അധ്യായം 9
പ്രസംഗപ്രവർത്തനത്തിന്റെ ഫലങ്ങൾ—‘വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു’
1, 2. (എ) ശിഷ്യന്മാർ കുഴങ്ങിയിരിക്കുന്നത് എന്തുകൊണ്ട്? (ബി) യേശു ഏതുതരം കൊയ്ത്തിനെക്കുറിച്ചാണു സംസാരിച്ചത്?
ശിഷ്യന്മാർ കുഴങ്ങിയിരിക്കുകയാണ്. യേശു അവരോട് ഇങ്ങനെ പറഞ്ഞതാണു കാരണം: “തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു (“വെളുത്തിരിക്കുന്നു,” സത്യവേദപുസ്തകം).” യേശു ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് അവർ നോക്കുന്നു. അവർ കാണുന്നതു വെളുത്ത വയലുകളല്ല, പുതുനാമ്പുകൾ കിളിർത്ത് ആകെ പച്ചപുതച്ച ബാർളി വയലുകളാണ്. ‘കൊയ്ത്തോ? കൊയ്ത്തിന് ഇനിയും മാസങ്ങൾ കഴിയണമല്ലോ?’ അവർ ഇങ്ങനെ ചിന്തിച്ചുകാണും.—യോഹ. 4:35.
2 യേശു ഏതെങ്കിലും വയൽ കൊയ്യുന്നതിനെക്കുറിച്ച് പറയുകയായിരുന്നില്ല. മറിച്ച് ‘ആളുകളെ കൊയ്തെടുക്കുന്ന’ ഒരു ആത്മീയ കൊയ്ത്തിനെപ്പറ്റി രണ്ടു സുപ്രധാനപാഠങ്ങൾ ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ആ അവസരം ഉപയോഗിക്കുകയായിരുന്നു. ഏതൊക്കെയാണ് ആ പാഠങ്ങൾ? അതു മനസ്സിലാക്കുന്നതിനു നമുക്ക് ആ വിവരണം ഒന്ന് അടുത്ത് പരിശോധിക്കാം.
പ്രവർത്തനത്തിനുള്ള ആഹ്വാനവും സന്തോഷം കിട്ടുമെന്നുള്ള വാഗ്ദാനവും
3. (എ) വയലുകൾ ‘കൊയ്ത്തിനു വെളുത്തിരിക്കുന്നു’ എന്നു പറയാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം? (അടിക്കുറിപ്പു കാണുക.) (ബി) യേശു തന്റെ വാക്കുകൾ വിശദീകരിച്ചത് എങ്ങനെ?
3 യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണം നടന്നതു ശമര്യയിലെ ഒരു പട്ടണമായ സുഖാറിന് അടുത്തുവെച്ച് എ.ഡി. 30-ന്റെ അവസാനത്തിലായിരുന്നു. ശിഷ്യന്മാർ പട്ടണത്തിലേക്കു പോയപ്പോൾ യേശു അവിടെയുള്ള കിണറിന് അടുത്ത് ഇരുന്ന്, വെള്ളം കോരാൻ വന്ന ഒരു സ്ത്രീയോട് ആത്മീയസത്യങ്ങൾ പങ്കുവെച്ചു. ആ സ്ത്രീ യേശുവിന്റെ പഠിപ്പിക്കലുകളുടെ പ്രാധാന്യം പെട്ടെന്നുതന്നെ മനസ്സിലാക്കി. ശിഷ്യന്മാർ മടങ്ങിയെത്തിയപ്പോൾ, സ്ത്രീ യേശുവിൽനിന്ന് പഠിച്ച അതിശയകരമായ കാര്യങ്ങൾ അയൽക്കാരോടു പറയുന്നതിനു സുഖാർ പട്ടണത്തിലേക്കു തിരക്കിട്ടു പോയി. ആ സ്ത്രീ പറഞ്ഞതു കേട്ട അയൽക്കാർക്കു വളരെ താത്പര്യം തോന്നി. പലരും യേശുവിനെ കാണാൻ പെട്ടെന്നുതന്നെ ആ കിണറ്റിൻകരയിലേക്കു ചെന്നു. അങ്ങു ദൂരെ, വയലുകൾക്ക് അപ്പുറത്തുനിന്ന് തന്റെ അടുത്തേക്കു വരുന്ന ശമര്യക്കാരുടെ ആ കൂട്ടത്തെ കണ്ട നിമിഷമായിരിക്കാം യേശു ഇങ്ങനെ പറഞ്ഞത്: “വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു (“വെളുത്തിരിക്കുന്നു,” സത്യവേദപുസ്തകം).”a താൻ പറഞ്ഞത് അക്ഷരീയമായ ഒരു കൊയ്ത്തിനെക്കുറിച്ചല്ലെന്നും ആത്മീയമായ ഒരു കൊയ്ത്തിനെക്കുറിച്ചാണെന്നും വ്യക്തമാക്കിക്കൊണ്ട് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “കൊയ്ത്തുകാരൻ . . . നിത്യജീവനുവേണ്ടിയുള്ള വിളവ് ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു.”—യോഹ. 4:5-30, 36.
4. (എ) കൊയ്ത്തിനെക്കുറിച്ച് യേശു പഠിപ്പിച്ച രണ്ടു പാഠങ്ങൾ ഏതെല്ലാം? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിഗണിക്കും?
