ചർച്ച ചെയ്യേണ്ടതിന്റെ കാരണം
“ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.”—സദൃശവാക്യങ്ങൾ 27:17, ബൈബിൾ.
കത്തികൾ തമ്മിൽ കൂട്ടിയടിച്ചല്ല അവയ്ക്കു സാധാരണ മൂർച്ചവരുത്തുന്നത്. മൂർച്ചവരുത്തൽ കുറച്ചുകൂടെ മൃദുവായ ഒരു പ്രക്രിയയാണ്. സമാനമായി, സംഭാഷണങ്ങളിലൂടെ മനസ്സിനു മൂർച്ച വരുത്തുന്നതിനുള്ള ശരിയായ വിധങ്ങളും തെറ്റായ വിധങ്ങളും ഉണ്ട്—പ്രത്യേകിച്ചും മതം പോലുള്ള ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ.
ആദ്യമായി, നാം മറ്റേ വ്യക്തിയുടെ മാന്യതയെ ആദരിക്കുകയും നമ്മുടെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും അതു പ്രകടമാക്കുകയും വേണം. “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” എന്നു ബൈബിൾ പറയുന്നു. (കൊലൊസ്സ്യർ 4:6) കൃപയോടുകൂടിയ, രുചിവരുത്തിയ സംസാരം അടിച്ചമർത്തലിന്റെ ധ്വനി കലർന്നത് ആയിരിക്കുകയില്ല. തന്റെ ഭാഗം ശരിയാണെന്നും മറ്റേ വ്യക്തി പറയുന്നതു തെറ്റാണെന്നും സംസാരിക്കുന്ന വ്യക്തിക്കു ബോധ്യമുള്ളപ്പോഴും അതു വാസ്തവമായിരിക്കും.
നാം ശ്രദ്ധിക്കുന്ന വിധത്തിലും കൃപ പ്രകടമാകുന്നു. മറ്റേ ആളുടെ സംസാരത്തിനു ഭംഗം വരുത്തുകയോ അടുത്ത വാദമുഖത്തെ കുറിച്ചു മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയോ ചെയ്യുന്നപക്ഷം നാം കൃപയോടുകൂടി ശ്രദ്ധിക്കുക ആയിരിക്കില്ല. സംസാരിക്കുന്ന ആളുടെ വീക്ഷണങ്ങളിൽ നമുക്കുള്ള താത്പര്യക്കുറവ് സാധ്യതയനുസരിച്ച് അയാൾ പെട്ടെന്നു മനസ്സിലാക്കും. അതോടെ അയാൾ സംഭാഷണം അവസാനിപ്പിച്ചേക്കാം. മറ്റേ ആളുടെ വീക്ഷണങ്ങൾക്കു മാറ്റം വരുത്താൻ നാം ഒരിക്കലും അയാളെ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. അനുകൂലമായി പ്രതികരിക്കുന്ന ഒരാളുടെ ഹൃദയത്തിൽ ‘ദൈവമാണല്ലോ [സത്യത്തിന്റെ വിത്തു] വളരുമാറാക്കുന്നത്.’—1 കൊരിന്ത്യർ 3:6.
ശുശ്രൂഷയിൽ “ന്യായവാദ”വും “പ്രേരണ”യും ഉപയോഗിച്ച പൗലൊസ് അപ്പൊസ്തലൻ നമുക്ക് ഒരു മുന്തിയ ദൃഷ്ടാന്തമാണ്. (പ്രവൃത്തികൾ 17:17; 28:23, 24, NW) ആളുകളെ കണ്ടുമുട്ടുന്നിടത്തെല്ലാം—ചന്തസ്ഥലത്തും വീടുകളിലുമൊക്കെ—പൗലൊസ് അവരുമായി മതകാര്യങ്ങൾ ചർച്ച ചെയ്തു. (പ്രവൃത്തികൾ 17:2, 3; 20:20) ആളുകളെ കണ്ടുമുട്ടാവുന്നിടത്തെല്ലാം ചെന്ന് അവരുമായി തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്തുകൊണ്ട് ആ മാതൃക പിൻപറ്റാൻ യഹോവയുടെ സാക്ഷികൾ കിണഞ്ഞു പരിശ്രമിക്കുന്നു.
