പുള്ളിപ്പുലി—ഒളിച്ചുജീവിക്കുന്ന ഒരു പൂച്ച
കെനിയയിലെ ഉണരുക! ലേഖകൻ
സൂര്യൻ അസ്തമിക്കുകയായിരുന്നു. കെനിയയിലെ മസായ് മാര വന്യജീവി സംരക്ഷണകേന്ദ്രത്തിലെ മനോജ്ഞമായ മൃഗജാലങ്ങളെ നിരീക്ഷിച്ചും അവയുടെ ഫോട്ടോയെടുത്തും ഞങ്ങൾ ഞങ്ങളുടെ ദിനം ചെലവഴിച്ചിരുന്നു. ടെൻറുകൊണ്ടുള്ള ഞങ്ങളുടെ പാർപ്പിടത്തിൽ വന്ന് രാത്രിയിൽ വിശ്രമിക്കുന്നതിനു മുമ്പ്, പുളകം കൊള്ളിക്കുന്ന മറെറാരു ദൃശ്യം കൂടി ഞങ്ങൾ കാണാനിരിക്കുകയായിരുന്നു. ലോഡ്ജിലെ സ്ററാഫംഗങ്ങളിൽ ഒരാൾ കയറുകൊണ്ടുണ്ടാക്കിയ ഒരു പാലത്തിൽക്കൂടി ററാലേക്ക് നദിക്കു കുറുകെ ഒരു തുണ്ട് ആട്ടുമാംസവും തോളത്തു തൂക്കിയിട്ട് അനായാസമായി നടന്നുനീങ്ങിയപ്പോൾ ആ വേദിയൊരുങ്ങി. അദ്ദേഹം ആ മാംസം ഒരു അക്കേഷ്യ മരത്തിന്റെ ഉയരത്തിലുള്ള കവരയിൽ കെട്ടിത്തൂക്കി.
ഉഷ്ണമേഖലാ സന്ധ്യയുടെ നിറങ്ങൾ ഇരുട്ടിനു വഴിമാറിക്കൊടുത്തപ്പോൾ ഒരു വലിയ ആൺപുള്ളിപ്പുലി നിശബ്ദം ആ മരത്തിലേക്കു വലിഞ്ഞുകയറി ആ മാംസം പിച്ചിച്ചീന്താൻ തുടങ്ങി. കാഴ്ചകാണാനുള്ള ടെറസ്സിൽനിന്നുള്ള സ്പോട്ട്ലൈററിൽ അവൻ ശരിക്കും പ്രകാശിതമായി കാണപ്പെട്ടു. എന്നിരുന്നാലും, തന്റെ ഭക്ഷണം ആസ്വദിക്കാൻ ഇറങ്ങിത്തിരിച്ച ആ പുള്ളിപ്പുലി ഞങ്ങളെ ശ്രദ്ധിച്ചതേയില്ല. ഞങ്ങൾ ഭയത്തോടെയും അതിശയത്തോടെയും നോക്കിനിന്നു. ഇര വെച്ചിരുന്ന വൃക്ഷത്തിലേക്കുള്ള അവന്റെ സന്ദർശനം രാത്രിയിലെ പതിവാണെന്നു പിന്നീടു ഞങ്ങളറിഞ്ഞു, ഏതാണ്ട് ആറു വർഷത്തോളമായി അവനതു ചെയ്തുകൊണ്ടാണിരുന്നത്. പിറേറന്നു രാത്രിയിലും ആ ദർശനം ഞങ്ങൾക്ക് ആതിഥ്യമരുളി!
“വലിയ പൂച്ചകളിൽ ഏററവും സമ്പൂർണൻ, ആകാരത്തിൽ അഴകുററത്, ചലനങ്ങളിൽ ആകർഷകമായത്” എന്നു പുള്ളിപ്പുലിയെ വർണിക്കുന്നത് എന്തുകൊണ്ടെന്നു പൂർണമായും വിലമതിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. 60 കിലോയോ അതിൽ കൂടുതലോ തൂക്കമുള്ള പുള്ളിപ്പുലി ഏററവും ബലിഷ്ഠമായ പേശികളുള്ള മൃഗങ്ങളിൽ ഒന്നാണ്, തോൾഭാഗത്തു ശരാശരി 60 സെൻറിമീററർ ഉയരവും മൂക്കുമുതൽ വാലഗ്രംവരെ 200 സെൻറിമീററർ നീളവുമുണ്ട്. ചൂടേകുന്ന അതിന്റെ ആവരണത്തിൽ വൃത്താകാരത്തിൽ ക്രമീകരണം ചെയ്യപ്പെട്ടിരിക്കുന്ന അതിന്റെ സഹജമായ കറുത്ത പുള്ളികളിലേക്ക് ഉററുനോക്കിയപ്പോൾ യിരെമ്യാവ് പ്രവാചകൻ ഒരിക്കൽ ചോദിച്ച ചോദ്യം ഞങ്ങൾ ഓർമിച്ചുപോയി: “കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാററുവാൻ കഴിയുമോ?”—യിരെമ്യാവു 13:23.
