യഹോവയുടെ വചനം ജീവനുള്ളത്
ഉത്തമഗീതത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
“മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.” “കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു.” “അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമലതയും . . . ഉള്ളോരിവൾ ആർ?” (ഉത്തമഗീതം 2:2, 3; 6:10) ബൈബിൾ പുസ്തകമായ ഉത്തമഗീതത്തിൽനിന്നുള്ള ഈ വാക്യങ്ങൾ എത്ര ഉദാത്തമാണ്! കാവ്യഭംഗി നിറഞ്ഞതും അർഥസമ്പുഷ്ടവുമാണ് ഈ ബൈബിൾപുസ്തകം, അതുകൊണ്ടാണ് ഇതിനെ ഉത്തമഗീതം എന്നു വിളിക്കുന്നത്.—ഉത്തമഗീതം 1:1.
പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ, തന്റെ 40-വർഷഭരണത്തിന്റെ ആരംഭകാലത്ത്, അതായത് പൊതുയുഗത്തിനുമുമ്പ് ഏതാണ്ട് 1020-ൽ ആയിരിക്കണം ഇതെഴുതിയത്. ഒരു ഇടയബാലനും ശൂലേമിലെ ഒരു ഗ്രാമീണ കന്യകയും തമ്മിലുള്ള പ്രേമമാണ് ഈ ഗീതത്തിന്റെ കഥാതന്തു. ഈ കവിതയിൽ വരുന്ന മറ്റു കഥാപാത്രങ്ങൾ, കന്യകയുടെ അമ്മയും സഹോദരന്മാരും, ‘യെരൂശലേംപുത്രിമാർ [അരമനസ്ത്രീകൾ]’, ‘സീയോൻപുത്രിമാർ [യെരൂശലേമിലെ സ്ത്രീകൾ]’ തുടങ്ങിയവരാണ്. (ഉത്തമഗീതം 1:5; 3:11) ഉത്തമഗീതത്തിലെ എല്ലാ കഥാപാത്രങ്ങളെയും വേർതിരിച്ചറിയുന്നത് ഒരു ബൈബിൾ വായനക്കാരനു ബുദ്ധിമുട്ടായിരിക്കും, എന്നാൽ അവർ എന്തു പറഞ്ഞു അല്ലെങ്കിൽ അവരോട് എന്തു പറഞ്ഞു എന്നു നോക്കിയാൽ ഇതു മനസ്സിലാക്കാനാകും.
ഉത്തമഗീതം ദൈവവചനത്തിന്റെ ഭാഗമെന്നനിലയിൽ മൂല്യവത്തായിരിക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്. (എബ്രായർ 4:12) ഒന്നാമത്, പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാർഥ സ്നേഹം എന്താണെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. രണ്ടാമത്, യേശുക്രിസ്തുവും അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയും തമ്മിലുള്ള സ്നേഹബന്ധം എങ്ങനെയുള്ളതാണെന്ന് അത് ചിത്രീകരിക്കുന്നു.—2 കൊരിന്ത്യർ 11:2; എഫെസ്യർ 5:25-31.
‘പ്രേമത്തെ . . . ഉണർത്തരുതേ’
“അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.” (ഉത്തമഗീതം 1:2) ശലോമോന്റെ രാജകീയ കൂടാരത്തിൽ കൊണ്ടുവന്ന ഒരു എളിയ ഗ്രാമീണകന്യകയുടെ ഈ വാക്കുകളോടെയാണ് ഉത്തമഗീതം ആരംഭിക്കുന്നത്. അവൾ എങ്ങനെയാണ് അവിടെ എത്തിപ്പെട്ടത്?
