അധ്യായം 11
‘ഞാൻ നിന്നെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു’
മുഖ്യവിഷയം: യഹോവ ഒരു കാവൽക്കാരനെ നിയമിക്കുന്നു, അദ്ദേഹത്തിന്റെ ചുമതലകൾ വിവരിക്കുന്നു
1. യഹോവയുടെ പ്രവാചകന്മാരായ കാവൽക്കാർ എന്തു ചെയ്തുകൊണ്ടിരുന്നു, ഒടുവിൽ എന്തു സംഭവിച്ചു?
യരുശലേം നഗരത്തിന്റെ മതിലിന്മേൽ നിൽക്കുകയാണ് ആ കാവൽക്കാരൻ. അസ്തമയസൂര്യന്റെ കിരണങ്ങൾക്കിടയിലൂടെ ദൂരെ ചക്രവാളത്തിലേക്ക് അയാൾ സൂക്ഷിച്ചുനോക്കുന്നുണ്ട്. പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്—അതാ, ബാബിലോൺസൈന്യം! അയാൾ സർവശക്തിയുമെടുത്ത് തന്റെ കാഹളം ഊതി. പക്ഷേ വളരെ വൈകിപ്പോയിരുന്നു. യഹോവ നിയമിച്ച ആലങ്കാരികകാവൽക്കാർ പതിറ്റാണ്ടുകളായി ഈ ദിനത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ ആ പ്രവാചകന്മാരെ ശ്രദ്ധിക്കാൻ ഉദാസീനരായ നഗരവാസികൾ ഇതേവരെ കൂട്ടാക്കിയിട്ടില്ല. ഇപ്പോൾ ബാബിലോൺസൈന്യം നഗരം വളയുകയാണ്. മാസങ്ങൾ നീണ്ട ഉപരോധത്തിനു ശേഷം നഗരമതിലുകൾ ഭേദിച്ച് അകത്ത് കടന്ന അവർ ദേവാലയം തകർത്തുതരിപ്പണമാക്കി. അവിശ്വസ്തരും വിഗ്രഹാരാധകരും ആയ യരുശലേംകാരിൽ അനേകരെ അവർ കൊന്നൊടുക്കി, ബാക്കിയുള്ളവരെ ബന്ദികളാക്കി.
2, 3. (എ) പെട്ടെന്നുതന്നെ എല്ലാ ഭൂവാസികളെയും ബാധിക്കാനിരിക്കുന്ന ഒരു സംഭവം ഏതാണ്, അവർ ഇപ്പോൾ എന്തു ചെയ്യണം? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 ദൈവപക്ഷത്ത് നിലയുറപ്പിക്കാത്ത ഭൂവാസികളെ നേരിടാൻ ഇന്ന് യഹോവയുടെ വധനിർവഹണസേന മുന്നേറുകയാണ്. (വെളി. 17:12-14) മനുഷ്യചരിത്രത്തിലെ ഏറ്റവും കഷ്ടത നിറഞ്ഞ നാളുകൾക്ക് അന്ത്യം കുറിക്കുന്ന ഒരു പോരാട്ടമായിരിക്കും അത്. (മത്താ. 24:21) എന്നാൽ ഇനിയും വൈകിയിട്ടില്ല! കാവൽക്കാരന്റെ ജോലി ചെയ്യാൻ യഹോവ നിയമിച്ചിരിക്കുന്നവരുടെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കാനുള്ള അവസരം അനേകരുടെയും മുന്നിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട്.
3 കാവൽക്കാരെ നിയമിക്കാൻ യഹോവയെ പ്രേരിപ്പിച്ചത് എന്താണ്? ഒരു കാവൽക്കാരൻ ഏതുതരം സന്ദേശമാണ് അറിയിക്കുന്നത്? ഇതുവരെ ആരൊക്കെയാണു കാവൽക്കാരായി പ്രവർത്തിച്ചിട്ടുള്ളത്, നമ്മുടെ ഉത്തരവാദിത്വം എന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം നമ്മൾ കാണും.
“നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം”
4. യഹോവ കാവൽക്കാരെ നിയമിച്ചത് എന്തിനാണ്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
4 യഹസ്കേൽ 33:7 വായിക്കുക. പണ്ടുകാലത്ത് കാവൽക്കാർ സാധാരണയായി നഗരമതിലിനു മുകളിലാണു നിന്നിരുന്നത്. നഗരവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ദൗത്യം. നഗരത്തിന്റെ ഭരണാധികാരിക്കു പ്രജകളുടെ കാര്യത്തിൽ ചിന്തയുണ്ട് എന്നതിന്റെ തെളിവായിരുന്നു അത്. ഒരു കാവൽക്കാരന്റെ കാഹളത്തിൽനിന്ന് ഉയരുന്ന, കാതു തുളയ്ക്കുന്ന ശബ്ദം കേട്ട് നഗരവാസികൾ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നേക്കാമെങ്കിലും ആ ശബ്ദത്തിന് അതിനോടു പ്രതികരിക്കുന്നവരുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. സമാനമായി, യഹോവ കാവൽക്കാരെ നിയമിച്ചതും വിനാശത്തിന്റെ സന്ദേശങ്ങൾ അറിയിച്ച് ഇസ്രായേല്യരെ ഭയപ്പെടുത്താനല്ല, മറിച്ച് അവരുടെ ജീവൻ രക്ഷിക്കാനായിരുന്നു. കാരണം അവരുടെ കാര്യത്തിൽ യഹോവയ്ക്ക് അത്രമാത്രം ചിന്തയുണ്ടായിരുന്നു.
