മെദോ-പേർഷ്യ—ബൈബിൾ ചരിത്രത്തിലെ നാലാമത്തെ ലോകമഹച്ഛക്തി
മേദ്യരും പേർഷ്യരും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന അനേകം സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവർ അനേകം ബൈബിൾ പ്രവചനങ്ങളിലും പരാമർശിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ പുരാതനവും താൽപ്പര്യമുണർത്തുന്നവരുമായ ഈ ആളുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇഷ്ടപ്പെടുന്നുവോ?
പുരാതന മേദ്യരും പേർഷ്യരും മാർച്ചുചെയ്തുകൊണ്ടിരിക്കയായിരുന്നു! അവരുടെ നേതാവ് മഹാനായ കോരേശായിരുന്നു. അയാൾ അപ്പോൾത്തന്നെ ഒരു സാമ്രാജ്യത്തെ നിയന്ത്രിച്ചിരുന്നു. ഇപ്പോൾ അയാൾ അന്നത്തെ മുഖ്യ ലോകശക്തിയായിരുന്ന ശക്തമായ ബാബിലോന്റെമേൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ബാബിലോന്റെ തലസ്ഥാന നഗരിക്കുള്ളിൽ ബേൽശസ്സർ രാജാവ് ഒരായിരം മഹത്തുക്കൾക്കുവേണ്ടി ഒരു വിരുന്നു കഴിക്കയായിരുന്നു. രാജാവ് “വീഞ്ഞിന്റെ സ്വാധീനത്തി”ലായിരുന്നു എന്ന് ബൈബിൾ പറയുന്നു. ആഹ്ലാദത്തിമർപ്പിൽ അവർ തങ്ങളുടെ വിഗ്രഹ ദൈവങ്ങളെ സ്തുതിച്ചു, അതേസമയം യെരുശലേമിലെ യഹോവയുടെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയിരുന്ന വിശുദ്ധ പാത്രങ്ങളിൽനിന്ന് കുടിക്കുകയും ചെയ്തു. (ദാനിയേൽ 5:1-4) ബാബിലോന്റെ ശക്തമായ അതിരുകൾക്കുള്ളിൽ അവർക്ക് സുരക്ഷിതത്വം തോന്നി.
എന്നിരുന്നാലും, വെളിയിൽ കോരേശിന്റെ സൈന്യം ബാബിലോനിലൂടെ ഒഴുകിയ യൂഫ്രട്ടീസ് നദിയിലെ വെള്ളങ്ങളുടെ ഗതി മാററിവിട്ടിരുന്നു. പ്രകൃതിപരമായ ആ തടസ്സം നീങ്ങിയപ്പോൾ അയാളുടെ പടയാളികൾ നദീതടത്തിലൂടെ ഇരച്ചുകയറി—ബാബിലോന്റെ ചുവരുകൾക്കപ്പുറത്തേക്കു കടക്കുകയും നദിക്ക് അഭിമുഖമായി ഉണ്ടായിരുന്ന തുറന്ന പടിവാതിലുകളിലൂടെ നഗരത്തിലേക്കുതന്നെ പ്രവേശിക്കുകയും ചെയ്തു. സൂര്യൻ ഉദിക്കുന്നതിനുമുമ്പ് ബേൽശസ്സർ മരിച്ചു. ബാബിലോൻ വീണിരുന്നു. മെദോ-പേർഷ്യ ബൈബിൾ ചരിത്രത്തിലെ നാലാം ലോകമഹച്ഛക്തിയായിത്തീർന്നിരുന്നു. എന്നാൽ ഈ മേദ്യരും പേർഷ്യരും ആരായിരുന്നു?
