അധ്യായം രണ്ട്
നിങ്ങൾക്കും ആശ്വാസമേകുന്ന പ്രാവചനിക വചനങ്ങൾ
1. യെശയ്യാ പ്രവചനത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
ഏകദേശം 3,000 വർഷം മുമ്പാണ് യെശയ്യാവ് സ്വന്തം പേരുള്ള പുസ്തകം എഴുതിയതെങ്കിലും, ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം അത് യഥാർഥ മൂല്യമുള്ളതാണ്. യെശയ്യാവ് രേഖപ്പെടുത്തിയ ചരിത്ര സംഭവങ്ങളിൽ നിന്നു നമുക്ക് ജീവത്പ്രധാന തത്ത്വങ്ങൾ പഠിക്കാൻ കഴിയും. യഹോവയുടെ നാമത്തിൽ അവൻ എഴുതിയ പ്രവചനങ്ങൾ പഠിക്കുന്നതിലൂടെ നമുക്കു നമ്മുടെ വിശ്വാസം കെട്ടുപണി ചെയ്യാനാകും. അതേ, ജീവനുള്ള ദൈവത്തിന്റെ പ്രവാചകനായിരുന്നു യെശയ്യാവ്. ചരിത്രസംഭവങ്ങൾ മുൻകൂട്ടി രേഖപ്പെടുത്താൻ, അവ നടക്കുന്നതിനു മുമ്പുതന്നേ അവയെ കുറിച്ചു വിവരിക്കാൻ, യഹോവ അവനെ നിശ്വസ്തനാക്കി. അങ്ങനെ, ഭാവി മുൻകൂട്ടി പറയാൻ മാത്രമല്ല അതിനെ രൂപപ്പെടുത്താനും തനിക്കു കഴിവുണ്ടെന്ന് യഹോവ പ്രകടമാക്കി. യഹോവ തന്റെ വാഗ്ദാനങ്ങളെല്ലാം നിവർത്തിക്കുമെന്ന് യെശയ്യാ പുസ്തകത്തിന്റെ പഠനം സത്യക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്നു.
2. യെശയ്യാവ് തന്റെ പ്രവചന പുസ്തകം എഴുതിയ സമയത്ത് യെരൂശലേമിലെ അവസ്ഥ എന്തായിരുന്നു, എന്തു മാറ്റമാണ് ഉണ്ടാകാനിരുന്നത്?
2 യെശയ്യാവ് തന്റെ പ്രാവചനിക പുസ്തകം എഴുതിക്കഴിഞ്ഞപ്പോഴേക്കും യെരൂശലേം അസീറിയൻ ഭീഷണിയെ അതിജീവിച്ചിരുന്നു. ആലയം അപ്പോഴും നിലവിലുണ്ടായിരുന്നു. നൂറ്റാണ്ടുകളായി ചെയ്തുവന്നതു പോലെ ആളുകൾ തങ്ങളുടെ അനുദിന ജീവിത കാര്യാദികളിൽ മുഴുകിയിരുന്നു. എന്നാൽ, ആ സാഹചര്യത്തിനു മാറ്റം വരാൻ പോകുകയായിരുന്നു. യഹൂദ രാജാക്കന്മാരുടെ സമ്പത്ത് ബാബിലോണിലേക്കു കൊണ്ടുപോകുകയും യഹൂദ യുവാക്കൾ ആ നഗരത്തിൽ കൊട്ടാര ഉദ്യോഗസ്ഥർ ആയിത്തീരുകയും ചെയ്യുന്ന സമയം വരുമായിരുന്നു.a (യെശയ്യാവു 39:6, 7) 100-ലേറെ വർഷങ്ങൾക്കു ശേഷമായിരിക്കും അതു സംഭവിക്കുക.—2 രാജാക്കന്മാർ 24:12-17; ദാനീയേൽ 1:19.
3. യെശയ്യാവു 41-ാം അധ്യായത്തിൽ എന്തു സന്ദേശം കാണാം?
3 യെശയ്യാവ് മുഖാന്തരം ദൈവം അറിയിക്കുന്നതു കേവലം നാശത്തെ കുറിച്ചുള്ള സന്ദേശമല്ല. യെശയ്യാവു 40-ാം അധ്യായത്തിന്റെ ഒന്നാം വാക്യത്തിൽത്തന്നെ “ആശ്വസിപ്പിപ്പിൻ” എന്ന വാക്കു കാണാം.b തങ്ങൾക്കോ തങ്ങളുടെ മക്കൾക്കോ സ്വദേശത്തേക്കു മടങ്ങാൻ സാധിക്കുമെന്ന ഉറപ്പ് യഹൂദർക്ക് ആശ്വാസമേകുമായിരുന്നു. യെശയ്യാവു41-ാം അധ്യായത്തിലും ആശ്വാസപ്രദമായ ആ സന്ദേശം കാണാം. കൂടാതെ, ദിവ്യ ഹിതം നിറവേറ്റാൻ ശക്തനായ ഒരു രാജാവിനെ എഴുന്നേൽപ്പിക്കുമെന്നു യഹോവ അവിടെ മുൻകൂട്ടി പറയുന്നു. ആശ്വാസ വചനങ്ങളും ദൈവത്തിൽ ആശ്രയിക്കാനുള്ള പ്രോത്സാഹനവും അതിൽ അടങ്ങിയിരിക്കുന്നു. ജനതകളിലെ ആളുകൾ ആശ്രയം വെച്ചിരിക്കുന്ന വ്യാജ ദൈവങ്ങൾ അശക്തരാണെന്നും അതു തുറന്നുകാട്ടുന്നു. യെശയ്യാവിന്റെ നാളിൽ ഉള്ളവരുടെ മാത്രമല്ല, നമ്മുടെയും വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ധാരാളം കാര്യങ്ങൾ ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.
