അധ്യായം 3
“ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി”
മുഖ്യവിഷയം: സ്വർഗീയരഥത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ ദിവ്യദർശനം—ഒരു അവലോകനം
1-3. (എ) യഹസ്കേൽ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ വിവരിക്കുക. (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി ഏതായിരുന്നു, അത് യഹസ്കേലിനെ എങ്ങനെ ബാധിച്ചു?
വിശാലമായ മണൽപ്പരപ്പിന് അപ്പുറത്തെ ചക്രവാളത്തിലേക്കു കണ്ണിമയ്ക്കാതെ ഉറ്റുനോക്കുകയാണ് യഹസ്കേൽ. പെട്ടെന്നൊരു കാഴ്ച കണ്ട് യഹസ്കേലിന്റെ കണ്ണുകൾ വിടർന്നു. അദ്ദേഹത്തിന് അതു വിശ്വസിക്കാനാകുന്നില്ല. അവിടെ, അങ്ങ് വടക്ക് ഒരു കൊടുങ്കാറ്റു രൂപംകൊള്ളുകയാണ്, അസാധാരണമായ ഒരു കാഴ്ച! മുടിയിഴകളാകെ പാറിപ്പറക്കുന്നു, വസ്ത്രം ഉലഞ്ഞാടുന്നു. അതാ, ഭീമാകാരമായ ഒരു മേഘഗോപുരം. അതിൽ തീ മിന്നുന്നു. ഉരുക്കിയെടുത്ത സ്വർണത്തിന്റേതുപോലുള്ള പ്രഭയാണ് അതിന്.a അതിവേഗത്തിൽ അത് യഹസ്കേലിന്റെ നേർക്കു വരുകയാണ്. ഒരു ശബ്ദവും കേൾക്കാം, വൻസൈന്യത്തിന്റെ ആരവംപോലൊന്ന്. അനുനിമിഷം അതു കൂടിക്കൂടിവരുന്നു.—യഹ. 1:4, 24.
2 അവിസ്മരണീയമായ ഒരു അനുഭവം! “യഹോവയുടെ കൈ” തന്റെ മേൽ വന്നതായി, ആർക്കും തടുക്കാനാകാത്ത യഹോവയുടെ പരിശുദ്ധാത്മാവിന്റെ ശക്തി തന്നിൽ പ്രവർത്തിക്കുന്നതായി, അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഏതാണ്ട് 30 വയസ്സുള്ള ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഇതുപോലുള്ള ധാരാളം അനുഭവങ്ങൾ ആവർത്തിക്കാനിരിക്കുകയായിരുന്നു. ഇന്നത്തെ ചലച്ചിത്രലോകം ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ഏതൊരു ദൃശ്യവിസ്മയത്തെയും നിഷ്പ്രഭമാക്കുന്നതായിരുന്നു അദ്ദേഹം കാണാനും കേൾക്കാനും പോകുന്ന കാര്യങ്ങൾ. ആ ദിവ്യദർശനം കണ്ടപ്പോഴോ? ആകെ പരിഭ്രമിച്ചുപോയ യഹസ്കേൽ നിലത്ത് “കമിഴ്ന്നുവീണു.”—യഹ. 1:3, 28.
3 എന്നാൽ യഹസ്കേലിൽ ഭയാദരവ് ജനിപ്പിക്കാൻവേണ്ടി മാത്രമായിരുന്നോ യഹോവ ഇതു ചെയ്തത്? അല്ല. ആവേശജനകമായ ആ പ്രവചനപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റെല്ലാ ദിവ്യദർശനങ്ങളെയുംപോലെതന്നെ ഇതും അർഥസമ്പുഷ്ടമാണ്; യഹസ്കേൽ കണ്ട ആ ആദ്യദർശനത്തിൽനിന്ന് അദ്ദേഹത്തിനും യഹോവയുടെ ഇന്നത്തെ വിശ്വസ്തദാസന്മാർക്കും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ടായിരുന്നു. നമുക്ക് ഇപ്പോൾ ആ ദിവ്യദർശനം ഒന്ന് അടുത്ത് പരിശോധിച്ചാലോ?
സാഹചര്യം
4, 5. യഹസ്കേലിനു ദിവ്യദർശനം ലഭിച്ചപ്പോഴത്തെ സാഹചര്യം എന്തായിരുന്നു?
4 യഹസ്കേൽ 1:1-3 വായിക്കുക. നമുക്ക് ആദ്യം അന്നത്തെ സാഹചര്യം ഒന്നു നോക്കാം. വർഷം ബി.സി. 613. കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ യഹസ്കേൽ ഇപ്പോൾ ബാബിലോണിൽ, തന്നോടൊപ്പം ബന്ദികളായി കൊണ്ടുപോന്നവരുടെ ഇടയിൽ കഴിയുകയാണ്. കെബാർ നദീതീരത്താണ് അവർ താമസിക്കുന്നത്. സാധ്യതയനുസരിച്ച് യൂഫ്രട്ടീസ് നദിയുടെ കൈവഴിയായി വെട്ടിയുണ്ടാക്കിയ, ഗതാഗതയോഗ്യമായ ഒരു കനാലായിരുന്നു ഇത്. അതു വീണ്ടും യൂഫ്രട്ടീസ് നദിയിൽത്തന്നെ ചേർന്നിരുന്നതായും കരുതപ്പെടുന്നു.
5 അവരുടെ സ്വദേശമായ യരുശലേം ഏതാണ്ട് 800 കിലോമീറ്റർ അകലെയാണ്.b യഹസ്കേലിന്റെ പിതാവ് ഒരു പുരോഹിതനായി സേവിച്ചിരുന്ന ആ ദേവാലയം അധഃപതിച്ച് വിഗ്രഹാരാധനയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ദാവീദും ശലോമോനും പ്രൗഢിയോടെ വാണിരുന്ന യരുശലേമിലെ സിംഹാസനം ഇപ്പോൾ അപമാനത്തിന്റെ ഒരു പ്രതീകമാണ്. അവിശ്വസ്തനായ യഹോയാഖീൻ രാജാവാകട്ടെ ആ ബന്ദികളോടൊപ്പം ബാബിലോണിൽ കഴിയുന്നു. അദ്ദേഹത്തിനു പകരം അധികാരത്തിലേറിയ സിദെക്കിയ, ദുഷ്ടനും ബാബിലോൺരാജാവിന്റെ കൈയിലെ വെറുമൊരു കളിപ്പാവയും ആയിരുന്നു.—2 രാജാ. 24:8-12, 17, 19.
