അപ്പോസ്തലിക കാലഘട്ടത്തിലെ ഒളിമിന്നലുകൾ
“നീതിമാൻമാരുടെമേൽ പ്രകാശം ഉദിച്ചിരിക്കുന്നു; പരമാർത്ഥഹൃദയർക്ക് സന്തോഷമുദിച്ചിരിക്കുന്നു.”—സങ്കീർത്തനം 97:11, പി.ഒ.സി. ബൈബിൾ.
1. യഹോവയുടെ സാക്ഷികൾ ഇന്ന് ആദിമ ക്രിസ്ത്യാനികളുമായി സാദൃശ്യത്തിൽ ആയിരിക്കുന്നതെങ്ങനെ?
സങ്കീർത്തനം 97:11-ലെ വാക്കുകളെ സത്യക്രിസ്ത്യാനികൾ എന്നനിലയിൽ നാം എന്തുമാത്രം വിലമതിക്കുന്നു! നമുക്കുവേണ്ടി ആവർത്തിച്ചാവർത്തിച്ചു “പ്രകാശം ഉദി”ച്ചിരിക്കുന്നു. നിശ്ചയമായും യഹോവ പ്രകാശം ചൊരിയുന്നതു നമ്മിൽ ചിലർ പതിററാണ്ടുകളോളം കണ്ടിരിക്കുന്നു. ഇതെല്ലാം നമ്മെ അനുസ്മരിപ്പിക്കുന്നതു സദൃശവാക്യങ്ങൾ 4:18-നെയാണ്, അവിടെ ഇങ്ങനെ വായിക്കപ്പെടുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.” പാരമ്പര്യത്തെക്കാളുപരിയായി തിരുവെഴുത്തുകളെ വിലമതിക്കുന്നതിൽ യഹോവയുടെ സാക്ഷികളായ നാം ആദിമ ക്രിസ്ത്യാനികളോടു സദൃശരാണ്. ദിവ്യനിശ്വസ്തതയിൽ എഴുതപ്പെട്ട ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ചരിത്രപുസ്തകങ്ങളിൽനിന്നും അതിലെ ലേഖനങ്ങളിൽനിന്നും അവരുടെ മനോഭാവം വ്യക്തമായി കാണാവുന്നതാണ്.
2. യേശുക്രിസ്തുവിന്റെ അനുഗാമികൾക്കു ലഭിച്ച ഒളിമിന്നലുകളിൽ ആദ്യത്തേത് ഏവ?
2 യേശുക്രിസ്തുവിന്റെ ആദിമ അനുഗാമികൾക്കു ലഭിച്ച ആദ്യ ഒളിമിന്നലുകൾ മിശിഹായെ സംബന്ധിച്ചുള്ളതായിരുന്നു. അന്ത്രെയോസ് തന്റെ സഹോദരനായ ശീമോൻ പത്രോസിനോടു പറഞ്ഞു: “ഞങ്ങൾ മിശിഹായെ കണ്ടു.” (യോഹന്നാൻ 1:41, NW) കുറച്ചുനാൾ കഴിഞ്ഞ് സ്വർഗസ്ഥനായ പിതാവ് അക്കാര്യം സാക്ഷ്യപ്പെടുത്താൻ അപ്പോസ്തലനായ പത്രോസിനെ പ്രാപ്തനാക്കി. അവൻ യേശുക്രിസ്തുവിനോടു പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു”വാകുന്നു.—മത്തായി 16:16, 17; യോഹന്നാൻ 6:68, 69.
അവരുടെ പ്രസംഗനിയമനത്തിന്മേൽ പ്രകാശം
3, 4. യേശുവിന്റെ പുനരുത്ഥാനശേഷം, തന്റെ അനുഗാമികൾക്കു ഭാവി പ്രവർത്തനത്തെക്കുറിച്ച് അവൻ എന്തു പ്രകാശം പ്രദാനംചെയ്തു?
3 തന്റെ പുനരുത്ഥാനശേഷം, തന്റെ എല്ലാ അനുഗാമികളും നിർവഹിക്കേണ്ടതായ ഒരു കടമയെക്കുറിച്ചു യേശുക്രിസ്തു ഒളിമിന്നലുകൾ ചൊരിഞ്ഞു. “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന് അവൻ പറഞ്ഞത് സാധ്യതയനുസരിച്ച് ഗലീലയിൽ ഒരുമിച്ചുകൂടിയിരുന്ന 500 ശിഷ്യന്മാരോടായിരിക്കണം. (മത്തായി 28:19, 20; 1 കൊരിന്ത്യർ 15:6) അതിനുശേഷം, ക്രിസ്തുവിന്റെ സകല അനുഗാമികളും പ്രസംഗകർ ആയിരിക്കണമായിരുന്നു, അവരുടെ പ്രസംഗനിയമനം ‘യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകൾക്കു’ മാത്രമായി പരിമിതപ്പെടുത്തരുതായിരുന്നു. (മത്തായി 10:6) പാപമോചനത്തിനുള്ള അനുതാപത്തിന്റെ പ്രതീകമായുള്ള യോഹന്നാന്റെ സ്നാപനം അവർ നടത്തുകയും ചെയ്യേണ്ടതില്ലായിരുന്നു. അതിനുപകരം, അവർ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ആളുകളെ സ്നാപനം കഴിപ്പിക്കേണ്ടിയിരുന്നു.