യഹോവ ജനതകളെ വെല്ലുവിളിക്കുന്നു
4. എന്തു പറഞ്ഞുകൊണ്ട് യഹോവ ജനതകളെ വെല്ലുവിളിക്കുന്നു?
4 തന്റെ പ്രവാചകൻ മുഖാന്തരം യഹോവ പറയുന്നു: “ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന്നു അടുത്തു വരിക.” (യെശയ്യാവു 41:1) ഇങ്ങനെ പറഞ്ഞുകൊണ്ട്, തന്റെ ജനത്തെ എതിർക്കുന്ന ജനതകളെ യഹോവ വെല്ലുവിളിക്കുന്നു. അവർ അവന്റെ മുമ്പാകെ വന്ന് സംസാരിക്കാനായി ഒരുങ്ങട്ടെ! പിന്നീടു നാം കാണാനിരിക്കുന്നതു പോലെ, ഒരു കോടതിയിലെ ന്യായാധിപൻ എന്നവണ്ണം യഹോവ ജനതകളോട് അവരുടെ വിഗ്രഹങ്ങൾ യഥാർഥ ദൈവങ്ങളാണ് എന്നതിനു തെളിവു നിരത്താൻ ആവശ്യപ്പെടുന്നു. ആ ദൈവങ്ങൾക്ക് അവയുടെ ആരാധകർക്കായുള്ള രക്ഷാപ്രവൃത്തികളെ കുറിച്ചോ അവരുടെ ശത്രുക്കൾക്ക് എതിരെയുള്ള ന്യായവിധികളെ കുറിച്ചോ മുൻകൂട്ടി പറയാനാകുമോ? ആകുമെങ്കിൽത്തന്നെ, അത്തരം പ്രവചനങ്ങൾ നിവർത്തിക്കാൻ അവയ്ക്കു കഴിയുമോ? ഇല്ല എന്നതാണ് ഉത്തരം. യഹോവയ്ക്കു മാത്രമേ അത്തരം കാര്യങ്ങൾ ചെയ്യാനാകൂ.
5. യെശയ്യാവിന്റെ പ്രവചനങ്ങൾക്ക് ഒന്നിലധികം നിവൃത്തിയുള്ളത് എങ്ങനെയെന്നു വിശദീകരിക്കുക.
5 പല ബൈബിൾ പ്രവചനങ്ങളെയും പോലെതന്നെ, യെശയ്യാവിന്റെ വാക്കുകൾക്കും ഒന്നിലധികം നിവൃത്തിയുണ്ടെന്ന കാര്യം യെശയ്യാ പ്രവചനം പരിചിന്തിക്കുമ്പോൾ നമുക്കു മനസ്സിൽ പിടിക്കാം. പൊ.യു.മു. 607-ൽ യഹൂദ ബാബിലോണിയൻ പ്രവാസത്തിലേക്കു പോകും. എന്നിരുന്നാലും, അവിടെ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രായേല്യരെ യഹോവ വിടുവിക്കുമെന്ന് യെശയ്യാ പ്രവചനം വെളിപ്പെടുത്തുന്നു. പൊ.യു.മു. 537-ലാണ് അതു സംഭവിക്കുന്നത്. ആ വിടുതലിന് സമാനമായ ഒന്ന് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സംഭവിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത്, യഹോവയുടെ ഭൂമിയിലെ അഭിഷിക്ത ദാസന്മാർ ക്ലേശപൂർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. 1918-ൽ സാത്താന്റെ ലോകത്തിൽ നിന്നുള്ള സമ്മർദത്തിന്റെ ഫലമായി, സംഘടിതമായ സുവാർത്താ പ്രസംഗവേല ഏറെക്കുറെ നിലച്ച മട്ടായി. മഹാബാബിലോണിന്റെ പ്രമുഖ ഭാഗമായ ക്രൈസ്തവലോകമാണ് എതിർപ്പ് ഇളക്കിവിടുന്നതിനു ചുക്കാൻ പിടിച്ചത്. (വെളിപ്പാടു 11:5-10) വാച്ച് ടവർ സൊസൈറ്റിയുടെ ചില പ്രമുഖ അംഗങ്ങളെ വ്യാജ ആരോപണങ്ങൾ ചുമത്തി തടവിലാക്കി. ദൈവദാസന്മാർക്ക് എതിരെയുള്ള പോരാട്ടത്തിൽ ലോകം വിജയിച്ചതു പോലെ കാണപ്പെട്ടു. എന്നാൽ, പൊ.യു.മു. 537-ൽ സംഭവിച്ചതു പോലെ, അപ്രതീക്ഷിതമായി യഹോവ അവരെ വിടുവിച്ചു. 1919-ൽ, തടവിലാക്കപ്പെട്ട പ്രതിനിധികൾ ജയിൽ മോചിതരായി. പിന്നീട് അവർക്കെതിരെയുള്ള ആരോപണം പിൻവലിക്കപ്പെട്ടു. തുടർന്ന്, 1919 സെപ്റ്റംബറിൽ ഒഹായോയിലെ സീഡാർ പോയന്റിൽ നടന്ന ഒരു കൺവെൻഷൻ, രാജ്യസുവാർത്താ പ്രസംഗവേലയിൽ വീണ്ടും വ്യാപൃതരാകുന്നതിന് യഹോവയുടെ ദാസന്മാർക്ക് ഉത്തേജനം നൽകി. (വെളിപ്പാടു 11:11, 12) അന്നു മുതൽ ഇന്നു വരെ പ്രസംഗവേലയുടെ വ്യാപ്തി ശ്രദ്ധേയമായി വർധിച്ചിരിക്കുന്നു. അതിനുപുറമേ, വരാനിരിക്കുന്ന പറുദീസാ ഭൂമിയിൽ യെശയ്യാവിന്റെ വാക്കുകളിൽ പലതിനും മഹത്തായ നിവൃത്തി ഉണ്ടാകും. ആയതിനാൽ, ദീർഘകാലം മുമ്പു പ്രഖ്യാപിക്കപ്പെട്ട യെശയ്യാവിന്റെ വാക്കുകൾ ഇന്നുള്ള സകല ജനതകൾക്കും ആളുകൾക്കും ബാധകമാണ്.