5, 6. യഹോവയുടെ നീതിക്കു തെളിവേകുന്ന ഒരു കാര്യം എന്താണ്?
5 യഹോവ യഹസ്കേലിനെ ഒരു കാവൽക്കാരനായി നിയമിച്ചു. യഹസ്കേലിനെ ഏൽപ്പിച്ച ആ ദൗത്യം യഹോവയുടെ വ്യക്തിത്വത്തിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തി. നമുക്കു ബലവും പ്രോത്സാഹനവും പകരുന്ന ആ ഗുണങ്ങളിൽ രണ്ടെണ്ണം മാത്രം നമുക്ക് ഇപ്പോൾ നോക്കാം.
6 നീതി: മുൻവിധിയില്ലാതെ നമുക്ക് ഓരോരുത്തർക്കും വില കല്പിക്കുന്നത് യഹോവയുടെ നീതിയുടെ തെളിവാണ്. ഉദാഹരണത്തിന്, പലപ്പോഴും ആളുകൾ കൂട്ടത്തോടെ യഹസ്കേലിന്റെ സന്ദേശം തള്ളിക്കളഞ്ഞെങ്കിലും യഹോവ ഇസ്രായേല്യരെ ഒന്നടങ്കം ധിക്കാരികളായി എഴുതിത്തള്ളിയില്ല. പകരം ഓരോ വ്യക്തിയും എങ്ങനെ പ്രതികരിക്കുന്നെന്ന് യഹോവ ശ്രദ്ധിച്ചു. താൻ വ്യക്തികളോടു സംസാരിക്കുന്നതിനെക്കുറിച്ച് യഹോവ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് ‘ദുഷ്ടാ നീ,’ “ഒരു നീതിമാൻ” എന്നീ പദപ്രയോഗങ്ങളിലെ ഏകവചനരൂപം. കേൾക്കുന്ന സന്ദേശത്തോട് ഓരോ വ്യക്തിയും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് യഹോവ അയാളെ ന്യായം വിധിക്കുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു.—യഹ. 33:8, 18-20.
7. യഹോവ ആളുകളെ ന്യായംവിധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
7 യഹോവ ആളുകളെ ന്യായം വിധിക്കുന്ന വിധവും ദൈവനീതിക്കു തെളിവേകുന്നു. ആളുകളോടു കണക്കു ചോദിക്കുന്നത് അവർ പണ്ടു ചെയ്ത കാര്യങ്ങളുടെ പേരിലല്ല, മറിച്ച് മുന്നറിയിപ്പിനോട് അവർ ഇപ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. യഹോവ യഹസ്കേലിനോടു പറഞ്ഞു: “ഞാൻ ദുഷ്ടനോട്, ‘നീ മരിക്കും’ എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ . . . അവൻ ജീവിച്ചിരിക്കും.” തുടർന്ന് യഹോവ ശ്രദ്ധേയമായ ഈ പ്രസ്താവനയും നടത്തി: “അവൻ ചെയ്ത പാപങ്ങളൊന്നുപോലും അവന്റെ പേരിൽ കണക്കിടില്ല.” (യഹ. 33:14-16) അതേസമയം ഒരാൾ ഇപ്പോൾ നീതിമാർഗത്തിൽ അനുസരണയോടെ നടക്കുന്നുണ്ടെന്നു കരുതി അതു പിൽക്കാലത്ത് ധിക്കാരം കാണിക്കുന്നതിന് ഒരു ഒഴികഴിവല്ലെന്നും ഓർക്കുക. കാരണം യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: “(ഒരു മനുഷ്യൻ) തന്റെ സ്വന്തം നീതിയിൽ ആശ്രയിച്ച് തെറ്റു ചെയ്യുന്നെങ്കിൽ അവന്റെ നീതിപ്രവൃത്തികൾ ഒന്നുപോലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.”—യഹ. 33:13.
