ദാനിയേൽ
10 പേർഷ്യൻ രാജാവായ കോരെശിന്റെ വാഴ്ചയുടെ മൂന്നാം വർഷം,+ ബേൽത്ത്ശസ്സർ എന്നു വിളിച്ചിരുന്ന ദാനിയേലിന്+ ഒരു വെളിപാടു ലഭിച്ചു. സന്ദേശം സത്യമായിരുന്നു; വലിയൊരു പോരാട്ടത്തെക്കുറിച്ചായിരുന്നു അത്. ദാനിയേലിനു സന്ദേശം മനസ്സിലായി. കണ്ടതു നന്നായി ഗ്രഹിക്കാൻ ദാനിയേലിനു സഹായം ലഭിച്ചു.
2 അക്കാലത്ത്, ദാനിയേൽ എന്ന ഞാൻ മൂന്ന് ആഴ്ചക്കാലം ദുഃഖാചരണത്തിലായിരുന്നു.+ 3 വിശിഷ്ടവിഭവങ്ങളൊന്നും ഞാൻ കഴിച്ചില്ല, ഇറച്ചിയോ വീഞ്ഞോ തൊട്ടില്ല, മൂന്ന് ആഴ്ചക്കാലം ദേഹത്ത് എണ്ണ തേച്ചുമില്ല. 4 ഒന്നാം മാസം 24-ാം ദിവസം. ഞാൻ ടൈഗ്രിസ്*+ മഹാനദിയുടെ തീരത്തായിരുന്ന സമയം. 5 ഞാൻ തല പൊക്കി നോക്കിയപ്പോൾ അതാ, ലിനൻവസ്ത്രം ധരിച്ച ഒരാൾ!+ അദ്ദേഹത്തിന്റെ അരയിൽ ഊഫാസിലെ സ്വർണംകൊണ്ടുള്ള അരപ്പട്ടയുണ്ടായിരുന്നു. 6 അദ്ദേഹത്തിന്റെ ശരീരം പീതരത്നംപോലെയിരുന്നു!+ മുഖത്തിനു മിന്നൽപ്പിണരിന്റെ പ്രകാശമായിരുന്നു! കണ്ണുകൾ തീപ്പന്തംപോലെ ജ്വലിച്ചു! കൈയും കാലും തേച്ചുമിനുക്കിയ ചെമ്പുപോലിരുന്നു!+ ജനക്കൂട്ടത്തിന്റെ ആരവംപോലിരുന്നു അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം. 7 ദാനിയേൽ എന്ന ഞാൻ മാത്രമാണു ദർശനം കണ്ടത്. എന്റെ കൂടെയുണ്ടായിരുന്നവർ അതു കണ്ടില്ല.+ എങ്കിലും വല്ലാത്തൊരു പേടി അവരെ പിടികൂടി; അവർ ഓടിയൊളിച്ചു.
8 അങ്ങനെ, ഞാൻ ഒറ്റയ്ക്കായി. ഈ മഹാദർശനം കണ്ടപ്പോൾ എന്റെ ശക്തി മുഴുവൻ ചോർന്നുപോയി, എന്റെ ചൈതന്യം നഷ്ടമായി. എനിക്ക് ഒട്ടും ബലമില്ലാതായി.+ 9 അപ്പോൾ, അദ്ദേഹം സംസാരിക്കുന്നതു ഞാൻ കേട്ടു. പക്ഷേ, അതു കേട്ടപ്പോൾ ഞാൻ ഗാഢനിദ്രയിലായി; നിലത്ത് കമിഴ്ന്നുകിടന്ന് ഞാൻ ഉറങ്ങി.+ 10 അപ്പോൾ, ഒരു കൈ എന്നെ തൊട്ടു.+ അത് എന്നെ കുലുക്കിവിളിച്ചപ്പോൾ ഞാൻ മുട്ടുകുത്തി കൈകൾ ഊന്നി നിന്നു. 11 അപ്പോൾ, അദ്ദേഹം പറഞ്ഞു:
“എത്രയും പ്രിയപ്പെട്ട* ദാനിയേലേ,+ ഞാൻ പറയാൻപോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കണം. എഴുന്നേറ്റുനിൽക്ക്! നിന്നെ വന്നുകാണാനാണ് എന്നെ അയച്ചത്.”
അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ വിറച്ചുവിറച്ച് എഴുന്നേറ്റുനിന്നു.
12 അദ്ദേഹം എന്നോടു പറഞ്ഞു: “ദാനിയേലേ, പേടിക്കേണ്ടാ.+ നീ ഗ്രാഹ്യം നേടാൻ മനസ്സുവെച്ച് നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തിയ ആദ്യദിവസംമുതലേ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ പ്രാർഥന നിമിത്തമാണു ഞാൻ വന്നത്.+ 13 പക്ഷേ, പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രഭു+ 21 ദിവസം എന്നോട് എതിർത്തുനിന്നു. എന്നാൽ, പ്രധാനപ്രഭുക്കന്മാരിൽ* ഒരാളായ മീഖായേൽ*+ അപ്പോൾ എന്നെ സഹായിക്കാൻ വന്നു. ഞാനോ അവിടെ പേർഷ്യൻ രാജാക്കന്മാരുടെ അടുത്ത് നിന്നു. 14 അവസാനനാളുകളിൽ നിന്റെ ജനത്തിന് എന്തു സംഭവിക്കുമെന്നു നിന്നെ അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്.+ കാരണം, ആ ദിവ്യദർശനം ഭാവിയിലേക്കുള്ളതാണ്.”+
15 അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ തല കുനിച്ചു; എനിക്കു മിണ്ടാൻ പറ്റാതായി. 16 അപ്പോൾ, മനുഷ്യനെപ്പോലിരിക്കുന്ന ആൾ എന്റെ ചുണ്ടുകളിൽ തൊട്ടു.+ ഞാൻ വായ് തുറന്ന് എന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയോടു പറഞ്ഞു: “എന്റെ യജമാനനേ, ദിവ്യദർശനം കാരണം ഞാൻ പേടിച്ചുവിറയ്ക്കുകയാണ്. എനിക്ക് ഒട്ടും ബലമില്ല.+ 17 പിന്നെ, ഈ ദാസൻ യജമാനനോട് എങ്ങനെ സംസാരിക്കും?+ ഇപ്പോൾ എനിക്ക് ഒട്ടും ബലമില്ല; എന്നിൽ ശ്വാസംപോലും ബാക്കിയില്ല.”+
18 മനുഷ്യനെപ്പോലിരിക്കുന്ന ആൾ എന്നെ വീണ്ടും തൊട്ട് ബലപ്പെടുത്തി.+ 19 എന്നിട്ട്, എന്നോടു പറഞ്ഞു: “വളരെ പ്രിയപ്പെട്ടവനേ,*+ പേടിക്കേണ്ടാ.+ നിനക്കു സമാധാനമുണ്ടാകട്ടെ.+ ധൈര്യമായിരിക്കൂ! നീ ധൈര്യമായിരിക്കൂ!” അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾ എനിക്കു ബലം കിട്ടി. ഞാൻ പറഞ്ഞു: “എന്റെ യജമാനനേ, പറഞ്ഞാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ.”
20 അപ്പോൾ, അദ്ദേഹം പറഞ്ഞു: “ഞാൻ വന്നത് എന്തിനാണെന്നു നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ പേർഷ്യൻ പ്രഭുവിനോടു പോരാടാൻ തിരിച്ചുപോകും.+ ഞാൻ പോകുമ്പോൾ ഗ്രീസിന്റെ പ്രഭു വരും. 21 എങ്കിലും, സത്യലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം. നിങ്ങളുടെ പ്രഭുവായ+ മീഖായേലല്ലാതെ+ ഇക്കാര്യങ്ങളിൽ എനിക്ക് ഇത്ര നല്ല പിന്തുണ തരുന്ന മറ്റാരുമില്ല.