യഹോവയുടെ വചനം ജീവനുള്ളത്
ദാനീയേലിൽനിന്നുള്ള വിശേഷാശയങ്ങൾ
“ബൈബിളിലെ അങ്ങേയറ്റം ജിജ്ഞാസയുണർത്തുന്ന പുസ്തകങ്ങളിലൊന്നാണു ദാനീയേൽ പുസ്തകം. . . . അതിലെ ഏടുകൾ നിറയെ കാലാതീത സത്യങ്ങളാണ്” എന്ന് ഹോൽമൻ ഇലസ്ട്രേറ്റഡ് ബൈബിൾ ഡിക്ഷണറി പ്രസ്താവിക്കുന്നു. ദാനീയേലിന്റെ വിവരണം ആരംഭിക്കുന്നതു ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ യെരൂശലേമിൽ വന്ന് അതിനെ ഉപരോധിക്കുകയും ‘യിസ്രായേൽ മക്കളിൽ ചില ബാലന്മാരെ’ ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകുകയും ചെയ്യുന്ന പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 618-ലാണ്. (ദാനീയേൽ 1:1-4) അവരിൽ ദാനീയേലും ഉണ്ട്; സാധ്യതയനുസരിച്ച് അവൻ കൗമാരത്തിൽ ആണ്. ദാനീയേൽ ബാബിലോണിൽ ആയിരിക്കെയാണ് പുസ്തകം എഴുതിത്തീർക്കുന്നത്. ഇപ്പോൾ ഏതാണ്ട് നൂറു വയസ്സുള്ള ദാനീയേലിനു ദൈവത്തിൽനിന്ന് ഇങ്ങനെയൊരു വാഗ്ദാനം ലഭിക്കുന്നു: “നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.”—ദാനീയേൽ 12:13.
ദാനീയേൽ പുസ്തകത്തിന്റെ ആദ്യഭാഗം കാലാനുക്രമത്തിൽ ഒരു നിരീക്ഷകന്റെ വീക്ഷണത്തിൽനിന്ന് അവതരിപ്പിക്കുമ്പോൾ അവസാന ഭാഗം ദാനീയേൽ തന്റെ സ്വന്തം വീക്ഷണത്തിൽനിന്നാണ് അവതരിപ്പിക്കുന്നത്. ദാനീയേൽ എഴുതിയ ഈ പുസ്തകത്തിൽ ലോകശക്തികളുടെ ഉദയവും അസ്തമയവും സംബന്ധിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നു, ഒപ്പം മിശിഹാ പ്രത്യക്ഷപ്പെടുന്ന സമയം, നമ്മുടെ നാളുകളിൽ നടക്കുന്ന സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങളും.a തന്നെയുമല്ല, ഈ വൃദ്ധപ്രവാചകൻ തന്റെ സുദീർഘമായ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുകയും ദൈവത്തോടുള്ള നിർമലത കാത്തുസൂക്ഷിക്കുന്ന സ്ത്രീപുരുഷന്മാർ ആയിരിക്കാൻ നമുക്കു പ്രോത്സാഹനമേകുന്ന സംഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു. അതേ, ദാനീയേലിന്റെ സന്ദേശം ജീവനും ചൈതന്യവുമുള്ളതാണ്.—എബ്രായർ 4:12.
കാലാനുക്രമ വിവരണം നമ്മെ എന്തു പഠിപ്പിക്കുന്നു?