8. പ്രവാചകന്മാർ നൽകിയ മുന്നറിയിപ്പുകൾ യഹോവയുടെ നീതിയെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
8 യഹോവയുടെ നീതിബോധത്തിനു തെളിവേകുന്ന മറ്റൊരു കാര്യവുമുണ്ട്. ഒരു നടപടിയെടുക്കുന്നതിനു മുമ്പ് ആളുകൾക്കു മാറ്റം വരുത്താൻ സമയം കിട്ടുന്ന വിധത്തിൽ യഹോവ മുന്നറിയിപ്പു കൊടുക്കുന്നു എന്നതാണ് അത്. ബാബിലോൺസേന യരുശലേം നശിപ്പിക്കുന്നതിന് ഏകദേശം ആറു വർഷം മുമ്പാണ് യഹസ്കേൽ പ്രവാചകവേല തുടങ്ങിയത്. എന്നാൽ ദൈവജനത്തോടു കണക്കു ചോദിക്കും എന്ന് അവർക്ക് ആദ്യമായി മുന്നറിയിപ്പു കൊടുത്തത് യഹസ്കേലായിരുന്നില്ല. യരുശലേം നശിപ്പിക്കപ്പെടുന്നതിനു നൂറിലേറെ വർഷങ്ങൾക്കു മുമ്പുതന്നെ യഹോവ മറ്റു പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു കൊടുത്തുതുടങ്ങിയിരുന്നു. അത്തരത്തിൽ യഹോവ അയച്ച കാവൽക്കാരായിരുന്നു ഹോശേയ, യശയ്യ, മീഖ, ഓദേദ്, യിരെമ്യ എന്നിവർ. യിരെമ്യയിലൂടെ യഹോവ ഇസ്രായേല്യരെ ഇങ്ങനെ ഓർമിപ്പിച്ചു: “ഞാൻ നിയമിച്ച കാവൽക്കാർ, ‘കൊമ്പുവിളി ശ്രദ്ധിക്കൂ!’ എന്നു പറഞ്ഞു.” (യിരെ. 6:17) ഒടുവിൽ ബാബിലോൺകാർ യഹോവയുടെ ന്യായവിധി നടപ്പാക്കി. പക്ഷേ ആ സമയത്ത് അനേകർ മരിച്ചുവീണതിനു മേലാൽ യഹോവയെയോ കാവൽക്കാരായ പ്രവാചകന്മാരെയോ പഴിചാരിയിട്ടു കാര്യമില്ലായിരുന്നു.
9. യഹോവ അചഞ്ചലസ്നേഹം തെളിയിച്ചത് എങ്ങനെ?
9 സ്നേഹം: നീതിമാന്മാർക്കു മാത്രമല്ല യഹോവ തന്റെ കാവൽക്കാരിലൂടെ മുന്നറിയിപ്പു കൊടുത്തത്. യഹോവയുടെ ഹൃദയം തകർത്ത, യഹോവയുടെ പേരിനു കളങ്കം ചാർത്തിയ ദുഷ്ടന്മാർക്കും മുന്നറിയിപ്പുകൾ ലഭിച്ചു. ശരിക്കും അത് യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ തെളിവായിരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ! യഹോവയുടെ സ്വന്തം ജനമായിരുന്നിട്ടും ഇസ്രായേല്യർ വീണ്ടുംവീണ്ടും യഹോവയ്ക്കു പുറംതിരിഞ്ഞ് വ്യാജദൈവങ്ങളുടെ പുറകേ പോയി. ഇങ്ങനെ അവിശ്വസ്തത കാണിച്ച ജനതയെ വ്യഭിചാരിണിയായ ഒരു ഭാര്യയോടു താരതമ്യം ചെയ്തത് യഹോവയുടെ ഹൃദയത്തിനേറ്റ മുറിവിന്റെ ആഴമാണു വെളിപ്പെടുത്തുന്നത്. (യഹ. 16:32) എന്നിട്ടും യഹോവ അവരെ പെട്ടെന്നങ്ങ് എഴുതിത്തള്ളിയില്ല. പ്രതികാരം ചെയ്യുന്നതിനു പകരം യഹോവ അനുരഞ്ജനത്തിനാണു ശ്രമിച്ചത്. ന്യായവിധിയുടെ വാൾ പ്രയോഗിക്കാൻ യഹോവ തിടുക്കം കാട്ടിയില്ല; ഏറ്റവും ഒടുവിലാണു ദൈവം ആ വഴി തേടിയത്. എന്തുകൊണ്ട്? ദൈവം യഹസ്കേലിനോടു പറഞ്ഞു: “ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല. പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കുന്നതാണ് എന്റെ സന്തോഷം.” (യഹ. 33:11) അതെ, അതായിരുന്നു യഹോവയുടെ ചിന്ത; ഇന്നും അത് അങ്ങനെതന്നെയാണ്.—മലാ. 3:6.