മേദ്യർ അസ്സീറിയായുടെ കിഴക്കുവശത്തെ പർവതപീഠഭൂമിയിൽ നിന്ന് വന്നവരായിരുന്നു. അസ്സീറിയായിൽ നിന്ന് കണ്ടെടുക്കപ്പെട്ട ചില ചുമർ കൊത്തുപണികൾ അവർ ഉയർന്ന പീഠഭൂമിയിലെ അവരുടെ ഇടയവേലക്ക് അനുയോജ്യമായ ആട്ടിൻതോൽ കൊണ്ടുള്ള കോട്ടുകളും അടിക്കുപ്പായങ്ങളും ഉയർന്ന ലേസുകളോടുകൂടിയ ബൂട്ട്സും ധരിച്ചിരുന്നതായി ചിത്രീകരിക്കുന്നു. മേദ്യർ ഫലത്തിൽ യാതൊരു ലിഖിതരേഖകളും അവശേഷിപ്പിച്ചിരുന്നില്ല. നാം അവരെക്കുറിച്ച് അറിയുന്നതിൽ അധികപങ്കും ബൈബിളിൽനിന്നും അസ്സീറിയൻപാഠങ്ങളിൽ നിന്നും പൗരാണിക ഗ്രീക്ക് ചരിത്രകാരൻമാരിൽനിന്നും മനസ്സിലാക്കിയിട്ടുള്ളതാണ്. ആദിയിൽ പേർഷ്യർ പേർഷ്യൻഗൾഫിന്റെ വടക്കൻ പ്രദേശത്ത് മിക്കപ്പോഴും ഒരു നാടോടിജീവിതം നയിച്ചിരുന്നു. അവരുടെ സാമ്രാജ്യം വളർന്നപ്പോൾ അവർ ആഡംബരത്തോട് ഒരു മുന്തിയ അഭിരുചി വളർത്തിയെടുത്തു.
ആദ്യം മേദ്യർ പ്രാമാണ്യമുള്ളവരായിരുന്നു, എന്നാൽ ക്രി.മു. 550-ൽ പേർഷ്യയിലെ മഹാനായ കോരേശ് മേദ്യരാജാവായ അസ്ററഗസിന്റെമേൽ ഒരു സത്വരവിജയം നേടി. കോരേശ് രണ്ട് ജനതതികളുടെയും ആചാരങ്ങളും നിയമങ്ങളും സംയോജിപ്പിക്കുകയും അവരുടെ രാജ്യങ്ങളെ ഒന്നിക്കുകയും അവയുടെമേലുള്ള വിജയങ്ങളെ വിപുലപ്പെടുത്തുകയും ചെയ്തു. മേദ്യർ പേർഷ്യർക്ക് അധീനപ്പെട്ടിരുന്നെങ്കിലും സാമ്രാജ്യത്തിന് ഒരു ഇരട്ട പ്രകൃതിയാണുണ്ടായിരുന്നത്. മേദ്യർ ഉയർന്ന ഉദ്യോഗങ്ങൾ വഹിക്കുകയും പേർഷ്യൻസൈന്യങ്ങളെ നയിക്കുകയും ചെയ്തിരുന്നു. വിദേശീയർ മേദ്യരെയും പേർഷ്യരെയും കുറിച്ചു പറഞ്ഞിരുന്നു. അല്ലെങ്കിൽ അവർ ഒരു പദം ഉപയോഗിച്ചിരുന്നെങ്കിൽ അത് “മേദ്യ” എന്നായിരുന്നു.
മേദ്യരും പേർഷ്യരും ബാബിലോനെ ആക്രമിക്കുന്നതിനുമുമ്പ് പ്രവാചകനായ ദാനിയേലിന് ഈ ഇരട്ട ജനതയെ പ്രതിനിധാനംചെയ്തിരുന്ന രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊററന്റെ ഒരു ദർശനം കൊടുക്കപ്പെട്ടിരുന്നു. ദാനിയേൽ ഇപ്രകാരം എഴുതി: “രണ്ടു കൊമ്പുകൾ നീണ്ടവയായിരുന്നു, എന്നാൽ ഒന്ന് മറേറതിനെക്കാൾ നീളംകൂടിയതായിരുന്നു, നീളം കൂടിയത് പിന്നീടു വന്നതായിരുന്നു.” ആട്ടുകൊററന്റെ താദാത്മ്യംസംബന്ധിച്ച് സംശയമുണ്ടായിരുന്നില്ല, എന്തുകൊണ്ടെന്നാൽ ദൂതൻ ദാനിയേലിനോട് ഇപ്രകാരം പറഞ്ഞു: “രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊററൻ മേദ്യയിലെയും പേർഷ്യയിലെയും രാജാക്കൻമാരെ പ്രതിനിധാനംചെയ്യുന്നു.”—ദാനിയേൽ 8:3, 20.
