അധ്യായം പതിനേഴ്
അന്ത്യനാളുകളിൽ സത്യാരാധകരെ തിരിച്ചറിയൽ
1. ദാനീയേൽ 7-ാം അധ്യായം അനുസരിച്ച്, പ്രതിരോധമില്ലാത്ത ചെറിയൊരു കൂട്ടം ആളുകൾക്കു നമ്മുടെ നാളിൽ ഏത് അസാധാരണ അനുഭവങ്ങൾ ഉണ്ടാകേണ്ടിയിരുന്നു?
പ്രതിരോധമില്ലാത്ത ചെറിയൊരു കൂട്ടം ആളുകൾ ഒരു വൻ ലോകശക്തിയുടെ നീചമായ ആക്രമണത്തിനു വിധേയരാകുന്നു. എന്നാൽ ഒരു പോറൽപോലും ഏൽക്കാതെ അവർ രക്ഷപ്പെടുന്നു, പുതുക്കപ്പെടുക പോലും ചെയ്യുന്നു. പക്ഷേ അത് അവരുടെ സ്വന്തം ശക്തിയാൽ അല്ല, പിന്നെയോ യഹോവയാം ദൈവം അവരെ മൂല്യമുള്ളവരായി കരുതുന്നതിനാലാണ്. 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭ ഭാഗത്ത് അരങ്ങേറിയ ഈ സംഭവങ്ങൾ ദാനീയേൽ പുസ്തകം 7-ാം അധ്യായം മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ, അവർ ആരായിരുന്നു? ദാനീയേൽ പുസ്തകത്തിലെ അതേ അധ്യായം അവരെ “അത്യുന്നതനായവന്റെ,” അതായത് യഹോവയാം ദൈവത്തിന്റെ “വിശുദ്ധന്മാർ” എന്നു പരാമർശിച്ചു. ഇവർ ഒടുവിൽ മിശിഹൈക രാജ്യത്തിൽ സഹഭരണാധിപന്മാർ ആയിരിക്കുമെന്നും അതു വെളിപ്പെടുത്തി!—ദാനീയേൽ 7:13, 14, 18, 21, 22, 25-27.
2. (എ) തന്റെ അഭിഷിക്ത ദാസന്മാരെ കുറിച്ചുള്ള യഹോവയുടെ വികാരം എന്താണ്? (ബി) ഈ നാളുകളിൽ ജ്ഞാനപൂർവകമായ ഗതി എന്തായിരിക്കും?
2 ദാനീയേൽ 11-ാം അധ്യായത്തിൽ നിന്നു നാം പഠിച്ചതുപോലെ, ഈ വിശ്വസ്ത ജനത്തിന്റെ സുരക്ഷിതമായ ആത്മീയ ദേശത്തെ ഭീഷണിപ്പെടുത്തുന്നതിനെ തുടർന്ന് വടക്കേദേശത്തെ രാജാവിന് അന്തിമ നാശം സംഭവിക്കും. (ദാനീയേൽ 11:45; യെഹെസ്കേൽ 38:18-23 താരതമ്യം ചെയ്യുക.) അതേ, യഹോവ തന്റെ വിശ്വസ്ത അഭിഷിക്തർക്കു വളരെയേറെ സംരക്ഷണം പ്രദാനം ചെയ്യുന്നു. സങ്കീർത്തനം 105:14, 15 നമ്മോടു പറയുന്നു: “അവരുടെ നിമിത്തം അവൻ [യഹോവ] രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു.” ആയതിനാൽ, വർധിച്ചുകൊണ്ടിരിക്കുന്ന “മഹാപുരുഷാര”ത്തെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ ഈ നാളുകളിൽ വിശുദ്ധന്മാരുമായി സാധിക്കുന്നത്ര അടുത്തു സഹവസിക്കുന്നതു തികച്ചും ജ്ഞാനപൂർവകം ആയിരിക്കും എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? (വെളിപ്പാടു 7:9; സെഖര്യാവു 8:23) ചെമ്മരിയാടു തുല്യരായവർ കൃത്യമായും അങ്ങനെതന്നെ ചെയ്യണമെന്ന്, അതായത് തന്റെ അഭിഷിക്ത ആത്മീയ സഹോദരന്മാരെ അവരുടെ വേലയിൽ പിന്തുണച്ചുകൊണ്ട് അവരോടു സഹവസിക്കണമെന്ന് യേശു പറഞ്ഞു.—മത്തായി 25:31-46; ഗലാത്യർ 3:29.
3. (എ) യേശുവിന്റെ അഭിഷിക്ത അനുഗാമികളെ കണ്ടെത്തി അവരോട് അടുത്തു നിലകൊള്ളുക എളുപ്പമല്ലാത്തത് എന്തുകൊണ്ട്? (ബി) ഇതിനോടുള്ള ബന്ധത്തിൽ ദാനീയേൽ 12-ാം അധ്യായം എങ്ങനെ സഹായകം ആയിരിക്കും?
3 എന്നാൽ ദൈവത്തിന്റെ ശത്രുവായ സാത്താൻ അഭിഷിക്തർക്ക് എതിരെ സർവശക്തിയും ഉപയോഗിച്ചു പോരാടുകയാണ്. അവൻ വ്യാജ മതത്തെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു, വ്യാജ ക്രിസ്ത്യാനികളെക്കൊണ്ടു ഫലപ്രദമായി ലോകത്തെ നിറയ്ക്കുകതന്നെ ചെയ്തിരിക്കുന്നു. തത്ഫലമായി അനേകർ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു. സത്യമതത്തെ പ്രതിനിധാനം ചെയ്യുന്നവരെ എന്നെങ്കിലും കണ്ടെത്താനാകുമോ എന്നു മറ്റു ചിലർ വ്യാകുലപ്പെടുന്നു. (മത്തായി 7:15, 21-23; വെളിപ്പാടു 12:9, 17) വിശ്വാസത്തിനു തുരങ്കം വെക്കാൻ ഈ ലോകം സദാ ശ്രമിക്കുന്നതിനാൽ, “ചെറിയ ആട്ടിൻകൂട്ട”ത്തെ കണ്ടെത്തി അവരോടു സഹവസിക്കുന്നവർ പോലും വിശ്വാസം നിലനിർത്താൻ യത്നിക്കേണ്ടതുണ്ട്. (ലൂക്കൊസ് 12:32) നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾ “അത്യുന്നതനായവന്റെ വിശുദ്ധന്മാ”രെ കണ്ടെത്തി അവരോടു സഹവസിക്കുന്നുവോ? ദൈവം തിരഞ്ഞെടുത്തിരിക്കുന്നവരെ ആണ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവു നിങ്ങൾക്കുണ്ടോ? അത്തരം തെളിവിനു നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാൻ കഴിയും. ഈ ലോകത്തിലെ മതപരമായ കുഴഞ്ഞുമറിഞ്ഞ അവസ്ഥ മനസ്സിലാക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ അതു നിങ്ങളെ സജ്ജരാക്കുകയും ചെയ്യും. ഈ ജീവരക്ഷാകരമായ പരിജ്ഞാനത്താൽ സമൃദ്ധമാണു ദാനീയേൽ 12-ാം അധ്യായം.
മഹാപ്രഭു പ്രവർത്തനത്തിൽ
4. (എ) ദാനീയേൽ 12:1 മീഖായേലിനെ കുറിച്ച് ഏതു രണ്ടു വ്യതിരിക്ത കാര്യങ്ങൾ മുൻകൂട്ടി പറയുന്നു? (ബി) ഒരു രാജാവ് “നില്ക്കു”ന്നു എന്നതിന് ദാനീയേൽ പുസ്തകത്തിൽ മിക്കപ്പോഴും എന്ത് അർഥമാണ് ഉള്ളത്?
4 ദാനീയേൽ 12:1 ഇപ്രകാരം പറയുന്നു: “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കുതുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും.” ഈ വാക്യം മീഖായേലിനെ കുറിച്ചു പിൻവരുന്ന രണ്ടു വ്യതിരിക്ത കാര്യങ്ങൾ മുൻകൂട്ടി പറയുന്നു: ഒന്ന്, അവൻ “നില്ക്കു”കയാണ്. ഒരു കാലഘട്ടത്തേക്കു ദീർഘിക്കുന്ന കാര്യാദികളുടെ ഒരു അവസ്ഥയെ ആണ് അതു സൂചിപ്പിക്കുന്നത്. രണ്ട്, അവൻ “എഴുന്നേല്ക്കും.” ആ കാലഘട്ടത്തിലെ ഒരു സംഭവത്തെ ആണ് അതു സൂചിപ്പിക്കുന്നത്. ആദ്യം നാം, മീഖായേൽ ദാനീയേലിന്റെ “സ്വജാതിക്കാർക്കു തുണനില്ക്കുന്ന” കാലഘട്ടം അറിയണം. മീഖായേൽ എന്നത് സ്വർഗീയ ഭരണാധികാരി എന്ന നിലയിൽ യേശുവിനു നൽകപ്പെട്ടിരിക്കുന്ന ഒരു പേരാണെന്ന് ഓർമിക്കുക. അവൻ “നില്ക്കു”കയാണെന്നുള്ള പരാമർശം ദാനീയേൽ പുസ്തകത്തിന്റെ ഇതര ഭാഗങ്ങളിൽ ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്ന വിധം നമ്മെ ഓർമിപ്പിക്കുന്നു. മിക്കപ്പോഴും അത് ഒരു രാജാവിന്റെ പ്രവർത്തനങ്ങളെ, രാജകീയ അധികാരം ഏറ്റെടുക്കുന്നതു പോലുള്ളവയെ, പരാമർശിക്കുന്നു.—ദാനീയേൽ 11:2-4, 7, 20, 21, NW.