അവൾ പരിഭവിക്കുന്നു, “എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി.” അവളുടെ സഹോദരന്മാർ അവളോടു കോപിച്ചിരിക്കയാണ്, കാരണം, അവളുടെ കാമുകനായ ഇടയകുമാരൻ സുന്ദരമായ ഒരു വസന്തകാലദിനത്തിൽ തന്നോടൊപ്പം നടക്കാൻ ചെല്ലാൻ അവളെ ക്ഷണിച്ചിരിക്കുന്നു. അവളെ തടയുന്നതിനുവേണ്ടി അവർ, “മുന്തിരിവള്ളി നശിപ്പിക്കുന്ന . . . ചെറുകുറുക്കന്മാരെ . . . പിടിച്ചുതരുവിൻ” എന്നു പറഞ്ഞ് അവളെ മുന്തിരിത്തോട്ടത്തിനു കാവലാക്കി. ഈ ജോലി അവളെ ശലോമോന്റെ പാളയത്തിനടുത്ത് എത്തിക്കുന്നു. “അക്രോത്ത് തോട്ടത്തിലേക്കു” ചെല്ലുന്ന അവളുടെ സൗന്ദര്യം ശ്രദ്ധിക്കപ്പെടുകയും ഒടുവിൽ, അത് അവളെ ശലോമോന്റെ കൂടാരത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.—ഉത്തമഗീതം 1:6; 2:10-15; 6:11.
തന്റെ പ്രിയപ്പെട്ടവനോടുള്ള അഭിവാഞ്ഛ അറിയിക്കുമ്പോൾ, “ആടുകളുടെ കാൽചുവടു തുടർന്നുചെന്നു” അവനെ അന്വേഷിച്ചുകൊള്ളാൻ അരമനസ്ത്രീകൾ അവളോടു പറയുന്നു. എന്നാൽ ശലോമോൻ, അവളെ പോകാൻ അനുവദിക്കുന്നില്ല; അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് അവൻ അവൾക്ക് “വെള്ളിമണികളോടുകൂടിയ സുവർണ്ണസരപ്പളി” വാഗ്ദാനം ചെയ്യുന്നു. എന്നാലവൾക്ക് അതിലൊന്നും താത്പര്യം തോന്നുന്നില്ല. ഇടയകുമാരൻ ശലോമോന്റെ പാളയത്തിലെത്തുകയും അവളെ കണ്ടെത്തുകയും ചെയ്യുന്നു, സന്തോഷംകൊണ്ട് മതിമറന്ന അവൻ “എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ” എന്നു പറയുന്നു. അവൾ അരമനസ്ത്രീകളെക്കൊണ്ട് സത്യം ചെയ്യിക്കുന്നു: “പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുത്.”—ഉത്തമഗീതം 1:8-11, 15; 2:7; 3:5.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:2, 3—എന്തുകൊണ്ടാണ് ഇടയബാലന്റെ പ്രേമപ്രകടനങ്ങളെക്കുറിച്ചുള്ള ഓർമ വീഞ്ഞുപോലെയും അവന്റെ പേരിനെക്കുറിച്ചുള്ള ഓർമ തൈലം പോലെയുമായിരുന്നത്? വീഞ്ഞു മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; തൈലം തലയെ തണുപ്പിക്കുന്നു; അതുപോലെ, ആ ഇടയബാലന്റെ പ്രേമത്തെയും പേരിനെയും കുറിച്ച് ഓർമിച്ചത് അവൾക്ക് ആശ്വാസവും ശക്തിയും പകർന്നു. (സങ്കീർത്തനം 23:5; 104:15) സമാനമായി, യേശുക്രിസ്തു തങ്ങളോടു കാണിച്ച സ്നേഹത്തെക്കുറിച്ചു ചിന്തിക്കുന്നത് സത്യക്രിസ്ത്യാനികൾക്ക് വിശേഷിച്ചും അഭിഷിക്തർക്ക്, പ്രോത്സാഹനവും ശക്തിയും നൽകുന്നു.