10, 11. തന്റെ ജനത്തോടുള്ള യഹോവയുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
10 ഇസ്രായേല്യരോട് ഇടപെട്ടപ്പോൾ യഹോവ കാണിച്ച നീതിയും സ്നേഹവും നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളുടെ മുൻകാലജീവിതം, സാംസ്കാരികപശ്ചാത്തലം, വംശം, ജാതി, സാമ്പത്തികസ്ഥിതി, ഭാഷ എന്നിവയുടെയൊന്നും അടിസ്ഥാനത്തിൽ നമ്മൾ ആരെയും വിലയിരുത്തരുത്. അയാൾ നമ്മുടെ സന്ദേശം കേൾക്കാൻ അയോഗ്യനാണെന്ന മുൻവിധി പാടില്ല! ഓരോരുത്തർക്കും തനതായ വ്യക്തിത്വമുണ്ടെന്ന കാര്യം ഓർക്കുക. ഇതാണ് ഒരു പാഠം. യഹോവ പത്രോസ് അപ്പോസ്തലനെ പഠിപ്പിച്ച കാര്യം ഇന്നും പ്രസക്തമാണ്: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃ. 10:34, 35.
11 സ്വന്തം കാര്യത്തിലും നമുക്കു വളരെ ജാഗ്രത വേണം എന്നതാണു മറ്റൊരു പ്രധാനപാഠം. നമ്മൾ മുൻകാലത്ത് ചെയ്ത നീതിപ്രവൃത്തികൾ, ഇപ്പോൾ തെറ്റു ചെയ്യുന്നതിനുള്ള ഒരു ഒഴികഴിവല്ല. നമ്മുടെ സന്ദേശം കേൾക്കുന്നവർക്കുള്ള അതേ പാപപ്രവണതകൾ നമുക്കുമുണ്ടെന്ന് ഓർക്കുക. കൊരിന്തിലെ സഭയ്ക്കു പൗലോസ് അപ്പോസ്തലൻ കൊടുത്ത ഉപദേശം നമുക്കും ബാധകമാണ്: “നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ. പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.” (1 കൊരി. 10:12, 13) ‘കുറച്ചൊക്കെ തെറ്റുകൾ ചെയ്താലും കുഴപ്പമില്ല, കാരണം ഞാൻ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ’ എന്നു ചിന്തിച്ച് നമ്മൾ ഒരിക്കലും ‘സ്വന്തം നീതിയിൽ ആശ്രയിക്കില്ല.’ (യഹ. 33:13) യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെങ്കിലും താഴ്മയും അനുസരിക്കാനുള്ള സന്നദ്ധതയും നമുക്കു വളരെ അനിവാര്യമാണ്.
12. മുമ്പ് നമ്മൾ ഗുരുതരമായ പാപം ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ഓർക്കണം?
12 എന്നാൽ മുമ്പ് ഗുരുതരമായ പാപങ്ങൾ ചെയ്ത നിങ്ങൾക്ക് ഇപ്പോഴും അതിനെക്കുറിച്ച് കുറ്റംബോധം തോന്നുന്നെങ്കിലോ? പശ്ചാത്താപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരെ യഹോവ ശിക്ഷിക്കുമെന്ന് യഹസ്കേലിന്റെ സന്ദേശം നമ്മളെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ യഹോവ പ്രതികാരത്തിന്റെ ദൈവമല്ലെന്നും സ്നേഹമാണ് യഹോവയുടെ പ്രമുഖഗുണമെന്നും നമുക്ക് അറിയാം. (1 യോഹ. 4:8) നമുക്കു പശ്ചാത്താപമുണ്ടെന്നു നമ്മുടെ പ്രവൃത്തികൾ തെളിയിക്കുന്നെങ്കിൽ യഹോവ നമ്മളോടു ക്ഷമിക്കുമെന്ന് ഓർക്കുക. (യാക്കോ. 5:14, 15) ആത്മീയവ്യഭിചാരം ചെയ്ത ഇസ്രായേല്യരോടു ക്ഷമിക്കാൻ യഹോവ തയ്യാറായെങ്കിൽ നമ്മളോടും ക്ഷമിക്കും.—സങ്കീ. 86:5.
“നിന്റെ ജനത്തിന്റെ പുത്രന്മാരോട് ഇങ്ങനെ പറയൂ”
13, 14. (എ) കാവൽക്കാർ ഏതുതരം സന്ദേശമാണ് അറിയിക്കേണ്ടിയിരുന്നത്? (ബി) ഏതു സന്ദേശമാണ് യശയ്യ അറിയിച്ചത്?
13 യഹസ്കേൽ 33:2, 3 വായിക്കുക. യഹോവയുടെ കാവൽക്കാർ ഏതുതരം സന്ദേശമാണ് അറിയിക്കേണ്ടിയിരുന്നത്? മുന്നറിയിപ്പുകളായിരുന്നു അതിൽ പ്രധാനം. എന്നാൽ അവർ സന്തോഷവാർത്തയും അറിയിച്ചു. നമുക്ക് ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം.