4 ആത്മീയകൊയ്ത്തിനെക്കുറിച്ചുള്ള ഏതു രണ്ടു പ്രധാനപാഠങ്ങളാണു യേശു പഠിപ്പിച്ചത്? ഒന്ന്, ജോലി പെട്ടെന്നു ചെയ്തുതീർക്കേണ്ടതുണ്ട്. ‘വയലുകൾ കൊയ്ത്തിനു പാകമായിരിക്കുന്നു’ എന്ന യേശുവിന്റെ വാക്കുകൾ ശിഷ്യന്മാർക്കു പ്രവർത്തനത്തിനുള്ള ഒരു ആഹ്വാനമായിരുന്നു. ഈ പ്രവർത്തനത്തിന്റെ അടിയന്തിരപ്രാധാന്യം അവർക്കു മനസ്സിലാക്കിക്കൊടുക്കാനായി, “കൊയ്ത്തുകാരൻ കൂലി വാങ്ങി” എന്നു യേശു കൂട്ടിച്ചേർത്തു. അതെ, കൊയ്ത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. മടിച്ചുനിൽക്കാൻ ഒട്ടും സമയമില്ല! രണ്ട്, ജോലിക്കാരെല്ലാം സന്തോഷമുള്ളവരാണ്. വിതയ്ക്കുന്നവനും കൊയ്യുന്നവനും “ഒരുമിച്ച് സന്തോഷിക്കുന്നു” എന്നു യേശു പറഞ്ഞു. (യോഹ. 4: 36) ‘ധാരാളം ശമര്യക്കാർ യേശുവിൽ വിശ്വസിച്ചതു’ കണ്ട് യേശുതന്നെ സന്തോഷിച്ചതുപോലെ, പൂർണഹൃദയത്തോടെ കൊയ്ത്തിൽ പങ്കെടുക്കുമ്പോൾ യേശുവിന്റെ ശിഷ്യന്മാർക്കും സന്തോഷിക്കാൻ കഴിയും. (യോഹ. 4:39-42) ഒന്നാം നൂറ്റാണ്ടിലെ ഈ വിവരണം നമ്മുടെ പ്രത്യേകശ്രദ്ധ അർഹിക്കുന്നുണ്ട്. കാരണം ഈ വിവരണം, ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയകൊയ്ത്ത് നടക്കുന്ന ഇക്കാലത്തെ സംഭവങ്ങളെ നന്നായി ചിത്രീകരിക്കുന്നു. ആധുനികകാലത്തെ ഈ കൊയ്ത്ത് എന്നാണ് ആരംഭിച്ചത്? ആരൊക്കെയാണ് ഈ കൊയ്ത്തിൽ പങ്കെടുക്കുന്നത്? ഇതിന്റെ ഫലങ്ങളോ?
നമ്മുടെ രാജാവ് എക്കാലത്തെയും ഏറ്റവും വലിയ കൊയ്ത്തിനു നേതൃത്വമെടുക്കുന്നു
5. ഗോളവ്യാപകമായുള്ള കൊയ്ത്തിന് ആരാണു നേതൃത്വമെടുക്കുന്നത്, ഈ പ്രവർത്തനം പെട്ടെന്നു ചെയ്തുതീർക്കേണ്ടതാണെന്നു യോഹന്നാന്റെ ദർശനം സൂചിപ്പിക്കുന്നത് എങ്ങനെ?
5 യോഹന്നാൻ അപ്പോസ്തലനു കൊടുത്ത ഒരു ദർശനത്തിൽ, ഗോളവ്യാപകമായി ആളുകളെ കൊയ്തെടുക്കുന്ന പ്രവർത്തനത്തിൽ നേതൃത്വമെടുക്കുന്നതിനു താൻ യേശുവിനെ നിയമിച്ചിരിക്കുന്നതായി യഹോവ വെളിപ്പെടുത്തുന്നു. (വെളിപാട് 14:14-16 വായിക്കുക.) യേശുവിന് ഒരു കിരീടവും അരിവാളും ഉള്ളതായി ഈ ദർശനത്തിൽ പറഞ്ഞിരിക്കുന്നു. ‘തലയിലെ സ്വർണകിരീടം,’ യേശു ഭരണം നടത്തുന്ന രാജാവ് ആണെന്ന വസ്തുത ഉറപ്പിക്കുന്നു. ‘കൈയിലെ മൂർച്ചയേറിയ അരിവാൾ’ യേശുവിനുള്ള കൊയ്ത്തുകാരൻ എന്ന സ്ഥാനവും വ്യക്തമാക്കുന്നു. “ഭൂമിയിലെ വിളവ് നന്നായി വിളഞ്ഞിരിക്കുന്നു” എന്ന് ഒരു ദൂതനിലൂടെ പ്രസ്താവിച്ചുകൊണ്ട് കൊയ്ത്ത് പെട്ടെന്നു ചെയ്തുതീർക്കേണ്ട ഒരു ജോലിയാണെന്ന് യഹോവ ഊന്നിപ്പറയുകയാണ്. ശരിക്കും, “കൊയ്ത്തിനു സമയമായി.” പാഴാക്കാൻ സമയമില്ല! “അരിവാൾ വീശി കൊയ്യുക” എന്നു ദൈവം കല്പിക്കുമ്പോൾ യേശു അരിവാൾ വീശുന്നു. അപ്പോൾ ഭൂമിയിലെ വിളവ്, അതായത് ഭൂമിയിലെ ആളുകളെ, കൊയ്തെടുക്കുന്നു. ആവേശകരമായ ഈ ദർശനം വയലുകൾ ‘കൊയ്ത്തിനു പാകമായിരിക്കുന്നു’ എന്നു നമ്മളെ വീണ്ടും ഓർമിപ്പിക്കുന്നു. എന്നാൽ എപ്പോഴാണു ലോകവ്യാപകമായ കൊയ്ത്ത് ആരംഭിച്ചതെന്നു തീരുമാനിക്കാൻ ഈ ദർശനം നമ്മളെ സഹായിക്കുന്നുണ്ടോ? തീർച്ചയായും!
6. (എ) ‘കൊയ്ത്തുകാലം’ തുടങ്ങിയത് എപ്പോൾ? (ബി) യഥാർഥത്തിൽ, “ഭൂമിയിലെ വിളവ്” കൊയ്തെടുക്കാൻ തുടങ്ങിയത് എപ്പോഴാണ്? വിശദീകരിക്കുക.