ഒരു വിമോചകൻ വിളിക്കപ്പെടുന്നു
6. ഒരു ഭാവി ജേതാവിനെ പ്രവാചകൻ വർണിക്കുന്നത് എങ്ങനെ?
6 തന്റെ ജനത്തെ ബാബിലോണിന്റെ കയ്യിൽ നിന്നു രക്ഷിക്കുകയും അവരുടെ ശത്രുക്കളുടെ മേൽ ന്യായവിധി നടപ്പാക്കുകയും ചെയ്യുന്ന ഒരു ജേതാവിനെ കുറിച്ച് യെശയ്യാവു മുഖാന്തരം യഹോവ മുൻകൂട്ടി പറയുന്നു. യഹോവ ഇങ്ങനെ ചോദിക്കുന്നു: “ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു. അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു. ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.”—യെശയ്യാവു 41:2-4.
7. ആരാണ് ഭാവി ജേതാവ്, അവൻ എന്തു നേട്ടം കൈവരിക്കുന്നു?
7 കിഴക്കുനിന്ന് ആരെയാണ് ഉണർത്താനിരിക്കുന്നത്? മെദോ-പേർഷ്യ, ഏലാം എന്നീ രാജ്യങ്ങൾ ബാബിലോണിനു കിഴക്കാണു സ്ഥിതി ചെയ്യുന്നത്. പേർഷ്യനായ കോരെശ് ശക്തമായ സേനയോടൊപ്പം അവിടെനിന്നു മാർച്ചു ചെയ്യുന്നു. (യെശയ്യാവു 41:25; 44:28; 45:1-4, 13; 46:11) കോരെശ് യഹോവയുടെ ആരാധകൻ അല്ലെങ്കിലും അവൻ “നീതി”പൂർവം പ്രവർത്തിക്കുന്നു, അതായത് നീതിമാനായ യഹോവയാം ദൈവത്തിന്റെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. കോരെശ് രാജാക്കന്മാരെ കീഴടക്കുന്നു. അവർ അവന്റെ മുമ്പാകെ വെറും പൊടി പോലെ ചിതറിപ്പോകുന്നു. തന്റെ ജൈത്രയാത്രയിൽ, സാധാരണമായി സഞ്ചാരമില്ലാത്ത പാതകളിലൂടെ സകലവിധ തടസ്സങ്ങളും തരണംചെയ്ത് “നിർഭയനായി” അല്ലെങ്കിൽ സുരക്ഷിതനായി അവൻ കടന്നു ചെല്ലുന്നു. പൊ.യു.മു. 539 ആയപ്പോഴേക്കും കോരെശ് മഹാ നഗരമായ ബാബിലോണിലെത്തി അതിനെ കീഴടക്കുന്നു. തത്ഫലമായി, ദൈവജനം വിടുവിക്കപ്പെടുന്നു. അങ്ങനെ, അവർക്ക് യെരൂശലേമിലേക്കു മടങ്ങാനും നിർമലാരാധന പുനഃസ്ഥാപിക്കാനും സാധിക്കുന്നു.—എസ്രാ 1:1-7.c
8. യഹോവയ്ക്കു മാത്രം ചെയ്യാൻ കഴിയുന്നത് എന്താണ്?
8 അങ്ങനെ, കോരെശ് രാജാവായിത്തീരുമെന്ന് അവൻ ജനിക്കുന്നതിനു ദീർഘകാലം മുമ്പുതന്നെ യഹോവ മുൻകൂട്ടി പറയുന്നു. സത്യദൈവത്തിനു മാത്രമേ അത്തരമൊരു കാര്യം കൃത്യതയോടെ മുൻകൂട്ടി പറയാനാകൂ. ജനതകളുടെ വ്യാജ ദൈവങ്ങളിൽ ആരും യഹോവയ്ക്കു തുല്യനല്ല. “ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല” എന്ന് യഹോവ പറയുന്നത് നല്ല കാരണത്തോടെയാണ്.—യെശയ്യാവു 42:8; 44:6, 7.
ജനങ്ങൾ ഭയപരവശരായി വിഗ്രഹങ്ങളിൽ ആശ്രയിക്കുന്നു
9-11. കോരെശിന്റെ മുന്നേറ്റത്തോടു ജനതകൾ പ്രതികരിക്കുന്നത് എങ്ങനെ?
9 ഈ ഭാവി ജേതാവിനോടുള്ള ജനതകളുടെ പ്രതികരണത്തെ കുറിച്ച് യെശയ്യാവ് അടുത്തതായി വർണിക്കുന്നു: “ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു. അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.”—യെശയ്യാവു 41:5-7.