4 യേശു സ്വർഗാരോഹണം ചെയ്യുന്നതിനു തൊട്ടുമുമ്പ്, അവന്റെ വിശ്വസ്തരായ 11 അപ്പോസ്തലന്മാർ ചോദിച്ചു: ‘കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?’ ആ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനുപകരം യേശു അവരുടെ പ്രസംഗനിയമനത്തെക്കുറിച്ചുള്ള കൂടുതലായ നിർദേശങ്ങൾ കൊടുക്കുകയാണു ചെയ്തത്. അവൻ പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരുശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” അതുവരെ അവർ യഹോവയുടെ മാത്രം സാക്ഷികളായിരുന്നു, എന്നാൽ ഇപ്പോൾ അവർ ക്രിസ്തുവിന്റെയും സാക്ഷികളാകാൻ പോകുകയായിരുന്നു.—പ്രവൃത്തികൾ 1:6-8.
5, 6. പെന്തക്കോസ്തിൽ യേശുവിന്റെ ശിഷ്യന്മാർക്ക് എന്ത് ഒളിമിന്നലുകൾ ലഭിച്ചു?
5 വെറും പത്തു ദിവസം കഴിഞ്ഞ്, എന്തൊരു ഉജ്ജ്വല ഒളിമിന്നലുകളായിരുന്നു യേശുവിന്റെ അനുഗാമികൾക്കു ലഭിച്ചത്! പൊ.യു. 33 പെന്തക്കോസ്ത് ദിനത്തിൽ, അവർക്കു യോവേൽ 2:28, 29-ന്റെ പ്രാധാന്യം ആദ്യമായി മനസ്സിലായി: “ഞാൻ [യഹോവ] സകലജഡത്തിൻമേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.” അഗ്നിജ്വാല പോലുള്ള നാവുകളുടെ രൂപത്തിൽ, തങ്ങളുടെയെല്ലാം ശിരസ്സിൽ വന്നിരിക്കുന്നതായി യേശുവിന്റെ ശിഷ്യന്മാർ—120-ഓളം സ്ത്രീപുരുഷന്മാർ—പരിശുദ്ധാത്മാവിനെ കണ്ടു.—പ്രവൃത്തികൾ 1:12-15; 2:1-4.
6 സങ്കീർത്തനം 16:10-ലെ വാക്കുകൾ പുനരുത്ഥാനം പ്രാപിച്ച യേശുവിനു ബാധകമായി എന്നു ശിഷ്യന്മാർ ആദ്യമായി മനസ്സിലാക്കിയതും പെന്തക്കോസ്ത് ദിവസംതന്നെ. “നീ [യഹോവയാം ദൈവം] എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞിട്ടുണ്ടായിരുന്നു. ആ വാക്കുകൾ ദാവീദു രാജാവിനു ബാധകമാക്കാനാവില്ലെന്നു ശിഷ്യന്മാർ തിരിച്ചറിഞ്ഞിരുന്നു. കാരണം അദ്ദേഹത്തിന്റെ കല്ലറ ആ നാൾവരെ അവിടെയുണ്ടായിരുന്നു. ഈ പുതിയ പ്രകാശത്തെക്കുറിച്ചുള്ള വിശദീകരണം കേട്ട 3,000-ത്തോളം പേർ ആ ദിവസംതന്നെ സ്നാപനമേൽക്കുമാറ് അവർക്ക് അത്രമാത്രം ബോധ്യംവന്നതിൽ അതിശയിക്കാനില്ല!—പ്രവൃത്തികൾ 2:14-41.
7. റോമൻ സൈന്യാധിപനായ കൊർന്നേലിയസിനെ സന്ദർശിക്കവേ, എന്ത് ഉജ്ജ്വല പ്രകാശമാണ് അപ്പോസ്തലനായ പത്രോസിനു ലഭിച്ചത്?