6 വെളിപാട് 14-ാം അധ്യായത്തിലെ യോഹന്നാന്റെ ദർശനം കൊയ്ത്തുകാരനായ യേശുവിനെ കിരീടം ധരിച്ചിരിക്കുന്നതായി (14-ാം വാക്യം) വർണിക്കുന്നു. അതു സൂചിപ്പിക്കുന്നത് 1914-ൽ യേശു രാജാവായി വാഴിക്കപ്പെട്ട സംഭവം അപ്പോഴേക്കും നടന്നുകഴിഞ്ഞിരുന്നു എന്നാണ്. (ദാനി. 7:13, 14) അതിനു ശേഷം അൽപ്പകാലം കഴിഞ്ഞാണു കൊയ്ത്ത് ആരംഭിക്കാൻ യേശുവിനു കല്പന കിട്ടിയത് (15-ാം വാക്യം). ഗോതമ്പുകൊയ്ത്തിനെപ്പറ്റിയുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിലും സംഭവങ്ങൾ ഇതേ ക്രമത്തിലാണു കാണുന്നത്. അവിടെ യേശു ഇങ്ങനെ പറയുന്നു: “കൊയ്ത്ത്, വ്യവസ്ഥിതിയുടെ അവസാനകാലം.” അങ്ങനെ, കൊയ്ത്തുകാലവും ഈ വ്യവസ്ഥിതിയുടെ അവസാനകാലവും ഒരേ സമയത്തുതന്നെ അതായത്, 1914-ൽ ആരംഭിച്ചു. പിന്നെ, ‘ആ സമയത്ത്’ അതായത് കൊയ്ത്തുകാലം തുടങ്ങിയതിനു ശേഷമുള്ള ഒരു സമയത്ത് യഥാർഥകൊയ്ത്തു തുടങ്ങി. (മത്താ. 13:30, 39) ഇപ്പോൾ പിന്തിരിഞ്ഞുനോക്കുമ്പോൾ, യേശു രാജാവായി ഭരണം ആരംഭിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് ആ കൊയ്ത്തു തുടങ്ങിയതെന്നു നമുക്കു കാണാനാകുന്നു. ആദ്യമായി, 1914 മുതൽ 1919-ന്റെ ആദ്യഭാഗം വരെയുള്ള വർഷങ്ങളിൽ യേശു തന്റെ അഭിഷിക്താനുഗാമികൾക്കിടയിൽ ഒരു ശുദ്ധീകരണപ്രവർത്തനം നടത്തി. (മലാ. 3:1-3; 1 പത്രോ. 4: 17) തുടർന്ന്, 1919-ൽ “ഭൂമിയിലെ വിളവ് കൊയ്തു”തുടങ്ങി. ഒട്ടും വൈകാതെതന്നെ യേശു, പുതുതായി നിയമിച്ച വിശ്വസ്തനായ അടിമയെ ഉപയോഗിച്ച് പ്രസംഗപ്രവർത്തനത്തിന്റെ അടിയന്തിരപ്രാധാന്യം മനസ്സിലാക്കാൻ നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ തുടങ്ങി. പിന്നീട് എന്തൊക്കെ സംഭവിച്ചു? നമുക്കു നോക്കാം.
7. (എ) ഏതു കാര്യം പരിശോധിച്ചതാണു പ്രസംഗപ്രവർത്തനത്തിന്റെ അടിയന്തിരപ്രാധാന്യം മനസ്സിലാക്കാൻ നമ്മുടെ സഹോദരങ്ങളെ സഹായിച്ചത്? (ബി) നമ്മുടെ സഹോദരങ്ങൾക്ക് എന്തിനുള്ള പ്രോത്സാഹനം ലഭിച്ചു?
7 1920 ജൂലൈയിൽ വീക്ഷാഗോപുരം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവരാജ്യസന്ദേശം അറിയിക്കുക എന്നതു സഭയ്ക്കു ലഭിച്ച മഹത്തായ ഒരു പദവിയാണെന്നു തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ വ്യക്തമാണ്.” ഉദാഹരണത്തിന്, ദൈവരാജ്യസന്ദേശം ലോകവ്യാപകമായി അറിയിക്കണമെന്നു തിരിച്ചറിയാൻ യശയ്യ പ്രവാചകന്റെ വാക്കുകൾ സഹോദരങ്ങളെ സഹായിച്ചു. (യശ. 49:6; 52:7; 61:1-3) ഇത്തരമൊരു ഗംഭീരമായ പ്രവർത്തനം എങ്ങനെ നടത്തുമെന്ന് അവർക്ക് അറിയില്ലായിരുന്നു. പക്ഷേ യഹോവ അതിനുള്ള വഴി തുറക്കുമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. (യശയ്യ 59:1 വായിക്കുക.) ഇങ്ങനെ, പ്രസംഗപ്രവർത്തനത്തിന്റെ അടിയന്തിരതയെക്കുറിച്ച് കൂടുതൽ വ്യക്തമായ കാഴ്ചപ്പാടു കിട്ടിയതുകൊണ്ട് പ്രവർത്തനങ്ങളുടെ ആക്കം കൂട്ടാൻ നമ്മുടെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. അവർ എങ്ങനെയാണ് അതിനോടു പ്രതികരിച്ചത്?
8. 1921-ൽ, പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള ഏതു രണ്ടു വസ്തുതകളാണു നമ്മുടെ സഹോദരങ്ങൾ മനസ്സിലാക്കിയത്?