10 ഏകദേശം 200 വർഷത്തിനു ശേഷം സംഭവിക്കാനിരുന്ന കാര്യങ്ങളിലേക്കു കണ്ണോടിച്ചുകൊണ്ട് യഹോവ ലോക രംഗം അവലോകനം ചെയ്യുന്നു. കോരെശിന്റെ കീഴിലെ ശക്തമായ സേന എതിരാളികളെയെല്ലാം തറപറ്റിച്ചുകൊണ്ട് ത്വരിതഗതിയിൽ മുന്നേറുന്നു. അവൻ അടുത്തുവരുമ്പോൾ ജനങ്ങൾ—ദ്വീപനിവാസികൾ, അതിവിദൂര പ്രദേശങ്ങളിലുള്ളവർ പോലും—നടുങ്ങുന്നു. ന്യായവിധി നിർവഹിക്കാൻ യഹോവ കിഴക്കുനിന്നു വിളിച്ചവനെ എതിർക്കുന്നതിന് ഭയപരവശരായി അവർ ഒന്നിച്ചുകൂടുന്നു. “ധൈര്യമായിരിക്ക” എന്നു പറഞ്ഞുകൊണ്ട് അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.
11 ജനങ്ങളെ രക്ഷിക്കുന്നതിനായി വിഗ്രഹദൈവങ്ങളെ ഉണ്ടാക്കാൻ പണിക്കാർ ഒരുമിച്ചു പണിയെടുക്കുന്നു. ഒരു ആശാരി തടികൊണ്ടുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ട് അതിനു ലോഹം, ഒരുപക്ഷേ സ്വർണം, പൂശാൻ തട്ടാനോടു പറയുന്നു. കൊല്ലൻ ലോഹം അടിച്ചുപരത്തിയിട്ട് അതു കൂട്ടിവിളക്കുന്നതിന് അനുമതി നൽകുന്നു. ഇളകാതിരിക്കേണ്ടതിന് അഥവാ ദുർബലമാകാതിരിക്കേണ്ടതിന്—ദാഗോന്റെ വിഗ്രഹം യഹോവയുടെ പെട്ടകത്തിന്റെ മുമ്പാകെ കവിണ്ണുവീണതു പോലെ വരാതിരിക്കേണ്ടതിന്—ആണികൾകൊണ്ട് ഉറപ്പിക്കുന്നതായി പറയുന്നത് ഒരുപക്ഷേ പരിഹാസദ്യോതകമായിട്ടാകാം.—1 ശമൂവേൽ 5:4.
ഭയപ്പെടരുത്!
12. യഹോവ ഇസ്രായേല്യർക്ക് ആശ്വാസദായകമായ എന്ത് ഉറപ്പു നൽകുന്നു?
12 യഹോവ ഇപ്പോൾ, തന്റെ ജനത്തിന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. നിർജീവ വിഗ്രഹങ്ങളിൽ ആശ്രയിക്കുന്ന ജനതകളിൽനിന്നു വ്യത്യസ്തമായി, സത്യദൈവത്തിൽ ആശ്രയിക്കുന്നവർ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇസ്രായേല്യർ തന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളാണ് എന്ന് ഓർമിപ്പിച്ചുകൊണ്ട് യഹോവ അവർക്ക് ആശ്വാസകരമായ ഉറപ്പേകുന്നു. അതീവ ആർദ്രതയോടു കൂടിയ യഹോവയുടെ ആ വാക്കുകൾ യെശയ്യാവ് രേഖപ്പെടുത്തുന്നു: “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 41:8-10.
13. ബന്ദികളായി കഴിയുന്ന ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം യഹോവയുടെ വാക്കുകൾ ആശ്വാസദായകം ആയിരിക്കുന്നത് എങ്ങനെ?
13 അന്യദേശത്തു ബന്ദികളായി കഴിയുന്ന വിശ്വസ്ത യഹൂദർക്ക് ഈ വാക്കുകൾ എത്ര ആശ്വാസമേകും! ബാബിലോണിയൻ രാജാവിനെ സേവിച്ചുകൊണ്ട് പ്രവാസികളായി കഴിയുന്ന സമയത്ത്, ‘എന്റെ ദാസൻ’ എന്ന് യഹോവ തങ്ങളെ വിളിക്കുന്നതു കേൾക്കുന്നത് അവർക്ക് എത്ര പ്രോത്സാഹജനകം ആയിരിക്കും! (2 ദിനവൃത്താന്തം 36:20) അവിശ്വസ്തതയുടെ പേരിൽ അവരെ ശിക്ഷിക്കുമെങ്കിലും യഹോവ അവരെ തള്ളിക്കളയുകയില്ല. ഇസ്രായേൽ ദൈവത്തിന്റേതാണ്, ബാബിലോണിന് അവരുടെമേൽ ഒരു അവകാശവുമില്ല. ജേതാവായി മുന്നേറുന്ന കോരെശ് തങ്ങളെ സമീപിക്കുമ്പോൾ അവനെ ഭയപ്പെടാൻ ദൈവജനത്തിനു യാതൊരു കാരണവും ഉണ്ടായിരിക്കില്ല. തന്റെ ജനത്തെ സഹായിക്കാൻ അവരോടൊപ്പം യഹോവ ഉണ്ടായിരിക്കും.
14. ഇസ്രായേല്യരോടുള്ള യഹോവയുടെ വാക്കുകൾ ഇന്നു ദൈവജനത്തിന് ആശ്വാസമേകുന്നത് എങ്ങനെ?