5, 6. (എ) മീഖായേൽ നിൽക്കുന്നത് ഏതു കാലഘട്ടത്തിലാണ്? (ബി) മീഖായേൽ “എഴുന്നേല്ക്കു”ന്നത് എന്ന്, എങ്ങനെ, എന്തു ഫലത്തോടെ?
5 ദൂതൻ ഇവിടെ ബൈബിൾ പ്രവചനത്തിന്റെ ഇതര ഭാഗങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള ഒരു കാലഘട്ടത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു എന്നു വ്യക്തം. യേശു അതിനെ തന്റെ “സാന്നിധ്യം” (ഗ്രീക്ക്, പറൂസിയ) എന്നു വിളിച്ചു. അവൻ സ്വർഗത്തിൽ രാജാവായി വാഴുമ്പോഴാണ് അതു സംഭവിക്കുക. (മത്തായി 24:37-39, NW) കൂടാതെ, ഈ കാലഘട്ടം “അന്ത്യദിനങ്ങൾ” എന്നും “അന്ത്യകാലം” എന്നും വിളിക്കപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:1, ഓശാന ബൈ.; ദാനീയേൽ 12:4, 9) 1914-ൽ ആ കാലഘട്ടം തുടങ്ങിയതു മുതൽ മീഖായേൽ സ്വർഗത്തിൽ രാജാവ് എന്ന നിലയിൽ നിൽക്കുകയാണ്.—യെശയ്യാവു 11:10; വെളിപ്പാടു 12:7-9 എന്നിവ താരതമ്യം ചെയ്യുക.
6 എന്നാൽ, മീഖായേൽ എന്നാണ് “എഴുന്നേല്ക്കു”ക? ഒരു സവിശേഷ നടപടി സ്വീകരിക്കാനായി അവൻ രംഗപ്രവേശം ചെയ്യുമ്പോൾ. ഭാവിയിൽ യേശു അതു ചെയ്യും. ദൂത സൈന്യത്തിന്റെ തലവനായി പുറപ്പെട്ട് ദൈവത്തിന്റെ ശത്രുക്കളുടെ മേൽ നാശം വിതയ്ക്കുന്ന ശക്തനായ മിശിഹൈക രാജാവായി വെളിപ്പാടു 19:11-16 യേശുവിനെ പ്രാവചനികമായി വർണിക്കുന്നു. ദാനീയേൽ 12:1 ഇങ്ങനെ തുടരുന്നു: “ഒരു ജാതി ഉണ്ടായതുമുതൽ ഈകാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും.” യഹോവ ഉപയോഗിക്കുന്ന മുഖ്യ വധനിർവാഹകൻ എന്ന നിലയിൽ ക്രിസ്തു, പ്രവചിക്കപ്പെട്ടിരിക്കുന്ന “മഹോപദ്രവ” സമയത്തു മുഴു ദുഷ്ടവ്യവസ്ഥിതിക്കും അന്തം വരുത്തും.—മത്തായി 24:21, NW; യിരെമ്യാവു 25:33; 2 തെസ്സലൊനീക്യർ 1:6-8; വെളിപ്പാടു 7:14, NW; 16:14, 16.
7. (എ) ആഗതമാകുന്ന “കഷ്ടകാല”ത്ത് എല്ലാ വിശ്വസ്തർക്കും എന്തു പ്രത്യാശയുണ്ട്? (ബി) എന്താണ് യഹോവയുടെ പുസ്തകം, അതിൽ പേരുണ്ടായിരിക്കുക മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
7 ആ ഭീതിദമായ നാളിൽ വിശ്വാസം പ്രകടമാക്കുന്നവരുടെ ഗതി എന്തായിരിക്കും? ദാനീയേലിനോടു കൂടുതലായി ഇങ്ങനെ പറയപ്പെട്ടു: “അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും.” (ലൂക്കൊസ് 21:34-36 താരതമ്യം ചെയ്യുക.) ഈ പുസ്തകം എന്താണ്? അടിസ്ഥാനപരമായി, തന്റെ ഇഷ്ടം ചെയ്യുന്നവരെ കുറിച്ചുള്ള യഹോവയാം ദൈവത്തിന്റെ ഓർമയെ ആണ് ഇതു പ്രതിനിധാനം ചെയ്യുന്നത്. (മലാഖി 3:16; എബ്രായർ 6:10) ഈ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടുള്ളവരാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതരായ ആളുകൾ. കാരണം, അവർ ദിവ്യ സംരക്ഷണം ആസ്വദിക്കുന്നു. അവർക്ക് എന്തു ദോഷം ഭവിച്ചാലും അത് ഇല്ലായ്മ ചെയ്യാൻ സാധിക്കും, അപ്രകാരം ചെയ്യുകയും ചെയ്യും. വരാനിരിക്കുന്ന ഈ “കഷ്ടകാല”ത്തിനു മുമ്പു മരിച്ചാൽ പോലും അവർ യഹോവയുടെ സീമാതീത സ്മരണയിൽ നിലകൊള്ളും. യേശുക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയിൽ യഹോവ അവരെ ഓർമിച്ച് പുനരുത്ഥാനത്തിൽ കൊണ്ടുവരും.—പ്രവൃത്തികൾ 24:15; വെളിപ്പാടു 20:4-6.
വിശുദ്ധന്മാർ ‘ഉണരുന്നു’
8. ദാനീയേൽ 12:2 ഏതു ഹൃദ്യമായ പ്രത്യാശ വെച്ചുനീട്ടുന്നു?
8 പുനരുത്ഥാന പ്രത്യാശ തീർച്ചയായും ആശ്വാസപ്രദമാണ്. അതിനെ പരാമർശിച്ചുകൊണ്ട് ദാനീയേൽ 12:2 ഇപ്രകാരം പറയുന്നു: “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.” (യെശയ്യാവു 26:19 താരതമ്യം ചെയ്യുക.) ഒരു പൊതു പുനരുത്ഥാനത്തെ കുറിച്ചുള്ള യേശുക്രിസ്തുവിന്റെ ഹൃദയസ്പർശിയായ വാഗ്ദാനം ഈ വാക്കുകൾ നമ്മെ ഓർമിപ്പിച്ചേക്കാം. (യോഹന്നാൻ 5:28, 29) എന്തൊരു പുളകപ്രദമായ പ്രത്യാശ! മരിച്ചുപോയ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഭാവിയിൽ വീണ്ടും ജീവിക്കാൻ ഒരു അവസരം നൽകപ്പെടുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! എന്നാൽ ദാനീയേൽ പുസ്തകത്തിലെ ഈ വാഗ്ദാനം അടിസ്ഥാനപരമായി മറ്റൊരുതരം പുനരുത്ഥാനത്തെയാണ് പരാമർശിക്കുന്നത്. അത് ഇതിനോടകം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങനെ?
9. (എ) ദാനീയേൽ 12:2-ന് അന്ത്യനാളുകളിൽ നിവൃത്തി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഏതു തരത്തിലുള്ള പുനരുത്ഥാനത്തെയാണു പ്രവചനം പരാമർശിക്കുന്നത്, നമുക്ക് അത് എങ്ങനെ അറിയാം?
9 സന്ദർഭം പരിഗണിക്കുക. നാം കണ്ടുകഴിഞ്ഞതുപോലെ, 12-ാം അധ്യായത്തിന്റെ ആദ്യ വാക്യം വ്യവസ്ഥിതിയുടെ സമാപനത്തിനു മാത്രമല്ല, അന്ത്യനാളുകളുടെ മുഴു കാലഘട്ടത്തിനും ബാധകമാകുന്നു. വാസ്തവത്തിൽ, പ്രസ്തുത അധ്യായത്തിന്റെ ഭൂരിഭാഗവും നിവൃത്തിയേറുന്നത് ആഗതമാകുന്ന ഭൗമിക പറുദീസയിൽ അല്ല, മറിച്ച് അന്ത്യകാലത്ത് ആണ്. ഈ കാലഘട്ടത്തിൽ പുനരുത്ഥാനം നടന്നിട്ടുണ്ടോ? “ക്രിസ്തുവിനുള്ളവ”രുടെ പുനരുത്ഥാനം “അവന്റെ സാന്നിധ്യ കാലത്ത്” നടക്കുന്നതായി അപ്പൊസ്തലനായ പൗലൊസ് എഴുതി. എന്നിരുന്നാലും സ്വർഗത്തിലെ ജീവനായി പുനരുത്ഥാനം പ്രാപിക്കുന്നവർ “അക്ഷയരായി”ട്ടാണ് ഉയിർപ്പിക്കപ്പെടുന്നത്. (1 കൊരിന്ത്യർ 15:23, 52, NW) അവരിൽ ആരും ദാനീയേൽ 12:2-ൽ പറഞ്ഞിരിക്കുന്ന പ്രകാരം “ലജ്ജെക്കും നിത്യനിന്ദെക്കുമാ”യി ഉയിർപ്പിക്കപ്പെടുന്നില്ല. അപ്പോൾ മറ്റു തരത്തിലുള്ള പുനരുത്ഥാനവും ഉണ്ടോ? ബൈബിളിൽ, ചില അവസരങ്ങളിൽ പുനരുത്ഥാനത്തിന് ഒരു ആത്മീയ അർഥം ഉണ്ട്. ദൃഷ്ടാന്തത്തിന്, ഒരു ആത്മീയ പുനരുജ്ജീവനത്തിന് അഥവാ പുനരുത്ഥാനത്തിനു ബാധകമാകുന്ന പ്രാവചനിക വിവരണങ്ങൾ യെഹെസ്കേലിലും വെളിപ്പാടിലും അടങ്ങിയിട്ടുണ്ട്.—യെഹെസ്കേൽ 37:1-14; വെളിപ്പാടു 11:3, 7, 11.