6, 7. യഹസ്കേലിനു നിരാശ തോന്നിയിരിക്കാൻ സാധ്യതയുള്ളത് എന്തുകൊണ്ട്?
6 യഹസ്കേലിനെപ്പോലെ വിശ്വസ്തനായ ഒരു മനുഷ്യന് ഇത്രയേറെ നിരാശ തോന്നിയ സന്ദർഭം വേറെ കാണില്ല. അദ്ദേഹത്തോടൊപ്പം ബന്ദികളായി പോയ ചിലർക്ക് ഇങ്ങനെ തോന്നിക്കാണും: ‘യഹോവ നമ്മളെ തീർത്തും ഉപേക്ഷിച്ചോ? വ്യാജദൈവങ്ങളുടെ കേന്ദ്രമായ ബാബിലോൺ എന്ന ഈ ദുഷ്ടശക്തി യഹോവയുടെ ശുദ്ധാരാധനയെ ഇല്ലായ്മ ചെയ്യുമോ, അവർ ദൈവത്തിന്റെ ഭരണം ഭൂമിയിൽനിന്ന് തുടച്ചുനീക്കുമോ?’
7 മുമ്പ് പറഞ്ഞ വിശദാംശങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ചുള്ള വ്യക്തിപരമായ പഠനം തുടങ്ങരുതോ? ആദ്യംതന്നെ ഉജ്ജ്വലമായ ആ വിവരണം ഒന്നു മനസ്സിരുത്തി വായിക്കുക. (യഹ. 1:4-28) വായിച്ചുപോകുമ്പോൾ നിങ്ങൾ യഹസ്കേലിന്റെ സ്ഥാനത്താണെന്നു സങ്കൽപ്പിക്കുക. അദ്ദേഹം കണ്ടതു നിങ്ങളും കാണുക, അദ്ദേഹം കേട്ടതു നിങ്ങളും കേൾക്കുക!
അസാധാരണമായ ഒരു വാഹനം
8. യഹസ്കേൽ കണ്ട ദിവ്യദർശനം എന്തായിരുന്നു, അത് എന്തിനെ അർഥമാക്കി?
8 യഹസ്കേൽ ശരിക്കും എന്താണു കണ്ടത്? വാഹനംപോലുള്ള ഒരു രൂപം. ആരിലും ഭയാദരവ് ജനിപ്പിക്കുന്ന, അസാമാന്യവലുപ്പമുള്ള അതിനെ ഒരു രഥം എന്നപോലെയാണു വർണിച്ചിരിക്കുന്നത്. അതിഗംഭീരമായ നാലു ചക്രം അതിനുണ്ടായിരുന്നു, ഓരോന്നിനും ഒപ്പം അസാധാരണരൂപമുള്ള നാല് ആത്മജീവികളും. അവ കെരൂബുകളാണെന്നു പിന്നീടു പറഞ്ഞിട്ടുണ്ട്. (യഹ. 10:1) അവയുടെ മുകളിൽ മഞ്ഞുപാളിപോലെ തോന്നിക്കുന്ന ഒരു വലിയ വിതാനം അഥവാ തട്ടു കാണാമായിരുന്നു. അതിനും മുകളിൽ ദൈവത്തിന്റെ മഹത്ത്വമാർന്ന സിംഹാസനം. സിംഹാസനത്തിൽ യഹോവ ഉപവിഷ്ടനായിരുന്നു! എന്നാൽ ഈ രഥം എന്തിനെയാണ് അർഥമാക്കിയത്? യഹസ്കേൽ കണ്ട കാര്യങ്ങൾ യഹോവയുടെ മഹത്ത്വമാർന്ന സാർവത്രികസംഘടനയുടെ സ്വർഗീയഭാഗത്തെയാണു കുറിക്കുന്നതെന്നു പറയാനാകും. എന്തുകൊണ്ട്? അങ്ങനെ നിഗമനം ചെയ്യാനുള്ള മൂന്നു കാരണങ്ങൾ നമുക്കു നോക്കാം.
9. തന്റെ സ്വർഗീയസൃഷ്ടികളുടെ മേൽ യഹോവയ്ക്കുള്ള അധികാരത്തെ, ഒരു വാഹനത്തെക്കുറിച്ചുള്ള വിവരണവുമായി താരതമ്യപ്പെടുത്താവുന്നത് എന്തുകൊണ്ട്?
9 തന്റെ സ്വർഗീയസൃഷ്ടികളുടെ മേൽ യഹോവയ്ക്കുള്ള അധികാരം. ഈ ദിവ്യദർശനത്തിൽ യഹോവയുടെ സിംഹാസനം സ്ഥിതിചെയ്യുന്നതു കെരൂബുകൾക്കു മീതെയാണ് എന്നതു ശ്രദ്ധിക്കുക. യഹോവ കെരൂബുകൾക്കു മീതെയോ അവയ്ക്കു നടുവിലോ സിംഹാസനസ്ഥനായിരിക്കുന്നതായി ദൈവവചനത്തിലെ മറ്റു ഭാഗങ്ങളും വർണിക്കുന്നുണ്ട്. (2 രാജാക്കന്മാർ 19:15 വായിക്കുക; പുറ. 25:22; സങ്കീ. 80:1) എന്നാൽ യഹോവ രഥത്തിൽ സഞ്ചരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് അക്ഷരാർഥത്തിൽ അല്ലാത്തതുപോലെതന്നെ യഹോവ കെരൂബുകൾക്കു മീതെ ഇരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നതും അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. മറിച്ചായാൽ, യഹോവയെ ആ ആത്മവ്യക്തികൾ ചുമന്നുകൊണ്ട് നടക്കണമെന്നു വരും. എങ്കിൽപ്പിന്നെ അത് എങ്ങനെയാണു മനസ്സിലാക്കേണ്ടത്? കെരൂബുകൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നു എന്നാണ് അതിന് അർഥം. അതുകൊണ്ടുതന്നെ തന്റെ ഇഷ്ടം നടപ്പാക്കാൻ പരമാധികാരിയായ യഹോവയ്ക്ക് അവയെ പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും അയയ്ക്കാൻ കഴിയും. ദൈവത്തിന്റെ എല്ലാ വിശുദ്ധദൂതന്മാരെയുംപോലെ അവരും യഹോവയുടെ ശുശ്രൂഷകരായി അഥവാ പ്രതിനിധികളായി യഹോവയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നു. (സങ്കീ. 104:4) ഭരണാധികാരിയെന്ന നിലയിൽ യഹോവ അവരെയെല്ലാം അസാധാരണവലുപ്പമുള്ള ഒരൊറ്റ വാഹനം എന്നപോലെ നിയന്ത്രിക്കുന്നു എന്ന അർഥത്തിലാണ് യഹോവ അവയെ ‘വാഹനമാക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നത്.