പ്രത്യേകിച്ചും ശ്രദ്ധേയമാണ് അവന്റെ തിളങ്ങുന്ന പച്ചക്കണ്ണുകൾ. അവ ഒരുതരം പ്രത്യേക കോശപാളികൊണ്ട്, ഒരു പടലംകൊണ്ട്, സജ്ജമാണ്. അതു രാത്രിയിൽ അസാധാരണമായ കാഴ്ച പ്രദാനം ചെയ്യുന്നു. മമനുഷ്യന്റെ കാഴ്ചയ്ക്ക് ആവശ്യമായ വെളിച്ചത്തിന്റെ ആറിലൊന്നു മാത്രം മതി പുള്ളിപ്പുലിക്കു കാണാൻ. രാത്രിയിൽ അവന്റെ കണ്ണിൽ വെളിച്ചമടിക്കുമ്പോൾ കാണുന്ന തിളക്കം പ്രകാശം കാചപടലത്തിലൂടെ പിന്നിലേക്കു പ്രതിഫലിപ്പിച്ചുകൊണ്ട് ഈ കോശപാളി സൃഷ്ടിക്കുന്നതാണ്.
പകൽസമയത്തു പുള്ളിപ്പുലി വിശ്രമിക്കുമ്പോൾ നിങ്ങൾ അതിനെ ശ്രദ്ധിച്ചാൽ ക്ഷീണിച്ചുവലഞ്ഞ മട്ടിൽ അവൻ കിതയ്ക്കുന്നതു കാണാം. എന്നാൽ, ത്വരിതഗതിയിലുള്ള അവന്റെ ശ്വാസോച്ഛാസം ഫലപ്രദമായ ഒരു തണുപ്പിക്കൽ സംവിധാനത്തിന്റെ ഭാഗമാണ്. മിനിററിൽ 150 തവണവരെ കിതയ്ക്കുന്നതുകൊണ്ട് അവന്റെ നാക്കിൽനിന്നും വായിൽനിന്നും നാസാദ്വാരങ്ങളിൽനിന്നും ജലം ബാഷ്പീകരിച്ചുപൊയ്ക്കൊള്ളും.
സാഹചര്യങ്ങളോട് ഏററവും നന്നായി ഇണങ്ങി ജീവിക്കുന്ന വലിയ പൂച്ചകളായ പുള്ളിപ്പുലികളെ മരുഭൂമികളിലും വനങ്ങളിലും പർവതങ്ങളിലും സമുദ്രനിരപ്പിലും ചൈന, ഇന്ത്യ, കെനിയ എന്നിങ്ങനെ വൈവിധ്യമാർന്ന നാടുകളിലും കാണാവുന്നതാണ്. പുള്ളിപ്പുലിയുടെ മിക്ക ആവാസസ്ഥലങ്ങളിലും മനുഷ്യൻ അതിക്രമിച്ചുകടക്കുന്നുണ്ടെങ്കിൽപോലും ആഫ്രിക്കയിലും ഏഷ്യയിലും മാത്രമായി ഏതാണ്ട് പത്തു ലക്ഷം പുള്ളിപ്പുലികൾ ഉള്ളതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അങ്ങനെയാണെങ്കിൽപോലും, നൂററാണ്ടുകളോളം പുള്ളിപ്പുലി ഗൗരവമായ ശാസ്ത്രപഠനത്തെ ഒളിച്ചുനടക്കുകയായിരുന്നു. ഉദാഹരണത്തിന്, സീനായ് പുള്ളിപ്പുലിയുടെ കാര്യമെടുക്കുക. അടുത്തകാലത്ത് യഹൂദ്യയിലെ മരുഭൂമിയിൽ കണ്ടുപിടിക്കപ്പെടുന്നതുവരെ ഈ പുള്ളിപ്പുലി ദീർഘകാലമായി വംശനാശം സംഭവിച്ചതായി കരുതപ്പെട്ടിരുന്നു!