ബാബിലോൻ വീണപ്പോൾ ദാനിയേൽ അതിനുള്ളിലുണ്ടായിരുന്നു. അവൻ മേദ്യരുടെയും പേർഷ്യരുടെയും ആഗമനത്തിന് സാക്ഷിയായിരുന്നു. പുതുതായി ജയിച്ചടക്കപ്പെട്ട നഗരത്തിലെ ആദ്യ ഭരണാധികാരിയായിരുന്ന മേദ്യനായ ദാര്യാവേശ് ഭരണപ്രദേശത്തിന് 120 സംരക്ഷകരെ നിയമിച്ചു, അവരുടെമേൽ മൂന്ന് ഉദ്യോഗസ്ഥൻമാരെയും ആക്കിവെച്ചു. ദാനിയേൽ മൂവരിൽ ഒരാളായിരുന്നു. (ദാനിയേൽ 5:30-6:3) ബാബിലോൻ വീണതിനു മുമ്പും ശേഷവുമുള്ള അവന്റെ ഉയർന്ന ഭരണപദവിയുടെ വീക്ഷണത്തിൽ, കോരേശ് എന്നു പേരുള്ള ഒരു മനുഷ്യൻ ബാബിലോനെ ജയിച്ചടക്കുമെന്ന് രണ്ടു നൂററാണ്ടുകൾക്കു മുമ്പുകൂട്ടി പറഞ്ഞിരുന്ന എബ്രായ പ്രവചനത്തെക്കുറിച്ച് കോരേശിനെ അറിയിച്ചില്ലെന്ന് സങ്കൽപ്പിക്കുക പ്രയാസമാണ്.—യെശയ്യാവ് 45:1-3.
യരുശലേം പുനഃസ്ഥിതീകരിക്കപ്പെടുന്നു
ബാബിലോനിന്റെ വീഴ്ച മറെറാരു നഗരത്തിന്റെ—യരുശലേമിന്റെ—ഉയർച്ചക്ക് കളമൊരുക്കി. അത് ക്രി.മു.607-ൽ ബാബിലോന്യരാൽ നശിപ്പിക്കപ്പെട്ടതു മുതൽ 70 വർഷത്തോളം ശൂന്യമായി കിടന്നിരുന്നു. കോരേശ് മുഖാന്തരം യരുശലേം പുനർനിർമ്മിക്കപ്പെടുമെന്നും അതിന്റെ ആലയത്തിന്റെ അടിസ്ഥാനം ഇടപ്പെടുമെന്നും ബൈബിൾ പ്രവചനങ്ങൾ പറഞ്ഞിരുന്നു.—യെശയ്യാവ് 44:28.
ഇതു സംഭവിച്ചോ? ഉവ്വ്. യഹോവയുടെ ആരാധകർക്ക് “യഹൂദയിലുള്ള യരുശലേമിലേക്ക് പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ—അവൻ സത്യദൈവമാകുന്നു—യരുശലേമിലെ ആലയം പുനർനിർമ്മിക്കാൻ” കഴിയുമെന്ന് കോരേശ് കല്പിച്ചുവെന്ന് പുരോഹിതനും പണ്ഡിതനും പകർപ്പെഴുത്തുകാരനുമായ എസ്രാ റിപ്പോർട്ടുചെയ്യുന്നു. (എസ്രാ 1:3) എതാണ്ട് 50,000 പേർ ആലയനിക്ഷേപങ്ങളും വഹിച്ചുകൊണ്ട് യരുശലേമിലേക്കുള്ള നാലുമാസത്തെ മടക്കയാത്ര നടത്തി. ക്രി.മു. 537-ൽ ദേശം വീണ്ടും നിവസിക്കപ്പെടാൻ തുടങ്ങി—യരുശലേമിന്റെ വീഴ്ചക്ക് കൃത്യം 70 വർഷത്തിനുശേഷം.—യിരെമ്യാവ് 25:11, 12; 29:10.