14 ബി.സി. 778 മുതൽ 732 വരെ സേവിച്ച യശയ്യ, ബാബിലോൺകാർ യരുശലേം പിടിച്ചടക്കുമെന്നും അവിടെയുള്ളവരെ ബന്ദികളായി കൊണ്ടുപോകുമെന്നും മുന്നറിയിപ്പു നൽകി. (യശ. 39:5-7) എന്നാൽ ദൈവം യശയ്യയിലൂടെ ഇങ്ങനെയും പറഞ്ഞു: “ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തുന്നു. അവർ ഒന്നിച്ച് സന്തോഷാരവം മുഴക്കുന്നു, യഹോവ സീയോനെ വീണ്ടും കൂട്ടിച്ചേർക്കുന്നത് അവർ വ്യക്തമായി കാണും.” (യശ. 52:8) അതെ, യശയ്യ വളരെ സന്തോഷകരമായ ഒരു വാർത്തയും അറിയിച്ചു—സത്യാരാധന പുനഃസ്ഥാപിക്കപ്പെടും!
15. ഏതു സന്ദേശമാണ് യിരെമ്യ അറിയിച്ചത്?
15 ബി.സി. 647 മുതൽ ബി.സി. 580 വരെ സേവിച്ച യിരെമ്യയെ പലപ്പോഴും ‘വിനാശം വിളിച്ചുകൂവുന്നവൻ’ എന്ന് അന്യായമായി മുദ്രകുത്തിയിട്ടുണ്ട്. ശരിയാണ്, വഴിതെറ്റിപ്പോയ ഇസ്രായേല്യരുടെ മേൽ യഹോവ വരുത്താൻപോകുന്ന ദുരന്തങ്ങളെക്കുറിച്ച് യിരെമ്യ അവർക്കു മുന്നറിയിപ്പു കൊടുക്കുകതന്നെ ചെയ്തു.a എന്നാൽ അദ്ദേഹം സന്തോഷവാർത്തയും അറിയിച്ചു. ദൈവജനം സ്വദേശത്തേക്കു മടങ്ങിവന്ന് വീണ്ടും ശുദ്ധാരാധന അർപ്പിച്ചുതുടങ്ങും എന്നതായിരുന്നു ആ വാർത്ത.—യിരെ. 29:10-14; 33:10, 11.
16. യഹസ്കേലിന്റെ സന്ദേശം ബാബിലോണിലെ പ്രവാസികളെ സഹായിച്ചത് എങ്ങനെ?
16 ബി.സി. 613-ൽ കാവൽക്കാരനായി നിയമിതനായ യഹസ്കേൽ ബി.സി. 591 വരെയെങ്കിലും ആ നിയമനത്തിൽ തുടർന്നിട്ടുണ്ട്. ഈ പ്രസിദ്ധീകരണത്തിന്റെ 5-ഉം 6-ഉം അധ്യായങ്ങളിൽ കണ്ടതുപോലെ, വരാനിരിക്കുന്ന നാശത്തെക്കുറിച്ച് അദ്ദേഹം തീക്ഷ്ണതയോടെ ഇസ്രായേല്യർക്കു മുന്നറിയിപ്പു കൊടുത്തു. അതുകൊണ്ടുതന്നെ ആളുകളുടെ ജീവൻ നഷ്ടമായാലും അദ്ദേഹം അവരുടെ രക്തത്തിന് ഉത്തരവാദിയല്ലായിരുന്നു. അദ്ദേഹം പ്രവാസികളെ അറിയിച്ച സന്ദേശം, യരുശലേമിലുള്ള വിശ്വാസത്യാഗികളെ യഹോവ ശിക്ഷിക്കുമെന്നുള്ള മുന്നറിയിപ്പായിരുന്നു. അതേസമയം അത്, ആത്മീയമായി ശക്തരായി നിൽക്കാൻ ആ പ്രവാസികളെ സഹായിക്കുകയും ഭാവിപ്രവർത്തനങ്ങൾക്കായി അവരെ ഒരുക്കുകയും ചെയ്തു. 70 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം യഹോവ ജൂതന്മാരുടെ ഒരു ശേഷിപ്പിനെ ഇസ്രായേലിലേക്കു തിരികെ കൊണ്ടുവരുമായിരുന്നു. (യഹ. 36:7-11) അക്കൂട്ടത്തിൽ മിക്കവരും, യഹസ്കേലിന്റെ സന്ദേശത്തിനു ചെവികൊടുത്തവരുടെ മക്കളും കൊച്ചുമക്കളും ഒക്കെ ആയിരിക്കുമായിരുന്നു. ഈ പുസ്തകത്തിന്റെ 3-ാം ഭാഗത്തെ അധ്യായങ്ങളിൽ കണ്ടതുപോലെ യഹസ്കേലിന് ഒരുപാടു സന്തോഷവാർത്തകൾ അറിയിക്കാനുണ്ടായിരുന്നു. യരുശലേമിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന് അവ ഉറപ്പുകൊടുത്തു.
17. എപ്പോഴെല്ലാമാണ് യഹോവ കാവൽക്കാരെ നിയമിച്ചിട്ടുള്ളത്?