14 ആ വാക്കുകൾ നമ്മുടെ കാലത്തുപോലും ദൈവജനത്തിന് ആശ്വാസവും കരുത്തും പകർന്നിരിക്കുന്നു. 1918-ൽ, തങ്ങളെ കുറിച്ചുള്ള യഹോവയുടെ ഹിതം എന്താണെന്നറിയാൻ അവർ ആകാംക്ഷയോടെ കാത്തിരുന്നു. ആത്മീയ അടിമത്തത്തിൽ നിന്നുള്ള വിടുതലിനായി അവർ കാംക്ഷിച്ചു. ഇന്ന്, സാത്താനും ലോകവും സ്വന്തം അപൂർണതയും നമ്മുടെമേൽ വരുത്തിവെക്കുന്ന സമ്മർദങ്ങളിൽ നിന്നുള്ള വിടുതലിനായി നാമും അതിയായി കാംക്ഷിക്കുന്നു. എങ്കിലും, തന്റെ ജനത്തിനുവേണ്ടി എങ്ങനെ, എപ്പോൾ പ്രവർത്തിക്കണമെന്ന് യഹോവയ്ക്കു കൃത്യമായി അറിയാമെന്ന കാര്യം നാം മനസ്സിൽ പിടിക്കുന്നു. ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നമ്മെ സഹായിക്കുമെന്ന ഉറപ്പോടെ, കൊച്ചു കുട്ടികളെ പോലെ നാം അവന്റെ ബലിഷ്ഠമായ കരങ്ങളിൽ മുറുകെ പിടിക്കുന്നു. (സങ്കീർത്തനം 63:7, 8) തന്നെ സേവിക്കുന്നവരെ യഹോവ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നു. പുരാതന കാലത്തു വിശ്വസ്ത ഇസ്രായേല്യരെയും 1918-19-ലെ ദുഷ്കര നാളുകളിൽ തന്റെ ജനത്തെയും പിന്തുണച്ചതു പോലെ അവൻ ഇന്നു നമ്മെയും പിന്തുണയ്ക്കുന്നു.
15, 16. (എ) ഇസ്രായേലിന്റെ ശത്രുക്കൾക്ക് എന്തു സംഭവിക്കും, ഏതു വിധത്തിലാണ് ഇസ്രായേൽ പുഴുവിനു സമാനമായിരിക്കുന്നത്? (ബി) ആസന്നമായ ഏത് ആക്രമണത്തിന്റെ വീക്ഷണത്തിലാണ് ഇന്നു നമുക്ക് യഹോവയുടെ വാക്കുകൾ വിശേഷിച്ചും പ്രോത്സാഹജനകം ആയിരിക്കുന്നത്?
15 അടുത്തതായി യഹോവ യെശയ്യാവിനോടു പറയുന്നതു ശ്രദ്ധിക്കൂ: “നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു. പുഴുവായ യാക്കോബേ, യിസ്രായേൽപരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നേ.”—യെശയ്യാവു 41:11-14.
16 ഇസ്രായേലിന്റെ ശത്രുക്കൾ വിജയിക്കുകയില്ല. ഇസ്രായേലിനോടു കോപിച്ചിരിക്കുന്നവർ ലജ്ജിക്കേണ്ടിവരും. അവർക്കെതിരെ പോരാടുന്നവർ നശിച്ചുപോകും. ബന്ദികളായ ഇസ്രായേല്യർ മണ്ണിൽ ഇഴയുന്ന ഒരു പുഴുവിനെ പോലെ ദുർബലരും നിസ്സഹായരുമായി കാണപ്പെട്ടാലും യഹോവ അവരെ സഹായിക്കും. ലോകത്തിലെ അനേകരുടെ കരുതിക്കൂട്ടിയുള്ള എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന സത്യക്രിസ്ത്യാനികൾക്ക് ഈ “അന്ത്യകാലത്തു”ടനീളം അത് എത്ര പ്രോത്സാഹനം നൽകിയിരിക്കുന്നു! (2 തിമൊഥെയൊസ് 3:1) പ്രവചനത്തിൽ ‘മാഗോഗ്ദേശത്തിലെ ഗോഗ്’ ആയി പരാമർശിച്ചിരിക്കുന്ന സാത്താന്റെ ആസന്നമായ ആക്രമണത്തിന്റെ വീക്ഷണത്തിൽ യഹോവയുടെ വാഗ്ദാനം എത്ര പ്രോത്സാഹജനകമാണ്! ഗോഗിന്റെ ക്രൂരമായ ആക്രമണത്തിൻ കീഴിൽ യഹോവയുടെ ജനം ഒരു പുഴുവിനെ പോലെ നിസ്സഹായരായി, “മതിലും ഓടാമ്പലും കതകും” ഇല്ലാതെ വസിക്കുന്നതായി കാണപ്പെടും. എങ്കിലും, യഹോവയിൽ പ്രത്യാശ വെക്കുന്നവർ ഭയന്നു വിറയ്ക്കേണ്ടതില്ല. സർവശക്തനാം ദൈവംതന്നെ അവരെ വിടുവിക്കുന്നതിനായി പോരാടും.—യെഹെസ്കേൽ 38:2, 11, 12, 14-16, 21-23; 2 കൊരിന്ത്യർ 1:3.