അങ്ങനെയുള്ള ഒരു കല്പന കോരേശിന്റെ നയത്തോടു യോജിപ്പിലായിരുന്നുവെന്ന് പുരാവസ്തുശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. ബാബിലോനിന്റെ ശൂന്യശിഷ്ടങ്ങളിൽ കണ്ടെത്തപ്പെട്ട ഒരു കളിമൺ സിലിണ്ടറിൽ കോരേശ് ഇങ്ങനെ പറയുന്നു: “ഞാൻ (ഈ) പുണ്യനഗരങ്ങളെയും . . . ദീർഘനാളായി ശൂന്യമായി കിടന്നിരുന്ന വിശുദ്ധമന്ദിരങ്ങളെയും അവിടത്തെ പ്രതിമകളെയും (അവർക്ക്) തിരികെ കൊടുക്കുകയും അവർക്കുവേണ്ടി സ്ഥിരമായ വിശുദ്ധമന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഞാൻ അവരുടെ (മുൻ) നിവാസികളെയെല്ലാം കൂട്ടിച്ചേർക്കുകയും അവരുടെ വസതികൾ (അവർക്ക്) തിരികെ കൊടുക്കുകയും ചെയ്തു.”
യഹൂദൻമാരുടെ ശമര്യശത്രുക്കൾ പിന്നീട് ചക്രവർത്തിയുടെ നിരോധനത്താൽ ആലയപുനർനിർമ്മാണം നിർത്തിവെപ്പിച്ചു. യഹോവയുടെ പ്രവാചകൻമാരായിരുന്ന ഹഗ്ഗായിയും സെഖര്യാവും ജനത്തെ ഉത്തേജിപ്പിക്കുകയും നിർമ്മാണവേല പുനരാരംഭിക്കുകയും ചെയ്തു. “ദാര്യാവേശ് രാജാവ്” ആലയ പുനഃസ്ഥിതീകരണത്തെ അധികാരപ്പെടുത്തിയ കോരേശിന്റെ ആദ്യ കല്പന കണ്ടുപിടിക്കാൻ ഒരു പരിശോധന നടത്താൻ ആജ്ഞാപിച്ചു. ആലയംപണിയുടെ നിയമസാധുതയെ സ്ഥിരീകരിക്കുന്ന ഒരു മെമ്മോറാണ്ടം സഹിതം ഒരു ചുരുൾ കോരേശിന്റെ വേനൽക്കാല വസതിയായ എക്ബെററനായിൽ കണ്ടെത്തപ്പെട്ടതായി ബൈബിൾ പറയുന്നു. പേർഷ്യൻരാജാവായ ദാര്യാവേശ് ഒന്നാമന്റെ ആറാമാണ്ടിൽ പണി പൂർത്തിയായി.—എസ്രാ 4:4-7, 21; 6:1-15.
പ്രതാപത്തിന്റെ തെളിവ്
നേരത്തെ പറഞ്ഞ ദർശനത്തിൽ, രണ്ടു കൊമ്പുള്ള മെദോ-പേർഷ്യൻ “ആട്ടുകൊററൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും തള്ളിക്കയറുന്നത്” ദാനിയേൽ മുൻകൂട്ടി കണ്ടിരുന്നു. “അതിന്റെ മുമ്പാകെ യാതൊരു കാട്ടുമൃഗവും [മററു രാഷ്ട്രങ്ങൾ] നിന്നില്ല, അതിന്റെ കൈയിൽനിന്ന് വിടുവിക്കുന്ന ഒരുവനുമില്ലായിരുന്നു. അത് അതിന്റെ ഇഷ്ടപ്രകാരം പ്രവർത്തിച്ചു, അത് വലിയ ഭാവം നടിച്ചു.” (ദാനിയേൽ 8:4) കുറഞ്ഞപക്ഷം ദാര്യാവേശിന്റെ കാലമായപ്പോഴേക്ക് ഈ ദർശനം നിവൃത്തിയേറിയിരുന്നു. അവന്റെ വീരകൃത്യങ്ങൾക്കു സാക്ഷ്യമായി മഹാനായ ദാര്യാവേശ്തന്നെ ഒരു ബൃഹത്തായ ചുവർ കൊത്തുപണിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അത് ഇപ്പോഴും ബാബിലോനിനും എക്ബററാനക്കും ഇടയ്ക്കത്തെ പഴയ റോഡിൽ ബൈസിററനിലെ ഉയർന്ന ഭാഗത്തെ കിഴുക്കാംതൂക്കായ മുഖത്ത് കാണാൻ കഴിയും. മെദോ-പേർഷ്യൻ “ആട്ടുകൊററൻ” ബാബിലോനെ തോൽപ്പിച്ചതു കൂടാതെ മൂന്നു പ്രധാന ദിശകളിൽ പ്രദേശം പിടിച്ചടക്കി: വടക്ക് അസ്സീറിയയിലേക്കും, പടിഞ്ഞാറ് ഏഷ്യാമൈനറിലൂടെയും, തെക്ക് ഈജിപ്ററിലേക്കും.