7 ദൈവം ഇസ്രായേല്യരെക്കുറിച്ചു പറഞ്ഞതിനെ അവർ നൂററാണ്ടുകളോളം വിലമതിച്ചു: “ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു.” (ആമോസ് 3:2) അതുകൊണ്ട്, പരിച്ഛേദനയേൽക്കാത്ത വിജാതീയ വിശ്വാസികളുടെമേൽ പരിശുദ്ധാത്മാവ് ആദ്യമായി വന്നപ്പോൾ അപ്പോസ്തലനായ പത്രോസിനും റോമൻ സൈന്യാധിപനായ കൊർന്നേലിയസിന്റെ ഭവനത്തിലേക്ക് അവനെ അനുഗമിച്ചവർക്കും ലഭിച്ചതു തീർച്ചയായും ഒരു ഉജ്ജ്വല ഒളിമിന്നലായിരുന്നു. സ്നാപനത്തിനുമുമ്പു പരിശുദ്ധാത്മാവിനെ നൽകിയ ഒരേ ഒരവസരം ഇതായിരുന്നുവെന്നതു ശ്രദ്ധേയമാണ്. എന്നാൽ അത് ആവശ്യമായിരുന്നു. അല്ലായിരുന്നെങ്കിൽ, പരിച്ഛേദനയേൽക്കാത്ത ഈ വിജാതീയർ സ്നാപനത്തിനു യോഗ്യരായിരുന്നുവെന്നു പത്രോസ് അറിയുമായിരുന്നില്ല. ഈ പ്രതിഭാസത്തിന്റെ പ്രാധാന്യം മുഴുവനായി മനസ്സിലാക്കിയ പത്രോസ് ചോദിച്ചു: ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ [വിജാതീയരെ] സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും?’ തീർച്ചയായും, സന്നിഹിതരായിരുന്ന ആർക്കും ന്യായമായി അതിനെ എതിർക്കാനാകുമായിരുന്നില്ല. അതുകൊണ്ട്, ഈ വിജാതീയരുടെ സ്നാപനം നടന്നു.—പ്രവൃത്തികൾ 10:44-48; താരതമ്യം ചെയ്യുക: പ്രവൃത്തികൾ 8:14-17.
മേലാൽ പരിച്ഛേദനയില്ല
8. ചില ആദിമ ക്രിസ്ത്യാനികൾക്കു പരിച്ഛേദനയുടെ ആചാരം വിട്ടുകളയുക ബുദ്ധിമുട്ടായി തോന്നിയത് എന്തുകൊണ്ട്?
8 പരിച്ഛേദന പ്രശ്നത്തോടുള്ള ബന്ധത്തിൽ സത്യത്തിന്റെ ശോഭയുള്ള കൂടുതലായ മിന്നൽ പ്രത്യക്ഷപ്പെട്ടു. പരിച്ഛേദനയുടെ ആചരണം ആരംഭിച്ചത് പൊ.യു.മു. 1919-ൽ യഹോവ അബ്രഹാമുമായി ഉടമ്പടിയിലേർപ്പെട്ടതോടെയായിരുന്നു. അവനും അവന്റെ ഭവനത്തിലെ സകല പുരുഷന്മാരും പരിച്ഛേദനയേൽക്കണമെന്ന് അപ്പോൾ ദൈവം അബ്രഹാമിനോടു കൽപ്പിച്ചു (ഉല്പത്തി 17:9-14, 23-27) അങ്ങനെ പരിച്ഛേദന അബ്രഹാമിന്റെ പിൻഗാമികളുടെ ഒരു തിരിച്ചറിയിക്കൽ അടയാളമായിത്തീർന്നു. ഈ ആചരണം സംബന്ധിച്ച് അവർക്ക് എന്തൊരു അഭിമാനമായിരുന്നു! തദ്ഫലമായി, “അഗ്രചർമ്മി” എന്ന പ്രയോഗം വെറുപ്പിനെ സൂചിപ്പിക്കുന്നതായിത്തീർന്നു. (യെശയ്യാവു 52:1; 1 ശമുവേൽ 17:26, 27) ഇതു ചില ആദിമ യഹൂദ ക്രിസ്ത്യാനികൾ ഈ അടയാളം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം മനസ്സിലാക്കുക എളുപ്പമാക്കുന്നു. അവരിൽ ചിലർ പൗലോസും ബർണബാസുമായി ഇക്കാര്യം കാര്യമായി ചർച്ചചെയ്തിരുന്നു. അതിനൊരു പരിഹാരമുണ്ടാക്കാൻ പൗലോസും മററുചിലരും ക്രിസ്തീയ ഭരണസംഘവുമായി കൂടിയാലോചന നടത്താൻ യെരുശലേമിലേക്കു പോയി.—പ്രവൃത്തികൾ 15:1, 2.
9. പ്രവൃത്തികൾ 15-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, ആദ്യകാല ഭരണസംഘത്തിനു വെളിപ്പെടുത്തപ്പെട്ട ഒളിമിന്നലുകളേവ?