10. നാലു കെരൂബുകൾ മാത്രമല്ല സ്വർഗീയരഥത്തിന്റെ ഭാഗമായുള്ളതെന്ന് എന്തു സൂചിപ്പിക്കുന്നു?
10 ആ വാഹനം കെരൂബുകളെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. യഹസ്കേൽ കണ്ടതു നാലു കെരൂബുകളെയാണ് എന്നതു ശ്രദ്ധിക്കുക. നാല് എന്ന സംഖ്യ ബൈബിളിൽ മിക്കപ്പോഴും തികവിനെയാണു കുറിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾപ്പെടുത്തുന്നു എന്ന് അർഥം. അതിൽനിന്ന്, നാലു കെരൂബുകൾ യഹോവയുടെ വിശ്വസ്തരായ എല്ലാ ആത്മപുത്രന്മാരെയും കുറിക്കുന്നു എന്നു മനസ്സിലാക്കാം. ഇനി, ചക്രങ്ങളിലും അതുപോലെ കെരൂബുകളുടെ ശരീരം മുഴുവനും കണ്ണുകളുള്ളതായി നമ്മൾ കാണുന്നു. നിറയെ കണ്ണുകളുള്ളതു ജാഗ്രതയെയും ശ്രദ്ധയെയും ആണ് സൂചിപ്പിക്കുന്നത്. അത്തരം ജാഗ്രതയും ശ്രദ്ധയും ആ നാലു ജീവികളുടെ മാത്രമല്ല, എല്ലാ ആത്മവ്യക്തികളുടെയും സവിശേഷതയാണ്. കൂടാതെ യഹസ്കേലിന്റെ വിവരണത്തിലെ ആ വാഹനത്തിന്റെ അസാധാരണവലുപ്പത്തോടുള്ള താരതമ്യത്തിൽ, ഭയാദരവ് ഉണർത്തുന്ന ആ കെരൂബുകൾപോലും തീരെ ചെറുതായിരുന്നു. (യഹ. 1:18, 22; 10:12) ആ നാലു കെരൂബുകൾ യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തിന്റെ തീരെ ചെറിയൊരു ഭാഗം മാത്രമാണെന്നും ആ സ്വർഗീയഭാഗം അതിബൃഹത്താണെന്നും അതു സൂചിപ്പിക്കുന്നു.
11. സമാനമായ എന്തു ദിവ്യദർശനമാണു ദാനിയേൽ കണ്ടത്, അതിൽനിന്ന് നമുക്ക് എന്തു നിഗമനം ചെയ്യാം?
11 സ്വർഗത്തെക്കുറിച്ച് ദാനിയേലിനുണ്ടായ സമാനമായൊരു ദിവ്യദർശനം. വർഷങ്ങളോളം ബാബിലോൺനഗരത്തിൽ പ്രവാസിയായി കഴിഞ്ഞ ദാനിയേലിനും സ്വർഗത്തെക്കുറിച്ച് ഒരു ദർശനം ലഭിച്ചു. ആ ദർശനത്തിലും യഹോവയുടെ സിംഹാസനത്തിനു ചക്രങ്ങളുണ്ടായിരുന്നു എന്നതു ശ്രദ്ധേയമാണ്. യഹോവയുടെ ആത്മസൃഷ്ടികൾ അടങ്ങുന്ന വലിയ സ്വർഗീയകുടുംബമാണു ദാനിയേലിനുണ്ടായ ദർശനത്തിന്റെ കേന്ദ്രഭാഗം. യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന ദൂതപുത്രന്മാരുടെ സംഖ്യ “ആയിരത്തിന്റെ ആയിരം മടങ്ങും . . . പതിനായിരത്തിന്റെ പതിനായിരം മടങ്ങും” ആയിരുന്നെന്നു ദാനിയേൽ കണ്ടു. അവർ ഓരോരുത്തരും ആ സ്വർഗീയസദസ്സിൽ, സാധ്യതയനുസരിച്ച് അവരവരുടെ നിയമിതസ്ഥാനങ്ങളിൽ ഉപവിഷ്ടരായിരുന്നു. (ദാനി. 7:9, 10, 13-18) യഹസ്കേലിനുണ്ടായ ദിവ്യദർശനവും ആത്മവ്യക്തികളുടെ തേജോമയമായ ഇതേ കൂട്ടത്തെത്തന്നെയാണു ചിത്രീകരിച്ചത് എന്നു നിഗമനം ചെയ്യുന്നതു ന്യായമല്ലേ?
12. സ്വർഗീയരഥത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ ദർശനവും സമാനമായ മറ്റു ഭാഗങ്ങളും പഠിക്കുന്നതു നമുക്കൊരു സംരക്ഷണമായിരിക്കുന്നത് എങ്ങനെ?
12 ‘കാണാത്ത കാര്യങ്ങൾ’ എന്നു പൗലോസ് അപ്പോസ്തലൻ വിളിച്ച ആ സ്വർഗീയയാഥാർഥ്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നതു മനുഷ്യരായ നമുക്ക് ഒരു സംരക്ഷണമാണെന്ന് യഹോവയ്ക്ക് അറിയാം. എന്തുകൊണ്ട്? നമ്മൾ ജഡശരീരമുള്ള മനുഷ്യരായതുകൊണ്ട് ‘കാണുന്ന കാര്യങ്ങളെക്കുറിച്ച്,’ അതായത് നിലനിൽപ്പില്ലാത്ത ഭൗതികകാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചിന്തിക്കാൻ പ്രവണതയുള്ളവരാണ്. (2 കൊരിന്ത്യർ 4:18 വായിക്കുക.) ആ പ്രവണത മുതലെടുക്കാൻ വിരുതനാണു സാത്താൻ. നമ്മളെ ജഡികചിന്താഗതിയിലേക്കു തള്ളിവിടുകയാണ് അവന്റെ ലക്ഷ്യം. എന്നാൽ അത്തരം സമ്മർദങ്ങളെ ചെറുക്കാൻ നമ്മളെ സഹായിക്കുന്നതിന് സ്നേഹവാനായ യഹോവ തന്റെ സ്വർഗീയകുടുംബത്തിന്റെ മഹത്ത്വത്തെക്കുറിച്ചുള്ള ആവേശോജ്ജ്വലമായ അനേകം വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം ഓർമിപ്പിക്കലുകൾക്ക് ഒരു ഉദാഹരണം മാത്രമാണ് യഹസ്കേൽ പ്രവചനത്തിലെ ഈ ഭാഗം.
