യഹോവ—പഠിപ്പിക്കുന്ന ഒരു ദൈവം
“അവർ എല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെടും.”—യോഹന്നാൻ 6:45, NW.
1. യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത് എവിടെവെച്ചായിരുന്നു, അവനിപ്പോൾ അവിടെ എന്തു ചെയ്യുന്നു?
യേശുക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ട് അധികം നാളായിരുന്നില്ല, അവനിപ്പോൾ ഗലീലാ കടലിനടുത്തുള്ള കഫർന്നഹൂമിലെ ഒരു സിനഗോഗിൽ പഠിപ്പിക്കുന്നതായി കാണപ്പെടുന്നു. (യോഹന്നാൻ 6:1-21, 59) ‘ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു’വെന്ന് അവൻ പറഞ്ഞപ്പോൾ അനേകർക്കും വിശ്വസിക്കാനായില്ല. അവർ ഇങ്ങനെ പിറുപിറുത്തു: ‘ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ?’ (യോഹന്നാൻ 6:38, 42) അവരെ ശാസിച്ചുകൊണ്ട് യേശു പ്രഖ്യാപിക്കുന്നു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.”—യോഹന്നാൻ 6:44.
2. പുനരുത്ഥാനം സംബന്ധിച്ചുള്ള യേശുവിന്റെ വാഗ്ദാനം വിശ്വസിക്കുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്?
2 അവസാന നാളിൽ, ദൈവരാജ്യം ഭരിക്കുമ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്നത് എന്തൊരു വിസ്മയാവഹമായ വാഗ്ദാനം! ഈ വാഗ്ദാനം നമുക്കു വിശ്വസിക്കാനാവും, കാരണം പിതാവായ യഹോവയാം ദൈവമാണ് അതിനെക്കുറിച്ചുള്ള ഉറപ്പുതന്നിരിക്കുന്നത്. (ഇയ്യോബ് 14:13-15; യെശയ്യാവു 26:19) തീർച്ചയായും, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമെന്നു പഠിപ്പിക്കുന്ന യഹോവ “എല്ലാവരിലുംവെച്ച് ഏറ്റവും വലിയ അധ്യാപകൻ” ആകുന്നു. (ഇയ്യോബ് 36:22, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) പിതാവിന്റെ പഠിപ്പിക്കലിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, യേശു അടുത്തതായി ഇങ്ങനെ പറയുന്നു: “‘അവർ എല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെട്ടവരാകും’ എന്നു പ്രവാചക പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.”—യോഹന്നാൻ 6:45, NW.
3. നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
3 തീർച്ചയായും, “നിന്റെ പുത്രന്മാർ എല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെട്ട വ്യക്തികളായിരിക്കും” എന്നു പ്രവാചകനായ യെശയ്യാവ് എഴുതിയവരുടെ കൂട്ടത്തിലായിരിക്കുന്നത് ഒരു പദവിയായിരിക്കും. (യെശയ്യാവ് 54:13, NW) അതു നമുക്കു സാധിക്കുമോ? അവനു പുത്രന്മാരെപ്പോലെയായിരിക്കുകയും അവന്റെ പഠിപ്പിക്കലുകൾ ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആരാണ്? നാം അറിഞ്ഞിരിക്കേണ്ടതും അവന്റെ അനുഗ്രഹങ്ങൾ നേടാൻ ബാധകമാക്കേണ്ടതുമായ യഹോവയുടെ ജീവത്പ്രധാന പഠിപ്പിക്കലുകൾ എന്തെല്ലാമാണ്? കഴിഞ്ഞകാലങ്ങളിൽ യഹോവ പഠിപ്പിച്ചതെങ്ങനെ, അതേരീതിയിൽ അവൻ ഇന്നു പഠിപ്പിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളാണു നാം പരിചിന്തിക്കാൻപോകുന്നത്.
പിതാവ്, അധ്യാപകൻ, ഭർത്താവ്
4. യഹോവയുടെ പഠിപ്പിക്കൽ സ്വീകരിച്ച അവന്റെ പുത്രന്മാരിൽ ആദ്യത്തവർ ആരെല്ലാമായിരുന്നു?