വർഷം പൊ.യു.മു. 617. ദാനീയേലും ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു സുഹൃത്തുക്കളും ബാബിലോണിയൻ കൊട്ടാരത്തിലാണ്. കൊട്ടാരത്തിലെ മൂന്നു വർഷത്തെ പരിശീലനകാലത്ത് ഈ യുവാക്കൾ ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തത കാക്കുന്നു. ഏകദേശം എട്ടു വർഷത്തിനുശേഷം നെബൂഖദ്നേസർ രാജാവ് നിഗൂഢമായ ഒരു സ്വപ്നം കാണുന്നു. ദാനീയേൽ ആ സ്വപ്നവും തുടർന്ന് അതിന്റെ അർഥവും വിവരിക്കുന്നു. യഹോവ “ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു” എന്നു രാജാവ് അംഗീകരിക്കുന്നു. (ദാനീയേൽ 2:47) പക്ഷേ, അധികം താമസിയാതെ നെബൂഖദ്നേസർ ഈ പാഠം മറന്നുകളയുന്നു. ഭീമാകാരമായ ഒരു പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ച ദാനീയേലിന്റെ മൂന്നു സുഹൃത്തുക്കളെ രാജാവ് എരിയുന്ന തീച്ചൂളയിൽ ഇടുന്നു. യഹോവ മൂവരെയും രക്ഷിക്കുന്നു; അങ്ങനെ, “ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ല” എന്നു തിരിച്ചറിയാൻ നെബൂഖദ്നേസർ നിർബന്ധിതനാകുന്നു.—ദാനീയേൽ 3:29.
നെബൂഖദ്നേസർ ശ്രദ്ധാർഹമായ മറ്റൊരു സ്വപ്നം കാണുന്നു. ഒരു മഹാവൃക്ഷത്തെക്കുറിച്ചുള്ളതാണ് അത്. ആ വൃക്ഷത്തെ വെട്ടിയിടുന്നതായും അതു വളരാതിരിക്കാൻ അതിന്റെ കുറ്റി ബന്ധിക്കുന്നതായും അവൻ കാണുന്നു. ദാനീയേൽ ആ സ്വപ്നത്തിന്റെ അർഥം വ്യാഖ്യാനിക്കുന്നു. നെബൂഖദ്നേസറിനു ബുദ്ധിഭ്രമം ബാധിക്കുകയും പിന്നീടു സുഖംപ്രാപിക്കുകയും ചെയ്യുന്നതോടെ ആ സ്വപ്നത്തിനു ഭാഗികമായ ഒരു നിവൃത്തി ഉണ്ടാകുന്നു. പതിറ്റാണ്ടുകൾക്കുശേഷം, രാജാവായ ബേൽശസ്സർ തന്റെ കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കുവേണ്ടി ഒരു വലിയ വിരുന്നു നടത്തുകയും യഹോവയുടെ ആലയത്തിൽനിന്നു കൊണ്ടുവന്ന പാത്രങ്ങൾ ധിക്കാരപൂർവം ഉപയോഗിക്കുകയും ചെയ്യുന്നു. ആ രാത്രിയിൽത്തന്നെ ബേൽശസ്സർ കൊല്ലപ്പെടുന്നു; തുടർന്ന് മേദ്യനായ ദാര്യാവേശ് രാജാവാകുന്നു. (ദാനീയേൽ 5:30, 31) ദാര്യാവേശിന്റെ കാലത്തു 90-ലധികം വയസ്സുള്ള ദാനീയേൽ അസൂയപൂണ്ട ഉദ്ദ്യോഗസ്ഥരുടെ ഗൂഢാലോചനയ്ക്കു ഇരയാകുന്നു. എങ്കിലും യഹോവ അദ്ദേഹത്തെ “സിംഹവായിൽനിന്നു രക്ഷി”ക്കുന്നു—ദാനീയേൽ 6:27.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:11-15—ആ നാല് യഹൂദ യുവാക്കളുടെ മുഖശോഭയ്ക്കു പിന്നിൽ സസ്യാഹാരക്രമം ആയിരുന്നോ? ആയിരുന്നില്ല. വെറും പത്തു ദിവസംകൊണ്ടു ശ്രദ്ധേയമായ ഒരു മാറ്റം ഉളവാക്കാൻ ഒരു ആഹാരക്രമത്തിനും സാധിക്കില്ല. തന്നിൽ ആശ്രയം പ്രകടമാക്കിയ ആ എബ്രായ യുവാക്കളെ അനുഗ്രഹിച്ച യഹോവയാണ് അതിനുള്ള ബഹുമതി അർഹിക്കുന്നത്.—സദൃശവാക്യങ്ങൾ 10:22.