പേർഷ്യൻ ചക്രവർത്തിമാർ എക്ബററനായിലെ തങ്ങളുടെ ഗ്രീഷ്മകാല വസതിയിൽനിന്ന് 400 മൈൽ തെക്കുകിഴക്കായി പെർസിപോളീസിൽ അവർ ഒരു ബൃഹത്തായ കൊട്ടാരം പണിതു. അവിടത്തെ ഒരു ചുവർ കൊത്തുപണിയിൽ ദാര്യാവേശ് തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു കാണിക്കുന്നു. ഒരു ആലേഖനത്തിൽ അയാൾ ഇപ്രകാരം വീമ്പിളക്കുന്നു: “ഞാൻ ഈ കൊട്ടാരം പണിത . . . മഹാരാജാവ്, രാജാക്കൻമാരുടെ രാജാവ്, ദേശങ്ങളുടെ രാജാവ് ആയ ദാര്യാവേശ് ആണ്.” ഈ പകിട്ടേറിയ തലസ്ഥാന നഗരിയുടെ ഉയരമേറിയ ഏതാനും തൂണുകൾ ഇന്നും നിൽക്കുന്നുണ്ട്. മറെറാരു തലസ്ഥാനം ബാബിലോനിനും എക്ബററനാക്കും പെർസിപോളീസിനും മദ്ധ്യത്തിൽ സ്ഥിതിചെയ്തിരുന്ന സൂസയിൽ (ശൂശൻ) ആയിരുന്നു. അവിടെ മഹാനായ ദാര്യാവേശ് മറെറാരു ഗംഭീര കൊട്ടാരം പണിതു.
ദാര്യാവേശിന്റെ പിൻഗാമിയായി അവന്റെ പുത്രനായ സെർക്സിസ് വന്നു, സാദ്ധ്യതയനുസരിച്ച് അവനാണ് എസ്ഥേർ എന്ന ബൈബിൾ പുസ്തകത്തിലെ “അഹശ്വേരോശ്.” അഹശ്വേരോശ് “ശൂശൻ രാജധാനിയിൽ തന്റെ രാജസിംഹാസനത്തിൽ” ഇരുന്നുകൊണ്ട് “ഇൻഡ്യാ മുതൽ എത്യോപ്യാ വരെ നൂററിയിരുപത്തിയേഴ് ഭരണപ്രവിശ്യകളുടെമേൽ ഭരിച്ചിരുന്നു” എന്ന് അത് പറയുന്നു. അഹശ്വേരോശ് സുന്ദരിയായ എസ്ഥേർ എന്ന യുവതിയെ രാജ്ഞിയാക്കിയത് അവിടെവെച്ചായിരുന്നു. (എസ്ഥേർ 1:1, 2; 2:17) പാരീസിലെ ലൂവ്റിലെ കാഴ്ചബംഗ്ലാവിൽ നിങ്ങൾക്ക് ഈ കൊട്ടാരത്തിന്റെ ഉയരമുള്ള തൂണിന്റെ മുകളിൽ അലങ്കരിച്ച ഒരു കാളയുടെ തലയും ഉദ്ധതമായ പേർഷ്യൻ വില്ലാളികളെയും ഗംഭീരമൃഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഭിത്തിയിലെ അലങ്കാരങ്ങളും കാണാൻ കഴിയും. അവിടെ കണ്ടെത്തിയ അലങ്കരിച്ച വെങ്കൽ ഭരണികൾ, ആഭരണങ്ങൾ, മററു സാധനങ്ങൾ എന്നിവ എസ്ഥേറിന്റെ സൗന്ദര്യവർദ്ധനക്കുവേണ്ടി ചെയ്ത വിപുലമായ നടപടികളെ സംബന്ധിച്ചും ശൂശനിൽ സ്ഥിതിചെയ്തിരുന്ന ആഡംബരവസ്തുക്കളെ സംബന്ധിച്ചും ഉള്ള ബൈബിൾ വിവരണത്തിനു നന്നായി യോജിക്കുന്നു.—എസ്ഥേർ 1:7; 2:9, 12, 13.