9 ഇപ്രാവശ്യം, യഹോവയുടെ ദാസന്മാർക്കു പരിച്ഛേദന മേലാൽ ഒരു നിബന്ധനയായിരിക്കുന്നില്ല എന്ന പ്രകാശം ആ ആദിമ ക്രിസ്ത്യാനികൾക്കു ലഭിച്ചതു വ്യക്തമായ ഒരു അത്ഭുതത്തിലൂടെയായിരുന്നില്ല. മറിച്ച്, തിരുവെഴുത്തുകളിൽ അന്വേഷിക്കുക, മാർഗനിർദേശത്തിനായി പരിശുദ്ധാത്മാവിനെ ആശ്രയിക്കുക, പരിച്ഛേദനയേൽക്കാത്ത വിജാതിയരുടെ പരിവർത്തനത്തെ സംബന്ധിച്ചുള്ള പത്രോസിന്റെയും പൗലോസിന്റെയും അനുഭവങ്ങൾ കേൾക്കുക എന്നിവയിലൂടെയായിരുന്നു അവർക്ക് ആ പ്രകാശം ലഭിച്ചത്. (പ്രവൃത്തികൾ 15:6-21) എഴുതിക്കൊടുത്തുവിട്ട അവരുടെ തീരുമാനത്തിന്റെ ഒരു ഭാഗം ഇങ്ങനെ വായിക്കുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃത്തികൾ 15:28, 29) അങ്ങനെ പരിച്ഛേദന ആചരിക്കാനുള്ള കൽപ്പനയിൽനിന്നും മോശയുടെ ന്യായപ്രമാണത്തിലെ മററു നിബന്ധനകളിൽനിന്നും ആദിമക്രിസ്ത്യാനികൾ വിമുക്തരായി. അതുകൊണ്ട്, ഗലാത്യ ക്രിസ്ത്യാനികളോടു പൗലോസിന് ഇങ്ങനെ പറയാൻ സാധിച്ചു: “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.”—ഗലാത്യർ 5:1.
സുവിശേഷങ്ങളിലെ പ്രകാശം
10. മത്തായിയുടെ സുവിശേഷത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ചില ഒളിമിന്നലുകളേവ?
10 പൊ.യു. ഏതാണ്ട് 41-ൽ എഴുതപ്പെട്ട മത്തായിയുടെ സുവിശേഷത്തിൽ വായനക്കാരുടെ പ്രയോജനത്തിനുവേണ്ടിയുള്ള അനേകം ഒളിമിന്നലുകൾ അടങ്ങിയിട്ടുണ്ട് എന്നതിൽ സംശയമില്ല. യേശു തന്റെ പഠിപ്പിക്കലുകളെ വ്യാഖ്യാനിച്ചുകൊടുത്തത് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളിൽ താരതമ്യേന കുറച്ചുപേർ വ്യക്തിപരമായി കേട്ടിരുന്നു. പ്രത്യേകിച്ചും, യേശുവിന്റെ പ്രസംഗവിഷയം രാജ്യമായിരുന്നുവെന്നതിനാണു മത്തായിയുടെ സുവിശേഷത്തിലെ ഊന്നൽ. ശരിയായ ആന്തരമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം യേശു എത്ര ശക്തമായി ഊന്നിപ്പറഞ്ഞു! അവന്റെ ഗിരിപ്രഭാഷണത്തിലും (13-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള) അവന്റെ ഉപമകളിലും 24, 25 അധ്യായങ്ങളിലെ അവന്റെ മഹത്തായ പ്രവചനങ്ങളിലും എന്തെന്ത് ഒളിമിന്നലുകളാണുള്ളത്! പൊ.യു. 33-ലെ പെന്തക്കോസ്തിനു കേവലം എട്ടു വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട മത്തായിയുടെ സുവിശേഷ വിവരണത്തിലൂടെ ഇവയെല്ലാം ആദിമ ക്രിസ്ത്യാനികളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരപ്പെട്ടു.
11. ലൂക്കോസിന്റെയും മർക്കോസിന്റെയും സുവിശേഷത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തു പറയാനാവും?
11 ഏതാണ്ടു 15 വർഷം കഴിഞ്ഞ് ലൂക്കോസ് തന്റെ സുവിശേഷം എഴുതി. പല സംഗതികളിലും മത്തായിയുടെ വിവരണവുമായി വളരെ സാമ്യമുണ്ടെങ്കിലും അതിൽ 59 ശതമാനം വ്യത്യസ്തമാണ്. യേശുവിന്റെ അത്ഭുതങ്ങളിൽ ആറെണ്ണവും മററു സുവിശേഷ എഴുത്തുകാർ റിപ്പോർട്ടു ചെയ്തിരിക്കുന്നതിന്റെ ഇരട്ടിയിലധികം ദൃഷ്ടാന്തങ്ങളും ലൂക്കോസ് രേഖപ്പെടുത്തി. വ്യക്തമായും ഏതാനും വർഷങ്ങൾ കഴിഞ്ഞാണു മർക്കോസ് തന്റെ സുവിശേഷം എഴുതുന്നത്. കർമനിരതനായ ഒരു മനുഷ്യൻ, അത്ഭുതപ്രവർത്തകൻ എന്നനിലയിൽ യേശുവിനു പ്രാധാന്യം നൽകുന്നതാണ് ആ വിവരണം. മത്തായിയും ലൂക്കോസും നേരത്തെ രേഖപ്പെടുത്തിയിരുന്ന സംഭവങ്ങൾതന്നെയാണു മർക്കോസ് മിക്കവാറും രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അവർ എഴുതാഞ്ഞ ഒരു ഉപമ അവൻ രേഖപ്പെടുത്തുകയുണ്ടായി. ആ ദൃഷ്ടാന്തത്തിൽ, യേശു ദൈവരാജ്യത്തെ മുളച്ചുപൊങ്ങി വലുതായി ക്രമേണ ഫലം കായ്ക്കുന്ന ഒരു വിത്തിനോടു സദൃശപ്പെടുത്തി.a—മർക്കൊസ് 4:26-29.