17 ബി.സി. 607-ലെ യരുശലേമിന്റെ നാശത്തോടടുത്ത് ദൈവജനത്തോടു സംസാരിച്ച ഈ പ്രവാചകന്മാരെ മാത്രമാണോ യഹോവ ഇതുവരെ കാവൽക്കാരായി ഉപയോഗിച്ചിട്ടുള്ളത്? അല്ല. യഹോവയുടെ ഉദ്ദേശ്യനിവൃത്തിയോടു ബന്ധപ്പെട്ട സുപ്രധാനസംഭവങ്ങൾ നടന്ന ഓരോ സന്ദർഭത്തിലും, ദുഷ്ടന്മാർക്കു മുന്നറിയിപ്പു നൽകാനും സന്തോഷവാർത്ത അറിയിക്കാനും യഹോവ കാവൽക്കാരെ നിയമിച്ചിട്ടുണ്ട്.
ഒന്നാം നൂറ്റാണ്ടിലെ കാവൽക്കാർ
18. യോഹന്നാൻ സ്നാപകന്റെ പ്രവർത്തനത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
18 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യോഹന്നാൻ സ്നാപകൻ ഒരു കാവൽക്കാരനായി പ്രവർത്തിച്ചു. ജഡിക ഇസ്രായേലിനെ ഉടൻതന്നെ തള്ളിക്കളയുമെന്ന് യോഹന്നാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു. (മത്താ. 3:1, 2, 9-11) പക്ഷേ അദ്ദേഹം അതു മാത്രമല്ല ചെയ്തത്. തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ ‘സന്ദേശവാഹകൻ’ യോഹന്നാനാണെന്നും അദ്ദേഹം മിശിഹയ്ക്കുവേണ്ടി വഴിയൊരുക്കിയെന്നും യേശു പറഞ്ഞു. (മലാ. 3:1; മത്താ. 11:7-10) അതിന്റെ ഭാഗമായി യോഹന്നാൻ ഈ സന്തോഷവാർത്ത അറിയിച്ചു: “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്” വന്നുകഴിഞ്ഞു!—യോഹ. 1:29, 30.
19, 20. യേശുവും ശിഷ്യന്മാരും കാവൽക്കാരായി പ്രവർത്തിച്ചത് എങ്ങനെ?
19 കാവൽക്കാരിൽ ഏറ്റവും പ്രമുഖൻ യേശുവായിരുന്നു. യഹസ്കേലിനെപ്പോലെതന്നെ യേശുവിനെയും ‘ഇസ്രായേൽഗൃഹത്തിന്റെ’ അടുത്തേക്കാണ് യഹോവ അയച്ചത്. (യഹ. 3:17; മത്താ. 15:24) ഇസ്രായേൽ ജനതയെ ഉടൻതന്നെ തള്ളിക്കളയുമെന്നും യരുശലേം നശിപ്പിക്കപ്പെടുമെന്നും യേശു മുന്നറിയിപ്പു കൊടുത്തു. (മത്താ. 23:37, 38; 24:1, 2; ലൂക്കോ. 21:20-24) പക്ഷേ സന്തോഷവാർത്ത അറിയിക്കുന്നതിലാണു യേശു മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.—ലൂക്കോ. 4:17-21.
20 ഭൂമിയിലായിരുന്നപ്പോൾ യേശു ശിഷ്യന്മാരോടു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “എപ്പോഴും ഉണർന്നിരിക്കുക.” (മത്താ. 24:42) യേശുവിന്റെ ആ കല്പന അനുസരിച്ചുകൊണ്ട് അവർ കാവൽക്കാരായി പ്രവർത്തിച്ചു. യഹോവ ജഡിക ഇസ്രായേലിനെയും ഭൂമിയിലെ യരുശലേം നഗരത്തെയും തള്ളിക്കളഞ്ഞെന്ന് അവർ മുന്നറിയിപ്പു കൊടുത്തു. (റോമ. 9:6-8; ഗലാ. 4:25, 26) തങ്ങളുടെ മുൻഗാമികളായ കാവൽക്കാരെപ്പോലെതന്നെ ഇവർക്കും ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടായിരുന്നു. അതിൽ ശ്രദ്ധേയമായ ഈ പ്രഖ്യാപനം അടങ്ങിയിരുന്നു: ജൂതന്മാരല്ലാത്തവരും ദൈവത്തിന്റെ ആത്മാഭിഷിക്ത ഇസ്രായേലിന്റെ ഭാഗമാകും; ഭൂമിയിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ ക്രിസ്തുവിനെ സഹായിക്കാനുള്ള പദവി അവർക്കും ലഭിക്കും.—പ്രവൃ. 15:14; ഗലാ. 6:15, 16; വെളി. 5:9, 10.
21. പൗലോസ് എന്തു മാതൃക വെച്ചു?