4 തന്റെ ഏകജാതപുത്രനെ, മനുഷ്യനായിത്തീരുന്നതിനുമുമ്പുള്ള യേശുവിനെ, സൃഷ്ടിച്ചപ്പോൾ, യഹോവ ആദ്യമായി പിതാവും അധ്യാപകനും ആയിത്തീർന്നു. യഹോവയുടെ മുഖ്യവക്താവായതുകൊണ്ട് ഇവൻ “വചനം” എന്നു വിളിക്കപ്പെടുന്നു. (യോഹന്നാൻ 1:1, 14; 3:16) വചനം “[പിതാവി]നോടൊപ്പം ഒരു വിദഗ്ധ വേലക്കാരനായി” സേവിക്കുകയും തന്റെ പിതാവിന്റെ പഠിപ്പിക്കലിൽനിന്നു നന്നായി പഠിക്കുകയും ചെയ്തു. (സദൃശവാക്യങ്ങൾ 8:22, 30, NW) വാസ്തവത്തിൽ, “ദൈവ”ത്തിന്റെ ആത്മ “പുത്രന്മാർ” ഉൾപ്പെടെയുള്ള മറ്റെല്ലാം പിതാവു സൃഷ്ടിച്ചത് അവനിലൂടെയായിരുന്നു, അങ്ങനെ അവൻ ഏജൻറ്, അഥവാ ഉപാധി ആയിത്തീർന്നു. ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതിൽ അവരെല്ലാം എത്രമാത്രം ആഹ്ലാദിച്ചിരിക്കണം! (ഇയ്യോബ് 1:6; 2:1; 38:7; കൊലൊസ്സ്യർ 1:15-17) പിന്നീട്, ആദ്യ മനുഷ്യനായ ആദാം സൃഷ്ടിക്കപ്പെട്ടു. അവനും ഒരു “ദൈവപുത്രൻ” ആയിരുന്നു, യഹോവ അവനെ പ്രബോധിപ്പിച്ചിരുന്നുവെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—ലൂക്കൊസ് 3:38; ഉല്പത്തി 2:7, 16, 17.
5. ഏത് അമൂല്യ പദവിയാണ് ആദാം നഷ്ടപ്പെടുത്തിയത്, എന്നിട്ടും യഹോവ ആരെ പഠിപ്പിച്ചു, എന്തുകൊണ്ട്?
5 സങ്കടകരമെന്നു പറയട്ടെ, മനഃപൂർവമായ അനുസരണക്കേടിനാൽ ആദാം ദൈവപുത്രനായി തുടരുന്നതിന്റെ പദവി നഷ്ടപ്പെടുത്തി. അതുകൊണ്ട്, ദൈവപുത്രന്മാർ എന്ന ബന്ധം കേവലം ജന്മനാ അവകാശപ്പെടാൻ അവന്റെ പിൻഗാമികൾക്കു കഴിയുമായിരുന്നില്ല. എന്നിട്ടും, മാർഗനിർദേശത്തിനായി തന്നിലേക്കു നോക്കിയ അപൂർണ മനുഷ്യരെ യഹോവ പഠിപ്പിച്ചു. ഉദാഹരണത്തിന്, നോഹ “ദൈവത്തോടുകൂടെ നടന്നു” ‘നീതിമാൻ’ എന്നു തെളിയിച്ചു, അതുകൊണ്ട് യഹോവ നോഹയെ പ്രബോധിപ്പിച്ചു. (ഉല്പത്തി 6:9, 13–ഉല്പത്തി 6:137:5) തന്റെ അനുസരണത്താൽ, അബ്രാഹം തന്നേത്തന്നെ “യഹോവയുടെ സ്നേഹിതൻ” എന്നു തെളിയിച്ചു, അതുകൊണ്ട്, അവനും യഹോവയാൽ പഠിപ്പിക്കപ്പെട്ടു.—യാക്കോബ് 2:23, NW; ഉല്പത്തി 12:1-4; 15:1-8; 22:1, 2.
6. യഹോവ തന്റെ “പുത്ര”നായി വീക്ഷിക്കാനിടവന്നിരിക്കുന്നത് ആരെയാണ്, അവൻ അവർക്ക് ഏതുതരത്തിലുള്ള അധ്യാപകനായിരുന്നു?
6 വളരെ നാളുകൾക്കുശേഷം, മോശയുടെ നാളിൽ, യഹോവ ഇസ്രായേൽ ജനതയുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടു. അതിന്റെ ഫലമായി, ആ ജനത തിരഞ്ഞെടുക്കപ്പെട്ട ഒരു ജനമായിത്തീരുകയും അവന്റെ “പുത്രൻ” എന്നനിലയിൽ വീക്ഷിക്കപ്പെടുകയും ചെയ്തു. “ഇസ്രായേൽ എന്റെ പുത്രൻ” എന്നു ദൈവം പറഞ്ഞു. (പുറപ്പാടു 4:22, 23; 19:3-6; ആവർത്തനപുസ്തകം 14:1, 2) ആ ഉടമ്പടി ബന്ധത്തിലധിഷ്ഠിതമായി, പ്രവാചകനായ യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഇസ്രായേല്യർക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവേ, നീ ഞങ്ങളുടെ പിതാവാണ്.” (യെശയ്യാവ് 63:16, NW) യഹോവ തന്റെ പിതൃനിർവിശേഷമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയും തന്റെ മക്കളായ ഇസ്രായേല്യരെ സ്നേഹപുരസ്സരം പഠിപ്പിക്കുകയും ചെയ്തു. (സങ്കീർത്തനം 71:17; യെശയ്യാവു 48:17, 18) വാസ്തവത്തിൽ, അവർ അവിശ്വസ്തരായിത്തീർന്നപ്പോൾ, അവൻ അവരോടു കരുണാപൂർവം ഇങ്ങനെ അഭ്യർഥിച്ചു: “വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ.”—യിരെമ്യാവു 3:14.