1:5—എന്തുകൊണ്ടാണ് ആ ഗ്രാമീണകന്യക തന്റെ കറുത്ത നിറത്തെ ‘കേദാര്യകൂടാരങ്ങളോട്’ ഉപമിച്ചത്? കോലാട്ടിൻരോമംകൊണ്ടു നെയ്തെടുത്ത തുണിക്ക് പല ഉപയോഗങ്ങൾ ഉണ്ടായിരുന്നു. (സംഖ്യാപുസ്തകം 31:20) ഉദാഹരണത്തിന് “കോലാട്ടുരോമംകൊണ്ടു” തിരുനിവാസത്തിനു ‘മൂടുവിരി ഉണ്ടാക്കിയിരുന്നു.’ (പുറപ്പാടു 26:7) ഇന്നത്തെ ബെഡവൻകാർ കറുത്ത കോലാട്ടിൻരോമങ്ങൾകൊണ്ട് കൂടാരങ്ങൾ നിർമിക്കുന്നതുപോലെ, അന്ന് കേദാര്യകൂടാരങ്ങൾ നിർമിച്ചിരുന്നത് കറുത്ത കോലാട്ടിൻരോമങ്ങൾ കൊണ്ടായിരിക്കാം.
1:15—“നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ഇടയബാലൻ എന്തായിരിക്കാം അർഥമാക്കിയത്? ഒരു പ്രാവിന്റേതുപോലെ സൗമ്യവും കോമളവുമായിരുന്നു അവളുടെ കണ്ണുകൾ എന്നാണ് ആ ഇടയബാലൻ പറഞ്ഞത്.
2:7; 3:5—‘ചെറുമാനുകളുടെയും പേടമാനുകളുടെയും’ പേരിൽ അരമനസ്ത്രീകളെക്കൊണ്ട് ആണയിടീച്ചത് എന്തിനാണ്? ചെറുമാനുകളുടെയും പേടമാനുകളുടെയും അഴകും ഓമനത്തവും പേരുകേട്ടതാണ്. വാസ്തവത്തിൽ ശൂലേംകന്യക തന്നിലെ പ്രേമത്തെ ഉണർത്തരുതേയെന്ന് അഴകും ഓമനത്തവുമുള്ള സർവതിനെയുംകൊണ്ടു സത്യം ചെയ്യാൻ അരമനസ്ത്രീകളോട് ആവശ്യപ്പെടുകയായിരുന്നു.
നമുക്കുള്ള പാഠങ്ങൾ:
1:2; 2:6. കോർട്ടിങ്ങിൽ ഏർപ്പെടുമ്പോൾ ശുദ്ധമായ സ്നേഹപ്രകടനങ്ങൾ ഉചിതമായിരുന്നേക്കാം. എന്നിരുന്നാലും ഇണകൾ സൂക്ഷിക്കേണ്ടതുണ്ട്, സ്നേഹപ്രകടനങ്ങൾ യഥാർഥ പ്രിയത്തിന്റെ പ്രകടനങ്ങളായിരിക്കണം, അല്ലാതെ അനുചിതമായ വികാരാവേശത്തിൽനിന്ന് ഉരുത്തിരിയുന്നവ ആയിരിക്കരുത്. കാരണം അത്തരം വികാരാവേശം ലൈംഗിക അധാർമികതയിലേക്കുള്ള ചുവടുവയ്പായിരുന്നേക്കാം.—ഗലാത്യർ 5:19
1:6; 2:10-15. ശൂലേംകന്യകയുടെ സഹോദരന്മാർ, കാമുകന്റെയൊപ്പം കുന്നിൻമുകളിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോകാൻ അവരുടെ സഹോദരിയെ അനുവദിച്ചില്ല. അവൾക്ക് സ്വഭാവദൂഷ്യം ഉള്ളതുകൊണ്ടോ മോശമായ ആന്തരം ഉള്ളതുകൊണ്ടോ അല്ല; മറിച്ച്, അവൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കുന്നതിനുള്ള ഒരു കരുതൽ നടപടി എടുക്കുകയായിരുന്നു അവർ. കോർട്ടിങ്ങിൽ ഏർപ്പെടുന്ന ഇണകൾക്കുള്ള പാഠമിതാണ്: ഒറ്റപ്പെട്ട സ്ഥലങ്ങൾ അവർ ഒഴിവാക്കണം.