“കറങ്ങുംചക്രങ്ങളേ!”
13, 14. (എ) താൻ കണ്ട ചക്രങ്ങളെ യഹസ്കേൽ വർണിച്ചത് എങ്ങനെ? (ബി) യഹോവയുടെ രഥത്തിനു ചക്രങ്ങൾ ഉള്ളത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
13 തുടക്കത്തിൽ യഹസ്കേൽ ആ നാലു കെരൂബുകളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ ജീവികളും അവയുടെ അതിശയകരമായ രൂപവും യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്ന് ഈ പുസ്തകത്തിന്റെ 4-ാം അധ്യായത്തിൽ നമ്മൾ കാണും. എന്നാൽ ആ കെരൂബുകളോടു ചേർന്ന് നാലു ചക്രവും യഹസ്കേൽ കണ്ടു. സാധ്യതയനുസരിച്ച് ഒരു വലിയ സമചതുരത്തിന്റെ നാലു കോണിലായിരുന്നു ആ ചക്രങ്ങൾ. (യഹസ്കേൽ 1:16-18 വായിക്കുക.) കാഴ്ചയ്ക്ക് അവ പീതരത്നംകൊണ്ട് നിർമിക്കപ്പെട്ടതായി തോന്നി. സാധാരണഗതിയിൽ സുതാര്യമോ അർധതാര്യമോ ആയി കാണപ്പെടുന്ന ആ അമൂല്യരത്നത്തിനു പൊതുവേ മഞ്ഞ നിറമോ പച്ച കലർന്ന മഞ്ഞ നിറമോ ആണ്. അതിമനോഹരമായ ആ വസ്തു വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
14 യഹസ്കേലിന്റെ ദർശനത്തിൽ ആ രഥചക്രങ്ങൾക്കു വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ചക്രങ്ങളുള്ള ഒരു സിംഹാസനം! അതു തികച്ചും അസാധാരണമായി നിങ്ങൾക്കു തോന്നുന്നില്ലേ? സിംഹാസനം എന്നു കേൾക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു ഇരിപ്പിടമാണ് പൊതുവേ നമ്മുടെ മനസ്സിലേക്കു വരുക; അതു സ്വാഭാവികമാണുതാനും. കാരണം ഭൂമിയിലെ ഏതൊരു ഭരണാധികാരിയുടെയും അധികാരപ്രദേശത്തിന് ഒരു പരിധിയുണ്ട്. എന്നാൽ യഹോവയുടെ പരമാധികാരത്തെ അത്തരം മനുഷ്യഭരണാധിപത്യങ്ങളുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനാകില്ല. കാരണം യഹോവയുടെ പരമാധികാരത്തിനു പരിധികളില്ല. (നെഹ. 9:6) അതെ, ഈ പരമാധികാരിക്ക് എവിടെയും തന്റെ അധികാരം പ്രയോഗിക്കാം. ഇക്കാര്യം യഹസ്കേലും മനസ്സിലാക്കാൻപോകുകയായിരുന്നു.
15. ചക്രങ്ങളുടെ ഘടനയെയും വലുപ്പത്തെയും കുറിച്ച് യഹസ്കേൽ എന്തു രേഖപ്പെടുത്തി?
15 ആ ചക്രങ്ങളുടെ വലുപ്പം കണ്ട് യഹസ്കേൽ അന്ധാളിച്ചുപോയി. “കണ്ടാൽ ആർക്കും പേടി തോന്നുന്നത്ര ഉയരമുള്ളവയായിരുന്നു ചക്രങ്ങൾ” എന്ന് അദ്ദേഹം എഴുതി. വാനംമുട്ടെ ഉയർന്ന്, പ്രഭ ചൊരിഞ്ഞുനിൽക്കുന്ന ആ കൂറ്റൻ ചക്രങ്ങൾ കാണാൻ യഹസ്കേൽ തല ഉയർത്തി മുകളിലേക്കു നോക്കുന്നതു നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? അവയുടെ എടുത്തുപറയത്തക്ക ഒരു സവിശേഷതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു: “നാലു ചക്രത്തിന്റെയും വളയങ്ങൾ നിറയെ കണ്ണുകളായിരുന്നു.” എന്നാൽ ആ ചക്രങ്ങളുടെ ഘടനയായിരുന്നു ഏറ്റവും അത്ഭുതകരം. “ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം എന്ന രീതിയിലായിരുന്നു അതിന്റെ പണി” എന്നാണ് അദ്ദേഹം എഴുതിയത്. എന്തായിരുന്നു അതിന്റെ അർഥം?
16, 17. (എ) രഥത്തിന്റെ ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം വരുന്ന ഘടന എങ്ങനെ വിശദീകരിക്കാം? (ബി) യഥേഷ്ടം നീങ്ങാൻ യഹോവയുടെ വാഹനത്തെ ചക്രങ്ങൾ സഹായിക്കുന്നത് എങ്ങനെ?
16 യഹസ്കേൽ കണ്ട ഓരോ ചക്രവും വാസ്തവത്തിൽ രണ്ടു ചക്രങ്ങൾ ചേർന്നതാണ്. തെളിവനുസരിച്ച് അവ രണ്ടും നെടുകെയുള്ള ഒരു അച്ചുതണ്ടിൽ മട്ടകോണിൽ പിടിപ്പിച്ചവയായിരുന്നു. അതുകൊണ്ടാണ് യഹസ്കേൽ രേഖപ്പെടുത്തിയതുപോലെ, ‘അവയ്ക്കു തിരിയാതെതന്നെ നാലു ദിശയിൽ ഏതിലേക്കു വേണമെങ്കിലും പോകാൻ’ സാധിച്ചത്. യഹസ്കേൽ കണ്ട സ്വർഗീയവാഹനത്തെക്കുറിച്ച് ഈ ചക്രങ്ങൾ എന്താണു വെളിപ്പെടുത്തുന്നത്?