8 1921 ഡിസംബറിൽ വീക്ഷാഗോപുരം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇത് ഇന്നുവരെയുള്ള ഏറ്റവും നല്ല വർഷമാണെന്നു പറയാം. മുമ്പുള്ള ഏതൊരു വർഷത്തെയും അപേക്ഷിച്ച് ഈ 1921-ൽ എത്രയധികം ആളുകളാണു സത്യത്തിന്റെ സന്ദേശം കേട്ടിരിക്കുന്നത്! ഇനിയും ഏറെ ചെയ്യാനുണ്ട്. . . . സന്തോഷം നിറഞ്ഞ ഒരു ഹൃദയത്തോടെ നമുക്ക് അതു ചെയ്യാം.” പ്രസംഗപ്രവർത്തനത്തെക്കുറിച്ച് യേശു അപ്പോസ്തലന്മാരുടെ മനസ്സിൽ പതിപ്പിച്ച പ്രധാനപ്പെട്ട രണ്ടു വസ്തുതകളും നമ്മുടെ സഹോദരങ്ങൾ മനസ്സിലാക്കിയതു കണ്ടോ? അതെ, പ്രസംഗപ്രവർത്തനം പെട്ടെന്നു ചെയ്യേണ്ടതാണ്, ജോലിക്കാരെല്ലാം സന്തോഷം നിറഞ്ഞവരുമാണ്.
9. (എ) 1954-ൽ കൊയ്ത്തിനെക്കുറിച്ച് വീക്ഷാഗോപുരം എന്താണു പറഞ്ഞത്, എന്തുകൊണ്ട്? (ബി) കഴിഞ്ഞ 50 വർഷത്തിനിടെ ലോകവ്യാപകമായി പ്രചാരകരുടെ എണ്ണത്തിൽ എന്തു വർധനയാണ് ഉണ്ടായിട്ടുള്ളത്? (“ലോകവ്യാപകമായ വർധന” എന്ന ചതുരം കാണുക.)
9 വേറെ ആടുകളുടെ ഒരു മഹാപുരുഷാരം ദൈവരാജ്യസന്ദേശത്തോടു പ്രതികരിക്കുമെന്ന് 1930-കളിൽ മനസ്സിലാക്കിയതോടെ പ്രസംഗപ്രവർത്തനം കുറെക്കൂടി ഊർജിതമായി. (യശ. 55:5; യോഹ. 10:16; വെളി. 7:9) അതിന്റെ ഫലമോ? ദൈവരാജ്യസന്ദേശം പ്രസംഗിക്കുന്നവരുടെ എണ്ണം 1934-ലെ 41,000-ത്തിൽനിന്ന് 1953-ൽ 5,00,000-ത്തിലേക്കു കുതിച്ചുയർന്നു! 1954 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ആത്മാവിനാലും യഹോവയുടെ വചനത്തിന്റെ ശക്തികൊണ്ടും ആണ് ലോകവ്യാപകമായി മഹത്തായ ഈ കൊയ്ത്തു നടന്നത്.” ആ നിഗമനം എത്ര ശരിയായിരുന്നു!b—സെഖ. 4:6.
രാജ്യം |
1962 |
1987 |
2013 |
---|---|---|---|
ഓസ്ട്രേലിയ |
15,927 |
46,170 |
66,023 |
ബ്രസീൽ |
26,390 |
2,16,216 |
7,56,455 |
ഫ്രാൻസ് |
18,452 |
96,954 |
1,24,029 |
ഇറ്റലി |
6,929 |
1,49,870 |
2,47,251 |
ജപ്പാൻ |
2,491 |
1,20,722 |
2,17,154 |
മെക്സിക്കോ |
27,054 |
2,22,168 |
7,72,628 |
നൈജീരിയ |
33,956 |
1,33,899 |
3,44,342 |
ഫിലിപ്പീൻസ് |
36,829 |
1,01,735 |
1,81,236 |
യു.എസ്.എ. |
2,89,135 |
7,80,676 |
12,03,642 |
സാംബിയ |
30,129 |
67,144 |
1,62,370 |
1950 |
2,34,952 |
1960 |
6,46,108 |
1970 |
11,46,378 |
1980 |
13,71,584 |
1990 |
36,24,091 |
2000 |
47,66,631 |
2010 |
80,58,359 |
കൊയ്ത്തിന്റെ ഫലം—വാങ്മയചിത്രങ്ങളിലൂടെ മുൻകൂട്ടിപ്പറയുന്നു.
10, 11 കടുകുമണിയുടെ ദൃഷ്ടാന്തകഥയിൽ വിത്തിന്റെ വളർച്ചയുടെ ഏതെല്ലാം ഘടകങ്ങളാണു ശ്രദ്ധേയമായിട്ടുള്ളത്?
10 ദൈവരാജ്യത്തെക്കുറിച്ചുള്ള തന്റെ ദൃഷ്ടാന്തകഥകളിൽ യേശു, കൊയ്ത്തിന്റെ ഫലങ്ങൾ വിശദമായിത്തന്നെ മുൻകൂട്ടിപ്പറയുന്നുണ്ട്. നമുക്കു കടുകുമണിയുടെയും പുളിപ്പിക്കുന്ന മാവിന്റെയും ദൃഷ്ടാന്തകഥകൾ പരിശോധിക്കാം. അവസാനകാലത്ത് അവ എങ്ങനെയാണു നിറവേറിയതെന്ന കാര്യത്തിനു നമ്മൾ പ്രത്യേകശ്രദ്ധ കൊടുക്കുന്നതായിരിക്കും.