2:1-3, 8, 9. സൗന്ദര്യവതി ആയിരുന്നെങ്കിലും വിനയമുള്ളവളായിരുന്നു ശൂലേംകന്യക, സാധാരണ എല്ലായിടത്തും കാണുന്ന ഒരു പൂവിനെപ്പോലെയാണവൾ തന്നെ വീക്ഷിച്ചത്. അവളുടെ സൗന്ദര്യംകൊണ്ടും യഹോവയോടുള്ള വിശ്വസ്തതകൊണ്ടും ആ ഇടയബാലൻ “മുള്ളുകൾക്കിടയിലെ ലില്ലിപ്പൂ” (പി.ഒ.സി. ബൈബിൾ) പോലെയാണ് അവളെ വീക്ഷിച്ചത്. ഇനി അവനെക്കുറിച്ച് എന്തു പറയാൻ സാധിക്കും? സുന്ദരനായിരുന്നതിനാൽ അവൾക്ക് അവൻ ‘ചെറുമാനിനു’ തുല്യനായിരുന്നു. അവൻ വിശ്വാസവും ദൈവഭക്തിയും ഉള്ളവനും യഹോവയോടു വിശ്വസ്തനും ആയിരുന്നിരിക്കണം. അവൾ പറയുന്നു: “കാട്ടുമരങ്ങളുടെ ഇടയിൽ [തണൽവിരിക്കയും ഫലം തരികയും ചെയ്യുന്ന] ഒരു നാരകംപോലെ [“ആപ്പിൾമരം പോലെ,” പി.ഒ.സി.] യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു.” ഭാവി വിവാഹ ഇണയ്ക്ക് ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കാവുന്ന ഗുണങ്ങളല്ലേ വിശ്വാസവും ദൈവഭക്തിയും?
2:7; 3:5. ഈ നാടൻപെൺകുട്ടിക്ക് ശലോമോനോട് ഒരാകർഷണവും തോന്നിയില്ല. ഇടയബാലനോടല്ലാതെ മറ്റാരോടും പ്രേമം തോന്നാൻ ഇടയാക്കരുതെന്ന് അരമനസ്ത്രീകളെക്കൊണ്ട് അവൾ സത്യം ചെയ്യിച്ചു. എല്ലാവരോടും തോന്നുന്ന ഒരു വികാരമല്ല പ്രേമം; അങ്ങനെ തോന്നുന്നതു ശരിയല്ലതാനും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി യഹോവയുടെ വിശ്വസ്ത സേവകരെ മാത്രമേ അതിനായി പരിഗണിക്കാവൂ.—1 കൊരിന്ത്യർ 7:39.
“നിങ്ങൾ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്?”
“പുകത്തൂൺപോലെ” എന്തോ ഒന്ന് “മരുഭൂമിയിൽ” കാണായ്വരുന്നു. (ഉത്തമഗീതം 3:6) യെരൂശലേമിലെ സ്ത്രീകൾ ചെന്നു നോക്കുമ്പോൾ അവർ എന്താണു കാണുന്നത്? അതാ, ശലോമോനും അവന്റെ അകമ്പടിസേവകരും യെരൂശലേമിലേക്കു മടങ്ങിവരുകയാണ്! ആ ശൂലേംകന്യകയെയും രാജാവു കൂടെ കൊണ്ടുവന്നിട്ടുണ്ട്.