ഏകാന്ത പൂച്ച
എങ്ങനെയാണു പുള്ളിപ്പുലി മമനുഷ്യന്റെ നിരീക്ഷണത്തിൽനിന്നു രക്ഷപെടുന്നത്? മുഖ്യമായും ഒരു നിശാജീവി ആയിരിക്കുന്നതുകൊണ്ടാണ് അവൻ ഇതു ചെയ്യുന്നത്—മാത്രമല്ല അത് അങ്ങേയററം ഒളിച്ചുനടക്കുന്ന, രഹസ്യമായി കഴിയുന്ന, ഒരു ജീവി കൂടിയാണ്. മനുഷ്യൻ ഭീഷണി ഉയർത്തുന്ന സ്ഥലങ്ങളിൽ പുള്ളിപ്പുലി ജാഗ്രതയോടെ നിശബ്ദത പാലിക്കുന്നു. പ്രകോപിപ്പിക്കപ്പെടുമ്പോൾ മാത്രമേ സിംഹസമാനമായ മുരളലും ഒച്ചയും അവൻ പുറപ്പെടുവിക്കാറുള്ളൂ. സാധാരണ സാഹചര്യങ്ങളിൽ, അവന്റെ ശബ്ദം പേടിപ്പെടുത്തുന്നതല്ല: ശക്തിയായി ഉരയ്ക്കുന്ന ഒരുതരം ശബ്ദമാണത്—ഏറെക്കുറെ വാളുകൊണ്ടു തടി അറക്കുന്നതുപോലുള്ള ഒരു ശബ്ദം. സി. ററി. ആസ്ററ്ലി മാബർലിയുടെ പൂർവാഫ്രിക്കയിലെ മൃഗങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ആ ശബ്ദം “ഗ്രണ്ട്-ഹ! ഗ്രണ്ട്-ഹ! ഗ്രണ്ട്-ഹ! ഗ്രണ്ട്-ഹ! എന്നപോലെ തോന്നിക്കുന്നു—അതു മിക്കവാറും അവസാനിക്കുന്നത് കടുത്ത ഒരു ദീർഘനിശ്വാസ ശബ്ദത്തോടെയാണ്.” അവന്റെ സ്വകാര്യതാപ്രിയത്തോടു ചേർച്ചയിൽ, തീവ്രത കുറഞ്ഞ പലതരം ശബ്ദങ്ങളും പുള്ളിപ്പുലി പുറപ്പെടുവിക്കാറുണ്ട്, അവയിൽ പലതും മനുഷ്യർക്കു കേൾക്കാൻ സാധ്യമല്ല.
കൂടുതലായി, സംസർഗപ്രിയനായ സിംഹത്തിൽനിന്നു വ്യത്യസ്തനായ പുള്ളിപ്പുലി സാമൂഹിക സ്വഭാവമുള്ള ഒരു പൂച്ചയല്ല. ഇടയ്ക്കിടയ്ക്കു ജോഡികളെ കാണാമെങ്കിലും പുള്ളിപ്പുലികൾ ഒററയാൻമാരാണ്. അപ്രതീക്ഷിതമായ അല്ലെങ്കിൽ ശത്രുക്കളുമായുള്ള ഏററുമുട്ടലുകൾ ഒഴിവാക്കുന്നതിനു പുള്ളിപ്പുലി തന്റേതായ ഒരു പ്രദേശം നിശ്ചയിക്കുന്നു, അത് 25 മുതൽ 65 വരെ ചതുരശ്രകിലോമീററർ കണ്ടേക്കാം. തന്റെ സ്വൈരവിഹാരത്തിന്റെ അതിർത്തികളെ സൂചിപ്പിക്കുന്നതിനു പ്രത്യേക ഗ്രന്ഥികളിൽനിന്നുള്ള ഒരു സ്രവം അവൻ തളിക്കും. തന്റെ പ്രദേശത്തെ വേർതിരിക്കുന്ന ഈ പ്രത്യേക ഗന്ധം അതിന്റെ ലിംഗം, പ്രായം, ലൈംഗികനില, സാധ്യതയനുസരിച്ച് “ഭൂവുടമ” ആർ എന്നീ കാര്യങ്ങൾ മററു പുള്ളിപ്പുലികളെ വിളിച്ചറിയിക്കുന്നു.