2:1—നെബൂഖദ്നേസർ പടുകൂറ്റൻ ബിംബത്തെക്കുറിച്ചുള്ള സ്വപ്നം കണ്ടത് എപ്പോഴാണ്? വിവരണമനുസരിച്ച് അതു “നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ” ആയിരുന്നു. അവൻ രാജാവായത് പൊ.യു.മു. 624-ൽ ആണ്. അതിനർഥം അവന്റെ വാഴ്ചയുടെ രണ്ടാം ആണ്ട് പൊ.യു.മു. 623-ൽ, അതായത് അവൻ യഹൂദയെ ആക്രമിക്കുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ, ആരംഭിച്ചു എന്നാണ്. ആ സമയത്തു സ്വപ്നത്തിന്റെ അർഥം വ്യാഖ്യാനിക്കാൻ തക്കവണ്ണം ദാനീയേൽ ബാബിലോണിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. അതുകൊണ്ട് ‘രണ്ടാം ആണ്ട്’ സർവസാധ്യതയുമനുസരിച്ച്, ബാബിലോണിയൻ രാജാവ് യെരൂശലേമിനെ നശിപ്പിച്ചു ലോകഭരണാധിപനായിത്തീർന്ന പൊ.യു.മു. 607-ൽ നിന്നാണു എണ്ണേണ്ടത്.
2:32, 39—വെള്ളിയാൽ പ്രതിനിധാനംചെയ്യപ്പെട്ട രാജ്യം സ്വർണത്താൽ പ്രതിനിധാനംചെയ്യപ്പെട്ടതിനെക്കാളും താമ്രത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട രാജ്യം വെള്ളിയാൽ പ്രതിനിധാനം ചെയ്യപ്പെട്ടതിനെക്കാളും താണതായിരുന്നത് ഏതർഥത്തിൽ? യഹൂദയെ മറിച്ചിട്ടതിന്റെ ബഹുമതി ഇല്ലായിരുന്നു എന്നർഥത്തിൽ, ബിംബത്തിന്റെ വെള്ളികൊണ്ടുള്ള ഭാഗത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട മേദോ-പേർഷ്യൻ സാമ്രാജ്യം സ്വർണംകൊണ്ടുള്ള തലയാൽ പ്രതിനിധാനം ചെയ്യപ്പെട്ട ബാബിലോണിനെക്കാൾ താണതായിരുന്നു. അതിനുശേഷം വന്ന ലോകശക്തി താമ്രത്താൽ പ്രതിനിധീകരിക്കപ്പെട്ട ഗ്രീസ് ആയിരുന്നു. താമ്രം വെള്ളിയെക്കാൾ മൂല്യം കുറഞ്ഞത് ആയിരിക്കുന്നതുപോലെ ഗ്രീസ് മേദോ-പേർഷ്യയെക്കാൾ താണത് ആയിരുന്നു. ഗ്രീസ് മുൻ സാമ്രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വിസ്തൃതമായിരുന്നെങ്കിലും മേദോ-പേർഷ്യയെപ്പോലെ ദൈവജനത്തെ വിടുവിക്കാനുള്ള പദവി അതിനുണ്ടായിരുന്നില്ല.
4:8, 9—ദാനീയേൽ ‘മന്ത്രവാദിശ്രേഷ്ഠൻ’ ആയിത്തീർന്നോ? ഇല്ല. ‘മന്ത്രവാദിശ്രേഷ്ഠൻ’ എന്ന പ്രയോഗം ‘ബാബിലോണിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകൻ’ എന്ന നിലയിലുള്ള അവന്റെ സ്ഥാനത്തെ കുറിക്കുന്നു.—ദാനീയേൽ 2:48.