തെറ്റിദ്ധാരണകൾ അകറ്റുക
ഇസ്രായേൽ ജനത വാഗ്ദത്ത ദേശത്തു താമസമാക്കിയതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ, ഒരു യാഗപീഠം സംബന്ധിച്ച തെറ്റിദ്ധാരണ ആഭ്യന്തര യുദ്ധത്തിനു തിരികൊളുത്തുമെന്നായി. യോർദാൻ നദിയുടെ കിഴക്കു താമസിച്ചിരുന്ന ജനം ഒരു യാഗപീഠം പണിതു. എന്നാൽ, അതു വ്യാജ ആരാധനയ്ക്കുള്ള യാഗപീഠമാണ് എന്നു മറ്റു ഗോത്രക്കാർ തെറ്റിദ്ധരിച്ചു. തന്മൂലം, തങ്ങളുടെ സഹോദരങ്ങളെ ശിക്ഷിക്കുന്നതിന് അവർ ഒരു സൈനിക നീക്കത്തിന് ഒരുങ്ങി. എങ്കിലും ബുദ്ധികൂർമത ഫലം ചെയ്തു. യാഗപീഠം പണിതതിന്റെ കാരണം ആരായാൻ യുദ്ധത്തിന് ഒരുങ്ങിയവർ ആദ്യം പ്രതിനിധികളുടെ ഒരു സംഘത്തെ അയച്ചു. യഹോവയാം ദൈവത്തിനു മുമ്പാകെ തങ്ങൾക്കുള്ള ഐക്യത്തെ കുറിച്ചു സകല ഗോത്രക്കാരെയും അനുസ്മരിപ്പിക്കുന്ന ഒരു സ്മാരകം—‘ഒരു സാക്ഷ്യം’—മാത്രമായിരുന്നു അത് എന്നു മനസ്സിലാക്കിയപ്പോൾ അവർക്കു വലിയ ആശ്വാസമായി. കാര്യങ്ങൾ തുറന്നു സംസാരിച്ചതുകൊണ്ട് ഒരു യുദ്ധം ഒഴിവായി, അതുപോലെതന്നെ രക്തപാതകവും!—യോശുവ 22:9-34.
ഇന്നും ഒട്ടുമിക്കപ്പോഴും തെറ്റിദ്ധാരണകൾ ഇഷ്ടക്കേടിനും മുൻവിധിക്കും പോലും വഴിമരുന്നിടുന്നു. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചയ്ക്കു വിസമ്മതിക്കുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ മൂലം ചിലർ അവരെ മതഭ്രാന്തരായി വീക്ഷിച്ചിരിക്കുന്നു. എന്നാൽ, അതു സംബന്ധിച്ചു സാക്ഷികളോടു വ്യക്തിപരമായി ചോദിച്ചറിയുന്നവർ തങ്ങളെ ആശ്ചര്യഭരിതരാക്കുന്ന വിവരങ്ങളാണു മനസ്സിലാക്കുന്നത്. സാക്ഷികളുടേത് ബൈബിൾ അധിഷ്ഠിതമായ നിലപാടാണെന്നും സുരക്ഷിതവും ഫലപ്രദവുമായ പകര ചികിത്സാരീതികൾ ഉണ്ടെന്നും അവർ മനസ്സിലാക്കുന്നു. (ലേവ്യപുസ്തകം 17:13, 14; പ്രവൃത്തികൾ 15:28, 29) വാസ്തവത്തിൽ, രക്ഷ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം ഒരു കോളമെഴുത്തുകാരൻ ഇങ്ങനെ എഴുതി: “രക്തത്തിനു പകരമുള്ള പദാർഥങ്ങൾ കണ്ടെത്തുന്നതിൽ യഹോവയുടെ സാക്ഷികൾ മുന്നണിപ്രവർത്തനം നടത്തുന്നതിനു ദൈവത്തിനു നന്ദി.”