10. (എ) അന്ത്യകാലത്ത് അഭിഷിക്ത ശേഷിപ്പു പുനരുത്ഥാനം പ്രാപിച്ചത് ഏത് അർഥത്തിൽ? (ബി) പുനരുജ്ജീവിപ്പിക്കപ്പെട്ട ചില അഭിഷിക്തർ “ലജ്ജെക്കും നിത്യനിന്ദെക്കുമാ”യി ഉണർന്നത് എങ്ങനെ?
10 അന്ത്യകാലത്ത് ദൈവത്തിന്റെ അഭിഷിക്ത ദാസന്മാർക്ക് അത്തരമൊരു ആത്മീയ പുനരുജ്ജീവനം ഉണ്ടായിട്ടുണ്ടോ? ഉണ്ട്! തങ്ങളുടെ സംഘടിത പരസ്യ ശുശ്രൂഷ താറുമാറാക്കിയ ഒരു അസാധാരണ ആക്രമണത്തിന് 1918-ൽ വിശ്വസ്ത ക്രിസ്ത്യാനികളുടെ ഒരു ചെറിയ ശേഷിപ്പ് വിധേയരായി എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. എന്നാൽ സകല സാധ്യതകൾക്കും വിപരീതമായി 1919-ൽ ആത്മീയ അർഥത്തിൽ അവർ ജീവനിലേക്കു മടങ്ങിവന്നു. ഈ വസ്തുതകൾ ദാനീയേൽ 12:2-ൽ പ്രവചിച്ചിരിക്കുന്ന പുനരുത്ഥാന വിവരണത്തോടു യോജിക്കുന്നു. ആ കാലത്തും അതിനു ശേഷവും ചിലർ ആത്മീയമായി ‘ഉണരുക’തന്നെ ചെയ്തു. എന്നാൽ ഖേദകരമെന്നു പറയട്ടെ, അവർ എല്ലാവരും ആത്മീയമായി ജീവനുള്ള നിലയിൽ തുടർന്നില്ല. ഉണർത്തപ്പെട്ട ശേഷം മിശിഹൈക രാജാവിനെ ത്യജിക്കാൻ തീരുമാനിച്ചുകൊണ്ട് ദൈവസേവനം ഉപേക്ഷിച്ചവർ ദാനീയേൽ 12:2-ൽ വിവരിച്ചിരിക്കുന്നതു പോലുള്ള ‘ലജ്ജെയും നിത്യനിന്ദെയും’ അനുഭവിച്ചു. (എബ്രായർ 6:4-6) എന്നാൽ, ആത്മീയമായി പുനരുജ്ജീവിപ്പിക്കപ്പെട്ട തങ്ങളുടെ അവസ്ഥ നല്ലവണ്ണം പ്രയോജനപ്പെടുത്തിക്കൊണ്ട് വിശ്വസ്തരായ അഭിഷിക്തർ മിശിഹൈക രാജാവിനെ അചഞ്ചലമായി പിന്താങ്ങി. പ്രവചനം പ്രസ്താവിക്കുന്നതു പോലെ, അവരുടെ വിശ്വസ്തത ആത്യന്തികമായി അവരെ “നിത്യജീവ”നിലേക്കു നയിക്കുന്നു. ഇന്ന്, എതിർപ്പിൻ മധ്യേയുള്ള അവരുടെ ആത്മീയ ഉന്മേഷം അവരെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.
അവർ ‘നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നു’
11. ഇന്ന് “ഉൾക്കാഴ്ചയുള്ളവർ” ആരാണ്, അവർ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നത് ഏത് അർഥത്തിൽ?
11 ദാനീയേൽ 12-ാം അധ്യായത്തിലെ അടുത്ത രണ്ടു വാക്യങ്ങൾ “അത്യുന്നതനായവന്റെ വിശുദ്ധന്മാ”രെ തിരിച്ചറിയാൻ നമ്മെ കൂടുതൽ സഹായിക്കുന്നു. മൂന്നാം വാക്യത്തിൽ ദൂതൻ ദാനീയേലിനോടു പറയുന്നു: “എന്നാൽ ബുദ്ധിമാന്മാർ [“ഉൾക്കാഴ്ചയുള്ളവർ,” NW] ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” ആരാണ് ഇന്ന് “ഉൾക്കാഴ്ചയുള്ളവർ”? “അത്യുന്നതനായവന്റെ വിശുദ്ധന്മാ”രിലേക്കുതന്നെയാണ് തെളിവു വീണ്ടും വിരൽ ചൂണ്ടുന്നത്. മഹാപ്രഭുവായ മീഖായേൽ 1914 മുതൽ രാജാവ് എന്ന നിലയിൽ നിൽക്കാൻ തുടങ്ങിയെന്നു തിരിച്ചറിയാനുള്ള ഉൾക്കാഴ്ച വിശ്വസ്ത അഭിഷിക്ത ശേഷിപ്പിന് അല്ലാതെ മറ്റാർക്കാണ് ഉണ്ടായിരുന്നിട്ടുള്ളത്? ഇതുപോലുള്ള സത്യങ്ങൾ പ്രസംഗിച്ചുകൊണ്ടും അതുപോലെതന്നെ ക്രിസ്തീയ നടത്ത തുടർന്നുകൊണ്ടും അവർ ആത്മീയ അന്ധകാരം ബാധിച്ച ഈ ലോകത്തിൽ “ജ്യോതിസ്സുകളെപ്പോലെ പ്രകാശി”ച്ചിരിക്കുന്നു. (ഫിലിപ്പിയർ 2:15; യോഹന്നാൻ 8:12) അവരെ കുറിച്ച് യേശു ഇങ്ങനെ പ്രവചിച്ചു: “അന്നു നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.”—മത്തായി 13:43.
12. (എ) അന്ത്യകാലത്ത് “പലരെയും നീതിയിലേക്കു തിരിക്കുന്ന”തിൽ അഭിഷിക്തർ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയിൽ അഭിഷിക്തർ അനേകരെ നീതിയിലേക്കു കൊണ്ടുവരികയും ആകാശത്തിലെ ‘നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുക’യും ചെയ്യുന്നത് എങ്ങനെ?
12 അന്ത്യകാലത്ത് ഈ അഭിഷിക്ത ക്രിസ്ത്യാനികൾ ഏതു വേലയിൽ വ്യാപൃതർ ആയിരിക്കുമെന്നു പോലും ദാനീയേൽ 12:3 നമ്മോടു പറയുന്നു. അവർ “പലരെയും നീതിയിലേക്കു തിരിക്കുന്ന”തായിരിക്കും. അഭിഷിക്ത ശേഷിപ്പ് ക്രിസ്തുവിന്റെ 1,44,000 കൂട്ടവകാശികളിൽ ശേഷിക്കുന്നവരെ കൂട്ടിച്ചേർക്കാൻ തുടങ്ങി. (റോമർ 8:16, 17; വെളിപ്പാടു 7:3, 4) തെളിവ് അനുസരിച്ച്, 1930-കളുടെ മധ്യത്തിൽ ആ വേല പൂർത്തിയായപ്പോൾ അവർ “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തെ കൂട്ടിച്ചേർക്കാൻ തുടങ്ങി. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) ഇവരും യേശുക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുന്നു. അതുകൊണ്ട് അവർക്ക് യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ട്. ഇന്നു ദശലക്ഷങ്ങൾ ആയിത്തീർന്നിരിക്കുന്ന അവർ ഈ ദുഷ്ട ലോകത്തിന്റെ ആസന്നമായ നാശത്തെ അതിജീവിക്കാനുള്ള പ്രത്യാശയെ പ്രിയങ്കരമായി കരുതുന്നു. ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ അവസാന കണികയും തുടച്ചുനീക്കാൻ വിശ്വാസം പ്രകടമാക്കുന്ന സകലരെയും സഹായിച്ചുകൊണ്ട് യേശുവിന്റെ ആയിരവർഷ വാഴ്ചയിൽ അവനും സഹരാജാക്കന്മാരും പുരോഹിതന്മാരുമായ 1,44,000 പേരും ചേർന്ന് ഭൂമിയിലെ അനുസരണമുള്ള മനുഷ്യവർഗത്തിനു മറുവിലയുടെ മുഴു പ്രയോജനങ്ങളും ലഭ്യമാക്കും. (2 പത്രൊസ് 3:13; വെളിപ്പാടു 7:13, 14; 20:5, 6) “പലരെയും നീതിയിലേക്കു തിരി”ച്ചുകൊണ്ട് അഭിഷിക്തർ അന്ന് പരിപൂർണമായ അർഥത്തിൽ ആകാശത്തിലെ ‘നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കും.’ ക്രിസ്തുവിന്റെയും അവന്റെ സഹഭരണാധിപന്മാരുടെയും മഹനീയമായ സ്വർഗീയ ഗവൺമെന്റിൻ കീഴിൽ ഭൂമിയിൽ ജീവിക്കുന്നതിന്റെ പ്രത്യാശയെ നിങ്ങൾ വിലമതിക്കുന്നുവോ? ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ “വിശുദ്ധൻമാ”രോടു ചേരുന്നത് എന്തൊരു പദവിയാണ്!—മത്തായി 24:14.