17 ഇത്രയേറെ ഉയരമുള്ള ആ ചക്രങ്ങൾക്ക് ഒറ്റ കറക്കംകൊണ്ടുതന്നെ കുറെയേറെ ദൂരം പിന്നിടാനാകും. വാസ്തവത്തിൽ ആ വാഹനം മിന്നൽപ്പിണരിന്റെ വേഗത്തിൽ സഞ്ചരിക്കുന്നു എന്നാണു ദർശനം സൂചിപ്പിച്ചത്. (യഹ. 1:14) ഏതു ദിശയിലേക്കും അനായാസം സഞ്ചരിക്കാവുന്ന ആ ചക്രങ്ങളുടെ അസാധാരണഘടന ഇന്നത്തെ എഞ്ചിനീയർമാരിൽ അസൂയ ജനിപ്പിക്കാൻപോന്നവയാണ്. വേഗം ഒട്ടും കുറയ്ക്കാതെതന്നെ ഈ വാഹനത്തിനു ദിശ മാറ്റാനാകും, അതിനായി തിരിയേണ്ട ആവശ്യംപോലും ഇല്ല! എന്നാൽ മുന്നുംപിന്നും നോക്കാതെയുള്ള ഒരു പാച്ചിലല്ല അത്. ചക്രങ്ങളിൽ കാണുന്ന കണ്ണുകൾ സൂചിപ്പിക്കുന്നത്, ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ആ വാഹനം അറിയുന്നുണ്ട് എന്നാണ്; അതിന്റെ ശ്രദ്ധയിൽപ്പെടാത്തതായി ഒന്നുമില്ല.
18. ചക്രങ്ങളുടെ അസാധാരണവലുപ്പവും അവയിൽ നിറയെയുള്ള കണ്ണുകളും നമ്മളെ എന്തു പഠിപ്പിക്കുന്നു?
18 ഇതിലൂടെ തന്റെ സംഘടനയുടെ സ്വർഗീയഭാഗത്തെക്കുറിച്ച് യഹസ്കേലിനെയും എല്ലാ വിശ്വസ്തമനുഷ്യരെയും എന്തു പഠിപ്പിക്കാനാണ് യഹോവ ആഗ്രഹിച്ചത്? ഇതുവരെ നമ്മൾ എന്തെല്ലാമാണു മനസ്സിലാക്കിയതെന്നു നോക്കുക. ചക്രങ്ങളുടെ തിളക്കവും വലുപ്പവും സൂചിപ്പിക്കുന്നത് ആ സ്വർഗീയഭാഗം മഹത്ത്വമാർന്നതും ഭയാദരവ് ഉണർത്തുന്നതും ആണ് എന്നാണ്. ഇനി അത് എല്ലാം അറിയുന്നുണ്ട് എന്നാണു ചക്രങ്ങളിൽ നിറയെയുള്ള കണ്ണുകൾ സൂചിപ്പിക്കുന്നത്. യഹോവയുടെതന്നെ കണ്ണുകൾ എല്ലാം കാണുന്നുണ്ട്. (സുഭാ. 15:3; യിരെ. 23:24) അതു കൂടാതെ യഹോവയിൽനിന്ന് ആജ്ഞ ലഭിച്ചാൽ പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും പോകാൻ സന്നദ്ധരായി നിൽക്കുന്ന ദശലക്ഷക്കണക്കിനു ദൂതസേവകരും യഹോവയ്ക്കുണ്ട്. അവർ പോയി കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിട്ട് തിരികെ വന്ന് തങ്ങളുടെ പരമാധികാരിയെ വിവരം ധരിപ്പിക്കും.—എബ്രായർ 1:13, 14 വായിക്കുക.
19. യഹോവയുടെ രഥത്തിന്റെ വേഗം, യഥേഷ്ടം സഞ്ചരിക്കാനുള്ള പ്രാപ്തി എന്നിവ യഹോവയെയും യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെയും കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
19 ആ രഥത്തിന് അതിവേഗത്തിൽ യഥേഷ്ടം സഞ്ചരിക്കാനാകുമെന്നും നമ്മൾ കണ്ടു. എന്നാൽ യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തോടു തുലനം ചെയ്യാൻപോലും കഴിയാത്തവയാണ് ഇന്നത്തെ മാനുഷ ഗവൺമെന്റുകളും സംഘടനകളും സ്ഥാപനങ്ങളും! മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ടു നീങ്ങാനാകാതെ അവ ഇരുട്ടത്ത് തപ്പിത്തടയുകയാണ്. വൈകാതെ അവയെല്ലാം പരാജയമടയും, നാശമാണ് അവയെ കാത്തിരിക്കുന്നത്. എന്നാൽ യഹോവയുടെ രഥം, അതിനെ നിയന്ത്രിക്കുന്ന യഹോവയെപ്പോലെതന്നെ വഴക്കമുള്ളതാണ്. സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്താൻ അതിനാകും. യഹോവയ്ക്ക്, തന്റെ പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തന്റെ ഉദ്ദേശ്യം നിറവേറ്റാൻ എന്തും ആയിത്തീരാനാകും. (പുറ. 3:13, 14) ഉദാഹരണത്തിന്, യഹോവയ്ക്കു ഞൊടിയിടകൊണ്ട് തന്റെ ജനത്തിനുവേണ്ടി പോരാടുന്ന ഒരു വീരയോദ്ധാവാകാനാകും. എന്നാൽ അതേ ദൈവത്തിന് ഒരു നിമിഷാർധത്തിനുള്ളിൽ, പശ്ചാത്താപവിവശരായ പാപികൾക്കു കൈത്താങ്ങേകി അവരെ പൂർവസ്ഥിതിയിലാക്കുന്ന, അവരോടു കരുണാർദ്രമായി ക്ഷമിക്കുന്ന ഒരുവനാകാനും കഴിയും.—സങ്കീ. 30:5; യശ. 66:13.
20. യഹോവയുടെ രഥത്തോടു നമുക്കു ഭക്ത്യാദരവ് തോന്നേണ്ടത് എന്തുകൊണ്ട്?
