇതു നമ്മെ തെറ്റും ശരിയും തിരിച്ചറിയാനും, ശരിക്കും പ്രാധാന്യമുള്ളത് എന്താണെന്നു നിർണയിക്കാനും, കൂടാതെ യഹോവയുമായി നമുക്കുള്ള അമൂല്യ ബന്ധത്തോടു വിശ്വസ്തതയോടെ പറ്റിച്ചേർന്നുനിൽക്കാനും സഹായിക്കും. വിവേകത്തിനു നമ്മുടെ ഹൃദയം ചായിക്കുന്നെങ്കിൽമാത്രമേ ഇതെല്ലാം സാധ്യമാകുകയുള്ളൂ. എങ്കിലും, മറ്റൊന്നുകൂടെ ആവശ്യമാണ്. വിവേകം നമ്മെ കാത്തുസൂക്ഷിക്കാൻ നാം അനുവദിക്കണം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ നാം നമ്മുടെ ഹൃദയം വിവേകത്തിനു ചായിക്കേണ്ടത് എന്തുകൊണ്ട്?
□ വിവേകത്തിനു നമ്മുടെ സംസാരത്തെയും നടത്തയെയും ബാധിക്കാനാകുന്നതെങ്ങനെ?
□ വിവേകത്തിനു നമ്മുടെ മനോഭാവത്തിന്മേൽ എന്തു സ്വാധീനം ചെലുത്താൻ കഴിയും?
□ വിവേകത്തിനായി നാം എല്ലായ്പോഴും യഹോവയിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
[13-ാം പേജിലെ ചിത്രം]
നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കാൻ വിവേകത്തിനു നമ്മെ സഹായിക്കാനാകും
[15-ാം പേജിലെ ചിത്രം]
ലാഘവബുദ്ധി വാസ്തവത്തിൽ തൃപ്തികരമല്ലെന്നു വിവേകിയായ ശലോമോൻ രാജാവു തിരിച്ചറിഞ്ഞു