ഇടയബാലനാകട്ടെ അവളെ പിന്തുടരുന്നു, താമസിയാതെ അവളെ കണ്ടുമുട്ടാൻ ഒരു വഴി അവനു തുറന്നു കിട്ടുന്നു. അവൻ തന്റെ സ്നേഹത്തെക്കുറിച്ച് അവൾക്ക് ഉറപ്പുകൊടുക്കുമ്പോൾ, “വെയിലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം” എന്നു പറഞ്ഞുകൊണ്ട് നഗരം വിട്ടു പോകാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിക്കുന്നു. തുടർന്നവൾ, ‘തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കാൻ’ അവനെ ക്ഷണിക്കുകയാണ്. “എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു,” അവൻ മറുപടി പറയുന്നു. യെരൂശലേമിലെ സ്ത്രീകൾ അവരോട്: “പ്രിയപ്പെട്ട കൂട്ടുകാരെ, തീന്നൂ! കുടിക്കൂ! സ്നേഹം കൊണ്ടു ലഹരിയിലാകൂ!” എന്നു പറയുന്നു. (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ)—ഉത്തമഗീതം 4:6, 16; 5:1.
“ഞാൻ പ്രേമപരവശയായിരിക്കുന്നു,” താൻ കണ്ട ഒരു സ്വപ്നം വിവരിച്ചശേഷം ശൂലേംകന്യക അരമന സ്ത്രീകളോടു പറയുന്നു. അപ്പോൾ അവർ: “നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?” എന്നു ചോദിക്കുന്നു. “എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ” എന്നാണ് അവളുടെ മറുപടി. (ഉത്തമഗീതം 5:2-10) ശലോമോൻ പ്രശംസാവാക്കുകൾ കോരിച്ചൊരിഞ്ഞപ്പോൾ അവൾ താഴ്മയോടെ ചോദിക്കുന്നു: “നിങ്ങൾ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്?” (ഉത്തമഗീതം 6:4-13) അവളുടെ സ്നേഹം നേടാനുള്ള ഒരു നല്ല അവസരമായി ഇതിനെക്കണ്ട രാജാവ് വീണ്ടും പ്രീണനവാക്കുകൾകൊണ്ട് അവളെ പൊതിയുന്നു. എന്നാൽ ഇടയബാലനോടുള്ള തന്റെ പ്രേമത്തിൽ അവൾക്ക് ഒട്ടും ചാഞ്ചല്യമില്ല. അവസാനം ശലോമോൻ അവളെ വീട്ടിൽ പോകാൻ അനുവദിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
4:1; 6:5—കന്യകയുടെ തലമുടിയെ എന്തിനാണ് “കോലാട്ടിൻ കൂട്ട”ത്തോട് ഉപമിച്ചത്? ഇത് കാണിക്കുന്നത് അവളുടെ മുടി ആടുകളുടെ കറുത്ത രോമം പോലെ സമൃദ്ധമായി വളരുന്നതും തിളക്കമുള്ളതും ആയിരുന്നെന്നാണ്.
4:11—“നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു, നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്” എന്നീ പ്രസ്താവനകളുടെ അർഥമെന്താണ്? തേനടയിലെ തേൻ വായുസമ്പർക്കമുണ്ടായ തേനിനെക്കാൾ വാസനയും മധുരവുമുള്ളതാണ്. ഈ താരതമ്യവും അതുപോലെ പാലും തേനും അവളുടെ നാവിൻ കീഴിലുണ്ടെന്ന പ്രസ്താവനയും അവളുടെ വാക്കുകൾ നന്മനിറഞ്ഞതും ഹൃദ്യവുമായിരുന്നെന്ന് എടുത്തുകാണിക്കുന്നു.
5:12—“അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും” എന്നു പറയുമ്പോൾ അതിന്റെ പിന്നിലുള്ള ആശയമെന്താണ്? കന്യക അവളുടെ കാമുകന്റെ ഭംഗിയുള്ള കണ്ണുകളെക്കുറിച്ചാണിവിടെ സംസാരിക്കുന്നത്. ഒരുപക്ഷേ അവൾ കാവ്യാത്മകമായി, അവന്റെ കണ്ണുകളിലെ കറുത്ത കൃഷ്ണമണിയെയും അതിനു ചുറ്റുമുള്ള വെളുത്ത ഭാഗത്തെയും പാലിൽ കുളിക്കുന്ന നീല കലർന്ന ചാരനിറത്തിലുള്ള പ്രാവുകളോട് ഉപമിച്ചതായിരിക്കാം.