21 ഒന്നാം നൂറ്റാണ്ടിലെ കാവൽക്കാരിൽ ശ്രദ്ധേയമായ ഒരു മാതൃകയായിരുന്നു പൗലോസ് അപ്പോസ്തലൻ. അദ്ദേഹം തന്റെ ഉത്തരവാദിത്വം വളരെ ഗൗരവമായെടുത്തു. ആ നിയമനം നിറവേറ്റാൻ പരാജയപ്പെട്ടാൽ ആളുകളുടെ രക്തത്തിനു താൻ ഉത്തരവാദിയാകുമെന്ന് യഹസ്കേലിനെപ്പോലെതന്നെ അദ്ദേഹത്തിനും അറിയാമായിരുന്നു. (പ്രവൃ. 20:26, 27) മറ്റു കാവൽക്കാരെപ്പോലെ പൗലോസും ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുക മാത്രമല്ല, അവരെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. (പ്രവൃ. 15:35; റോമ. 1:1-4) ദൈവാത്മാവിന്റെ സ്വാധീനത്തിൽ അദ്ദേഹം യശയ്യയുടെ ഈ പ്രവചനം ഉദ്ധരിച്ചതു ശ്രദ്ധേയമാണ്: ‘സന്തോഷവാർത്തയുമായി വരുന്നവന്റെ പാദങ്ങൾ പർവതങ്ങളിൽ എത്ര മനോഹരം!’ ക്രിസ്തുവിന്റെ അനുഗാമികൾ നടത്തുന്ന ദൈവരാജ്യപ്രസംഗപ്രവർത്തനത്തോടാണു പൗലോസ് അതിനെ ബന്ധപ്പെടുത്തിയത്.—യശ. 52:7, 8; റോമ. 10:13-15.
22. അപ്പോസ്തലന്മാരുടെ കാലശേഷം എന്തു സംഭവിച്ചു?
22 മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം അപ്പോസ്തലന്മാരുടെ കാലശേഷം ക്രിസ്തീയസഭയെ മൂടിക്കളഞ്ഞു. (പ്രവൃ. 20:29, 30; 2 തെസ്സ. 2:3-8) വളർച്ചയുടെ ഒരു നീണ്ട കാലഘട്ടംകൊണ്ട് കളകൾ അഥവാ കപടക്രിസ്ത്യാനികൾ, ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളായ ഗോതമ്പിനെക്കാൾ എണ്ണത്തിൽ പെരുകി. അങ്ങനെ വ്യാജോപദേശങ്ങൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവ്യക്തമായ സന്ദേശത്തെ മറച്ചുകളഞ്ഞു. (മത്താ. 13:36-43) എന്നാൽ മനുഷ്യകാര്യാദികളിൽ ഇടപെടാനുള്ള യഹോവയുടെ സമയം വന്നപ്പോൾ ആളുകൾക്കു വ്യക്തമായ മുന്നറിയിപ്പു നൽകാനും അവരെ സന്തോഷവാർത്ത അറിയിക്കാനും യഹോവ വീണ്ടും കാവൽക്കാരെ നിയമിച്ചു. അതും ദൈവത്തിന്റെ നീതിയുടെയും സ്നേഹത്തിന്റെയും തെളിവായിരുന്നു. പക്ഷേ ആരായിരുന്നു ആ കാവൽക്കാർ?
ദുഷ്ടന്മാർക്കു മുന്നറിയിപ്പേകാൻ വീണ്ടും കാവൽക്കാർ
23. സി. റ്റി. റസ്സലും സഹകാരികളും ഏതു ദൗത്യം നിറവേറ്റി?
23 1914-നു മുമ്പുള്ള വർഷങ്ങളിൽ ചാൾസ് റ്റെയ്സ് റസ്സൽ സഹോദരനും സഹകാരികളും ‘സന്ദേശവാഹകനായി’ പ്രവർത്തിച്ചു. മിശിഹൈകരാജ്യം സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ‘വഴി തെളിക്കുക’ എന്നതായിരുന്നു ആ സന്ദേശവാഹകന്റെ ദൗത്യം.b (മലാ. 3:1) ആ കൂട്ടം ഒരു കാവൽക്കാരനായും പ്രവർത്തിച്ചു. അതെ, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന മാസിക ഉപയോഗിച്ച് അവർ ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രചരിപ്പിക്കുകയും ചെയ്തു.
24. (എ) വിശ്വസ്തയടിമ ഒരു കാവൽക്കാരനായി പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെ? (ബി) മുൻകാലങ്ങളിലെ കാവൽക്കാരുടെ മാതൃകയിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു? (“മാതൃകായോഗ്യരായ ചില കാവൽക്കാർ” എന്ന ചാർട്ട് കാണുക.)