4:10, 11, 20-22—നെബൂഖദ്നേസറിന്റെ സ്വപ്നത്തിലെ മഹാവൃക്ഷം എന്തിനെ പ്രതീകപ്പെടുത്തി? ഒരു ലോകശക്തിയുടെ ഭരണാധിപൻ എന്ന നിലയിൽ നെബൂഖദ്നേസറിനെയാണു പ്രാഥമികമായി ആ മഹാവൃക്ഷം പ്രതീകപ്പെടുത്തിയത്. എങ്കിലും ആ ഭരണാധിപത്യം ‘ഭൂമിയുടെ അറുതിവരെ’ വ്യാപിക്കുന്നതിനാൽ അതിലും മഹത്തായ എന്തിനെയോ ആ വൃക്ഷം പ്രതിനിധാനം ചെയ്യണമായിരുന്നു. ദാനീയേൽ 4:17 സ്വപ്നത്തെ മനുഷ്യവർഗത്തിന്മേലുള്ള “അത്യുന്നതനായവ”ന്റെ ഭരണാധിപത്യവുമായി ബന്ധിപ്പിക്കുന്നു. അതുകൊണ്ട്, ആ വൃക്ഷം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെയും പ്രതീകപ്പെടുത്തുന്നു, വിശേഷിച്ചും ഭൂമിയോടുള്ള ബന്ധത്തിൽ. അതിനർഥം, സ്വപ്നത്തിനു രണ്ടു നിവൃത്തിയുണ്ട് എന്നാണ്—നെബൂഖദ്നേസറിന്റെ ഭരണത്തോടും യഹോവയുടെ പരമാധികാരത്തോടുമുള്ള ബന്ധത്തിൽ.
4:16, 23, 25, 32, 33—“ഏഴുകാല”ങ്ങളുടെ ദൈർഘ്യം എത്രയായിരുന്നു? നെബൂഖദ്നേസർ രാജാവിന് ഉണ്ടായ ശാരീരിക മാറ്റങ്ങൾക്ക് ഏഴ് അക്ഷരീയ ദിവസങ്ങൾ പോരായിരുന്നു. ആ സ്ഥിതിക്ക് “ഏഴുകാല”ങ്ങൾ അതിലും വളരെ ദൈർഘ്യമേറിയത് ആയിരിക്കേണ്ടിയിരുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ ഈ ഏഴു കാലങ്ങൾ 360 ദിവസങ്ങൾ വീതമുള്ള ഏഴു വർഷം, അഥവാ 2,520 ദിവസങ്ങൾ ആയിരുന്നു. വലിയ നിവൃത്തിയിൽ “ഏഴുകാലങ്ങൾ” 2,520 വർഷങ്ങളാണ്. (യെഹെസ്കേൽ 4:6, 7) അതു പൊ.യു.മു. 607-ൽ യെരൂശലേമിന്റെ നാശത്തോടെ ആരംഭിക്കുകയും പൊതുയുഗം (പൊ.യു.) 1914-ൽ യേശു സ്വർഗീയ രാജാവായി നിയുക്തനായതോടെ അവസാനിക്കുകയും ചെയ്തു.—ലൂക്കൊസ് 21:24.
6:6-10—യഹോവയോടു പ്രാർഥിക്കുന്നതിന് ഏതെങ്കിലും പ്രത്യേക നില ആവശ്യമില്ലാത്ത സ്ഥിതിക്ക് 30 ദിവസത്തേക്കു ദാനീയേൽ രഹസ്യമായി പ്രാർഥിക്കുന്നതായിരുന്നില്ലേ ബുദ്ധി? ദാനീയേലിനു ദിവസേന മൂന്നു പ്രാവശ്യം പ്രാർഥിക്കുന്ന പതിവുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടാണു പ്രാർഥനയുടെ കാര്യത്തിൽ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഒരു നിയമം കൊണ്ടുവരാൻ ഉപജാപകർ പദ്ധതിയിട്ടത്. ദാനീയേൽ തന്റെ പതിവു തെറ്റിച്ചാൽ അതിനെ ഒരു വിട്ടുവീഴ്ചയായി മറ്റുള്ളവർ വീക്ഷിക്കുമായിരുന്നു. തന്നെയുമല്ല യഹോവയ്ക്ക് അനന്യഭക്തി നൽകുന്നതിൽ അവൻ പരാജയപ്പെട്ടതായും അതു സൂചിപ്പിക്കുമായിരുന്നു.