20 യഹസ്കേലിന്റെ ദർശനത്തെക്കുറിച്ച് ഇത്രയും പഠിച്ചപ്പോൾ നമ്മൾ നമ്മോടുതന്നെ ഇങ്ങനെ ചോദിച്ചേക്കാം: ‘യഹോവയുടെ രഥത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ അത്ഭുതവും ആദരവും നിറയുന്നുണ്ടോ?’ ആ രഥം ഇപ്പോൾ അതിവേഗം നീങ്ങുകയാണ്. അക്കാര്യം ഓർക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. നമ്മളെ നിരാശയിലാഴ്ത്തുന്ന ഒരു പ്രശ്നം, യഹോവയും യേശുവും ദൂതന്മാരും കാണുന്നില്ലെന്നു നമ്മൾ ഒരിക്കലും കരുതരുത്. ഇനി, ദൈവം നമ്മുടെ ആവശ്യങ്ങളോടു പ്രതികരിക്കാൻ വൈകുമെന്നോ അസ്ഥിരമായ ഈ ലോകത്തിലെ പുതിയപുതിയ വെല്ലുവിളികൾക്കനുസരിച്ച് ഗതിമാറാൻ ദൈവത്തിന്റെ സംഘടനയ്ക്കാകില്ലെന്നോ ചിന്തിച്ച് ഉത്കണ്ഠപ്പെടുകയുമരുത്. യഹോവയുടേതു സദാ ചലിച്ചുകൊണ്ടിരിക്കുന്ന, പ്രവർത്തനനിരതമായ ഒരു സംഘടനയാണെന്ന് ഓർക്കുക. സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ആ രഥചക്രങ്ങളെ “കറങ്ങുംചക്രങ്ങളേ!” എന്നു വിളിച്ചതായി യഹസ്കേൽ കേട്ടതിനെക്കുറിച്ചും ചിന്തിക്കുക. സാധ്യതയനുസരിച്ച് അത്, ആ ചക്രങ്ങൾ ഒരു പ്രത്യേകദിശയിൽ നീങ്ങാനുള്ള കല്പനയായിരുന്നു. (യഹ. 10:13) യഹോവ തന്റെ സംഘടനയെ നയിക്കുന്നത് എങ്ങനെയെന്ന് ഓർക്കുമ്പോൾ നമ്മിൽ ഭക്ത്യാദരവ് നിറയുന്നില്ലേ? എന്നാൽ നമ്മുടെ ഭക്ത്യാദരവിന് ഏറ്റവും അർഹൻ യഹോവ മാത്രമാണ്!
നിയന്ത്രിക്കുന്നത് ആര്?
21, 22. രഥഭാഗങ്ങളെ ഒന്നിപ്പിച്ചുനിറുത്തുന്നത് എന്താണ്? വിശദീകരിക്കുക.
21 ആ ചക്രങ്ങൾക്കു മീതെ യഹസ്കേൽ എന്താണു കണ്ടത്? അദ്ദേഹം പറഞ്ഞു: “മീതെ വിതാനംപോലുള്ള ഒന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞുകട്ടയുടേതുപോലെയായിരുന്നു അതിന്റെ തിളക്കം.” (യഹ. 1:22) കെരൂബുകൾക്കു മീതെ, അങ്ങ് ഉയരത്തിൽ അർധതാര്യമായ ആ വിതാനം ഉജ്ജ്വലശോഭയോടെ പരന്നുകിടന്നു. എന്നാൽ ഇപ്പോൾ ആ വാഹനത്തിന്റെ പ്രവർത്തനവിധത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ മനസ്സിൽ നൂറു ചോദ്യങ്ങൾ ഉയർന്നേക്കാം: ‘ചക്രങ്ങൾക്കു മുകളിൽ വിതാനത്തെ താങ്ങിനിറുത്തുന്നത് എന്താണ്? ചക്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒന്നുമില്ലാതെ അവ എങ്ങനെ പ്രവർത്തിക്കാനാണ്?’ ഈ വാഹനം ഭൗതികനിയമങ്ങൾക്ക് അതീതമാണ് എന്ന് ഓർക്കുക. ആത്മമണ്ഡലത്തിലെ ഒരു യാഥാർഥ്യത്തിന്റെ വെറുമൊരു ആലങ്കാരികചിത്രീകരണമാണ് ഇത്. ശ്രദ്ധേയമായ മറ്റൊരു കാര്യവും യഹസ്കേൽ പറഞ്ഞു: “ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് ചക്രങ്ങളിലുമുണ്ടായിരുന്നു.” (യഹ. 1:20, 21) അതെ, കെരൂബുകളിലും ചക്രങ്ങളിലും പ്രവർത്തിച്ചതു ദൈവത്തിന്റെ ആത്മാവായിരുന്നു.
22 പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണു പരിശുദ്ധാത്മാവ്. പ്രവർത്തനനിരതമായ ആ ശക്തിയാണു വാഹനത്തിന്റെ ഭാഗങ്ങളെ ഒന്നിപ്പിച്ചുനിറുത്തുന്നത്, അതിനു ശക്തി പകരുന്നത്, അതിന്റെ ചലനങ്ങളെ അതീവകൃത്യതയോടെ ഏകോപിപ്പിക്കുന്നത്. അടുത്തതായി, യഹസ്കേലിന്റെ കണ്ണുകൾ നമ്മളെ എവിടേക്കാണു കൂട്ടിക്കൊണ്ടുപോകുന്നത്? രഥം നിയന്ത്രിക്കുന്ന വ്യക്തിയിലാണ് ആ നോട്ടം പതിഞ്ഞത്.
അവർണനീയമായ ആ ദൃശ്യങ്ങൾ വാക്കുകളിലാക്കാൻ യഹസ്കേൽ വളരെ പ്രയാസപ്പെട്ടു
23. യഹോവയെ വർണിക്കാൻ യഹസ്കേൽ ഏതുതരം പദപ്രയോഗങ്ങളാണ് ഉപയോഗിച്ചത്, എന്തുകൊണ്ട്?