7. ഇസ്രായേലിനു യഹോവയുമായി എന്തു ബന്ധമാണ് ഉണ്ടായിരുന്നത്?
7 ഇസ്രായേലുമായുള്ള ഉടമ്പടിബന്ധത്തിന്റെ ഫലമായി, ആലങ്കാരികമായി യഹോവ ആ ജനതയുടെ ഭർത്താവായിത്തീരുകയും അവർ അവന്റെ ആലങ്കാരിക ഭാര്യയായിത്തീരുകയും ചെയ്തു. അവളെക്കുറിച്ചു പ്രവാചകനായ യെശയ്യാവ് എഴുതി: “നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.” (യെശയ്യാവു 54:5; യിരെമ്യാവു 31:32) ഭർത്താവ് എന്നനിലയിലുള്ള തന്റെ ചുമതല യഹോവ മാന്യമായി നിറവേറ്റിയെങ്കിലും, ഇസ്രായേൽ ജനത ഒരു അവിശ്വസ്ത ഭാര്യയായിത്തീർന്നു. യഹോവ പറഞ്ഞു: “ഇസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.” (യിരെമ്യാവു 3:20) അവിശ്വാസിയായ തന്റെ ഭാര്യയുടെ പുത്രന്മാരോടു യഹോവ അഭ്യർഥിച്ചുകൊണ്ടേയിരുന്നു; അവൻ തുടർന്നും അവരുടെ “മഹത്പ്രബോധകൻ” ആയിരുന്നു.—യെശയ്യാവ് 30:20, NW; 2 ദിനവൃത്താന്തം 36:15.
8. യഹോവ ഇസ്രായേലിനെ ഒരു ജനതയെന്ന നിലയിൽ തള്ളിക്കളഞ്ഞെങ്കിലും, ഇപ്പോഴും അവനു പ്രതിമാതൃകയിലുള്ള ഏത് ആലങ്കാരിക ഭാര്യയുണ്ട്?
8 ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിനെ ഇസ്രായേൽ തള്ളിക്കളയുകയും വധിക്കുകയും ചെയ്തപ്പോൾ, അവസാനം അവൻ അവളെയും തള്ളിക്കളഞ്ഞു. യഹൂദ ജനത അവനു മേലാൽ ഒരു ആലങ്കാരിക ഭാര്യയായിരുന്നില്ല, അവൻ അവളുടെ വഴിതെറ്റിയ പുത്രന്മാരുടെ പിതാവും അധ്യാപകനും ആയിരുന്നില്ല. (മത്തായി 23:37, 38) എന്നിരുന്നാലും, ഇസ്രായേൽ കേവലം മുൻകുറിയായ, അല്ലെങ്കിൽ പ്രതീകാത്മകമായ ഒരു ഭാര്യയേ ആയിരുന്നുള്ളൂ. അപ്പോസ്തലനായ പൗലോസ് ‘ഭർത്താവുള്ളവളായ,’ സ്വാഭാവിക ഇസ്രായേലിൽനിന്നു വ്യത്യസ്തവും വ്യതിരിക്തവുമായ ‘മച്ചിയായ സ്ത്രീ’യെക്കുറിച്ചു സംസാരിക്കുന്ന യെശയ്യാവു 54:1 ഉദ്ധരിച്ചു. “മീതെയുള്ള യെരൂശലേം” എന്നു പൗലോസ് വിളിക്കുന്ന “മച്ചിയായ സ്ത്രീ”യുടെ മക്കളാണ് അഭിഷിക്ത ക്രിസ്ത്യാനികൾ എന്ന് അവൻ വെളിപ്പെടുത്തുന്നു. ആത്മസൃഷ്ടികളടങ്ങുന്ന ദൈവത്തിന്റെ സ്വർഗീയ സ്ഥാപനമാണു പ്രതിമാതൃകയിലുള്ള ഈ ആലങ്കാരിക സ്ത്രീ.—ഗലാത്യർ 4:26, 27.
9. (എ) ‘നിങ്ങളുടെ പുത്രന്മാർ യഹോവയാൽ പഠിപ്പിക്കപ്പെടുന്ന’തിനെക്കുറിച്ചു പറഞ്ഞപ്പോൾ യേശു ആരെ പരാമർശിക്കുകയായിരുന്നു? (ബി) ആളുകൾ ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
9 അങ്ങനെ, കഫർന്നഹൂമിലെ സിനഗോഗിൽ, “നിങ്ങളുടെ പുത്രന്മാർ എല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെട്ട വ്യക്തികളാകും” എന്ന യെശയ്യാ പ്രവചനം ഉദ്ധരിച്ചപ്പോൾ, യേശു ദൈവത്തിന്റെ ഭാര്യാതുല്യ സ്വർഗീയ സ്ഥാപനമായ “മീതെയുള്ള യെരൂശലേമി”ന്റെ “പുത്രന്മാ”രായിത്തീരാനിരിക്കുന്നവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു. സ്വർഗത്തിൽനിന്നുള്ള ദൈവത്തിന്റെ പ്രതിനിധിയായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ചുകൊണ്ട്, ആ യഹൂദ ശ്രോതാക്കൾക്കു ദൈവത്തിന്റെ മുൻ മച്ചിയായ സ്വർഗീയ സ്ത്രീയുടെ മക്കളാകാനും “ഒരു വിശുദ്ധ ജനത”യാകാനും “ദൈവത്തിന്റെ” ആത്മീയ ‘ഇസ്രായേലാകാനും’ സാധിക്കുമായിരുന്നു. (1 പത്രോസ് 2:9, 10, NW; ഗലാത്യർ 6:16) ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരുന്നതിനു യേശു സാധ്യമാക്കിയ മഹത്തായ അവസരത്തെ വർണിച്ചുകൊണ്ട് അപ്പോസ്തലനായ യോഹന്നാൻ എഴുതി: “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന [“വിശ്വസിക്കുകയായിരുന്ന,” NW] ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”—യോഹന്നാൻ 1:11, 12.