നമുക്കുള്ള പാഠങ്ങൾ:
1:3-8. യഹോവയോടു വിശ്വസ്തരായി നിലകൊള്ളാനുള്ള ദാനീയേലിന്റെയും അവന്റെ സുഹൃത്തുക്കളുടെയും ദൃഢചിത്തത മാതാപിതാക്കളിൽനിന്ന് അവർക്കു ലഭിച്ച പരിശീലനത്തിന്റെ മൂല്യത്തെ വിളിച്ചോതുന്നു. ദൈവഭയമുള്ള മാതാപിതാക്കൾ ആത്മീയ താത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുകയും അതുതന്നെ ചെയ്യാൻ മക്കളെ പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ സ്കൂളിലോ മറ്റിടങ്ങളിലോ നേരിട്ടേക്കാവുന്ന എല്ലാവിധ പ്രലോഭനങ്ങളെയും സമ്മർദ്ദങ്ങളെയും അവർ ചെറുക്കാൻ സർവസാധ്യതയുമുണ്ട്.
1:10-12. “ഷണ്ഡാധിപൻ” രാജാവിനെ ഭയപ്പെട്ടതിന്റെ കാരണം ദാനീയേൽ മനസ്സിലാക്കുകയും ആ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നത് മതിയാക്കുകയും ചെയ്തു. എങ്കിലും, ഇളവു ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടായിരുന്ന ‘വിചാരകനെ’ ദാനീയേൽ പിന്നീടു സമീപിച്ചു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടുമ്പോൾ നാമും സമാനമായ ഉൾക്കാഴ്ചയോടും ജ്ഞാനത്തോടും വിവേകത്തോടും കൂടെ പ്രവർത്തിക്കണം.
2:29, 30. യഹോവയുടെ ആത്മീയ കരുതലുകൾ പ്രയോജനപ്പെടുത്തിയതിന്റെ ഫലമായി നാം ആർജിച്ചെടുത്തിരിക്കാവുന്ന ജ്ഞാനത്തിനും ഗുണങ്ങൾക്കും പ്രാപ്തികൾക്കുമെല്ലാമുള്ള പൂർണ ബഹുമതി ദാനീയേലിനെപ്പോലെ നാം യഹോവയ്ക്കു കൊടുക്കണം.
3:16-18. ഭക്ഷണക്രമത്തോടുള്ള ബന്ധത്തിൽ ആ മൂന്ന് എബ്രായ യുവാക്കൾ മുമ്പ് വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നെങ്കിൽ പ്രസ്തുത സന്ദർഭത്തിൽ അവർ ഇത്ര നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കാൻ സാധ്യതയില്ലായിരുന്നു. നാമും ‘എല്ലാറ്റിലും വിശ്വസ്തരായിരിക്കാൻ’ ശ്രമിക്കണം.—1 തിമൊഥെയൊസ് 3:11.
4:24-27. നെബൂഖദ്നേസറിനു സംഭവിക്കാനിരുന്നതും “സുഖകാലം ദീർഘമായി” നിൽക്കാൻ അവൻ ചെയ്യേണ്ടിയിരുന്നതും എന്തെന്ന് അവന്റെ മുമ്പാകെ പറയാൻ ദാനീയേലിനു വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. ദൈവത്തിന്റെ പ്രതികൂല ന്യായവിധി ഉൾപ്പെടെയുള്ള രാജ്യസന്ദേശം പ്രഖ്യാപിക്കുന്നതിനു നമുക്കും സമാനമായ വിശ്വാസവും ധൈര്യവും ആവശ്യമാണ്.