സെർക്സിസിന്റെ ഗ്രീക്ക് ശത്രുക്കൾ പറഞ്ഞ കഥകളിൽ വൈവാഹിക വിഷമതകളും അയാളുടെ ചില കൊട്ടാരം സേവകർ പേർഷ്യൻ രാജാവിന്റെമേൽ പുലർത്തിയ മേധാവിത്വവും സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. വസ്തുതകൾ കുഴക്കുകയും വളച്ചൊടിക്കയും ചെയ്തിരിക്കാമെങ്കിലും, ഈ കഥകൾ എസ്ഥേറിന്റെ പുസ്തകത്തിലെ ചില അടിസ്ഥാന ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. അതിൽ രാജാവ് ശാഠ്യക്കാരിയായിരുന്ന വസ്ഥിരാജ്ഞിയെ നീക്കി പകരം എസ്ഥേറിനെ വാഴിച്ചുവെന്നും എസ്ഥേറിന്റെ മച്ചുനനായിരുന്ന മോർദ്ദെഖായിക്ക് രാജ്യത്തെ വലിയ ഒരു അധികാരസ്ഥാനം കിട്ടിയെന്നും പറയുന്നു.—എസ്ഥേർ 1:12, 19; 2:17; 10:3.
യഹോവയുടെ ആരാധകരോട് പ്രീതി കാട്ടുന്നു
ക്രി.മു. 468-ാം വർഷത്തിൽ സേർക്സിസിന്റെ പിൻഗാമിയായിരുന്ന അർത്ഥഹ്ശഷ്ടാവ് (ലോംഗിമാനസ്) യെരുശലേമിലേക്ക് മടങ്ങിപ്പോയി യഹോവയുടെ നിർമ്മലാരാധന അവിടെ പുരോഗമിപ്പിക്കുന്നതിന് എസ്രാ പുരോഹിതനെ അധികാരപ്പെടുത്തി. എസ്രാ, കോരേശ് ആദ്യം യഹൂദൻമാരെ വിട്ടയച്ചശേഷം ബാബിലോനിൽ വസിക്കയായിരുന്നു. ഏതാണ്ട് 1,500 പുരുഷൻമാരും അവരുടെ കുടുംബങ്ങളും—ഒരുപക്ഷേ മൊത്തം 6,000 പേർ—എസ്രായോടുകൂടെ പോകുകയും യഹോവയുടെ ആലയത്തിനുവേണ്ടി ഒരു വലിയ സംഭാവന കൊണ്ടുപോകുകയും ചെയ്തു.—എസ്രാ 7:1, 6, 11-26.