23 യഹസ്കേൽ 1:26-28 വായിക്കുക. ഈ ദിവ്യദർശനം വിവരിക്കുന്നതിനിടെ യഹസ്കേൽ പലപ്പോഴും “കാഴ്ചയ്ക്ക് . . . പോലിരുന്നു,” “പോലുള്ള എന്തോ ഒന്ന്,” “പോലെ തോന്നിച്ചു,” “പോലെ തോന്നിക്കുന്ന” എന്നതുപോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഈ വാക്യങ്ങളിലാകട്ടെ അത്തരം പദപ്രയോഗങ്ങൾ കൂടെക്കൂടെ കാണുന്നുണ്ട്. അവർണനീയമെന്നു പറയാവുന്ന ആ ദൃശ്യങ്ങൾ വാക്കുകളിലാക്കാൻ പ്രവാചകൻ വളരെ പ്രയാസപ്പെട്ടു എന്നതിന്റെ സൂചനയാകാം അത്. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള ഒന്നു ഞാൻ കണ്ടു. അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.” ഒരു കൂറ്റൻ ഇന്ദ്രനീലക്കല്ലിൽ തീർത്ത സിംഹാസനം നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? അതിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു, “മനുഷ്യനെപ്പോലുള്ള ഒരാൾ.”
24, 25. (എ) യഹോവയുടെ സിംഹാസനത്തിനു ചുറ്റുമുള്ള മഴവില്ല് എന്താണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്? (ബി) ചിലപ്പോഴൊക്കെ ഇത്തരം ദിവ്യദർശനങ്ങൾ വിശ്വസ്തപുരുഷന്മാരെ എങ്ങനെ ബാധിച്ചിട്ടുണ്ട്?
24 യഹോവയുടെ മഹനീയരൂപമായിരുന്നു അത്. എന്നാൽ അരയ്ക്കു കീഴ്പോട്ടും മേൽപ്പോട്ടും ഉള്ള ഭാഗത്തുനിന്ന് തേജസ്സിന്റെ തീജ്വാലകൾ പുറപ്പെട്ടിരുന്നതുകൊണ്ട് ആ രൂപം കാഴ്ചയ്ക്ക് അത്ര വ്യക്തമായിരുന്നില്ല. കണ്ണഞ്ചിക്കുന്ന ശോഭയുള്ള ആ രൂപത്തിലേക്കു നോക്കാൻ പാടുപെടുന്ന പ്രവാചകനെ നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ഒടുവിൽ യഹസ്കേൽ അത്യത്ഭുതകരമായ ഈ ദൃശ്യവും വർണിച്ചു: “ഉജ്ജ്വലമായ ഒരു പ്രഭാവലയം ആ രൂപത്തിനു ചുറ്റുമുണ്ടായിരുന്നു. മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള ശോഭയായിരുന്നു അതിന്.” ആകാശത്ത് ഒരു മഴവില്ല് കാണുമ്പോൾ നിങ്ങൾക്ക് ആവേശം തോന്നാറില്ലേ? നമ്മുടെ സ്രഷ്ടാവിന്റെ തേജസ്സിനെ ഓർമപ്പെടുത്തുന്ന എത്ര ഉജ്ജ്വലമായ ഒരു ചിത്രം! വർണശബളവും പ്രശാന്തസുന്ദരവും ആയ മഴവില്ല്, പ്രളയശേഷം യഹോവ സമാധാനയുടമ്പടി ചെയ്ത കാര്യവും നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. (ഉൽപ. 9:11-16) സർവശക്തനാണെങ്കിലും യഹോവ സമാധാനത്തിന്റെ ദൈവമാണ്. (എബ്രാ. 13:20) യഹോവയുടെ ഹൃദയത്തിൽ സമാധാനം വാഴുന്നു. തന്നെ വിശ്വസ്തമായി ആരാധിക്കുന്ന എല്ലാവരിലേക്കും അതു വ്യാപിക്കുകയും ചെയ്യുന്നു.
25 ദൈവമായ യഹോവയുടെ മഹത്ത്വത്തിന്റെ ഈ ചിത്രീകരണം യഹസ്കേലിനെ എങ്ങനെയാണു ബാധിച്ചത്? അദ്ദേഹം എഴുതി: “അതു കണ്ട് ഞാൻ കമിഴ്ന്നുവീണു.” ദൈവഭയം നിറഞ്ഞ്, അത്ഭുതപരവശനായി യഹസ്കേൽ നിലത്ത് വീണു. യഹോവയിൽനിന്ന് ദർശനം ലഭിച്ചപ്പോൾ മറ്റു പ്രവാചകന്മാരും ഇതേപോലെ പ്രതികരിച്ചിട്ടുണ്ട്. അതെ, ഒരാളെ അങ്ങേയറ്റം വിനയാന്വിതനും വികാരാധീനനും ആക്കാൻപോന്നതാണ് ഇത്തരം അനുഭവങ്ങൾ. (യശ. 6:1-5; ദാനി. 10:8, 9; വെളി. 1:12-17) എന്നാൽ യഹോവ വെളിപ്പെടുത്തിക്കൊടുത്ത അക്കാര്യങ്ങൾ പിൽക്കാലത്ത് ആ പുരുഷന്മാർക്ക് ഏറെ കരുത്തേകി. യഹസ്കേലിന്റെ കാര്യത്തിലും അതു സത്യമായിരുന്നു. അങ്ങനെയെങ്കിൽ ഇത്തരം തിരുവെഴുത്തുവിവരണങ്ങൾ വായിക്കുന്നതു നമ്മളെയും ബലപ്പെടുത്തേണ്ടതല്ലേ?
26. യഹസ്കേൽ കണ്ട ദിവ്യദർശനം അദ്ദേഹത്തെ ബലപ്പെടുത്തിയത് എങ്ങനെയായിരിക്കാം?
26 ബാബിലോണിൽ കഴിയുന്ന ദൈവജനത്തെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ യഹസ്കേലിനെ അലട്ടിയിരുന്നെങ്കിൽ ഈ ദിവ്യദർശനം അദ്ദേഹത്തെ ബലപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു വിശ്വസ്തരായിരുന്നവർ യരുശലേമിലാണോ ബാബിലോണിലാണോ അതോ മറ്റ് എവിടെയെങ്കിലുമാണോ എന്നതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. യഹോവയുടെ അതിഗംഭീരമായ രഥത്തിന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളല്ലായിരുന്നു അതൊന്നും! വിശ്വസ്തരായ ആത്മവ്യക്തികൾ ചേർന്ന, തേജോമയമായ ആ സ്വർഗീയരഥത്തിന്റെ സാരഥിയായ യഹോവയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാത്താന്റെ ചൊൽപ്പടിയിലുള്ള ഏതു ശക്തിക്കാണു കഴിയുക? (സങ്കീർത്തനം 118:6 വായിക്കുക.) ആ സ്വർഗീയവാഹനം മനുഷ്യരിൽനിന്ന് ഏറെ അകലെയല്ലെന്നും യഹസ്കേൽ മനസ്സിലാക്കി. കാരണം അതിന്റെ ചക്രങ്ങൾ നിലത്ത്, അതായത് ഭൂമിയിൽ, സ്പർശിച്ചിട്ടുണ്ടായിരുന്നു. (യഹ. 1:19) അതെ, പ്രവാസികളായി കഴിയുകയായിരുന്ന തന്റെ വിശ്വസ്തദാസന്മാരുടെ കാര്യത്തിൽ യഹോവയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. അവർ എപ്പോഴും അവരുടെ സ്നേഹവാനായ പിതാവിന്റെ എത്തുപാടിൽത്തന്നെയായിരുന്നു!