ഇസ്രായേലിന് ആശ്വാസം
17, 18. ഇസ്രായേലിനെ ശക്തീകരിക്കുന്നതിനെ കുറിച്ച് യെശയ്യാവ് വർണിക്കുന്നത് എങ്ങനെ, അതുമായി ബന്ധപ്പെട്ട ഏതു നിവൃത്തിയെ കുറിച്ചു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
17 യഹോവ തുടർന്നും തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുന്നു: “ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും. നീ അവയെ പാററും; കാററു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാററു അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.”—യെശയ്യാവു 41:15, 16.
18 പർവതസമാനരായ ശത്രുക്കളെ ആത്മീയ അർഥത്തിൽ കീഴടക്കാൻ ആവശ്യമായ കരുത്ത് യഹോവ ഇസ്രായേലിനു നൽകും. ഇസ്രായേല്യർ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തുമ്പോൾ ആലയത്തിന്റെയും യെരൂശലേമിന്റെ മതിലുകളുടെയും പുനർനിർമാണത്തിനു തടയിടാൻ ശ്രമിക്കുന്ന ശത്രുക്കളുടെമേൽ അവർ വിജയം വരിക്കും. (എസ്രാ 6:12; നെഹെമ്യാവു 6:16) എന്നുവരികിലും, അതിനെക്കാളൊക്കെ വലിയ അളവിൽ യഹോവയുടെ വചനങ്ങൾ “ദൈവത്തിന്റെ യിസ്രായേലി”നോടുള്ള ബന്ധത്തിൽ നിവൃത്തിയേറും. (ഗലാത്യർ 6:16) യേശു തന്റെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഈ വാഗ്ദാനം നൽകി: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളിപ്പാടു 2:26, 27) സ്വർഗീയ മഹത്ത്വത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ സഹോദരങ്ങൾക്ക് യഹോവയാം ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്ന സമയം തീർച്ചയായും വന്നെത്തും.—2 തെസ്സലൊനീക്യർ 1:7, 8; വെളിപ്പാടു 20:4, 6.
19, 20. ഇസ്രായേലിനെ ഒരു മനോഹരദേശത്തു പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് യെശയ്യാവ് എന്ത് എഴുതുന്നു, അതു നിവൃത്തിയേറുന്നത് എങ്ങനെ?
19 തന്റെ ജനത്തിന് ആശ്വാസം പ്രദാനം ചെയ്യുന്നതിനെ കുറിച്ച് ആലങ്കാരിക ഭാഷയിൽ യഹോവ ഇങ്ങനെ ഉറപ്പേകുന്നു: “എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും. ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വെച്ചുപിടിപ്പിക്കും. യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.”—യെശയ്യാവു 41:17-20.
20 പ്രവാസികളായ ഇസ്രായേല്യർ വസിക്കുന്നത് ഒരു സമ്പന്ന ലോകശക്തിയുടെ തലസ്ഥാന നഗരിയിലാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അതു വരണ്ട നിലത്തിനു സമാനമാണ്. ശൗൽ രാജാവിന്റെ കൈയിൽ അകപ്പെടാതെ ഒളിച്ചു കഴിഞ്ഞ ദാവീദിന് അനുഭവപ്പെട്ടതു പോലെയാണ് അവർക്കും അനുഭവപ്പെടുന്നത്. പൊ.യു.മു. 537-ൽ ഇസ്രായേല്യർക്കു യഹൂദയിലേക്കു മടങ്ങാനും യെരൂശലേമിലെ തന്റെ ആലയം പുനർനിർമിക്കാനും അങ്ങനെ നിർമലാരാധന പുനഃസ്ഥാപിക്കാനും യഹോവ വഴി തുറക്കുന്നു. തുടർന്ന്, യഹോവ അവരെ അനുഗ്രഹിക്കുന്നു. മറ്റൊരു പ്രവചനത്തിൽ യെശയ്യാവ് ഇങ്ങനെ മുൻകൂട്ടി പറയുന്നു: “യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു.” (യെശയ്യാവു 51:3) യഹൂദർ തങ്ങളുടെ സ്വദേശത്തു മടങ്ങിയെത്തുമ്പോൾ വാസ്തവമായും അങ്ങനെ സംഭവിക്കുന്നു.
21. ആധുനിക കാലത്ത് എന്തു പുനഃസ്ഥാപനമാണു നടന്നത്, ഭാവിയിൽ എന്തു സംഭവിക്കും?
21 സമാനമായ സ്ഥിതിവിശേഷം ആധുനിക കാലത്തും ഉണ്ടായി. നിർമലാരാധന പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കാൻ തക്കവണ്ണം വലിയ കോരെശ് ആയ യേശുക്രിസ്തു തന്റെ അഭിഷിക്ത അനുഗാമികളെ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിച്ചപ്പോഴായിരുന്നു അത്. യേശുവിന്റെ ആ വിശ്വസ്ത അനുഗാമികൾ സമ്പന്നമായ ഒരു ആത്മീയ പറുദീസയാൽ, ഒരു ആലങ്കാരിക ഏദെൻ തോട്ടത്താൽ അനുഗൃഹീതരായി. (യെശയ്യാവു 11:6-9; 35:1-7) താമസിയാതെ, ദൈവം തന്റെ ശത്രുക്കളെ നശിപ്പിക്കുമ്പോൾ മുഴു ഭൂമിയും അക്ഷരീയ പറുദീസയായി രൂപാന്തരപ്പെടും, വധസ്തംഭത്തിൽ കിടന്ന ദുഷ്പ്രവൃത്തിക്കാരനോട് യേശു വാഗ്ദാനം ചെയ്തതുപോലെതന്നെ.—ലൂക്കൊസ് 23:43.