അവർ ‘പരിശോധിക്കുന്നു’
13. ദാനീയേൽ പുസ്തകം അടച്ചു മുദ്രയിട്ട് രഹസ്യമാക്കി വെച്ചത് ഏത് അർഥത്തിൽ?
13 ദാനീയേൽ 10:20-ൽ ആരംഭിച്ച, ദാനീയേലിനോടുള്ള ദൂതന്റെ പ്രഖ്യാപനം പിൻവരുന്ന ഹൃദയോഷ്മളമായ വാക്കുകളോടെ ഇപ്പോൾ സമാപിക്കുന്നു: “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീയേൽ 12:4) നിശ്വസ്തതയിൽ ദാനീയേൽ എഴുതിയ മിക്ക കാര്യങ്ങളും രഹസ്യമാക്കപ്പെടുകയും മനുഷ്യനു ഗ്രഹിക്കാൻ കഴിയാതവണ്ണം അടച്ചു മുദ്രയിടപ്പെടുകയും ചെയ്തു. എന്തിന്, ദാനീയേൽ പോലും പിന്നീട് ഇങ്ങനെ എഴുതി: “ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല.” (ദാനീയേൽ 12:8) ഈ അർഥത്തിൽ ദാനീയേൽ പുസ്തകം നൂറ്റാണ്ടുകളോളം അടച്ചു മുദ്രയിടപ്പെട്ടിരുന്നു. എന്നാൽ ഇന്നോ?
14. (എ) “അന്ത്യകാലത്ത്” ആർ, എവിടെ “പരിശോധി”ച്ചു നോക്കിയിരിക്കുന്നു? (ബി) ഈ ‘പരിശോധന’യെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
14 ദാനീയേൽ പുസ്തകത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന “അന്ത്യകാലത്ത്” ജീവിക്കാനുള്ള പദവി നമുക്കുണ്ട്. പ്രവചിക്കപ്പെട്ടതുപോലെ, വിശ്വസ്തരായ അനേകർ ദൈവവചനത്തിന്റെ പേജുകൾ “പരിശോധി”ച്ചു നോക്കിയിരിക്കുന്നു. ഫലമോ? യഹോവയുടെ അനുഗ്രഹത്താൽ യഥാർഥ ജ്ഞാനം സമൃദ്ധമായി തീർന്നിരിക്കുന്നു. യഹോവയുടെ വിശ്വസ്ത അഭിഷിക്ത സാക്ഷികൾ ഉൾക്കാഴ്ചയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 1914-ൽ മനുഷ്യപുത്രൻ രാജാവായെന്നു മനസ്സിലാക്കാനും ദാനീയേൽ പ്രവചനത്തിലെ മൃഗങ്ങളെ തിരിച്ചറിയാനും “ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ” കുറിച്ചു മുന്നറിയിപ്പു നൽകാനും അത് അവരെ പ്രാപ്തർ ആക്കിയിരിക്കുന്നു—ഇവ ഏതാനും ചില ദൃഷ്ടാന്തങ്ങൾ മാത്രം. (ദാനീയേൽ 11:31) അപ്പോൾ, “അത്യുന്നതനായവന്റെ വിശുദ്ധൻമാ”രുടെ മറ്റൊരു തിരിച്ചറിയിക്കൽ അടയാളമാണ് ഈ പരിജ്ഞാന സമൃദ്ധി. എന്നാൽ ദാനീയേലിനു കൂടുതൽ തെളിവുകൾ ലഭിച്ചു.
അവർ ‘തകർക്കപ്പെടുന്നു’
15. ഒരു ദൂതൻ ഇപ്പോൾ ഏതു ചോദ്യം ഉന്നയിച്ചു, ഈ ചോദ്യം ആരെക്കുറിച്ചു നമ്മെ ഓർമിപ്പിച്ചേക്കാം?
15 ടൈഗ്രീസ് എന്നും അറിയപ്പെടുന്ന ഹിദ്ദേക്കൽ എന്ന “മഹാ നദീ”തീരത്തുവെച്ചാണ് ദാനീയേലിന് ഈ ദൂതസന്ദേശങ്ങൾ ലഭിച്ചത് എന്ന് ഓർമിക്കുക. (ദാനീയേൽ 10:4) അവൻ ഇപ്പോൾ മൂന്നു ദൂതസൃഷ്ടികളെ അവിടെ കാണുന്നു. അവൻ പറയുന്നു: “അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മററുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മററവൻ നദീതിരത്തു അക്കരെയും നില്ക്കുന്നതു കണ്ടു. എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു.” (ദാനീയേൽ 12:5, 6) ദൂതൻ ഉന്നയിച്ച ഈ ചോദ്യം “അത്യുന്നതനായവന്റെ വിശുദ്ധൻമാ”രെ കുറിച്ച് നമ്മെ വീണ്ടും ഓർമിപ്പിച്ചേക്കാം. 1914-ൽ, “അന്ത്യകാല”ത്തിന്റെ തുടക്കത്തിൽ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിവൃത്തിയേറാൻ എത്ര കാലം എടുക്കും എന്ന ചോദ്യത്തിൽ അവർ അതിയായ താത്പര്യം ഉള്ളവരായിരുന്നു. ഈ പ്രവചനത്തിന്റെ കേന്ദ്രബിന്ദു അവരാണെന്ന് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാക്കുന്നു.
16. ദൂതൻ ഏതു പ്രവചനം ഉച്ചരിക്കുന്നു, അതിന്റെ നിവൃത്തി സുനിശ്ചിതമാണെന്നു ദൂതൻ ഊന്നിപ്പറയുന്നത് എങ്ങനെ?
16 ദാനീയേലിന്റെ വിവരണം തുടരുന്നു: “ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.” (ദാനീയേൽ 12:7) ഇതു ശാന്തഗംഭീരമായ ഒരു സംഗതിയാണ്. സത്യം ചെയ്തുകൊണ്ട് ദൂതൻ ഇരു കൈകളും ഉയർത്തുന്നു. അതുകൊണ്ട് ഈ ആംഗ്യം വീതിയേറിയ നദിയുടെ ഇരുകരകളിലുമുള്ള രണ്ടു ദൂതന്മാർക്കും ദൃശ്യമാണ്. അങ്ങനെ ആ ദൂതൻ ഈ പ്രവചനത്തിന്റെ പൂർണമായും സുനിശ്ചിതമായ നിവൃത്തിക്ക് ഊന്നൽ നൽകുന്നു. എന്നാൽ എപ്പോഴാണ് ഈ നിയമിത കാലങ്ങൾ? ഉത്തരം കണ്ടെത്താൻ നിങ്ങൾ വിചാരിച്ചേക്കാവുന്നത്ര ബുദ്ധിമുട്ടില്ല.
17. (എ) ദാനീയേൽ 7:25-ലും ദാനീയേൽ 12:7-ലും വെളിപ്പാടു 11:3, 7, 9-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ തമ്മിൽ എന്തെല്ലാം സമാന്തരങ്ങൾ കാണാവുന്നതാണ്? (ബി) മൂന്നര കാലം എത്ര ദീർഘമാണ്?