11 കടുകുമണിയുടെ ദൃഷ്ടാന്തകഥ. ഒരു മനുഷ്യൻ വയലിൽ കടുകുമണി വിതയ്ക്കുന്നു. അതു വളർന്ന് മരമായിത്തീരുകയും പക്ഷികൾ അതിൽ വന്ന് ഇരിക്കുകയും ചെയ്യുന്നു. (മത്തായി 13:31, 32 വായിക്കുക.) വിത്തിന്റെ വളർച്ചയുടെ ഏതെല്ലാം ഘടകങ്ങളാണ് ഈ കഥയിൽ എടുത്തുകാണിക്കുന്നത്? (1) വളർച്ചയുടെ വ്യാപ്തി അതിശയകരമാണ്. ‘അത് എല്ലാ വിത്തുകളിലുംവെച്ച് ഏറ്റവും ചെറുതാണ്’ എങ്കിലും അതു വളർന്ന് “വലിയ ശിഖരങ്ങൾ” ഉള്ള മരമായിത്തീരുന്നു. (മർക്കോ. 4:31, 32) (2) വളർച്ച സുനിശ്ചിതമാണ്. “അതു മുളച്ചുപൊങ്ങി . . . വലുതാകുന്നു.” “അതു വലുതായേക്കാം” എന്നല്ല, അതു “വലുതാകുന്നു” എന്നാണു യേശു പറഞ്ഞത്. അതായത് വിത്തിന്റെ വളർച്ച തടയാൻ കഴിയില്ല. (3) വളർന്നുകൊണ്ടിരിക്കുന്ന മരം സന്ദർശകരെ ആകർഷിക്കുകയും താമസസൗകര്യം ഒരുക്കുകയും ചെയ്യുന്നു. അതെ, “ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ ചേക്കേറുന്നു.” ആധുനികകാലത്തെ ആത്മീയകൊയ്ത്തിന് ഈ കഥയിലെ മൂന്നു ഘടകങ്ങളും ബാധകമാകുന്നത് എങ്ങനെയാണ്?
12. കടുകുമണിയുടെ ദൃഷ്ടാന്തകഥ ഇക്കാലത്തെ കൊയ്ത്തിനു ബാധകമാകുന്നത് എങ്ങനെ? (“ബൈബിൾപഠനങ്ങളുടെ എണ്ണം കൂടിക്കൂടിവരുന്നു” എന്ന ചതുരം കാണുക.)
12 (1) വളർച്ചയുടെ വ്യാപ്തി: ഈ ദൃഷ്ടാന്തകഥ, ദൈവരാജ്യസന്ദേശത്തിന്റെയും ക്രിസ്തീയസഭയുടെയും വളർച്ചയെ എടുത്തുകാട്ടുന്നു. 1919 മുതൽ തീക്ഷ്ണതയുള്ള കൊയ്ത്തുകാരെ പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്തീയസഭയിലേക്കു ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്കാലത്ത് കൊയ്ത്തുകാരുടെ എണ്ണം തീരെ കുറവായിരുന്നു. പക്ഷേ അവരുടെ എണ്ണം അതിവേഗം വർധിച്ചു. വാസ്തവത്തിൽ, ആ നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഇന്നോളമുള്ള അവരുടെ വളർച്ച അത്ഭുതകരമാണ്. (യശ. 60:22) (2) വളർച്ച സുനിശ്ചിതം: ക്രിസ്തീയസഭയുടെ വളർച്ച ആർക്കും തടയാൻ പറ്റുന്നതല്ല. ദൈവത്തിന്റെ ശത്രുക്കൾ പാറപോലുള്ള എത്ര വലിയ പ്രതിബന്ധങ്ങൾ കൊണ്ടുവന്നാലും, ഈ ചെറിയ വിത്ത് അത്തരം തടസ്സങ്ങളെയെല്ലാം വകഞ്ഞുമാറ്റി വളർന്നുകൊണ്ടേയിരിക്കും. (യശ. 54:17) (3) താമസം ഒരുക്കുന്നു: ഈ മരത്തിൽ ചേക്കേറുന്ന “ആകാശത്തിലെ പക്ഷികൾ,” രാജ്യസന്ദേശം സ്വീകരിച്ച് ക്രിസ്തീയസഭയുടെ ഭാഗമായിത്തീരുന്ന ആത്മാർഥഹൃദയരായ വ്യക്തികളെയാണു പ്രതിനിധീകരിക്കുന്നത്. ലക്ഷക്കണക്കിനു വരുന്ന ഇവർ ഏകദേശം 240 ദേശങ്ങളിൽനിന്നുള്ളവരാണ്. (യഹ. 17:23) ക്രിസ്തീയസഭ ഈ വ്യക്തികൾക്ക് ആത്മീയഭക്ഷണവും നവോന്മേഷവും സുരക്ഷിതത്വവും നൽകുന്നു.—യശ. 32:1, 2; 54:13.
13. വളർച്ചയുടെ ഏതെല്ലാം സവിശേഷതകളാണു പുളിപ്പിക്കുന്ന മാവിന്റെ ദൃഷ്ടാന്തകഥയിലുള്ളത്?
13 പുളിപ്പിക്കുന്ന മാവിന്റെ ദൃഷ്ടാന്തകഥ. ഒരു സ്ത്രീ കുറച്ച് മാവ് എടുത്ത് കുഴച്ച് അതിൽ പുളിപ്പിക്കാനുള്ള അൽപ്പം മാവ് കലർത്തിവെക്കുന്നു. അതു മാവിനെ മുഴുവൻ പുളിപ്പിക്കുന്നു. (മത്തായി 13:33 വായിക്കുക.) വളർച്ചയുടെ ഏതെല്ലാം ഘടകങ്ങളാണ് ഈ കഥ എടുത്തുകാണിക്കുന്നത്? രണ്ടെണ്ണം നമുക്കു നോക്കാം. (1) വളർച്ച രൂപാന്തരം വരുത്തുന്നു. പുളിപ്പിക്കുന്ന മാവ് അതിൽ വ്യാപിച്ച് ‘അതു മുഴുവൻ പുളിപ്പിക്കുന്നു.’ (2) വളർച്ച വ്യാപകമാണ്. പുളിപ്പിക്കുന്ന മാവ് ‘മൂന്നു സെയാ മാവിനെയും,’ അതായത് മുഴുവൻ മാവിനെയും, പുളിപ്പിക്കുന്നു. ഈ രണ്ടു സവിശേഷതകളും ആധുനികകാലത്തെ ആത്മീയകൊയ്ത്തിന് എങ്ങനെയാണു ബാധകമാകുന്നത്?
14. പുളിപ്പിക്കുന്ന മാവിന്റെ ദൃഷ്ടാന്തകഥ എങ്ങനെയാണ് ഇക്കാലത്തെ കൊയ്ത്തിനു ബാധകമാകുന്നത്?