ഇസ്രായേലിന്റെ ശത്രുക്കൾക്ക് ഒരു വെല്ലുവിളി
22. ഏതു വാക്കുകളോടെയാണ് യഹോവ വീണ്ടും ജനതകളെ വെല്ലുവിളിക്കുന്നത്?
22 യഹോവ വീണ്ടും, ജനതകളും അവരുടെ വിഗ്രഹങ്ങളുമായുള്ള സംവാദത്തിലേക്കു തിരിയുന്നു: “നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു. സംഭവിപ്പാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്നു അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ. നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന്നു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിപ്പിൻ. നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവൻ കുത്സിതനത്രേ.” (യെശയ്യാവു 41:21-24) ജനതകളുടെ ദൈവങ്ങൾക്കു കൃത്യതയോടെ പ്രവചിക്കുന്നതിനും അങ്ങനെ തങ്ങൾക്കു ദിവ്യ ജ്ഞാനമുണ്ടെന്നു തെളിയിക്കുന്നതിനും സാധിക്കുമോ? അവർക്ക് അതിനുള്ള കഴിവുണ്ടെങ്കിൽ, ആ അവകാശവാദത്തെ പിന്താങ്ങുന്ന നല്ലതോ മോശമോ ആയ ഫലങ്ങൾ ഉണ്ടായിരിക്കണം. വാസ്തവത്തിൽ, വിഗ്രഹദൈവങ്ങൾക്ക് ഒന്നും നിവർത്തിക്കാനുള്ള കഴിവില്ല, എന്തിന്, അവ അസ്തിത്വത്തിൽ ഇല്ലാത്തതു പോലെയാണ്.
23. യഹോവ തന്റെ പ്രവാചകന്മാരിലൂടെ വിഗ്രഹാരാധനയെ ശക്തമായി കുറ്റംവിധിക്കുന്നത് എന്തുകൊണ്ട്?
23 യെശയ്യാവിലൂടെയും മറ്റു പ്രവാചകന്മാരിലൂടെയും വിഗ്രഹാരാധനയുടെ ഭോഷത്തത്തെ അപലപിച്ചുകൊണ്ട് യഹോവ ഇത്രയധികം സമയം ചെലവഴിക്കുന്നത് എന്തിനാണെന്നു നമ്മുടെ നാളിൽ ചിലർ ചിന്തിച്ചേക്കാം. മനുഷ്യ നിർമിത വിഗ്രഹങ്ങളുടെ നിഷ്ഫലതയെ കുറിച്ച് അനേകർക്കും ഇന്നു വ്യക്തമായി അറിയാമായിരിക്കാം. എന്നുവരികിലും, ഒരു വ്യാജ ആരാധനാരീതി ഒരിക്കൽ സ്ഥാപിതമാകുകയും വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാൽ അതിൽ വിശ്വസിക്കുന്നവരുടെ മനസ്സിൽനിന്ന് അതു പിഴുതുമാറ്റുക അത്ര എളുപ്പമല്ല. നിർജീവ വിഗ്രഹങ്ങൾ യഥാർഥത്തിൽ ദൈവങ്ങളാണ് എന്ന ചിന്താഗതി പോലെതന്നെ ബുദ്ധിശൂന്യമാണ് ഇന്നു നിലവിലുള്ള പല വിശ്വാസങ്ങളും. എന്നിട്ടും, ആളുകൾ അത്തരം വിശ്വാസങ്ങൾ വെച്ചുപുലർത്താൻ ഇഷ്ടപ്പെടുന്നു. അത്തരം വിശ്വാസങ്ങളെ ഖണ്ഡിക്കുന്ന വസ്തുനിഷ്ഠമായ വാദഗതികൾക്കൊന്നും അവർ ചെവികൊടുക്കുന്നില്ല. സത്യം പലവട്ടം കേട്ടതിനു ശേഷമേ യഹോവയിൽ ആശ്രയിക്കുന്നതിലെ ജ്ഞാനം തിരിച്ചറിയാൻ ചിലർ പ്രേരിതരാകുന്നുള്ളൂ.
24, 25. യഹോവ വീണ്ടും കോരെശിനെ കുറിച്ചു പരാമർശിക്കുന്നത് എങ്ങനെ, ഇത് മറ്റ് ഏതു പ്രവചനത്തെ കുറിച്ചാണു നമ്മെ അനുസ്മരിപ്പിക്കുന്നത്?
24 യഹോവ വീണ്ടും കോരെശിനെ കുറിച്ചു പരാമർശിക്കുന്നു: “ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽ നിന്നു അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.” (യെശയ്യാവു 41:25)d ജനതകളുടെ ദൈവങ്ങളിൽനിന്നു നേരെ വിപരീതമായി, കാര്യങ്ങൾ നിവർത്തിക്കാൻ കഴിവുള്ളവനാണ് യഹോവ. കോരെശിനെ “സൂര്യോദയദിക്കിൽ”നിന്ന് അതായത്, കിഴക്കുനിന്ന് വിളിച്ചുവരുത്തുമ്പോൾ ഭാവിയെ കുറിച്ചു പ്രവചിക്കാനും പ്രവചനത്തിനു ചേർച്ചയിൽ ഭാവികാര്യങ്ങളെ രൂപപ്പെടുത്താനും തനിക്കുള്ള കഴിവു ദൈവം പ്രകടമാക്കും.