5:14, 15—ഇടയന്റെ കൈകളെയും കാലുകളെയും ഈ വിധത്തിൽ വർണിച്ചിരിക്കുന്നത് എന്തുകൊണ്ട്? വ്യക്തമായും, കന്യക ഇടയന്റെ വിരലുകളെ സ്വർണനാളങ്ങളോടും നഖങ്ങളെ ഗോമേദകത്തോടും താരതമ്യം ചെയ്യുകയാണിവിടെ. അവന്റെ കാലുകൾ ശക്തവും മനോഹരവും ആയതുകൊണ്ടാണ് അവൾ അതിനെ ‘വെണ്കൽത്തൂണി’നോട് ഉപമിക്കുന്നത്.
6:4—എന്തിനാണു കന്യകയെ തിർസ്സായോട് ഉപമിച്ചിരിക്കുന്നത്? യോശുവ പിടിച്ചെടുത്ത ഈ കനാന്യ നഗരം ശലോമോന്റെ കാലത്തിനു ശേഷം, വടക്കുള്ള പത്തു-ഗോത്ര രാജ്യമായ ഇസ്രായേലിന്റെ ആദ്യ തലസ്ഥാനമായി മാറി. (യോശുവ 12:7, 24; 1 രാജാക്കന്മാർ 16:5, 6, 8, 15) ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച് “ഈ നഗരം വളരെ മനോഹരമായ ഒന്നായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം ഇവിടെ പരാമർശിക്കപ്പെടാൻ ഇടയായത്.”
6:13—“മഹനയീമിലെ നൃത്ത”മെന്താണ്? ഇതിനെ “രണ്ടു സംഘങ്ങളുടെ നൃത്തം” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. യോർദാൻ നദിക്കു കിഴക്ക്, യബ്ബോക്ക നീർത്താഴ്വരയ്ക്കു സമീപമുള്ള നഗരമായിരുന്നു മഹനയീം. (ഉല്പത്തി 32:2, 22; 2 ശമൂവേൽ 2:29) എതെങ്കിലും ഒരു ഉത്സവത്തോടു ബന്ധപ്പെട്ട് ആ നഗരത്തിൽ നടത്തിയിരുന്ന നൃത്തത്തെയാവാം ‘മഹനയീമിലെ നൃത്തം’ എന്നു വിളിച്ചിരിക്കുന്നത്.
7:4—കന്യകയുടെ കഴുത്തിനെ ശലോമോൻ “ദന്തഗോപുര”ത്തോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവളെ മുമ്പ് ഇങ്ങനെ വർണിച്ചിരുന്നു: “നിന്റെ കഴുത്തു . . . ദാവീദിൻ ഗോപുരത്തോടു ഒക്കും.” (ഉത്തമഗീതം 4:4) വണ്ണംകുറഞ്ഞു നീണ്ടരൂപമുള്ളതാണ് ഒരു ഗോപുരം; ദന്തം അഥവാ ആനക്കൊമ്പ് വളരെ മിനുസമുള്ളതും. പെൺകുട്ടിയുടെ മെലിഞ്ഞു മിനുസമുള്ള കഴുത്ത് ശലോമോനെ വളരെ ആകർഷിച്ചു.
നമുക്കുള്ള പാഠങ്ങൾ:
4:1-7. അപൂർണയാണെങ്കിലും, ധാർമിക കരുത്തുള്ളവളാണു താനെന്നു ശലോമോന്റെ വശീകരണങ്ങളെ ചെറുത്തുകൊണ്ട് ഈ ശൂലേംകന്യക തെളിയിച്ചിരിക്കുന്നു. അവളുടെ സന്മാർഗനിഷ്ഠ അവളുടെ ആകാരസൗഷ്ഠവത്തിനു മാറ്റുകൂട്ടുന്നു. ക്രിസ്തീയ സ്ത്രീകളെക്കുറിച്ചും ഇതുതന്നെ പറയാൻ കഴിയേണ്ടതാണ്.