17 ഈ പ്രവചനത്തിനു മറ്റു രണ്ടു പ്രവചനങ്ങളോട് അതിശയകരമായ സാമ്യമുണ്ട്. ഒന്ന്, ഈ പ്രസിദ്ധീകരണത്തിന്റെ 9-ാം അധ്യായത്തിൽ ചർച്ച ചെയ്തിരിക്കുന്ന ദാനീയേൽ 7:25-ൽ കാണുന്ന പ്രവചനമാണ്; മറ്റേത്, വെളിപ്പാടു 11:3, 7, 9-ലെയും. സമാന്തരങ്ങളിൽ ചിലത് പരിഗണിക്കുക. അവ രണ്ടും അന്ത്യനാളുകളിൽ നിവൃത്തിയേറുന്നവയാണ്. ഇരു പ്രവചനങ്ങളും ദൈവത്തിന്റെ വിശുദ്ധ ദാസന്മാരെ സംബന്ധിച്ചുള്ളതാണ്. അവർ പീഡിപ്പിക്കപ്പെടുന്നതായും കുറച്ചുകാലത്തേക്ക് അവർക്കു തങ്ങളുടെ പരസ്യ പ്രസംഗവേല തുടരാൻ കഴിയാതെ വരികപോലും ചെയ്യുന്നതായും അവ പ്രകടമാക്കുന്നു. തങ്ങളെ പീഡിപ്പിക്കുന്നവരെ പരാജയപ്പെടുത്തിക്കൊണ്ട് ദൈവദാസന്മാർ പുനരുജ്ജീവിക്കുകയും തങ്ങളുടെ വേല പുനരാരംഭിക്കുകയും ചെയ്യുന്നതായി ഇരു പ്രവചനങ്ങളും പ്രകടമാക്കുന്നു. വിശുദ്ധന്മാരുടെ ഈ ദുരിത കാലത്തിന്റെ ദൈർഘ്യവും അവ പ്രസ്താവിക്കുന്നു. ദാനീയേലിലെ രണ്ടു പ്രവചനങ്ങളും (7:25-ലെയും 12:7-ലെയും) ‘ഒരു കാലം, കാലങ്ങൾ, അരക്കാലം’ എന്നിവയെ പരാമർശിക്കുന്നു. ഇതു മൂന്നര കാലങ്ങളെ അർഥമാക്കുന്നുവെന്ന് ബൈബിൾ പണ്ഡിതന്മാർ പൊതുവെ മനസ്സിലാക്കുന്നു. അതേ കാലഘട്ടത്തെ വെളിപ്പാട് 42 മാസം അഥവാ 1,260 ദിവസം എന്നു പരാമർശിക്കുന്നു. (വെളിപ്പാടു 11:2, 3) ദാനീയേലിലെ മൂന്നര കാലം 360 ദിവസമുള്ള മൂന്നര വർഷത്തെ പരാമർശിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. എന്നാൽ എന്നാണ് ഈ 1,260 ദിവസം ആരംഭിച്ചത്?
18. (എ) ദാനീയേൽ 12:7 അനുസരിച്ച്, 1,260 ദിവസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നത് എന്ത്? (ബി) “വിശുദ്ധജനത്തിന്റെ ബലത്തെ” ഒടുവിൽ തകർത്തു തരിപ്പണമാക്കിയത് എപ്പോൾ, എങ്ങനെ? (സി) 1,260 ദിവസം ആരംഭിച്ചത് എന്ന്, ആ കാലഘട്ടത്തിൽ അഭിഷിക്തർ “രട്ടു ഉടുത്തു” പ്രവചിച്ചത് എപ്രകാരം?
18 1,260 ദിവസം എന്ന് അവസാനിക്കുമായിരുന്നു എന്ന് പ്രവചനം വളരെ വ്യക്തമായി പറയുന്നു—“വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകള”യുമ്പോൾ. 1918-ന്റെ മധ്യത്തിൽ, വ്യാജ കുറ്റങ്ങൾ ചുമത്തി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജെ. എഫ്. റഥർഫോർഡ് ഉൾപ്പെടെയുള്ള പ്രമുഖ അംഗങ്ങളെ ദീർഘകാല തടവു ശിക്ഷയ്ക്കു വിധിച്ച് ജയിലിൽ അടച്ചു. അങ്ങനെ തങ്ങളുടെ വേല ‘തകർക്കപ്പെടുന്ന’ത്, ശക്തി തകർത്തു തരിപ്പണമാക്കപ്പെടുന്നത്, ദൈവത്തിന്റെ വിശുദ്ധന്മാർ കാണുകതന്നെ ചെയ്തു. 1918-ന്റെ മധ്യത്തിൽ നിന്ന് മൂന്നര വർഷം പിന്നോട്ട് എണ്ണുമ്പോൾ നാം 1914-ന്റെ അവസാനത്തിൽ എത്തുന്നു. ആ കാലത്ത് അഭിഷിക്തരുടെ ചെറിയ കൂട്ടം കടുത്ത പീഡനത്തെ നേരിടാൻ തങ്ങളെത്തന്നെ ബലിഷ്ഠരാക്കുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു, അവരുടെ വേലയോടുള്ള എതിർപ്പു വർധിക്കുകയായിരുന്നു. തന്റെ അനുഗാമികളോടുള്ള ക്രിസ്തുവിന്റെ പിൻവരുന്ന ചോദ്യം 1915-ലേക്കുള്ള തങ്ങളുടെ വാർഷിക വാക്യമായി അവർ തിരഞ്ഞെടുക്കുകപോലും ചെയ്തു: “എന്റെ പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ?” (മത്തായി 20:22, ജയിംസ് രാജാവിന്റെ ഭാഷാന്തരം) വെളിപ്പാടു 11:3-ൽ പ്രവചിക്കപ്പെട്ടതുപോലെ, തുടർന്നുവന്ന 1,260 ദിവസക്കാലം അഭിഷിക്തർക്ക് ദുഃഖകരമായ സമയമായിരുന്നു. അത് അവർ രട്ട് ഉടുത്ത് പ്രവചിക്കുന്നതു പോലെ ആയിരുന്നു. പീഡനം അതികഠിനമായി. അവരിൽ ചിലർ തടവിലാക്കപ്പെട്ടു, ചിലർ ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരകളായി, മറ്റു ചിലർ ദണ്ഡിപ്പിക്കപ്പെട്ടു. 1916-ൽ, സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന സി. റ്റി. റസ്സൽ മരിച്ചത് അനേകരെ അധൈര്യപ്പെടുത്തി. എന്നാൽ, ഒരു പ്രസംഗ സംഘടന എന്ന നിലയിൽ ഈ വിശുദ്ധന്മാരെ വകവരുത്തിയതോടെ സമാപിച്ച ഭീതിദമായ ഈ കാലഘട്ടത്തെ തുടർന്ന് എന്തു സംഭവിക്കുമായിരുന്നു?
19. അഭിഷിക്തർ ദീർഘകാലത്തേക്കു നിശ്ശബ്ദർ ആക്കപ്പെടുമായിരുന്നില്ലെന്നു വെളിപ്പാടു 11-ാം അധ്യായത്തിലെ പ്രവചനം നമുക്ക് ഉറപ്പു നൽകുന്നത് എങ്ങനെ?
19 വെളിപ്പാടു 11:3, 9, 11-ൽ കാണപ്പെടുന്ന സമാന്തര പ്രവചനം അനുസരിച്ച്, “രണ്ടു സാക്ഷികൾ” കൊല്ലപ്പെട്ട ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുന്നതിനു മുമ്പ് ഒരു ചുരുങ്ങിയ കാലം, അതായതു മൂന്നര ദിവസം മാത്രമേ അവർ മരിച്ചവരായി തുടർന്നുള്ളൂ. സമാനമായി, വിശുദ്ധന്മാർ നിശ്ശബ്ദരായി തുടരുമായിരുന്നില്ല, മറിച്ച് അവർക്കു മുന്നിൽ ധാരാളം വേല ഉണ്ടായിരുന്നെന്നു ദാനീയേൽ 12-ാം അധ്യായത്തിലെ പ്രവചനം കാണിക്കുന്നു.
അവർ ‘ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കപ്പെടുന്നു’
20. ദാനീയേൽ 12:10 അനുസരിച്ച്, തിക്താനുഭവങ്ങൾക്കു ശേഷം അഭിഷിക്തർക്ക് എന്ത് അനുഗ്രഹം കൈവരുമായിരുന്നു?
20 നേരത്തേ പ്രസ്താവിച്ചതു പോലെ, ദാനീയേൽ ഈ കാര്യങ്ങൾ എഴുതിവെച്ചെങ്കിലും അവന് അതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും പീഡകരുടെ കൈയാൽ വിശുദ്ധന്മാർ വാസ്തവത്തിൽ പൂർണമായും നശിപ്പിക്കപ്പെടുമോ എന്ന് അവൻ ചിന്തിച്ചിരിക്കണം, കാരണം “ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” എന്ന് അവൻ ചോദിച്ചു. ദൂതൻ ഇങ്ങനെ ഉത്തരം പറഞ്ഞു: “ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു. പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ [“ഉൾക്കാഴ്ചയുള്ളവരോ,” NW] ഗ്രഹിക്കും.” (ദാനീയേൽ 12:8-10) വിശുദ്ധന്മാർക്ക് ഒരു ഉറച്ച പ്രത്യാശ ഉണ്ടായിരുന്നു! നശിപ്പിക്കപ്പെടുന്നതിനു പകരം അവർ നിർമലീകരിക്കപ്പെട്ട് യഹോവയാം ദൈവത്തിന്റെ മുമ്പാകെയുള്ള ഒരു ശുദ്ധമായ നിലയാൽ അനുഗ്രഹിക്കപ്പെടുമായിരുന്നു. (മലാഖി 3:1-3) ആത്മീയ കാര്യങ്ങളിലുള്ള ഉൾക്കാഴ്ച ദൈവ ദൃഷ്ടിയിൽ ശുദ്ധരായിരിക്കാൻ അവരെ സഹായിക്കുമായിരുന്നു. നേരെ മറിച്ച്, ദുഷ്ടന്മാർ ആത്മീയ കാര്യങ്ങൾ ഗ്രഹിക്കാൻ വിസമ്മതിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം എപ്പോൾ സംഭവിക്കുമായിരുന്നു?