ഒളിച്ചുനിന്നു വേട്ടയാടുന്നതാണു പുള്ളിപ്പുലിയുടെ സഹജസ്വഭാവം. ബൈബിൾകാലങ്ങളിൽ അവൻ പട്ടണങ്ങൾക്കടുത്തു പതിയിരിക്കുന്നതായി അറിയപ്പെട്ടിരുന്നു, മാരകമായ വേഗതയോടെ വളർത്തുമൃഗങ്ങളുടെമേൽ ചാടിവീഴാൻ തയ്യാറായി. (യിരെമ്യാവു 5:6; ഹോശേയ 13:7; ഹബക്കൂക് 1:8) കഴുതപ്പുലികൾ, കുറുക്കൻമാർ തുടങ്ങിയ ശവഭുക്കുകളിൽനിന്നു സംരക്ഷിക്കുന്നതിനു താൻ കൊന്ന വലിയ ഇരകളെ അവൻ സൂക്ഷിച്ചുവയ്ക്കുന്നതു നിലത്തുനിന്ന് ഏതാണ്ട് 9-ഓ 12-ഓ മീററർ ഉയരത്തിൽ മരത്തിന്റെ കവരയിലായിരിക്കും. ഒരു മാനിന്റെയോ 1.5 മീററർ ഉയരമുള്ള ഒരു കൊച്ചു ജിറാഫിന്റെയോ ശവം അവൻ അത്ര ഉയരത്തിലേക്കു വലിച്ചുകയററുന്നത് എങ്ങനെയാണ്? പുള്ളിപ്പുലി എളുപ്പം പരസ്യമായി അറിയിക്കുന്ന ഒരു രഹസ്യമല്ല ഇത്. അതിശക്തമായ ശരീരബലത്താലാണ് ഇതു സാധ്യമാകുന്നതെന്നു ക്ഷമാപൂർവം നിരീക്ഷിച്ചവർ അവകാശപ്പെടുന്നു. മരത്തിന്റെ ശാഖകളിൽ തൂക്കിയിട്ട് ശാഖകളുടെയും വൃക്ഷത്തലപ്പുകളുടെയും മറയത്തു തികഞ്ഞ സ്വകാര്യതയിൽ, വിശ്രമസമയത്തു തന്റെ ഇരയെ ഭക്ഷിക്കാനാണു പുള്ളിപ്പുലികൾക്കു കൂടുതലിഷ്ടം.
വെല്ലുവിളിക്കപ്പെടുന്നില്ലെങ്കിൽ, പുള്ളിപ്പുലി നാണംകുണുങ്ങിയും പിൻവലിയുന്ന സ്വഭാവക്കാരനും മനുഷ്യനുമായുള്ള ഏററുമുട്ടൽ ഒഴിവാക്കുന്നവനുമാണ്. ചില പുള്ളിപ്പുലികൾ മനുഷ്യഭയം ഇല്ലാത്തവയായി നരഭോജികൾ ആയിത്തീർന്നിട്ടുണ്ടെന്നിരിക്കെ, മിക്കവയും മനുഷ്യർക്കു ഭീഷണി ഉയർത്തുന്നില്ല. എന്നാൽ, അതിനു പരിക്കേൽക്കുകയോ അപകടത്തിലാകുകയോ ചെയ്താൽ, ശത്രുവിനോടു യാതൊരു ഭയവും പുള്ളിപ്പുലി കാട്ടാറില്ല. “കുപിതനായ പുള്ളിപ്പുലി രൗദ്രഭാവത്തിന്റെ മൂർത്തിമദ്ഭാവമാണ്, . . . അതിന്റെ ശക്തി മുഴുവനും മിന്നൽ വേഗത്തിൽ തൊട്ടടുത്തുനിന്ന് കേന്ദ്രീകരിക്കാൻ അതു പ്രാപ്തവുമാണ്” എന്ന് പുള്ളിപ്പുലിയുടെ കഥ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ യോനാഥാൻ സ്കോട്ട് എഴുതുന്നു.