5:30, 31. ‘ബാബിലോൺ രാജാവിനെക്കുറിച്ചു ചൊല്ലിയ പാട്ട്’ സത്യമായി ഭവിച്ചു. (യെശയ്യാവു 14:3, 4, 12-15) ബാബിലോണിയൻ രാജവംശം അഹങ്കരിച്ചതുപോലെ അഹങ്കരിക്കുന്നതിനാൽ സാത്താനും അപമാനകരമായ അന്ത്യം സംഭവിക്കും.—ദാനീയേൽ 4:30; 5:2-4, 23.
ദാനീയേലിന്റെ ദർശനങ്ങൾ എന്തു വെളിപ്പെടുത്തുന്നു?
പൊ.യു.മു. 553-ൽ ആദ്യത്തെ ദർശനം ലഭിക്കുമ്പോൾ ദാനീയേലിനു 70-നുമേൽ വയസ്സുണ്ട്. തന്റെ നാൾമുതൽ നമ്മുടെ നാൾവരെ ഒന്നൊന്നായി ഉദയംചെയ്യുമായിരുന്ന ലോകശക്തികളെ ചിത്രീകരിക്കുന്ന നാലു വലിയ കാട്ടുമൃഗങ്ങളെ ദാനീയേൽ കാണുന്നു. സ്വർഗീയ രംഗം ഉൾക്കൊള്ളുന്ന ഒരു ദർശനത്തിൽ “മനുഷ്യപുത്രനോടു സദൃശനായ ഒരുത്ത”ന് “നീങ്ങിപ്പോകാത്ത നിത്യാധിപത്യം” ലഭിക്കുന്നതായി അവൻ കാണുന്നു. (ദാനീയേൽ 7:13, 14) രണ്ടുവർഷം കഴിഞ്ഞ് അവനു മേദോ-പേർഷ്യയും ഗ്രീസും “ഉഗ്രഭാവ”മുള്ളൊരു രാജാവും ഉൾക്കൊള്ളുന്ന മറ്റൊരു ദർശനം ലഭിക്കുന്നു.—ദാനീയേൽ 8:23.
ഇപ്പോൾ വർഷം പൊ.യു.മു. 539. ബാബിലോണിന്റെ വീഴ്ചയെ തുടർന്ന് മേദ്യനായ ദാര്യാവേശ് കൽദയ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നു. ദേശത്തിന്റെ പുനഃസ്ഥിതീകരണത്തിനായി ദാനീയേൽ യഹോവയോടു പ്രാർഥിക്കുന്നു. അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ മിശിഹായുടെ വരവു സംബന്ധിച്ചു അവനു ‘ബുദ്ധി ഉപദേശിച്ചു കൊടുക്കേണ്ടതിന്’ യഹോവ ഗബ്രീയേൽ ദൂതനെ അയയ്ക്കുന്നു. (ദാനീയേൽ 9:20-25) കാലം കടന്നുപോകുന്നു. ഇപ്പോൾ വർഷം പൊ.യു.മു 536/535. ഒരു ശേഷിപ്പ് യെരൂശലേമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ആലയ നിർമാണത്തിന് എതിർപ്പു നേരിടുന്നു. അതു ദാനീയേലിനെ അസ്വസ്ഥനാക്കുന്നു. അവൻ അതൊരു പ്രാർഥനാ വിഷയമാക്കുന്നതിന്റെ ഫലമായി യഹോവ ഉയർന്ന പദവിയിലുള്ള ഒരു ദൂതനെ അയയ്ക്കുന്നു. ദാനീയേലിനെ ശക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തശേഷം തെക്കേ ദേശത്തെ രാജാവും വടക്കേ ദേശത്തെ രാജാവും തമ്മിൽ നടക്കുന്ന പരമാധികാരത്തിനുവേണ്ടിയുള്ള പോരാട്ടം സംബന്ധിച്ച പ്രവചനം ദൂതൻ വിവരിക്കുന്നു. രണ്ടു രാജാക്കന്മാർ തമ്മിലുള്ള ആ പോരാട്ടം മഹാനായ അലക്സാണ്ടറുടെ സാമ്രാജ്യം അദ്ദേഹത്തിന്റെ നാലു ജനറൽമാർ വിഭജിച്ചെടുക്കുന്നതു മുതൽ “മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കു”ന്നതുവരെ തുടരുന്നു.—ദാനീയേൽ 12:1.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
8:9—“മനോഹരദേശം” എന്തിനെ പ്രതീകപ്പെടുത്തുന്നു? ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ കാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളുടെ ഭൗമിക അവസ്ഥയെയാണു “മനോഹരദേശം” പ്രതീകപ്പെടുത്തുന്നത്.