21. (എ) ദാനീയേൽ 12:11-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാലഘട്ടം ഏത് സ്ഥിതിവിശേഷങ്ങൾ സംജാതമായിക്കഴിയുമ്പോൾ തുടങ്ങുമായിരുന്നു? (ബി) “നിരന്തര സവിശേഷത” എന്തായിരുന്നു, അതു നീക്കം ചെയ്യപ്പെട്ടത് എപ്പോൾ? (298-ാം പേജിലെ ചതുരം കാണുക.)
21 ദാനീയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂററിത്തൊണ്ണൂറു ദിവസം ചെല്ലും.” അതുകൊണ്ട് ചില സ്ഥിതിവിശേഷങ്ങൾ സംജാതമാകുമ്പോൾ ഈ കാലഘട്ടം തുടങ്ങുമായിരുന്നു. “നിരന്തരഹോമയാഗം”a—അഥവാ “നിരന്തര സവിശേഷത” [NW]—നീക്കം ചെയ്യപ്പെടണമായിരുന്നു. (ദാനീയേൽ 12:11, NW അടിക്കുറിപ്പ്) ഏതു യാഗത്തെയാണ് ദൂതൻ അർഥമാക്കിയത്? ഏതെങ്കിലും ഭൗമിക ആലയത്തിൽ അർപ്പിക്കപ്പെടുന്ന മൃഗയാഗങ്ങളെ അല്ല. എന്തിന്, ഒരിക്കൽ യെരൂശലേമിൽ സ്ഥിതിചെയ്തിരുന്ന ആലയം പോലും “വാസ്തവമായതിന്റെ”—പൊ.യു. 29-ൽ ക്രിസ്തു മഹാപുരോഹിതൻ ആയപ്പോൾ പ്രവർത്തനം ആരംഭിച്ച യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ—വെറുമൊരു “പ്രതിബിംബമായി”രുന്നു! സത്യാരാധനയ്ക്കുള്ള ദൈവത്തിന്റെ ക്രമീകരണത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ആത്മീയ ആലയത്തിൽ തുടർച്ചയായ പാപപരിഹാര ബലിയുടെ യാതൊരു ആവശ്യവുമില്ല, കാരണം “ക്രിസ്തു. . . അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ [“എന്നേക്കുമായി ഒരിക്കൽ,” NW] അർപ്പിക്കപ്പെട്ടു.” (എബ്രായർ 9:24-28) എങ്കിലും, എല്ലാ സത്യക്രിസ്ത്യാനികളും ഈ ആലയത്തിൽ യാഗം അർപ്പിക്കുകതന്നെ ചെയ്യുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി: “[ക്രിസ്തു] മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15) അതുകൊണ്ട് പ്രവചനത്തിലെ ഈ ആദ്യ സ്ഥിതിവിശേഷം, അതായത് “നിരന്തര സവിശേഷത”യുടെ നീക്കം ചെയ്യൽ, 1918-ന്റെ മധ്യത്തിൽ പ്രസംഗ വേല ഏതാണ്ട് പൂർണമായും നിർത്തലാക്കപ്പെട്ടപ്പോൾ സംജാതമായി.
22. (എ) ശൂന്യമാക്കുന്ന “മ്ലേച്ഛബിംബം” എന്താണ്, അതു സ്ഥാപിതമായത് എന്ന്? (ബി) ദാനീയേൽ 12:11-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാലഘട്ടം തുടങ്ങിയത് എന്ന്, അവസാനിച്ചത് എന്ന്?
22 എന്നാൽ രണ്ടാമത്തെ സ്ഥിതിവിശേഷത്തിന്റെ അതായത് “ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കു”ന്നതിന്റെ അഥവാ സ്ഥാപിക്കുന്നതിന്റെ കാര്യമോ? ദാനീയേൽ 11:31-നെ കുറിച്ചുള്ള നമ്മുടെ ചർച്ചയിൽ കണ്ടതുപോലെ, ഈ മ്ലേച്ഛബിംബം ആദ്യം സർവരാജ്യസഖ്യം ആയിരുന്നു. പിന്നീട് അത് ഐക്യരാഷ്ട്രങ്ങളായി പുനഃപ്രവേശം ചെയ്തു. ഭൂമിയിലെ സമാധാനത്തിനുള്ള ഏക പ്രത്യാശ എന്ന നിലയിൽ അവ വാഴ്ത്തപ്പെട്ടു എന്നതിനാൽ അവ രണ്ടും മ്ലേച്ഛമാണ്. അങ്ങനെ അനേകരുടെ ഹൃദയത്തിൽ, ഈ സ്ഥാപനങ്ങൾ വാസ്തവത്തിൽ ദൈവരാജ്യത്തിന്റെ സ്ഥാനം കൈയടക്കിയിരിക്കുന്നു! സഖ്യത്തെ സംബന്ധിച്ചുള്ള നിർദേശം ഔപചാരികമായി മുന്നോട്ടു വെച്ചത് 1919 ജനുവരിയിൽ ആയിരുന്നു. അതുകൊണ്ട് ആ സമയത്ത് ദാനീയേൽ 12:11-ലെ രണ്ട് സ്ഥിതിവിശേഷങ്ങളും സംജാതമായി. അതുകൊണ്ട് ആ 1,290 ദിവസം 1919-ന്റെ ആരംഭത്തിൽ തുടങ്ങി 1922-ലെ ശരത്കാലം (ഉത്തരാർധ ഗോളത്തിൽ) വരെ നീണ്ടുനിന്നു.
23. ദാനീയേൽ 12-ാം അധ്യായത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന 1,290 ദിവസക്കാലത്ത് ദൈവത്തിന്റെ വിശുദ്ധന്മാർ ശുദ്ധീകരിക്കപ്പെട്ട നിലയിലേക്കു പുരോഗമിച്ചത് എങ്ങനെ?
23 ദൈവത്തിന്റെ ദൃഷ്ടിയിൽ ശുദ്ധീകരിക്കപ്പെടുകയും നിർമലീകരിക്കപ്പെടുകയും ചെയ്യുന്ന കാര്യത്തിൽ വിശുദ്ധന്മാർ ആ കാലത്തു പുരോഗതി വരുത്തിയോ? തീർച്ചയായും! 1919 മാർച്ചിൽ വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളും ജയിൽ മോചിതരായി. പിന്നീട്, തങ്ങൾക്ക് എതിരെ ഉണ്ടായിരുന്ന വ്യാജ ആരോപണങ്ങൾ സംബന്ധിച്ച് അവർ കുറ്റ വിമുക്തരാക്കപ്പെട്ടു. തങ്ങളുടെ വേല പൂർത്തിയായിട്ടില്ലെന്നു ബോധ്യമുണ്ടായിരുന്ന അവർ 1919 സെപ്റ്റംബറിൽ ഒരു കൺവെൻഷൻ നടത്താൻ ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് ഉടൻതന്നെ പ്രവർത്തന നിരതരായി. വീക്ഷാഗോപുരത്തിന് ഒരു കൂട്ടു മാസിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതും അതേ വർഷംതന്നെ ആയിരുന്നു. ആരംഭത്തിൽ സുവർണ യുഗം (ഇപ്പോൾ ഉണരുക!) എന്ന് അറിയപ്പെട്ടിരുന്ന ഈ മാസിക ഈ ലോകത്തിലെ അഴിമതിയെ നിർഭയം തുറന്നുകാട്ടുകയും ശുദ്ധരായി നിലകൊള്ളാൻ ദൈവജനത്തെ സഹായിക്കുകയും ചെയ്യുന്ന കാര്യത്തിൽ വീക്ഷാഗോപുരത്തെ എല്ലായ്പോഴും പിന്തുണച്ചിരിക്കുന്നു. മുൻകൂട്ടി പറയപ്പെട്ട 1,290 ദിവസത്തിന്റെ അവസാനത്തോടെ വിശുദ്ധന്മാർ ശുദ്ധീകരിക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതുമായ ഒരു നില കൈവരിക്കുന്നതിൽ ഏറെ പുരോഗതി പ്രാപിച്ചിരുന്നു. ആ കാലഘട്ടം അവസാനിച്ച 1922 സെപ്റ്റംബറിൽത്തന്നെ യു.എസ്.എ. ഒഹായോയിലെ സീഡാർ പോയിന്റിൽ അവർ ചരിത്രപ്രധാനമായ ഒരു കൺവെൻഷൻ നടത്തി. അതു പ്രസംഗ വേലയ്ക്ക് ഒരു ശക്തമായ പ്രചോദനമേകി. എന്നാൽ, തുടർന്നും കൂടുതൽ പുരോഗതി വരുത്തേണ്ടത് ഉണ്ടായിരുന്നു. അതു ശ്രദ്ധേയമായ അടുത്ത കാലഘട്ടത്തിൽ സംഭവിക്കാനുള്ളത് ആയിരുന്നു.