12. ഏത് അളവോളം യോഹന്നാന്റെ സുവിശേഷം കൂടുതലായ പ്രകാശം പ്രദാനം ചെയ്തു?
12 പിന്നെ, യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടു. അതാകട്ടെ, മർക്കോസ് തന്റെ വിവരണം എഴുതി 30 വർഷത്തിലേറെ കഴിഞ്ഞും. വിശേഷിച്ച് യേശുവിന്റെ മനുഷ്യപൂർവ അസ്തിത്വത്തെക്കുറിച്ചുള്ള അനേകം പരാമർശങ്ങളിലൂടെ അവന്റെ ശുശ്രൂഷ സംബന്ധിച്ച് എന്തൊരു പ്രകാശകിരണങ്ങളായിരുന്നു യോഹന്നാൻ ചൊരിഞ്ഞത്! യോഹന്നാൻ മാത്രമേ ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണം തരുന്നുള്ളു. തന്റെ വിശ്വസ്ത അപ്പോസ്തലന്മാരോടായി യേശു പറഞ്ഞ അനേകം നല്ല കാര്യങ്ങളും 13 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള, താൻ ഒററിക്കൊടുക്കപ്പെട്ട രാത്രിയിൽ അവൻ നടത്തിയ ഹൃദയോഷ്മളമായ പ്രാർഥനയും നമുക്കു നൽകുന്നതും യോഹന്നാൻ മാത്രമാണ്. വാസ്തവത്തിൽ, യോഹന്നാന്റെ സുവിശേഷത്തിലെ 92 ശതമാനവും അനന്യമാണ്.
പൗലോസിന്റെ ലേഖനങ്ങളിലെ ഒളിമിന്നലുകൾ
13. പൗലോസിന്റെ റോമർക്കുള്ള ലേഖനത്തെ ചിലർ ഒരു സുവിശേഷമെന്ന മട്ടിൽ വീക്ഷിച്ചത് എന്തുകൊണ്ട്?
13 അപ്പോസ്തലിക കാലഘട്ടത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു സത്യത്തിന്റെ കിരണങ്ങൾ എത്തിച്ചുകൊടുക്കാൻ വിശേഷിച്ചും ഉപയോഗിക്കപ്പെട്ടതു പൗലോസായിരുന്നു. ഉദാഹരണത്തിന്, ഏതാണ്ട് പൊ.യു. 56-ൽ റോമർക്കു പൗലോസ് എഴുതിയ ലേഖനം. ഏതാണ്ട് ഇതേ സമയത്തുതന്നെയായിരുന്നു ലൂക്കോസ് തന്റെ സുവിശേഷം എഴുതിയത്. ദൈവത്തിന്റെ അനർഹദയയുടെ ഫലമായും യേശുവിലുള്ള വിശ്വാസത്തിലൂടെയുമാണു നീതി കണക്കിടുന്നത് എന്ന വസ്തുത പൗലോസ് റോമർക്കുള്ള ലേഖനത്തിൽ പ്രദീപ്തമാക്കുന്നു. സുവാർത്തയുടെ ഈ വശത്തിനു പൗലോസ് കൊടുക്കുന്ന ഊന്നൽനിമിത്തം റോമർക്കുള്ള അവന്റെ ലേഖനത്തെ ചിലർ അഞ്ചാമത്തെ സുവിശേഷമെന്ന മട്ടിലാണു വീക്ഷിച്ചത്.
14-16. (എ) കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ ആദ്യ ലേഖനത്തിൽ ഐക്യത്തിനുവേണ്ടിയുള്ള ആവശ്യം സംബന്ധിച്ച് അവൻ എന്തു പ്രകാശം ചൊരിഞ്ഞു? (ബി) നടത്ത സംബന്ധിച്ച് ഏതു കൂടുതലായ വെളിച്ചമാണ് ഒന്നു കൊരിന്ത്യരിലുള്ളത്?
14 കൊരിന്തിലെ ക്രിസ്ത്യാനികളെ വിഷമിപ്പിച്ചിരുന്ന ചില കാര്യങ്ങളെക്കുറിച്ചു പൗലോസ് എഴുതി. നമ്മുടെ നാളുകൾവരെ ക്രിസ്ത്യാനികൾക്കു പ്രയോജനം ചെയ്തിരിക്കുന്ന അനേകം നിശ്വസ്ത ബുദ്ധ്യുപദേശങ്ങൾ അടങ്ങുന്നതാണു കൊരിന്ത്യർക്കുള്ള അവന്റെ ലേഖനം. ഒന്നാമതായി, ചില വ്യക്തികളെ കേന്ദ്രീകരിച്ചു വ്യക്തിപൂജാപ്രസ്ഥാനങ്ങൾ ഉണ്ടാക്കുന്നതുവഴി അവർ ചെയ്തുകൊണ്ടിരുന്ന തെററിനെക്കുറിച്ച് അവനു കൊരിന്ത്യരെ പ്രബുദ്ധരാക്കേണ്ടതുണ്ടായിരുന്നു. “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു” എന്ന് അവരോടു സധൈര്യം പറഞ്ഞുകൊണ്ട് അപ്പോസ്തലൻ അവരെ നേരായ വഴിയിലാക്കി.—1 കൊരിന്ത്യർ 1:10-15.