യഹോവയുടെ ജീവത്പ്രധാനമായ പഠിപ്പിക്കലുകൾ
10. ഏദെനിലെ മത്സരം കഴിഞ്ഞയുടനെ, യഹോവ “സന്തതി”യെക്കുറിച്ച് എന്തു പഠിപ്പിച്ചു, ഈ സന്തതി ആരാണെന്നു തെളിഞ്ഞു?
10 സ്നേഹവാനായ ഒരു പിതാവ് എന്നനിലയിൽ, തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു യഹോവ തന്റെ മക്കളെ അറിയിക്കുന്നു. അങ്ങനെ, ഒരു മത്സരിയായ ദൂതൻ ആദ്യ മനുഷ്യജോഡികളെ അനുസരണക്കേടു കാട്ടാൻ വശീകരിച്ചപ്പോൾ, ഭൂമിയെ ഒരു പറുദീസയാക്കിമാറ്റാനുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ താൻ എന്തു ചെയ്യുമെന്നു യഹോവ ഉടനെ അവരെ അറിയിച്ചു. പിശാചായ സാത്താൻ എന്ന “പഴയ പാമ്പി”നും “സ്ത്രീ”ക്കും തമ്മിൽ താൻ ശത്രുത്വം ഉണ്ടാക്കുമെന്ന് അവൻ പറഞ്ഞു. പിന്നെ “സ്ത്രീ”യുടെ “സന്തതി” സാത്താന്റെ “തല” മാരകമായി തകർക്കുമെന്ന് അവൻ വിശദമാക്കി. (ഉല്പത്തി 3:1-6, 15; വെളിപ്പാടു 12:9; 20:9, 10) നാം കണ്ടതുപോലെ, പിൽക്കാലത്തു “മീതെയുള്ള യെരൂശലേ”മായി തിരിച്ചറിയിക്കപ്പെട്ട സ്ത്രീ ദൈവത്തിന്റെ ആത്മസൃഷ്ടികൾ അടങ്ങുന്ന സ്വർഗീയ സ്ഥാപനമാണ്. എന്നാൽ അവളുടെ “സന്തതി” ആരാണ്? അവൻ സ്വർഗത്തിൽനിന്ന് അയയ്ക്കപ്പെട്ടവനും അവസാനം സാത്താനെ നശിപ്പിക്കാനിരിക്കുന്നവനും ആയ ദൈവപുത്രനായ യേശുക്രിസ്തുവാണ്.—ഗലാത്യർ 4:4; എബ്രായർ 2:14; 1 യോഹന്നാൻ 3:8.
11, 12. “സന്തതി”യെക്കുറിച്ചുള്ള ജീവത്പ്രധാനമായ പഠിപ്പിക്കലിനോടുള്ള ബന്ധത്തിൽ യഹോവ കൂടുതലായ എന്തു വിവരങ്ങൾ നൽകി?
11 “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ . . . അത്യന്തം വർദ്ധിപ്പിക്കും; . . . നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന് അബ്രഹാമിനോടു യഹോവ വാഗ്ദാനം ചെയ്തപ്പോൾ, അവൻ “സന്തതി”യെക്കുറിച്ചുള്ള ഈ ജീവത്പ്രധാന പഠിപ്പിക്കലുമായി ബന്ധപ്പെട്ട കൂടുതലായ വിവരം നൽകി. (ഉല്പത്തി 22:17, 18) അബ്രഹാമിന്റെ വാഗ്ദത്ത സന്തതി യേശുക്രിസ്തുവാണെന്നും എന്നാൽ മറ്റുള്ളവരും ആ “സന്തതി”യുടെ ഭാഗമായിത്തീരുമെന്നും വിശദീകരിക്കാൻ യഹോവ അപ്പോസ്തലനായ പൗലോസിനെ ഉപയോഗിച്ചു. “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു”വെന്നു പൗലോസ് എഴുതി.—ഗലാത്യർ 3:16, 29.