വിശുദ്ധന്മാർക്കു സന്തുഷ്ടി
24, 25. (എ) ദാനീയേൽ 12:12-ൽ ഏതു കാലഘട്ടം മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു, തെളിവനുസരിച്ച് അത് എന്നു തുടങ്ങി, എന്ന് അവസാനിച്ചു? (ബി) 1,335 ദിവസത്തിന്റെ ആരംഭത്തിങ്കൽ അഭിഷിക്ത ശേഷിപ്പിന്റെ ആത്മീയ അവസ്ഥ എന്തായിരുന്നു?
24 യഹോവയുടെ ദൂതൻ വിശുദ്ധന്മാരെ കുറിച്ചുള്ള തന്റെ പ്രവചനം പിൻവരുന്ന വാക്കുകളോടെ ഉപസംഹരിക്കുന്നു: “ആയിരത്തി മുന്നൂററിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ [“പ്രതീക്ഷയോടിരിക്കുന്നവൻ സന്തുഷ്ടൻ,” NW]” (ദാനീയേൽ 12:12) ഈ കാലഘട്ടം ആരംഭിക്കുന്നതോ അവസാനിക്കുന്നതോ എന്നാണെന്നുള്ളതിനെ കുറിച്ചു ദൂതൻ യാതൊരു സൂചനയും നൽകുന്നില്ല. എന്നാൽ ഈ കാലഘട്ടം അതിനു മുമ്പത്തെ കാലഘട്ടത്തിനു തൊട്ടുപിന്നാലെ തുടങ്ങിയെന്നു ചരിത്രം സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, അത് 1922-ലെ ശരത്കാലം മുതൽ 1926-ലെ വസന്തകാലത്തിന്റെ (ഉത്തരാർധ ഗോളത്തിൽ) അവസാനം വരെ നീണ്ടു നിൽക്കുമായിരുന്നു. ആ കാലഘട്ടത്തിന്റെ സമാപനത്തോടെ വിശുദ്ധന്മാർ സന്തുഷ്ടിയുടേതായ ഒരു അവസ്ഥയിലേക്കു വന്നോ? ഉവ്വ്, പ്രധാനപ്പെട്ട ആത്മീയ വിധങ്ങളിൽ.
25 1922-ലെ കൺവെൻഷനു (302-ാം പേജിൽ കാണിച്ചിരിക്കുന്നു.) ശേഷം പോലും ദൈവത്തിന്റെ വിശുദ്ധന്മാരിൽ ചിലർ ഗതകാലത്തേക്കു വാഞ്ഛയോടെ നോക്കുകയായിരുന്നു. ബൈബിളും സി. റ്റി. റസ്സൽ എഴുതിയ വേദാധ്യയന പത്രികയുടെ വാല്യങ്ങളും ആയിരുന്നു അപ്പോഴും അവരുടെ യോഗങ്ങളിലെ അടിസ്ഥാന പഠന ഗ്രന്ഥങ്ങൾ. 1925-ൽ പുനരുത്ഥാനം ആരംഭിക്കുകയും ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് അന്നു പരക്കെ ഒരു ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് അനേകർ ഒരു നിശ്ചിത തീയതി മനസ്സിൽ കണ്ടുകൊണ്ടാണ് സേവിച്ചിരുന്നത്. പൊതുജനങ്ങളോടു പ്രസംഗിക്കുന്ന വേലയിൽ പങ്കുപറ്റാൻ ചിലർ ധിക്കാരപൂർവം വിസമ്മതിച്ചു. അതു സന്തോഷകരമായ ഒരു സാഹചര്യം ആയിരുന്നില്ല.
26. 1,335 ദിവസം പുരോഗമിക്കവെ, അഭിഷിക്തരുടെ ആത്മീയ അവസ്ഥയ്ക്കു മാറ്റം ഭവിച്ചത് എപ്രകാരം?
26 എന്നാൽ, 1,335 ദിവസം പുരോഗമിക്കവെ, ഇവയ്ക്കെല്ലാം മാറ്റം സംഭവിക്കാൻ തുടങ്ങി. എല്ലാവർക്കും വയൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ പതിവായ ക്രമീകരണങ്ങൾ ചെയ്തതോടെ പ്രസംഗപ്രവർത്തം മുൻപന്തിയിലേക്കു വന്നു. വീക്ഷാഗോപുര പഠനത്തിനായി ഓരോ വാരവും യോഗങ്ങൾ പട്ടികപ്പെടുത്തി. 1914-19 കാലഘട്ടത്തിൽ എന്താണു സംഭവിച്ചത് എന്നതിനെ കുറിച്ചു ദൈവജനത്തിന് പൂർണമായ ഗ്രാഹ്യം പ്രധാനം ചെയ്തുകൊണ്ട് 1925 മാർച്ച് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) “ജനതയുടെ ജനനം” എന്ന ചരിത്രപ്രധാനമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 1925-നു ശേഷം വിശുദ്ധന്മാർ ദൈവത്തെ സേവിച്ചത് ഒരിക്കലും അടുത്തുള്ള, സ്പഷ്ടമായ ഒരു കാലപരിധി മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല. മറിച്ച്, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം ആയിരുന്നു സർവപ്രധാന സംഗതി. 1926 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ആർ യഹോവയെ ബഹുമാനിക്കും?” എന്ന ലേഖനം ഈ മർമപ്രധാന സത്യം മുമ്പ് എന്നത്തേതിലും ഉപരിയായി ഊന്നിപ്പറഞ്ഞു. 1926 മേയിലെ കൺവെൻഷനിൽ വിടുതൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തു. (302-ാം പേജ് കാണുക.) വേദാധ്യയന പത്രികയ്ക്കു പകരമായുള്ള പുതിയ പുസ്തകങ്ങളുടെ പരമ്പരയിൽ ഒരെണ്ണമായിരുന്നു അത്. വിശുദ്ധന്മാർ മേലാൽ ഗതകാലത്തേക്കു നോക്കിയില്ല. ഉറപ്പോടെ അവർ ഭാവിയിലേക്കും മുന്നിലുള്ള വേലയിലേക്കും നോക്കുക ആയിരുന്നു. അതുകൊണ്ട് പ്രവചിക്കപ്പെട്ടതുപോലെ, ആ 1,335 ദിവസം വിശുദ്ധന്മാർ സന്തോഷകരമായ ഒരു അവസ്ഥയിൽ ആയിരിക്കെ പര്യവസാനിച്ചു.
27. ദാനീയേൽ 12-ാം അധ്യായത്തിന്റെ ഒരു അവലോകനം യഹോവയുടെ അഭിഷിക്തരെ അസന്നിഗ്ദ്ധമായി തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
27 തീർച്ചയായും എല്ലാവരും ഈ പ്രക്ഷുബ്ധ കാലഘട്ടത്തിൽ സഹിച്ചുനിന്നില്ല. അതുകൊണ്ടാണ് “പ്രതീക്ഷയോടിരി”ക്കേണ്ടതിന്റെ പ്രാധാന്യം ദൂതൻ ഊന്നിപ്പറഞ്ഞത്. സഹിച്ചുനിൽക്കുകയും പ്രതീക്ഷയോടിരിക്കുകയും ചെയ്തവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. ദാനീയേൽ 12-ാം അധ്യായത്തിന്റെ ഒരു അവലോകനം അതു വ്യക്തമാക്കുന്നു. മുൻകൂട്ടി പറഞ്ഞതുപോലെ, അഭിഷിക്തർ ഒരു ആത്മീയ അർഥത്തിൽ പുനരുജ്ജീവിപ്പിക്കപ്പെട്ടു അഥവാ പുനരുത്ഥാനം പ്രാപിച്ചു. ദൈവവചനത്തിൽ ‘പരിശോധന’ നടത്താൻ പ്രാപ്തരാക്കപ്പെട്ട അവർക്ക് അതിൽ ശ്രദ്ധേയമായ ഉൾക്കാഴ്ച ലഭിക്കുകയും യുഗപുരാതന രഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം പരിശുദ്ധാത്മാവ് അവരെ വഴിനടത്തുകയും ചെയ്തു. യഹോവ അവരെ ശുദ്ധീകരിച്ചു. അവർ ആത്മീയമായി നക്ഷത്രങ്ങളെപ്പോലെ തിളങ്ങാൻ അവൻ ഇടയാക്കി. തത്ഫലമായി അവർ അനേകരെ യഹോവയാം ദൈവവുമായുള്ള ഒരു നീതിനിഷ്ഠമായ നിലയിലേക്കു കൊണ്ടുവന്നു.