അതുപോലെ, യഹോവയുടെ സാക്ഷികൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞുകേട്ടതുകൊണ്ടു ചിലർ സാക്ഷികളോടു സംസാരിക്കാൻ വിസമ്മതിക്കുന്നു. അത് എത്ര വ്യാജമാണ്! ഒരുവൻ രക്ഷ പ്രാപിക്കുന്നതിൽ യേശു വഹിക്കുന്ന പങ്കിനെ കുറിച്ചു സാക്ഷികൾ ഊന്നിപ്പറയുന്നു എന്നതാണു വാസ്തവം. പാപത്തിൽ നിന്നും മരണത്തിൽ നിന്നും മനുഷ്യവർഗത്തെ മോചിപ്പിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച തന്റെ പുത്രനാണ് യേശു എന്ന് സാക്ഷികൾ വിശദീകരിക്കുന്നു. പ്രസ്തുത വിഷയത്തെ കുറിച്ചു സാക്ഷികളുമായി സംസാരിച്ചുകൊണ്ട് തെറ്റിദ്ധാരണകൾ നീക്കാൻ ആളുകൾക്കു സാധിച്ചിരിക്കുന്നു.—മത്തായി 16:16; 20:28; യോഹന്നാൻ 3:16; 14:28; 1 യോഹന്നാൻ 4:15.
സത്യം—ജനപ്രീതി ഉള്ളതോ ഇല്ലാത്തതോ?
മതത്തോടുള്ള ബന്ധത്തിൽ പലരെയും അതിശയിപ്പിക്കുന്ന ഒരു സംഗതിയുണ്ട്—ജനപ്രീതി ഉള്ള മാർഗം പൊതുവെ തെറ്റാണെന്നു തെളിയുന്നു. യേശുക്രിസ്തുതന്നെയും ഇങ്ങനെ പഠിപ്പിച്ചു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
നോഹയുടെ കാലത്ത് എട്ടു പേർ മാത്രമേ ആത്മീയ സത്യങ്ങൾ സംസാരിച്ചുള്ളൂ—നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരും. അവരുടെ മുന്നറിയിപ്പിൻ സന്ദേശവും പെട്ടകം പണിയലും അവരെ പരിഹാസത്തിനും അധിക്ഷേപത്തിനും പാത്രമാക്കി എന്നതിൽ തെല്ലും സംശയമില്ല. എന്നിട്ടും, നോഹയും കുടുംബവും ഭയന്നു പിന്മാറിയില്ല; അവർ പ്രസംഗ വേലയും നിർമാണ പ്രവർത്തനവും തുടർന്നു. (ഉല്പത്തി 6:13, 14; 7:21-24; 2 പത്രൊസ് 2:5) അതുപോലെ, മൂന്നു പേർ മാത്രമേ ദൈവ നിർദേശങ്ങൾ അനുസരിച്ച് സൊദോമിന്റെയും ഗൊമോറയുടെയും നാശത്തെ അതിജീവിച്ചുള്ളൂ.—ഉല്പത്തി 19:12-29; ലൂക്കൊസ് 17:28-30.
നമ്മുടെ നാളുകൾ സംബന്ധിച്ചോ? “ക്രിസ്തു ജഡത്തിൽ മടങ്ങി വരുന്നപക്ഷം ആളുകൾ ഒരുപക്ഷേ അവനെ വീണ്ടും കൊല്ലും” എന്ന് ഒരു വീട്ടുകാരൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടു പറഞ്ഞു. യേശുവിന്റെ പഠിപ്പിക്കലുകളും ഉയർന്ന ധാർമിക നിലവാരങ്ങളും 2,000 വർഷങ്ങൾക്കു മുമ്പെന്നപോലെ ഇന്നും ജനപ്രീതി ഇല്ലാത്തത് ആയിരിക്കും എന്ന് അയാൾക്കു തോന്നി. നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ?