തള്ള പുള്ളിപ്പുലികൾ
അപ്പോൾ, പുള്ളിപ്പുലികൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതും താരതമ്യേന സ്വകാര്യതയിലാണെന്നത് അതിശയമല്ല. നവജാതരായ കുഞ്ഞുങ്ങളെ ആദ്യത്തെ രണ്ടു മാസം ഒളിപ്പിച്ചുവയ്ക്കുകയാണു പതിവ്, പലപ്പോഴും ഒരു ഗുഹയിലോ മറേറാ. കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ പിതാവു യാതൊരു പങ്കും വഹിക്കാറില്ലെങ്കിലും മാതാവു കുഞ്ഞുങ്ങളെ പോററുകയും വൃത്തിയാക്കുകയും അവയ്ക്കു ചൂടേകുകയും ചെയ്തുകൊണ്ട് അവയുമായി ഒരടുത്ത ബന്ധം വളർത്തിയെടുക്കുന്നു. ക്രമേണ, തള്ള തന്റെ ഒററപ്രസവത്തിലുള്ള രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ഒരു പുതിയ ഭവനത്തിലേക്കു മാററിയേക്കാം. അവ അപ്പോഴും തീരെ ചെറുതാണെങ്കിൽ കടിച്ചുപിടിച്ചുകൊണ്ടായിരിക്കും പോകുന്നത്, കുഞ്ഞുങ്ങൾ കുറേക്കൂടെ വലുതാണെങ്കിൽ തന്റെ പിന്നാലെ വരാൻ അവയോടു പറഞ്ഞുകൊണ്ടും.
ആൾക്കുരങ്ങൻമാർപോലുള്ള ശത്രുക്കളുടെ ദൃഷ്ടിയിൽ പെടാതെ തള്ള തന്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കാനും ശ്രമിക്കുന്നു. എന്നാൽ ആൾക്കുരങ്ങൻമാർ കുഞ്ഞുങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവൾ അവയെ ആക്രമിക്കും, സുരക്ഷിതസ്ഥാനത്തേക്ക് ഓടിയൊളിക്കാൻ കുഞ്ഞുങ്ങൾക്ക് ഒരവസരം കൊടുക്കാൻ തന്നെത്താൻ അപകടപ്പെടുത്തിക്കൊണ്ടുപോലും. തന്റെ കുഞ്ഞുങ്ങളെ പോററാൻ അവൾ വലിയ സാഹസങ്ങൾക്കുപോലും മുതിരുന്നു. സാധാരണമായി, ആനകളെ കണ്ടാൽ പിൻതിരിയുന്ന പുള്ളിപ്പുലി തന്റെ വിശക്കുന്ന കുഞ്ഞുങ്ങൾക്കു തീററി കൊണ്ടുക്കൊടുക്കാൻ ചിന്നംവിളിക്കുന്ന ആനക്കൂട്ടത്തിന്റെ ഇടയിൽക്കൂടിപോലും നടന്നുപോകും.
രസാവഹമെന്നു പറയട്ടെ, ചെറു പുള്ളിപ്പുലികൾ കുറെ കാലത്തേക്കു തങ്ങളുടെ സ്വതന്ത്രമായ മനോഭാവം പ്രകടമാക്കാറില്ല. ഏതാണ്ട് ആറു മാസമാകുമ്പോൾ കുഞ്ഞുങ്ങൾ ഇരതേടാൻ പഠിക്കുന്നു, എന്നാൽ ഒരു വയസ്സു പ്രായമാകുന്നതുവരെ അവ സ്വന്തമായി ഇരയെ കൊല്ലാറില്ല. രണ്ടര വയസ്സു കഴിഞ്ഞാണ് ആൺപുലികൾ ഒററയ്ക്കു വിഹരിക്കാൻ തുടങ്ങുന്നത്. പെൺകുഞ്ഞുങ്ങൾ വളർച്ചയെത്തിയവരെന്ന നിലയിൽ തങ്ങളുടെ മാതാവിന്റെ ഭവനപ്രദേശത്തു തുടർന്നും വസിച്ചേക്കാം.
പുള്ളിപ്പുലി—ഒടുവിൽ സമാധാനത്തിലോ?
എന്നാൽ കാണാൻ രസമുള്ള പൂച്ചക്കുട്ടികൾ ഘാതകരായി വളരുന്നു. അതുകൊണ്ട് യെശയ്യാ പ്രവാചകന്റെ വാക്കുകൾ എന്നെങ്കിലും സത്യമായിത്തീരും എന്നു വിശ്വസിക്കുക പ്രയാസകരമായി തോന്നുന്നു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും.”—യെശയ്യാവു 11:6.