12 സന്തതിയായ ക്രിസ്തു യഹൂദയുടെ രാജവംശത്തിൽനിന്നു വരുമെന്നും “ജാതികളുടെ അനുസരണം അവനോടു ആകും” എന്നും യഹോവ വെളിപ്പെടുത്തി. (ഉല്പത്തി 49:10) യഹൂദാ ഗോത്രത്തിലെ ദാവീദ് രാജാവിനെ സംബന്ധിച്ചു യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.” (സങ്കീർത്തനം 89:3, 4, 29, 36) ഗബ്രിയേൽ ദൂതൻ യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിച്ചപ്പോൾ, ദൈവത്തിന്റെ നിയമിത ഭരണാധിപനാണ്, അതായത് ദാവീദിന്റെ സന്തതിയാണു കുട്ടിയെന്ന് അവൻ വിശദമാക്കി. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. . . . അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു ഗബ്രിയേൽ പറഞ്ഞു.—ലൂക്കൊസ് 1:32, 33; യെശയ്യാവു 9:6, 7; ദാനീയേൽ 7:13, 14.
13. യഹോവയുടെ അനുഗ്രഹം ലഭിക്കാൻ, അവന്റെ പഠിപ്പിക്കലിനോടു നാം എങ്ങനെ പ്രതികരിക്കണം?
13 യഹോവയുടെ അനുഗ്രഹം സ്വീകരിക്കാൻവേണ്ടി നാം ദൈവരാജ്യത്തെക്കുറിച്ചുള്ള ജീവത്പ്രധാനമായ ഈ പഠിപ്പിക്കൽ അറിയുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. യേശു സ്വർഗത്തിൽനിന്നു വന്നുവെന്നും അവൻ ദൈവത്തിന്റെ നിയമിത രാജാവാണെന്നും, അതായത് ഭൂമിയിൽ പറുദീസാ പുനഃസ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കാനിരിക്കുന്ന രാജകീയ സന്തതിയാണെന്നും, അവൻ മരിച്ചവരെ ഉയിർപ്പിക്കുമെന്നും നാം വിശ്വസിക്കണം. (ലൂക്കൊസ് 23:42, 43; യോഹന്നാൻ 18:33-37) മരിച്ചവരെ ഉയിർപ്പിക്കുന്നതു സംബന്ധിച്ചു യേശു കഫർന്നഹൂമിൽവെച്ചു സംസാരിച്ചപ്പോൾ, അവൻ സത്യമാണു സംസാരിച്ചത് എന്ന കാര്യം യഹൂദന്മാർക്കു വ്യക്തമായിരുന്നിരിക്കണം. എന്തിന്, സിനഗോഗ് അധ്യക്ഷന്റെ 12 വയസ്സുകാരി പുത്രിയെ അവൻ ഉയിർപ്പിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിരുന്നുള്ളൂ, ഒരുപക്ഷേ അതു പ്രവർത്തിച്ചതും കഫർന്നഹൂമിൽവെച്ചുതന്നെയായിരിക്കാം! (ലൂക്കൊസ് 8:49-56) അവന്റെ രാജ്യം സംബന്ധിച്ചുള്ള യഹോവയുടെ, പ്രത്യാശയുണർത്തുന്ന പഠിപ്പിക്കൽ വിശ്വസിക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും തീർച്ചയായും നമുക്കും മതിയായ കാരണമുണ്ട്!
14, 15. (എ) യഹോവയുടെ രാജ്യം യേശുവിന് എത്ര പ്രധാനമാണ്? (ബി) യഹോവയുടെ രാജ്യത്തെക്കുറിച്ചു നാം എന്താണു മനസ്സിലാക്കുകയും വിശദീകരിച്ചുകൊടുക്കാൻ പ്രാപ്തരാകുകയും ചെയ്യേണ്ടത്?
14 യഹോവയുടെ രാജ്യം സംബന്ധിച്ചു പഠിപ്പിക്കുന്നതിനായി യേശു തന്റെ ഭൗമിക ജീവിതം അർപ്പിച്ചു. അവൻ അതിനെ തന്റെ ശുശ്രൂഷയുടെ പ്രതിപാദ്യ വിഷയമാക്കിമാറ്റുകയും അതിനുവേണ്ടി പ്രാർഥിക്കാൻ തന്റെ അനുഗാമികളെ പ്രബോധിപ്പിക്കുകയുംപോലും ചെയ്തു. (മത്തായി 6:9, 10; ലൂക്കൊസ് 4:43) സ്വാഭാവിക ഇസ്രായേൽ “രാജ്യത്തിന്റെ പുത്രന്മാർ” ആയിത്തീരാനുള്ള സ്ഥാനത്തായിരുന്നു, വിശ്വാസരാഹിത്യം നിമിത്തം ആ പദവി കരസ്ഥമാക്കാൻ മിക്കവരും പരാജയപ്പെട്ടു. (മത്തായി 8:12; 21:43) ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനുമാത്രമേ “രാജ്യത്തിന്റെ പുത്രന്മാർ” ആയിത്തീരാനുള്ള പദവി ലഭിക്കുകയുള്ളൂവെന്നു യേശു വെളിപ്പെടുത്തി. തന്റെ സ്വർഗീയ രാജ്യത്തിൽ ഈ “പുത്രന്മാ”രാണ് “ക്രിസ്തുവിന്നു കൂട്ടവകാശികൾ” ആയിത്തീരുന്നത്.—ലൂക്കൊസ് 12:32; മത്തായി 13:38; റോമർ 8:14-17; യാക്കോബ് 2:5.