അങ്ങനെയെങ്കിൽ അതു ശരിതന്നെ. കാരണം, യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകി: “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9) ആ പ്രവചനം സത്യമെന്നു തെളിഞ്ഞിരിക്കുന്നു. റോമിലെ യഹൂദ മതനേതാക്കന്മാർ പൗലൊസ് അപ്പൊസ്തലനോട് ക്രിസ്ത്യാനിത്വത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു.” (പ്രവൃത്തികൾ 28:22) ക്രിസ്ത്യാനിത്വത്തിനു ജനപ്രീതി ഇല്ലായിരുന്നു എന്നത് തങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതിൽ നിന്നു ക്രിസ്തുവിന്റെ അനുഗാമികളെ പിന്തിരിപ്പിച്ചില്ല. ക്രിസ്ത്യാനികളോടു സംസാരിക്കുന്നതിൽ നിന്നു ഹൃദയപരമാർഥതയുള്ള ആളുകളെയും അതു പിന്തിരിപ്പിച്ചില്ല.—പ്രവൃത്തികൾ 13:43-49.
ഇന്ന് യേശുവിന്റെ സന്ദേശം എന്നത്തെക്കാളും പ്രാധാന്യം അർഹിക്കുന്നു. കാരണം? നാം ജീവിക്കുന്നത് ഈ വ്യവസ്ഥിതിയുടെ ‘അന്ത്യനാളുകളിൽ’ ആണെന്നും ഈ നാളുകൾ ഭൂമിയിൽ നിന്നു ദുഷ്പ്രവൃത്തികൾ നീക്കം ചെയ്യപ്പെടുന്ന ശുദ്ധീകരണ പ്രക്രിയയിൽ പരിസമാപ്തി കുറിക്കുമെന്നും ലോകാവസ്ഥകൾ സൂചിപ്പിക്കുന്നു. യേശു നമ്മുടെ നാളുകളെ നോഹയുടെ നാളുകളോടു താരതമ്യം ചെയ്തു. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:37-39) അതുകൊണ്ട്, നമ്മുടെ വിശ്വാസത്തെ നിസ്സാരമായി കരുതാനുള്ള സമയമല്ലിത്. കാരണം, ദൈവത്തെ അറിയുകയും അവനെ “ആത്മാവിലും സത്യത്തിലും നമസ്കരി”ക്കുകയും ചെയ്യുന്നവർക്കു മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളൂ.—യോഹന്നാൻ 4:24; 2 തെസ്സലൊനീക്യർ 1:6-9.
ശരിയായ പാത കണ്ടെത്താവുന്ന വിധം
17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്ത്വചിന്തകനും ഉപന്യാസ കർത്താവും നിയമ വിദഗ്ധനും രാജ്യതന്ത്രജ്ഞനും ആയിരുന്ന ഫ്രാൻസിസ് ബേക്കൺ സത്യാന്വേഷികളോട് “തൂക്കിനോക്കി വിലയിരുത്താൻ” ഉപദേശിച്ചു. ഒരു മുൻ യു.എസ്. പ്രസിഡന്റായ തോമസ് ജെഫേഴ്സൺ ഇങ്ങനെ പറഞ്ഞു: “ന്യായവാദത്തിനും സ്വതന്ത്രമായ അന്വേഷണത്തിനും മാത്രമേ തെറ്റുകൾ ഇല്ലായ്മ ചെയ്യാനാകൂ. . . . തെറ്റിന്റെ ജന്മ ശത്രുക്കളാണ് അവ.” തന്നിമിത്തം, നാം സത്യത്തിനു വേണ്ടി ആത്മാർഥമായി അന്വേഷിക്കുകയാണെങ്കിൽ കാര്യങ്ങൾ ‘തൂക്കിനോക്കി വിലയിരുത്തുക’ മാത്രമല്ല “ന്യായവാദത്തിനും സ്വതന്ത്രമായ അന്വേഷണത്തിനും” മുതിരുകയും ചെയ്യും.
അത്തരമൊരു സമീപനം അടിയന്തിരം ആയിരിക്കുന്നതിന്റെ കാരണം തിരിച്ചറിയിച്ചുകൊണ്ട് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹെർമൻ ബോൻഡി ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്തുതന്നെയായാലും, സത്യം ഒന്നേ ഉണ്ടായിരിക്കാൻ പാടുള്ളൂ. ആ സ്ഥിതിക്ക്, ആളുകൾ അസത്യമായിരിക്കുന്ന മതകാര്യങ്ങളിൽ ദൃഢമായി, സത്യസന്ധമായി വിശ്വസിക്കുന്നതിനുള്ള സകല സാധ്യതയും ഉണ്ട്. ഒരുവന്റെ വിശ്വാസം എത്രതന്നെ ആഴത്തിൽ വേരൂന്നിയതാണ് എങ്കിലും അതു തെറ്റായിരുന്നേക്കാം എന്നു ചിന്തിക്കാൻ, ഒരു പരിധിവരെ താഴ്മ പ്രകടമാക്കാൻ ഈ വ്യക്തമായ വസ്തുത അയാളെ പ്രേരിപ്പിച്ചേക്കാം.”