15 കൊരിന്തിലെ സഭ ഘോരമായ അധാർമികതയെ വെച്ചുപൊറുപ്പിക്കുകയായിരുന്നു. അപ്പന്റെ ഭാര്യയെ എടുത്തിരുന്ന ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു, അങ്ങനെ “ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു” ആചരിക്കുകയായിരുന്നു. “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ” എന്ന് അപ്പോസ്തലൻ വ്യക്തമായി എഴുതി. (1 കൊരിന്ത്യർ 5:1, 11-13) അതു ക്രിസ്തീയ സഭയ്ക്കു പുതിയ ഒരു സംഗതിയായിരുന്നു—പുറത്താക്കൽ നടപടി. കൊരിന്ത്യ സഭയ്ക്കു പ്രബുദ്ധത ആവശ്യമായിരുന്ന മറെറാരു സംഗതി പരാതികൾ പരിഹരിക്കാൻ ചില സഭാംഗങ്ങൾ തങ്ങളുടെ ആത്മീയ സഹോദരങ്ങളെ ലൗകിക കോടതികളിൽ കയററുന്നതു സംബന്ധിച്ചായിരുന്നു. അങ്ങനെ ചെയ്തതിനു പൗലോസ് അവരെ ശക്തമായി ശകാരിച്ചു.—1 കൊരിന്ത്യർ 6:5-8.
16 കൊരിന്ത്യ സഭയെ ബാധിച്ചിരുന്ന മറെറാരു സംഗതി ലൈംഗിക ബന്ധങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. 1 കൊരിന്ത്യർ 7-ാം അധ്യായത്തിൽ, ലൈംഗിക അധാർമികത നിലനിന്നതുകൊണ്ട് ഓരോ മനുഷ്യനും ഒരേ ഒരു ഭാര്യയും ഓരോ സ്ത്രീക്കും ഒരേ ഒരു ഭർത്താവും ഉണ്ടായിരിക്കുന്നതാണു നല്ലത് എന്നു പൗലോസ് പ്രകടമാക്കി. താരതമ്യേന കുറഞ്ഞ ശ്രദ്ധാശൈഥില്യത്തോടെ യഹോവയെ സേവിക്കാൻ ഏകാകികളായ വ്യക്തികൾക്കു സാധിക്കുമെങ്കിലും എല്ലാവർക്കും ഏകാകിത്വത്തിനുള്ള വരമില്ല എന്നും പൗലോസ് പ്രകടമാക്കി. ഒരു സ്ത്രീയുടെ ഭർത്താവു മരിക്കുന്നപക്ഷം, പുനർവിവാഹം ചെയ്യാൻ അവൾക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും, എന്നാൽ അതു ‘കർത്താവിൽ മാത്രമേ’ ആകാവു.—1 കൊരിന്ത്യർ 7:39.
17. പുനുരുത്ഥാന പഠിപ്പിക്കൽ സംബന്ധിച്ചു പൗലോസ് എന്തു പ്രകാശം ചൊരിഞ്ഞു?
17 പുനരുത്ഥാനത്തെക്കുറിച്ചു കർത്താവു പൗലോസിനെ ഉപയോഗിച്ചു ചൊരിഞ്ഞതു പ്രകാശത്തിന്റെ എന്തൊരു മിന്നലുകളായിരുന്നു! അഭിഷിക്ത ക്രിസ്ത്യാനികൾ ഏതു തരം ശരീരത്തോടെയായിരിക്കും പുനരുത്ഥാനം പ്രാപിക്കുക? “പ്രാകൃതശരീരം [“ഭൗതികശരീരം,” പി.ഒ.സി. ബൈ.] വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു,” പൗലോസ് എഴുതി. യാതൊരു ഭൗതിക ശരീരങ്ങളും സ്വർഗത്തിലേക്ക് എടുക്കപ്പെടില്ല, കാരണം “മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല.” സകല അഭിഷിക്തരും മരണത്തിൽ നിദ്ര പ്രാപിക്കുകയില്ല, എന്നാൽ യേശുവിന്റെ സാന്നിധ്യത്തിങ്കൽ ചിലർ മരിക്കുന്ന അതേ നിമിഷത്തിൽത്തന്നെ അമർത്ത്യ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുമെന്നു പൗലോസ് കൂട്ടിച്ചേർത്തു.—1 കൊരിന്ത്യർ 15:43-53.
18. തെസ്സലോനീക്യർക്കുള്ള പൗലോസിന്റെ ആദ്യ ലേഖനത്തിൽ ഭാവിയെക്കുറിച്ചുള്ള എന്തു പ്രകാശമുണ്ട്?