15 തന്നോടൊപ്പം ഭൂമിയുടെമേൽ ഭരണം നടത്താൻ ക്രിസ്തു എത്ര രാജ്യാവകാശികളെയാണു സ്വർഗത്തിലേക്ക് എടുക്കുന്നത്? ബൈബിൾ പറയുന്നതനുസരിച്ച്, 1,44,000 പേരെ മാത്രം. (യോഹന്നാൻ 14:2, 3; 2 തിമൊഥെയൊസ് 2:12; വെളിപ്പാടു 5:10; 14:1-3; 20:4) എന്നാൽ ആ രാജ്യഭരണത്തിന്റെ ഭൗമിക പ്രജകളാകാൻപോകുന്ന “വേറെ ആടുകൾ” തനിക്കുണ്ടെന്ന് യേശു പറഞ്ഞു. ഇവർ പറുദീസാഭൂമിയിൽ പൂർണതയുള്ള ആരോഗ്യവും സമാധാനവും എന്നെന്നേക്കും ആസ്വദിക്കും. (യോഹന്നാൻ 10:16; സങ്കീർത്തനം 37:29; വെളിപ്പാടു 21:3, 4) രാജ്യത്തെക്കുറിച്ചുള്ള യഹോവയുടെ പഠിപ്പിക്കൽ നാം മനസ്സിലാക്കുകയും അതു വിശദീകരിച്ചുകൊടുക്കാൻ പ്രാപ്തരായിരിക്കുകയും ചെയ്യേണ്ടതുണ്ട്.
16. യഹോവയുടെ ഏതു ജീവത്പ്രധാന പഠിപ്പിക്കൽ നാം പഠിക്കുകയും ബാധകമാക്കുകയും ചെയ്യേണ്ടതുണ്ട്?
16 യഹോവയുടെ ജീവത്പ്രധാനമായ മറ്റൊരു പഠിപ്പിക്കൽ അപ്പോസ്തലനായ പൗലോസ് തിരിച്ചറിയിച്ചു. അവൻ പറഞ്ഞു: “പരസ്പരം സ്നേഹിക്കാൻ നിങ്ങൾതന്നെ ദൈവത്താൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.” (1 തെസലോനിക്യർ 4:9, NW) യഹോവയെ പ്രീതിപ്പെടുത്താൻ നാം അത്തരം സ്നേഹം പ്രകടമാക്കേണ്ടയാവശ്യമുണ്ട്. “ദൈവം സ്നേഹമാകുന്നു”വെന്നും സ്നേഹം പ്രകടമാക്കുന്നതിൽ അവൻ കാട്ടിയ മാതൃക നാം അനുകരിക്കണമെന്നും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8; എഫെസ്യർ 5:1, 2) സങ്കടകരമെന്നു പറയട്ടെ, ദൈവം നമ്മെ ചെയ്യാൻ പഠിപ്പിക്കുന്നതുപോലെ, സഹമനുഷ്യരെ സ്നേഹിക്കാൻ പഠിക്കുന്നതിൽ മിക്കയാളുകളും ദയനീയമാംവിധം പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ കാര്യമോ? യഹോവയുടെ ഈ പഠിപ്പിക്കലിനോടു നമ്മൾ പ്രതികരിച്ചിട്ടുണ്ടോ?
17. നാം ആരുടെ മനോഭാവമാണ് അനുകരിക്കേണ്ടത്?
17 യഹോവയുടെ എല്ലാ പഠിപ്പിക്കലിനോടും നാം സ്വീകാര്യക്ഷമതയുള്ളവർ ആയിരിക്കണമെന്നതു ജീവത്പ്രധാനമാണ്. “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ.” “നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. . . . നിന്റെ വിധികളെ എനിക്കു ഉപദേശിച്ചുതരേണമേ” എന്ന് എഴുതിയ ബൈബിൾസങ്കീർത്തനക്കാരുടേതായിരിക്കട്ടെ നമ്മുടെ മനോഭാവം. (സങ്കീർത്തനം 25:4, 5; 119:12, 66, 108) ആ സങ്കീർത്തനക്കാരുടേതുപോലെയാണു നിങ്ങളുടെ മനോഭാവമെങ്കിൽ, യഹോവയാൽ പഠിപ്പിക്കപ്പെടുന്ന ഒരു വൻപുരുഷാരത്തിനിടയിൽ നിങ്ങൾ ഉണ്ടാവും.
പഠിപ്പിക്കപ്പെട്ടവരുടെ മഹാപുരുഷാരം
18. നമ്മുടെ നാളിൽ എന്തു സംഭവിക്കുമെന്നാണു പ്രവാചകനായ യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞത്?