എന്നാൽ, താൻ വാസ്തവമായും ‘ജീവനിലേക്കു നയിക്കുന്ന ഇടുക്കുവാതിലിലൂടെ’ ആണോ പോകുന്നത് എന്ന് ഒരാൾക്ക് എങ്ങനെ നിശ്ചയം വരുത്താൻ സാധിക്കും? ദൈവത്തെ ‘സത്യത്തിൽ’ ആരാധിക്കണം എന്ന് യേശു പഠിപ്പിച്ചു. അതുകൊണ്ട്, നേർ വിപരീതമായ രണ്ടു പഠിപ്പിക്കലുകൾ ഉണ്ടെങ്കിൽ ഒരേ സമയം രണ്ടും ശരിയായിരിക്കില്ല എന്നു ചിന്തിക്കുന്നതു ന്യായയുക്തമാണ്. ഉദാഹരണത്തിന്, ഒന്നുകിൽ മനുഷ്യന് മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവ് ഉണ്ട് അല്ലെങ്കിൽ ഇല്ല. ഒന്നുകിൽ ദൈവം മനുഷ്യ കാര്യാദികളിൽ ഇടപെടും അല്ലെങ്കിൽ ഇടപെടില്ല. ഒന്നുകിൽ ദൈവം ത്രിത്വമാണ് അല്ലെങ്കിൽ ത്രിത്വമല്ല. പ്രധാനപ്പെട്ട അത്തരം ചോദ്യങ്ങൾക്കു സത്യാന്വേഷികൾ വസ്തുനിഷ്ഠമായ ഉത്തരങ്ങൾ തേടുന്നു. തന്റെ വചനമായ ബൈബിളിൽ ദൈവം അതിനെല്ലാം ഉത്തരങ്ങൾ നൽകിയിട്ടുണ്ടെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.a
“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” പലവിധ പഠിപ്പിക്കലുകളെയും മൂല്യനിർണയം ചെയ്യാനുള്ള പ്രധാന മാർഗം അവയെ ബൈബിളുമായി താരതമ്യം ചെയ്യുകയാണ്. (2 തിമൊഥെയൊസ് 3:16) അങ്ങനെ ചെയ്യുന്നതിലൂടെ, ‘നന്മയും സ്വീകാര്യവും പൂർണതയുമുള്ള ദൈവേഷ്ടം സംബന്ധിച്ചു നിങ്ങൾ നിങ്ങൾക്കുതന്നെ തെളിവു നൽകുക ആയിരിക്കും.’ (റോമർ 12:2, NW) നിങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിൽ വേരൂന്നിയതാണ് എന്നതിനു നിങ്ങൾക്കു ‘തെളിവു നൽകാൻ’ സാധിക്കുമോ? അങ്ങനെ ചെയ്യാൻ കഴിയുന്നതു പ്രധാനമാണ്. കാരണം, ‘മുഴു ഭൂതലത്തോടുമൊപ്പം’ നിങ്ങളും വഴിതെറ്റിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല.”—വെളിപ്പാടു 12:9.
ഉപദേഷ്ടാക്കളുടെ ആവശ്യമുണ്ടോ?