14 (1) രൂപാന്തരം: പുളിപ്പിക്കുന്ന മാവ് രാജ്യസന്ദേശത്തെയും കുഴച്ച മാവ് മനുഷ്യകുടുംബത്തെയും സൂചിപ്പിക്കുന്നു. പുളിപ്പിക്കുന്ന മാവ് കുഴച്ച മാവിൽ കലർത്തിവെച്ചുകഴിയുമ്പോൾ അതു കുഴച്ച മാവിനു മാറ്റം വരുത്തുന്നു. അതുപോലെ, വ്യക്തികൾ ദൈവരാജ്യസന്ദേശം സ്വീകരിച്ചുകഴിയുമ്പോൾ അത് അവരുടെ ഹൃദയങ്ങൾക്കു രൂപാന്തരം വരുത്തുന്നു. (റോമർ 12:2) (2) വ്യാപനം: പുളിപ്പിക്കുന്ന മാവ് വ്യാപിക്കുന്നതു ദൈവരാജ്യസന്ദേശം പ്രചരിക്കുന്നതിനെ സൂചിപ്പിക്കുന്നു. പുളിപ്പിക്കുന്ന മാവ്, കുഴച്ച ധാന്യമാവിൽ വ്യാപിച്ച് മുഴുവൻ മാവിനെയും പുളിപ്പിക്കുന്നതുവരെ പ്രവർത്തിക്കുന്നു. സമാനമായി ദൈവരാജ്യസന്ദേശം “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” വ്യാപിച്ചിരിക്കുന്നു. (പ്രവൃ. 1:8) ഈ ദൃഷ്ടാന്തകഥയിലെ ‘വ്യാപനം’ എന്ന ഘടകം മറ്റൊരു കാര്യവും സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന ചില ദേശങ്ങളുണ്ടല്ലോ. ഭൂമിയിലെ അത്തരം ഭാഗങ്ങളിൽ നടക്കുന്ന നമ്മുടെ പ്രസംഗപ്രവർത്തനം അധികം ശ്രദ്ധിക്കപ്പെടാതെപോയാലും ദൈവരാജ്യസന്ദേശം അവിടെ വ്യാപിക്കുകതന്നെ ചെയ്യും.
15. യശയ്യ 60:5,22-ൽ കാണുന്ന വാക്കുകൾ എങ്ങനെയാണു നിറവേറിയിരിക്കുന്നത്? (“യഹോവയാണ് അതു സാധ്യമാക്കിയത്” എന്ന ചതുരവും “‘ചെറിയവൻ ഒരു മഹാജനതയായിത്തീർന്നത്’ എങ്ങനെ?” എന്ന ചതുരവും കാണുക.)
15 ഈ ആധുനികകാലത്തെ കൊയ്ത്തിനെക്കുറിച്ചും അതിൽനിന്ന് കിട്ടുന്ന സന്തോഷത്തെക്കുറിച്ചും യശയ്യ പ്രവാചകനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശു ഈ ദൃഷ്ടാന്തകഥകൾ പറയുന്നതിന് ഏകദേശം 800 വർഷം മുമ്പായിരുന്നു യഹോവ അവിസ്മരണീയമായ ആ വാക്കുകൾ അറിയിച്ചത്.c “ദൂരത്തുനിന്ന്” ഉള്ള ആളുകൾ തന്റെ സംഘടനയിലേക്ക് ഒഴുകിവരുന്നതായി യഹോവ വിവരിക്കുന്നു. ഭൂമിയിൽ ഇന്നു ബാക്കിയുള്ള അഭിഷിക്തർ പ്രതിനിധാനം ചെയ്യുന്ന ഒരു ആലങ്കാരിക ‘സ്ത്രീയെ’ സംബോധന ചെയ്തുകൊണ്ട് യഹോവ ഇങ്ങനെ പ്രസ്താവിക്കുന്നു: “അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും, നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും. കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും; ജനതകളുടെ സമ്പത്തു നിന്റേതാകും.” (യശ. 60:1, 4, 5, 9) ഇന്ന് ആ വാക്കുകൾ എത്രയോ സത്യമായിരിക്കുന്നു! ദീർഘകാലമായി യഹോവയെ സേവിക്കുന്ന സഹോദരങ്ങളുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങുന്നു. കാരണം എന്താണെന്നോ? അവരുടെ ദേശങ്ങളിൽ രാജ്യപ്രചാരകരുടെ എണ്ണം ഏതാനും പേരിൽനിന്ന് ആയിരങ്ങളായി വർധിക്കുന്നത് അവർ കണ്ണാലെ കണ്ടിരിക്കുന്നു!
യഹോവയുടെ എല്ലാ ദാസന്മാർക്കും സന്തോഷിക്കാനുള്ള കാരണം
16, 17 ‘വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നതിനുള്ള’ ഒരു കാരണം എന്താണ്? (“രണ്ടു ലഘുലേഖകൾ ആമസോണിലെ രണ്ടു ഹൃദയങ്ങളെ തൊട്ടുണർത്തുന്നു” എന്ന ചതുരം കാണുക.)
16 യേശു അപ്പോസ്തലന്മാരോടു പറഞ്ഞ ഈ വാക്കുകൾ നിങ്ങൾ ഓർക്കുന്നുണ്ടാകും: “കൊയ്ത്തുകാരൻ . . . നിത്യജീവനുവേണ്ടിയുള്ള വിളവ് ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നു.” (യോഹ. 4:36) ലോകവ്യാപകമായ കൊയ്ത്തിൽ നമ്മൾ ‘ഒരുമിച്ച് സന്തോഷിക്കുന്നത്’ എങ്ങനെയാണ്? പല വിധങ്ങളിൽ സന്തോഷിക്കുന്നുണ്ട്. അതിൽ മൂന്നെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.