പുള്ളിപ്പുലികളെ വീട്ടുമൃഗത്തെപ്പോലെ വളർത്താനുള്ള അടുത്തകാലത്തെ ശ്രമങ്ങൾക്കു കാര്യമായ വിജയമൊന്നുമുണ്ടായിരുന്നില്ല. സ്യൂക്കാ ബിസ്ലെററി വാൻ ഡെർ ലാനും ഭർത്താവും തങ്ങളുടെ ആഫ്രിക്കൻ കൃഷിയിടത്തിൽ ഒററപ്പേറിലുണ്ടായ പുള്ളിപ്പുലി കുട്ടികളെ വളർത്തുകയുണ്ടായി. ആ കുഞ്ഞുങ്ങൾ “സമ്പൂർണ സ്വാതന്ത്ര്യം” ആസ്വദിച്ചിരുന്നു, പലപ്പോഴും അവയ്ക്കു തീററി കൊടുത്തിരുന്നതു കൈകൊണ്ടാണ്. എന്നാൽ, വാസ്തവത്തിൽ അവയെ ഒരിക്കലും വളർത്തുമൃഗങ്ങളാക്കി മാററാൻ കഴിഞ്ഞില്ല. സ്യൂക്കാ ബിസ്ലെററി ഇങ്ങനെ എഴുതുന്നു: “പുള്ളിപ്പുലി പൂർണവളർച്ചയെത്തിക്കഴിഞ്ഞാൽ അവൻ തന്റെ പാട്ടിനു പോകുന്നു. ഒരു സിംഹം സദാ നിങ്ങളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യും; ഒരു പുള്ളിപ്പുലി സദാ നിങ്ങളെ തിരിച്ചറിയും, എന്നാൽ ഏതു നിമിഷത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് അവൻ സ്വയം തീരുമാനിക്കുന്നു.”
ഒടുവിൽ, വളർച്ചയെത്തിയ പുലിക്കുട്ടികളെ കൃഷിയിടത്തിൽ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നത് അപകടകരമാണെന്നു തോന്നി. അവയെ വനത്തിലേക്കു വിടാൻ തീരുമാനിച്ചു. സൗഹൃദസ്വഭാവമുള്ള മനുഷ്യരുടെ ഇടയിൽ വളർത്തപ്പെട്ട ആ കൊച്ചു പുള്ളിപ്പുലികളുടെ സ്വഭാവത്തിനു മാററം വന്നിരുന്നോ? അശേഷമില്ല. സ്വതന്ത്രമാക്കി മൂന്നു ദിവസത്തിനകം താൻ കൊന്ന ഒരു മാനിന്റെ അടുത്ത് ആൺപുള്ളിപ്പുലി ഇരിക്കുന്നതായി കണ്ടെത്തി.
എന്നിരുന്നാലും, പുള്ളിപ്പുലികളെ മെരുക്കിയെടുക്കുന്നതിലെ പരിമിതമായ അത്തരം വിജയം, പുള്ളിപ്പുലിയും ആടും തമ്മിൽ സമാധാനം ഉണ്ടായിരിക്കുമെന്നുള്ള യെശയ്യാവിന്റെ നിശ്വസ്ത പ്രവചനത്തെ അസാധുവാക്കുന്നില്ല. അമ്പരപ്പിക്കുന്ന ഈ സംഭവം നടക്കാൻ പോകുന്നതു മനുഷ്യശ്രമങ്ങളാലല്ല, പിന്നെയോ ദിവ്യ ഇടപെടലിനാൽ ആയിരിക്കും. എന്നിരുന്നാലും, ദൈവഭരണം മൃഗലോകത്തിൽ സമാധാനം കൈവരുത്തുന്നതിനെക്കാളധികം ചെയ്യും. “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായി”രിക്കും എന്നു യെശയ്യാവ് പ്രവചിച്ചു. (യെശയ്യാവു 11:1-9) യുദ്ധത്തിനും ഭിന്നതയ്ക്കും ഇടയാക്കിയിരിക്കുന്ന മൃഗസമാന സ്വഭാവത്തെ മനുഷ്യർപോലും ഉപേക്ഷിക്കും. അതേസമയംതന്നെ, മൃഗലോകത്തോടുള്ള മമനുഷ്യന്റെ മനോഭാവത്തിനും മാററം വരും. മേലാൽ, യാതൊരു മൃഗവും നിഷ്ഠൂരമായ കൂട്ടക്കൊലയുടെ ഇരകളായിത്തീരുകയില്ല. മനുഷ്യർ അവരുടെ വാസസ്ഥലത്തെ പാഴാക്കുകയോ അവരുടെ അസ്ഥിത്വത്തെ അപകടപ്പെടുത്തുകയോ ചെയ്യുകയില്ല, കാരണം യഹോവ ‘ഭൂമിയെ നശിപ്പിക്കുന്നവരെ നാശത്തിലേക്കു കൊണ്ടുവന്നി’രിക്കും.—വെളിപാട് 11:18, NW.