യേശു ഏതാനും ചുരുളുകൾ എടുത്തു തന്റെ ശിഷ്യന്മാർക്കു കൊടുത്തിട്ട്, “നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ഇതിലുണ്ട്. വീട്ടിൽ പോയി സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തിക്കൊള്ളൂ” എന്നു പറഞ്ഞില്ല. മറിച്ച്, ക്ഷമയോടും ദയയോടും കൂടെ അവൻ അവരെ ദൈവവചനം പഠിപ്പിച്ചു. തന്നിമിത്തം, അവന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ചവർ മറ്റുള്ളവരെ പഠിപ്പിക്കവേ അതേ മാതൃക പിൻപറ്റി. ഫിലിപ്പൊസ് എന്ന ശിഷ്യന്റെ ഉദാഹരണം എടുക്കുക. അവൻ ഹൃദയപരമാർഥതയുള്ള, എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനോടു സംസാരിച്ചു. യഹൂദന്മാരുമായുള്ള സഹവാസത്തിലൂടെ തിരുവെഴുത്തുകളെ കുറിച്ച് ആ എത്യോപ്യക്കാരൻ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു. എങ്കിലും അദ്ദേഹത്തിനു സഹായം ആവശ്യമായിരുന്നു. അതുകൊണ്ട്, അദ്ദേഹത്തെ സഹായിക്കാൻ ക്രിസ്തീയ സഭയുടെ ഒരു പ്രതിനിധി ആയിരുന്ന ഫിലിപ്പൊസിനു നിർദേശം ലഭിച്ചു. മതത്തെ കുറിച്ചു ചർച്ച നടത്താൻ ആ ഉദ്യോഗസ്ഥനു താത്പര്യം ഇല്ലായിരുന്നെങ്കിൽ ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്ക് എന്താണെന്ന് അദ്ദേഹം അറിയുമായിരുന്നില്ല. സത്യാന്വേഷികളായ ഏവർക്കും എത്ര നല്ല ദൃഷ്ടാന്തമാണ് ആ എത്യോപ്യക്കാരൻ!—പ്രവൃത്തികൾ 8:26-39.
നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു ചർച്ച ചെയ്യാനും ആ എത്യോപ്യക്കാരനെ പോലെ ചോദ്യങ്ങൾ ചോദിക്കാനും നിങ്ങൾ ഒരുക്കമാണോ? അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾ തീർച്ചയായും ധാരാളം പ്രയോജനങ്ങൾ അനുഭവിക്കും. ബൈബിൾ പറയുന്നത് എന്താണെന്ന് അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുമായി അതേക്കുറിച്ചു ചർച്ച ചെയ്യാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. സാക്ഷികൾ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല പറയുന്നത്. മറിച്ച്, ബൈബിൾ പറയുന്നത് എന്താണെന്ന് ആളുകൾക്കു കാണിച്ചു കൊടുക്കാൻ അവർ ആത്മാർഥമായി ശ്രമിക്കുന്നു.
എത്യോപ്യക്കാരനായ ഉദ്യോഗസ്ഥൻ യേശുക്രിസ്തുവിനെ കുറിച്ച് ശ്രദ്ധേയമായ കാര്യങ്ങൾ—നമ്മുടെ രക്ഷയ്ക്കായി ദൈവം അവനെ എങ്ങനെ ഉപയോഗിക്കും എന്നതുപോലുള്ള കാര്യങ്ങൾ—മനസ്സിലാക്കി. ഇന്ന് ദൈവോദ്ദേശ്യം അതിന്റെ പൂർത്തീകരണത്തോടു വളരെയധികം അടുത്തിരിക്കുന്നു. ഇവിടെ, ഭൂമിയിൽത്തന്നെ അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണ്. ഭൂമിയിൽ ഉള്ള സകലരെയും അതു ബാധിക്കും എന്ന് അടുത്ത ലേഖനം വ്യക്തമാക്കും. അതു നമ്മെ എങ്ങനെ ബാധിക്കുമെന്നതു നമ്മുടെ മനോഭാവത്തെയും നാം കൈക്കൊള്ളുന്ന നടപടിയെയും ആശ്രയിച്ചിരിക്കുന്നു എന്നതു തീർച്ചയാണ്.
[അടിക്കുറിപ്പുകൾ]
a ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നതിന്റെ തെളിവിനായി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം ദയവായി കാണുക.
[7-ാം പേജിലെ ചിത്രം]
എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥൻ ബൈബിൾ ചർച്ച സ്വാഗതം ചെയ്തു