18 തെസലോനിക്യയിലെ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ ഭാവിയെക്കുറിച്ചു പ്രകാശം ചൊരിയാൻ പൗലോസ് നിയോഗിക്കപ്പെട്ടു. രാത്രിയിൽ കള്ളൻ വരുന്നതുപോലെ യഹോവയുടെ ദിവസം വന്നെത്തും. “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല” എന്നും പൗലോസ് വിശദമാക്കി.—1 തെസ്സലൊനീക്യർ 5:2, 3.
19, 20. പൗലോസ് എബ്രായർക്ക് എഴുതിയ ലേഖനത്തിലൂടെ യെരുശലേമിലെയും യഹൂദയിലെയും ക്രിസ്ത്യാനികൾക്ക് എന്ത് ഒളിമിന്നലുകൾ ലഭിച്ചു?
19 എബ്രായർക്കുള്ള തന്റെ ലേഖനം എഴുതിക്കൊണ്ട്, പൗലോസ് യെരുശലേമിലും യഹൂദയിലുമുള്ള ആദിമ ക്രിസ്ത്യാനികൾക്ക് ഒളിമിന്നലുകൾ ചൊരിയുകയുണ്ടായി. മോശൈക ആരാധനാസമ്പ്രദായത്തെക്കാൾ എത്രമാത്രം ശ്രേഷ്ഠതയുള്ളതാണ് ക്രിസ്തീയ ആരാധനാസമ്പ്രദായമെന്ന് അവൻ എത്ര ശക്തമായി പ്രകടമാക്കി! ദൂതന്മാരിലൂടെ നൽകപ്പെട്ട ന്യായപ്രമാണം പിൻപററുന്നതിനു പകരം, ക്രിസ്ത്യാനികൾക്കു വിശ്വാസമുള്ളത് അത്തരം ദൂത സന്ദേശകരെക്കാൾ വളരെയധികം ശ്രേഷ്ഠതയുള്ള ദൈവപുത്രനാൽ ആദ്യമായി അറിയിക്കപ്പെട്ട ഒരു രക്ഷയിലാണ്. (എബ്രായർ 2:2-4) മോശ ദൈവഭവനത്തിൽ കേവലമൊരു സേവകനായിരുന്നു. എന്നാൽ യേശുക്രിസ്തു മുഴുഭവനത്തിൻമേലും അധ്യക്ഷം വഹിക്കുന്നു. മല്ക്കിസേദക്കിന്റെ ക്രമപ്രകാരം ക്രിസ്തു മഹാപുരോഹിതനാണ്. അഹരോന്യ പൗരോഹിത്യത്തെക്കാൾ വളരെ ഉയർന്നൊരു സ്ഥാനമാണ് അവനുള്ളത്. വിശ്വാസരാഹിത്യവും അനുസരണയില്ലായ്മയും നിമിത്തം ഇസ്രായേല്യർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും, എന്നാൽ തങ്ങളുടെ വിശ്വസ്തതയും അനുസരണവും നിമിത്തം ക്രിസ്ത്യാനികൾ അതിൽ പ്രവേശിക്കുന്നുവെന്നും പൗലോസ് ചൂണ്ടിക്കാട്ടി.—എബ്രായർ 3:1–4:11.
20 ഇനിയും, ന്യായപ്രമാണ ഉടമ്പടിയെക്കാൾ വളരെയധികം ശ്രേഷ്ഠതയുള്ളതാണു പുതിയ ഉടമ്പടി. 600 വർഷങ്ങൾക്കുമുമ്പേ യിരെമ്യാവു 31:31-34-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, പുതിയ ഉടമ്പടിയിലുള്ളവരുടെ ഹൃദയങ്ങളിലാണു ദൈവത്തിന്റെ ന്യായപ്രമാണം എഴുതിയിരിക്കുന്നത്. അവർ യഥാർഥ പാപമോചനം ആസ്വദിക്കുന്നവരാണ്. സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും വർഷംതോറും ബലിയർപ്പിക്കേണ്ടയാവശ്യമുള്ള ഒരു മഹാപുരോഹിതനല്ല അവർക്കുള്ളത്, പകരം മഹാപുരോഹിതനായി ക്രിസ്ത്യാനികൾക്കുള്ളതു യേശുക്രിസ്തുവാണ്. അവൻ പാപമില്ലാത്തവനും പാപങ്ങൾക്കുവേണ്ടി എന്നെന്നേക്കുമുള്ള ഒരു ബലി അർപ്പിച്ചവനുമാകുന്നു. തന്റെ യാഗങ്ങൾ അർപ്പിക്കാൻ കൈകൊണ്ടു നിർമിച്ച ഒരു വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുന്നതിനു പകരം യഹോവയുടെ സന്നിധിയിൽ പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി അവൻ സ്വർഗത്തിലേക്കുതന്നെ പ്രവേശിച്ചു. മാത്രമല്ല, മോശൈക ന്യായപ്രമാണ ഉടമ്പടിയിൻ കീഴിലുണ്ടായിരുന്ന മൃഗബലികൾക്കു പാപങ്ങളെ പൂർണമായി നീക്കിക്കളയാനുള്ള കഴിവില്ലായിരുന്നു, അല്ലായിരുന്നെങ്കിൽ അവ വർഷംതോറും അർപ്പിക്കേണ്ടിയിരുന്നില്ല. എന്നാൽ എന്നെന്നേക്കുമായി അർപ്പിച്ച ക്രിസ്തുവിന്റെ ബലി പാപങ്ങളെ നീക്കുകതന്നെ ചെയ്യുന്നു. ഇവയെല്ലാം ഇന്ന് അഭിഷിക്ത ശേഷിപ്പും ‘വേറെ ആടുകളും’ സേവിക്കുന്ന പ്രകാരമുള്ള മഹത്തായ ആത്മീയ ആലയത്തെ സംബന്ധിച്ചു പ്രകാശം ചൊരിയുന്നു.—യോഹന്നാൻ 10:16; എബ്രായർ 9:24-28.