17 ഒന്നാമത്, നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ യഹോവയും പങ്കെടുക്കുന്നതായി മനസ്സിലാക്കുന്നതു സന്തോഷത്തിനുള്ള വക നൽകുന്നു. ദൈവരാജ്യസന്ദേശം പ്രസംഗിക്കുമ്പോൾ നമ്മൾ വിത്തു വിതയ്ക്കുകയാണ്. (മത്താ. 13:18, 19) ക്രിസ്തുവിന്റെ ശിഷ്യനായിത്തീരാൻ ഒരാളെ സഹായിക്കുമ്പോൾ നമ്മൾ വിളവും കൊയ്യുന്നു. അതിശയകരമായ വിധത്തിൽ രാജ്യവിത്തു ‘മുളച്ച് വളരാൻ’ ഇടയാക്കുന്നത് യഹോവയാണ്. അതിനു സാക്ഷികളാകുമ്പോൾ നമുക്ക് എല്ലാവർക്കും വലിയ സന്തോഷം തോന്നും. (മർക്കോ. 4:27, 28) അവിടവിടെയായി നമ്മൾ വിതയ്ക്കുന്ന ചില വിത്തുകൾ പിന്നീടായിരിക്കാം മുളയ്ക്കുന്നത്. മറ്റുള്ളവർ ആ വിളവ് കൊയ്യുകയും ചെയ്തേക്കാം. 60 വർഷം മുമ്പ് സ്നാനമേറ്റ ബ്രിട്ടനിലെ ജോൻ എന്ന സഹോദരിയുടേതിനു സമാനമായ അനുഭവം ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടായിരിക്കാം. സഹോദരി ഇങ്ങനെ പറഞ്ഞു: “വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ ഹൃദയത്തിൽ രാജ്യവിത്തു പാകിയതു ഞാനാണെന്ന് എന്നോടു പലരും പറഞ്ഞിട്ടുണ്ട്. പിന്നീട് മറ്റു സാക്ഷികൾ അവരോടൊപ്പം ബൈബിൾ പഠിക്കുകയും യഹോവയുടെ ദാസരാകാൻ അവരെ സഹായിക്കുകയും ചെയ്തു. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ നട്ട വിത്തു വളർന്നെന്നും വിളവ് കൊയ്തെടുത്തെന്നും അറിയുമ്പോൾ എനിക്ക് എതമാത്രം സന്തോഷം തോന്നുന്നെന്നോ!”—1 കൊരിന്ത്യർ 3:6, 7 വായിക്കുക.
18. സന്തോഷിക്കാനുള്ള ഏതു കാരണമാണ് 1 കൊരിന്ത്യർ 3:8-ൽ ഉള്ളത്?
18 രണ്ടാമത്, പൗലോസിന്റെ ഈ വാക്കുകൾ സന്തോഷമുള്ള ജോലിക്കാരായിരിക്കാൻ നമ്മളെ സഹായിക്കും. ജോലിക്കാർക്ക് ‘അവനവൻ ചെയ്യുന്ന പണിക്കനുസരിച്ച് പ്രതിഫലം കിട്ടും’ എന്നാണു പൗലോസ് പറഞ്ഞത്. (1 കൊരി. 3:8) പണിയുടെ ഫലം നോക്കിയല്ല, ചെയ്യുന്ന പണിക്കനുസരിച്ചാണു പ്രതിഫലം കിട്ടുന്നത്. തീരെ കുറച്ച് മാത്രം പ്രതികരണമുള്ള പ്രദേശങ്ങളിൽ പ്രസംഗിക്കുന്നവർക്ക് എത്ര പ്രോത്സാഹനം പകരുന്നതാണ് ഈ വാക്കുകൾ! വിത്തു വിതയ്ക്കുന്ന ജോലി പൂർണഹൃദയത്തോടെ ചെയ്യുന്ന എല്ലാ സാക്ഷികളും ദൈവത്തിന്റെ കണ്ണിൽ ‘ധാരാളം ഫലം കായ്ക്കുന്നവരാണ്.’ അതിൽ അവർക്കു സന്തോഷിക്കാം.—യോഹ. 15:8; മത്താ. 13:23.
19. (എ) മത്തായി 24:14-ൽ കാണുന്ന യേശുവിന്റെ പ്രവചനം എങ്ങനെയാണു നമ്മുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നത്? (ബി) ആരെയും ശിഷ്യരാക്കാൻ കഴിയാത്തപ്പോഴും നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
19 മൂന്നാമത്, പ്രസംഗപ്രവർത്തനത്തിലൂടെ നമ്മൾ പ്രവചനം നിവർത്തിക്കുകയാണെന്ന് ഓർക്കുന്നതും നമുക്കു സന്തോഷിക്കാനുള്ള കാരണമാണ്. “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും” എന്ന് അപ്പോസ്തലന്മാർ ചോദിച്ചപ്പോൾ യേശു കൊടുത്ത മറുപടി നോക്കാം. ലോകവ്യാപകമായ പ്രസംഗപ്രവർത്തനം ആ അടയാളത്തിന്റെ സവിശേഷതകളിൽ ഒരെണ്ണമായിരിക്കും എന്നു യേശു പറഞ്ഞു. ആളുകളെ ശിഷ്യരാക്കുന്നതിനെക്കുറിച്ചായിരുന്നോ യേശു പറഞ്ഞത്? അല്ല. “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും” എന്നാണു യേശു പറഞ്ഞത്. (മത്താ. 24:3, 14) അതുകൊണ്ട് ദൈവരാജ്യത്തെക്കുറിച്ച് പറയുന്നത്, അതായത് വിത്തു വിതയ്ക്കുന്നത്, അടയാളത്തിന്റെ ഒരു സവിശേഷതയാണ്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നമുക്ക് ആരെയും ശിഷ്യരാക്കാൻ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെ സന്തോഷവാർത്ത ‘അറിയിക്കുന്നതിൽ’ നമ്മൾ വിജയിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്.d അതെ, ആളുകൾ എങ്ങനെ പ്രതികരിച്ചാലും യേശുവിന്റെ പ്രവചനം നിറവേറ്റുന്നതിൽ നമ്മൾ ഒരു പങ്കു വഹിക്കുന്നു. അതിലൂടെ “ദൈവത്തിന്റെ സഹപ്രവർത്തകരാണ്” എന്ന ബഹുമതിയും നമുക്കു കിട്ടുന്നു. (1 കൊരി. 3:9) സന്തോഷിക്കാനുള്ള എത്ര നല്ല കാരണം!
“സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ”
20, 21. (എ) മലാഖി 1:11-ലെ വാക്കുകൾ എങ്ങനെയാണു നിറവേറിയിരിക്കുന്നത്? (ബി) കൊയ്ത്തിനോടുള്ള ബന്ധത്തിൽ എന്തു ചെയ്യാനാണു നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്, എന്തുകൊണ്ട്?
20 ഒന്നാം നൂറ്റാണ്ടിൽ, കൊയ്ത്തിന്റെ അടിയന്തിരപ്രാധാന്യം കാണാൻ യേശു അപ്പോസ്തലന്മാരെ സഹായിച്ചു. 1919 മുതൽ ഇങ്ങോട്ട് യേശു ആധുനികകാലത്തെ തന്റെ ശിഷ്യന്മാരെ ഇതേ സത്യം മനസ്സിലാക്കിയെടുക്കാൻ സഹായിച്ചിരിക്കുന്നു. അതിന്റെ ഫലമായി ദൈവജനം അവരുടെ പ്രവർത്തനങ്ങൾ തീവ്രമാക്കിയിരിക്കുന്നു. വാസ്തവത്തിൽ, തടയാനാകാത്ത ഒന്നായി കൊയ്ത്തു മുന്നേറുകയാണ്. മലാഖി പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഇന്നു പ്രസംഗപ്രവർത്തനം “സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ” നടന്നുകൊണ്ടിരിക്കുന്നു. (മലാ. 1:11) അതെ, ഉദയംമുതൽ അസ്തമയംവരെ, കിഴക്കുമുതൽ പടിഞ്ഞാറുവരെ ഭൂമിയിൽ എവിടെയും, വിതയും കൊയ്ത്തും നടക്കുന്നു. വിതയ്ക്കുന്നവരും കൊയ്യുന്നവരും ഒരുമിച്ച് സന്തോഷിക്കുകയും ചെയ്യുന്നു. തീർന്നില്ല, സൂര്യൻ ഉദിക്കുന്നതുമുതൽ അസ്തമിക്കുന്നതുവരെ, അതായത് രാവിലെമുതൽ വൈകുന്നേരംവരെ, ദിവസം മുഴുവൻ നമ്മൾ പ്രവർത്തിക്കുകയും ചെയ്യുന്നു, അതും അടിയന്തിരതയോടെ!
21 ഇന്ന്, 100 വർഷം പിന്നിലേക്കു നോക്കുമ്പോൾ, ദൈവത്തിന്റെ ദാസന്മാരുടെ ഒരു ചെറിയ കൂട്ടം വളർന്ന് “ഒരു മഹാജനത” ആയതു കണ്ടിട്ട്, സന്തോഷത്താൽ നമ്മുടെ ‘ഹൃദയം തുടിക്കുന്നു, അതു നിറഞ്ഞുകവിയുന്നു.’ (യശ. 60:5, 22) ആ സന്തോഷവും ‘വിളവെടുപ്പിന്റെ അധികാരിയായ’ യഹോവയോടുള്ള നമ്മുടെ സ്നേഹവും നമ്മളെ ഓരോരുത്തരെയും പ്രചോദിപ്പിക്കട്ടെ. എക്കാലത്തെയും ഏറ്റവും വലിയ കൊയ്ത്തു പൂർത്തിയാക്കുന്നതിൽ നമ്മുടെ പങ്കു ചെയ്യാൻ അതു നമ്മളെ തുടർന്നും ശക്തീകരിക്കും.—ലൂക്കോ. 10:2.
a ‘വയലുകൾ കൊയ്ത്തിനു പാകമായിരിക്കുന്നു (“വെളുത്തിരിക്കുന്നു,” സത്യവേദപുസ്തകം)’ എന്ന യേശുവിന്റെ പരാമർശം യേശുവിന്റെ അടുക്കലേക്കു വന്നുകൊണ്ടിരുന്ന ശമര്യക്കാരുടെ കൂട്ടത്തെ ഉദ്ദേശിച്ചായിരിക്കാം. വെളുത്ത വസ്ത്രങ്ങൾ ധരിച്ചായിരിക്കാം അവർ വന്നത്.
b ആ വർഷങ്ങളെക്കുറിച്ചും തുടർന്നുവന്ന ദശകങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 425-520 പേജുകൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. 1919 മുതൽ 1992 വരെ നടന്ന കൊയ്ത്തിന്റെ വിവരങ്ങൾ അവിടെ കാണാനാകും.
c നിറപ്പകിട്ടാർന്ന ഈ പ്രവചനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2 എന്ന പുസ്തകത്തിന്റെ 303-320 പേജുകൾ കാണുക.
d ഈ സുപ്രധാനസത്യം ആദ്യകാല ബൈബിൾവിദ്യാർഥികൾക്കു നേരത്തേതന്നെ അറിയാമായിരുന്നു. 1895 നവംബർ 15 ലക്കം സീയോന്റെ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ഗോതമ്പു തീരെ കുറച്ചുമാത്രമേ ശേഖരിക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും വിപുലമായ തോതിൽ സത്യത്തിനു സാക്ഷ്യം വഹിക്കാനാകുമല്ലോ, അതുതന്നെ ധാരാളം. . . . എല്ലാവരും സുവിശേഷം പ്രസംഗിക്കുക.”