4:12. പൂട്ടിയിട്ട, ഒരു ഗേറ്റിൽക്കൂടി മാത്രം പ്രവേശനം സാധിക്കുന്ന, വേലിയോ മതിലോ കെട്ടി അടച്ചിരിക്കുന്ന ഒരു മനോഹര തോട്ടംപോലെ ശൂലേംകന്യക അവളുടെ മൃദുലവികാരങ്ങൾ ഭാവിവരനുവേണ്ടിമാത്രം കരുതിവെച്ചിരിക്കുകയാണ്. അവിവാഹിതരായ ക്രിസ്തീയ സ്ത്രീപുരുഷന്മാർക്ക് എത്ര നല്ല മാതൃക!
“ദിവ്യജ്വാല”
ശൂലേംകന്യക വീട്ടിലേക്കു മടങ്ങി വരുന്നതുകണ്ട്, അവളുടെ സഹോദരന്മാർ ചോദിക്കുന്നു: “മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?” കുറച്ചുനാൾമുമ്പ് അവരിലൊരാൾ പറഞ്ഞിരുന്നു: “അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.” ഇപ്പോൾ അവളുടെ പ്രണയം പരീക്ഷണങ്ങളെ അതിജീവിച്ച് അചഞ്ചലമെന്നു തെളിഞ്ഞിരിക്കുന്നു, അവൾ പറയുന്നു: ‘ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾ പോലെയും ആണ്; ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരിക്കുന്നു.’—ഉത്തമഗീതം 8:5, 9, 10.
യഥാർഥ സ്നേഹം “ദിവ്യജ്വാല”യാണ്. എന്തുകൊണ്ട്? കാരണം അത്തരം സ്നേഹം ഉത്ഭവിക്കുന്നത് യഹോവയിൽനിന്നാണ്. അവനാണ് നമുക്ക് സ്നേഹിക്കാനുള്ള പ്രാപ്തി തന്നത്. അണയ്ക്കാൻ സാധിക്കാത്ത തീജ്വാലയാണത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹത്തിന് “മരണംപോലെ ബലമുള്ളത്” അഥവാ ഒരിക്കലും പരാജയപ്പെടാത്തത് ആയിരിക്കാൻ കഴിയുമെന്ന് ഉത്തമഗീതം വളരെ മനോഹരമായി വരച്ചുകാട്ടുന്നു.—ഉത്തമഗീതം 8:6.
യേശുക്രിസ്തുവും അവന്റെ സ്വർഗീയ “മണവാട്ടി” വർഗത്തിലെ അംഗങ്ങളും തമ്മിലുള്ള ഗാഢബന്ധത്തിലേക്കും ശലോമോന്റെ അത്യുത്തമഗീതം വെളിച്ചം വീശുന്നു. (വെളിപ്പാടു 21:2, 9) അഭിഷിക്ത ക്രിസ്ത്യാനികളോടുള്ള യേശുവിന്റെ സ്നേഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഏതൊരു സ്നേഹത്തെക്കാളും വലുതാണ്. മണവാട്ടിവർഗത്തിലെ അംഗങ്ങൾ അവരുടെ വിശ്വസ്തതയിൽ അചഞ്ചലരാണ്. യേശു സ്നേഹപൂർവം തന്റെ ജീവൻ ബലിയർപ്പിച്ചത് “വേറെ ആടുകൾ”ക്കുംകൂടിയാണ്. (യോഹന്നാൻ 10:16) അതുകൊണ്ട്, എല്ലാ സത്യാരാധകർക്കും ഈ ശൂലേംകന്യകയുടെ അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും അനുകരിക്കാവുന്നതാണ്.
[18, 19 പേജുകളിലെ ചിത്രം]
ഒരു വിവാഹ ഇണയിൽ ഏതെല്ലാം ഗുണങ്ങൾക്കുവേണ്ടി നോക്കണമെന്നാണ് ഉത്തമഗീതം നമ്മെ പഠിപ്പിക്കുന്നത്?