8:25—“പ്രഭുക്കന്മാരുടെ പ്രഭു,” (NW) ആരാണ്? “പ്രഭു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം സാർ ആണ്. അതിനർഥം “മുഖ്യൻ”, “തലവൻ” എന്നൊക്കെയാണ്. “പ്രഭുക്കന്മാരുടെ പ്രഭു” എന്ന സ്ഥാനപ്പേര് ബാധകമാകുന്നത് “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ” ഉൾപ്പെടെ സകല ദൂത പ്രഭുക്കന്മാർക്കും പ്രഭുവായ യഹോവയാം ദൈവത്തിനു മാത്രമാണ്.—ദാനീയേൽ 10:13.
9:21—ദാനീയേൽ ഗബ്രിയേൽ ദൂതനെ “പുരുഷൻ” എന്നു പരാമർശിച്ചത് എന്തുകൊണ്ട്? ദാനീയേലിന്റെ ഒരു മുൻദർശനത്തിൽ പ്രത്യക്ഷപ്പെട്ടതുപോലെ ഗബ്രിയേൽ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് അതിനു കാരണം.—ദാനീയേൽ 8:15-17.
9:27—വർഷങ്ങളുടെ 70-ാമത്തെ ആഴ്ചവട്ടത്തിന്റെ അവസാനംവരെ, അല്ലെങ്കിൽ പൊ.യു. 36-വരെ ‘അനേകർക്കായി നിലനിർത്തപ്പെട്ടത്’ (NW) ഏത് ഉടമ്പടിയാണ്? പൊ.യു. 33-ൽ യേശുവിന്റെ മരണത്തോടെ ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യപ്പെട്ടു. എങ്കിലും, ജഡിക ഇസ്രായേലിനോടുള്ള ബന്ധത്തിൽ അബ്രാഹാമ്യ ഉടമ്പടി പൊ.യു. 36-വരെ പ്രാബല്യത്തിൽ തുടരാൻ യഹോവ അനുവദിച്ചു. അങ്ങനെ അബ്രാഹാമിന്റെ സന്തതികളാണെന്നതിന്റെ പേരിൽ യഹൂദന്മാരോടു കുറച്ചു കാലംകൂടെ യഹോവ പ്രത്യേക പരിഗണന കാണിച്ചു. “ദൈവത്തിന്റെ യിസ്രായേലി”നോടുള്ള ബന്ധത്തിൽ അബ്രാഹാമ്യ ഉടമ്പടി ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നു.—ഗലാത്യർ 3:7-9, 14-18, 29; 6:16.
നമുക്കുള്ള പാഠങ്ങൾ:
9:1-23; 10:11. ദൈവദൃഷ്ടിയിൽ ദാനീയേൽ “ഏറ്റവും പ്രിയനാ”യിരുന്നു. അവന്റെ താഴ്മ, ദൈവഭക്തി, പഠനതത്പരത, പ്രാർഥനയിലെ സ്ഥിരനിഷ്ഠ എന്നിവയായിരുന്നു അതിനു കാരണം. ജീവിതാവസാനംവരെ ദൈവത്തോടു വിശ്വസ്തനായി തുടരാനും ആ ഗുണങ്ങൾ അവനെ സഹായിച്ചു. ദാനീയേലിന്റെ മാതൃക പിൻപറ്റാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
9:17-19. “നീതി വസിക്കുന്ന” പുതിയ ലോകത്തിനായി പ്രാർഥിക്കുമ്പോൾപ്പോലും നമ്മുടെ വ്യക്തിപരമായ കഷ്ടങ്ങളും ബുദ്ധിമുട്ടുകളും അവസാനിക്കുന്നതിനായി അപേക്ഷിക്കുന്നതിലുപരി നാം ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിനുമല്ലേ മുൻഗണന നൽകേണ്ടത്?—2 പത്രൊസ് 3:13.