സ്വർഗീയരഥവും നിങ്ങളും
27. യഹസ്കേൽ കണ്ട ദിവ്യദർശനത്തിന് ഇക്കാലത്ത് എന്തെങ്കിലും പ്രസക്തിയുണ്ടോ?
27 യഹസ്കേൽ കണ്ട ദിവ്യദർശനത്തിന് ഇക്കാലത്ത് എന്തെങ്കിലും പ്രസക്തിയുണ്ടോ? തീർച്ചയായും. യഹോവയുടെ ശുദ്ധാരാധനയ്ക്കു നേരെ സാത്താൻ ഇന്നു മുമ്പെന്നത്തെക്കാൾ ശക്തിയോടെ ആക്രമണം ഇളക്കിവിടുകയാണ്. നമ്മൾ ഒറ്റയ്ക്കാണെന്നും മറ്റാരും കൂടെയില്ലെന്നും നമ്മൾ സ്വർഗീയപിതാവിന്റെയും ദൈവത്തിന്റെ സംഘടനയുടെയും എത്തുപാടിലല്ലെന്നും നമ്മളെ വിശ്വസിപ്പിക്കാനാണ് അവന്റെ ശ്രമം. അത്തരം നുണകൾ നിങ്ങളുടെ മനസ്സിലോ ഹൃദയത്തിലോ വേരുപിടിക്കാൻ ഒരിക്കലും അനുവദിക്കരുത്. (സങ്കീ. 139:7-12) യഹസ്കേലിന്റെ കാര്യത്തിലെന്നപോലെ ഇന്നു നമ്മുടെ മനസ്സിലും ഭക്ത്യാദരവ് നിറയാൻ നിരവധി കാരണങ്ങളുണ്ട്. എന്നുവെച്ച് നമ്മൾ അദ്ദേഹത്തെപ്പോലെ അത്ഭുതപരവശരായി നിലത്ത് വീണുപോകില്ലായിരിക്കാം. എന്നാൽ യഹോവയുടെ സാർവത്രികസംഘടനയുടെ സ്വർഗീയഭാഗത്തിന്റെ ശക്തി, വേഗം, യഥേഷ്ടം സഞ്ചരിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താനും ഉള്ള കഴിവ്, അതിന്റെ തേജസ്സ് എന്നിവ നമ്മിലും അതിശയം ജനിപ്പിക്കേണ്ടതല്ലേ?
28, 29. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ യഹോവയുടെ രഥം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
28 യഹോവയുടെ സംഘടനയ്ക്ക് ഒരു ഭൗമികഭാഗവും ഉണ്ടെന്ന് ഓർക്കുക. അപൂർണമനുഷ്യർ ചേർന്നതാണ് ആ ഭാഗമെങ്കിലും യഹോവ ഭൂമിയിൽ എന്തെല്ലാം കാര്യങ്ങളാണു സാധിച്ചിരിക്കുന്നത്! ഭൂവ്യാപകമായി, നിസ്സാരരായ മനുഷ്യർക്കു സ്വന്തശക്തിയാൽ ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ അവരെ സഹായിച്ചിരിക്കുന്നു. (യോഹ. 14:12) ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിന്റെ താളുകളിലൂടെ ഒന്നു കണ്ണോടിച്ചാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് പ്രസംഗപ്രവർത്തനത്തിൽ കൈവരിച്ച അത്ഭുതാവഹമായ നേട്ടങ്ങൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. കൂടാതെ, സത്യക്രിസ്ത്യാനികൾക്കായുള്ള വിദ്യാഭ്യാസപരിപാടികൾ നടത്തുന്നതിലും നിയമവിജയങ്ങൾ നേടുന്നതിലും ദൈവേഷ്ടം ചെയ്യാനായി അത്യാധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും യഹോവയുടെ സംഘടന നടത്തിയ മുന്നേറ്റങ്ങളും അതു നമ്മളെ ഓർമിപ്പിക്കും.
29 ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അവസാനനാളുകളിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഓർക്കുമ്പോൾ യഹോവയുടെ രഥം കുതിച്ചുപായുകയാണെന്നു കൂടുതൽ വ്യക്തമാകും. ഈ സംഘടനയോടൊപ്പം പ്രവർത്തിക്കാനും ഇതുപോലൊരു ഭരണാധികാരിയെ സേവിക്കാനും കഴിയുന്നത് എത്ര വലിയൊരു പദവിയാണ്!—സങ്കീ. 84:10.
30. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
30 എന്നാൽ യഹസ്കേലിന്റെ ദർശനത്തിൽനിന്നുള്ള പാഠങ്ങൾ ഇതുകൊണ്ട് തീരുന്നില്ല. അടുത്ത അധ്യായത്തിൽ, അതിശയകരമായ രൂപമുള്ള ആ നാലു ‘ജീവികളെക്കുറിച്ച്,’ അഥവാ കെരൂബുകളെക്കുറിച്ച്, നമ്മൾ വിശദമായി പഠിക്കും. യഹോവ എന്ന തേജോമയനായ പരമാധികാരിയെക്കുറിച്ച് അവ നമ്മളെ എന്തെല്ലാം പഠിപ്പിക്കും?
a ഇതു സ്വർണവും വെള്ളിയും ചേർന്ന ഒരു സങ്കരലോഹമാണെന്ന് യഹസ്കേൽ പറഞ്ഞു.
b ഇതു നേർരേഖയിലുള്ള ദൂരമായിരുന്നു. ഒരുപക്ഷേ ബന്ദികളെ കൊണ്ടുപോയ വഴി ഇതിന്റെ ഇരട്ടി ദൂരം വരും.