24 ദൈവരാജ്യം സ്ഥാപിതമായശേഷം, വിശ്വസ്തയടിമയായി പ്രവർത്തിക്കാൻ യേശു ഒരു ചെറിയ കൂട്ടത്തെ നിയമിച്ചു. (മത്താ. 24:45-47) ഇന്നു ഭരണസംഘം എന്ന് അറിയപ്പെടുന്ന വിശ്വസ്തനായ ആ അടിമ അന്നുമുതൽ ഒരു കാവൽക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ‘ദൈവം പ്രതികാരം ചെയ്യുന്ന ദിവസത്തെക്കുറിച്ച്’ മുന്നറിയിപ്പു കൊടുക്കുന്നതിൽ മാത്രമല്ല ‘യഹോവയുടെ പ്രസാദത്തിന്റെ വർഷത്തെക്കുറിച്ച്’ ഘോഷിക്കുന്നതിലും ആ അടിമ നേതൃത്വമെടുക്കുന്നു.—യശ. 61:2; 2 കൊരിന്ത്യർ 6:1, 2 കൂടെ കാണുക.
25, 26. (എ) ക്രിസ്തുവിന്റെ എല്ലാ അനുഗാമികളും ഏതു ജോലിയിൽ ഉൾപ്പെടണം, അവർ അത് എങ്ങനെയാണു ചെയ്യുന്നത്? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
25 കാവൽജോലിക്കു നേതൃത്വമെടുക്കുന്നതു വിശ്വസ്തയടിമയാണെങ്കിലും തന്റെ അനുഗാമികൾ ‘എല്ലാവരും’ ‘ഉണർന്നിരിക്കണം’ എന്നു യേശു പറഞ്ഞു. (മർക്കോ. 13:33-37) ആത്മീയമായി ഉണർന്നിരുന്നുകൊണ്ട് ആധുനികകാല കാവൽക്കാരനെ വിശ്വസ്തമായി പിന്തുണയ്ക്കുമ്പോൾ നമ്മൾ ആ കല്പന അനുസരിക്കുകയാണ്. പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതു നമ്മൾ ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. (2 തിമൊ. 4:2) എന്നാൽ അതിനു നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ആഗ്രഹമാണ് ഒരു പ്രധാനഘടകം. (1 തിമൊ. 4:16) കാരണം ആധുനികകാല കാവൽക്കാരന്റെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ പേരിൽ ജനസഹസ്രങ്ങൾക്കാണ് ഉടൻതന്നെ ജീവൻ നഷ്ടമാകാൻപോകുന്നത്. (യഹ. 3:19) പക്ഷേ നമ്മളെ പ്രചോദിപ്പിക്കുന്ന സുപ്രധാനഘടകം മറ്റൊന്നാണ്. ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന ഏറ്റവും സന്തോഷകരമായ വാർത്ത ആളുകളെ അറിയിക്കാനുള്ള ആഗ്രഹമാണ് അത്. ഇപ്പോൾ ‘യഹോവയുടെ പ്രസാദത്തിന്റെ വർഷമാണ്.’ നമ്മോടൊപ്പം, നീതിമാനും സ്നേഹവാനും ആയ നമ്മുടെ ദൈവത്തെ ആരാധിക്കാനുള്ള അവസരം അനേകരുടെയും മുന്നിൽ ഇന്നും തുറന്നുകിടക്കുകയാണ്. വളരെ പെട്ടെന്ന്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുന്ന ഭൂവാസികൾക്കെല്ലാം ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ കരുണാർദ്രമായ ഭരണത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനാകും. ഇത്ര സന്തോഷകരമായ ഒരു വാർത്ത അറിയിക്കുന്നതിൽ ആധുനികകാല കാവൽക്കാരനെ സഹായിക്കാതിരിക്കാൻ നമുക്കാകുമോ?—മത്താ. 24:14.
26 എന്നാൽ ഈ ദുഷ്ടവ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പുതന്നെ യഹോവ തന്റെ ജനത്തെ ഐക്യമുള്ള ഒരു കൂട്ടമാക്കിയിരിക്കുന്നു. അതു ശരിക്കും ഒരു അത്ഭുതംതന്നെയാണ്. അത് എങ്ങനെ സാധ്യമായി? രണ്ടു വടികളെക്കുറിച്ചുള്ള ഒരു പ്രവചനം അതു വ്യക്തമായി വരച്ചുകാട്ടുന്നു. അടുത്ത അധ്യായത്തിൽ നമ്മൾ അതാണു ചർച്ച ചെയ്യുന്നത്.
a യിരെമ്യയുടെ പുസ്തകത്തിൽ ദുരന്തം, കഷ്ടകാലം, ആപത്ത് എന്നതുപോലുള്ള പദപ്രയോഗങ്ങൾ ധാരാളം പ്രാവശ്യം കാണുന്നുണ്ട്.
b ഈ പ്രവചനത്തെക്കുറിച്ചും അതിന്റെ നിവൃത്തിയെക്കുറിച്ചും ഉള്ള വിശദീകരണം കാണാൻ ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിലെ “സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചിരിക്കുന്നു” എന്ന 2-ാം അധ്യായം കാണുക.