21. അപ്പോസ്തലിക കാലഘട്ടത്തിൽ സങ്കീർത്തനം 97:11-ന്റെയും സദൃശവാക്യങ്ങൾ 4:18-ന്റെയും നിവൃത്തി സംബന്ധിച്ച് ഈ ചർച്ച എന്തു പ്രകടമാക്കിയിരിക്കുന്നു?
21 അപ്പോസ്തലനായ പത്രോസിന്റെയും ശിഷ്യന്മാരായ യാക്കോബിന്റെയും യൂദായുടെയും ലേഖനങ്ങളിൽ കാണുന്ന ഒളിമിന്നലുകൾപോലുള്ള കൂടുതൽ ദൃഷ്ടാന്തങ്ങൾ നിരത്താൻ തുടങ്ങിയാൽ സ്ഥലം മതിയാകാതെ വരും. എന്നാൽ അപ്പോസ്തലിക കാലഘട്ടത്തു സങ്കീർത്തനം 97:11-നും സദൃശവാക്യങ്ങൾ 4:18-നും ശ്രദ്ധേയമായ നിവൃത്തികളുണ്ടായിരുന്നു എന്നു പ്രകടമാക്കാൻ മേൽവിവരിച്ചവതന്നെ ധാരാളമാണ്. മുൻകുറികളിൽനിന്നും നിഴലുകളിൽനിന്നും സത്യം നിവൃത്തികളിലേക്കും യാഥാർഥ്യങ്ങളിലേക്കും നീങ്ങാൻ തുടങ്ങി.—ഗലാത്യർ 3:23-25; 4:21-26.
22. അപ്പോസ്തലന്മാരുടെ മരണത്തിനുശേഷം എന്തു സംഭവിച്ചു, അടുത്ത ലേഖനം എന്തു പ്രകടമാക്കും?
22 യേശുവിന്റെ അപ്പോസ്തലന്മാരുടെ മരണത്തിനും മുൻകൂട്ടിപ്പറഞ്ഞിരുന്ന വിശ്വാസത്യാഗത്തിന്റെ ആരംഭത്തിനുംശേഷം സത്യത്തിന്റെ പ്രകാശം തീരെ മങ്ങി. (2 തെസ്സലൊനീക്യർ 2:1-11) എന്നിരുന്നാലും, യേശുവിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ അനേക നൂററാണ്ടുകൾക്കുശേഷം യജമാനൻ തിരിച്ചുവന്നപ്പോൾ തന്റെ “വീട്ടിലുള്ളവർക്ക്” തക്ക സമയത്ത് അവരുടെ ഭക്ഷണം പ്രദാനം ചെയ്യുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യെ കണ്ടെത്തി. തദ്ഫലമായി, യേശുക്രിസ്തു ആ അടിമയെ “തന്റെ വസ്തുക്കളുടെയെല്ലാം മേൽ” അധികാരിയായി നിയമിച്ചു. (മത്തായി 24:45-47, NW) അതേത്തുടർന്ന് എന്തുമാത്രം ഒളിമിന്നലുകൾ ലഭിച്ചു? ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ക്രിസ്ത്യാനി വ്യക്തിത്വഗുണങ്ങൾ നട്ടുവളർത്താൻ തീരുമാനിക്കുന്ന സാഹചര്യത്തെയാണ് ഇവിടെ നിലം പരാമർശിക്കുന്നത്!—കാണുക: 1980 ജൂൺ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്), 18-19 പേജുകൾ.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം സാധ്യമാകുന്നതു ക്രമാനുഗതമായിട്ടാണെന്നു പ്രകടമാക്കുന്ന ബൈബിൾ വാക്യങ്ങളേവ?
◻ പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒളിമിന്നലുകളിൽ ചിലത് ഏവ?
◻ സുവിശേഷങ്ങളിൽ എന്തു പ്രകാശം കാണുന്നു?
◻ പൗലോസിന്റെ ലേഖനങ്ങളിൽ എന്തെല്ലാം ഒളിമിന്നലുകൾ അടങ്ങിയിരിക്കുന്നു?