ഇതേ അർത്ഥഹ്ശഷ്ടാവ് തന്റെ വാഴ്ചയുടെ 20-ാം ആണ്ടിൽ (ക്രി.മു. 455) യെരുശലേമും അതിന്റെ മതിലുകളും പുതുക്കിപ്പണിയാൻ തിരിച്ചയക്കപ്പെടാനുള്ള നെഹെമ്യാവിന്റെ അപേക്ഷ അനുവദിച്ചതും ശൂശൻ രാജധാനിയിൽ വെച്ചായിരുന്നു. അത് ദാനിയേലിന്റെ പ്രവചനത്തിലെ വർഷങ്ങളുടെ “എഴുപത് ആഴ്ചകളുടെ” തുടക്കം കുറിച്ചു. അത് കൃത്യം ക്രി.വ. 29-ാം ആണ്ടിലെ “നേതാവായ മശിഹാ” എന്ന നിലയിലുള്ള യേശുവിന്റെ പ്രത്യക്ഷതയിലേക്ക് മുമ്പോട്ട് വിരൽ ചൂണ്ടി.a—ദാനിയേൽ 9:24, 25; നെഹെമ്യാവ് 1:1; 2:1-9.
അരാമ്യഭാഷയിൽ പപ്പൈറസിൽ എഴുതിയ ചില പ്രമാണങ്ങൾ ഈജിപ്ററിന്റെ നൈൽ നദിയിലെ ഒരു ദ്വീപായ എലിഫന്റൈനിൽ കണ്ടെത്തപ്പെട്ടു. ഈ പ്രമാണങ്ങൾ പേർഷ്യൻ ഭരണകാലത്തെ അവസ്ഥകളെയും ഔദ്യോഗിക പ്രഖ്യാപനത്തെയും എത്ര കൃത്യമായി ബൈബിളെഴുത്തുകാരായ എസ്രായും നെഹെമ്യാവും വർണ്ണിക്കുന്നുവെന്ന് പ്രകടമാക്കുന്നു. ബിബ്ലിക്കൽ ആർക്കോളജിയിൽ പ്രൊഫസർ ജി. ഏണസ്ററ് റൈററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇപ്പോൾ . . . എസ്രായുടെ അരാമ്യ കൃത്യമായി ആ യുഗത്തിലേതാണെന്നും അതേ സമയം ഗവൺമെൻറ് പ്രമാണങ്ങൾ പേർഷ്യൻ ഭരണകൂടത്തോട് നാം പതിവായി ബന്ധപ്പെടുത്തുന്ന പൊതു രീതിയിലുള്ളതാണെന്നും നമുക്കു കാണാൻ കഴിയുന്നു.” പ്രമാണങ്ങളിലൊന്നിൽ ഈജിപ്ററിലെ യഹൂദ കോളനി നടത്തിയ പെസഹാ ആഘോഷത്തെ സംബന്ധിച്ച ഒരു രാജകീയ പേർഷ്യൻ കൽപ്പന അടങ്ങിയിരുന്നു.
മെദോ-പേർഷ്യ ഗ്രീസിന്റെ അധീനത്തിലാകുന്നു
ദർശനത്തിൽ രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊററനാൽ പ്രതിനിധാനം ചെയ്യപ്പെട്ട മെദോ-പേർഷ്യയെ ദാനിയേൽ കണ്ടിരുന്നു. അടുത്തതായി, സംഭവിക്കുന്നതിനു രണ്ടു നൂററാണ്ടുകൾക്കുമുമ്പുതന്നെ “സൂര്യാസ്തമയത്തിങ്കൽനിന്ന് [പടിഞ്ഞാറ്] ഒരു കോലാട്ടുകൊററൻ വരുന്ന”തും “ഭൂമിയിൽ തൊടാത്ത” വിധം അത്ര വേഗത്തിൽ നീങ്ങുന്നതും അവൻ കണ്ടു. അതിവേഗം നീങ്ങിക്കൊണ്ടിരുന്ന കോലാട്ടുകൊററൻ “ആട്ടുകൊററനെ ഇടിച്ചുവീഴിക്കാനും അതിന്റെ രണ്ടു കൊമ്പുകളും തകർക്കാനും” പുറപ്പെട്ടു, “അതിന്റെ മുമ്പാകെ നിൽക്കാൻ ആട്ടുകൊററനു ശക്തിയില്ലെന്നു തെളിഞ്ഞു.” (ദാനിയേൽ 8:5-7) മെദോ-പേർഷ്യക്ക് ഇത് യഥാർത്ഥത്തിൽ സംഭവിച്ചു എന്ന് ചരിത്രം പ്രകടമാക്കുന്നുണ്ടോ?