28, 29. “അന്ത്യകാലം” അതിന്റെ സമാപനത്തോട് അടുക്കവെ നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
28 “അത്യുന്നതനായവന്റെ വിശുദ്ധന്മാ”രെ തിരിച്ചറിയാൻ ഈ പ്രാവചനിക അടയാളങ്ങൾ എല്ലാം ഉള്ള സ്ഥിതിക്ക് അവരെ തിരിച്ചറിഞ്ഞ് അവരോടൊപ്പം സഹവസിക്കാതിരിക്കുന്നതിന് എന്ത് ഒഴിവുകഴിവാണുള്ളത്? എണ്ണത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന അഭിഷിക്ത ഗണത്തോടു ചേർന്ന് യഹോവയെ സേവിക്കുന്ന മഹാപുരുഷാരത്തെ അത്ഭുതകരമായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. നാമെല്ലാം ദൈവിക വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കണം. (ഹബക്കൂക് 2:3) നമ്മുടെ നാളിൽ, പതിറ്റാണ്ടുകളായി മഹാപ്രഭുവായ മീഖായേൽ ദൈവജനത്തിനു വേണ്ടി നിലകൊള്ളുകയാണ്. ഈ വ്യവസ്ഥിതിയുടെ ദിവ്യ നിയമിത വധനിർവാഹകൻ എന്ന നിലയിൽ അവൻ പെട്ടെന്നുതന്നെ നടപടി സ്വീകരിക്കും. അപ്പോൾ നമ്മുടെ അവസ്ഥ എന്തായിരിക്കും?
29 ആ ചോദ്യത്തിനുള്ള ഉത്തരം, നാം ഇപ്പോൾ ദൃഢവിശ്വസ്തതയുടേതായ ഒരു ജീവിതം തിരഞ്ഞെടുക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും. “അന്ത്യകാലം” അതിന്റെ സമാപനത്തോട് അടുക്കവെ, അപ്രകാരം ചെയ്യാനുള്ള നമ്മുടെ നിശ്ചയത്തെ ബലിഷ്ഠമാക്കുന്നതിനു നമുക്കു ദാനീയേൽ പുസ്തകത്തിലെ അവസാന വാക്യം പരിചിന്തിക്കാം. അതിനെ കുറിച്ചു നാം അടുത്ത അധ്യായത്തിൽ ചർച്ച ചെയ്യുമ്പോൾ, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ എങ്ങനെ നിലകൊണ്ടെന്നും ഭാവിയിൽ എങ്ങനെ നിലകൊള്ളുമെന്നും മനസ്സിലാക്കാൻ നാം സഹായിക്കപ്പെടും.
[അടിക്കുറിപ്പുകൾ]
a ഗ്രീക്കു സെപ്റ്റുവജിന്റിൽ കേവലം “യാഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• മീഖായേൽ “നില്ക്കു”ന്നത് ഏതു കാലഘട്ടത്തിലാണ്, അവൻ എന്ന്, എങ്ങനെ “എഴുന്നേല്ക്കും”?
• ദാനീയേൽ 12:2 ഏതു തരം പുനരുത്ഥാനത്തെയാണു പരാമർശിക്കുന്നത്?
• പിൻവരുന്നവയുടെ ആരംഭത്തെയും അവസാനത്തെയും സൂചിപ്പിക്കുന്ന തീയതികൾ ഏവ:
ദാനീയേൽ 12:7-ൽ പരാമർശിച്ചിരിക്കുന്ന മൂന്നര കാലം?
ദാനീയേൽ 12:11-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന 1,290 ദിവസം?
ദാനീയേൽ 12:12-ൽ പ്രവചിച്ചിരിക്കുന്ന 1,335 ദിവസം?
• ദാനീയേൽ 12-ാം അധ്യായത്തിനു ശ്രദ്ധ കൊടുക്കുന്നതു യഹോവയുടെ സത്യാരാധകരെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
[298-ാം പേജിലെ ചതുരം]
നിരന്തര സവിശേഷത നീക്കം ചെയ്യൽ
ദാനീയേൽ പുസ്തകത്തിൽ “നിരന്തര സവിശേഷത” (NW) എന്ന പ്രയോഗം അഞ്ചു തവണ പ്രത്യക്ഷപ്പെടുന്നു. യഹോവയാം ദൈവത്തിന്റെ ദാസന്മാർ അവനു നിരന്തരം അർപ്പിച്ചുകൊണ്ടിരിക്കുന്ന സ്തുതിയാഗത്തെ—“അധരഫല”ത്തെ—അതു പരാമർശിക്കുന്നു. (എബ്രായർ 13:15) ദാനീയേൽ 8:11-ലും 11:31-ലും 12:11-ലും അതിന്റെ നീക്കം ചെയ്യൽ പ്രവചിക്കപ്പെട്ടിരിക്കുന്നു.
രണ്ടു ലോകമഹായുദ്ധങ്ങളുടെ കാലത്തും യഹോവയുടെ ജനം “വടക്കെദേശത്തിലെ രാജാ”വിന്റെയും “തെക്കെദേശത്തിലെ രാജാ”വിന്റെയും രാജ്യങ്ങളിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു. (ദാനീയേൽ 11:14, 15) 1918-ന്റെ മധ്യത്തിൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോട് അടുത്ത് പ്രസംഗ വേല മിക്കവാറും നിർത്തലാക്കപ്പെട്ടപ്പോൾ “നിരന്തര സവിശേഷത” നീക്കംചെയ്യപ്പെട്ടു. (ദാനീയേൽ 12:7) സമാനമായി, രണ്ടാം ലോകമഹായുദ്ധ കാലത്ത് ആംഗ്ലോ-അമേരിക്കൻ ലോകശക്തി 2,300 ദിവസത്തേക്ക് “നിരന്തര സവിശേഷത” “എടുത്തു മാറ്റി.” (ദാനീയേൽ 8:11-14, NW; ഈ പുസ്തകത്തിന്റെ 10-ാം അധ്യായം കാണുക.) തിരുവെഴുത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത ഒരു കാലഘട്ടത്തേക്ക് നാസി “സൈന്യങ്ങ”ളും അതു നീക്കം ചെയ്യുകയുണ്ടായി.—ദാനീയേൽ 11:31, NW; ഈ പുസ്തകത്തിന്റെ 15-ാം അധ്യായം കാണുക.
[301-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ദാനീയേൽ പുസ്തകത്തിലെ പ്രാവചനിക കാലഘട്ടങ്ങൾ
ഏഴു കാലം (2,520 വർഷം): പൊ.യു.മു. 607 ഒക്ടോബർ മുതൽ
ദാനീയേൽ 4:16, 25 പൊ.യു. 1914 ഒക്ടോബർ വരെ
(മിശിഹൈക രാജ്യം സ്ഥാപിതമായി.
ഈ പുസ്തകത്തിന്റെ 6-ാം
അധ്യായം കാണുക.)
മൂന്നര കാലം 1914 ഡിസംബർ മുതൽ 1918 ജൂൺ വരെ
(1,260 ദിവസം): (അഭിഷിക്ത ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു.
ദാനീയേൽ 7:25; 12:7 ഈ പുസ്തകത്തിന്റെ 9-ാം അധ്യായം കാണുക.)
2,300 സന്ധ്യയും 1938 ജൂൺ 1 അല്ലെങ്കിൽ 15 മുതൽ
ഉഷസ്സും: 1944 ഒക്ടോബർ 8 അല്ലെങ്കിൽ 22 വരെ
ദാനീയേൽ 8:14 (“മഹാപുരുഷാരം” പ്രത്യക്ഷപ്പെടുന്നു, പെരുകുന്നു.
ഈ പുസ്തകത്തിന്റെ 10-ാം അധ്യായം കാണുക.)
70 ആഴ്ചകൾ (490 വർഷം): പൊ.യു.മു. 455 മുതൽ പൊ.യു. 36 വരെ
ദാനീയേൽ 9:24-27 (മിശിഹായുടെ വരവും
ഭൗമികശുശ്രൂഷയും. ഈ പുസ്തകത്തിന്റെ
11-ാം അധ്യായം കാണുക.)
1,290 ദിവസം: 1919 ജനുവരി മുതൽ
ദാനീയേൽ 12:11 1922 സെപ്റ്റംബർ വരെ
(അഭിഷിക്ത ക്രിസ്ത്യാനികൾ ഉണർന്ന്
ആത്മീയമായി പുരോഗതി പ്രാപിക്കുന്നു.)
1,335 ദിവസം: 1922 സെപ്റ്റംബർ മുതൽ 1926 മേയ് വരെ
ദാനീയേൽ 12:12 (അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു സന്തുഷ്ട സ്ഥിതി പ്രാപിക്കുന്നു.)
[287-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ പ്രമുഖ ദാസന്മാരെ യു.എസ്.എ. ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ഫെഡറൽ ജയിലിലേക്ക് അന്യായമായി അയച്ചു. ഇടത്തുനിന്ന് വലത്തേക്ക്: (ഇരിക്കുന്നത്) എ. എച്ച്. മാക്മില്ലൻ, ജെ. എഫ്. റഥർഫോർഡ്, ഡബ്ലിയു. ഇ. വാൻ അംബർഗ്; (നിൽക്കുന്നത്) ജി. എച്ച്. ഫിഷർ, ആർ. ജെ. മാർട്ടിൻ, ജി. ഡെസിക്ക, എഫ്. എച്ച്. റോബിസൺ, സി. ജെ. വുഡ്വർത്ത്
[299-ാം പേജിലെ ചിത്രങ്ങൾ]
യു.എസ്.എ. ഒഹായോയിലെ സീഡാർ പോയിന്റിൽ വെച്ച് 1919-ലും (മുകളിൽ) 1922-ലും (താഴെ) ചരിത്രപ്രധാനമായ കൺവെൻഷനുകൾ നടന്നു
[302-ാം പേജ് നിറയെയുള്ള ചിത്രം]