18 നമ്മുടെ നാളിൽ എന്തു സംഭവിക്കുമെന്നു പ്രവാചകനായ യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; . . . അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.” (യെശയ്യാവു 2:2, 3, ചെരിച്ചെഴുത്തു ഞങ്ങളുടേത്; മീഖാ 4:2) യഹോവയാൽ പഠിപ്പിക്കപ്പെടുന്ന ഈ വ്യക്തികൾ ആരാണ്?
19. യഹോവയാൽ പഠിപ്പിക്കപ്പെടുന്നവരിൽ ഇന്ന് ആർ ഉൾപ്പെടുന്നുണ്ട്?
19 സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുന്നവരെ കൂടാതെ മറ്റുള്ളവരും അതിലുൾപ്പെടുന്നുണ്ട്. നേരത്തെ കണ്ടതുപോലെ, “ചെറിയ ആട്ടിൻകൂട്ട”മെന്ന രാജ്യാവകാശികളെക്കൂടാതെ രാജ്യത്തിന്റെ ഭൗമിക പ്രജകളായ “വേറെ ആടുകൾ” തനിക്കുണ്ടെന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) “മഹോപദ്രവ”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാരം” വേറെ ആടുകളുടെ വർഗത്തിൽപ്പെട്ടവരാണ്. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനത്തിൽ യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നില ആസ്വദിക്കുന്നവരാണ് അവർ. (വെളിപാട് 7:9, 14, NW) യെശയ്യാവു 54:13-ൽ പറഞ്ഞിരിക്കുന്ന “പുത്രന്മാ”രിൽ വേറെ ആടുകൾ നേരിട്ട് ഉൾപ്പെടുന്നില്ലെങ്കിലും, അവരും യഹോവയാൽ പഠിപ്പിക്കപ്പെടുന്നു. അതുകൊണ്ട്, അവർ ദൈവത്തെ ഉചിതമായും “പിതാവേ” എന്ന് അഭിസംബോധന ചെയ്യുന്നു, കാരണം, ഫലത്തിൽ “നിത്യപിതാവു” ആയ യേശുക്രിസ്തുവിലൂടെ അവൻ അവരുടെ വലിയപിതാവായിരിക്കും.—മത്തായി 6:9; യെശയ്യാവു 9:6.
യഹോവ പഠിപ്പിക്കുന്ന വിധം
20. ഏതെല്ലാം വിധങ്ങളിലാണു യഹോവ പഠിപ്പിക്കുന്നത്?
20 യഹോവ അനേക വിധങ്ങളിൽ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, അവൻ തന്റെ അസ്തിത്വത്തെയും മഹാജ്ഞാനത്തെയും സാക്ഷ്യപ്പെടുത്തുന്ന സൃഷ്ടിവേലകളിലൂടെ നമ്മെ പഠിപ്പിക്കുന്നു. (ഇയ്യോബ് 12:7-9; സങ്കീർത്തനം 19:1, 2; റോമർ 1:20) കൂടാതെ, മനുഷ്യനായിത്തീരുന്നതിനുമുമ്പ് യേശുവിനെ പ്രബോധിപ്പിക്കാൻ ചെയ്തതുപോലെ, അവൻ നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും പഠിപ്പിക്കുന്നു. അതുപോലെ, ഭൂമിയിലുള്ള ജനങ്ങളോട് അവൻ സ്വർഗത്തിൽനിന്നു നേരിട്ടു സംസാരിച്ചതായ മൂന്നു സന്ദർഭങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.—മത്തായി 3:17; 17:5; യോഹന്നാൻ 12:28.
21. യഹോവ തന്റെ പ്രതിനിധിയായി വിശേഷിച്ചും ഏതു ദൂതനെ ഉപയോഗിച്ചു, മറ്റുള്ളവരെയും ഉപയോഗിച്ചുവെന്നു നാം എങ്ങനെ അറിയുന്നു?