25 ഈ വാക്കുകൾ, നമ്മുടെ നാളിൽ നടപടിയെടുക്കാൻ എഴുന്നേൽക്കുന്ന രാജാക്കന്മാരെ സംബന്ധിച്ചുള്ള യോഹന്നാൻ അപ്പൊസ്തലന്റെ പ്രാവചനിക വിവരണത്തെ കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു” വഴി ഒരുക്കപ്പെടുന്നതായി വെളിപ്പാടു 16:12-ൽ നാം വായിക്കുന്നു. ഈ രാജാക്കന്മാർ മറ്റാരുമല്ല, യഹോവയും യേശുക്രിസ്തുവും ആണ്. ദീർഘകാലം മുമ്പു കോരെശ് ദൈവജനത്തെ വിടുവിച്ചതു പോലെ, അവനെക്കാൾ അതിശക്തരായ ഈ രാജാക്കന്മാർ യഹോവയുടെ ശത്രുക്കളെ ഉന്മൂലനം ചെയ്യുകയും മഹോപദ്രവത്തെ അതിജീവിക്കാൻ അവന്റെ ജനത്തെ സഹായിക്കുകയും നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും.—സങ്കീർത്തനം 2:8, 9; 2 പത്രൊസ് 3:13; വെളിപ്പാടു 7:14-17.
യഹോവ പരമോന്നതൻ!
26. അടുത്തതായി യഹോവ എന്തു ചോദ്യമാണ് ഉന്നയിക്കുന്നത്, അതിന് ഉത്തരം ലഭിക്കുന്നുണ്ടോ?
26 താൻ മാത്രമാണു സത്യദൈവം എന്ന വസ്തുത യഹോവ വീണ്ടും പ്രഖ്യാപിക്കുന്നു. അവൻ ഇങ്ങനെ ചോദിക്കുന്നു: “ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.” (യെശയ്യാവു 41:26) തന്നിൽ ആശ്രയിക്കുന്നവരെ വിടുവിക്കുന്നതിന് ഒരു ജേതാവു വരുന്നതായി ഒരു വിഗ്രഹദൈവവും അറിയിച്ചിട്ടില്ല. അത്തരം ദൈവങ്ങളെല്ലാം ജീവനില്ലാത്തവയാണ്, അവയ്ക്കു സംസാരപ്രാപ്തി ഇല്ല. അവ ദൈവങ്ങളേ അല്ല.
27, 28. ജീവത്പ്രധാനമായ ഏതു സത്യമാണ് യെശയ്യാവു 41-ാം അധ്യായത്തിന്റെ അവസാന വാക്യങ്ങളിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്, ആരു മാത്രമാണ് അതു പ്രഖ്യാപിക്കുന്നത്?
27 യഹോവയുടെ പ്രചോദകമായ ഈ പ്രാവചനിക വചനങ്ങൾ അറിയിച്ച ശേഷം യെശയ്യാവ്, ജീവത്പ്രധാനമായ ഒരു വസ്തുത ഊന്നിപ്പറയുന്നു: “ഞാൻ ആദ്യനായി സീയോനോടു: ഇതാ, ഇതാ, അവർ വരുന്നു എന്നു പറയുന്നു; യെരൂശലേമിന്നു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു. ഞാൻ നോക്കിയാറെ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചാറെ; ഉത്തരം പറവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല. അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാററും ശൂന്യവും തന്നേ.”—യെശയ്യാവു 41:27-29.
28 യഹോവ ആദ്യനാണ്. അവൻ പരമോന്നതനാണ്! തന്റെ ജനത്തിനു സുവാർത്ത നൽകിക്കൊണ്ട് അവർക്കു വിമോചനം പ്രഖ്യാപിക്കുന്ന സത്യദൈവമാണ്. അവന്റെ മാഹാത്മ്യത്തെ കുറിച്ചു ജനതകളെ അറിയിക്കുന്നത് അവന്റെ സാക്ഷികൾ മാത്രമാണ്. വിഗ്രഹദൈവങ്ങളിൽ ആശ്രയിക്കുന്നവരെ യഹോവ പരിഹസിക്കുന്നു. അവരുടെ വിഗ്രഹങ്ങളെ “കാററും ശൂന്യവും” എന്നു പറഞ്ഞു നിരാകരിക്കുന്നു. സത്യദൈവത്തോടു പറ്റിനിൽക്കാനുള്ള എത്ര ശക്തമായ കാരണം! നമ്മുടെ പൂർണ ആശ്രയത്തിനു യോഗ്യനായിരിക്കുന്നത് യഹോവ മാത്രമാണ്.
[അടിക്കുറിപ്പുകൾ]
c “ദൈവത്തിന്റെ യിസ്രായേലി”നെ 1919-ൽ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിച്ച വലിയ കോരെശ്, 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല.—ഗലാത്യർ 6:16.
d കോരെശിന്റെ മാതൃദേശം ബാബിലോണിനു കിഴക്ക് ആയിരുന്നെങ്കിലും അവൻ ആ നഗരത്തിന്മേൽ അന്തിമ ആക്രമണം നടത്തിയതു വടക്കുനിന്ന്, അതായത് ഏഷ്യാമൈനറിൽ നിന്നാണ്.
[19-ാം പേജിലെ ചിത്രം]
പുറജാതീയനെങ്കിലും കോരെശ് ദൈവത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു
[21-ാം പേജിലെ ചിത്രം]
ജനതകൾ നിർജീവ വിഗ്രഹങ്ങളിൽ ആശ്രയിക്കുന്നു
[27-ാം പേജിലെ ചിത്രങ്ങൾ]
ഇസ്രായേൽ ഒരു “മെതിവണ്ടി”പോലെ ‘പർവതങ്ങളെ പൊടിക്കും’