ഉവ്വ്, ക്രി.മു. 334-ാം ആണ്ടിൽ മഹാനായ അലക്സാണ്ടർ ഗ്രീസിൽ നിന്ന് പടിഞ്ഞാറോട്ടു വന്നു. ഒരു കോലാട്ടുകൊററന്റേതുപോലെയുള്ള മിന്നൽ വേഗത്തിൽ അയാൾ ഏഷ്യയിലൂടെ മുന്നേറുകയും ഒന്നിനുപിറകെ ഒന്നായി പേർഷ്യരുടെമേൽ വിജയം നേടുകയും ചെയ്തു. ഒടുവിൽ ക്രി.മു. 331-ൽ ഗോഗാമലായിൽവെച്ച് അയാൾ പത്തുലക്ഷം പേർ അടങ്ങിയ ഒരു പേർഷ്യൻ സൈന്യത്തെ ചിതറിച്ചു. അതിന്റെ നേതാവായിരുന്ന ദാര്യാവേശ് മൂന്നാമൻ പലായനം ചെയ്തു. പിന്നീട് ഒരു കാലത്ത് അയാളുടെ സുഹൃത്തുക്കളായിരുന്നവരാൽ അയാൾ കൊല്ലപ്പെട്ടു. നാലാമത്തെ ലോകശക്തി വീഴിക്കപ്പെട്ടിരുന്നു. അതിന്റെ കൊമ്പുകൾ തകർക്കപ്പെട്ടു. അലക്സാണ്ടറിന്റെ സാമ്രാജ്യം ബൈബിൾ ചരിത്രത്തിലെ അഞ്ചാം ലോകമഹച്ഛക്തിയായിത്തീർന്നു. അത് ഞങ്ങളുടെ 1989 നവമ്പർ മാസത്തിലെ ലക്കത്തിൽ ചർച്ചചെയ്യപ്പെടും.
മെദോ-പേർഷ്യൻ ലോകശക്തി ക്രി.മു. 539-ൽ അത് ബാബിലോനെ മറിച്ചിട്ട രാത്രി മുതൽ അത് അലക്സാണ്ടറിന് കീഴടങ്ങുന്നതുവരെ വെറും രണ്ടു നൂററാണ്ടുകളും അൽപ്പകാലവും കൂടെ മാത്രമെ സ്ഥിതിചെയ്തിരുന്നുള്ളു. ഇത് ഫ്രഞ്ചുവിപ്ലവം മുതൽ അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപനം മുതൽ കടന്നുപോയ ഏതാണ്ട് അതെ കാലദൈർഘ്യമാണ്. താരതമ്യേന ഹ്രസ്വമായ ഈ കാലഘട്ടത്തിൽ മേദ്യരും പേർഷ്യരും യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയോടും അവന്റെ തിട്ടമുള്ള പ്രവചനങ്ങളുടെ നിവൃത്തിയോടും അറിയാതെതന്നെ വളരെയധികം ബന്ധപ്പെട്ടിരുന്നു. (w88 3/15)
[അടിക്കുറിപ്പുകൾ]
a ഈ പ്രവചനത്തിന്റെയും അതിന്റെ നിവൃത്തിയുടെയും വിശദമായ ഒരു ചർച്ചക്ക് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധപ്പെടുത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 59-70 പേജുകൾ കാണുക.
[29-ാം പേജിലെ ഭൂപടം⁄ചിത്രം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
മെദോ -പേർഷ്യൻ സാമ്രാജ്യം
എക്ബറ്റനാ
സൂസ(ശൂശൻ)
പെർസിപ്പോളീസ്
ബാബിലോൻ
യെരുശേലം
ഈജിപ്റ്റ്
[ചിത്രം]
പേർഷ്യയുടെ ആചാരപരമായ തലസ്ഥാനമായിരുന്ന പെർസിപ്പൊളീസിന്റെ ശൂന്യശിഷ്ടങ്ങൾ
[കടപ്പാട്]
Manley Studios
[32-ാം പേജിലെ ചിത്രം]
ഇറാനിലെ കോരേശിന്റെ കല്ലറ