21 പഠിപ്പിക്കുന്നതിനുവേണ്ടി യഹോവ “വചനം” എന്ന തന്റെ ആദ്യജാതൻ ഉൾപ്പെടെയുള്ള ദൂതപ്രതിനിധികളെയും ഉപയോഗിക്കുന്നു. (യോഹന്നാൻ 1:1-3) ഏദെൻതോട്ടത്തിൽ, പൂർണതയുള്ള തന്റെ മനുഷ്യപുത്രനായ ആദാമിനോടു യഹോവക്കു നേരിട്ടു സംസാരിക്കാൻ സാധിക്കുമായിരുന്നെങ്കിലും, തനിക്കുവേണ്ടി സംസാരിക്കാൻ മനുഷ്യനായിത്തീരുന്നതിനുമുമ്പുള്ള യേശുവിനെയായിരിക്കാം അവൻ ഉപയോഗിച്ചത്. (ഉല്പത്തി 2:16, 17) ഇതു ഒരുപക്ഷേ “യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂത”നും ‘അവന്റെ വാക്കു കേൾക്കുക’ എന്നു യഹോവ കൽപ്പിച്ചവനും ആയിരിക്കാം. (പുറപ്പാടു 14:19; 23:20, 21) യോശുവയെ ശക്തിപ്പെടുത്താൻവേണ്ടി അവനു പ്രത്യക്ഷപ്പെട്ട “യഹോവയുടെ സൈന്യത്തിന്റെ അധിപതി”യും മനുഷ്യനായിത്തീരുന്നതിനുമുമ്പത്തെ യേശുവായിരുന്നെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. (യോശുവ 5:14, 15) തന്റെ പഠിപ്പിക്കലുകൾ പ്രദാനം ചെയ്യുന്നതിനു മോശയ്ക്കു തന്റെ ന്യായപ്രമാണം കൊടുക്കാൻ ഉപയോഗിച്ചവരെപ്പോലെ മറ്റു ദൂതന്മാരെയും യഹോവ ഉപയോഗിക്കുന്നു.—പുറപ്പാടു 20:1; ഗലാത്യർ 3:19; എബ്രായർ 2:2, 3.
22. (എ) ഭൂമിയിൽ പഠിപ്പിക്കുന്നതിനുവേണ്ടി യഹോവ ആരെ ഉപയോഗിച്ചിരിക്കുന്നു? (ബി) യഹോവ ഇന്നു മനുഷ്യരെ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക ഉപാധി എന്താണ്?
22 കൂടാതെ, യഹോവയാം ദൈവം പഠിപ്പിക്കുന്നതിനുവേണ്ടി മനുഷ്യപ്രതിനിധികളെയും ഉപയോഗിക്കുന്നു. ഇസ്രായേലിലെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണമായിരുന്നു; പ്രവാചകൻമാർ, പുരോഹിതന്മാർ, പ്രഭുക്കന്മാർ, ലേവ്യർ എന്നിവർ യഹോവയുടെ ന്യായപ്രമാണം ആ ജനതയെ പഠിപ്പിച്ചു. (ആവർത്തനപുസ്തകം 11:18-21; 1 ശമൂവേൽ 12:20-25; 2 ദിനവൃത്താന്തം 17:7-9) ഭൂമിയിൽ യേശു ദൈവത്തിന്റെ മുഖ്യ വക്താവായിരുന്നു. (എബ്രായർ 1:1, 2) പിതാവിൽനിന്നു പഠിച്ച കാര്യങ്ങൾ താൻ അതേപടി പഠിപ്പിക്കുന്നുവെന്നേയുള്ളൂവെന്ന് യേശു പലപ്പോഴും പറഞ്ഞു, അതിനാൽ ഫലത്തിൽ അവന്റെ ശ്രോതാക്കൾ പഠിപ്പിക്കപ്പെട്ടതു യഹോവയാലായിരുന്നു. (യോഹന്നാൻ 7:16; 8:28; 12:49; 14:9, 10) യഹോവ തന്റെ പ്രസ്താവങ്ങൾ രേഖപ്പെടുത്തിച്ചു, നമ്മുടെ നാളിൽ അവൻ മനുഷ്യരെ പഠിപ്പിക്കുന്നതു മുഖ്യമായും ഈ നിശ്വസ്ത എഴുത്തുകളിലൂടെയാണ്.—റോമർ 15:4; 2 തിമൊഥെയൊസ് 3:16.
23. അടുത്ത ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
23 പ്രധാനപ്പെട്ട കാലത്താണു നാം ജീവിക്കുന്നത്, കാരണം [നാം ജീവിക്കുന്ന ഈ] ‘അന്ത്യകാലത്ത അനേകം ആളുകൾ യഹോവയുടെ വഴികളെക്കുറിച്ചു പഠിപ്പിക്കപ്പെടു’മെന്നു തിരുവെഴുത്തുകൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 2:2, 3) എങ്ങനെയാണ് ഈ പ്രബോധനം നൽകപ്പെടുന്നത്? യഹോവയുടെ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്ന മഹത്തായ പഠിപ്പിക്കൽപരിപാടിയിൽ പങ്കുപറ്റി അതിൽനിന്നു പ്രയോജനം നേടാൻ നാം എന്തു ചെയ്യണം? അത്തരം ചോദ്യങ്ങൾ നാം അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവ എങ്ങനെയാണു പിതാവും അധ്യാപകനും ഭർത്താവും ആയിത്തീർന്നത്?
◻ “സന്തതി”യെക്കുറിച്ചു യഹോവ എന്തു പഠിപ്പിക്കുന്നു?
◻ നാം ബാധകമാക്കേണ്ട ജീവത്പ്രധാന പഠിപ്പിക്കൽ എന്ത്?
◻ യഹോവ പഠിപ്പിക്കുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
യായിറോസിന്റെ മകളെ ഉയിർപ്പിച്ചത് യേശുവിന്റെ പുനരുത്ഥാനവാഗ്ദാനത്തിൽ വിശ്വസിക്കാനുള്ള അടിത്തറ പ്രദാനം ചെയ്തു