10:9-11, 18, 19. ദാനീയേലിന്റെ അടുക്കൽവന്ന ദൂതനെപ്പോലെ, ആശ്വാസ വാക്കുകൾകൊണ്ടും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ടും നാം പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം.
12:3. അന്ത്യനാളുകളിൽ “ഉൾക്കാഴ്ചയുള്ളവർ,” (NW) അതായത്, അഭിഷിക്ത ക്രിസ്ത്യാനികൾ ‘ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുകയും’ ‘വേറെ ആടുകളുടെ മഹാപുരുഷാരം’ ഉൾപ്പെടെ “പലരെയും നീതിയിലേക്കു” കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. (ഫിലിപ്പിയർ 2:15; വെളിപ്പാടു 7:9; യോഹന്നാൻ 10:16) യേശുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് അഭിഷിക്തർ അവനോടൊപ്പം ഭൂമിയിലെ അനുസരണയുള്ള മനുഷ്യവർഗത്തിനു മറുവിലയുടെ മുഴു പ്രയോജനങ്ങളും ലഭ്യമാക്കുമ്പോൾ പൂർണമായ അർഥത്തിൽ ‘നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കും.’ അഭിഷിക്തരെ സർവാത്മനാ പിന്തുണച്ചുകൊണ്ട് “വേറെ ആടുകൾ” അവരുമായി ഐക്യത്തിൽ പ്രവർത്തിക്കണം.
യഹോവ ‘തന്റെ ഭക്തന്മാരെ അനുഗ്രഹിക്കും’
നാം ആരാധിക്കുന്ന ദൈവത്തെക്കുറിച്ചു ദാനീയേൽ പുസ്തകം എന്തു പഠിപ്പിക്കുന്നു? ഇതിനോടകം നിവൃത്തിയേറിയതും ഇനി നിവൃത്തിയേറാനിരിക്കുന്നതുമായ അതിലെ പ്രവചനങ്ങളെക്കുറിച്ചു ചിന്തിക്കുക. തന്റെ വചനം നിവർത്തിക്കുന്നവനാണു യഹോവ എന്ന് അവ വളരെ വ്യക്തമായി ചിത്രീകരിക്കുന്നു.—യെശയ്യാവു 55:11.
ദാനീയേൽ പുസ്തകത്തിലെ വിവരണാത്മകമായ ഭാഗങ്ങൾ ദൈവത്തെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു? ബാബിലോണിയൻ കൊട്ടാര ജീവിതവുമായി ഇഴുകിച്ചേരാൻ വിസമ്മതിച്ച ആ നാല് എബ്രായ യുവാക്കൾക്കു ‘ജ്ഞാനവും നിപുണതയും സാമർത്ഥ്യവും’ ലഭിച്ചു. (ദാനീയേൽ 1:17) ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എരിയുന്ന തീച്ചൂളയിൽനിന്നു രക്ഷിക്കാൻ സത്യദൈവം തന്റെ ദൂതനെ അയച്ചു. സിംഹങ്ങളുടെ ഗുഹയിൽനിന്നു ദൈവം ദാനീയേലിനെ രക്ഷിച്ചു. യഹോവ ‘തന്നിൽ ആശ്രയം വെക്കുന്നവരുടെ സഹായവും പരിചയും’ ആകുന്നു. അതേ, ‘യഹോവാഭക്തന്മാരെ അവൻ അനുഗ്രഹിക്കും.’—സങ്കീർത്തനം 115:9, 13.
[അടിക്കുറിപ്പ്]
a ദാനീയേൽ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ചയ്ക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകം കാണുക.
[18-ാം പേജിലെ ചിത്രം]
ദാനീയേൽ ‘ഏറ്റവും പ്രിയനായിരുന്നത്’ എന്തുകൊണ്ട്?